ബംഗാളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ നേതാവാണ് അബ്ദുൾ ഹലിം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ എന്നാണ് അദ്ദേഹത്തെ മുസഫർ അഹമ്മദ് വിശേഷിപ്പിച്ചത്. ഒട്ടനവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തികഞ്ഞ ഒരു പോരാളിയായിരുന്നു. ഏതു കഠിന സാഖഹചര്യങ്ങളെയും അതിജീവിച്ച് പാർട്ടി എൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതിൽ അസാധാരണമായ സാമർഥ്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. നല്ല പാർലമെന്റേറിയനെന്നും ഖ്യാതി നേടിയ അദ്ദേഹം നിയമസഭാപ്രവർത്തനങ്ങളെയും ജനകീയാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവേദിയായാണ് ഉപയോഗിച്ചത്.
ബീർ ഭൂം ജില്ലയിലെ കിർനഹാറിനടുത്ത് പെർദംഗ ഗ്രാമത്തിൽ 1905ലാണ് അദ്ദേഹം ജനിച്ചത്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. കുട്ടിക്കാലം മുതലേ നല്ല പരിശ്രമശാലിയായിരുന്ന ഹലിം ബംഗാളിയും ഇംഗ്ലീഷും സ്വയം പഠിച്ചു. ജോലി അന്വേഷിച്ച് കൽക്കത്തയിലേക്ക് വണ്ടികയറി. അവിടെ ഒരു കുടുംബസുഹൃത്ത് സഹായഹസ്‌തവുമായി എത്തി. ഒരു കമ്പനിയിലെ ഷിപ്പിങ് വിഭാഗത്തിൽ ടാലി ക്ലർക്കായി ജോലി ലഭിച്ചു.
ജോലി കൃത്യമായി ചെയ്‌തുകഴിഞ്ഞാൽ അൽപംപോലും സമയം പാഴാക്കാതെ വായനയ്‌ക്കായി സമയം മുഴുവൻ മാറ്റിവെച്ചു. ബംഗീയ മുസൽമാൻ സാഹിത്യസമിതി ഓഫീസിൽ പോകുന്നത് ശീലമാക്കി. നല്ല ഒരു ലൈബ്രറി അതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും അവിടെയിരുന്നു വായിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനും സാധിച്ചിരുന്നു. ഗാന്ധിയൻ ആശയങ്ങളോടാണ് അദ്ദേഹത്തിന് കൂടുതൽ ആഭിമുഖ്യം തോന്നിയത്.
ഹലിമിന്റെ യൗവനകാലം ആരംഭിച്ചപ്പോഴേക്കും സ്വാതന്ത്ര്യസമരപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്നു. 1921ൽ അതായത് പതിനാറാം വയസ്സിൽ തന്നെ ഹലിം ജോലി രാജിവെച്ച് നിസ്സഹകരണപ്രസ്ഥാനത്തിൽ അണിചേർന്നു. അതിന്റെ ഭാഗമായി നിരന്തരം പ്രതിഷേധപ്രകടനങ്ങളും പിക്കറ്റിങ്ങുകളും നടന്നു. അതിലെല്ലാം ആവേശത്തോടെ അദ്ദേഹം പങ്കെടുത്തു. അതിനിടയിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ആറുമാസത്തെ തടവുശിക്ഷ ലഭിച്ചു.
ജയിൽമോചിതനായ ഹലിം പൂർവാധികം ആവേശത്തോടെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. വീണ്ടും അറസ്റ്റിലായി. 1921‐22 കാലത്തുതന്നെ, അതായത് കൗമാരകാലത്തുതന്നെ മൂന്നുതവണ ജയിൽവാസം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. അതൊന്നും ഹലിമിന്റെ ഉള്ളിലെ ആവേശത്തിന്റെ അഗ്നിയെ കെടുത്തുകയല്ല ചെയ്‌തത്, കൂടുതൽ ജ്വലിപ്പിക്കുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ വിരട്ടലുകളെയും ഭീഷണികളെയും അദ്ദേഹം പാടേ അവഗണിച്ചു.
സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമര സേനാനികളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംഭവമായിരുന്നു ചൗരിചൗര സംഭവം. 1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിലെ ചൗരിചൗരയിൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുക്കുത്തവർക്കുനേരെ പൊലീസ് വെടിയുതിർത്തു. ഇതേത്തുടർന്ന് ജനക്കൂട്ടം പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്‌തു. 22 പൊലീസുകാരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെട്ടു.
ഈ സംഭവത്തെ തുടർന്ന് നിസ്സഹകരണപ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു. ഇതോടെ നിസ്സഹകരണപ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കെടുത്ത യുവാക്കൾ നിരാശരായി. അബ്ദുൾ ഹലിമും അതിലൊരാളായിരുന്നു.
മുസഫർ അഹമ്മദുമായി പരിചയപ്പെട്ടത് ഹലിമിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സോഷ്യലിസത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചും കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും അത് പ്രേരണയായി. മാർക്‌സിസ്റ്റ് സാഹിത്യം അദ്ദേഹം തിരഞ്ഞുപിടിച്ച് വായിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കേണ്ടതിന്റെയും മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഹൃദയത്തിൽ ഉൾക്കൊണ്ടു.
1925ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഇടതുപക്ഷക്കാർ ചേർന്ന് ലേബർ സ്വരാജ് പാർട്ടി രൂപീകരിച്ചു. 1926 ഫെബ്രുവരി 6ന് കൃഷ്‌ണനഗറിൽ ചേർന്ന ഓൾ ബംഗാൾ പ്രജാസമ്മേളനത്തിൽ ഈ പാർട്ടിയുടെ പേര് വർക്കേഴ്‌സ് ആൻഡ് പെസന്റ്‌സ് പാർട്ടി ഓഫ് ബംഗാൾ എന്ന് പേരുമാറ്റി. ഡോ. നരേസ്‌ചന്ദ്ര സെൻഗുപ്‌തയെ പാർട്ടിയുടെ സെക്രട്ടറിയായും ഹേമന്ത്‌കുമാർ സർക്കാരിനെയും ഖുത്‌ബുദ്ദീൻ അഹമ്മദിനെയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അബ്ദുൾ ഹലിമും ആ പാർട്ടിയിൽ ചേർന്ന് സജീവമായി പ്രവർത്തിച്ചു. അധികം താമസിയാതെ 1926ൽ തന്നെ ഹലിം അതിന്റെ ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റുകാർ വർക്കേഴ്‌സ് ആൻഡ് പെസന്റ്സ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ നിർദേശിക്കപ്പെട്ടു.
ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കാനാണ് ഹലിമിനോട് പാർട്ടി നിർദേശിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി ട്രേഡ് യൂണിയനുകൾ രൂപീകരിക്കാൻ സാധിച്ചു. ആ യൂണിയനുകളുടെ നേതൃത്വത്തിൽ നിരവധി അവകാശ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ സീമെൻസ് യൂണിയൻ, പോർട്ട് ട്രസ്റ്റ് മറൈൻ വർക്കേഴ്‌സ് യൂണിയൻ, ഈസ്റ്റ് ബംഗാൾ റെയിൽവേ വർക്കേഴ്‌സ് യുണിയൻ, ബംഗാൾ ചണമിൽ വർക്കേഴ്‌സ് യൂണിയൻ, സിറ്റി ആൻഡ് മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ തുടങ്ങിയവ ഹലിം നേതൃത്വം നൽകിയ യൂണിയനുകളാണ്.
