കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ് ഫോക്കിന്റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗം.)  

റ്റ് ഫോക്ക് ഉണ്ടായത് സുഖത്തിൽ നിന്നും സൗകര്യത്തിൽ നിന്നുമല്ല. അതു ജനിച്ചത് പ്രതിരോധത്തിൽ നിന്നാണ്….  പതിനാറു വർഷമായി അതിവിടെയുണ്ട്, അത് വളർന്നു കൊണ്ടേയിരിക്കുന്നുമുണ്ട്….തുടക്കം മുതൽക്കേ, അതൊരു നിഷേധത്തെ കൂടെ  വഹിച്ചിരുന്നു നിശ്ശബ്ദമാക്കപ്പെടുന്നതിനോടുള്ള, കീഴടങ്ങുന്നതിനോടുള്ള, അരികുകൾ മൃദുവാക്കുന്നതിനോടുള്ള നിഷേധം.

ഈ ഭാഷ കേരളത്തിനു സുപരിചിതമാണ്. ഈ നാടിന്റെ ചരിത്രമെഴുതിയിരിക്കുന്നത് അനുസരണയിലല്ല, പോരാട്ടത്തിലാണ് –രാഷ്ട്രീയപ്രക്ഷോഭങ്ങൾ, സാമൂഹ്യമാറ്റങ്ങൾ, ശാസ്ത്രീയചിന്താഗതി, സാംസ്കാരികമായ ദൃഢപ്രസ്താവങ്ങൾ, വിദ്യാഭ്യാസവും അറിവും നേടാനുള്ള സമരങ്ങളും. അതുകൊണ്ടാണ് കേരളം വെറുതെ ഉത്സവങ്ങൾ ഒരുക്കുക മാത്രമല്ല ചെയ്യുന്നതെന്ന് പറയേണ്ടിവരുന്നത് – കേരളം പ്രസ്ഥാനങ്ങളെ, ചലനങ്ങളെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിലൊന്ന് ഇവിടെയാണു നിലനിൽക്കുന്നത്. ഈ നാട്ടിലുണ്ടായ ഏറ്റവും മികച്ച ദൃശ്യകലയുടെ ഉത്സവമാണ് കൊച്ചി ബിയനെയിൽ. അതോടൊപ്പം ഒരു തിയേറ്റർ ഫെസ്റ്റിവൽ ഉയിർക്കൊള്ളുന്നത് –കേവലം വിനോദോപാധി മാത്രമായിട്ടല്ല, ഒരിടപെടൽ കൂടിയായിട്ടാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച മാത്രമായിട്ടല്ല, ഒരു പ്രസ്താവനയായിട്ടാണ്. ഇറ്റ് ഫോക്ക് കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.

അസാദ്ധ്യമായതിനെ സങ്കല്പിച്ചെടുക്കുന്നതിന്റെ. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതിന്റെ. പിൻവാങ്ങാൻ വിസമ്മതിക്കുന്നതിന്റെ. അതൊരു ശബ്ദമായിത്തീർന്നിരിക്കുന്നു – മതിലുകൾ തകർക്കുന്ന ശബ്ദം, ജനങ്ങളോടു സംസാരിക്കുന്ന ശബ്ദം, രോഷത്തെയും, പ്രതീക്ഷയെയും, മാറ്റത്തിനായുള്ള ആവശ്യത്തെയും പ്രതിധ്വനിപ്പിക്കുന്ന ശബ്ദം. ഇത് സംസ്കാരം പ്രതിരോധമാവുന്നതാണ്. ഇത്, കല കർമ്മമാവുന്നതാണ്. ഇതാണ് ഇറ്റ് ഫോക്ക്.

ഞാൻ നന്ദി രേഖപ്പെടുത്തുന്നു, കേരള സംഗീത നാടക അക്കാദമിക്കും കരിവെള്ളൂർ മുരളിക്കും അഭിലാഷ് പിള്ളയ്ക്കും ജലീൽ ടി കുന്നത്തിനും,ഡയറക്ടറേറ്റിന്റെ ഭാഗമാവാൻ ഞങ്ങളെ ക്ഷണിച്ചതിന് .

