പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഏർപ്പെട്ടിരുന്നു. വേട്ടയാടൽ,കൃഷി,വിനോദം തുടങ്ങിയവയുടെ ഇടവേളകളിൽ കളികളിൽ ഏർപ്പെടുന്നതും പതിവായിരുന്നു. പുരാതന ഗ്രീസിലും റോമിലുമൊക്കെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങൾ വളരെ പ്രൗഢമായ രീതിയിലായിരുന്നു നടന്നിരുന്നത്. ക്രമേണ സ്പോർട്സ് മനുഷ്യരുടെ സാമൂഹികവും മാനസികവും വൈകാരികവും ശാരീരികവുമായ വളർച്ചയുടെ വികാസത്തെ ത്വരിതപ്പെടുത്തുന്ന ഒരു പ്രധാന ഘടകമായി മാറി. പിന്നീടിത് പ്രാഥമിക വിനോദമാർഗങ്ങളിൽ നിന്നും നിയന്ത്രിത മത്സരരൂപഘടനയിലേക്ക് പടിപടിയായി വളർന്നു. പ്രത്യേകമായി ചിട്ടപ്പെടുത്തിയ നിയമാവലികൾ ഓരോ കായികഇനങ്ങളിലും രൂപപ്പെട്ടത് വിനോദങ്ങളിൽ നിന്നും മത്സരാത്മകതയിലേക്കുള്ള സ്വാഭാവിക പരിവർത്തനമായിത്തീർന്നു. ഇത് മത്സരങ്ങൾ നീതിയുക്തവും ജനാധിപത്യപരവുമായ നിലയിൽ സംഘടിപ്പിക്കുവാൻ സഹായകമായി. പ്രാചീന ഒളിമ്പിക്സ് മുതൽ ആധുനികകാല ആഗോള പ്രൊഫഷണൽ ലീഗ് ചാമ്പ്യൻഷിപ്പുകൾ വരെയുള്ള സ്പോർട്സിന്റെ വളർച്ചയുടെ വ്യവസ്ഥാപിത രീതിയിലേക്കുള്ള ഉയർച്ചക്കും ഇത് കാരണമായി. ഇപ്പോൾ കായിക രംഗം വ്യവസായമായി വളർന്ന് സാമൂഹികവും സാംസ്കാരികവുമായ പ്രധാന ശക്തികേന്ദ്രമായി സമൂഹത്തിൽ ഫലപ്രദമായ ഇടപെടലുകളും മാറ്റങ്ങളും രൂപപ്പെടുത്തുന്ന ബദൽ മാർഗ്ഗമായും നിലനിൽക്കുന്നു.
ഒരു കായികതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനമികവ് രൂപപ്പെടുത്തുന്നതിൽ ജനിതകവും പാരിസ്ഥിതികവുമായ നിരവധിഘടകങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. കായികശേഷി നിർണയിക്കുവാൻ നിരവധി ശാരീരിക സവിശേഷതകളെ ഉപയോഗപ്പെടുത്തുന്നുവെങ്കിലും ചിട്ടയായ ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, മാനസികാവസ്ഥ എന്നിവപോലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ജനിതക ഘടകങ്ങളും. അടിസ്ഥാന ചലനങ്ങൾക്ക് ഉപയോഗിക്കുന്ന പേശികളുടെ ശക്തിയെ നിർണയിക്കുന്നത് സ്ലോ -ട്വിച്ച്, ഫാസ്റ്റ് -ട്വിച്ച് എന്നീ രണ്ടുതരം പ്രധാനപ്പെട്ട ഫൈബറുകൾ ആണ്. ഇതിൽ സ്ലോ- ട്വിച്ച് പേശീ ഫൈബറുകൾക്ക് കൂടുതൽസമയം ക്ഷീണമില്ലാതെ കായികപ്രവർത്തനങ്ങൾ നിർവഹിക്കുവാൻ കഴിയുന്നു. വളരെ സാവധാനം കൂടുതൽ സമയദൈർഘ്യമുള്ള ദീർഘദൂരഓട്ടം പോലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ ഈ ഫൈബറുകൾ ഏറെ പര്യാപ്‌തമാണ്. എന്നാൽ ഫാസ്റ്റ് -ട്വിച്ച് പേശീ ഫൈബറുകൾ വേഗത്തിൽ ചുരുങ്ങുകയും ക്ഷീണിക്കുകയും ചെയ്യുന്നു. 