എൻ വരദരാജൻ

ഗിരീഷ്‌ ചേനപ്പാടി

മിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ. കേരളത്തിൽ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന നിരവധി പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുള്ള അദ്ദേഹം ഇവിടുത്തെ ബഹുജനങ്ങളുടെ ആരാധന നേടിയ നേതാവാണ്‌.

കമ്യൂണിസ്റ്റ്‌ നേതാവ്‌, ട്രേഡ്‌ യൂണിയനിസ്റ്റ്‌, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം ഉജ്വലമായ വക്തിമുദ്ര പതിപ്പിച്ച ആളാണദ്ദേഹം.

എൻ വി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട എൻ വരദരാജൻ ദിണ്ഡിഗൽ ജില്ലയിലെ വേടച്ചന്തൂർ താലൂക്കിൽ ഉൾപ്പെടുന്ന കന്പിളിപ്പട്ടിയിലാണ്‌ ജനിച്ചത്‌. നാരായണസ്വാമി‐അലമേലു ദന്പതികളുടെ രണ്ടാമത്തെ മകനായി 1925ലാണ്‌ അദ്ദേഹത്തിന്റെ ജനനം.

സന്പന്നകുടുംബത്തിലാണ്‌ വരദരാജൻ ജനിച്ചതെങ്കിലും എട്ടാംക്ലാസിൽ അദ്ദേഹം പഠിത്തം അവസാനിപ്പിച്ചു. തൊഴിലാളികളുടെ ഉയർച്ചയ്‌ക്കും ക്ഷേമത്തിനുംവേണ്ടി പ്രവർത്തിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തൊഴിലാളികളുടെ അവകാശസമര പോരാട്ടങ്ങളിൽ അടിയുറച്ചുനിന്നു പൊരുതിയ അദ്ദേഹം തമിഴകത്തെ വിപ്ലവപ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായി മാറി.

വിദ്യാഭ്യാസം അവസാനിപ്പിച്ച വരദരാജനെ പിതാവ്‌ നാരായണസ്വാമി സൗന്ദരരാജ മില്ലിൽ ജോലിക്കാരനായി ചേർത്തു. തൊഴിലാളിയെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുന്നതിൽ കുട്ടിയായ വരദരാജൻ പ്രശംസിക്കപ്പെട്ടു. എന്നാൽ തനിക്കൊപ്പം ജോലിചെയ്യുന്ന തൊഴിലാളികളുടെ ദയനീയമായ അവസ്ഥ വരദരാജനെ വല്ലാതെ വേദനിപ്പിച്ചു. പകലന്തിയോളം ജോലിചെയ്യുന്ന തൊഴിലാളികൾ നിത്യവൃത്തിക്കായി ഏറെ പാടുപെടുന്നുണ്ടെന്ന കാര്യം വരദരാജന്‌ നേരിട്ടു ബോധ്യപ്പെട്ടു. അദ്ദേഹം അവരെ സംഘടിപ്പിക്കുന്നതിൽ മുഴുകി; ട്രേഡ്‌ യൂണിയൻ രൂപീകരിച്ച്‌ അവകാശസമര പോരാട്ടത്തിന്റെ ആവശ്യകത തൊഴിലാളികളെ ബോധ്യപ്പെടുത്തി. അതോടെ വരദരാജൻ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി. മാനേജ്‌മെന്റ്‌ അദ്ദേഹത്തെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു.

താമസിയാതെ ഒരു പലചരക്കുകടയിൽ ജോലിക്കു ചേർന്നു. കടയുടമ ചുരുളി രാജൻ കമ്യൂണിസ്റ്റ്‌ അനുഭാവിയായിരുന്നു. അദ്ദേഹം കടയിൽ വരുന്നവരോടും പരിചയക്കാരോടുമെല്ലാം കമ്യൂണിസ്റ്റ്‌ ആശയങ്ങളെക്കുറിച്ച്‌ സംസാരിച്ചു; ചൂഷണത്തിലധിഷ്‌ഠിതമായ മുതലാളിത്തവ്യവസ്ഥയെ മാറ്റിമറിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ചു. അത്‌ വരദരാജനെ ആഴത്തിൽ സ്‌പർശിച്ചു. ചുരുളി രാജൻ നൽകിയ ജനശക്തി എന്ന പത്രം ഏറെ താൽപര്യത്തോടെ വരദരാജൻ വായിച്ചു. അതിൽ പറയുന്ന പല കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രമിച്ചു.

