എം ഹനുമന്തറാവു

ഗിരീഷ്‌ ചേനപ്പാടി

ന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു എം ഹനുമന്തറാവു. അപാരമായ സംഘടനാപാടവവും അനുപമമായ നേതൃശേഷിയും ഒത്തിണങ്ങിയ ചുരുക്കം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. അടിയുറച്ച ആശയവ്യക്തതയും ജനകീയപ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലുള്ള സൂക്ഷ്‌മതയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങളെ അവതരിപ്പിക്കനും വിശദീകരിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

ആറുപതിറ്റാണ്ടു കാലമാണ്‌ അദ്ദേഹം സമർപ്പണ മനോഭാവത്തോടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നയിച്ചത്‌. നാലരവർഷക്കാലം ജയിലിലും അടിയന്തരാവസ്ഥക്കാലം ഉൾപ്പെടെ അഞ്ചുവർഷക്കാലം ഒളിവിലും അദ്ദേഹം പ്രവർത്തിച്ചു. തെലുങ്കാന സമരപോരാളിയായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെക്കാലം ആന്ധ്ര രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നു. എം എച്ച്‌ അന്ന്‌ അറിയപ്പെട്ടിരുന്ന അദ്ദേഹം ഉന്നതമായ ജീവിതമൂല്യങ്ങളും ത്യാഗസന്നദ്ധതയും എളിമയും എക്കാലവും ഉയർത്തിപ്പിടിച്ചു. ലളിതജീവിതത്തിനുടമയായിരുന്ന എം എച്ച്‌ രാഷ്‌ട്രീയത്തിനനീതമായി എല്ലാവരുടെയും ബഹുമാനം നേടിയ നേതാവായിരുന്നു.

1917ൽ ഗുണ്ടൂർ ജില്ലയിലെ വെള്ളത്തൂർ ഗ്രാമത്തിൽ ഒരു ഇടത്തരം കർഷകകുടുംബത്തിലാണ്‌ എം ഹനുമനന്തറാവു ജനിച്ചത്‌. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ബ്രിട്ടീഷ്‌ സാമ്ര്യേത്വവിരുദ്ധ പ്രക്ഷോഭങ്ങളിൽ എം എച്ച്‌ സജീവമായി പങ്കെടുത്തു. ആന്ധ്രയിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും സജീവമായി പങ്കെടുത്ത അദ്ദേഹം കോൺഗ്രസിന്റെ ഗുണ്ടൂർ ജില്ലയിലെ പ്രമുഖ നേതാവായി മാറി.

കോൺഗ്രസിലെ ഇടതുപക്ഷവിഭാഗത്തിനൊപ്പം ആദ്യംമുതലേ നിലകൊണ്ട എം എച്ച്‌ 1937ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. അന്ന്‌ അദ്ദേഹത്തിന്‌ പ്രായം 20 വയസ്സ്‌ മാത്രമായിരുന്നു. ഗുണ്ടൂരിലെ എസി കോളേജിൽ പഠിക്കുന്ന സമയമായിരുന്നു അത്‌. കോളേജിനോട്‌ അനുബന്ധിച്ച ഹോസ്റ്റലിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആ ഹോസ്റ്റലിൽവെച്ചാണ്‌ സുന്ദരയ്യയെ 1937ൽ പരിചയപ്പെട്ടത്‌.

സുന്ദരയ്യയുമായി പരിചയപ്പെട്ട സന്ദർഭം വളരെ നാടകീയമായിരുന്നു. ഹോസ്റ്റലിലെ തന്റെ റൂമിന്റെ വാതിൽ ഹനുമന്തറാവു അടയ്‌ക്കാറില്ലായിരുന്നു. ഒരുദിവസം രാവിലെ അദ്ദേഹം ഉണർന്നെണീക്കുമ്പോൾ തികച്ചും അപരിചിതനായ ഒരു വ്യക്തി തറയിൽ പേപ്പർ വിരിച്ച്‌ കിടന്നുറങ്ങുന്നു. തറയിൽ കിടക്കുന്ന ആളിനെ എം എച്ച്‌ കുലുക്കിവിളിച്ചു. ആളെ ആദ്യമാണ്‌ കാണുന്നതെങ്കിലും ആളിന്റെ ലക്ഷണംവെച്ച്‌ അത്‌ സുന്ദരയ്യയാണെന്ന്‌ എം എച്ച്‌ തിരിച്ചറിഞ്ഞു. ‘‘താങ്കൾ… സുന്ദരയ്യയാണോ’’.

