
കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്. ജാതി, മതം, വർഗ്ഗം, സാമ്പത്തികനില, ലിംഗഭേദം, കായികശേഷി തുടങ്ങി യാതൊരു തരത്തിലുമുള്ള വേർതിരിവുകളും ഇല്ലാതെ എല്ലാവർക്കും തുല്യ അവസരം നൽകുന്ന ഒരു ഇടംകൂടിയാണിത്. വ്യത്യസ്തതകളെ ആഘോഷിക്കാനും പരസ്പരം മനസ്സിലാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുമുള്ള ശക്തമായ ഉപാധിയായാണ് കായികമേഖലയെ പൊതുവിൽ കരുതുന്നത്. ഏഷ്യയിലെതന്നെ, കുട്ടികളുടെ കായിക പങ്കാളിത്തമുള്ള ഏറ്റവും വലിയ മത്സരമാമാങ്കമാണ് കേരള സ്കൂൾ കായികമേള. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചുവരുന്ന ഈ കായികമേളയുടെ ഭാഗമായി സവിശേഷ പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അർഹമായ അവസരം നൽകുന്നു എന്നുള്ളത് ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം ഇൻക്ലൂസീവ് സ്പോർട്സ് എന്ന നൂതനമായ കാഴ്ചപ്പാട് കായികമേഖലയിലും ഉൾപ്പെടുത്തി പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കുകൂടി അർഹമായ പിന്തുണയേകുന്നു. യാതൊരു തരത്തിലുമുള്ള വേർതിരിവുകൾ ഇല്ലാതെ കായികപരമായ അവസരങ്ങളും അനുഭവങ്ങളും സവിശേഷപരിമിതരായ കുട്ടികൾക്കും ഉറപ്പാക്കുന്ന സമീപനമാണ് ഇൻക്ലൂസീവ് സ്പോർട്സ്. 2024 ൽ എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ കായികമേളയിലാണ് ആദ്യമായി ഇൻക്ലൂസീവ് സ്പോർട്സ് ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൽ ഉൾപ്പെടുന്ന കായികയിനങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ആദ്യഘട്ടത്തിൽ മത്സരത്തിനായി രൂപപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിലും ഏറ്റവും പ്രഥമസ്ഥാനം അലങ്കരിച്ചുമുന്നേറിയത് സവിശേഷപരിമിതരായ കുട്ടികായികതാരങ്ങൾ തന്നെയായിരുന്നു. ദീപശിഖാപ്രയാണത്തിന്റെ ഭാഗമായും ഇൻക്ലൂസീവ് കുട്ടികൾ പങ്കെടുക്കുകയും ദീപശിഖ തെളിയിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മികച്ച നിലയിലുള്ള മാധ്യമശ്രദ്ധ പരിപാടിക്ക് ലഭിക്കുകയും ചെയ്തു. കായികമേളയുടെ ആദ്യ ദിവസംതന്നെ ഇൻക്ലൂസീവ് കുട്ടികൾക്ക് മത്സരിക്കുവാൻ അവസരം നൽകി ഉൾച്ചേരലിന്റെ ആത്യന്തികമായ തലം ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുവാനും കേരളത്തിന് സാധിച്ചുവെന്നതും പങ്കെടുത്ത എല്ലാ സവിശേഷപരിമിതരായ കുട്ടികൾക്കും പാരിതോഷികം നൽകുകയും ചെയ്തുവെന്നതും എടുത്തുപറയേണ്ട സവിശേഷതകളാണ്. ഇതിലൂടെ സവിശേഷപരിമിതരായ കുട്ടികളെ മുഖ്യധാരയിൽ കൊണ്ടുവരാനും അവരെ ചേർത്തുപിടിക്കാനും കേരള സമൂഹത്തിനായതിൻ്റെ പൊതുദൃഷ്ടാന്തമായി മാറി. എന്നാൽ രാജ്യത്തിനോ സംസ്ഥാനത്തിനോ അത്ര പരിചിതമല്ലാത്തതും സവിശേഷപരിമിതരായ കുട്ടികൾക്ക് പ്രത്യേകിച്ച് ചലനപരിമിതിയുള്ളവർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും ഉൾപ്പെടെ യാതൊരു തരത്തിലുള്ള തടസ്സവുമില്ലാതെ പങ്കെടുക്കുവാനും കായികമികവ് തെളിയിക്കുവാനും സാധിക്കുന്ന ‘ബോച്ചെ’ എന്ന കായികയിനം കൂടി ഈ വർഷം ഇൻക്ലൂസീവ് സ്പോർട്സിൻ്റെ ഭാഗമായി പരിചയപ്പെടുത്തുകയാണ്. ശാരീരിക, മാനസിക വെല്ലുവിളികളും പരിമിതികളും ആരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകരുത് എന്നുള്ള വലിയൊരു സന്ദേശമാണ് ബോച്ചെ എന്ന കായികയിനം ഇൻക്ലൂസീവ് സ്പോർട്സിൽ ഉൾപ്പെടുത്തിയതിലൂടെ കേരളം സമൂഹത്തിന് നൽകുന്നത്.
