പെൺകുട്ടികളുടെ ജനനനിരക്ക് ആൺകുട്ടികളെ അപേക്ഷിച്ച് ഉത്കണ്ഠഉണർത്തുന്ന നിലയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് 2015 ജനുവരി 22ന് പാനിപ്പറ്റിൽ വെച്ച് “”ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” എന്ന സ്വപ്ന ക്യാമ്പയിന് നരേന്ദ്രമോദി സർക്കാർ തുടക്കമിടുന്നത്. ലിംഗഭേദാധിഷ്ഠിതമായ ഉന്മൂലനം തടയുക, പെൺകുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ അതിജീവനത്തിനും തുല്യ അവസരം നൽകുക, പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുവേണ്ടിയാണ് സൂചിപ്പിക്കപ്പെട്ട ക്യാമ്പയിന് ആരംഭം കുറിക്കുന്നത്. 10 വർഷം പിന്നിട്ട ഈ വേളയിൽ ലക്ഷ്യം പൂർത്തിയാക്കുന്നതിന് എത്രമാത്രം ഈ ക്യാമ്പയിന് ഉയരാൻ സാധിച്ചുവെന്ന ഒരു എളിയ അന്വേഷണം മാത്രമാണ് ഈ കുറിപ്പിനാധാരം.
വാചാടോപത്തിൽ നോക്കുകുത്തിയായ പദ്ധതി
കണ്ണെത്തുന്നിടത്തെല്ലാം ഈ ക്യാമ്പയിന്റെ പരസ്യം നാം കണ്ടതാണ്. ഓട്ടോറിക്ഷകളിൽ, ട്രക്കുകൾക്ക് പിറകുവശത്ത്, റേഡിയോ‐ടിവി പരസ്യങ്ങൾ, മൊബൈൽ ഫോണിന്റെ റിംഗ്ടോണിൽ വരെ ഇത് സംബന്ധമായ പരസ്യങ്ങൾ പലയാവർത്തി നാം കണ്ടതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രൈമറി, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ തലങ്ങളിലെ പെൺകുട്ടികളുടെ പങ്കാളിത്ത നിരക്ക് ഇപ്പോഴും ഏറെ പിറകിലാണെന്നതാണ് യാഥാർത്ഥ്യം. കേരളം പോലുള്ള ചുരുക്കം ചില സസ്ഥാനങ്ങളിലെ നില പരിഗണിച്ച് മറിച്ചൊരു പൊതുബോധം രൂപീകരിക്കുന്നതിൽ അർത്ഥമില്ലല്ലോ? 2024‐ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം 146 രാജ്യങ്ങളെ പട്ടികപ്പെടുത്തിയപ്പോൾ 124‐ാം സ്ഥാനത്താണ് ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടത്! 2023‐24 സാമ്പത്തികവർഷം പരിഗണിക്കുമ്പോൾ ആറ് വയസ്സു വരെയുള്ള ജെൻഡർ അടിസ്ഥാനത്തിലുള്ള ജനനനിരക്ക് പരിശോധിക്കുമ്പോൾ 1000 ആൺകുട്ടികൾ ജനിക്കുമ്പോൾ കേവലം 930 പെൺകുട്ടികൾ മാത്രമാണ് നമ്മുടെ രാജ്യത്ത് ജനിക്കുന്നതെന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് പെൺകുട്ടികളുടെ ജനനനിരക്കിൽ നേരിയ വർദ്ധന അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശാവഹമായ പുരോഗതി നേടിയിട്ടില്ലെന്ന് കാണാൻ കഴിയും. പെൺഭ്രൂണഹത്യകൾ നിർബാധം തുടരുന്നുവെന്നതിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. 2025 ലെ രാജ്യത്തെ ആൺ‐പെൺ അനുപാതം പരിശോധിച്ചാൽ 106 പുരുഷൻമാർക്ക് കേവലം 100 സ്ത്രീകൾ എന്ന ദയനീയ നില തുടരുകയാണ്. ജനസംഖ്യയുടെ 51.5% പുരുഷൻമാരും, 48.44% സ്ത്രീകളും എന്ന അസന്തുലിതാവസ്ഥ അഭംഗുരം തുടരുന്നു. 236 രാഷ്ട്രങ്ങളെ ആൺ‐പെൺ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയപ്പോൾ 214‐ാം സ്ഥാനത്താണ് ഇന്ത്യ കാണപ്പെട്ടത്! കമ്മിറ്റി ഓൺ എംപവർമെന്റ് ഓഫ് വുമൺ (CEW) നടത്തിയ പഠനമനുസരിച്ച് 96.72% പെൺകുട്ടികൾ പ്രാഥമികതലത്തിൽ രാജ്യത്ത് പഠിക്കുന്നുണ്ടെങ്കിൽ സെക്കണ്ടറി തലത്തിലെത്തുമ്പോൾ അത് 76.93 ശതമാനവും, ഹയർ സെക്കണ്ടറി തലത്തിലേക്ക് പ്രവേശിക്കുമ്പോൾ കേവലം 50.84 ശതമാനത്തിലേക്ക് കൂപ്പുകുത്തുന്നുവെന്നാണ് കണക്ക്. ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്ന കാരണങ്ങൾ പലതാണ്. കുടുംബങ്ങളിലെ സാമ്പത്തിക പരാധീനതകളും, വിദ്യാലയങ്ങളിലെ വൃത്തിഹീനമായ ശുചിമുറികളും, ആർത്തവകാലത്ത് അനിവാര്യമായ ഉൽപന്നങ്ങളുടെ ലഭ്യത കുറവും, ആർത്തവത്തോടുള്ള തെറ്റായ കാഴ്ച്ചപ്പാടുകളും ചിലത് മാത്രമാണ്. ഇതിലെല്ലാമുപരിയായി പെൺമക്കളെ വിവാഹം കഴിപ്പിച്ച് അന്യഗൃഹങ്ങളിലേക്ക് അയക്കേണ്ടവരാണെന്നും, അവരെ ഉന്നതവിദ്യാഭ്യാസത്തിന് അയച്ചതുകൊണ്ട് കുടുംബത്തിന് പ്രത്യേകിച്ച് സാമ്പത്തികനേട്ടമില്ലെന്ന പരമ്പരാഗത സങ്കുചിത കാഴ്ച്ചപ്പാടും ഇതിന് ഉൽപ്രേരകമായി പ്രവർത്തിക്കുന്നുണ്ട്.
പദ്ധതി നടത്തിപ്പ് താളം തെറ്റുന്നു
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിൻ ആരംഭത്തിൽ 100 ജില്ലകളിലാണ് നടപ്പിലാക്കിയത്, തുടർന്ന് ആകെ 640 ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കുന്ന നില വന്നു. 10 വർഷം പിന്നിടുമ്പോൾ 640 ൽ 429 ജില്ലകളിലും ചൈൽഡ് സെക്സ് റേഷ്യോ (CSR) കുറയുന്നതാണ് അനുഭവപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ പെൺകുട്ടികളുടെ ജനനനിരക്ക് 429 ജില്ലകളിലും പിറകോട്ടടിക്കുന്നതാണ് ദൃശ്യമായത്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ സൂചിപ്പിക്കപ്പെട്ട ക്യാമ്പയിന് 848 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും 622.48 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയതായി അറിയാൻ കഴിഞ്ഞത്. അതിൽ തന്നെ കേവലം 25.13 ശതമാനം സംഖ്യയാണ് ഇതിന്റെ വിജയകരമായ നടത്തിപ്പിനായി ചെലവഴിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾക്ക് നൽകിയ ഫണ്ടിന്റെ 78.91 ശതമാനവും പരസ്യം നൽകാനാണ് ഉപയോഗിക്കപ്പെട്ടത്! റേഡിയോ‐ടിവി മാധ്യമങ്ങളിൽ പരസ്യൾ നൽകിയും മോട്ടോർ വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചും, പെയിന്റ് ചെയ്തും ഈ ക്യാമ്പയിൻ സന്ദേശം എത്തിക്കാനാണ് സൂചിപ്പിക്കപ്പെട്ട ഫണ്ടിന്റെ മുക്കാലേ മുണ്ടാണിയും ചെലവഴിക്കപ്പെട്ടതെന്ന് ചുരുക്കം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പ്രകാരം പെൺകുട്ടികളുടെ ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്ന വിധത്തിൽ ധനവിനിയോഗം നടന്നിരുന്നുവെങ്കിൽ പദ്ധതി ഫലപ്രാപ്തിയുടെ കാര്യത്തിൽ ഏറെ മുന്നോട്ട് പോകേണ്ടതാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് നടത്തിയ പഠനപ്രകാരം പദ്ധതിക്ക് തുടക്കം കുറിച്ച 161 ജില്ലകളിൽ പോലും പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് വേണ്ടവിധം ആകർഷിക്കാനോ, നല്ല രീതിയിൽ നിലനിർത്താനോ ഉതകുന്ന തരത്തിലുള്ള ക്രിയാത്മകമായ ഒരു കർമ്മപരിപാടിയും ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുരുക്കത്തിൽ കേവലം വാചാടോപങ്ങളിൽ പദ്ധതി ചുരുങ്ങിപ്പോവുകയാണ് ഉണ്ടായത്. പഠനമനുസരിച്ച് 73.5 ശതമാനം വിദ്യാലയങ്ങളിലും പെൺകുട്ടികൾക്ക് വൃത്തിയുള്ളതും, ഉപയോഗയോഗ്യവുമായ ശുചിമുറികൾ ഇല്ലായിരുന്നുവെന്നതാണ് നേര്. യൂണിഫോമുകളും, പാഠപുസ്തകങ്ങളും ഉൾപ്പെടെ അത്യാവശ്യകാര്യങ്ങളിൽ ഞെരുങ്ങുന്ന പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും പ്രസ്തുത പദ്ധതിക്ക് സാധിച്ചില്ലെന്നത് സൂചിപ്പിക്കപ്പെട്ട ക്യാമ്പയിന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്.