നാട്ടിലെ ക്ഷേത്രോത്സവം ഭംഗിയായി നടത്തുന്നതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ ദിണ്ഡിയലിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന്‌ തീരുമാനിച്ചു. ഭാരതിയാർ വാലിബർസംഘം (ഭാരതിയാർ യുവജനസംഘം) എന്ന സംഘടനയും അതിനായി രൂപീകരിച്ചു. എൻ വി അതിന്റെ മുഖ്യ സംഘാടകനായിരുന്നു. അച്ചടക്കത്തോടും അർപ്പണമനോഭാവത്തോടും കൂടിയുള്ള യുവജനങ്ങളുടെ പ്രവർത്തനമികവ്‌ നാട്ടുകാരെ ശരിക്കും ആകർഷിച്ചു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രമുഖ നേതാക്കളായ എസ്‌ ബാലസുബ്രഹ്മണ്യം, എസ്‌ എ തങ്കരാജൻ, മദനഗോപാൽ തുടങ്ങിയവരുമായുള്ള അടുപ്പം വരദരാജനെ കമ്യൂണിസ്റ്റ്‌ പാർട്ടിയോടടുപ്പിച്ചു. ഇതിനിടയിൽ പലചരക്കുകടയിലെ ജോലി മതിയാക്കി ഒരു തയ്യൽകടയിൽ ജോലിചെയ്‌തു.

അതിനിടയിൽ തുകൽ കന്പനിയിലെ തൊഴിലാളികളെ എൻ വി സംഘടിപ്പിച്ചു. അന്ന്‌ തുകൽ തൊഴിലാളികൾക്ക്‌ ദിവസം പതിനാറ്‌ മണിക്കൂർ ജോലി ചെയ്യണമായിരുന്നു. അങ്ങനെ ജോലി ചെയ്‌താലും കിട്ടുന്ന വേതനം തുച്ഛമായിരുന്നു. തുകൽ തൊഴിലാളികളുടെ ജോലിഭാരം കുറയ്‌ക്കുന്നതിനും വേതനവർധനവിനും വേണ്ടി നിരവധി പ്രക്ഷോഭങ്ങൾ വരദരാജന്റെ നേതൃത്വത്തിൽ നടന്നു.

1943ൽ കമ്യൂണിസ്റ്റ്‌ പാർട്ടി അനുഭാവ ഗ്രൂപ്പിൽ എൻ വി അംഗമായി. ദിണ്ഡിഗൽ ജില്ല കാർഷികമേഖലയാണ്‌. നിരവധി ചൂഷണങ്ങൾക്കും ദുരിതങ്ങൾക്കും നിർഭാഗ്യങ്ങൾക്കുമൊക്കെ വിധേയരാകുന്നവരാണ്‌ കർഷകർ. കർഷകരെ സംഘടിപ്പിക്കാൻ കമ്യൂണിസ്റ്റ്‌ പാർട്ടി അദ്ദേഹത്തോട്‌ നിർദേശിച്ചു. അതനുസരിച്ച്‌ ദിണ്ഡിഗൽ ജില്ലയിൽ കർഷകസംഘത്തിന്റെ നിരവധി യൂണിറ്റുകൾ അദ്ദേഹം രൂപീകരിച്ചു.

മധുര ഗൂഢാലോന കേസ്‌
1945‐47 കാലഘട്ടത്തിൽ മധുരയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും ട്രേഡ്‌ യൂണിയനുകളെയും അടിച്ചമർത്താൻ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ബോധപൂർവം ആസൂത്രണം ചെയ്‌തതാണ്‌ മധുര ഗൂഢാലോചന കേസ്‌. ട്രേഡ്‌ യൂണിയൻ നേതാക്കളെ വകവരുത്താൻ കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസിൽ ഗൂഢാലോചന നടത്തി എന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ്‌ വേട്ടയാടിയത്‌. പി രാമമൂർത്തി, എൻ ശങ്കരയ്യ, കെ ടി കെ തങ്കമണി തുടങ്ങിയവരെ പ്രതിചേർത്തായിരുന്നു കേസ്‌ ചാർജ്‌ ചെയ്‌തത്‌. ഈ നേതാക്കളെ ജയിലിൽ അടച്ചു. അതിൽ പ്രതിഷേധിച്ച്‌ ദിണ്ഡിഗൽ ജില്ലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. എൻ വിക്കായിരുന്നു അതിന്റെ നേതൃത്വം. മധുര ഗൂഢാലോചന കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ പിന്നീട്‌ അന്വേഷണത്തിൽ വെളിവായി. സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാളായ 1947 ആഗസ്‌ത്‌ 14ന്‌ കേസിലുൾപ്പെട്ട എല്ലാവരെയും വിട്ടയയ്‌ക്കാൻ കോടതി ഉത്തരവിട്ടു. കേസ്‌ കെട്ടിച്ചമച്ച പൊലീസിനെയും സർക്കാരിനെയും കോടതി നിശിതമായി വിമർശിക്കുകയും ചെയ്‌തു. ഈ വിധി മധുരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‌ വലിയ ആവേശമായി മാറി.

