
വികസന സമ്പദ് ശാസ്ത്ര സിദ്ധാന്ത വിദഗ്ദർ സാധാരണയായി ഉപയോഗിച്ചു പോരുന്ന ഒരു സാങ്കേതിക പദമാണ് ‘മധ്യവരുമാന കെണി’ അഥവാ ‘മിഡിൽ-ഇൻകം ട്രാപ്പ്’ . താഴ്ന്ന വരുമാനമുള്ള (low-income) സമ്പദ്‌വ്യവസ്ഥയിൽ നിന്നും വിജയകരമായി മധ്യവരുമാന (middle-income) നിലവാരത്തിലേക്ക് എത്തിയ ഒരു രാജ്യം അവിടെ നിന്നും മുന്നോട്ടു കുതിക്കാനാവാതെ കിടക്കുന്ന അവസ്ഥയെയാണ് ഈ സാമ്പത്തിക ശാസ്ത്ര സാങ്കേതിക പദം കൊണ്ടുദ്ദേശിക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയെ തരണം ചെയ്ത് ഒരു ഘട്ടം വരെയെത്തിയതിനു ശേഷം , ഉയർന്ന വരുമാനമുള്ള വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഉയരാൻ കഴിയാതെ പോകുന്ന പ്രത്യേക സാമ്പത്തിക ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്. മുതലാളിത്ത ചട്ടക്കൂടിനുള്ളിൽ നിലനിന്നുകൊണ്ട് പാശ്ചാത്യ വികസിത രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്ന വികസ്വര രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പദമാണ് ‘മിഡിൽ-ഇൻകം ട്രാപ്പ്’. ആദ്യമായി നിയോ ലിബറൽ നയങ്ങൾ നടപ്പിലാക്കിയ ബ്രസീൽ , അർജന്റീന തുടങ്ങിയ ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളാണ് ഇതിന്റെ നല്ല ഉദാഹരണങ്ങൾ
വ്യാപകമായ പിന്നോക്കാവസ്ഥയിൽ നിന്നും മധ്യവരുമാന നിലവാരത്തിലേക്കുള്ള ഒരു രാജ്യത്തിന്റെ പരിണാമത്തിന്റെ ആദ്യഘട്ടം സ്വാഭാവികമായും ലക്ഷ്യമിടുന്നത് പശ്ചാത്തല വികസനവും അടിസ്ഥാന വ്യവസായവൽക്കരണവുമായിരിക്കും. ഫ്യൂഡൽ അർദ്ധ ഫ്യൂഡൽ സാമൂഹികാവസ്ഥയിൽ കഴിയുന്ന ഏതൊരു രാജ്യത്തും, കുറഞ്ഞ വേതനം വാങ്ങി പണിയെടുക്കാൻ തയ്യാറുള്ള തൊഴിലാളികളുടെ വൻ തോതിലുള്ള ലഭ്യതയാണ് ഇത് സാധ്യമാക്കുന്ന ഒരു പ്രധാന ഘടകം.അധിനിവേശാനന്തര രാഷ്ട്രങ്ങൾ (Post colonial ) പലതും ഇതിന്റെ നല്ല ഉദാഹരണങ്ങളാണ്. എന്നാൽ, വലിയ സാമ്പത്തിക കുതിപ്പിനാവശ്യമായ ഘടനാപരമായ മാറ്റങ്ങളൊന്നും – ഭൂപരിഷ്ക്കരണം , മനുഷ്യവിഭവശേഷിയുടെ നിലവാരം വർദ്ധിപ്പിക്കാനുള്ള നിക്ഷേപം തുടങ്ങിയവ -നടത്താൻ തയാറാകാത്ത ഭരണവർഗങ്ങൾ, തങ്ങളുടെ രാഷ്ട്രത്തെ മെല്ലെ പ്രതിസന്ധിയിലേക്ക് തള്ളി നീക്കുന്ന കാഴ്ചയാണ് പോസ്റ്റ് കൊളോണിയൽ കാലത്ത് നാം പൊതുവെ കണ്ടു വരുന്നത്. ചെറിയ തോതിലുള്ള സാമ്പത്തിക മുന്നേറ്റം ആദ്യം കൈവരിച്ചതിനു ശേഷം, അവിടെ നിന്ന് ഏറ്റവും ഉയർന്ന തട്ടിലേക്ക് എത്തണമെങ്കിൽ സമ്പദ്‌വ്യവസ്ഥയിൽ അടിസ്ഥാനപരമായ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണ് എന്നത് ഇവിടെ വിസ്മരിക്കപ്പെടുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാൽ പല രാജ്യങ്ങൾക്കും ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം. സമ്പദ്ശാസ്ത്രത്തെ രാഷ്ട്രീയ പ്രക്രിയയിൽ നിന്നും അടർത്തിമാറ്റി കാണാനാവും എന്ന വികസന സമ്പദ് ശാസ്ത്ര വിദഗ്ധരുടെ ആശയപരമായ പ്രതിസന്ധിയുടെ കൂടി ഉല്പന്നമാണ് ‘മിഡിൽ-ഇൻകം ട്രാപ്പ്’ എന്ന പദം.