ബോച്ചെയും സാമൂഹിക ഉൾച്ചേർക്കലും
ലോകത്തിലെ ഏറ്റവും പഴക്കമേറിയ കായിക വിനോദങ്ങളിൽ ഒന്നാണ് ബോച്ചെ എന്ന കായികയിനം. ഏകദേശം 5000 വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽ ഇതിൻ്റെ ആദ്യരൂപങ്ങൾ ഉണ്ടായിരുന്നതായാണ് ചരിത്രരേഖകൾ പറയുന്നത്. ഉരുണ്ടകല്ലുകളായിരുന്നു ആദ്യകാലഘട്ടങ്ങളിൽ ഈ കളിയ്ക്കായി ഉപയോഗിച്ചിരുന്നത്. റോമൻ സാമ്രാജ്യത്തിൻ്റെ വളർച്ചയുടെ ഭാഗമായി ആ രാജ്യത്തെ സൈനികരാണ് ഈ കായികവിനോദത്തെ കൂടുതൽ ജനപ്രിയമാക്കുന്നതിനും പ്രചാരത്തിലെത്തിക്കുന്നതിനും സഹായിച്ചത്. ആധുനിക ബോച്ചെയുടെ ആവിർഭാവവും, കളിയുടെ നിയമങ്ങളും രൂപവും വികസിക്കപ്പെട്ടത് ഇറ്റലിയിലാണ്. പതിനാറാംനൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസിൽ ഇത് ഒരു അംഗീകൃത കായികവിനോദമായി അംഗീകരിക്കപ്പെട്ടു. ഇറ്റാലിയൻ കുടിയേറ്റക്കാർവഴി ലോകമെമ്പാടും പ്രത്യേകിച്ച് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കളി കൂടുതൽ പ്രചാരംനേടി. 1753-ൽ റാഫേൽ ബിസ്റ്റെഗി എഴുതിയ ‘ജിയോക്കോ ഡെല്ലെ ബോച്ചി’ എന്ന പുസ്തകത്തിലാണ് ബോച്ചെ എന്ന കായികവിനോദത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളത്. ഈ പുസ്തകമാണ് കളിയുടെ ആദ്യത്തെ അറിയപ്പെടുന്ന നിയമസംഹിതയായി കണക്കാക്കപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും വ്യത്യസ്തശേഷികളും കഴിവുകളുമുള്ളവർക്കും ഈയിനത്തിൽ വളരെ അനായാസേന പങ്കെടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് പ്രോഗ്രാമുകൾക്കിടയിൽ ഇത് കൂടുതൽ ജനപ്രീതി നേടുവാൻ കാരണമായി. സ്പെഷ്യൽ ഒളിമ്പിക്സ് കായികതാരങ്ങൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന കായികയിനങ്ങളിൽ ഒന്നാണിത്. മദ്ധ്യധരണ്യാഴിയുടെ വടക്കേ അറ്റത്തുള്ള അഡ്രിയാറ്റിക് കടലിൻ്റെ കിഴക്കൻ ഭാഗങ്ങളിലും ക്രൊയേഷ്യ, സെർബിയ, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിലും ഈ കായികവിനോദം വളരെ ജനപ്രിയമായ കായികവിനോദമായി നിലകൊള്ളുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത പേരുകളിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും, പാരാലിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി നടന്നിട്ടുള്ള ബോച്ചേ മത്സരങ്ങളിൽ കൂടുതൽ തവണയും മെഡലുകൾ നേടിയിട്ടുള്ളത് ബ്രസീലാണ്.
