
സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തതെങ്ങനെ എന്ന കാര്യമാണ് നാം കണ്ടത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളെ തന്നെ എങ്ങനെയാണ് നിഷേധാത്മകമായി ഉപയോഗപ്പെടുത്തുക എന്നതിലും ബിജെപിക്ക് അസാമാന്യമായ വിജ്ഞാനമുണ്ടായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അതോടൊപ്പം അപവാദപ്രചരണങ്ങൾ നടത്തുകയുമാണ് അവർ ചെയ്യുന്നത്.
“ഇന്റർനെറ്റ് ഹിന്ദു വാരിയേഴ്സ്’ എന്ന് സ്വയം വിളിക്കുന്ന ഒരുപറ്റം പ്രവർത്തകർ അവർക്കുണ്ട്. അവർ നിരന്തരമായി മുസ്ലിംവിരുദ്ധവും പ്രതിപക്ഷവിരുദ്ധവുമായ ട്വീറ്റുകൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. വ്യാജ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിലും അവർ വിദഗ്ധരാണ്. ഇതോടൊപ്പം പരിഹാസങ്ങളും കാർട്ടൂണുകളും കെട്ടുകഥകളുമൊക്കെ കടന്നുവരും. അവർ പ്രചരിപ്പിക്കുന്നതൊക്കെ അനുയായികൾ ലൈക്ക് ചെയ്യുകയും റി ട്വീറ്റ് ചെയ്യുകയും ചെയ്യും. അങ്ങനെ ട്വിറ്റർ അസത്യങ്ങളും കള്ളവാർത്തകളും ഊഹാപോഹങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന ഒരു സംഭരണിയായി മാറി. എന്നാൽ മോദിക്കെതിരായി സത്യമെഴുതിയാൽ പോലും അവരെയൊക്കെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. ഭൂരിപക്ഷ മതത്തിനു വേണ്ടി, ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രചാരവേല നടത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടു.
എന്നാൽ ഈ സമയത്ത് മോദി സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അഴുക്ക് നീക്കിക്കകളയുന്നതിന് വേണ്ടി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേരിട്ട് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. വാരണാസിയിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ വച്ചാണ് മോദി ഈ അഭ്യർത്ഥന നടത്തിയത്. ഇന്ത്യയിൽ 125 കോടിയോളം പ്രവർത്തകർ ബിജെപിക്ക് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ പ്രസംഗം. ശുചീകരണം എന്നത് മാനസികമായ വിശുദ്ധി ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. ആൾക്കൂട്ടക്കൊലപാതകം ഒരു കുറ്റകൃത്യമാണെന്ന് 2018ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് നടത്തുന്നത് ബിജെപിക്കാർ ആണെങ്കിൽ അവർക്കെതിരായി കേസെടുക്കാൻ പോലും അവർ ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റു തയ്യാറാവാറില്ല.
മോദി ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും മാനസികമായ വിശുദ്ധിയെക്കുറിച്ചും ഒക്കെ പറഞ്ഞെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മതന്യൂനപക്ഷങ്ങളെയും വംശീയ വിഭാഗങ്ങളെയും ഒക്കെ അധിക്ഷേപിക്കുന്നതുമായ പ്രചരണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. വ്യാജ വാർത്തകൾ പലപ്പോഴും ആൾക്കൂട്ട ആക്രമണങ്ങളിലേക്കും ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ജനങ്ങളെ നയിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളെ പരസ്യമായി മോദി എതിർത്തെങ്കിലും രാജ്യമെമ്പാടും മുസ്ലീങ്ങൾക്കെതിരായും എതിരായും വ്യാപകമായ തോതിൽ ആൾക്കൂട്ട ആക്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മാത്രമല്ല ഇതുവരെ പ്രകടമല്ലാത്ത മറ്റൊരു പ്രവണത കൂടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിങ്ങൾ മോദിക്കെതിരൊ അതൊ അനുകൂലമോ എന്ന രീതിയിലേക്ക് ചർച്ചകൾ പലപ്പോഴും വിഭജിക്കപ്പെട്ടു. മോദിക്കെതിരായി സംസാരിക്കുന്നവരൊക്കെ ദേശവിരുദ്ധരും ഹിന്ദുവിരുദ്ധരുമായി ചിത്രീകരിക്കപ്പെടുകയും അവരൊക്കെ ഭീഷണികൾക്ക് ഇരയാക്കപ്പെടുകയും ചെയ്തു.
അപൂർവം ചില അപവാദങ്ങൾ ഒഴികെ അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾ ഇത്തരത്തിൽ ഇരുധ്രുവങ്ങൾ ആയി തിരിക്കപ്പെട്ടു. പുതിയ ചാനലുകൾ പലതും മോദി അനുകൂലമെന്നും മോദിവിരുദ്ധമെന്നും വേർതിരിക്കപ്പെട്ടു. മോദിക്കെതിരായി നിൽക്കുന്ന ചാനലുകൾക്ക് പലതിനും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായി വന്നു. മാധ്യമങ്ങളും ബുദ്ധിജീവികളും ഒക്കെ വളരെ രൂക്ഷമായ രീതിയിൽ ഇത്തരത്തിൽ രണ്ടായി വേർതിരിക്കപ്പെടുന്നത് ഇന്ത്യയുടെ ആദ്യത്തെ അനുഭവമാണ്.
