നിര്‍മിതബുദ്ധി ഉയര്‍ത്തുന്ന ആശങ്കകൾ

സുരേഷ് കോടൂർ

നിര്‍മിതബുദ്ധിയുടെ ഉള്ളറകൾ- 2

തൊരു സാങ്കേതികവിദ്യയും മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകുന്നതുപോലെ തന്നെ ദുരുപയോഗത്തിനുള്ള സാധ്യതകളും തുറന്നിടുന്നു. നിര്‍മിതബുദ്ധിയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. സാങ്കേതികവിദ്യയുടെ പരിമിതികൾ മൂലം ഉണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ക്കൊപ്പമോ അതിലും അധികമോ വെല്ലുവിളിയാവുക പലപ്പോഴും ആ സാങ്കേതികവിദ്യ കൈവശമുള്ളവർ നടത്തുന്ന ബോധപൂര്‍വമായ ദുരുപയോഗമാണ്‌. നിര്‍മിതബുദ്ധിയും ഈ രണ്ടുതരം ആശങ്കകളും ഉയര്‍ത്തുന്നു. അതുകൊണ്ട്‌ ഒരുവശത്ത്‌ എ.ഐ. സാങ്കേതികവിദ്യയുടെ സഹജമായ പരിമിതികൾ കൃത്യമായി അറിയുകയും അവയെ സാങ്കേതികവിദ്യയുടെ തന്നെ വികാസം കൊണ്ടും, സാമൂഹ്യപരമായ നിയന്ത്രണങ്ങളിലൂടെയും മറികടക്കേണ്ടതുണ്ടെങ്കിൽ, മറുവശത്ത്‌ അതിലേറെ പ്രധാനമാണ്‌ ആരിലാണ്‌ എ.ഐ. സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കുന്നത്‌ അഥവാ ആരാണ്‌ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത്‌ എന്നതും അത്‌ എന്ത്‌ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌ എന്നതും. ഇതുവരെ ഉണ്ടായിട്ടുള്ള സാങ്കേതികവിദ്യകളില്‍നിന്നും നിര്‍മിതബുദ്ധിയെ വ്യത്യസ്തമാക്കുന്ന പ്രധാനമായ ഘടകം മുന്‍പുള്ളതിൽ നിന്നും വ്യത്യസ്തമായി ആദ്യമായി ഒരു സാങ്കേതികവിദ്യ സ്വന്തമായ ‘ബുദ്ധി’ കൈവരിക്കുന്നു എന്നതാണ്‌. അതായത്‌, നിര്‍മിതബുദ്ധിയിലെത്തുമ്പോൾ സാങ്കേതികവിദ്യ മനുഷ്യന്റെ കയ്യിലെ ഒരു ടൂൾ ആയി അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുക മാത്രമല്ല, എങ്ങനെയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന്‌ സ്വയം തീരുമാനിക്കാനുള്ള കഴിവ്‌ കൂടി അത്‌ സ്വായത്തമാക്കുന്നു. ഇത്‌ മനുഷ്യന്‍ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷമായതുകൊണ്ട്‌ ഏതു ദിശയിലായിരിക്കും എ.ഐ. സാങ്കേതികവിദ്യ ഭാവിയിൽ പുരോഗമിക്കുക എന്ന്‌ പ്രവചിക്കുന്നത്‌ ഏറെ വിഷമകരമാവും. എ.ഐ. സിസ്റ്റങ്ങൾ രൂപകല്‍പ്പന ചെയ്യുന്നതിനും ട്രെയിന്‍ ചെയ്ത്‌ ഉപയോഗയോഗ്യമായ ആപ്പ്ളിക്കേഷനുകൾ വിപണിയിൽ എത്തിക്കുന്നതിനും വമ്പിച്ച അളവിൽ ഡാറ്റയും, ശക്തവും സങ്കീര്‍ണവുമായ കമ്പ്യൂട്ടർ ശ്രുംഖലകളും, വന്‍മൂലധനവും ആവശ്യമുള്ളതുകൊണ്ട്‌ എ.ഐ.യുടെ നിയന്ത്രണാവകാശം ഡാറ്റയുടെ അധിപന്‍മാരായ ഏതാനും ചില വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുന്ന അവസ്ഥയിലേക്കാണ്‌ ഇന്ന്‌ കാര്യങ്ങൾ നീങ്ങുന്നത്‌.