പരമ്പരാഗതമായി 27.5 മീറ്റർ (90 അടി) നീളവും 2.5 മുതൽ 4 മീറ്റർ (8.2 മുതൽ 13.1 അടി) വരെ വീതിയുമുള്ള പ്രകൃതിദത്തമണ്ണിലോ ആസ്ഫാൽറ്റ് പോലുള്ള സ്ഥിരതയുള്ള കോർട്ടുകളിലോ ആണിത് കളിക്കുന്നത്. കോർട്ടിൻ്റെ ഭിത്തികൾ പരമ്പരാഗതമായി മരമോ കല്ലോ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പല സോഷ്യൽ കായിക ലീഗുകളും സ്പെഷ്യൽ ഒളിമ്പിക്സ് പ്രോഗ്രാമുകളും സംഘാടനത്തിന്റെ സൗകര്യാർത്ഥം വായു നിറക്കുന്ന ‘പാക്കബോസെ’ പി.വി.സി കോർട്ടുകളിലും നടത്തപ്പെടുന്നു. ഇത്തരം കോർട്ടുകൾക്ക് സ്ഥിരമായ കളിസ്ഥലം ആവശ്യമില്ലാത്തതിനാൽ ഇവ എളുപ്പത്തിൽ സംഘടിപ്പിക്കാനും മാറ്റിവയ്ക്കാനും പരിപാലിക്കാനും സാധിക്കുന്നു. ബോച്ചെ ബോളുകൾ മരം, ലോഹം, ചുട്ടുപഴുപ്പിച്ച കളിമണ്ണ് അല്ലെങ്കിൽ വിവിധതരം പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ലോൺബൗളുകളിൽ നിന്ന് വ്യത്യസ്തമായി ബോച്ചെ ബോളുകൾ ഗോളാകൃതിയിലുള്ളവയാണ്. ബോച്ചെ, ലോൺ ബൗളുകൾ എന്നിവ ബൗൾസ് എന്ന കളികുടുംബത്തിൽപ്പെട്ടവയാണെങ്കിലും ഉപയോഗിക്കുന്ന പന്തുകളുടെ രൂപത്തിലും കളിസ്ഥലത്തിന്റെ സ്വഭാവത്തിലും ഇവ തമ്മിൽ ഘടനാപരമായ വ്യത്യാസമുണ്ട്.
കളിക്കളത്തിലെ ഒരു ലക്ഷ്യ വസ്തുവിനോട് അടുത്ത് സ്വന്തം പന്തുകൾ എറിയുക എന്നതാണ് ബോച്ചെ കളിയുടെ അടിസ്ഥാനലക്ഷ്യം. സാധാരണയായി കളിക്കായി ഉപയോഗിക്കുന്നത് ഓരോടീമിനും നാലെണ്ണം വീതമുള്ള രണ്ടോ അതിലധികമോ നിറങ്ങളിലുള്ള എട്ടു വലിയ പന്തുകളാണ്. ലക്ഷ്യസ്ഥാനമായി ഉപയോഗിക്കുന്ന പന്ത് ‘പല്ലീനോ’ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി വെളുത്തനിറത്തിലോ മറ്റു ബോളുകളിൽ നിന്ന് വ്യത്യസ്തമായ നിറത്തിലോ ആയിരിക്കും ഉണ്ടാവുക. പൊതുവെ രണ്ട് ടീമുകൾ തമ്മിലാണ് കളിക്കുന്നത്. ഓരോടീമിലും ഒന്നു മുതൽ നാലുവരെ കളിക്കാർ ഉണ്ടാകും. ടോസിലൂടെയാണ് ആദ്യം ഏതു ടീം പല്ലീനോ എറിയണമെന്ന് തീരുമാനിക്കപ്പെടുന്നത്. കളിതുടങ്ങുന്ന ടീമിലെ ഒരു കളിക്കാരൻ കളിക്കളത്തിന്റെ മധ്യരേഖയ്ക്കും അപ്പുറമുള്ള നിശ്ചിതഭാഗത്തേക്ക് പല്ലീനോ എറിയുന്നു. പല്ലീനോ എറിഞ്ഞ ടീംതന്നെ ആദ്യത്തെ വലിയ ബോച്ചെ ബോൾ പല്ലീനോയുടെ ഏറ്റവും അടുത്ത് എത്തിക്കാനായി എറിയുന്നു. തുടർന്ന് എതിർടീമാണ് അടുത്തതായി ബോൾ എറിയേണ്ടത്. പല്ലീനോയിൽ നിന്ന് ഏറ്റവുമകലെ പന്ത് കിടക്കുന്ന ടീമിനാണ് തുടർന്നുള്ള ഊഴം ലഭിക്കുക. അവരുടെ പന്ത് പല്ലീനോയുടെ ഏറ്റവും അടുത്ത് എത്തുന്നതുവരെയോ അല്ലെങ്കിൽ അവരുടെ എല്ലാ ബോളുകളും തീരുന്നതുവരെയോ അവർ എറിയുന്നു. കളിക്കാർക്ക് അവരുടെ പന്ത് പല്ലീനോയുടെ അടുത്തേക്ക് എറിയുകയോ, എതിരാളിയുടെ പന്ത് തട്ടിമാറ്റുകയോ, അല്ലെങ്കിൽ പല്ലീനോയെ തട്ടി കൂടുതൽ അനുകൂലമായ സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യുന്നതരത്തിൽ ഉചിതമായ തന്ത്രങ്ങൾ മെനയാവുന്നതാണ്.
