ഹിന്ദുത്വവൽക്കരണം
ജനാധിപത്യം നിലനിർത്തിക്കൊണ്ട് അമിതാധികാരപ്രയോഗങ്ങൾ നടത്തുകയാണ് നവഫാസിസത്തിന്റെ രീതി എന്ന് നേരത്തെ വിശദീകരിക്കപ്പെട്ടതാണ്. അതിന്റെ ഉദാഹരണങ്ങളും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്.
“വിവിധ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ അമിതാധികാരം ദൃഢീകരിക്കപ്പെടുന്നത് സംബന്ധിച്ച് 23-ാം കോൺഗ്രസ് പ്രമേയം രേഖപ്പെടുത്തിയിരുന്നു. ഈ പ്രവണതകളുടെ തീക്ഷ്ണമായ വളർച്ചയാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കണ്ടത്. പാർലമെന്റിന്റെ പ്രവർത്തനത്തെ വെട്ടിച്ചുരുക്കുന്നതിനും ഉന്നത ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പദവി തകർക്കുന്നതിനും കൂടുതൽ നടപടികൾ ഇക്കാലത്ത് കൈക്കൊള്ളപ്പെട്ടു.
പാർലമെന്റിൽ നിന്ന് പ്രതിപക്ഷം ഏതാണ്ട് പുറത്താക്കപ്പെടുന്ന അവസ്ഥയായിരുന്നു. മണിപ്പൂരിലെ വംശീയ അക്രമമടക്കം പൊതുതാൽപര്യമുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല. 2023ലെ പാർലമെൻറ് ശീതകാല സമ്മേളനത്തിൽ നിന്ന് രണ്ട് സഭകളിലെയും നൂറ്റിനാല്പത്താറ് അംഗങ്ങളാണ് ഇദം പ്രഥമമായി സസ്പെൻഡ് ചെയ്യപ്പെട്ടത്. പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്ററി കമ്മിറ്റികൾക്ക് പരിശോധനയ്ക്ക് വിട്ടില്ല. അവയെല്ലാം പെട്ടെന്ന് കൊണ്ടുവന്ന് പാസാക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ഹിന്ദുമതാ ചാരപ്രകാരം പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ കസേരയുടെ പിന്നിൽ ചെങ്കോൽ സ്ഥാപിച്ചു.
യുഎപിഎയും പിഎംഎൽഎയും പോലുള്ള കിരാത നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കപ്പെട്ടു. ഒന്നുകിൽ അത് ഉപയോഗിച്ചത് അവരെ ബിജെപിയിലേക്ക് കൂടുമാറ്റം നടത്താൻ പ്രേരിപ്പിക്കുന്നതിന് ആയിരുന്നു. അല്ലെങ്കിൽ ജയിലിൽ അടയ്ക്കുന്നതിന് ആയിരുന്നു. നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡിലെയും ഡൽഹിയിലെയും മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. പത്രപ്രവർ ത്തകരുടെ അറസ്റ്റും ജയിൽവാസവും സ്വതന്ത്ര മാധ്യമങ്ങളുടെ നേരെയുള്ള ആക്രമവും തുടർന്നു. പഴയ ക്രിമിനൽ നിയമങ്ങൾക്ക് പകരം വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ പാർലമെന്റിൽ ചർച്ച കൂടാതെ പാസാക്കിയതിനുശേഷം ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ നിയമങ്ങളിൽ കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് റിമാൻഡിൽ വെക്കാനുള്ള പോലീസിന്റെ അധികാര ങ്ങളെയും കുറ്റമെന്തെന്ന് പറയാതെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉള്ള രീതിയിൽ ആ വകുപ്പിനെയും വിപുലമാക്കിയിരിക്കുന്നു. പുതിയതായി പ്രാബല്യത്തിൽ വന്ന ടെലി കമ്മ്യൂണികേഷൻ നിയമം മേൽനോട്ടത്തിനുള്ള രീതികളെ ശക്തിപ്പെടുത്തുകയും സ്വകാര്യതയ്ക്കുള്ള പൗരാവകാശത്തിലേ ക്ക് കടന്നുകയറുകയും ചെയ്തിരിക്കുന്നു.
അമിതാധികാര സംവിധാനത്തെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഗവൺമെൻറ് ഉന്നത ജുഡീഷ്യറിയെ മെരുക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരെയും ചീഫ് ജസ്റ്റിസ് മാരെയും നിയമിക്കുന്നതി നുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കൾ നടപ്പിലാക്കാൻ പലതവണയായി വിസമ്മതിക്കുന്നു. ഉന്നത ജുഡീഷ്യറി അധികമധികമായി ഒരു “എക്സിക്യൂട്ടീവ് ജുഡീഷ്യറി ‘ആയി പ്രവർത്തിക്കുകയാണ്.
