ആന്ധ്രയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വർഗബഹുജന സംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് തരിമല നാഗി റെഡ്ഡി. മികച്ച സംഘാടകനും ഉജ്വല വാഗ്‌മിയുമായിരുന്ന അദ്ദേഹം സമർഥനായ പാർലമെന്റേറിയനുമായിരുന്നു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ തരിമല ഗ്രാമത്തിൽ 1917 ഫെബ്രുവരി 11നാണ് നാഗി റെഡ്ഡി ജനിച്ചത്. നാട്ടിലെ ഒരു ഫ്യൂഡൽ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സുബ്ബ റെഡ്ഡി എന്നായിരുന്നു പിതാവിന്റെ പേര്. സ്‌കൂൾ വിദ്യാഭ്യാസം നാട്ടിലായിരുന്നു. ഇന്റർമീഡിയറ്റിന് മദ്രാസിലെ ലയോള കോളേജിലാണ് അദ്ദേഹം ചേർന്നത്.
ലയോള കോളേജിലെ പഠനകാലത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. കോൺഗ്രസ് നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ പോകുന്ന വിദ്യാർഥികളലലൊരാളായിരുന്നു അദ്ദേഹം. ജവഹർലാൽ നെറ്‌ഹുവിന്റെ പ്രഭാഷണം കേൾക്കാൻ പോയതിന്റെ പേരിൽ കോളേജ് അധികൃതർ അദ്ദേഹത്തിന് ഫൈൻ ഇട്ടു. എന്നാൽ അതൊന്നും നാഗി റെഡ്ഡിയെ ഭയപ്പെടുത്തിയില്ല. കോൺഗ്രസിന്റെ പല പ്രക്ഷോഭസമരങ്ങളിലും അദ്ദേഹം ആവേശത്തോടെ പങ്കെടുത്തു.
വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും പാസ്സായി. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ കമ്യൂണിസ്റ്റ് ആശയങ്ങളോട് അദ്ദേഹത്തിന് അദമ്യമായ ആഭിമുഖ്യമാണ് തോന്നിയത്. മാർക്‌സിസ്റ്റ് ക്ലാസിക്കുകൾ പലതും അദ്ദേഹം മനസ്സിരുത്തി പഠിച്ചു.
ജനങ്ങളെ രാഷ്‌ട്രീയമായി ബോധവത്‌കരിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം തിരിച്ചറിഞ്ഞു. സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയും പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും പുസ്‌തകങ്ങൾ പ്രചരിപ്പിക്കുകയുമൊക്കെയാണ് അതിനുള്ള ഉപാധികൾ എന്ന് അദ്ദേഹം മനസ്സിലാക്കി. പുസ്‌തകം പ്രസിദ്ധീകരിച്ച് കോപ്പികൾ വ്യാപകമായി പ്രചരിപ്പിക്കാൻ നാഗി റെഡ്ഡിയും സഹപ്രവർത്തകരും തീരുമാനിച്ചു. അങ്ങനെയാണ് 1937ൽ നയാ സാഹിത്യമാല എന്ന പുസ്‌തക പരമ്പര അദ്ദേഹം ആരംഭിച്ചത്. 37 പുസ്‌തകങ്ങൾ ആ പരമ്പരയിൽ അച്ചടിച്ച് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1939ൽ രണ്ടാംലോക യുദ്ധം ആരംഭിച്ചുവല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കുമേൽ അടിച്ചേൽപ്പിച്ച ഒന്നാണ് യുദ്ധം എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്‌ചപ്പാട്. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തേണ്ടത് അടിയന്തര കടമയായി പാർട്ടിയും പാർട്ടി പ്രവർത്തകരും ഏറ്റെടുത്തു. നാഗി റെഡ്ഡി ഉൾപ്പെടെയുള്ള പ്രവർത്തകർ അതിനുവേണ്ടി സജീവമായി പ്രവർത്തിച്ചു. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്ന പേരിൽ നാഗി റെഡ്ഡിയുടെ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അത് കൂടുതലായി വിതരണം ചെയ്യാനും സാധിച്ചു. ലഘുലേഖയിൽ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ജനങ്ങളുടെയിടയിൽ വലിയ ചർച്ചകൾ നടന്നു. ആ സമയത്ത് അദ്ദേഹം നിയമവിദ്യാർഥിയാണ്.
