കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

പിണറായി വിജയൻ

ലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പണ്ഡിതരേയും ഗവേഷകരേയും പൊതുപ്രവർത്തകരേയും ഭരണകർത്താക്കളേയും സാമൂഹ്യപ്രവർത്തകരേയും ഒരേ വേദിയിൽ കാണാൻ കഴിയുന്നത് കേരളത്തിന് അഭിമാനകരമായ അനുഭവമാണ്. അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഈ ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം.

ഇതൊരു ക്രിയാത്മക സംവാദത്തിന്റെ വേദി കൂടിയാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ സാമൂഹികമായ അടിത്തറ പാകിയ കേരളത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിച്ചത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. ഓരോ കാലഘട്ടത്തിലും ഉൾക്കൊള്ളേണ്ടവയെ ഉൾക്കൊണ്ടും നവീകരിക്കേണ്ടതിനെ നവീകരിച്ചും പിന്നിൽ ഉപേക്ഷിക്കേണ്ടതിനെ പിന്നിൽ ഉപേക്ഷിച്ചും മുന്നോട്ടുപോകാൻ കേരളത്തെ പ്രാപ്തമാക്കിയത് കമ്യൂണിസ്റ്റു പ്രസ്ഥാനം കാലാകാലങ്ങളിൽ ഉയർത്തിക്കൊണ്ടുവന്ന കാഴ്ചപ്പാടുകളാണ്. അവയെ പുതിയ കാലത്തിനനുസൃതമായി പുതുക്കിപ്പണിയാൻ ഉതകുന്ന ആശയങ്ങളുടെയും സംവാദങ്ങളുടെയും വേദി കൂടിയാണ് ഈ പഠന കോൺഗ്രസ്.

ഈ പഠന കോൺഗ്രസിന് മുൻകാല കോൺഗ്രസുകളിൽ നിന്ന് വ്യത്യസ്തമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പത്ത് വർഷത്തെ എൽ ഡി എഫ് തുടർഭരണത്തിന്റെ അനുഭവങ്ങളും പഠനങ്ങളും, മുന്നോട്ടുള്ള വഴിയേക്കുറിച്ചുള്ള ചർച്ചകളും ഒന്നിച്ചുചേരുന്ന ഒരു ഘട്ടത്തിലാണ് നാം ഇന്ന് ഇവിടെ കൂടിയിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുന്നണി പത്ത് വർഷം തുടർച്ചയായി ഭരണത്തിൽ തുടരുന്നത്. ഈ പത്ത് വർഷഘട്ടത്തെ കേവലമായ ഒരു ഭരണകാലയളവു മാത്രമായി കണ്ടാൽപ്പോര. നവകേരള സൃഷ്ടിക്കായി ഉറച്ച വികസനാടിത്തറ ഒരുക്കിയ ഒരു കാലഘട്ടമായാണ് അതിനെ വിലയിരുത്തേണ്ടത്.

നമ്മുടെ ലക്ഷ്യം വ്യക്തമാണ്. ഭാവി കേരളം നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും സ്വപ്നങ്ങളിൽ ഉള്ള കേരളമായിരിക്കണം. അത് ഒരു ഉപഭോക്തൃ സംസ്ഥാനമായി കേവലം ചുരുങ്ങരുത്. ലോകനിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനും ലോകത്തിന് സംഭാവന നൽകാനും കഴിയുന്ന മനുഷ്യവിഭവശേഷിയുടെ കേന്ദ്രമായി കേരളം മാറണം. ഈ ലക്ഷ്യത്തിലേക്ക് നീങ്ങാൻ വേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹിക ഐക്യവും നമുക്ക് ഉണ്ടാകണം. അതിന് ആവശ്യമായ നയങ്ങളും പദ്ധതികളും പരിപാടികളും ഓരോ മേഖലയിലും വ്യക്തമായി പ്രതിഫലിക്കണം. ഈ സമഗ്ര സംവാദത്തിനുള്ള വലിയ വേദിയാവുകയാണ് അഞ്ചാമത് കേരള പഠന കോൺഗ്രസ്.

വരുംകാല കേരളം എന്താവണം, എങ്ങനെയാവണം, ആഗോള വൈജ്ഞാനിക വിപ്ലവത്തിന്റെ ശക്തിചൈതന്യങ്ങളെ നമുക്ക് എങ്ങനെ ഇവിടെ എത്തിക്കാനാവണം. അതിന്റെകൂടി അടിസ്ഥാനത്തിൽ ഒരു വൈജ്ഞാനിക സമ്പദ്ഘടനയും വിജ്ഞാനസമൂഹവും സൃഷ്ടിക്കാൻ എന്തൊക്കെ വേണം. ഇതിന്റെ ഭാഗമായി എങ്ങനെ ആധുനിക വിഷയങ്ങളിലെ നൈപുണികളിലേക്കു പുതിയ തലമുറയെ ആകർഷിക്കാനും അതിൽ സജ്ജരാക്കാനും അങ്ങനെ ആഗോളതല മത്സരങ്ങളിൽ വിജയപ്രാപ്തിയുറപ്പാക്കാൻ കഴിയുന്ന പ്രഗത്ഭരായി അവരെ മാറ്റാനും കഴിയണം – ഇതൊക്കെ സംബന്ധിച്ച ക്രിയാത്മകമായ ബ്ലൂപ്രിന്റ് ഇവിടെ നടക്കുന്ന ചർച്ചകളിലൂടെ ഉരുത്തിരിയണം.

നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ആഗോള വൈജ്ഞാനിക – സാമ്പത്തിക സഹകരണം സാധ്യമാക്കാൻ കേരളത്തെ പൂർണ്ണമായി അനുവദിക്കുന്ന ഒരു ഭരണസംവിധാനമല്ല ഇന്ത്യയിലുള്ളത്. ഇത് ഒരു പരിമിതിയാണ്. എന്നാൽ ഈ പരിമിതിയെ പഴിച്ച് നിസ്സംഗതയിലോ നിഷ്‌ക്രിയത്വത്തിലോ തളഞ്ഞുകിടക്കാൻ പോവുകയല്ല നാം. ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ, അതനുവദിക്കുന്ന എല്ലാ സാധ്യതകളെയും ഉപയോഗിച്ച് വികസിതാവസ്ഥയിലേക്കു കേരളത്തെ ഉയർത്താനാണു പോവുന്നത്. ഇതിൽ സംശയം വേണ്ട.

നമ്മുടെ കൊച്ചുകേരളം എന്നു പറയുന്ന അപകർഷതാബോധത്തിന്റെ രീതി ഇനി വേണ്ട. നമ്മുടെ മഹത്തായ കേരളം എന്നു പറയുന്ന ആത്മവിശ്വാസത്തിന്റെ രീതി മതി ഇനി നമുക്ക്. ആ ആത്മവിശ്വാസത്തിനു ബലം നൽകാൻ വേണ്ടത്ര വിഭവങ്ങളും അതുപയോഗിക്കാനുള്ള കേരളീയത എന്ന വികാരവും നമുക്കുണ്ട്. ആരുടെയും കനിവിനു കാത്തുനിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണു നാം ഉദ്ദേശിക്കുന്നത്.

നവകേരളം സാധ്യമാക്കാൻ തന്നെയാണു പോവുന്നത്. ഇത്തരം ഒരു കുതിച്ചുചാട്ടത്തിന്റെ ഘട്ടത്തെയാവണം ഈ പഠന കോൺഗ്രസ് ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത്. അതാവണം ഇതുവരെയുള്ളവയിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്ന ഘടകം. അതേസമയം ഇതുവരെയുള്ളവയുടെ തുടർച്ചയാവുംതാനും.

1994-ൽ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ കേരള പഠന കോൺഗ്രസ് നമ്മുടെ വികസനാസൂത്രണ ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമായിരുന്നു. തുടർന്ന് 2005, 2011, 2016 എന്നീ വർഷങ്ങളിൽ നടന്ന പഠന കോൺഗ്രസുകൾ കേരളത്തിന്റെ വികസന പാതയെക്കുറിച്ച് ദിശാസൂചന നൽകുന്ന ഇടപെടലുകളായി മാറി. അഞ്ചാമത്തെ കോൺഗ്രസ് 2021-ൽ നടക്കേണ്ടിയിരുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അത് മാറ്റിവയ്‌ക്കേണ്ടിവന്നു. പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും നാം ഒത്തുകൂടുമ്പോൾ, അനുഭവസമ്പത്തും വെല്ലുവിളികളും അവസരങ്ങളും മുമ്പിലുണ്ട്.

നാം ഒരു വലിയ ലക്ഷ്യം നിർവചിച്ചു കഴിഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കണം. ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാജ്യങ്ങളിലെ നിലവാരത്തിനോട് അടുത്തു നിൽക്കുന്ന നില കൊണ്ടുവരണം. ഈ ലക്ഷ്യം നിറവേറ്റുകയാണ് ഇനിയുള്ള കാലഘട്ടത്തിൽ എൽ ഡി എഫ് സർക്കാരുകളുടെ ദൗത്യം. സർക്കാർ വകുപ്പുകളുടെയെല്ലാം പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തിന് അനുസരിച്ച് ചിട്ടപ്പെടുത്തണം. അതേസമയം, കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തമാക്കുന്ന നമ്മുടെ സാമൂഹ്യക്ഷേമ പാരമ്പര്യം ദുർബലപ്പെടാനും പാടില്ല. ലോകത്തിനുതന്നെ മാതൃകയായ സാമൂഹ്യക്ഷേമ ഇടപെടലുകൾ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ വികസിത നവകേരളം സൃഷ്ടിക്കാനാകും. ആ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ തന്നെ ചില പ്രതിസന്ധികളെ തിരിച്ചറിയാനും അവയെ തരണം ചെയ്യാനും നമുക്കു കഴിയേണ്ടതുണ്ട്.