മോദിക്കെതിരായി എഴുതുന്ന മാധ്യമപ്രവർത്തകർ വൻതോതിൽ ആക്ഷേപത്തിന് വിധേയമായി. മാധ്യമപ്രവർത്തകയായ സ്വാതി ചതുർവേദി അയാം എ ട്രോൾ എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ കാവി പാർട്ടിയുടെ സൈബർ സ്ക്വാഡുകളിൽ നിന്നും അവർക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവർത്തകൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥുമായി തനിക്ക് ബന്ധമുണ്ട് എന്ന് അവകാശപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സംഭവമുണ്ടായി. അവസാനം സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കപ്പെട്ടത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറ്റപ്പെടുത്തിക്കൊണ്ട് പാർലമെന്റിന് മുമ്പിലേക്ക് മാർച്ച് നടത്തി. ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി. നിയമത്തോടും സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയാണ് ഒരു സാമൂഹ്യമാധ്യമ പ്രവർത്തകന് എതിരായി നടന്ന അറസ്റ്റ് എന്ന് ദി ഹിന്ദു വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് കഴിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ചെയ്തത്. ഇതിനെതിരായി അദ്ദേഹത്തിന് ഫോണിലൂടെ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. വലതുപക്ഷക്കാർ ഒന്നടങ്കം അദ്ദേഹത്തെ അപഹസിക്കൻ തയ്യാറായി. അവസാനം അദ്ദേഹം ആ ഫോട്ടോ എടുത്തുകളഞ്ഞു.
കൊമേഡിയനായ ശ്യാം രംഗീല മോദിയെ അനുകരിക്കുന്ന ഒരു ഹാസ്യ വീഡിയോ ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അത് വൈറലായി. എന്നാൽ സ്റ്റാർ പ്ലസ് എന്ന ഹിന്ദി ടെലിവിഷൻ ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശ്യാം രംഗീലയുടെ വീഡിയോ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. നിങ്ങൾ വേണമെങ്കിൽ രാഹുൽ ഗാന്ധിയെ ഹാസ്യമായി അനുകരിച്ചോളൂ; ഞങ്ങൾ അത് പ്രസിദ്ധീകരിക്കാം. എന്നാൽ മോദിയെ അനുകരിച്ചാൽ അത് പറ്റില്ല എന്നാണ് അവർ പറഞ്ഞത്. ബഹുഭാഷാ നടനായ പ്രകാശ് രാജിന് ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ അവസരം കൊടുക്കാറില്ല. അതിന് കാരണം അദ്ദേഹം മോദിയെ വിമർശിക്കുന്നയാളാണ് എന്നതാണ്.
മോദി എല്ലാ ജാതിക്കാരുമായും വർഗ്ഗങ്ങളുമായും ഒക്കെ യോജിച്ചു പോകുന്ന ഒരാളാണ് എന്നാണ് പ്രചരണം. എന്നാൽ അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ ഒന്നിലും ദാരിദ്ര്യം, മാധ്യമസ്വാതന്ത്ര്യം, നീതിന്യായവ്യവസ്ഥ, നിയമനിർമ്മാണ നടപടികൾ എന്നിവയെ സംബന്ധിച്ച് പരാമർശിക്കാറില്ല. ദാരിദ്ര്യ നിർമ്മാർജ്ജനം എന്നതിനെക്കുറിച്ച് അദ്ദേഹം ഉരിയാടുക പോലുമില്ല. മോദി ദരിദ്രരോട് ഒപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളിൽ പോലും ദരിദ്രരുടെ ചിത്രങ്ങൾ ഉണ്ടാവാറില്ല. മതനിരപേക്ഷത എന്ന വാക്കുപോലും അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ പ്രത്യക്ഷപ്പെടാറില്ല.
നവമാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നേരത്തെ സൂചിപ്പിച്ച വ്യാജ പ്രചാരണത്തെ തുടർന്ന് ജനങ്ങൾക്ക് സത്യമെന്ത് വ്യാജവാർത്ത എന്ന് മനസ്സിലാവാത്ത സ്ഥിതി വരെ സംജാതമായി. ഫേസ്ബുക്കിനും വാട്സാപ്പിനും ഒക്കെ ഇക്കാര്യത്തിൽ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട് എന്ന വിധത്തിലുള്ള ചില റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ വിശിഷ്യാ വാട്സാപ്പിൽ വന്ന വ്യാജ വാർത്തകളെ തുടർന്ന് 2018 മെയ്, ജൂൺ മാസങ്ങളിൽ മാത്രം 20 ആളുകളാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത് എന്നാണ് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2019ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ സാമൂഹ്യമാധ്യമ പ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേർക്കുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2019 മെയ് മാസത്തിൽ ഫേസ്ബുക്ക് മാത്രം അത്തരത്തിലുള്ള 20 ലക്ഷം ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത്.