1929ൽ ഹലിമിന്റെ നേതൃത്വത്തിൽ കാളവണ്ടിത്തൊഴിലാളികൾ നടത്തിയ പണിമുടക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിന് കാളവണ്ടിത്തൊഴിലാളികൾ ബാരിക്കേഡുകൾ ഉയർത്തിക്കൊണ്ടാണ് പണിമുടക്ക് നടത്തിയത്. കാളവണ്ടിത്തൊഴിലാളികളുടെ സമരത്തിനുനേരെ പൊലീസ് കിരാതമായ മർദനമാണ് അഴിച്ചുവിട്ടത്. സഹികെട്ടപ്പോൾ അവർ തിരിച്ചടിച്ചു. ആ തിരിച്ചടിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തുടർന്ന് അക്ഷരാർഥത്തിൽ നരനായാട്ടാണ് പൊലീസ് നടത്തിയത്. സമരത്തിന് നേതൃത്വം നൽകിയതിന് അബ്ദുൾ ഹലിം അറസ്റ്റിലായി. അതിഭീകരമായ മർദനമുറകൾക്കാണ് അദ്ദേഹം വിധേയനായത്. ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിതനായ ഉടൻതന്നെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്ന ലഘുലേഖകൾ വിതരണംചെയ്‌തു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.
തൊഴിലാളി‐കർഷക പാർട്ടിക്ക് ബംഗാളിലും ബോംബെയിലുമെല്ലാം ശക്തമായ വോരോട്ടമുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടി 1920കളുടെ മധ്യത്തോടെ ഇന്ത്യയിൽ സജീവമായി. ബോംബെ യോഗത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട പാർട്ടിയുടെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഹലിമിനെയും ഉൾപ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഊർജസ്വലമായി നടന്നു. കമ്യൂണിസ്റ്റ്‐ട്രേഡ് യൂണിയൻ നേതാക്കൾ ബ്രിട്ടീഷ് അധികാരികളുടെ കണ്ണിലെ കരടായി മാറി. നേതാക്കളെ ഒതുക്കാനും പാർട്ടിയെ തകർക്കാനും ബ്രിട്ടീഷുകാർ കെട്ടിച്ചമച്ച കേസാണ് മീററ്റ് ഗൂഢാലോചന കേസ്. 1929ലാണ് ആ കേസ് കെട്ടിച്ചമയ്‌ക്കപ്പെട്ടത്. മുസഫർ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായി. അറസ്റ്റിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ ഹലിമിന് സാധിച്ചു. എന്നാൽ വലിയൊരു ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്റെ ചുമലിൽ വീണത്. പ്രമുഖ നേതാക്കളുടെയെല്ലാം അഭാവത്തിൽ പാർട്ടി കെട്ടിപ്പടുക്കണം. പരിമിതികളിൽ നിന്നുകൊണ്ട് പരമാവധി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ട്രേഡ് യൂണിയനുകളെയും പാർട്ടിയെയും സജീവമാക്കാൻ അദ്ദേഹം രാപകൽ ഭേദമില്ലാതെ അധ്വാനിച്ചു.
1929 ഡിസംബർ 19 ഇന്ത്യ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിനമാണ്. ഇന്ത്യക്ക് സന്പൂർണ സ്വാതന്ത്ര്യം (പൂർണസ്വരാജ്) വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം ഇന്ത്യയിലെ ജനങ്ങളോട് അഭ്യർഥിച്ചു.
1930 മാർച്ച് 12ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിച്ചതോടെ സ്വാതന്ത്ര്യസമര പ്രക്ഷോഭകരുടെ ആവേശം പതിന്മടങ്ങ് വർധിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ചാണ് ഈ സമരം ആരംഭിച്ചത്. പൂർണസ്വരാജ് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രമേയം പാസാക്കിയതിനുശേഷമുള്ള ആദ്യത്തെ പ്രഖ്യാപിത സമരമായിരുന്നു അത്. നിയമം ലംഘിച്ചുകൊണ്ട് ഉപ്പ് കുറുക്കിയതിന് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സാധാരണക്കാരെ സ്വാതന്ത്ര്യസമരത്തോട് കൂടുതൽ അടുപ്പിക്കാൻ സഹായകമായിരുന്നു ഉപ്പ് സത്യഗ്രഹം. കമ്യൂണിസ്റ്റുകാരും ഉപ്പ് സത്യഗ്രഹത്തിൽ സജീവ പങ്കാളികളായി. പലർക്കും ക്രൂരമായ മർദനമേറ്റു; ചിലർ മാസങ്ങളോളം ജയിലിൽ കിടന്നു.