യുദ്ധത്തെ എതിർക്കുന്നതിനാൽ കമ്യൂണിസ്റ്റുകാരെ നിരന്തരം വേട്ടയാടുകയായിരുന്നു ബ്രിട്ടീഷ് സർക്കാർ. പാർട്ടി പ്രവർത്തകനെയോ അനുഭാവിയെയോ പാർട്ടിയെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്നയാളിനെയോ തിരഞ്ഞുപിടിച്ച് പൊലീസ് കൊല്ലാക്കൊല ചെയ്‌തു.
നാഗി റെഡ്ഡി ലഘുലേഖ എഴുതിയതറിഞ്ഞതോടെ അദ്ദേഹത്തെ എങ്ങനെയും അകത്താക്കുമെന്ന വാശിയിലായി പൊലീസ്. അദ്ദേഹത്തിനുവേണ്ടി പൊലീസ് പല സ്ഥലങ്ങളിലും വലവീശി. പൊലീസ് പിടിയിലായ അദ്ദേഹത്തിന് ഒരുവർഷത്തെ കഠിനതടവിനാണ് കോടതി വിധിച്ചത്. തിരുച്ചിറപ്പള്ളി ജയിലിലാണ് അദ്ദേഹത്തെ അടച്ചത്.
ഒരുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ച് പുറത്തുവന്ന നാഗി റെഡ്ഡിയെ ജയിൽകവാടത്തിൽ വെച്ചുതന്നെ പൊലീസ് അറസ്റ്റു ചെയ്‌തു. രാജ്യരക്ഷാനിയമം അനുസരിച്ചാണ് ഇത്തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. നാഗിയെ പ്രവർത്തിക്കാനനുവദിക്കില്ലെന്ന ബ്രിട്ടീഷ് മേധാവികളുടെ നാശിയായിരുന്നു അതിനു പിന്നിൽ. ജയിലിൽ പലതരത്തിലുള്ള പീഡനങ്ങളും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതിയും സ്വഭാവവും മാറിയതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. ഫാസിസം ലോകത്തിനുമേൽ പിടിമുറുക്കാതിരിക്കണമെങ്കിൽ ഹിറ്റ്‌ലർ പരാജയപ്പെടുകതന്നെ വേണം.
യുദ്ധത്തിന്റെ സ്വഭാവത്തിലും പാർട്ടിയുടെ വീക്ഷണത്തിലും മാറ്റം വന്നതോടെ സ്ഥിതിഗതികളാകെ മാറി. കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം 1942ൽ സർക്കാർ പിൻവലിച്ചു. താമസിയാതെ പാർട്ടി നേതാക്കളും പ്രവർത്തകരും ജയിൽമോചിതരായി. നാഗി റെഡ്ഡിയും ജയിലിൽനിന്ന് പുറത്തുവന്നു.
‘‘കർഷകരുടെയിടയിൽ പ്രവർത്തിക്കൂ’’ എന്ന നിർദേശമാണ് പാർട്ടി അദ്ദേഹത്തിന് നൽകിയത്. അനന്തപൂർ ജില്ലയിലെ കിസാൻസഭയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കർഷകരെ സംഘടിപ്പിക്കാനും അവരുടെ പ്രശ്‌നങ്ങളുയർത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം കഠിനാധ്വാനം ചെയ്‌തു. നിരവധി സമരങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്.
1943ൽ ബോംബെയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ പ്രതിനിധിയായിരുന്നു നാഗി റെഡ്ഡി. ഇന്ത്യയൊട്ടാകെയുള്ള നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരുമായും പരിചയപ്പെടാനുള്ള അവസരം കൂടിയായിരുന്നു അത്. കിസാൻസഭയും ട്രേഡ് യൂണിയനുകളും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്‌തു; ഗ്രാമങ്ങളിൽ കാൽനടയായി അദ്ദേഹം സഞ്ചരിച്ചു.
