മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ മനുഷ്യൻ എങ്ങിനെയാണ് സ്വായത്തമാക്കുന്നത്? ജ്ഞാനശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാന ചോദ്യമാണിത്. പരമ്പരാഗതമായ തത്വചിന്തയിൽ, തീർത്തും വ്യത്യസ്തങ്ങളായ രണ്ടു ഉത്തരങ്ങളാണ് ഇതിന് കല്പിച്ചിരിക്കുന്നത്. ഒന്ന്, യുക്തിചിന്തയിലൂടെയാണ് മനുഷ്യൻ മുഖ്യമായും അറിവ് സമ്പാദിക്കുന്നത് എന്നതാണ്. ഇതിനെ യുക്തിവാദം (rationalism) എന്ന് വിളിക്കുന്നു. രണ്ട്, ഇന്ദ്രിയങ്ങൾ പകർന്നു നൽകുന്നതാണ് അറിവ് എന്നതാണ്. ഇതിനെ അനുഭവൈകവാദം (empiricism) എന്ന് വിളിക്കുന്നു. അനുഭവൈകവാദമെന്ന തത്വചിന്താപരമായ സങ്കല്പത്തെ വിശദീകരിക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.
ആത്യന്തികമായി അറിവിന്റെ ഉറവിടം മനുഷ്യന്റെ ഇന്ദ്രിയങ്ങൾ പകർന്നുനൽകുന്ന അനുഭവങ്ങളാണ് എന്നതാണ് അനുഭവൈക ജ്ഞാനവാദം മുന്നോട്ടുവെയ്ക്കുന്ന ജ്ഞാനസങ്കല്പം. ആശയങ്ങളും അറിവും രൂപപ്പെടുന്നത് മനുഷ്യന്റെ യുക്തിപരമായ ആലോചനകളിലൂടെയാണെന്ന സങ്കൽപ്പങ്ങൾക്ക് നേർവിപരീതമാണിത്. അനുഭവൈകവാദികളെ സംബന്ധിച്ചിടത്തോളം പ്രാഥമിക ഘട്ടത്തിൽ മനസ്സ് ഒരൊഴിഞ്ഞ തളികയാണ്. ഇന്ദ്രിയാനുഭവങ്ങളാണ് അതിലേക്ക് അറിവ് പകർന്നുനൽകുന്നത്. പാശ്ചാത്യ തത്വചിന്തയെയും ആധുനിക ശാസ്ത്ര ചിന്താരംഗത്തെ നിർണായകമായി സ്വാധീനിച്ച സങ്കല്പങ്ങളാണിവ.
ഇന്ദ്രിയങ്ങളാണ് അറിവിന്റെ ആരംഭമെന്ന ചിന്താഗതി പ്രാചീന ഗ്രീക്ക് ചിന്തയുടെ കാലം മുതൽക്കേ നിലനിന്നിരുന്ന ഒന്നാണ്. അരിസ്റ്റോട്ടിൽ ഈ വാദം അവതരിപ്പിച്ച ചിന്തകനാണ്. ഇന്ദ്രിയാനുഭവങ്ങളാണ് ശാസ്ത്രീയമായ അറിവുകളുടെ തുടക്കമെന്ന് അരിസ്റ്റോട്ടിൽ ഉറപ്പിച്ചുപറഞ്ഞു. ആധുനിക ശാസ്ത്രചിന്തകൾക്ക് തുടക്കം കുറിച്ച 16, 17 നൂറ്റാണ്ടുകളിലാണ് അനുഭവൈക ജ്ഞാന ചിന്തകൾ ശക്തി പ്രാപിക്കുന്നത്. ആധുനിക ശാസ്ത്രചിന്തകളുടെ ആചാര്യനായി കരുതപ്പെടുന്ന ഫ്രാൻസിസ് ബേക്കന്റെ സംഭാവനകൾ ഇക്കാര്യത്തിൽ നിർണായകമായി. വസ്തുക്കളെ സൂക്ഷ്മ നിരീക്ഷണം നടത്തുക. അങ്ങനെ കിട്ടുന്ന അറിവുകളെ ആധാരമാക്കി സങ്കൽപ്പങ്ങൾ മെനഞ്ഞെടുക്കുക. ഇതാണ് ശാസ്ത്രത്തിന്റെ രീതി ഇന്ന് ബേക്കൺ സിദ്ധാന്തീകരിച്ചു. അനുഭവത്തിൽ നിന്ന് അനുമാനങ്ങളിലേക്ക് എത്തിച്ചേരുന്ന ഈ രീതി (Induction) ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയായി പരിണമിച്ചു.