ഈ പ്രതിഭാസത്തെ കൂടുതൽ മനസ്സിലാക്കാൻ, ഇത്തരമൊരു ഘട്ടത്തിൽ അകപ്പെടുന്നതിനുമുമ്പുള്ള “എളുപ്പത്തിലുള്ള” സാമ്പത്തിക വളർച്ച എങ്ങനെ സാധ്യമായി എന്നത് പരിശോധിക്കേണ്ടതുണ്ട്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ ആദ്യഘട്ടത്തിൽ സാമ്പത്തിക വളർച്ച നേടുന്നതിന്റെ ഒരു പ്രധാന കാരണം , ഉൽപ്പാദനക്ഷമത കുറഞ്ഞ കൃഷിപ്പണികളിൽ നിന്ന് ഉൽപ്പാദനക്ഷമത കൂടിയ നിർമ്മാണ മേഖലകളിലേക്ക് (Manufacturing) ചെറിയൊരു ജനവിഭാഗം മാറുന്നതുകൊണ്ടാണ്. ആഗോള മുതലാളിത്ത ശക്തികൾ പോസ്റ്റ് കൊളോണിയൽ രാജ്യങ്ങളിലെ ചെലവ് കുറഞ്ഞ തൊഴിൽ ശക്തിയെ തങ്ങളുടെ ഉല്പാദന ശൃംഖലയിലേക്ക് കണ്ണി ചേർക്കുന്നതുകൊണ്ടാണ് ഇത് പലപ്പോഴും സാധ്യമാകുന്നത്. കുറഞ്ഞ കൂലിക്ക് ലഭ്യമാകുന്ന ധാരാളം തൊഴിലാളികൾ എന്ന ഘടകം ആഗോള കുത്തക കമ്പനികൾക്ക് വലിയ തോതിൽ സ്വീകാര്യമാകുന്നു. അവരുടെ ഫാക്ടറികൾ ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഉയരുന്നു . ഇത് കയറ്റുമതി വർദ്ധിപ്പിക്കുകയും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) പെട്ടെന്നുള്ള വളർച്ചയുണ്ടാക്കുകയും ചെയ്യുന്നു. ഇതിനു സമാന്തരമായി കയറ്റുമതിയുന്മുഖമായ സാമ്പത്തിക തന്ത്രമാണ് വേണ്ടത് എന്ന ആശയം ബൈബിൾ വചനം പോലെ പ്രചരിപ്പിക്കപ്പെടുന്നു. ആവശ്യമായ കുറിപ്പടികളും നിർദേശങ്ങളും ഐ എം എഫും ലോകബാങ്കും പകർന്നു നൽകുന്നു . അമേരിക്കൻ സർവകലാശാലകളിലെ ബിസിനെസ്സ് സ്‌കൂളുകളിൽ നിന്നുമുള്ള ബിരുദധാരികൾ ഇതിനാവശ്യമായ ആശയ പരിസരമൊരുക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ഈ നയങ്ങളുടെയൊക്കെ നടത്തിപ്പുകാരായി മാറുന്നു. രാജ്യത്ത് അവിടെയും ഇവിടെയുമുണ്ടാകുന്ന സമൃദ്ധിയുടെ ചിഹ്നങ്ങൾ ആരെയും അമ്പരിപ്പിക്കുന്നു. ആദ്യമായി തങ്ങളുടെ നാട്ടിൽ വന്ന ഷോപ്പിംഗ് മോൾ സന്ദർശിക്കുന്ന ഗ്രാമീണരെപ്പോലെ, അതിശയത്തോടെ മുതലാളിത്ത വികസന പ്രക്രിയ സൃഷ്ടിച്ച അത്ഭുതങ്ങളെ അമ്പരപ്പോടെ ജനങ്ങൾ വീക്ഷിക്കുന്നു. (മുതലാളിത്തത്തിന്റെ കെട്ടുകാഴ്ചയാണ് – spectacle of capitalism – ഷോപ്പിംഗ് മോളുകൾ എന്ന് വാൾട്ടർ ബെഞ്ചമിൻ പറഞ്ഞത് ഇതിനോട് ചേർത്ത് വെച്ച് വായിക്കാം.)