100 മീറ്റർ ഓട്ടം പോലുള്ള സ്പ്രിന്റ് ഇവന്റുകൾ, പേശീശക്തി കൂടുതൽ ആവശ്യമുള്ള കായിക പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഇവ ഗുണകരമാവുക. ശരീരകോശങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്ന പരമാവധി ഓക്‌സിജൻ ശേഷി പേശികളുടെ വലിപ്പം, ഉയരം, അയവ്, ഏകോപനം തുടങ്ങിയ വിവിധ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത കായിക പ്രകടനവുമായി ബന്ധപ്പെട്ട സവിശേഷതകളിൽ 30% മുതൽ 80% വരെ ജനിതകഘടകങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിർണ്ണയിക്കപ്പെടുന്നത്. കായികതാരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുന്ന നിരവധി ജീനുകൾ പേശികളുടെ വളർച്ചയെയും ശക്തിയെയും നിയന്ത്രിക്കുമ്പോൾ മറ്റു ചിലത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇതിൽ എടുത്തുപറയേണ്ടവയാണ് ACTN3, ACE എന്നിവ. പേശികളിലുള്ള വിവിധ ഫൈബർ തരങ്ങളെ ഈ ജീനുകൾ വളരെയധികം സ്വാധീനിക്കുന്നു. ഒന്നാമത്തെ വിഭാഗമായ ACTN3 പേശീശക്തി, വേഗത തുടങ്ങിയ ശേഷികളെ വളരെയധികം ത്വരിതപ്പെടുത്തുന്നു. ജമൈക്കയുടെ അതിവേഗതാരമായ ഉസൈൻ ബോൾട്ടിന്റെ ശരീര പേശികളിലെ പ്രത്യേകതകളെ സംബന്ധിച്ച ജീനോമിക്‌പഠനങ്ങൾ പ്രകാരം ACTN3 എന്ന ജനിതകവ്യതിയാനം ആണ് (variant) അദ്ദേഹത്തിന്റെ വേഗതയേയും കരുത്തിനെയും ഉയർത്തുന്നതിൽ നിർണ്ണായകമായിട്ടുള്ളത്. രണ്ടാമത്തെ ഇനമായ ACE ഹ്യദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തെ കൂടുതൽ ത്വരിതപ്പെടുത്തുന്നനിലയിലുള്ള പേശീക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും പാരമ്പര്യമായി ലഭിക്കുന്ന ജനിതകഘടനയാണ് അവരുടെ ശാരീരികവും മാനസികവുമായ സ്വഭാവ നിലകളെ നിർണയിക്കുന്നത്. മികച്ച നിലയിൽ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ആധുനിക കായികലോകത്ത് സ്പോർട്‌സ് ജീനോളജി എന്ന മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മേഖല കൂടുതൽ വിപുലപ്പെടുന്നതിലൂടെ കായികതാരങ്ങളുടെ കഴിവുകൾ കൂടുതൽ മനസ്സിലാക്കുവാനും ആനുപാതികമായ രീതിയിലുള്ള വ്യക്തിഗത കായിക പരിശീലനം നൽകാനും സാധിക്കുന്നു. ശാസ്ത്രീയമായ പ്രതിഭാനിർണയ പരിപാടികളിലൂടെ അർഹരായവരെ കണ്ടെത്തുവാനും അവരുടെ കായികശേഷി കൃത്യമായി തെരഞ്ഞെടുക്കുവാനുള്ള അവസരമൊരുക്കുവാനും ഇതിലൂടെ കഴിയുന്നു. കൊളാജൻ ഉൽപാദനവുമായി ബന്ധപ്പെട്ട് ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ ടെൻഡോൺ, ലിഗമെന്റ് തുടങ്ങിയവയിലുള്ള പരിക്കുകൾക്കുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഇത് അനുയോജ്യമായ കായിക പരിശീലന മാർഗ്ഗങ്ങൾ, പ്രതിരോധതന്ത്രങ്ങൾ എന്നിവ സ്വീകരിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
