ഫാസിസവും നവഫാസിസവും‐ 9

വേണുഗോപാലൻ കെ എ

യുദ്ധവും ഫാസിസവും

യുദ്ധത്തെ ഫാസിസം എങ്ങനെ കാണുന്നു എന്നത് ഫാസിസ ത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കുന്നതിന് നമ്മെ സഹായിക്കും. മുസോളിനിയുടെ ഫാസിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു പുസ്തകമുണ്ട്. ഫാസിസത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ തത്വശാസ്ത്രം എന്നാണ് അതിന്റെ പേര്. ‘നിരന്തരമായ സമാധാനത്തിന്റെ സാധ്യതയിലോ ഉപയോഗികതയിലോ ഫാസിസം വിശ്വസിക്കുന്നില്ല… മാനവിക ഊർജ്ജത്തിന്റെ ഉയർന്ന സംഘർഷ സാധ്യത ഉണ്ടാക്കുന്നതിന് യുദ്ധത്തിന് മാത്രമേ കഴിയൂ. അതുപോലെ അതിനെ നേരിടാൻ കഴിയുന്ന ധീരതയുള്ളവരിൽ കുലീനതയുടെ മുദ്രപതിപ്പിക്കാനും യുദ്ധത്തിനെ കഴിയു’ എന്നാണ് യുദ്ധത്തെ വാഴ്ത്തിക്കൊണ്ട് മുസോളിനി അതിൽ പറഞ്ഞത്.

“നിരന്തരമായി യുദ്ധത്തിലൂടെയെ മാനവരാശിക്ക് മഹത്വമാർജിക്കാനാവൂ നിരന്തരം സമാധാനത്തിലൂടെ പോയാൽ മാനവരാശി നാശമടയും എന്നാണ് മെയിൻകാഫിൽ ഹിറ്റ്ലർ പറഞ്ഞത്. ഫാസിസത്തിന്റെ തലതൊട്ടപ്പൻമാരായ മുസ്സോളിനിക്കും ഹിറ്റ്ലർക്കും ഉണ്ടായിരുന്ന യുദ്ധഭ്രാന്താണ് ഈ ഉദ്ധരണികൾ വെളിവാക്കുന്നത്.

സങ്കുചിത ദേശീയവാദമുയർത്തിക്കൊണ്ട്, സ്വന്തം രാജ്യത്തെ മഹത്വവൽക്കരിച്ചുകൊണ്ട്, യുദ്ധത്തെ ആശ്രയിക്കുകയാണ് ഇവർ ചെയ്യുന്നത്. പരസ്പരം ഏറ്റുമുട്ടികൊണ്ടിരുന്ന അക്കാലത്തെ സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള വൈരുദ്ധ്യത്തെ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഇവരുടെ യുദ്ധഭ്രാന്തിന്റെ സാമ്പത്തിക ശാസ്ത്രം നമുക്ക് മനസ്സിലാക്കാനാവൂ.

ഫാസിസവും യുദ്ധവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് ബൂർഷ്വാ പണ്ഡിതന്മാർ ഒരുപാട് മണ്ടത്തരങ്ങൾ എഴുതിക്കൂട്ടിയിട്ടുണ്ട്. അവർ പറയുന്നത് ഫാസിസ്റ്റ് ഇറ്റലിയും ജർമ്മനിയും ഒഴികെ മറ്റൊരു രാജ്യവും ഇതുപോലെ യുദ്ധപ്രേമം കാണിച്ചിട്ടില്ലെന്നും അമേരിക്കയും ഫ്രാൻസും ഇംഗ്ലണ്ടും ഒക്കെ സമാധാനത്തിന്റെ കാവൽ മാലാഖകളാണെന്നുമാണ്. ഈ മാലാഖകളൊന്നും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല.