എല്ലാ പന്തുകളും എറിഞ്ഞുകഴിഞ്ഞാൽ പല്ലീനോയുടെ ഏറ്റവും അടുത്തുകിടക്കുന്ന ബോൾ ഏതു ടീമിന്റേതാണോ ആ ടീമിനാണ് പോയിൻറ് ലഭിക്കുക. ആ ടീമിൻ്റെ എത്ര ബോളുകൾ എതിർടീമിൻ്റെ ഏറ്റവും അടുത്ത ബോളിനേക്കാൾ പല്ലീനയോട് അടുത്തുകിടക്കുന്നുവോ അത്രയും പോയിൻ്റുകൾ അവർക്ക് ലഭിക്കും. ഒരു റൗണ്ടിൽ ഒരു ടീമിന് മാത്രമേ പോയിൻ്റ് ലഭിക്കുകയുള്ളൂ. മത്സരത്തിനു മുന്നോടിയായി നിശ്ചയിച്ചതു പ്രകാരമുള്ള പോയിന്റുകൾ ആദ്യം കരസ്ഥമാക്കുന്ന ടീം വിജയികളാകുന്നു. ഒരു കളിയുടെ ദൈർഘ്യം പ്രാദേശിക പ്രാധാന്യമനുസരിച്ചുകൊണ്ട് വ്യത്യാസപ്പെടുമെങ്കിലും ഈ കളിയിൽ സാധാരണയായി 7 മുതൽ 13 പോയിൻറ് വരെയാണ് പോയിന്റ് നില. അന്താരാഷ്ട്രതലത്തിൽ ‘ഫെഡറേഷൻ ഇന്റർനാഷണൽ ഡി ബൂൾസ്’ എന്ന സംഘടനയാണ് ബോച്ചെ കളി നിയന്ത്രിക്കുന്നത്. ലോകമെമ്പാടും വിവിധ ടൂർണമെന്റുകൾ നടക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വേൾഡ് ബോച്ചെ ചാമ്പ്യൻഷിപ്പ്. സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ് തുടങ്ങിയ പരമ്പരാഗതയിനങ്ങളും, അതുപോലെ കൂടുതൽ കായികക്ഷമത ആവശ്യമുള്ള പ്രോഗ്രസ്സീവ് ത്രോ, റിലേ ത്രോ തുടങ്ങിയ പുതിയ ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ ദേശീയ ലീഗുകളും ചാമ്പ്യൻഷിപ്പുകളും നടക്കുന്നുണ്ട്. ലോകമെമ്പാടും അനൗദ്യോഗിക തലത്തിൽ, പ്രത്യേകിച്ച് വീടുകളിലെ പുൽത്തകിടികളിലും പാർക്കുകളിലും, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം കളിക്കാവുന്ന ഒരു ജനപ്രിയ കായിക വിനോദം കൂടിയാണ് ബോച്ചെ.