ജനാധിപത്യപ്രക്രിയ നിഷ്പക്ഷമായി കടന്നുപോകണമെങ്കിൽ അത്യാവശ്യമായ ഒരു ഘടകമായാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ നമ്മൾ കാണുന്നത്. എന്നാൽ ഇന്നത്തെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിതി എന്തെന്ന് നോക്കുക. കരട് രാഷ്ട്രീയ പ്രമേയം തന്നെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. “തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണ പദവി സ്ഥിരമായ നിലയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമം സുപ്രീംകോടതിയുടെ നിർദ്ദേശത്തിന് വിരുദ്ധമാണ്. സെലക്ഷൻ കമ്മിറ്റിയിൽ ഗവൺമെന്റിനാണ് ഭൂരിപക്ഷം. ബിജെപി നേതൃത്വത്തിന്റെ വർഗീയ പ്രചാരണത്തിന്റെ പ്രശ്നം ഉയരുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നത് നിർത്തുന്നു. തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുമ്പോൾ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെന്റ് നിർദ്ദേശങ്ങളാണ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വലിയ അന്തരം, വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനം, തുടങ്ങി പല വിധത്തിലുള്ള പ്രശ്നങ്ങൾ വിശദീകരിക്കപ്പെടാതെ പോകുന്നു.
ഭരണകക്ഷിക്ക് അവിഹിതമായി കോർപ്പറേറ്റ് ധനസഹായം നൽകുന്ന സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതി എന്ന നിലയിൽ ഇലക്ട്രൽ ബോണ്ട് പദ്ധതിയെ 2024 ൽ സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും റദ്ദാക്കുകയും ചെയ്തു. കോടതിവിധി സിപിഐഎം നിലപാടിനെ സാധൂകരിച്ചു. ആദ്യം മുതൽ തന്നെ ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐഎം പ്രഖ്യാപിച്ചിരുന്നു. അതിനോടൊപ്പം ഈ പദ്ധതിക്കെതിരെ പാർട്ടി സുപ്രീംകോടതിയിൽ നിയമനടപടിയും സ്വീകരിച്ചു. ഇലക്ട്രൽ ബോണ്ടുകൾ റദ്ദു ചെയ്യപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പിൽ പലതരത്തിലും വോട്ടർമാരെ സ്വാധീനിക്കുന്ന തിനും,പോളിംഗ് പ്രക്രിയ ദുർബലപ്പെടുത്തുന്നതിനും വൻതോതിലുള്ള പണമാണ് ചെലവാക്കപ്പെട്ടത്. രാഷ്ട്രീയക്കാരും ബിസിനസ്സുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ നിയമവിരുദ്ധ ഫണ്ടിങ്ങിന്റെ ഉറവിടം. തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പണാധിപത്യം തടയുന്നതിന് സുദൃഢമായ തീരുമാനങ്ങളും നടപടികളും ആവശ്യമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടത്തുന്നത് അടിയന്തര പ്രാധാന്യമുള്ള ഒന്നായിരിക്കുന്നു.
സ്വതന്ത്ര മുതലാളിത്തം കുത്തകയായി വളരാനാരംഭിച്ചതോടെ ഫെഡറൽ പ്രവണതകൾ പടിപടിയായി ഉപേക്ഷിക്കുകയും അധികാര കേന്ദ്രീകരണത്തിന്റേതായ പാതയിലേക്ക് അത് നടന്നടുക്കുകയും ചെയ്തു. ഇന്ത്യ കോൺഗ്രസ് ഭരിക്കുമ്പോഴും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം തിരിച്ചുപിടിക്കുന്നത് വിവാദങ്ങൾ ഉണ്ടാക്കുകയും സമരങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. 1959ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന ഗവൺമെന്റിനെ പിരിച്ചുവിട്ടു കൊണ്ടാണ് ഈ പ്രവണതക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത്.