മറുവശത്ത് ഫാസിസ്റ്റ് ചിന്തകന്മാർ അവരുടെ നേതാക്കൾ പലപ്പോഴും നടത്തിയിട്ടുള്ള സമാധാന പ്രഭാഷണങ്ങളിലെ ഉദ്ധരണികൾ മാത്രം ഉദ്ധരിച്ചുകൊണ്ട് ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഏക പ്രത്യയശാസ്ത്രമാണ് ഫാസിസം എന്ന് പ്രചരിപ്പിക്കാനും തയ്യാറായിട്ടുണ്ട്. എന്നാൽ ഈ രണ്ടുവാദങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ ആധുനിക സാമ്രാജ്യത്വത്തിന്റെ, തകർന്നുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ, പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തത്തിന്റെ ഏറ്റവും അക്രമാസക്തമായ നയങ്ങളാണ് ഫാസിസം നടപ്പിലാക്കിക്കൊണ്ടിരുന്നത് എന്നതിനാൽ ഫാസിസം എന്നതിനർത്ഥം യുദ്ധം എന്നുതന്നെയാണ്. എല്ലാതരത്തിലുമുള്ള സോഷ്യലിസ്റ്റ്, സമാധാനവാദ, സാർവദേശീയ പ്രക്ഷോഭങ്ങളെയും സായുധമായി അടിച്ചമർത്തുന്നതും തൊഴിലാളിവർഗ്ഗത്തിനെ സൈനികവൽക്കരിക്കുന്നതും കേന്ദ്രീകൃത സ്വേച്ഛാധിപത്യ ഭരണത്തിനു വേണ്ടി നിലകൊള്ളുന്നതുമാണ് ഫാസിസം എന്നതിനാൽ അതിന് യുദ്ധമില്ലാതെ നിലനിൽക്കാനാവില്ല.

സങ്കുചിത ദേശീയവാദപരവും, അക്രമണോത്സുകവും ആധിപത്യപരവുമായ ഫാസിസ്റ്റുകളുടെ നയങ്ങൾ എല്ലാം ആത്യന്തികമായി യുദ്ധത്തിലേക്ക് നയിക്കുന്നവയാണ്. അവരുടെ നേതാക്കൾ പ്രധാനപ്പെട്ടതും ആധികാരികവുമായ സമയങ്ങളിൽ എല്ലാംതന്നെ അവരുടെ അനുയായികളോട് അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഫാസിസത്തിന്റെ മാത്രമായ പ്രവണതകൾ ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വ്യത്യസ്ത അളവുകളിൽ ഇതൊക്കെ പൊതുവിൽ എല്ലാ സാമ്രാജ്യത്വ രാജ്യങ്ങൾക്കും ബാധകമാണ്. എന്നാൽ അവയുടെ പാരമ്യത്തിലുള്ള പ്രകടനം നടക്കുന്നത് ഫാസിസത്തിൽ ആണെന്ന് മാത്രം.

ബ്രിട്ടനിലെ ഫാസിസ്റ്റ് ശക്തികൾ, അവിടെ യുദ്ധവിരുദ്ധ ബോധം ജനങ്ങളിൽ ശക്തമാണെന്നതിനാൽ യുദ്ധത്തിലുള്ള ഫാസിസത്തിന്റെ താൽപര്യം മറച്ചുവച്ചുകൊണ്ട് ലോകസമാധാനത്തിന്റെ മുഖപടം ധരിപ്പിച്ച് ഫാസിസത്തെ അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ‘ഇരുപതാം നൂറ്റാണ്ടിലെ സാർവ്വലൗകിക ഫാസിസത്തിന്റെ അടിസ്ഥാനത്തിലുള്ള ഫാസിസ്റ്റ് സംഘടനയാണ് രാഷ്ട്രങ്ങൾക്കിടയിൽ ലോകസമാധാനം കൊണ്ടുവരുന്നതിനുള്ള മാർഗം’ എന്നാണ് ഫാസിസം ഇൻ ബ്രിട്ടൻ എന്ന പുസ്തകത്തിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്. ആ പുസ്തകം എഴുതിയ മോസ്ലി ഫാസിസത്തിനു വേണ്ടിയുള്ള ഈ പ്രചാരവേല നടത്തുമ്പോൾ മുസോളിനിയെയും ഹിറ്റ്ലറെയും മനപ്പൂർവം മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. ഫാസിസം ശാശ്വതമായ സമാധാനത്തിന്റെ സാധ്യതയിൽ വിശ്വസിക്കുന്നില്ല, അതുകൊണ്ട് യാതൊരു ഗുണവുമില്ല എന്ന് പ്രഖ്യാപിച്ച ആളായിരുന്നു മുസോളിനി എന്ന് നാം നേരത്തെ കണ്ടു. ശാശ്വതമായ സമാധാനം വന്നാൽ മാനവരാശി നശിച്ചുപോകും എന്ന് പ്രഖ്യാപിച്ച ആളായിരുന്നു ഹിറ്റ്ലർ. അവരെ മറച്ചുപിടിച്ചുകൊണ്ടാണ് ബ്രിട്ടനിൽ ഫാസിസം ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് ഫാസിസ്റ്റുകൾ തന്നെ വാദിച്ചത്. അവരുടെ സ്ഥിരം തന്ത്രമായ ജനപ്രിയ വാചകമടിയുടെ ഒരു രൂപം മാത്രമായി ഇതിനെ കണ്ടാൽ മതി.