ബംഗാളിലെ കമ്യൂണിസ്റ്റുകാർ സംഘടിതമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. 1931ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ട കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അബ്ദുൾ ഹലിമാണ് അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം കൽക്കത്ത കമ്മിറ്റി ബംഗാൾ പ്രവിശ്യ കമ്മിറ്റിയായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഹലിം തന്നെ അതിന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാൾ പ്രവിശ്യകമ്മിറ്റി തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കുന്നതിന് ഹലിം മുൻനിന്നു പ്രവർത്തിച്ചു.
1933 ഡിംബറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേക സമ്മേളനം കൽക്കത്തയിൽ നടത്തപ്പെട്ടു. വിവിധ പ്രവിശ്യകളിൽനിന്നുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. വളരെ രഹസ്യമായി നടന്ന ആ സമ്മേളനത്തിൽ ഹലിം പ്രതിനിധിയായിരുന്നു. രാഷ്‌ട്രീയപ്രമേയവും പാർട്ടി ഭരണഘടനയും അംഗീകരിച്ച ആ സമ്മേളനം പുതിയ കേന്ദ്രകമ്മിറ്റിയെയും തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഹലിമും തിരഞ്ഞെടുക്കപ്പെട്ടു.
ട്രേഡ് യൂണിയൻ രംഗത്തും കൂടുതൽ ഊജസ്വലതയോടെ അദ്ദേഹം പ്രവർത്തിച്ചു. റെയിൽവേയിലും ചണമില്ലുകളിലുൾപ്പെടെ വിവിധ മേഖലകളിൽ ശക്തമായ ട്രേഡ് യൂണിയനുകൾ കെട്ടിപ്പടുക്കാൻ അദ്ദേഹം മുൻകൈയെടുത്തു. സംഘടന കെട്ടിപ്പടുത്താൽ മാത്രം പോര തൊഴിലാളികളെ ആശയപരമായി ആയുധമണിയിക്കണമെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. യുവാക്കളായ തൊഴിലാളികൾക്ക് മാർക്‌സിസത്തിന്റെ അടിസ്ഥാനപാഠങ്ങൾ പകർന്നുനൽകാൻ ലക്ഷ്യമിട്ട് യങ് വർക്കേഴ്‌സ് ലീഗ് എന്ന സംഘടന രൂപീകരിക്കപ്പെട്ടു.
1934‐43 കാലത്ത് ഹലിമിന്റെ ഉത്സാഹത്തിൽ അരഡസനോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി. മാർക്‌സിസ്റ്റ് ആശയങ്ങൾ സാധാരണക്കാരുടെയിടയിൽ പ്രചരിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഗണശക്തി പബ്ലിഷിങ് ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്തതും അദ്ദേഹമാണ്. റഷ്യാർഗണ ആന്ദോളൻ, കമ്യൂണിസം തുടങ്ങിയ പുസ്‌തകങ്ങൾ ഹലിം രചിച്ചതും ഈ കാലയളവിലാണ്.
1939ൽ രണ്ടാംലോകയുദ്ധം ആരംഭിച്ചതോടെ കമ്യൂണിസ്റ്റുകാർ അതിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി. അതോടെ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തി. പാർട്ടിക്കുവേണ്ടി അഹോരാത്രം ജോലിചെയ്‌ത ഹലിം പൊലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായി. ഹലിമിനെ എങ്ങനെയും അകത്താക്കിയേ അടങ്ങൂ എന്ന വാശിയായിരുന്നു പൊലീസിന്. താമസിയാതെ അദ്ദേഹം അറസ്റ്റിലായി. മൂന്നുവർഷക്കാലം ഹലിമിന് ജയിലിൽ കിടക്കേണ്ടിവന്നു. 1942ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം സർക്കാർ നീക്കി. അതോടെയാണ് ഹലിം ഉൾപ്പെടെയുള്ള നേതാക്കൾ ജയിൽമോചിതരായത്.
