നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

കെ ടി കുഞ്ഞിക്കണ്ണൻ

ന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ വിശ്വപൗരൻ, ആധുനിക ഇന്ത്യയുടെ ശില്പി ഈ ലോകത്തോട് വിടപറയുന്നത്. നെഹ്‌റുവിന്റെ ഓർമ്മദിനം കടന്നുപോകുമ്പോൾ രണ്ടാം ലോകയുദ്ധാനന്തരം നെഹ്‌റുവും നാസറും ചൗ എൻ ലായും മാർഷൽ ടിറ്റോയുമൊക്കെ വിഭാവനം ചെയ്ത ഒരു ലോകക്രമം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. സ്വതന്ത്ര രാജ്യങ്ങളെയും ദേശീയ വിമോചനത്തിനും സ്വയം നിർണ്ണയത്തിനും വേണ്ടി പോരാടുന്ന ജനതകളെയും രാഷ്ട്രങ്ങളെയും എങ്ങും തകർക്കുന്നു. സയണിസവും രാഷ്ട്രീയ ഇസ്ലാമിസവും ഹിന്ദുത്വവും വ്യത്യസ്ത മത ഗോത്രദേശീയ വാദവും സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങളും മനുഷ്യരാശി നേടിയ എല്ലാ പുരോഗമന ജനാധിപത്യ മൂല്യങ്ങൾക്കും വെല്ലുവിളിയായി കഴിഞ്ഞിരിക്കുന്നു.

1980കളുടെ അവസാനത്തോടെ സോവിയേറ്റ് ബ്ലോക്കിനും ചേരിചേരാരാഷ്ട്രങ്ങൾക്കും മരണം വിധിക്കുകയായിരുന്നു യു എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ. പശ്ചിമേഷ്യയിലെ എണ്ണയ്‌ക്കും പ്രകൃതിവിഭവങ്ങൾക്കും മുകളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ബാഗ്ദാദ് കേന്ദ്രമായി രൂപംകൊണ്ട ഒപെക് രാഷ്ട്രങ്ങളെ വരുതിയിൽ കൊണ്ടുവരാനുമായിരുന്നു ഒന്നാം ഗൾഫ് യുദ്ധം. ഇറാഖിനെ തകർക്കാനും തങ്ങൾക്ക് വഴങ്ങിത്തരാത്ത സദ്ദാമിനെ ഇല്ലാതാക്കാനും പ്രസിഡന്റ് സീനിയർ ബുഷ് യുദ്ധമാരംഭിക്കുകയായിരുന്നു. ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങൾ, ഇറാനെതിരായ നുണ പ്രചരണങ്ങളും ഉപരോധവും, ക്യുബക്കെതിരായ ഉപരോധവും നീചമായ അട്ടിമറി ശ്രമങ്ങളും, യുഗോസ്ലോവാക്യയുടെയും കിഴക്കൻ യുറോപ്യൻ രാജ്യങ്ങളുടെയും ബാൾക്കനൈസേഷനും യുഎസ് സ്പോൺസേഡ് വംശീയ ഭീകരസംഘങ്ങളുടെ അസ്ഥിരീകരണപ്രവർത്തനങ്ങളും ലോകത്തെ അശാന്തിയിലേക്കും നരഹത്യകളിലേക്കും തള്ളിവിടുകയായിരുന്നു. പലസ്‌തീനിക്കാരുടെ ദേശീയസ്വത്വത്തെ, ഒരു രാഷ്ട്രമായി നിലനില്ക്കാനുള്ള അവകാശങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ചേർന്ന് ജൂതമതാധിഷ്ഠിത ഇസ്രായേൽ രാഷ്ട്രം അടിച്ചേല്പിച്ചത്. നെഹ്‌റുവും ഗാന്ധിയും ഇസ്രായേൽ രാഷ്ട്ര രൂപവൽക്കരണത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും പലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യൻ നേതാക്കളാണ്.