ഞങ്ങളുടെ ചർച്ചകൾ തീവ്രമായിരുന്നു – പലപ്പോഴും ചൂടേറിയതും – ആഴത്തിൽ ജനാധിപത്യപരവും. ഡയറക്ടറേറ്റിലെ എന്റെ സഹപ്രവർത്തകർക്ക് ഞാൻ നന്ദി രേഖപ്പെടുത്തട്ടെ: ശ്രീലങ്കയിൽ നിന്നുള്ള അതിസമർത്ഥയായ തിയേറ്റർ ഡയറക്ടർ റുവാന്തി ഡി ചിക്കേര, അത്യുജ്ജ്വലകലാകാരരായ ജ്യോതിഷ് എം. ജി, ശ്രീജിത്ത് രമണൻ, അഭിലാഷ് പിള്ള, ജലീൽ ടി കുന്നത്ത്, അവസാനവട്ട സെലക് ഷൻ കമ്മറ്റി അംഗങ്ങളായിരുന്ന മല്ലിക പ്രസാദ്, സുനിൽ ഷാൻബാഗ്, ബാബു അന്നൂർ.

ശക്തമായ നിരവധി സൃഷ്ടികളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നില്ല. നമ്മുടെ വർത്തമാനകാലത്തെപ്പറ്റി സംസാരിക്കുന്ന സൃഷ്ടികൾ എത്തിക്കാനും,ഇന്ത്യയ്ക്കകത്തു നിന്നും, ലോകമെമ്പാടു നിന്നുമുള്ള വൈവിധ്യമാർന്ന രംഗഭാഷകൾ കാണികൾക്കു നൽകാനും ഞങ്ങൾ ശ്രമിച്ചു –എല്ലാം വളരെ പരിമിതമായ സാമ്പത്തികശേഷിക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു.

അസാധാരണശേഷിയുള്ള എല്ലാ നാടകസംഘങ്ങളോടും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു, പ്രത്യേകിച്ച് പാലസ്തീനിൽ നിന്നുള്ള സുഹൃത്തുക്കളോടും, അവരുടെയെല്ലാം അവതരണങ്ങൾ  ഈ ഫെസ്റ്റിവലിന്റെ കരുത്തായി മാറി, നമുക്കെല്ലാം ചിന്തിക്കാനും, ചർച്ച ചെയ്യാനും, വിയോജിക്കാനുമുള്ള ഒരുപാട് ചോദ്യങ്ങൾ സമ്മാനിച്ചു.

വയനാടു നിന്നും, കർണാടകത്തിൽ നിന്നും, അരുണാചൽ പ്രദേശിൽ നിന്നും, തെലുങ്കാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ശക്തമായ സംഗീതം. ഇതു സാധ്യമാക്കിയെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ച ഫെസ്റ്റിവൽ ടീമംഗങ്ങൾക്ക്, അനന്യസാധാരണമായ കാഴ്ചപ്പാടിന്റെയും സമർപ്പണബുദ്ധിയുടെയും ഉടമയായ അഭിലാഷിനും, ജലീലിനും, റെജിക്കും അവരുടെ സംഘാംഗങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.

രേണു രാമനാഥിന്റെ നേതൃത്വത്തിലുള്ള സബ് ടൈറ്റിൽ ടീം, യുവാക്കളായ വളണ്ടിയർമാരും വിദ്യാർത്ഥികളും കാഴ്ചവെച്ച കരുതൽ, ഗതാഗതം കൈകാര്യം ചെയ്തവർ, കരടില്ലാത്ത സംവിധാനങ്ങൾ.. തീർത്തും അസാധാരണം തന്നെയായിരുന്നു.

ജലീലിന്റെ ശാന്തവും പുഞ്ചിരി തൂകുന്നതുമായ മുഖം, സാങ്കേതികവും മാനുഷികവുമായ ഊർജ്ജത്തിന്റെ ഏകോപനത്തിന്റെ ഇടമൊരുക്കുകയെന്ന അസാദ്ധ്യമായ, നടുവൊടിക്കുന്ന അദ്ധ്വാനത്തിനു സൗന്ദര്യവും സ്ഫുടതയും സ്നേഹവും പകർന്നു നൽകി.  തീർച്ചയായും, അദ്ദേഹത്തിന്റെ സുന്ദരമായ സ്വരവും,ഗാനങ്ങളും ഞങ്ങൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും.