ബിജെപിയുടെ ഹിന്ദുത്വ തത്വസംഹിത അധികാര കേന്ദ്രീകരണത്തിന്റേതാണ്. ഹിന്ദുത്വ – കോർപ്പറേറ്റ് അവിശുദ്ധസഖ്യം രൂപപ്പെട്ടതോടെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയം അക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഫെഡറൽ ചട്ടക്കൂടിനെ പൊളിച്ചും, ഫെഡറൽ തത്വത്തെ നിയമപരമായി അസാധുവാക്കിയും എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാനുള്ള മോദി ഗവൺമെന്റിന്റെ നീക്കം തുടർന്നു. രാഷ്ട്രീയവും സാമ്പത്തികവും ധനപരവുമായ ഒരു കൂട്ടം നടപടികളിലൂടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര ബലതന്ത്രത്തെ മോദി ഗവൺമെന്റ് പുനർ നിർവചിക്കുക യാണ്. വിഭജിക്കപ്പെടാവുന്ന നികുതി വിഹിതം വെട്ടിച്ചുരുക്കുക, സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നിഷേധിക്കുക,ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് നിർത്തിവയ്ക്കുക തുടങ്ങിയ നടപടികളിലൂടെ കേന്ദ്രം പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്ര നികുതി കൈമാറ്റത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞിരിക്കുന്നു. കേന്ദ്ര ബജറ്റുകളിൽ നിർദ്ദേശിക്കുന്ന വിഭജിക്കപ്പെടാവുന്ന നികുതി വിഹിതത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടി നീക്കിവയ്ക്കുന്ന പണത്തിൽ കുറെ വർഷങ്ങ ളായി ഇടിവ് ഉണ്ടായിക്കൊ ണ്ടിരിക്കുകയാണ്. 2016-ൽ ഇത് 41.1 ശതമാനമാ യിരുന്നുവെങ്കിൽ 2023 ൽ അത് 35.1 ശതമാനമായി കുറഞ്ഞു. സംസ്ഥാന ങ്ങളുമായി പങ്കിടുന്ന നികുതി വിഹിതം കുറയാനുള്ള ഒരു കാരണം വിഭജിക്കപ്പെടാത്ത സെസ്സുകളെയും സർച്ചാർജുകളെയും കേന്ദ്രം കൂടുതലായി ആശ്രയിക്കുന്നതാണ്. വിഭവങ്ങൾ ഇത്തരത്തിൽ ചുരുങ്ങുമ്പോൾ കടം വാങ്ങുന്നതിനും വർധിച്ച നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വരുന്നു. ഈ നീക്കങ്ങൾ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തന ങ്ങൾക്കും ആവശ്യമായ വിഭവസമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങളെ തടയുന്നു.
സാമ്പത്തികരംഗത്ത് ഇതാണ് നടക്കുന്നതെങ്കിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ ഇടപെടലുകൾ നിരന്തരമായി വർദ്ധിച്ചുകൊ ണ്ടിരിക്കുകയാണ്. അവരെ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റിന്റെയും നിയമസഭയുടെയും അധികാരങ്ങളിൽ കേന്ദ്രം കൈകടത്തൽ നടത്തുന്നു. സ്വേച്ഛാപരമായ വൈസ് ചാൻസലർ നിയമനങ്ങൾ, നിയമസഭ പാസാക്കുന്ന നിയമങ്ങളുടെ അംഗീകാരം റദ്ദാക്കൽ, സംസ്ഥാന ഗവൺമെന്റുകളെ മറികടന്ന് ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക തുടങ്ങിയവ സാധാരണ സംഭവങ്ങളായി. കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാന ഘടന തകർക്കുന്നതിനായി ഗവർണർമാരെയാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ കൂടാതെയാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുമായുള്ള കേന്ദ്രഗവൺമെന്റിന്റെ നീക്കം. കേന്ദ്ര ഗവൺമെന്റ് ഒരു ഭരണഘടനാ ഭേദഗതി ബില്ലും ലോകസഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള മറ്റൊരു ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട് അത്തരത്തിലുള്ള സംവിധാനം സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കും. അഞ്ചുവർഷം ഭരിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉറപ്പുപോലും ഇല്ലാതാകും.
ബിജെപി ഗവൺമെന്റിന്റെ നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടമായ മറ്റൊരിടമാണ് ജമ്മു-കശ്മീർ. 2019ൽ ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരമുള്ള ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തു കളയുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. അവിടെ പൗരാവകാശം നിഷേധിക്കപ്പെടുക എന്നത് ഒരു സാധാരണ സംഭവമായി മാറി. സ്ഥിരമായി താമസിക്കുന്നവരുടെ സ്ഥിരവാസ പദവിയും ഭൂവുടമാവകാശങ്ങളും എടുത്തുകളയാനുള്ള നടപടികളും തുടർന്ന് കൈക്കൊണ്ടു. പുതിയ നിയമസഭയിലേക്ക് കാശ്മീർ താഴ്വരയിൽ നിന്നുള്ള പ്രാതിനിധ്യം കുറയ്ക്കുന്നതിനുവേണ്ടി മണ്ഡലങ്ങളുടെ പുനർവിഭജനം നടത്തി. 370-ാം വകുപ്പ് റദ്ദ് ചെയ്തതിനെതിരായും ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ചതിനെതിരായും നൽകപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളി.