സുരേഷ് കോടൂർ

എ.ഐ.യുടെ ബുദ്ധി രൂപപ്പെടുന്നത്‌  ഒരുപാട്‌ ഉദാഹരണങ്ങൾ അഥവാ ഡാറ്റ ഉപയോഗിച്ച്‌ സിസ്റ്റത്തെ ട്രയിന്‍ ചെയ്യുന്നതിലൂടെ ആണെന്ന്‌ സൂചിപ്പിച്ചുവല്ലൊ. അതുകൊണ്ടുതന്നെ ട്രയിനിംഗിന്‌ ഉപയോഗിക്കുന്ന ഡാറ്റ എ.ഐ.യുടെ ‘സ്വഭാവ രൂപീകരണത്തിൽ’ നിര്‍ണായക പങ്ക്‌ വഹിക്കുന്ന ഒരു ഘടകമാണ്‌. ട്രയിനിംഗ്‌ ഡാറ്റ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാത്തപക്ഷം ഇന്ന്‌ സമൂഹത്തിൽ നിലനില്‍ക്കുന്ന വിവേചനങ്ങൾ, പക്ഷപാതിത്വം, മുന്‍വിധികൾ, മൂല്യവിചാരങ്ങൾ ഒക്കെ എ.ഐ.സിസ്റ്റത്തിലേക്കും കൈമാറ്റം ചെയ്യപ്പെടാം. തെറ്റായ ട്രയിനിംഗ്‌ ഡാറ്റ ഉപയോഗിച്ചതുകൊണ്ടോ, അല്ലെങ്കിൽ വേണ്ടത്ര ട്രയിനിംഗ്‌ ലഭിക്കാത്തതുകൊണ്ടോ ഒക്കെ എ.ഐ.സിസ്റ്റങ്ങൾ തെറ്റായതോ അല്ലെങ്കിൽ കൃത്യമല്ലാത്തതോ ആയ പ്രതികരണങ്ങൾ തരാം. എ.ഐ.യുടെ ഈ പ്രവര്‍ത്തനവൈകല്യത്തെ അല്ലെങ്കിൽ പരിമിതിയെ ‘ഹാലൂസിനേഷന്‍’ എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ബോധപൂര്‍വം തെറ്റായ ഡാറ്റ ഉപയോഗിച്ച്‌ ട്രയിന്‍ ചെയ്ത്‌ വേണമെങ്കിൽ തെറ്റായ വിവരങ്ങൾ നല്‍കുന്ന അഥവാ അസത്യം പറയുന്ന എ.ഐ.സിസ്റ്റങ്ങൾ ഉണ്ടാക്കാനും കഴിയും എന്നര്‍ത്ഥം. പ്രോപ്പഗാണ്ടക്ക്‌ വേണ്ടിയുള്ള സാമഗ്രികള്‍ക്കായും, വ്യാജവാര്‍ത്തകളും ചിത്രങ്ങളും വിഡിയോകളും (ഡീപ്‌ ഫേക്ക്‌) ഒക്കെ നിര്‍മിക്കുന്നതിനും, സൈബർ കുറ്റങ്ങൾ നടത്തുന്നതിനും ഒക്കെ ഇത്തരം എ.ഐ.സിസ്റ്റങ്ങൾ ഉപയോഗിക്കപ്പെടാം. ഒരു എ.ഐ.സിസ്റ്റം വിശ്വാസയോഗ്യമാണോ, അത്‌ തരുന്ന വിവരങ്ങൾ ആധികാരികമാണോ എന്നൊക്കെ എങ്ങിനെ ഉറപ്പുവരുത്തും എന്നത്‌ ഈ രംഗത്തെ വലിയൊരു വെല്ലുവിളി ആണ്‌. ട്രയിനിംഗ്‌ നടത്താന്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ സ്രോതസ്സ്‌, അതിന്റെ നിക്ഷ്പക്ഷത, സിസ്റ്റം ഉപയോഗിക്കുന്ന അല്‍ഗോരിതം തുടങ്ങിയവയിലൊക്കെ സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്‌. എ.ഐ.