1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞുപിടിച്ച്‌ വേട്ടയാടാൻ സർക്കാരും പൊലീസും തയ്യാറായി. താമസിയാതെ എൻ വരദരാജനും അറസ്റ്റിലായി. മധുര ജയിലിലാണ്‌ അദ്ദേഹത്തെ അടച്ചത്‌. അതിക്രൂരമായ മർദനങ്ങൾക്ക്‌ അദ്ദേഹം വിധേയനായി. 1950 വരെ അദ്ദേഹത്തിന്‌ ജയിലിൽ കഴിയേണ്ടിവന്നു. ഈ കാലയളവിൽ കമ്യൂണിസ്റ്റുകാരെ പലതരത്തിൽ സഹായിച്ച ഒരു പൊലീസുകാരനുണ്ടായിരുന്നു‐ ബാലു. അതിന്റെ പേരിൽ ബാലുവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. വിധി നടപ്പാക്കുന്നതിനു മുന്പ്‌ തങ്ങൾക്ക്‌ ബാലുവിനെ കാണണമെന്ന്‌ വരദരാജൻ ഉൾപ്പെടെയുള്ള തടവുകാർ ആവശ്യപ്പെട്ടു. അതിനെ വിചിത്രമായ ശിക്ഷാ നടപടികളിലൂടെയാണ്‌ ജയിൽ അധികൃതർ നേരിട്ടത്‌. വരദരാജന്റെ തല മൊട്ടയടിച്ചുകൊണ്ടാണ്‌ അവർ പ്രതികാരം വീട്ടിയത്‌.

1959ൽ എൻ വരദരാജൻ ജഗദംബാളിനെ വിവാഹം കഴിച്ചു. വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ആ വിവാഹം. കാരണം ജഗദംബാൾ മറ്റൊരു സമുദായത്തിൽ ജനിച്ച വ്യക്തിയായിരുന്നു. ജാതീയമായ ഉച്ചനീചത്വം തീവ്രമായിരുന്ന (ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുന്നു) തമിഴ്‌നാട്ടിൽ ബന്ധുക്കളുടെ ഇടയിൽനിന്നും പാരന്പര്യവാദികളുടെ ഇടയിൽനിന്നും കടുത്ത എതിർപ്പുണ്ടായി. എന്നാൽ പാർട്ടിയുടെ പിന്തുണയോടെ എതിർപ്പുകളെ അവഗണിച്ച്‌ ജഗദംബാളിനെ ജീവിതപങ്കാളിയാക്കാൻ എൻ വി തയ്യാറായി. സ്വന്തം വിവാഹത്തെത്തന്നെ വലിയ ഒരു സാമൂഹികവിപ്ലവം കൂടിയാക്കി മാറ്റുകയായിരുന്നു അതിലൂടെ എൻ വി.

1946ൽ പാർട്ടി നേതാക്കളെ കൂട്ടത്തോടെ കോൺഗ്രസ്‌ സർക്കാർ അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിട്ടിരുന്നല്ലോ. എൻ വിയെയും പൊലീസ്‌ അതിന്റെ ഭാഗമായി അറസ്റ്റ്‌ ചെയ്‌തു. ഒന്നരവർഷത്തിലേറെക്കാലം കടലൂർ ജയിലിൽ അദ്ദേഹത്തിന്‌ കഴിയേണ്ടിവന്നു.

അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിലിരുന്നുകൊണ്ടാണ്‌ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. പൊലീസിനെ അതിവിദഗ്‌ധമായി പലപ്പോഴും കബളിപ്പിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. 1967ൽ വേടസന്ധൂർ നിയോജകമണ്ഡലത്തിൽനിന്ന്‌ ആദ്യമായി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1977ലും 1980ലും ദിണ്ഡിഗൽ നിയോജകമണ്ഡലത്തിൽ നിന്ന്‌ എൻ വി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയൻ എന്നു തെളിയിക്കാൻ അദ്ദേഹത്തിന്‌ അധികം സമയം വേണ്ടിവന്നില്ല. ജനകീയപ്രശ്‌നങ്ങൾ പഠിച്ച്‌ അതിന്റെ സമഗ്രതയിൽ തന്നെ അവതരിപ്പിക്കുന്നതിൽ അസാമാന്യമായ ശേഷിയാണ്‌ എൻ വി പ്രകടിപ്പിച്ചത്‌. എതിർ രാഷ്‌ട്രീയക്കാർപോലും പലപ്പോഴും ആദരവോടെയാണ്‌ അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളെ വീക്ഷിച്ചത്‌.

സിപിഐ എം മധുര ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായി 1995ൽ തിരഞ്ഞെടുക്കപ്പെട്ടു.

തൊട്ടുകൂടായ്‌മ നിർമാർജനമുന്നണി രൂപീകരിക്കുന്നതിൽ നിർണായക പങ്കാണ്‌ എൻ വരദരാജൻ വഹിച്ചത്‌. മധുര ഉൾപ്പെടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ജാതിമതിൽ പൊളിച്ചുനീക്കുന്നതിന്‌ അദ്ദേഹം ധീരമായ നേതൃത്വം നൽകി.

2012 ഏപ്രിലിൽ കോഴിക്കോട്ടു നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനുശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ അദ്ദേഹം ഏപ്രിൽ 10ന്‌ അന്തരിച്ചു. l

Hot this week

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

Topics

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

അനോമിയെ കുറിച്ച് പറയാൻ ചിലതുണ്ട് 

' "അനോമി " എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം...
spot_img

Related Articles

Popular Categories

spot_imgspot_img