അവസാനം 2024 സെപ്റ്റംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ തന്ത്രങ്ങളും മെനഞ്ഞിട്ടും നാഷണൽ കോൺഫറൻ സിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. വളരെ പരിമിതമായ അധികാരങ്ങളോടെ ഒമർ അബ്ദുള്ള ഗവൺമെന്റ് ഭരണാധി കാരം ഏറ്റെടുത്തിരിക്കുകയാണ്. എങ്കിലും ജമ്മു കാശ്മീരിന് സംസ്ഥാന പദവി എന്ന കേന്ദ്രം സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം ലഡാക്കിന് ആറാം ഷെഡ്യൂൾ പദവിയും സ്വയംഭരണം നേടിയെടുക്കാനുള്ള ബഹുജന പ്രസ്ഥാനവും അവിടെ വളർന്നുവരുന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ലക്ഷ്യം സംസ്ഥാന പദവി ഉടൻ തന്നെ കൈവരിക്കുന്നതിനും പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമരം തുടരുകയാണ്. വിപുലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കാനായാൽ നവഫാസിസ്റ്റ് പ്രവണതകളെ തടഞ്ഞു നിർത്താനാവും എന്നാണ് ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.
ഫാസിസ്റ്റുകളും നവ ഫാസിസ്റ്റുകളും ഒരേപോലെ ഉപയോഗിക്കുന്ന ഒരു ആയുധമാണ് അപരത്വനിർമ്മിതി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മണിപ്പൂരിൽ നടന്നത്. ഹിന്ദുമത വിശ്വാസികളും ക്രിസ്തുമത വിശ്വാസികളുമായ അവിടുത്തെ ജനത ഒറ്റക്കെട്ടായി ജീവിച്ചു വന്നിരുന്നതാണ്. അവരെ തെറ്റായ പ്രചരണങ്ങളിലൂടെ തമ്മിലടിപ്പിക്കുകയും വൻതോതിൽ ഗോത്ര സംഘർഷം പൊട്ടിപ്പുറപ്പെടു കയും ചെയ്തു. കൊള്ളിവെപ്പ് ബലാത്സംഗം നിരപരാധികളെ തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളും തുടങ്ങിയ കൃത്യങ്ങളാണ് അവിടെ നടത്തപ്പെട്ടത്. സംഘർഷം കാരണം 250 പേർ കൊല്ലപ്പെട്ടു. ഭവനരഹിതരാക്കപ്പെട്ട 60,000 പേർ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്നത് ബിജെപി ഗവൺമെന്റുകളാണ്. എന്നാൽ സംസ്ഥാനത്തിൽ സാധാരണനില പുനസ്ഥാപിക്കുന്നതിലും സമാധാനം കൊണ്ടുവരുന്നതിലും പരാജയപ്പെട്ടു. പ്രധാനമന്ത്രി മോദി ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ നയങ്ങളെ കുറിച്ച് വ്യാപകമായ രോഷം വളർന്നു വന്നെങ്കിലും വളരെ കാലത്തിനുശേഷമാണ് അദ്ദേഹം രാജിവച്ചത്. സുരക്ഷ സൈന്യത്തെ പോലും വളരെ വൈകിയാണ് ഉപയോഗിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും സംഘർഷത്തിൽ ഉൾപ്പെട്ട വ്യത്യസ്ത ഗോതവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനോ മുൻകൈയെടുക്കാൻ കേന്ദ്ര-സം സ്ഥാന ഗവൺമെന്റുകൾ തയ്യാറായിട്ടില്ല. കേന്ദ്ര ഗവൺമെന്റി ന്റെ പ്രവർത്തന രാജ്യത്തെ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കു ന്നതിനും സമാധാനവും സമവായവും സ്ഥാപിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്നു.
ഇന്ത്യയിൽ ഈ അടുത്തകാലത്ത് നടന്ന അപരത്വ നിർമ്മിതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിൽ ഒന്നാണ് മണിപ്പൂർ. l