കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല അമച്വർ നാടകമത്സരത്തിൽ മാഹി നാടകപ്പുര അവതരിപ്പിച്ച പ്രേക്ഷകശ്രദ്ധ നേടിയ നാടകമാണ്, ‘ഒരു പലസ്തീൻ കോമാളി’. 30ലധികം വർഷമായി അമച്വർ നാടകരംഗത്ത് നിറസാന്നിധ്യമായ സംഘമാണ് മാഹി നാടകപ്പുര. നിരവധി തവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയനാടകമത്സരത്തിൽ പങ്കെടുക്കുകയും, നാല് തവണ ഹിന്ദി നാടകമത്സരത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച സംഘമാണ് മാഹി നാടകപ്പുര. രാഷ്ട്രീയ മൂർച്ചകൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത പ്രകടമാക്കിക്കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങൾ സമൂഹത്തിന് സമ്മാനിച്ച നാടകപ്പുര, പൗര ജീവിതത്തിലേക്ക് രാഷ്ട്രീയ ബോധവും ഉൾപ്രേരണയും നൽകുന്ന നാടകങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് പലസ്തീൻ കോമാളി. സാമൂഹ്യ സംഘർഷങ്ങളെ അവതരിപ്പിക്കുന്നതിനോടൊപ്പം അസ്തിത്വ സംഘർഷങ്ങളെയും വരച്ചുകാട്ടുന്ന വിധത്തിൽ നിരവധി നാടകങ്ങൾക്ക് രചന നിർവഹിച്ച ഗിരീഷ് ഗ്രാമികയാണ് ഒരു പലസ്തീൻ കോമാളിയുടെ രചന നിർവഹിച്ചത്. അരുൺ പ്രിയദർശനാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമച്വർ നാടക വേദിയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രതിഭ തെളിയിച്ച നടീനടന്മാരുടെ നീണ്ട നിരയും നാടകത്തിന്റെ അരങ്ങിനെ സജീവമാക്കുന്നു.
അധികാരമാണ് അവസാനവാക്ക് എന്ന് തെറ്റിദ്ധരിച്ച് അതിർത്തി വികസനത്തിനുവേണ്ടി കീഴ്പ്പെടുത്തുക എന്ന അധമവിചാരം പ്രചരിപ്പിച്ച് യുദ്ധത്തിനെ വാഴ്ത്തുന്ന ഒരു സമൂഹത്തിനുമുന്നിലുള്ള ഒരു ചോദ്യമായാണ് ഒരു പലസ്തീൻ കോമാളി പ്രേക്ഷകർക്ക് മുമ്പിൽ തിരശ്ശീല ഉയർത്തുന്നത്. തുറന്നുവിടപ്പെട്ട പൗരനും അടച്ചുപൂട്ടപ്പെട്ട സാധാരണ മനുഷ്യരും പരസ്പരം കൂട്ടിമുട്ടുന്ന സംഘർഷം നിറഞ്ഞ രംഗങ്ങൾ നാടകത്തിലുടനീളം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
സാമൂഹ്യവ്യവസ്ഥിതിയിൽ, പക്ഷംചേരുക എന്നത് സാധാരണമായ ഒരു കാഴ്ചയാണ്. അതുകൊണ്ടുതന്നെ ഇരകളുടെ പക്ഷത്ത് ചേരുക എന്നതുപോലെ വേട്ടക്കാരുടെ പക്ഷത്തു നിൽക്കാനും ആളുകൾ ഉണ്ടാവുക സ്വാഭാവികം. ഈ നാടകം പലസ്തീൻ‐ഇസ്രായേൽ യുദ്ധത്തിന്റെ കാരണങ്ങളും യുദ്ധവർണ്ണനയും അല്ല പ്രമേയമാക്കുന്നത്; ഒരു ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയാണ് വിവരിക്കുന്നത്.