സിസ്റ്റങ്ങൾ വ്യാപകമായി വിന്യസിച്ചു തുടങ്ങുന്നതോടെ ജനങ്ങള്‍ക്ക്‌ എ.ഐ. സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം വര്‍ദ്ധിക്കുകയും ഇത്തരം സിസ്റ്റങ്ങൾ നല്‍കുന്ന വിവരങ്ങളും നിര്‍ദേശങ്ങളും തീര്‍ത്തും മുഖവിലക്കെടുക്കെടുക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. അത്തരം ഘട്ടങ്ങളിൽ എ.ഐ.സിസ്റ്റങ്ങളുടെ വിശ്വാസ്യതയും, സുരക്ഷയും, നിക്ഷ്പക്ഷതയും ഒക്കെ ഉറപ്പാക്കാനുള്ള നിയന്ത്രണ സംവിധാനങ്ങൾ അത്യാവശ്യമായി വരും. അത്തരത്തിലുള്ള നിയമങ്ങളും, സര്‍ട്ടിഫിക്കേഷനുകളും, റെഗുലേറ്ററി സംവിധാനങ്ങളും ഒക്കെ ഭാവിയിൽ ആവശ്യമായി വന്നേക്കാം. മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക്‌ അപ്പുറത്ത്‌ എ.ഐ.സിസ്റ്റങ്ങൾ സ്വയം ‘നുണ’ പറയാനും അല്ലെങ്കിൽ ബോധപൂര്‍വം വഴിതെറ്റിക്കുന്ന വിവരങ്ങൾ നല്‍കാനുമൊക്കെയുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്‌. അടുത്ത കാലത്തെ ചില ഗവേഷണ പഠനങ്ങളിൽ നിര്‍മിതബുദ്ധിയുടെ ഇത്തരം പ്രതികരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്‌. എ.ഐ.സിസ്റ്റങ്ങളുടെ വ്യാപനം ഊര്‍ജമേഖലയിൽ ചെലുത്തുന്ന ഭീമമായ സമ്മര്‍ദവും മറ്റൊരു വെല്ലുവിളിയാണ്‌. എ.ഐ.യുടെ ട്രയിനിംഗും ടെസ്റ്റിംഗും, പിന്നീടുള്ള പ്രവര്‍ത്തനവും വലിയ തോതിൽ വൈദ്യുതി ആവശ്യമുള്ളതാണ്‌. വളരെ സങ്കീര്‍ണമായ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുളള കൂറ്റന്‍ ഡാറ്റാ സെന്ററുകളിലാണ്‌ എ.ഐ. സിസ്റ്റങ്ങൾ വിന്യസിക്കുന്നത്‌. ഇത്തരം ഡാറ്റാ സെന്ററുകൾ ഭീമമായ തോതിൽ വൈദ്യുതി ഉപഭോഗം ചെയ്യുന്നവയാണ്‌. എ.ഐ. ഡാറ്റ സെന്ററുകള്‍ക്കായി പ്രത്യേകം ചെറിയ ന്യൂക്ലിയർ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകൾ പോലും ഇന്ന്‌ സജീവമാണ്‌. എ.ഐ.ക്ക്‌ വേണ്ടിയുള്ള വലിയ അളവിലുള്ള ഈര്‍ജ ആവശ്യവും ഉത്പാദനവും പരിസ്ഥിതിക്ക്‌ മേൽ ഉണ്ടാക്കാവുന്ന ആഘാതങ്ങൾ ഗുരുതരമായിരിക്കും.