വാട്സ്ആപ്പ് തമാശകളും വ്യാജ്യങ്ങളും ഒക്കെ പരന്നൊഴുകുന്ന ഒരു ചാലായി പ്രവർത്തിക്കാൻ തുടങ്ങി. 2016 ജൂണിൽ ലോകത്തിലെ ഏറ്റവും നല്ല പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ സാംസ്കാരികവിഭാഗം മോദിയെ തെരഞ്ഞെടുത്തതായി ഒരു വ്യാജവാർത്ത വാട്സാപ്പിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ലോകത്തിലെ ഏറ്റവും നല്ല ദേശീയ ഗാനമായി യുനെസ്കോയുടെ സാംസ്കാരിക വിഭാഗം തെരഞ്ഞെടുത്തിരിക്കുന്നു എന്ന വ്യാജ വാർത്തയും വന്നു. ഇതേപോലെ തന്നെയാണ് 2016ൽ പത്തു രൂപ നാണയം റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന വാർത്തയും പ്രചരിപ്പിച്ചത്. ഇതൊക്കെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയെങ്കിലും ജനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ വൻതോതിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവയാണ് എന്ന് ബോധ്യപ്പെടുന്നതിന് സഹായകമായി.
ഫേസ്ബുക്കിന്റെ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെട്ടു. ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ മാർക് സുക്കർബർഗ് അമേരിക്കയിലും ഇന്ത്യയിലും വെച്ച് മോദിയെ പലതവണ സന്ദർശിച്ചതിൽ നിന്നാണ് ഇങ്ങനെയൊരു സംശയം ഉയർന്നുവന്നത്. ഭരണകക്ഷിയുടെ ഒരു വേദിയായി ഇവമാറുന്നതായും സംശയം ഉയർന്നുവന്നു. 2019ൽ സാമും താക്കുർത്തയും എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തെ ഈ വേദികൾ വക്രീകരിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതി. ഫേസ്ബുക്കും അതിന്റെ സഹവേദികളും ബിജെപിയുടെ താല്പര്യങ്ങൾ പ്രചരിപ്പിക്കുന്നതെങ്ങനെയെന്ന് അവർ തുറുന്നു കാണിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഫേസ്ബുക്ക് ബിജെപിക്ക് വേണ്ടി പ്രചാരവേല നടത്തുകയാണെന്ന് തുറന്നടിച്ചു. 2018ൽ സിബിഐ കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.
മേൽ വിശദീകരിച്ച കാര്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത് 2014ലും 2019 ലും 2024ലും ഒക്കെ നടന്ന തെരഞ്ഞെടുപ്പുകളിൽ സാമൂഹ്യമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഇതിനുശേഷം മറ്റു പാർട്ടികളും സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വേണ്ടത്ര വിജയം കാണാനായിട്ടില്ല. സ്വന്തം ഐടി വിദഗ്ധരെയും ആർഎസ്എസ് ശാഖകളെയും ഒക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കുടുംബ ഗ്രൂപ്പുകളിൽ അടക്കം സാന്നിധ്യം അറിയിക്കാനും മധ്യവർഗജനതയെയും യുവത്വത്തെയും ഒക്കെ ആകർഷിക്കുവാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. നേതാക്കൾക്കും ജനങ്ങൾക്കും ഇടയിലുള്ള ദൃശ്യവും അദൃശ്യവുമായ മതിലുകൾ തകർത്തെറിയുകയാണ് സമൂഹമാധ്യമങ്ങൾ നിർവഹിക്കുന്ന കർത്തവ്യം. രാജ്യം ഭരിക്കുന്ന നേതാക്കളെ വിമർശിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള ഒരു വേദിയായി അത് വളർന്നുവന്നിരിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷവും മോദി സാമൂഹ്യ മാധ്യമങ്ങളെയും ഇ‐ഗവേണൻസ് ഉപകരണങ്ങളെയും ഭരണനിർവഹണത്തിനും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങൾ വിവരശേഖരണത്തിനുള്ള ഒരു സ്രോതസ്സായി ഉപയോഗപ്പെടുത്താൻ ബിജെപി ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം തങ്ങളുടെ ഭരണ നയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഒരു ഉപകരണം ആയി സമൂഹമധ്യമങ്ങളെ മോദി ഗവൺമെന്റും അതിലെ മന്ത്രിമാരും നിരന്തരം ഉപയോഗപ്പെടുത്തുന്നു. നിരവധി സർവകലാശാലകളിൽ ഇതിനെക്കുറിച്ച് കേസ് സ്റ്റഡികൾ നടത്തിയിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് രാഷ്ട്രീയപാർട്ടികൾ വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സവിശേഷ ശ്രദ്ധയോടെ പഠിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമായ ഒരു വിഷയമാണ്. l