ഉപരിപ്ലവതയിൽ നിന്ന് സമഗ്രതയിലേക്ക് വളരണം
ജനങ്ങൾക്ക് എക്കാലവും ഓർമിക്കാൻ കഴിയുന്ന തരത്തിലുള്ള മുദ്രാവാക്യം രൂപീകരിക്കെടുക്കാനും, ഈ കാര്യത്തിലുള്ള അവബോധമുണ്ടാക്കാനും ഒരു പരിധിവരെ സഹായിച്ചതൊഴിച്ചാൽ കേവലം ഉപരിപ്ലവതലത്തിൽ മാത്രമെ ഈ പദ്ധതിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. മേൽസൂചിപ്പിച്ച പരിമിതികൾ മറികടക്കണമെങ്കിൽ പദ്ധതിയുടെ കാര്യത്തിലുള്ള കൃത്യമായ മേൽനോട്ടം സാധ്യമാക്കുന്ന തരത്തിലുള്ള വസ്തു നിഷ്ഠമായ സാമ്പിൾ പഠനങ്ങളും ക്രമമായ ഇടവേളകളിലെ പ്രോഗ്രസ്സ് റിപ്പോർട്ടുകളും അനിവാര്യമാണ്. അങ്ങനെ മാത്രമേ ജില്ലാ‐സംസ്ഥാന തലങ്ങളിൽ ഈ പദ്ധതി വിജയപ്രദമായി നടപ്പിലാക്കാൻ കഴിയൂ. വിദ്യാലയങ്ങളിൽ അധ്യാപികമാരെ കൂടുതൽ (പുരുഷന്മാരേക്കാൾ) നിയമിക്കുന്നത് പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ ഉതകുന്ന രീതിയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പദ്ധതി നിർമ്മാണത്തിൽ ആശ വർക്കർമാരുടെയും, അംഗനവാടി ജീവനക്കാരുടെയും പരിപൂർണ പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതിക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുമായി ജൈവബന്ധം പുലർത്തുന്ന ഇക്കൂട്ടരുടെ സേവനം ഈ പദ്ധതിക്ക് ഗുണകരമായിരിക്കും. ഫീൽഡിൽ പ്രവർത്തിക്കുന്നവർക്ക് യാഥാർത്ഥ്യ ബോധത്തോടെയും, കർമ്മകുശലതയോടെയും പ്രവർത്തിക്കാൻ പര്യാപ്തമായ തോതിലുള്ള ശാക്തീകരണ പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തി മുന്നോട്ട് പോകാൻ കഴിയേണ്ടതുണ്ട്. വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കേവലം പരസ്യപരിപാടികളിൽ ഒതുങ്ങാതെ വൃത്തിയുള്ളതും പ്രവർത്തനസജ്ജവുമായ ശുചിമുറികൾ പെൺകുട്ടികൾക്കായി വിദ്യാലയങ്ങളിൽ ഉറപ്പുനൽകുകയും, പഠന സംബന്ധമായ ആവശ്യങ്ങളിൽ സാമ്പത്തികമായി ഞെരുങ്ങുന്ന പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തുകൊണ്ട് ലിംഗസമത്വത്തിലേക്ക് ഉറച്ച കാൽവെയ്പുകളോടെ മുന്നേറാൻ ഈ പദ്ധതിക്ക് കഴിയേണ്ടതുണ്ട്. l