സാർവ്വദേശീയ ഫാസിസം എന്നൊരു സങ്കല്പനം അക്കാലത്ത് ഉയർന്നു വന്നിരുന്നു. കമ്യൂണിസത്തിന് സാർവ്വദേശീയമാകാൻ കഴിയും. എന്നാൽ ഫാസിസത്തിന് അത് കഴിയുമോ? സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് പറഞ്ഞുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ അതൊരു സാർവദേശീയ വീക്ഷണമാണ്. ഫാസിസത്തിന് അങ്ങനെയൊരു വീക്ഷണമില്ല. ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ വിദേശനയം രൂപീകരിക്കുന്നത് ആക്രമണോത്സുക രാഷ്ട്രീയത്തിന്റെ അധിപന്മാരായ സാമ്രാജ്യത്വ രാഷ്ട്രങ്ങളാണ്. അവർക്ക് അവരുടെ രാഷ്ട്ര താല്പര്യങ്ങളേക്കാൾ ഉപരി മറ്റൊരു താൽപര്യവുമില്ല, സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിൽ തമ്മിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന വൈരുദ്ധ്യങ്ങളാണ് അവയുടെ വിദേശനയങ്ങളെയും രൂപീകരിച്ചിരുന്നത്. പ്രതിവിപ്ലവ സ്വഭാവമുള്ള സാമ്രാജ്യത്വ ശക്തികൾക്ക് ഒരിക്കലും വിദേശനയത്തിന്റെ കാര്യത്തിൽ പരസ്പരം യോജിക്കാനാവില്ല എന്നതായിരുന്നു അന്നത്തെ സ്ഥിതി. നവലിബറൽ കാലഘട്ടത്തോടെ അതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് നമുക്ക് പിന്നീട് പരിശോധിക്കാം.

പൂർണ്ണമായും ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് രാജ്യങ്ങളാണ് ആദ്യം നിലവിൽ വന്നത്. ഇറ്റലിയും ജർമനിയും ആസ്ട്രിയയും ആണ് അവ. ഇവയിൽ ഫാസിസ്റ്റ് ആസ്ട്രിയയെ ആക്രമിച്ചു തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ ഇറ്റലിയും ജർമ്മനിയും കരുനീക്കങ്ങൾ നടത്തിയത്. ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ നിലനിൽക്കണമെങ്കിൽ അവ തമ്മിൽ ഐക്യം രൂപപ്പെടേണ്ടതുണ്ട്. അവർക്ക് പൊതുവായി ലക്ഷ്യങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇതൊന്നും ഫാസിസ്റ്റ് രാഷ്ട്രങ്ങൾ തമ്മിൽ രൂപപ്പെടാനുള്ള സാധ്യത അന്നുണ്ടായിരുന്നില്ല.

ഇതിനർത്ഥം ഉടൻ തന്നെ യുദ്ധം എന്ന നയത്തിലേക്ക് ജർമ്മനിയും ഇറ്റലിയും പോയി എന്നല്ല. യുദ്ധം നടത്തി വിജയിപ്പിക്കണമെങ്കിൽ അതിന് ആവശ്യമായ ആയുധങ്ങൾ സംഭരിക്കുകയും സൈന്യത്തെ രൂപപ്പെടുത്തുകയും വേണം. ഒപ്പം യുദ്ധം നടത്തുന്നതിന് അനുയോജ്യമായ സന്ദർഭം ഉയർന്നുവരികയും വേണം. ഇതിനുവേണ്ടി ആത്മാർത്ഥതയോടെ സമാധാന നീക്കങ്ങൾ നടത്താൻ ജർമ്മനിയും ഇറ്റലിയും ഒക്കെ തയ്യാറായിരുന്നു. അന്നത്തെ അധികാരത്തിന്റെ സന്തുലിതാവസ്ഥ പരിശോധിച്ചാൽ ജർമ്മനിയുടെയും ഇറ്റലിയുടെയും സ്ഥിതി മോശപ്പെട്ടതായിരുന്നു. എന്നാൽ ഭൂപ്രദേശപരമായും കൊളോണിയലായും ഉള്ള വികാസത്തിന് യുദ്ധമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന് തുറന്നടിക്കാൻ ഹിറ്റ്ലറും മുസോളിനിയും എല്ലായ്പ്പോഴും തയ്യാറായിരുന്നു.