തൊഴിലിടങ്ങളിലെ എ.ഐ.യുടെ വ്യാപകമായ വിന്യാസവും ഉപയോഗവും തൊഴിൽ രംഗത്തുണ്ടാക്കാന്‍ പോകുന്ന ഗണ്യമായ മാറ്റങ്ങൾ വലിയ ആശങ്ക പൊതുസമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്‌. എ.ഐ.യുടെ വിന്യാസം വ്യാപകമായ തൊഴില്‍നഷ്ടത്തിന്‌ കാരണമാവുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇപ്പോൾ തന്നെ അതിന്റെ ധാരാളം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്‌. സമീപകാലത്ത്‌ ഐ.ടി. മേഖലയിലെ പ്രമുഖ കമ്പനികളിൽ നടന്നിട്ടുള്ള വ്യാപകമായ പിരിച്ചുവിടലിന്‌ കാരണമായി കമ്പനികൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്‌ എ.ഐ.സിസ്റ്റങ്ങൾ നല്‍കുന്ന വര്‍ദ്ധിച്ച ഉത്പാദനക്ഷമത മൂലം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ അവര്‍ക്ക്‌ കഴിയുന്ന സാഹചര്യമാണെന്നതാണ്. സോഫ്റ്റ് വെയർ പ്രോഗ്രാമിംഗ്‌ ജോലികള്‍ക്ക്‌ എ.ഐ. ഉപയോഗിക്കുന്നതോടെ ഈ രംഗത്തെ ജോലിലഭ്യതയും ഗണ്യമായി കുറയുമെന്ന്‌ കണക്കാക്കുന്നു. ഇന്ത്യയുടെ ഐ.ടി.മേഖലയെ ഇത്‌ ആഴത്തിൽ ബാധിക്കും  അമേരിക്കയിലെ കമ്പനികൾ ഐ.ടി.ജോലികള്‍ക്ക്‌ കൂടുതലായി എ.ഐ.യെ ആശ്രയിച്ചു തുടങ്ങുന്നതോടെ ഇന്ത്യയിലേക്ക്‌ ഓട്ട്‌സോഴ്സ്‌ ചെയ്യപ്പെടുന്ന പ്രോജക്ടുകളിലും അതുമായി ബന്ധപ്പെട്ട ജോലിസാധ്യതകളിലും വലിയ കുറവ്‌ വന്നേക്കാം. ഇത്‌ ഇന്ത്യയുടെ ജി.ഡി.പി.യിലും പ്രതിഫലിക്കും. കൃഷി, ആരോഗ്യം, വ്യവസായം, മാധ്യമം, എന്റര്‍ടെയിന്‍മെന്റ്‌, ബാങ്കിംഗ്‌ മുതലായ സേവന മേഖലകൾ എന്നിവയിലൊക്കെ എ.ഐ.യുടെ വിന്യാസം വര്‍ദ്ധിക്കുന്നതോടെ ബ്ലൂ-കോളർ വൈറ്റ്‌-കോളർ വ്യത്യാസമില്ലാതെ തൊഴിലവസരങ്ങളിൽ വമ്പിച്ച ഇടിവുണ്ടാവും. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച്‌ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ നാലിലൊന്ന്‌ വൈറ്റ്‌ കോളർ ജോലികൾ എ.ഐ.ക്ക്‌ വഴിമാറേണ്ടി വരും. ഇന്ത്യയിൽ ഇത്‌ നാല്‍പത്‌ മുതൽ അമ്പത്‌ ശതമാനത്തോളം വരെ ആവാമെന്ന്‌ ചില കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നുണ്ട്‌. അമേരിക്കയിൽ ബാങ്കിംഗ്‌ മേഖലയിൽ മാത്രം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ രണ്ട്‌ ലക്ഷത്തോളം ജോലികൾ എ.ഐ. കാരണം ഇല്ലാതാവുമെന്ന്‌ കണക്കാക്കുന്നു. എ.ഐ. ഉപയോഗിച്ച്‌ ചെയ്യാവുന്ന ജോലികളിലേക്കുള്ള നിയമനങ്ങൾ നിര്‍ത്തിവെക്കാന്‍ പല കമ്പനികളും തീരുമാനിക്കുന്ന അവസ്ഥയുണ്ട്‌ ഇപ്പോൾ. ഓക്സ്ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ചില ഗവേഷകരുടെ കണക്കുകളനുസരിച്ച്‌ അമേരിക്കയിൽ തന്നെ ഏതാണ്ട്‌ 47% തൊഴിലുകൾ ഇല്ലാതാവും. ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇക്കണോമിക്‌ കോ-ഓപ്പറേഷന്‍ വിലയിരുത്തുന്നത്‌ അടുത്ത ഒരു ദശകത്തിനുള്ളിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള തൊഴിലാളികളിൽ ഏതാണ്ട്‌ 40% ത്തിലധികം പേര്‍ക്ക്‌ സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും എന്നാണ്‌.