ഇൻക്ലൂസിവ് സ്പോർട്സിൽ ബോച്ചെ കൂടി ഉൾപ്പെടുമ്പോൾ
കേരള സ്കൂൾ കായികമേളയിലെ ഇൻക്ലൂസിവ് സ്പോർട്സിൽ ബോച്ചേ എന്ന കായികയിനം ഉൾപ്പെടുത്തിയത് സവിശേഷപരിമിതരായ കുട്ടികൾക്ക് നിരവധി സാധ്യതകളും അവസരങ്ങളും നൽകുന്നു. ബോച്ചേ ഒരു ‘ലോൺ ബൗളിംഗ്’ ശൈലിയിലുള്ള കളിയായതിനാൽ ഇതിലെ ചലനങ്ങൾ സവിശേഷപരിമിതിയുള്ള കുട്ടികൾക്ക് ഏറെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. ലക്ഷ്യസ്ഥാനമായ ‘പല്ലീനോ’ എന്ന ചെറിയ പന്തിലേക്ക് വലിയ ബോളുകൾ ഉരുട്ടുകയോ എറിയുകയോ ചെയ്യുമ്പോൾ കുട്ടികൾക്ക് കൈകളുടെയും കണ്ണിന്റെയും ഏകോപനം മെച്ചപ്പെടുത്താൻ സാധിക്കുന്നു. ബോൾ ലക്ഷ്യത്തിനടുത്ത് എത്തിക്കാൻ ശ്രമിക്കുമ്പോൾ, എത്ര ശക്തിയിൽ, ഏതുദിശയിൽ എറിയണം/ഉരുട്ടണം എന്ന് മനസ്സിലാക്കുന്നതിലൂടെ അവരുടെ ചലനപരമായ ആസൂത്രണ ശേഷിയും വികസിപ്പിക്കപ്പെടുന്നു. ഓട്ടം, ചാട്ടം തുടങ്ങിയ കായികയിനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയിൽ കളിക്കാൻ കഴിയുന്നതിനാൽ, വീൽച്ചെയർ ഉപയോഗിക്കുന്നവർക്കും മറ്റ് ശാരീരികപരിമിതിയുള്ളവർക്കും ഈ കായികയിനത്തിൽ സജീവമായി പങ്കെടുക്കാൻ സാധിക്കും. എങ്കിലും, ബോൾ എടുക്കുന്നതും എറിയുന്നതുംവഴി ശാരീരികമായ ചലനവും ഉറപ്പാക്കപ്പെടുന്നു. ബോൾ എറിയാൻ പ്രയാസമുള്ളവർക്ക് ‘റാംപുകൾ’ പോലുള്ള സഹായ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുന്നതിന് സാധിക്കും. ഇത് എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്നു. ബോച്ചേ ഒരു ടീം മത്സരമായി കളിക്കാൻ സാധിക്കുന്നതിനാൽ, ഇത് കുട്ടികൾക്ക് സാമൂഹികമായ ഇടപെടലുകൾക്കുള്ള മികച്ച അവസരംനൽകുന്നു. ഈ കായികയിനം എല്ലാ കഴിവുകളുമുള്ള കുട്ടികളെയും പരസ്പരം ഒരുമിപ്പിക്കാൻ സഹായിക്കുന്നു. പ്രത്യേക പരിമിതിയില്ലാത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ‘യുണിഫൈഡ് സ്പോർട്സ്’ എന്ന നിലയിലും ഇത് കളിക്കാനാകുന്നത് സാമൂഹികമായ ഉൾച്ചേരലിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ടീം അംഗങ്ങളുമായി ഒരുമിച്ച് പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുമ്പോൾ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവസരം ലഭിക്കുന്നു. കായികമേളയിൽ പങ്കെടുക്കുന്നതും, കളിക്കളത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതും, വിജയിക്കുമ്പോൾ ലഭിക്കുന്ന അംഗീകാരവും കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. കളി ലളിതവും രസകരവുമായതിനാൽ, ഇത് അവർക്ക് സന്തോഷവും മാനസികോല്ലാസവും നൽകുന്നു. പന്ത് എവിടെ എറിയണം, എങ്ങനെ എറിയണം, എതിരാളികളുടെ നീക്കങ്ങൾ എങ്ങനെ തടയണം എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ കുട്ടികളിൽ പ്രശ്നപരിഹാരശേഷിയും തന്ത്രപരമായ ചിന്തയും വികസിക്കുന്നു. കളിയുടെ നിയമങ്ങൾ മനസ്സിലാക്കുകയും അതനുസരിക്കുകയും ചെയ്യുന്നതിലൂടെ അച്ചടക്കവും നിർദ്ദേശങ്ങൾ പാലിക്കാനുള്ള കഴിവും വളർത്തുന്നു. ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമായതിനാൽ കുട്ടികളുടെ ഏകാഗ്രത മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. കേരള സ്കൂൾ കായികമേളയിലെ ഇൻക്ലൂസിവ് സ്പോർട്സിൽ സവിശേഷ പരിമിതരായ കുട്ടികൾക്ക് തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും, കായികമേഖലയിൽ അവരുടെ സമഗ്രവികസനം സാധ്യമാക്കാനും, മറ്റുള്ളവരുമായി ഇടപഴകാനുള്ള ഒരു മികച്ച വേദി ഒരുക്കാനും കേരളത്തിന് ബോച്ചെയിലൂടെ സാധിക്കുന്നു.