കായികമേഖലയുടെ വളർച്ചയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യങ്ങളിൽ കായിക പ്രകടന മികവിലും പരിശീലന രീതിശാസ്ത്രം, താരങ്ങളുടെ പരിപാലനം ഉൾപ്പെടെയുള്ളവയിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവുകയാണിപ്പോൾ. സ്‌പോർട്സ് സയൻസ് രംഗത്ത് കാലികവും ശാസ്ത്രീയവുമായ മാറ്റങ്ങളാണ് ജനിതകഗവേഷണം ഉൾപ്പെടെയുള്ള ഉപമേഖലകളുടെ സംയോജനത്തിലൂടെ ഉണ്ടായിട്ടുള്ളത്. കായിക രംഗത്ത് ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ചൈനയിൽ ചൈനീസ് അക്കാദമി ഓഫ് സയൻസും ബെയ്‌ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സും മികച്ച കായിക താരങ്ങളെ കണ്ടെത്തുവാനുള്ള ശാസ്ത്രീയ രീതികൾ അവലംബിച്ചുപോരുകയാണ്. ഓരോ താരങ്ങളുടെയും ക്ഷമത, ശക്തി, പരിക്ക് ഉണ്ടാകുവാനുള്ള സാധ്യത തുടങ്ങിയവ പ്രവചിക്കുവാൻ കഴിയുന്ന നിലയിലേക്കുള്ള ഇടപെടലുകളാണ് ഈ മേഖലയിൽ നടത്തിവരുന്നത്. ഭാരോദ്വഹനം, നീന്തൽ, ജിംനാസ്റ്റിക്സ് തുടങ്ങിയ കായികയിനങ്ങളിൽ ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെയുള്ളവയിൽ ചൈനയുടെ സമീപകാല ആധിപത്യത്തിന് ഇത്തരം പുരോഗമന ഇടപെടൽരീതി കൂടുതൽ ശക്തിപകർന്നിട്ടുണ്ട്. ബ്രിട്ടണിൽ ഡിഎൻഎയും കായിക പ്രകടനവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിലയിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ രൂപപ്പെട്ടുവരികയാണ്. പ്രാഥമികഘട്ടത്തിൽ താരങ്ങളുടെ ഫിറ്റ്‌നസ്, പരിക്ക് തടയൽ എന്നിവ പരിഹരിക്കുന്നതിനുവേണ്ടി പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബുകളിൽ ഉൾപ്പെടെ ജനിതകപരിശോധന രീതി സ്വീകരിച്ചുപോരുന്നുണ്ട്. ബർമിംഗ്ഹാം സർവ്വകലാശാല ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ നേത്യത്വത്തിൽ ഈ മേഖലയിൽ നിരന്തരമായ ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഓസ്ട്രേലിയയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിന്റെ നേതൃത്വത്തിൽ മാരത്തോൺ ഓട്ടം, നീന്തൽ, സൈക്ലിങ് തുടങ്ങിയ എൻഡ്യൂറൻസിന് പ്രാധാന്യം നൽകുന്ന ഈവന്റുകളിലാണ് കൂടുതൽ ഗവേഷണ പ്രവർത്തനങ്ങളും നടന്നുവരുന്നത്. അമേരിക്കയിൽ നാഷണൽ കോളേജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ (NCAA) നേതൃത്വത്തിൽ പ്രൊഫഷണൽ സ്പോർട്സ് മേഖലയിൽ പങ്കെടുക്കുന്ന കായികതാരങ്ങളുടെ പ്രകടനമികവിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങൾ ഈ മേഖലയിൽ ശക്തമായ ഇടപെടൽ നടത്തിവരുന്നു. പശ്ചിമേഷ്യൻ രാജ്യമായ ഖത്തറിൽ കായിക താരങ്ങളുടെ ഫിറ്റ്നസ്, പ്രാദേശിക കാലാവസ്ഥയ്ക്കിണങ്ങുന്ന നിലയിലുള്ള ന്യൂജൻ താരങ്ങളെ കണ്ടെത്തൽ തുടങ്ങിയവയ്ക്കായി സ്പോർട്‌സ് ജീനോമിക്‌സിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഫുട്ബോളിന്റെ മെക്കയായ ബ്രസീലിലെ സാവോപോളോ സർവ്വകലാശാലയിൽ നടന്നുവരുന്ന ഗവേഷണത്തിൽ ഉയർന്ന തീവ്രതയുള്ള പരിശീലനത്തോടുള്ള പേശികളുടെ പ്രതികരണത്തെ ജനിതകഘടകങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഭാവിയിൽ സ്പോർട്‌സ് ജീനോമിക്‌സ് രീതി ലോകമെമ്പാടുമുള്ള എലൈറ്റ് കായികതാരങ്ങളുടെ വികസനത്തിന്റെ അടിസ്ഥാനവശമായിമാറും. കായിക പ്രകടനവും താരങ്ങളുടെ ദീർഘായുസ്സും വർദ്ധിപ്പിക്കുന്ന ജനിതക ഡാറ്റയാൽ സമ്പന്നമായ വ്യക്തിഗത പരിശീലനരീതികളെയാകാം ഭാവി സ്പോർട്സ് കൂടുതലായി ആശ്രയിക്കുക. ഒരു കായികതാരത്തിന്റെ ജനിതക സവിശേഷതകളെ അടിസ്ഥാനമാക്കി അനുയോജ്യമായ പരിശീലന രീതികൾ കണ്ടെത്താൻ സഹായിക്കുകയും കായികപരമായ കഴിവുകൾ വർദ്ധിപ്പിക്കാനും പരിമിതികളെ മറികടക്കാനും സാധിക്കുന്ന രീതികൾക്ക് സാധ്യതയേറിവരികയാണ്. പരിക്കുകളിൽനിന്ന് വേഗത്തിൽ സുഖംപ്രാപിക്കാനും അനുയോജ്യമായ പുനരധിവാസ രീതികൾ തെരഞ്ഞെടുക്കാനും ഇത്തരം ഉചിതമായ മാർഗങ്ങളിലൂടെ സാധിക്കുന്നു. സ്പോർട്സ് ജീനോമിക്സ് ടെസ്റ്റുകൾക്ക് എല്ലാ രാജ്യങ്ങളിലും ഒരേ നിയമങ്ങൾ അല്ല പിന്തുടരുന്നത്. ചില രാജ്യങ്ങൾ ഇതിന് വലിയ രീതിയിൽ പ്രോത്സാഹനം നൽകുമ്പോൾ മറ്റു ചില രാജ്യങ്ങൾ സ്വകാര്യതാ നിയമങ്ങൾ, നൈതിക, ശാസ്ത്രീയ, സാമ്പത്തിക, നിയമപ്രശ്നങ്ങൾ, കായിക ഏജൻസികളുടെ നിയന്ത്രണം, ജെനറ്റിക് ഡോപ്പിംഗ് തുടങ്ങിയ കാരണങ്ങളാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജീനോമിക് പരിശോധനകളെ ‘ജെനറ്റിക് ഡിസ്ക്രിമിനേഷൻ’ ആയി കാണുന്ന രാജ്യങ്ങളുമുണ്ട്. ഭാവിയിൽ കായികതാരങ്ങൾ ഡിഎൻഎ പരിഷ്കരിക്കാൻ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയായ CRISPR (clustered regularly interspaced short palindromic repeats) ഉൾപ്പെടെയുള്ള സാങ്കേതിക സാധ്യതകളെ ജനിതക മാറ്റങ്ങൾക്കായി ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കകൂടി കായികലോകത്തിനുണ്ട്. l