കമ്യൂണിസ്റ്റുകാരെ തടവറയിലടയ്‌ക്കാൻ ലക്ഷ്യമിട്ട് 1947 ജനുവരിയിൽ പ്രകാശം മന്ത്രിസഭ പുറപ്പെടുവിച്ച ഓർഡിനൻസനുസരിച്ച് നാഗി റെഡ്ഡി അറസ്റ്റ് ചെയ്യപ്പെട്ടു. 1947 ആഗസ്‌ത് 15ന്, സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
1946 അവസാനം തെലുങ്കാന സമരം ആരംഭിച്ചുവല്ലോ. ഫ്യൂഡൽ പ്രഭുക്കൾ അന്യായമായി കൈവശംവെച്ചിരുന്ന ഭൂമിയും തരിശുനിലങ്ങളും പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഐതിഹാസികമായ ആ സമരം. നാഗി റെഡ്ഡി ജയിലിൽനിന്നിറങ്ങിയ ഉടൻതന്നെ തെലുങ്കാന സമരത്തിൽ അണിനിരക്കുകയായിരുന്നു.
1948ൽ കൽക്കത്തയിൽ നടന്ന രണ്ടാം കോൺഗ്രസിലും അദ്ദേഹം പ്രതിനിധിയായിരുന്നു. കൽക്കത്ത തീസിസ് അംഗീകരിച്ചതിന്റെ പേരിൽ പാർട്ടിയെ നെഹ്‌റു സർക്കാർ നിരോധിച്ചു. അതോടെ കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാഗി റെഡ്ഡിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ തലയ്‌ക്ക് സർക്കാർ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് ഭേദപ്പെട്ട ഒരു തുകയാണ് സർക്കാർ വാഗ്‌ദാനം ചെയ്‌തത്.
1951 ഒക്ടോബർ 21ന് തെലുങ്കാന സായുധസമരം കമ്യൂണിസ്റ്റ് പാർട്ടി പിൻവലിച്ചു. പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാർട്ടി നിശ്ചയിക്കുകയും ചെയ്‌തു.
1952ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ നാഗി റെഡ്ഡിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. അനന്തപൂർ നിയമസഭാ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ഒളിവിൽനിന്ന് പുറത്തുവന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. എന്നാൽ നാഗി റെഡ്ഡിയുടെ പേരിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പറഞ്ഞ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുപോലും പരോൾ നൽകാൻ സർക്കാർ തയ്യാറായില്ല. എന്നാൽ പാർട്ടി പ്രവർത്തകർ ശക്തമായ പ്രചരണം നടത്തി. അവർ നാഗിക്കുവേണ്ടി വീടുവീടാന്തരം കയറിയിറങ്ങി.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരും അന്പരന്നു. നാഗി റെഡ്ഡി 10,000 വോട്ടിനു വിജയിച്ചു. പരാജയപ്പെട്ടതാകട്ടെ അന്നത്തെ പിസിസി പ്രസിഡന്റും പിൽക്കാലത്ത് രാഷ്‌ട്രപതിയുമായ എൻ നീലം സഞ്‌ജീവ റെഡ്ഡിയും. നാഗി റെഡ്ഡിയുടെ അടുത്ത ബന്ധുകൂടിയായിരുന്നു സഞ്‌ജീവ റെഡ്ഡി.