‘വിത്തൗട്ട് ബോർഡർ’ എന്ന സംഘടനയുടെ പ്രവർത്തനത്തിനു വേണ്ടി കോമാളി വേഷംകെട്ടി ലോകംചുറ്റുന്ന ഒരു കലാകാരനാണ് വഹീദ് ഹുസൈനി എന്ന പലസ്തീൻ കോമാളി. യുദ്ധം വിതച്ച കൊടുംവിപത്തിൽ സർവ്വവും നഷ്ടപ്പെട്ടുപോകുന്ന നിരാലംബർക്കിടയിൽ സന്തോഷവും പ്രതീക്ഷയും സൗഹൃദവും പങ്കുവെച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. ഇതിലെ കഥാപാത്രങ്ങളായ അഭയാർത്ഥി ക്യാമ്പുകളിലെ മനുഷ്യർ, കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികൾ, പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടുപോയവർ എന്നിങ്ങനെ, ദുരന്തം അവശേഷിപ്പിച്ച ജീവിതവും കൈപ്പിടിയിലാക്കി ആനന്ദവും സന്തോഷവും സമാധാനവും തിരിച്ചുപിടിക്കാനുള്ള ഒരു തീവ്രയജ്ഞത്തിലാണ്. സ്വയം ഉള്ളിലേക്ക് ചുരുങ്ങുന്നതാണ് വികസനമെന്ന് ചിന്തിക്കുന്ന ഉത്തരാധുനിക കാലത്ത്, ഒരു ദുരന്തം നമ്മെ വല്ലാതെ ഒറ്റപ്പെടുത്തിക്കളയുമെന്ന യാഥാർഥ്യം പലപ്പോഴും നമ്മളോർക്കുന്നില്ല. പരമാധികാരത്തിലേക്ക് വഴിമാറുമ്പോൾ കീഴടക്കുക എന്ന ചിന്തയിലൂടെ മനുഷ്യർ സൃഷ്ടിക്കുന്ന യുദ്ധം അവശേഷിപ്പിക്കുന്നത് നിരാലംബരായ സ്ത്രീ ജനതയെയും അനാഥരാകുന്ന കുഞ്ഞുങ്ങളെയുമാണ്. ചിരി നഷ്ടപ്പെട്ടുപോയവർക്കിടയിൽ ചിരി പുനഃസ്ഥാപിക്കുക എന്നത് ശ്രമകരമായ ഉദ്യമമാണ്. സ്വയം അനുഭൂതിയിലൂടെ ഒരാളുടെ സ്വാതന്ത്ര്യം വെളിപ്പെടുത്തുന്ന ഒരു സങ്കല്പമാണ് ചിരി. ഭൂമിയിൽ ആവശ്യത്തിന് വേണ്ടത് മുഴുവൻ സൃഷ്ടിച്ച് മനസ്സിൽ ആഴത്തിൽ രൂപപ്പെട്ട സംതൃപ്തിയോടെ ദൈവം ചിരിച്ചപ്പോഴാണ് ഭൂമിയിൽ അരുവികൾ ഉണ്ടായത് എന്ന് ഈജിപ്ഷൻ കഥയുണ്ട്. ഉള്ളറിഞ്ഞ് മറ്റാർക്കും വേണ്ടിയല്ലാതെ ഒരു സ്വതന്ത്ര ലോകത്തിന്റെ ഒഴുക്കിന് തടസ്സം ഉണ്ടാക്കുന്നതാണ് ഓരോ യുദ്ധവും. അത്തരത്തിലുള്ള യുദ്ധം സൃഷ്ടിക്കുന്ന മറ്റൊരു ദുരന്തകാഴ്ചയാണ് പലായനം. സ്വത്തിനും ജീവനും ഭീഷണി ഉയർത്തിയുള്ള അക്രമങ്ങളും കലാപങ്ങളും ദൈനംദിന ജീവിതത്തിന് തടസ്സമാകുമ്പോൾ സ്വൈരജീവിതം പ്രതീക്ഷിച്ചു മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യുക