എന്നാൽ അടിസ്ഥാനപരമായ, ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാതെ നടത്തുന്ന ആദ്യഘട്ടത്തിലെ ഈ വിജയം പിന്നീട് സ്വാഭാവികമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇതിലേക്ക് നയിക്കുന്ന സാമ്പത്തിക ഘടകങ്ങളിൽ ചിലത് ഇവയാണ്. ഇവ പ്രതിഫലിപ്പിക്കപ്പെടുന്നത് താഴെപ്പറയുന്ന രീതികളിലായിരിക്കും
കൂലിനിരക്കുകളിൽ ക്രമേണ വരുന്ന വർധനയോടെ ആഗോള തൊഴിൽ കമ്പോളത്തിലെ മെച്ചം നഷ്ടപ്പെടുന്നു. ഇത് low skill നെയും cheap labour നെയും അടിസ്ഥാനമാക്കിയ ഉല്പാദന പ്രവർത്തങ്ങൾക്ക് നടത്താൻ ഒഴുകിയെത്തുന്ന അന്താരാഷ്ട്ര മൂലധനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, വില കുറഞ്ഞ തൊഴിൽ ശക്തിയെ അടിസ്ഥാനമാക്കിയുള്ള വസ്ത്ര നിർമാണം കളിപ്പാട്ടങ്ങളുടെ നിർമാണം തുടങ്ങിയ ഉല്പാദനപ്രവർത്തനത്തിലൂടെ ഉണ്ടായ ചലനാത്മകത ഈ കൂലി വർധന നഷ്ടപ്പെടുത്തുന്നു. ഒരു ടി-ഷർട്ട് നിർമ്മിക്കാനോ ഒരു കളിപ്പാട്ടം കൂട്ടിയോജിപ്പിക്കാനോ ഉള്ള ലോകത്തിലെ ഏറ്റവും “ചെലവ് കുറഞ്ഞ” ഇടമല്ലാതായി ആ രാജ്യം മാറുന്നു. കൂടുതൽ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ആളുകളുള്ള പ്രദേശത്തേക്ക് ആഗോള മൂലധനം ചുവടു മാറുന്നു .
മത്സരശേഷി നഷ്ടപ്പെടൽ: വിയറ്റ്നാം, ബംഗ്ലാദേശ് പോലുള്ള കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ വിലക്കുറവിന്റെ കാര്യത്തിൽ ഈ മധ്യവരുമാന രാജ്യങ്ങളെ (ഉദാഹരണത്തിന് തായ്‌ലൻഡ് അല്ലെങ്കിൽ ബ്രസീൽ) പിന്നിലാക്കുന്നു. അതേസമയം, വികസിത രാഷ്ട്രങ്ങൾ കൂടുതൽ ഉയർന്ന സാങ്കേതിക ശേഷി കൈവരിക്കുന്നു . ജർമ്മനി , ദക്ഷിണ കൊറിയ പോലുള്ള വികസിത രാജ്യങ്ങൾ ഗുണമേന്മയുടെയും നവീന ആശയങ്ങളുടെയും (Innovation) കാര്യത്തിൽ മധ്യ വരുമാന രാജ്യങ്ങളെക്കാൾ ഏറെ മുന്നിലെത്തുന്നു.
