
എസ്എഫ്ഐ ദില്ലി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ഉൾപ്പടെയുള്ള പ്രവർത്തകരെ ദില്ലി പോലീസ് ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു .പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദില്ലിയിലെ ഇസ്രയേൽ എംബസിയിലേക്ക് പ്രകടനം നടത്തുന്നതിനു പോകുന്ന വഴിയിൽ ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയാണ് കസ്റ്റഡിയിലെടുത്തത് . ഗാസയിൽ പട്ടിണി കിടക്കുന്നവർക്കായി ഭക്ഷണവുമായി പോയ ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിലെ പ്രവർത്തകരെ കപ്പലിൽ നിന്നും ഇസ്രായേൽ പിടികൂടിയതിൽ പ്രതിഷേധിച്ചാണ് എസ് എഫ് ഐ പ്രകടനം നടത്താൻ തീരുമാനിച്ചത്. ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ ഉൾപ്പടെ നിരവധി വിദ്യാർത്ഥികളെയാണ്
എപിജെ അബ്ദുൾ കലാം മാർഗിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനെതിരെ വീണ്ടും കൂടുതൽ വിദ്യാർത്ഥികളും പ്രവർത്തകരും തെരുവിൽ ഇറങ്ങി.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തക ഗ്രെറ്റ തുംബർഗ് ഉൾപ്പടെയുള്ളവരെയാണ് ഇസ്രായേൽ തടഞ്ഞത്. ഗാസയിലേക്ക് ഭക്ഷണത്തെ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഇസ്രായേൽ നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പലസ്തീനെ പിന്തുണക്കുന്ന ഫ്രീഡം ഫ്ലോട്ടില സഖ്യം ജൂൺ ആദ്യവാരം ഒരു കപ്പൽ ഗാസയിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഇസ്രായേൽ ഹമാസിനെയല്ല കുഞ്ഞുങ്ങളെയാണ് കൊല്ലുന്നതെന്ന് ഗ്രെറ്റ ആരോപിച്ചിരുന്നു.