മാത്രമാണ് അത്തരം ഒരു ജനതയുടെ മുന്നിലുള്ള വഴി. അങ്ങനെ അഭയാർത്ഥിക്യാമ്പുകളിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്കുള്ള പലായനം ഒരു ജനതയ്ക്ക് നൊമ്പരങ്ങളുടെ മുഖം മാത്രം നൽകുന്നു. യുദ്ധത്തിൽ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ നിലവിളിയിൽ തുടങ്ങി, ഓരോ ക്യാമ്പുകളിലേക്കും ചെല്ലുമ്പോൾ നായക കഥാപാത്രമായ വഹീദ് ഹുസൈനി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ നേർകാഴ്ചയാണ് ഈ നാടകം. വഹീദ് ഹുസൈനി താൻ വേഷം കെട്ടിയാടുന്ന ക്യാമ്പുകളിലെല്ലാം തന്റെ ഏറെ പ്രിയപ്പെട്ട മകൾ അലോനിയേയും ഭാര്യ ഹലയെയും അവിടെയുള്ളവരുടെ മുഖങ്ങളിൽ കണ്ടെത്തുന്നു. അതേസമയം മറ്റൊരിടത്ത് യുദ്ധം സൃഷ്ടിച്ച ക്രൂരതയിലൂടെ ഉറ്റവർ നഷ്ടപ്പെട്ട സ്ത്രീജീവിതത്തിന്റെ പ്രതീകമായി അലോനി, ഹല എന്ന കഥാപാത്രങ്ങൾ മറുവശത്ത് നിൽക്കുന്നു. അതുകൊണ്ടുതന്നെ അഭയാർത്ഥി ക്യാമ്പുകളിലെ ചിരി നഷ്ടപ്പെട്ടുപോയവർക്കിടയിൽ അയാൾ ജീവിക്കാൻ ശ്രമിക്കുന്നത് ആത്മാർത്ഥതയോടെയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നു.
യുദ്ധവെറി കൊണ്ട് മുറിവേറ്റ്, ജീവിതത്തിന്റെ താളംതെറ്റിയ വരുടെ ഹൃദയമിടിപ്പിന് പുഞ്ചിരിയുടെ നേർത്ത തണലാകാൻ കൊതിക്കുന്ന ഒരു പലസ്തീൻ കോമാളി കലാകാരന്റെ ഹൃദയമിടിപ്പായി മാറുകയാണ് ഈ നാടകം.
നിഹാരിക എസ് മോഹൻ, ഗീത സുരേഷ്, രേഷ്മ അനിൽ,ഷിജില,ഗീതിക സുരേഷ്, മേധ അനിൽ, നിധിയ സുധീഷ്, അകൽ ഹാഷ്മി, ആത്രയ് ഹാഷ്മി, സുരേഷ് ചെണ്ടയാട്, ലക്ഷ്മണൻ മന്നിയത്ത്, പ്രകാശൻ കടമ്പൂർ, സാജു പത്മനാഭൻ, സുധീഷ് ഒളവിലം, ബാലകൃഷ്ണൻ കതിരൂർ, എം സി അശോകൻ, സി എച്ച് പ്രദീപൻ, എൻ കെ പ്രദീപൻ, സുരേഷ് ബാബു, സിജു പൂക്കോം, മഷൂദ് എന്നിവരാണ് അഭിനേതാക്കൾ.
മിഥുൻ മലയാളം സംഗീത സംവിധാനവും ആദർശ് ബി എസ് സംഗീത നിയന്ത്രണവും നിർവഹിച്ചിരിക്കുന്നു. ദീപ സംവിധാനം നിയന്ത്രണം: അനൂപ് പൂനെ.
കോർഡിനേറ്റർ: ടി ടി മോഹനൻ. പിന്നണിയിൽ: വിശ്വൻ അഴിയൂർ, രാജേഷ് പള്ളിക്കുനി. ആർട്ട്: അനിൽ പെരിങ്ങോട്,യദുകൃഷ്ണൻ. സെറ്റ് ഡിസൈൻ: അരുൺ പ്രിയദർശൻ.