“ഞെരുക്കപ്പെട്ട” മധ്യവർത്തി അവസ്ഥ: കുറഞ്ഞ ചെലവിൽ മത്സരിക്കാൻ സാധിക്കാത്തത്ര ചെലവ് കൂടുകയും അതെ സമയം ഗുണമേന്മയിലോ സാങ്കേതിക വിദ്യയിലോ മത്സരിക്കാൻ ആവശ്യമായ പുരോഗതി കൈവരിക്കാനാകാതെ പോവുകയും ചെയ്യുന്നു
സ്ഥായിയായ സാമ്പത്തിക പുരോഗതിക്ക് അടിസ്ഥാനപരമായ ഘടനാപരമായ പരിഷ്‌കാരങ്ങളും രാജ്യ താല്പര്യങ്ങളെ മാത്രം മുൻനിർത്തിയുള്ള നയങ്ങളും അനിവാര്യമാണ് എന്ന യാഥാർഥ്യത്തിലേക്കാണ് ഇത് പ്രാഥമികമായി വിരൽ ചൂണ്ടുന്നത് . അതുപോലെ തന്നെ ഉയർന്ന ഗുണമേന്മയുള്ള തൊഴിൽ ശേഷിയുള്ളവരെ സൃഷ്ടിക്കാനാവശ്യമായ നിക്ഷേപങ്ങൾ വിദ്യാഭ്യാസത്തിലും പൊതു ആരോഗ്യരംഗത്തും മുടക്കുകയും ചെയ്യണം. ആഗോള മൂലധന താല്പര്യങ്ങളുടെ പാവയായി മാറാതിരിക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളെയും അവരുടെ സാമ്പത്തിക വിദഗ്ധരുടെയും കുറിപ്പടികൾ അതേപടി നടപ്പിലാക്കുകയും ചെയ്യാതിരിക്കുക എന്നതാണ് ഇതിൽ സുപ്രധാനം. സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിപ്പിക്കുക എന്നതിനേക്കാളുപരി, വളർച്ചയുടെ രീതിശാസ്ത്രം തന്നെ ഇക്കാര്യത്തിൽ മാറേണ്ടതുണ്ട്. വിലകുറഞ്ഞ വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ചയിൽ നിന്ന് ഉൽപ്പാദനക്ഷമതയെ (Productivity) അടിസ്ഥാനമാക്കിയുള്ള വളർച്ചയിലേക്ക് മാറാൻ സാധിച്ചാൽ മാത്രമേ ഈ കെണിയിൽ നിന്നും പുറത്തു കടക്കാനാകൂ. ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ ഇവയാണ്:
1. നവീന ആശയങ്ങളുടെ അഭാവം (The Innovation Deficit) വിദേശ സാങ്കേതികവിദ്യകൾ കടമെടുത്ത് ഉല്പാദന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് വികസ്വര രാഷ്ട്രങ്ങൾ പൊതുവെ ചെയ്തു പോരുന്നത്. അവ ഉപയോഗിച്ചാണ് പുരോഗതി നേടുന്നത്. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറണമെങ്കിൽ, കടമെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാൽ മാത്രം പോരാ, മറിച്ച് സാങ്കേതിക വിദ്യകളിൽ സ്വയം പര്യാപ്തത നേടണം. അവ സ്വന്തമായി നിർമ്മിക്കാൻ തുടങ്ങണം. ഇതിന് ഗവേഷണ-വികസന മേഖലകളിൽ (R&D) വൻതോതിലുള്ള നിക്ഷേപം ആവശ്യമാണ്. പല രാജ്യങ്ങളും ഇവിടെ പരാജയപ്പെടുന്നു; കാരണം അവിടുത്തെ സ്വകാര്യ മേഖലകൾ പുതിയ കണ്ടെത്തലുകൾക്കായി ദീർഘകാല നിക്ഷേപം നടത്തുന്നതിനേക്കാൾ, നിലവിലുള്ള വ്യവസായങ്ങളിൽ നിന്നുള്ള ചുരുങ്ങിയ കാലത്തെ ലാഭത്തിൽ തൃപ്തിയടയുന്നു.