‘‘അതെ’’ എന്ന്‌ സുന്ദരയ്യ ആംഗ്യം കാട്ടി. അന്ന്‌ അവർതമ്മിലാരംഭിച്ച ആ ബന്ധം സുന്ദരയ്യ മരിക്കുന്നതുവരെ തുടർന്നു.

ഹോസ്റ്റലിൽവെച്ച്‌ സുന്ദരയ്യ സുദീർഘമായി തന്നെ സമകാലിക രാഷ്‌ട്രീയകാര്യങ്ങളെക്കുറിച്ച്‌ സംസാരിച്ചു. എം എച്ചിന്റെ നിരവധി സംശയങ്ങൾക്ക്‌ അദ്ദേഹം വ്യക്തമായ മറുപടി നൽകുകയും ചെയ്‌തു. 1934ൽ തന്നെ ആന്ധ്രപ്രദേശിൽ കമ്യൂണിസ്റ്റ്‌ പാർട്ടി രൂപംകൊണ്ടിരുന്നു. സുന്ദരയ്യയായിരുന്നു പാർട്ടി സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്‌. പി നരസിംഹമൂർത്തിയായിരുന്നു ആദ്യ ഘടകത്തിന്റെ സെക്രട്ടറി.

സുന്ദരയ്യയുമായി ദീർഘനാൾ നടത്തിയ ചർച്ച എം എച്ചിനെ കമ്യൂണിസ്റ്റ്‌ പാർട്ടിയോടടുപ്പിച്ചു. താമസിയാതെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. ഗുണ്ടൂർ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങൾ അദ്ദേഹം ഏർപ്പെട്ടു. കൂട്ടിന്‌ പാർട്ടി ജില്ലാ സെക്രട്ടറി എം ബസവപുന്നയ്യയുമുണ്ടായിരുന്നു. ഇരുവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഗുണ്ടൂർ ജില്ലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി കമ്യൂണിസ്റ്റ്‌ പാർട്ടി വളർന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ ഘടകവും അതായിരുന്നു.

1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചുവല്ലോ. യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കേഡർമാർ സജീവമായി പങ്കെടുത്തു. അതോടെ ബ്രിട്ടീഷ്‌ സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരെ വേട്ട ശക്തിപ്പെടുത്തി. എം എച്ചിനെതിരെ സർക്കാർ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. അതോടെ അദ്ദേഹം ഒളിവിൽപോയി. പൊലീസിന്റെയും ഒറ്റുകാരുടെയും കണ്ണുവെട്ടിച്ച്‌ ഒളിവിൽ കഴിയുന്നതിൽ അസാമാന്യമായ വൈഭവമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌.

ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതി മാറിയതായി കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചു. അതോടെ പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ പിൻവലിച്ചു. എന്നാൽ പാർട്ടിക്കെതിരെ ശക്തമായ അപവാദപ്രരണമാണ്‌ അതിന്റെ പേരിൽ കോൺഗ്രസുകാർ അഴിച്ചുവിട്ടത്‌. പല സ്ഥലങ്ങളിലും കമ്യൂണിസ്റ്റുകാർക്കെതിരെ കായികാക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. സ്‌ത്രീകൾക്കിടയിൽ സമൂഹപരിഷ്‌കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പ്രത്യേക സ്‌ക്വാഡ്‌ ഉണ്ടായിരുന്നു. അവരെ ഉപദ്രവിക്കുകയും അപമാനിക്കുകയും അവർക്കെതിരെ അപവാദപ്രചരണം നടത്തുകയും ചെയ്യുക എന്നത്‌ കോൺഗ്രസ്‌ ഗുണ്ടകളുടെ സ്ഥിരം പതിവായി.