അനുഭവൈകവാദ തത്വചിന്താപരമ്പര്യത്തെ ജോൺ ലോക്ക് പില്കാലത്ത് കൂടുതൽ വികസിപ്പിച്ചു. അദ്ദേഹത്തിന്റെ An essay concerning human understanding എന്ന പുസ്തകം ഈ ചിന്താധാരയിലെ നിർണായകമായ ഒരു നാഴികക്കല്ലാണ്. മനുഷ്യനിൽ ആന്തരികമായി ഒരുതരത്തിലുള്ള ആശയവും ഉൾച്ചേർന്നിട്ടില്ല എന്നും, ഇന്ദ്രിയങ്ങൾ പകർന്നുതരുന്ന ബാഹ്യ അനുഭവങ്ങളിൽ നിന്നും രൂപപ്പെടുന്നവയാണ് മനുഷ്യന്റെ തലച്ചോറിൽ രൂപപ്പെടുന്ന എല്ലാ ആശയങ്ങളും എന്നുമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇന്ദ്രിയാധിഷ്ഠിതമായ അനുഭവങ്ങളിലൂടെ ലഭിക്കുന്ന ചെറിയ അറിവുകൾ കൂടിച്ചേർന്നാണ് സങ്കീർണ്ണമായ ആശയങ്ങൾ രൂപപ്പെടുന്നത്. യാഥാർഥ്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമല്ല നമ്മിലുള്ള അറിവുകൾ. വസ്തുക്കളുടെ പ്രാഥമികമായ ഗുണവിശേഷങ്ങൾ (രൂപം, വലുപ്പം, ചലനം തുടങ്ങിയ), ദ്വിതീയമായ ഗുണവിശേഷങ്ങൾ (നിറം, മണം, രുചി) രൂപപ്പെടുന്നതിനിടയാക്കുന്നു എന്നതാണ് ലോക്കിന്റെ സിദ്ധാന്തം.
ജന്മസിദ്ധമായ ആശയങ്ങൾ, മനുഷ്യനിൽ അന്തർലീനമായുള്ള ആശയങ്ങൾ എന്ന സങ്കല്പത്തെ നിരാകരിച്ച തത്വചിന്തകനായിരുന്നു ബെർക്കലിയും. ആശയങ്ങൾ ഉൽഭൂതമാകുന്നത് കാഴ്ചയിൽകൂടെയാണ് (perceptions) എന്ന സങ്കൽപനത്തെയാണ് അദ്ദേഹവും പിന്തുടർന്നത്. അനുഭവൈകവാദത്തെ അതിന്റെ പാരമ്യത്തിലേക്കെത്തിച്ച ചിന്തകനായിരുന്നു ആത്മനിഷ്ഠമായ ആശയവാദിയായ (subjective idealism) ബെർക്കലി. To be is to be perceived (esse est percipi) എന്ന് ബെർക്കലി. മനുഷ്യന്റെ അസാന്നിധ്യത്തിലും വസ്തുക്കൾ നിലനിൽക്കുന്നുവെങ്കിൽ അത് അനുഭവസ്ഥനായി ദൈവമുണ്ട് എന്നതുകൊണ്ടാണ് എന്നാണ് അദ്ദേഹം വാദിച്ചത്.