ഞാൻ തിരികെ കൊണ്ടുപോകുന്നത് ഈ ഇടം നൽകിയ ഊർജ്ജമാണ് – കാണികളുടെ തിളങ്ങുന്ന കണ്ണുകൾ, ചെറുപ്പക്കാരുടെയും പ്രായമായവരുടെയും,വിവരമുള്ള, ജാഗരൂകരായ, പുതിയ സൃഷ്ടികൾക്കായി ആർത്തിയോടെ കാത്തിരിക്കുന്ന പ്രേക്ഷകർ.അത്തരമൊരു പ്രേക്ഷകസമൂഹം പുലർച്ചെ അഞ്ചു മണി മുതൽ വരി നിൽക്കുന്ന കാഴ്ച ആരെയും വികാരമഗ്നരാക്കാൻ പോന്നതാണ്.  ഇറ്റ് ഫോക്കിന്റെ പ്രേക്ഷകരെ ഞാനഭിവാദ്യം ചെയ്യുന്നു.

ഞാൻ പ്രതീക്ഷിക്കുന്നു, ഇറ്റ് ഫോക്ക് തുടർന്നും സാംസ്കാരിക പ്രതിരോധത്തെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുമെന്ന്,അരികുവൽക്കരിക്കപ്പെട്ടവരെ തിയേറ്ററിലൂടെ എത്തിപ്പിടിക്കുമെന്ന്,പരിശീലനത്തിനുള്ള ഇടങ്ങൾ നിർമ്മിക്കുമെന്ന്,ഈ പ്രസ്ഥാനത്തിന്റെ മദ്ധ്യത്തിലേക്ക് യുവാക്കളെ കൊണ്ടുവരുമെന്ന്. ഒരുപാടു സ്വപ്നങ്ങൾ വിളിച്ചുപറയപ്പെട്ടിട്ടുണ്ട്. പണം അവയെയൊന്നും നിശ്ശബ്ദമാക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 

ഈ ഫെസ്റ്റിവലിനു കൂടുതൽ പിന്തുണ നൽകാൻ ഞങ്ങൾ കേരളസർക്കാരിനോടഭ്യർത്ഥിക്കുന്നു.  അവതരണങ്ങൾക്ക് ഗുണനിലവാരത്തിൽ മികവുള്ള കൂടുതൽ ഇടങ്ങൾ വികസിപ്പിച്ചെടുക്കുകയും, കേരളം മുഴുവൻ പരന്നുകിടക്കുന്ന സാറ്റലൈറ്റ് ഫെസ്റ്റിവലുകൾ രൂപകല്പന ചെയ്യുകയുമെല്ലാം ആവശ്യമാണിവിടെ.  ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഈ ഫെസ്റ്റിവലിനെക്കുറിച്ചുള്ള ദീർഘവീക്ഷണം കൂടുതൽ ആഴത്തിലോടുമെന്ന്, തിയേറ്റർ കൂടുതൽക്കൂടുതൽ മൂർച്ചയോടെ, കൂടുതൽ ധൈര്യത്തോടെ വളരുമെന്ന്. കേരളവും, ഇന്ത്യയും നമുക്ക് സ്വപ്നം കാണാനുള്ള ധൈര്യവും ഭാവനയും പ്രകാശവും നൽകുന്നത് തുടർന്നുകൊണ്ടിരിക്കുമെന്ന്.

ലോകമെമ്പാടുമുള്ള കലാകാരരേ, ഒന്നിച്ചുചേരുക, ദക്ഷിണേഷ്യയിലെമ്പാടും, അതിർത്തികൾക്കപ്പുറത്തേക്ക്, പ്രപഞ്ചത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക്, അടിച്ചമർത്തലിനും, ഫാസിസ്റ്റ് ശക്തികൾക്കുമെതിരെ ഒന്നിച്ചണിനിരക്കുക.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും, നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയിൽ നിന്നും, എല്ലാ ശബ്ദങ്ങളും ഒന്നിച്ച് ഉയരട്ടെ,പല രൂപങ്ങളിലും, പല ഭാഷകളിലും സംസാരിക്കട്ടെ, നിശ്ശബ്ദതയെ തകർത്തെറിയാൻ.