എല്ലാവിധ യന്ത്രവല്‍ക്കരണവും ഗണ്യമായ തോതിൽ തൊഴിലവസരങ്ങൾ കുറയ്ക്കുകയോ പല തൊഴിലുകളും പാടേ ഇല്ലാതാക്കുകയോ ചെയ്യുമെന്ന്‌ നമുക്ക്‌ കഴിഞ്ഞകാല അനുഭവങ്ങളുണ്ട്‌. സ്വാഭാവികമായും എ.ഐ.യുടെ വരവും തൊഴില്‍മേഖലയെ സമാനമായ രീതിയിൽ ബാധിക്കും. എന്നാൽ കഴിഞ്ഞ കാലങ്ങളിലെ ഓട്ടമേഷനില്‍നിന്നും എ.ഐ.യുഗത്തിന്‌ പ്രധാനമായ ഒരു വ്യത്യാസമുണ്ട്‌. മുന്‍കാലങ്ങളിൽ ഉണ്ടായിട്ടുള്ള യന്ത്രവല്‍ക്കരണങ്ങളൊക്കെ കായികാധ്വാനത്തെ യന്ത്രവല്‍ക്കരിക്കുക ആയിരുന്നു. അതുകൊണ്ടുതന്നെ കായികാദ്ധ്വാനം ആവശ്യമുള്ള അഥവാ ബ്ലൂ-കോളർ ജോലികളെയാണ്‌ ഓട്ടമേഷന്‍ കാര്യമായി ബാധിച്ചിരുന്നത്‌. എന്നാൽ എ.ഐ.യുടെ വരവോടെ മനുഷ്യചരിത്രത്തിൽ ആദ്യമായി യന്ത്രവല്‍ക്കരണം ബൗദ്ധികമായ ജോലികളെക്കൂടി ഇല്ലാതാക്കുകയാണ്‌. ഇത്‌ മുന്‍ മാതൃകകളില്ലാത്ത അനുഭവമായതുകൊണ്ട്‌ ഏതൊക്കെ രീതിയിലും അളവിലും എ.ഐ. തൊഴില്‍രംഗത്തെ ബാധിക്കും എന്ന്‌ കൃത്യമായി പ്രവചിക്കുക അസാധ്യമാവും. ദീര്‍ഘകാലാടിസ്ഥാനത്തിൽ എ.ഐ. പല പുതിയ തരം ജോലികളും സൃഷ്ടിക്കും എന്നത്‌ തീര്‍ച്ചയാണ്‌. ഇത്തരം തൊഴിലുകള്‍ക്ക്‌ ആവശ്യമുള്ള നൈപുണ്യവും അഭിരുചികളും യോഗ്യതകളും പക്ഷേ ഇന്നത്തേതിൽ നിന്ന്‌ വളരെ വ്യത്യസ്തമായിരിക്കും. ലോക സാമ്പത്തിക ഫോറം നടത്തിയ ഒരു സര്‍വേ പ്രകാരം ഇന്ന്‌ പ്രൈമറി സ്‌കൂളുകളിൽ വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികൾ വലുതാവുമ്പോൾ അവരിൽ 65 ശതമാനം പേരും ഇന്ന്‌ നമുക്ക്‌ കേട്ടുകേള്‍വി പോലുമില്ലാത്ത തരം ജോലി ആയിരിക്കും ചെയ്യുക. അതായത്‌, നമ്മുടെ തൊഴിലുകളുടെ സ്വഭാവം അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കുള്ളിൽ നമുക്ക്‌ ഇന്ന്‌ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധം മാറ്റങ്ങള്‍ക്ക്‌ വിധേയമാവും എന്നര്‍ത്ഥം.