തുറന്ന യുദ്ധത്തിന് ജർമൻ ഫാസിസം തുടരുന്ന നയങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം അന്നെടുത്തത്. കാരണം അവരന്ന് മുഖ്യശത്രുവായി കണ്ടിരുന്നത് യൂറോപ്പിൽ ഫ്രാൻസിന് ഉണ്ടായിരുന്ന മേധാവിത്വത്തിനെ ആയിരുന്നു. അതില്ലാതാക്കാൻ ജർമ്മനിയും ഫാൻസും തമ്മിൽ യുദ്ധമുണ്ടായാൽ നല്ലത് എന്ന സമീപനമാണ് ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നത്.

ജർമ്മൻ ഫാസിസത്തെ പിന്തുണക്കാൻ ബ്രിട്ടീഷുകാർക്ക് മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. ഫാസിസം സാമൂഹ്യ വിപ്ലവത്തിനെ തിരാണെന്നത് മാത്രമല്ല ഹിറ്റ്ലർ പരാജയപ്പെട്ടാൽ ജർമ്മനിയിൽ പകരം അധികാരത്തിൽ വരുന്നത് കമ്യൂണിസ്റ്റ് പാർട്ടിയായിരിക്കും എന്നതു കൂടെയായിരുന്നു ആ കാരണം. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ലോയ്ഡ് ജോർജ് 1933 സെപ്തംബർ 22ന് നടത്തിയ ഒരു പ്രസംഗത്തിൽ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുന്നുണ്ട്.

‘ജർമ്മനിയിൽ നാസിസത്തെ അധികാരഭ്രഷ്ടമാക്കുന്നതിൽ ഈ ശക്തികൾ വിജയിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക? പകരം വരുന്നത് കൺസർവേറ്റീവുകളോ സോഷ്യലിസ്റ്റുകളൊ ലിബറലുകളൊ ആയിരിക്കില്ല മറിച്ച് തീവ്ര കമ്യൂണിസ്റ്റുകളായിരിക്കും. അത് മാത്രമായിരിക്കുകയില്ല അവരുടെ ലക്ഷ്യം. ഒരു കമ്യൂണിസ്റ്റ് റഷ്യയേക്കാൾ തീർത്തും ശക്തമായിരിക്കും കമ്യൂണിസ്റ്റ് ജർമ്മനി. കമ്യൂണിസം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാനറിയുന്നത് അവർക്കാണ്. അങ്ങനെ കമ്മ്യൂണിസം വരുന്നതിനെയാണ് ഫാസിസം ഭരണത്തിലിരിക്കുന്നതിനേക്കാൾ ബ്രിട്ടീഷ് ഭരണാധികാരികൾ അന്ന് ഭയപ്പെട്ടത്.

രണ്ടാമത്തെ കാര്യം സൈനികവൽക്കരിക്കപ്പെട്ട ഫാസിസ്റ്റ് ജർമ്മനിയെയും ജപ്പാനെയും കൂട്ടിച്ചേർത്ത് ഒരു സൈനിക സഖ്യം ഉണ്ടാക്കാനും അതിനെ ഉപയോഗപ്പെടുത്തി സോവിയറ്റ് റഷ്യക്ക് എതിരായി യുദ്ധം നടത്താനുമാണ് അന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ആഗ്രഹിച്ചത്. നാസി ഗവൺമെന്റ് പുറത്തിറക്കിയ വിദേശനയം സംബന്ധിച്ച ഔദ്യോഗിക രേഖകളിലൊക്കെ കിഴക്കൻ രാജ്യങ്ങളിലേക്ക് വിശിഷ്യാ സോവിയറ്റ് യൂണിയ നിയിലേക്ക് ബ്രിട്ടന്റെയും ഫ്രാൻസിന്റെ യും പോളണ്ടിന്റെയും സഹായത്തോടെ ഒരു കടന്നാക്രമണം നടത്തുന്നതിനെക്കുറിച്ച് ഫാസിസ്റ്റ് ജർമ്മനി ആവർത്തിച്ച് പറഞ്ഞിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയിലും റഷ്യക്കെതിരായ ആക്രമണമോഹത്തെക്കകുറിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img