ബംഗാൾ ക്ഷാമകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ജനങ്ങൾക്കാശ്വാസം നൽകുന്ന പ്രവർത്തനങ്ങളിൽ മുഴുകി. പല സ്ഥലങ്ങളിൽനിന്നും ഭക്ഷ്യവിഭവങ്ങളും പണവും സമാഹരിച്ച് പട്ടിണി കിടക്കുന്നവർക്ക് വിതരണം ചെയ്‌തു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഹലിം മുൻനിരയിൽനിന്ന് പ്രവർത്തിച്ചു; യുവജനങ്ങളെ കർമനിരതരാക്കി.
1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തു.
1948ൽ കൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസ് അംഗീകരിച്ച തീസിസിന്റെ പേരിൽ പാർട്ടി നിരോധിക്കപ്പെട്ടു. പാർട്ടി നേതാക്കളും പ്രവർത്തകരും അനുഭാവികളുമൊക്കെ അതിഹീനമായി വേട്ടയാടപ്പെട്ടു. പാർട്ടി നേതാക്കൾ മിക്കരും അറസ്റ്റിലായി. പുറത്തുള്ളവർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഹലിം ഒളിവിൽപോയി. ഒളിവിലിരുന്ന് പല ഭാഗങ്ങളിലെയും ട്രേഡ് യൂണിയന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1950ൽ ഹലിം അപ്രതീക്ഷിതമായി പൊലീസിന്റെ പിടിയിലായി.
1952ൽ നടന്ന ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ അബ്ദുൾ ഹലിം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയ്‌ക്കുള്ളിൽ തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം അതിശക്തമായി പോരാടി. മികച്ച പാർലമെന്റേറിയൻ എന്നറിയപ്പെട്ട അദ്ദേഹം നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതിനുള്ള അംഗീകാരം വോട്ടർമാർ അദ്ദേഹത്തിന് നൽകുകയും ചെയ്‌തു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1966ൽ മരിക്കുന്നതുവരെ അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. 1962ൽ ഇന്ത്യ‐ചൈന അതിർത്തി സംഘട്ടനത്തെത്തുടർന്ന് നിരവധി കമ്യൂണിസ്റ്റ് നേതാക്കൾ അറസ്റ്റിലായി. ഹലിമിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 1963 അവസാനം അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനെ തുടർന്നാണ് ജയിലിൽനിന്ന് മോചിപ്പിച്ചത്.
പാർട്ടിയിൽ വളർന്നുവന്ന റിവിഷനിസത്തിനെതിരെ അതിശക്തമായ നിലപാടാണ് ആദ്യംമുതലേ ഹലിം എടുത്തത്. 1964ൽ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ഒരാൾ ഹലിമായിരുന്നു. 1964ൽ കൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസ് ഹലിമിനെ കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.
1964 ഡിസംബറിൽ ഹലിം സിപിഐ എം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ജയിലിൽ കിടന്നുകൊണ്ടും അദ്ദേഹം പാർട്ടി വളർത്തുന്നതിനുള്ള മാർഗമാണ് ആരാഞ്ഞത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെക്കുറിച്ച് ബംഗാളിൽ പുസ്‌തകമെഴുതാൻ തുടങ്ങി. പക്ഷേ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. രോഗം അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അതേത്തുടർന്ന് 1966 ഏപ്രിൽ മൂന്നാംവാരം അദ്ദേഹത്തെ മോചിപ്പിച്ചു. ജയിൽമോചിതനായി ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും, ഏപ്രിൽ 29ന് അബ്ദുൾ ഹലിം അന്തരിച്ചു. l