ഒരുദിവസം വിജയവാഡയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി നടക്കുമ്പോൾ ഗുണ്ടകൾ സ്‌ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നതായി അറിഞ്ഞു. പാർട്ടി കമ്മിറ്റി നിർത്തിവച്ചുകൊണ്ട്‌ സി രാജേശ്വരറാവുവിന്റെ നേതൃത്വത്തിൽ നേതാക്കൾ പാഞ്ഞുചെന്നു. രാജേശ്വരറാവുവും എം എച്ചും ഗുണ്ടകളെ ശക്തമായി നേരിട്ടു. റാവുവിന്റെ അടിയേറ്റ ഒരു ഗുണ്ടയും എം എച്ചിന്റെ അടിയേറ്റ മറ്റൊരു ഗുണ്ടയും തറയിൽ വീണു. തറയിൽ വീണവർ ജീവനുംകൊണ്ട്‌ ഓടി. അതോടെ ഗുണ്ടകളുടെ അക്രമവും അവസാനിച്ചു.

1943ൽ ഒന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാന‐ജില്ല‐പ്രാദേശിക സമ്മേളനങ്ങൾ നടന്നു. ഗുണ്ടൂർ ജില്ലാ സമ്മേളനം ഹനുമന്തറാവുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

1947ൽ പ്രകാശം മന്ത്രിസഭ അധികാരത്തിലിരുന്നപ്പോൾ കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ രഹസ്യവിവരം ലഭിച്ചു. തുടർന്ന്‌ ഒളിവിൽ പോയ എം എച്ച്‌ സ്വാതന്ത്ര്യദിനം വരെ ഒളിവിൽ കഴിഞ്ഞു.

1948ൽ ആന്ധ്ര പ്രവിശ്യ കമ്മിറ്റിയുടെ സെക്രട്ടറിയറ്റംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്കും തെലങ്കാന സമരം കൊടുമ്പിരിക്കൊണ്ടിരുന്നു. സുന്ദരയ്യ, ബസവപുന്നയ്യ, രാജേശ്വരറാവു, രവിനാരായൺ റെഡ്ഡി തുടങ്ങിയവരോടൊപ്പം തെലങ്കാന സമരത്തിന്‌ ധീരമായ നേതൃത്വം നൽകിയവരിൽ ഒരാൾ എം എച്ച്‌ ആയിരുന്നു.

1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ കോൺഗ്രസ്‌ സർക്കാർ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചു. അതോടെ എം എച്ച്‌ വീണ്ടും ഒളിവിൽ പോയി. ഒന്നരവർഷത്തിലേറെക്കാലത്തിനുശേഷം അറസ്റ്റ്‌ ചെയ്യപ്പെട്ടു. പല ജയിലുകളിൽ അദ്ദേഹത്തെ മാറിമാറി താമസിപ്പിച്ചു. കടലൂർ ജയിലിലായിരിക്കെ 1949 ഒക്ടോബറിൽ കമ്യൂണിസ്റ്റുകാർക്കെതിരെ വെടിവെപ്പ്‌ നടന്നു. നാലു സഖാക്കൾ കൊല്ലപ്പെട്ടു. തലനാരിഴയ്‌ക്കാണ്‌ എം എച്ച്‌ രക്ഷെപ്പെട്ടത്‌. ജയിലുകളിൽ അതിക്രൂരമായ പീഡനങ്ങൾക്കാണ്‌ അദ്ദേഹം ഇരയായത്‌.

തെലങ്കാന സമരം പിൻവലിക്കാനും പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും കമ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്ത്‌ എം എച്ച്‌ ജയിലിലായിരുന്നു. പ്രകാശം മന്ത്രിസഭയിലെ പ്രബലനായിരുന്ന ചന്ദ്രമൗലിയെ നേരിടുകയെന്ന ദൗത്യമാണ്‌ പാർട്ടി എം എച്ചിനെ ഏൽപിച്ചത്‌. നാമനിർദേശപത്രിക സമർപ്പിക്കാൻ തിരഞ്ഞെടുപ്പിനു മുമ്പ്‌ എം എച്ചിന്‌ പരോളിലിറങ്ങാൻ സാധിച്ചു.