 (മലയാള പരിഭാഷ: രേണു രാമനാഥ്)

Hot this week

ഫ്രീഡം തിയേറ്റർ: ചോരപ്പാടുകൾക്കു മായ്ക്കാനാവാത്ത വിമോചനസ്വപ്നങ്ങൾ

  ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച്, പുതപ്പിനുള്ളിൽചുരുണ്ടുകൂടിക്കിടക്കുമ്പോഴാണ്, ഫോണിൽ വാട്സ് ആപ്പ് കോൾ വരുന്നതു കണ്ടത്....

യുഡിഎഫ്‌ ധവളപത്രം നവലിബറൽ അജൻഡയുടെ തിരിച്ചുവരവ്‌

കേരളത്തിൽ അധികാരത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസം പിന്നിട്ട ഘട്ടമാണിത്. സാധാരണ...

ആഗോള വികസ്വര അവികസിത രാഷ്‌ട്രങ്ങളിലെ ഇടതുപക്ഷം

ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ...

ഡബ്ല്യുടിഒയിൽ സംഭവിക്കുന്നത്

ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ്...

ബിലഹരി എന്ന ബിലംഹരതി

ആരോഹണത്തിൽ അഞ്ച് സ്വരവും അവരോഹണത്തിൽ ഏഴു സ്വരവും, ആരോഹരണത്തിൽ മോഹനവും അവരോഹണത്തിൽ...

Topics

ഫ്രീഡം തിയേറ്റർ: ചോരപ്പാടുകൾക്കു മായ്ക്കാനാവാത്ത വിമോചനസ്വപ്നങ്ങൾ

  ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച്, പുതപ്പിനുള്ളിൽചുരുണ്ടുകൂടിക്കിടക്കുമ്പോഴാണ്, ഫോണിൽ വാട്സ് ആപ്പ് കോൾ വരുന്നതു കണ്ടത്....

യുഡിഎഫ്‌ ധവളപത്രം നവലിബറൽ അജൻഡയുടെ തിരിച്ചുവരവ്‌

കേരളത്തിൽ അധികാരത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസം പിന്നിട്ട ഘട്ടമാണിത്. സാധാരണ...

ആഗോള വികസ്വര അവികസിത രാഷ്‌ട്രങ്ങളിലെ ഇടതുപക്ഷം

ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ...

ഡബ്ല്യുടിഒയിൽ സംഭവിക്കുന്നത്

ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ്...

ബിലഹരി എന്ന ബിലംഹരതി

ആരോഹണത്തിൽ അഞ്ച് സ്വരവും അവരോഹണത്തിൽ ഏഴു സ്വരവും, ആരോഹരണത്തിൽ മോഹനവും അവരോഹണത്തിൽ...

ജെൻസി സോഷ്യലിസത്തെ പേടിക്കുന്ന ഇക്കണോമിസ്റ്റ്‌

അപകടകരമായ ഇടതുപക്ഷത്തിന്റെ അടുത്ത തലമുറ ശക്തിപ്രാപിക്കുന്നു. തിരിച്ചടിക്കാൻ സമയമായി. എന്നാണ് മുതലാളിത്ത...

ക്രിസ്‌റ്റോ ഫാസിസത്തിനൊരാമുഖം

അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും, മഹത്തരവുമായ രാഷ്ട്രീയ പാർട്ടിയെന്ന് ഊറ്റംകൊള്ളുന്ന പ്രസ്ഥാനമാണ് റിപ്പബ്ലിക്കൻ...

സാധ്യമായ മറ്റൊരു ലോകം: കേരളത്തിലെ സഹകരണ മാതൃകകൾ

ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച The Cooperative...
spot_img

Related Articles

Popular Categories

spot_imgspot_img