ഒരു കേരള മാതൃക
മറ്റ് കായികയിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാരീരികം, ബൗദ്ധികം, കാഴ്ച, കേൾവി വൈകല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം പരിമിതികളുമുള്ള വ്യക്തികൾക്കും അനുയോജ്യമായ നിലയിൽ ഇതിൽ പങ്കെടുക്കുവാൻ സാധിക്കും. സ്പെഷ്യൽ ഒളിമ്പിക്സിലും യൂണിഫൈഡ് സ്പോർട്സിലും ഈ കായികയിനം വളരെ മികച്ച നിലയിലാണ് സംഘടിപ്പിച്ചുപോരുന്നത്. ആദ്യമായി ഈ കായികയിനത്തിൽ ആവശ്യമായ അനുരൂപീകരണം നടത്തിയാണ് നമ്മുടെ സംസ്ഥാനത്തിൽ പരിചയപ്പെടുത്തുന്നത്. ഈ വർഷം പെൺകുട്ടികൾക്ക് മാത്രമായാണ് അവസരം ഒരുക്കിയിട്ടുള്ളത്. കളിനിയമങ്ങളിൽ ഉചിതമായ മാറ്റം വരുത്തി മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, കാഴ്ച/കേൾവി പരിമിതർ എന്നിങ്ങനെ വ്യത്യസ്ത കഴിവുകളുള്ളവരെ പൊതുവിഭാഗം കുട്ടികളോടൊപ്പം ഉൾച്ചേർത്തുകൊണ്ടും പ്രത്യേകമായും മത്സരിക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയിട്ടുള്ള നിയമാവലിയും നിർദ്ദേശങ്ങളും മുൻകൂറായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ സ്കൂളുകളിലും നൽകിയിട്ടുണ്ട്. സബ്ജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ച് സംസ്ഥാനതലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്തം സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിർവഹിക്കപ്പെടുന്നത്. 1600-ലധികംവരുന്ന സവിശേഷ പരിമിതരായ കായികതാരങ്ങളാണ് 14 ജില്ലകളെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ഇൻക്ലൂസീവ് കായികമേളയുടെ ഭാഗമാകുന്നത്. സവിശേഷപരിമിതരായ കുട്ടികൾക്ക് കായികപരമായ നേട്ടങ്ങൾക്കപ്പുറം സാമൂഹികമായി കൂടുതൽ ശക്തരാകാനും ആത്മവിശ്വാസത്തോടുകൂടി ലോകത്തെ അഭിമുഖീകരിക്കുവാനുമുള്ള അടിത്തറ ഇത്തരം കായികപങ്കാളിത്തങ്ങൾ ഉറപ്പുവരുത്തുന്നു.