237 അംഗ നിയമസഭയിൽ 85 സീറ്റുകൾ നേടിയ കമ്യൂണിസ്റ്റ് പാർട്ടി പ്രധാന പ്രതിപക്ഷമായി. ആദ്യ പ്രതിപക്ഷനേതാവായി നാഗി റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധിയെന്ന നിലയ്‌ക്ക് ജനകീയപ്രശ്‌നങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. അതുകൊണ്ടുതന്നെ സമർഥനായ പാർലമെന്റേറിയനെന്നും കഴിവുറ്റ പ്രതിപക്ഷനേതാവെന്നുമുള്ള ഖ്യാതി വളരെവേഗം നേടാൻ അദ്ദേഹത്തിന് സാധിച്ചു. 1957ൽ അനന്തപൂർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് അദ്ദേഹം വിജയിച്ചു. 1962ൽ പുട്ട്‌ലൂർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1967ൽ അനന്തപ്പൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1950കളുടെ മധ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ റിവിഷനിസം ശക്തിപ്പെട്ടു. അതിനെതിരായ ആശയസമരവും പാർട്ടിയിൽ സജീവമായി. റിവിഷനിസത്തിനെതിരായ സമരത്തിന്റെ മുൻനിരയിൽ നാഗി റെഡ്ഡിയുണ്ടായിരുന്നു.
1958ൽ അമൃത്‌സറിൽ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ‐ചൈന അതിർത്തി സംഘട്ടനത്തിന്റെ പേരിൽ 1962ൽ വലിയ വേട്ടയാടലിനാണ് കമ്യൂണിസ്റ്റുകാർ വിധേയരായത്. നിരവധി നേതാക്കളെ സർക്കാർ കൽത്തുറുങ്കിലടച്ചു. നാഗി റെഡ്ഡിയെയും പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലാക്കി.
1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്നവരിൽ ഒരാൾ നാഗി റെഡ്ഡിയായിരുന്നു. ഏഴാം പാർട്ടി കോൺഗ്രസിൽ ആണല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടത്. സിപിഐ എമ്മിന്റെ ആദ്യ കേന്ദ്രകമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ സർക്കാർ, വേട്ടയാടൽ ശക്തമാക്കി. പാർട്ടിയുടെ ആദ്യ കേന്ദ്രകമ്മിറ്റി യോഗം തൃശൂരിൽ ചേരാൻ നിശ്ചയിക്കപ്പെട്ടു. യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്‌തു. 16 മാസത്തിനുശേഷമാണ് ജയിലിൽനിന്ന് നാഗി റെഡ്ഡിയുൾപ്പെടെയുള്ള നേതാക്കളെ മോചിപ്പിച്ചത്.
1967 ആയപ്പോഴേക്കും പാർട്ടിക്കുള്ളിൽ ഇടതുപക്ഷ തീവ്രവാദം തലപൊക്കി. നക്‌സലിസത്തിന്റെ ശക്തനായ വക്താവായി അദ്ദേഹം മാറി. അതോടെ സിപിഐ എമ്മിൽനിന്ന് പുറത്താക്കപ്പെട്ടു.
1969 സെപ്‌തംബറിൽ കരുതൽ തടങ്കൽ നിയമപ്രകാരം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്ന് ഡിസംബർ ഒന്നിന് മോചിപ്പിച്ചു. എന്നാൽ ഡിസംബർ 19ന് അദ്ദേഹത്തെ വീണ്ടും തുറുങ്കിലടച്ചു.
1969 ഡിസംബറിൽതന്നെ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെച്ചു.
അതിനിടയിൽ നക്‌സൽ ഗ്രൂപ്പുകൾ പലതായി പിരിഞ്ഞ് പരസ്‌പരം പോരടിച്ചു. അതിൽ ഒരു ഗ്രൂപ്പായ യുസിസിആർഐ (എംഎൽ) കേന്ദ്രകമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
1975 ജൂൺ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ നാഗി റെഡ്ഡി ഒളിവിൽ പോയി. ഒളിവിൽ കഴിയവെ ഗുരുതരമായ രോഗം അദ്ദേഹത്തെ ബാധിച്ചു. 1976 ജൂലൈ 28ന് നാഗി റെഡ്ഡി അന്ത്യശ്വാസം വലിച്ചു. മൃതദേഹം അജ്ഞാതരായ ചിലർ ഹൈദരാബാദിലുള്ള സഹോദരിയുടെ വീടിന്റെ വാതിൽക്കൽ വെക്കുകയായിരുന്നു.
ത്യാഗിയും സത്യസന്ധനുമായ കമ്യൂണിസ്റ്റ് നേതാവായിരുന്നു നാഗി റെഡ്ഡി. l