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ ഐ ടി മേഖല. വികസിത രാഷ്ട്രങ്ങളിലെ കമ്പനികൾക്കാവശ്യമായ സോഫ്ട്‍വെയറുകൾ നിർമിക്കാനാവശ്യമായ സ്കില്ലുകൾ മാത്രമുള്ള സോഫ്ട്‍വെയർ എൻജിനീയർമാരെ supply ചെയ്യുക എന്നതാണ് നമ്മുടെ നാട്ടിലെ ഏതാണ്ടെല്ലാ ഐ ടി കമ്പനികളും ചെയുന്നത് . Body shopping എന്ന പേരിലറിയപ്പെടുന്ന ഈ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണ് ഏറ്റവും മുന്തിയ ഐ ടി കമ്പനികളായ ഇൻഫോസിസ് ,ടി സി എസ് തുടങ്ങിയവയെല്ലാം. സ്വന്തമായി ഉത്പന്നങ്ങളുണ്ടാക്കാനോ ,അവയ്ക്ക് പേറ്റന്റ് എടുക്കാനോ ഒന്നും ഇവർക്ക് താല്പര്യമില്ല . നിർമിതബുദ്ധിയുടെയും അവയെ ആസ്പദമാക്കിയ ഉല്പാദനപ്രക്രിയകളുടെയും കടന്നുവരവോടെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നിലയിൽ നിന്നുമുള്ള തകർച്ച നമ്മുടെ ഐ ടി മേഖല നേരിടുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
2. മനുഷ്യവിഭവശേഷിയും വിദ്യാഭ്യാസവും
കുറഞ്ഞ സ്കില്ലുകൾ മാത്രം ആവശ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ ആവശ്യമായ വിദ്യാഭ്യാസ രീതിയല്ല ഉയർന്ന സാങ്കേതിക ശേഷിയുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെയും ബയോടെക് ഗവേഷകരെയും ഉന്നതതല മാനേജർമാരെയും സൃഷ്ടിക്കാൻ വേണ്ടത്. പല മധ്യവരുമാന രാജ്യങ്ങളിലും നേരിടുന്ന പ്രശ്നമാണ് Skills mismatch. ചില പ്രത്യേക തരം തൊഴിലുകളുണ്ട്. എന്നാൽ അവ ചെയ്യാൻ ആവശ്യമായ കഴിവുകളുള്ള തൊഴിലാളികളില്ല . നമ്മുടെ സർവ്വകലാശാലകളിൽ നിന്ന് പുറത്തിറങ്ങുന്ന ബിരുദധാരികൾക്ക് ആധുനികവും ഉയർന്ന മൂല്യമുള്ളതുമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ സാങ്കേതികമോ സർഗ്ഗാത്മകമോ ആയ കഴിവുകൾ പലപ്പോഴും ഉണ്ടാകാറില്ല.
3. ക്രോണി ക്യാപിറ്റലിസം
ഒട്ടുമിക്ക മധ്യവരുമാന രാജ്യങ്ങളിലെയും ഭരണ വർഗം കോർപ്പറേറ്റ് താല്പര്യങ്ങളുടെ മാത്രം സംരക്ഷകരാണ്. അവരുടെ വ്യവസായിക താല്പര്യവും ലാഭവും സംരക്ഷിക്കുക എന്നത് മാത്രമാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ഹ്രസ്വകാല പദ്ധതികൾ മാത്രമാണ് അവർ നടപ്പിലാക്കുന്നതും. ഉന്നത രാഷ്ട്രീയ നേതൃത്വവും അതിസമ്പന്ന വ്യവസായികളും തമ്മിലുള്ള അവിശുദ്ധ സഖ്യങ്ങൾ അങ്ങിനെയാണ് രൂപപ്പെടുന്നത്. നിലവിലുള്ള അവസ്ഥയിൽ നിന്ന് നേട്ടമുണ്ടാക്കുക എന്നതിനുപരിയായ ലക്ഷ്യങ്ങൾ ഒന്നും തന്നെ അവർക്കില്ല. ഇത് രാജ്യത്തിന്റെ കുതിപ്പിനെ ആത്യന്തികമായി തടയുന്നു. ഒരു രാഷ്ട്രത്തിന് ഉയർന്ന വരുമാന പദവിയിലേക്ക് നീങ്ങണമെങ്കിൽ കുത്തകകളുടെ നിയന്ത്രണത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയത്തെയും മോചിപ്പിക്കേണ്ടതുണ്ട്.