A Treatise of Human Nature, An Enquiry Concerning Human Understanding തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അനുഭവൈകവാദപരമായ ശക്തമായ വാദമുഖങ്ങൾ ഡേവിഡ് ഹ്യൂ (David Hume) ഉയർത്തി. വസ്തുക്കളെക്കുറിച്ച് പെട്ടെന്ന് നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രങ്ങളെയും (immediate perceptions), അവയുടെ അവ്യക്ത ആലേഖനങ്ങളായ ആശയങ്ങളെയും അദ്ദേഹം വ്യവഛേദിച്ചു. എല്ലാ ആശയങ്ങളുടെയും അടിത്തറ അനുഭവങ്ങൾ മനസ്സിൽ കോറിയിടുന്ന ആലേഖനങ്ങളാണ് (perceptions) എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിഭൗതികവാദപരമായ ചിന്താസരണിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കാര്യകാരണ ബന്ധങ്ങളുടെ യുക്തിയെപ്പോലും അനുഭവൈകവാദത്തെ മുൻനിർത്തി അദ്ദേഹം നിഷേധിച്ചു. ആവർത്തിച്ചുള്ള അനുഭവങ്ങൾ നമ്മുടെ മനസിലുണ്ടാക്കുന്ന ആഖ്യാനങ്ങൾ മാത്രമാണ് കാര്യകാരണ ബന്ധങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്ഥായിയായ കർതൃത്വത്തെ തന്നെ ചോദ്യം ചെയ്ത ഹ്യൂമിന്റെ ചിന്തകൾ പിൽക്കാല ആശയവാദ സിദ്ധാന്തങ്ങൾക്ക് ഏറെ പിൻബലമേകി.
അനുഭവൈകവാദം ആധുനിക ശാസ്ത്രചിന്തകൾക്ക് ഏറെ പിൻബലമേകി. നിരീക്ഷണം, പരീക്ഷണം, വിവരങ്ങളുടെ വിശകലനം എന്നിവയിലൂടെ പ്രപഞ്ച പ്രതിഭാസങ്ങളെ മനസ്സിലാക്കാനുള്ള രീതിശാസ്ത്രം അത് നൽകി. കേവല വിശ്വാസങ്ങളെ ചോദ്യം ചെയ്തു. അതേസമയം അതിന്റെ പരിമിതികളും ഏറെയായിരുന്നു. എല്ലാ അറിവും അനുഭവങ്ങളിലൂടെ ആർജിക്കുന്നവയാണെങ്കിൽ യുക്തിപരമായ വിശകലനങ്ങളിലൂടെ ആർജിക്കുന്ന അറിവുകളെ എങ്ങിനെ നിഷേധിക്കാനാവും? ശുദ്ധശാസ്ത്രത്തിന്റെ മണ്ഡലത്തിൽ പോലും അനുഭവൈകേതരമായ സൈദ്ധാന്തിക ധാരണകളും അറിവുകളും ഏറെയാണ്. അനുമാനപരമായ അറിവിന്റെ പരിമിതിയെക്കുറിച്ച് (Problem of induction) പലരും ആദ്യംമുതൽക്കേ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെയേറെ നാളുകളായി നമ്മുടെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെടുന്ന കൊക്കിന്റെ നിറം വെളുപ്പാണ് എന്നതുകൊണ്ടുമാത്രം കൊക്കുകളെല്ലാം വെളുത്തത് എന്ന ധാരണയിൽ എത്തിചേരനാവുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
ഇന്ദ്രിയങ്ങൾ യാന്ത്രികമായി പകർന്നുനൽകുന്ന ഒന്നല്ല അറിവ്. അറിവ് പല രീതികളിലൂടെയും നിർമിക്കപ്പെടുന്ന ഒന്നാണ്. സാമൂഹികബന്ധങ്ങളും ചരിത്രപരമായ പരിണാമങ്ങളുമെല്ലാം അതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന വർഗ്ഗങ്ങൾ തങ്ങളുടെ താല്പര്യാർത്ഥമുള്ള അറിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടത്തും. ഇത്തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ വസ്തുതകളെ അവഗണിക്കുകയും വ്യക്തിഗതമായ ഇന്ദ്രിയാനുഭവങ്ങൾക്ക് ഏറെ ഊന്നൽ നൽകുകയും ചെയ്യുന്നു എന്നതാണ് അനുഭവൈകവാദത്തിന്റെ ഏറ്റവും ഗുരുതരമായ പോരായ്‌മ. l