പലസ്തീനിലെ അറബ് വംശജരായ ജനതക്കൊപ്പം നിന്ന് ജൂതമതാധിഷ്ഠിത ഇസ്രായേലുമായി ഒരു ബന്ധവും ഇന്ത്യ സ്ഥാപിക്കുകയില്ലായെന്ന് അസന്ദിഗ്ധമായ ഭാഷയിൽ 1948ൽ തന്നെ നെഹറു ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു. ഈജിപ്തിലെ നാസറിന്റെ നേതൃത്വത്തിലുള്ള അറബ്ജനത പലസ്തീനികളുടെ ജന്മനാട് അപഹരിച്ചുണ്ടാക്കിയ ഇസ്രയേലിനെതിരെ നടത്തിയ യുദ്ധത്തിന് ഇന്ത്യ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്തു. യാസർ അറാഫതിന്റെ പലസ്തീൻ വിമോചന പ്രസ്ഥാനത്തിന് എല്ലാവിധ പിന്തുണയും നെഹ്‌റുവിന്റെ കാലം മുതൽ ഇന്ത്യ നൽകിപ്പോന്നു. എന്നാൽ 1990 ഓടെ നെഹറുവിന്റെ നിലപാടുകളിൽനിന്ന് ഇന്ത്യ പിന്മാറുകയും സയണിസ്റ്റ് ഇസ്രയേലുമായി ബാന്ധവം ആരംഭിക്കുകയും ചെയ്തു. സയണിസ്റ്റ് കൂട്ടക്കൊലകൾക്കൊപ്പം നില്ക്കുന്ന അപരാധമാണ് ഇന്ത്യൻ ഭരണകൂടം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 2023 ഒക്ടോബറിന് ശേഷം 60,000 പലസ്തീനിക്കാരെയാണ് ഇസ്രയേൽ സേന കൊല ചെയ്തത്‌. ഗാസയെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അഭയാർത്ഥി ക്യാമ്പുകളിലും സ്കൂളുകളിലും നിരന്തരം ബോംബിങ്‌ നടത്തി കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്ന ഭീകരതയാണ് ഇസ്രായേൽസേന നടത്തിക്കൊണ്ടിരിക്കുന്നത്. ഭക്ഷണവും മരുന്നും നിഷേധിച്ച് കൂട്ടമരണങ്ങളിലേക്കാണ് ഗാസയെ എത്തിച്ചിരിക്കുന്നത്. നെഹ്‌റുവിന്റെ നാട് കുറ്റകരമായ മൗനം പാലിക്കുകയാണ്. യുഎസ് പിന്തുണയോടെ സയണിസ്റ്റുകൾ നടത്തുന്ന വംശഹത്യക്ക് നിഷ്ക്രിയത്വം പൂണ്ട് സമ്മതം നൽകുകയാണ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും വക്താവും കാർമ്മികനുമായിരുന്നു ജവഹർലാൽ.

ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും ആഴത്തിൽ മനസിലാക്കുകയും മനുഷ്യപുരോഗതിക്കാവശ്യമായ രീതിയിൽ മാറി വരുന്ന ലോകസംഭവഗതികളെ വിശകലന വിധേയമാക്കുകയും ചെയ്ത തത്വചിന്തകനും ചരിത്രകാരനുമായിരുന്നു നെഹ്‌റുവെന്ന കാര്യം അറിയാത്ത സംഘ പരിവാർ നെഹ്‌റുവിനെ എല്ലാ അർത്ഥത്തിലും അപകീർത്തിപ്പെടുത്താനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. നെഹ്‌റുവിന്റെ ആധുനികതയെ കുഴിച്ചുമൂടി പ്രാചീനതയുടെ കൂരിരുട്ടിലേക്ക് ഇന്ത്യയെ തിരിച്ചുവിടാനാണവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഇന്ത്യയെ കണ്ടെത്തലും വിശ്വചരിത്രാവലോകനവുമെല്ലാം നെഹ്‌റുവിന്റെ ലോകവീക്ഷണത്തെയും ചരിത്ര സമീപനത്തെയും ധൈഷണിക ശക്തിയെയും വ്യക്തമാക്കുന്ന കൃതികളാണ്. മനുഷ്യപുരോഗതിക്കും ജനതകളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ വിമോചനത്തിനും തടസ്സംനില്ക്കുന്ന സാമ്രാജ്യത്വത്തെയും ഫ്യൂഡൽ നാടുവാഴിത്ത ഭരണവ്യവസ്ഥകളെയും അവസാനിപ്പിക്കണമെന്നതായിരുന്നു നെഹ്‌റുവിന്റെ ധൈഷണികമായ കാഴ്പ്പാടും ആഗ്രഹവും.

അതിനാവശ്യമായ സാമ്രാജ്യത്വ വിരുദ്ധദേശീയതയുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ മൂല്യങ്ങളെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയപദ്ധതിയും പ്രായോഗിക പരിപാടിയുമാക്കാനാണ് നെഹ്‌റു അശ്രാന്തം പരിശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ സമൂഹമാക്കി പരിവർത്തനപ്പെടുത്താനും പരമാധികാരവും സ്വാശ്രയത്വവുമുള്ള ഒരു രാഷ്ട്രമാക്കി നിർമ്മിച്ചെടുക്കാനുമാണ് നെഹ്‌റു ആഗ്രഹിച്ചത്. അതിനായി പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കെന്ന നിലയിൽ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ലക്ഷ്യം വെക്കുന്ന ഭരണഘടന അംഗീകരിക്കുന്നതും നെഹറുവിന്റെ അനിഷേധ്യമായ ഇടപെടലിലൂടെയാണ്.

അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് മോഹങ്ങളാണ് സോവിയേറ്റ് യൂണിയന്റെ പൊതുമേഖലയെയും ആസൂത്രണത്തെയും പഞ്ചവത്സര പദ്ധതികളെയുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ വികസന മാതൃകയായി സ്വീകരിക്കുന്നതിലേക്കെത്തിച്ചത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിഭവസമ്പത്തിന്റെയും വ്യവസായങ്ങളുടെയും മേഖലകൾ സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തിയതും നാടനും വിദേശിയുമായ സ്വകാര്യ മൂലധനശക്തികളെ അകറ്റിനിർത്തിയതും നെഹ്‌റുവിന്റെ ശക്തമായ ഇടപെടലും സ്വാധീനവും മൂലമായിരുന്നു. കോൺഗ്രസ്സിലെ യാഥാസ്ഥിതികരുടെ എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് ഹിന്ദുകോഡ് നിയമനിർമ്മാണമടക്കമുള്ള ആധുനിക സിവിൽ സമൂഹനിർമ്മിതിക്കുള്ള വിപ്ലവകരമായ നിയമനിർമ്മാണണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്.

കോൺഗ്രസിലെ വലതുപക്ഷഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് നെഹ്‌റുവിന്. മതരാഷ്ട്രവാദികളായ ഹിന്ദുമഹാസഭയെയും മുസ്ലിംലീഗിനെയും ഒരുപോലെ എതിർത്തു പോന്ന ഗോപാലകൃഷ്ണഗോഖലെയുടെ നിലപാടുകളുടെ തുടർച്ചയായിരുന്നു നെഹ്‌റുവിന്റെ രാഷ്ട്രീയ നിലപാടുകൾ.

ഹിന്ദുത്വത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യാഥാസ്ഥിതികർ അന്നും ഇന്നും കോൺഗ്രസിൽ നിർണായക സ്വാധീനം പുലർത്തുന്നുണ്ട്.അവരോട് ഏറ്റുമുട്ടിക്കൊണ്ടാണ് നെഹ്‌റൂവിയൻ നിലപാടുകൾ മതനിരപേക്ഷതയ്‌ക്ക് എന്നും കരുത്ത് പകർന്നത്.

1991 ഓടെ ആഗോളവൽക്കരണനയങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് നരസിംഹറാവു സർക്കാർ ഇന്ത്യയെ രൂപപ്പെടുത്തിയ നെഹ്‌റൂവിയൻ നയങ്ങൾക്ക് ഔപചാരികമായിത്തന്നെ വിടനൽകുമായിരുന്നു. നെഹ്‌റുവിന്റെ കമാന്റ്‌ സോഷ്യലിസത്തിന് പകരം വികസനത്തിന്റെ കമ്പോളമാർഗ്ഗം പുൽകുകയായിരുന്നു.

നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ദർശനങ്ങളും 1930കളിലെ ഫാസിസ്റ്റ് വിരുദ്ധസമരാനുഭവങ്ങളും ഇന്ത്യയെന്ന ആധുനികരാഷ്ട്രനിർമ്മിതിയിൽ പ്രധാനപ്പെട്ട ആശയബലമായി തീർന്നിട്ടുണ്ടെന്ന് കണ്ടെത്തേണ്ട സമയമാണിത്.

ബാബറിപള്ളിയിൽ അതിക്രമിച്ചു കടന്ന ഹിന്ദുത്വവാദികൾ കൊണ്ടുപോയി വെച്ച രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്കെറിഞ്ഞുകളയാൻ ഗോവിന്ദ് വല്ലഭായ്‌ പന്തിനോട് ആവശ്യപ്പെട്ട നെഹ്‌റുവിനെ കണ്ടെത്തേണ്ട സമയമാണിത്. ഫാസിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടത്തിനായി നെഹ്‌റുവിന്റെ ആശയങ്ങളെ ഉയർത്തിയെടുക്കേണ്ട മതിനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളുടെ പ്രത്യുത്ഥാനം ആവശ്യപ്പെടുന്ന കാലംകൂടിയാണിത്. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img