ബോച്ചേ എന്ന കായികയിനം നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ, പ്രത്യേകിച്ച് മുഖ്യധാരാ കായികമേളകളിൽ അത്ര പരിചിതമല്ല. അധികം പ്രചാരമില്ലാത്ത ഒരു കായിക ഇനമായിരിക്കാം ബോച്ചേ. പക്ഷെ, അത് ഭിന്നശേഷി സമൂഹത്തിന് നൽകുന്ന അവസരങ്ങളുടെയും തുല്യതയുടെയും വാതിൽ വളരെ വലുതാണ്. കേരളത്തിലെ ഈ സമീപനം കേവലം ഒരു കായികപരിഷ്കരണം എന്നതിലുപരി, സാമൂഹിക ഉൾച്ചേർക്കലിന്റെ ഒരു ദീർഘവീക്ഷണനയം കൂടിയാണ്. ബോച്ചേ രൂപകൽപ്പന ചെയ്തിരിക്കുന്നതുതന്നെ, മറ്റ് കളികളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള, കടുത്ത ചലനപരിമിതികളുള്ള കുട്ടികളെയും കൂടി ഉൾപ്പെടുത്തിയാണ്. വീൽചെയറിൽ ഇരിക്കുന്നവർക്കും, സെറിബ്രൽ പാൾസി പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ഇത് കളിക്കാൻ സാധിക്കുമെന്നത് മറ്റ് പലയിനങ്ങൾക്കും ലഭിക്കാത്ത ഒരു തുല്യതയും ഉറപ്പാക്കുന്നു. ഓട്ടം, ചാട്ടം, ശക്തി എന്നിവയേക്കാൾ കൃത്യത, ഏകാഗ്രത, തന്ത്രപരമായ ബുദ്ധി എന്നിവയ്ക്കാണ് ബോച്ചേയിൽ പ്രധാന്യം. ഇത്, കായികക്ഷമത കുറഞ്ഞവർക്കും വിജയിക്കാൻ അവസരം നൽകുന്നു. ബോച്ചേ ഒരു പ്രാദേശിക കളിയല്ല, മറിച്ച് പാരാലിമ്പിക്സ് കായികമേളയിലുൾപ്പെടെ പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര മത്സരയിനമാണ്. ഈ ഇനം സ്കൂൾ തലത്തിൽ പരിചയപ്പെടുത്തുന്നതിലൂടെ, കേരളം ഭിന്നശേഷിയുള്ള കുട്ടികൾക്ക് ദേശീയ – അന്താരാഷ്ട്ര വേദികളിൽ മത്സരിക്കാനുള്ള അടിത്തറയാണ് ഒരുക്കുന്നത്. ഒരു സാധാരണ സ്കൂൾ കുട്ടിക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതുപോലെ, സവിശേഷ പരിമിതരായ കുട്ടിക്കും ലോകോത്തര വേദിയിൽ എത്താൻ ഇത് സഹായിക്കും. ഈ രംഗത്ത് കഴിവു തെളിയിക്കുന്നവർ ഭാവിയിൽ കേരളത്തിനുവേണ്ടി മെഡലുകൾ നേടുമ്പോൾ, അവർ രാജ്യത്തിനുതന്നെ പുതിയ റോൾ മോഡലുകൾ ആയി മാറും. ബോച്ചെ കളിയുടെ നിയമങ്ങളെക്കുറിച്ചും സവിശേഷപരിമിതിയുവർക്കു നൽകേണ്ട പ്രത്യേക പരിശീലന രീതികളെക്കുറിച്ചും അറിവുള്ള വിദഗ്ദ്ധ പരിശീലകരുടെ കുറവ് സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഇൻക്ലൂസീവ് വിദ്യാഭ്യാസം നടപ്പാക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുപോലും കായികപരിശീലനത്തിൽ വിദഗ്ദ്ധമായ പരിശീലനപിന്തുണ ലഭിക്കുന്നത് പരിമിതമാണ്. ഇത് കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് തടസ്സമുണ്ടാക്കുന്നു. ഈ പരിമിതികളെ മറികടക്കാൻ സർക്കാർ തലത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്. ബോച്ചെ എന്ന ഇനത്തിന് കൂടുതൽ ഊന്നൽ നൽകി, കൂടുതൽ കായിക പരിശീലകരെ വാർത്തെടുക്കുന്നതിനും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും പദ്ധതികൾ ആവിഷ്കരിക്കണം. അതോടൊപ്പം, സ്കൂളുകളിലും പൊതുവിടങ്ങളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇത്തരം പിന്തുണകൾ ലഭിക്കുകയാണെങ്കിൽ, ഉൾച്ചേർക്കലിൻ്റെ മനോഹരമായ സന്ദേശം നൽകുന്ന ബോച്ചെ കളിക്ക് കേരളത്തിൽ വലിയ പ്രചാരം നേടാൻ കഴിയുകയും വരുംവർഷങ്ങളിൽ ഇത് നമ്മുടെ കായികസംസ്കാരത്തിൻ്റെ അവിഭാജ്യഘടകമായി മാറുമെന്നതും തീർച്ചയാണ്.