പാർട്ടി ഏൽപിച്ച ദൗത്യം വളരെ ഭംഗിയായിത്തന്നെ എം എച്ച്‌ നിർവഹിച്ചു. ചന്ദ്രമൗലിയെ പതിനായിരത്തിലേറെ വോട്ടുകൾക്കാണ്‌ അദ്ദേഹം തറപറ്റിച്ചത്‌. ആന്ധ്ര നിയമസഭയിലെ പ്രഗത്ഭരായ സാമാജികരിലൊരാളായിരുന്നു എം എച്ച്‌ . 1978‐1984 കാലയളവിൽ അദ്ദേഹം എംഎൽസി ആയിരുന്നു. 1988 മുതൽ 1994 വരെ രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു.

1953 ഡിസംബർ ഒടുവിലും 1954 ജനുവരി ആദ്യവുമായി നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ എം എച്ച്‌ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ നടന്ന ആശയസമരങ്ങളിൽ ഇടതുപക്ഷത്ത്‌ ഉറച്ചുനിന്നു അദ്ദേഹം.

1964ൽ ദേശീയ കൗൺസിലിൽ നിന്ന്‌ ഇറങ്ങിവന്ന 32 നേതാക്കളിലൊരാൾ എം ഹനുമന്തറാവു ആയിരുന്നു. സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ ആദ്യ സംസ്ഥാന സെക്രട്ടറിയായി എം എച്ച്‌ തിരഞ്ഞെടുക്കപ്പെട്ടു. 1982 വരെ അദ്ദേഹം ആ സ്ഥാനത്ത്‌ തുടർന്നു. ഏഴാം പാർട്ടി കോൺഗ്രസിൽ തന്നെ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1968ൽ ഇടതുപക്ഷ തീവ്രവാദം ശക്തിപ്പെട്ടതോടെ അതിനെതിരെ ശക്തമായ നിലപാടാണ്‌ എം എച്ച്‌ എടുത്തത്‌. 1998ൽ കൽക്കത്തയിൽ ചേർന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

ഇടതുപക്ഷ പത്രപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്‌ എം എച്ച്‌. 1953 മുതൽ ഒരു പതിറ്റാണ്ടുകാലം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖപത്രമായ ‘വിശാലാന്ധ്ര’യുടെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. സിപിഐ എമ്മിന്റെ തെലുങ്ക്‌ മുഖപത്രമായ ‘പ്രജാശക്തി’ ദിനപത്രമായത്‌ 1981 മുതലാണ്‌. അന്നുമുതൽ അതിന്റെ പത്രാധിപർ എം എച്ച്‌ ആയിരുന്നു. മരിക്കുന്നതിന്‌ ഏതാനും ദിവസങ്ങൾക്ക്‌ മുമ്പാണ്‌ അദ്ദേഹം പത്രാധിപർ സ്ഥാനമൊഴിഞ്ഞത്‌. പ്രജാശക്തി വാരികയായിരുന്നപ്പോഴും എം എച്ച്‌ തന്നെയായിരുന്നു പത്രാധിപർ.

നിരവധി കൃതികളുടെ കർത്താവ്‌ കൂടിയാണ്‌ എം എച്ച്‌. തെലുങ്ക്‌ സാഹിത്യത്തിൽ അഗാധ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ബഹുമുഖപ്രതിഭയായിരുന്ന എം എച്ച്‌ 2001 ജൂൺ 18ന്‌ അന്ത്യശ്വാസം വലിച്ചു.

സിപിഐ എം പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ഉദയമാണ്‌ അദ്ദേഹത്തിന്റെ ജീവിതപ ങ്കാളി. രണ്ട്‌ മക്കൾ. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img