മനുഷ്യന്റെ ജീവിതനിലവാരത്തെ ഗുണപരമായി സമസ്ത മേഖലകളിലും വലിയ തോതിൽ ഉയര്‍ത്താനുള്ള അതിരില്ലാത്ത സാധ്യതകൾ തുറന്നുതരുമ്പോൾ തന്നെ, നിലവിലുള്ള സാമൂഹ്യഘടനയിൽ അടിസ്ഥാനപരവും, ദൂരവ്യാപകവുമായ അനഭിലഷണീയമായ മാറ്റങ്ങൾ സൃഷ്ടിക്കാനും എ.ഐ. സാങ്കേതികവിദ്യയുടെ വികാസവും വ്യാപനവും കാരണമായേക്കാം എന്ന ആശങ്ക  അസ്ഥാനത്തല്ല. വന്‍ തോതിലുള്ള തൊഴിൽനഷ്ടം എന്ന ഉടനടിയുള്ള ഭീഷണി സമൂഹത്തിൽ വലിയതോതിൽ അസ്വസ്ഥതയും അരക്ഷിതത്വവും ഉണ്ടാക്കും. സാങ്കേതികവിദ്യ തൊഴിലിടങ്ങളിൽ നിന്ന്‌ നിഷ്കാസനം ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങൾ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളപ്പെടുന്ന സാഹചര്യം നിലവിലുള്ള അസമത്വങ്ങളെ കൂടുതൽ തീവ്രമാക്കും. നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ തൊഴില്‍സേനയെ ഈ സാഹചര്യങ്ങൾ അഭിമുഖികരിക്കുന്നതിന്‌ സജ്ജരാക്കുന്നതിനും തൊഴിൽ നഷ്ടപ്പെട്ടവരെ പുന:പരിശീലനം നല്‍കി പുനരധിവസിപ്പിക്കുന്നതിനും ഒക്കെ സര്‍ക്കാർ പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. എ.ഐ. പോലുള്ള സാങ്കേതികവിദ്യകളുടെ വ്യാപനം മൂലം തൊഴില്‍നഷ്ടപ്പെടുന്നവരെ ഏറ്റെടുക്കുകയും അവരുടെ അതിജീവനത്തിനും പുനരധിവാസത്തിനും വേണ്ട അടിസ്ഥാനസഹായങ്ങൾ ചെയ്യുന്നതിനുമായി സാമൂഹ്യ പെന്‍ഷനുകൾ പോലുള്ള പദ്ധതികളും വേണ്ടിവന്നേക്കാം. എ.ഐ.യുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ്‌ കമ്പനികളിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുകയും അവയുടെ ഉപയോഗം തീര്‍ത്തും വ്യാപാര സാമ്പത്തിക താര്‍പ്പര്യങ്ങളാൽ നിര്‍ണയിക്കപ്പെടുകയും ചെയ്യുമ്പോൾ അത്‌ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരിതങ്ങള്‍ക്ക്‌ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗമാണ്‌ ഇരകളായിത്തിരുക. യാഥാര്‍ത്ഥ്യമാവാന്‍ ഏറെ സാധ്യതയുള്ള ഈ ദുരന്തത്തിലെക്കാണ്‌ ഗൂഗിളിൽ നിന്ന്‌ ഈയിടെ രാജിവെച്ച പ്രശസ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും, നോബൽ സമ്മാന ജേതാവുമായ, നിര്‍മിതബുദ്ധിയുടെ ഗോഡ്‌ ഫാദർ എന്നറിയപ്പെടുന്ന, ജെഫ്രി ഹിന്റണ്‍ വിരൽ ചൂണ്ടുന്നത്‌. അദ്ദേഹത്തിന്റെ വാക്കുകളിൽ “എ.ഐ.സാങ്കേതികവിദ്യ ധനികരെ ഇനിയും കൂടുതൽ ധനികരാക്കുകയും, ദരിദ്രരെ ഇനിയുമധികം ദരിദ്രരാക്കുകയും ചെയ്യും എന്നതാണ്‌ എന്റെ ആശങ്ക. അത്‌ സംഭവിക്കുമ്പോൾ സമൂഹം കൂടുതൽ അക്രമാത്മകമാവും. എ.ഐ. വളരെ അത്ഭുതകരമായ സാങ്കേതികവിദ്യ ആണെങ്കിലും അത്‌ വികസിപ്പിക്കുന്നത്‌ സാങ്കേതികവിദ്യയെ എല്ലാവരുടേയും നന്മക്ക്‌ വേണ്ടി ഉപയോഗിക്കണമെന്ന തരത്തിൽ ചിന്തിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ അല്ല എന്നുള്ളത്‌ വലിയൊരു പ്രശ്നമാണ്‌. വളരെ ചെറിയ വിഭാഗത്തിന്റെ കൈകളിലാണ്‌ എല്ലാ അധികാരവും കേന്ദ്രീകൃതമായിരിക്കുന്നത്‌. ഇത്‌ ആശങ്കപ്പെടുത്തുന്നു. തിര്‍ച്ചയായും നമുക്ക്‌ സോഷ്യലിസം ആവശ്യമുണ്ട്‌.

sureshkodoor@gmail.com
ഫോൺ.  9845853362

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img