രാജ്യത്തിന്റെ ജനസംഖ്യയുടെ 2.59 ശതമാനം കേരളത്തിൽ നിന്നാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന നികുതിവിഹിതം 1.92 ശതമാനവും. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.9 ആയിരുന്ന വിഹിതമാണ് ഇപ്പോൾ ഈ നിലയിലേക്ക് വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നത്. വായ്പാപരിധിയിൽ പോലും വെട്ടിക്കുറവുണ്ടായി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 2 ലക്ഷം കോടിയോളം രൂപ കേന്ദ്രം നിഷേധിച്ചു. നികുതിവിഹിതത്തിലെ മാറ്റം വഴി 15,000 കോടിയോളം രൂപ കേരളത്തിനു നഷ്ടമായി.

കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് കേന്ദ്രവിഹിതം. മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് 80 ശതമാനം വരെയുണ്ട്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനാൽ സാമ്പത്തികമായി ഞെരുക്കപ്പെട്ട ഒരു ഘട്ടത്തിലാണ് കേരളം നേട്ടങ്ങളെ കൈയെത്തിപ്പിടിച്ചത് എന്ന സവിശേഷത കൂടിയുണ്ട്.

ഇന്ന് പ്രമുഖ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാന കണക്കിൽ പതിനൊന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് കേരളം ഉയർന്നിട്ടുണ്ട്. ഇതടക്കം പലതും, ശരിയായ വികസനപാതയിലാണ് നാം എന്നതിന്റെ തെളിവുകളാണ്. എന്നാൽ ഇതിൽ തൃപ്തിപ്പെട്ട് ഒതുങ്ങിക്കൂടാൻ നമുക്കാവില്ല. ലക്ഷ്യത്തിലെത്താനുള്ള വേഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള മാർഗങ്ങളാണ് നാം ഇന്ന് ചർച്ച ചെയ്യേണ്ടത്.

ലോകം അതിവേഗം മാറുകയാണ്. തൊഴിൽസംസ്‌കാരത്തിലും ഉത്പാദനത്തിലും തുടങ്ങി മനുഷ്യരുടെ നിത്യജീവിതത്തിൽ വരെ ആ മാറ്റം പ്രകടമാണ്. ലോകത്താകെയുള്ള സ്ഥിതി പരിശോധിച്ചാൽ രണ്ട് ഘടകങ്ങളെക്കുറിച്ച് നമ്മൾ പുനർവിചിന്തനം നടത്തേണ്ട ഘട്ടമാണ്. ഒന്ന്, ഡവലപ്പ്‌മെന്റ് അഥവാ വികസനം. രണ്ട്, ഡെമോക്രസി അഥവാ ജനാധിപത്യം. ഇവ രണ്ടും അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ലോകത്ത് നടപ്പാക്കപ്പെടുന്നുണ്ടോ?

മുതലാളിത്തത്തിന് വളരാനും അതുവഴി സമ്പന്നർക്ക് അതിസമ്പന്നരായി മാറാനുമുള്ള ഉപാധിയായി വികസനം മാറിക്കൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന് പഥ്യമല്ലാത്ത ജനാധിപത്യ സർക്കാരുകൾ പോലും അട്ടിമറിക്കപ്പെടുന്നു. ജനാധിപത്യത്തെ ഒരു ടൂളായി ഉപയോഗിച്ചു കൊണ്ട് വർഗ്ഗീയശക്തികൾ വ്യാജമാർഗ്ഗങ്ങളിലൂടെ അധികാരത്തിലേക്ക് എത്തുന്നു. ഈയൊരു കാലഘട്ടത്തിലാണ് നാം വികസനത്തേയും ജനാധിപത്യത്തേയും എങ്ങനെ സമീപിക്കുന്നുവെന്ന ചർച്ചകൾ ഉണ്ടാകേണ്ടത്.

സർവ്വതല സ്പർശിയായ വികസനവും ഇൻക്ലൂസീവായ ജനാധിപത്യവും നിർമ്മിച്ചെടുക്കാൻ ലോകമെങ്ങുമുള്ള പുരോഗമന ചിന്താഗതിക്കാർ പുനരർപ്പിക്കേണ്ട സമയമാണിത്. ആ ദിശയിലുള്ള വാതിൽ തുറക്കുന്നതാവും ഈ കേരള പഠന കോൺഗ്രസ്.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലം നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് ഉറച്ച അടിത്തറ ഒരുക്കാൻ സഹായിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആശയം നാം സമഗ്രമായി പുതുക്കി എഴുതി. റോഡുകളും പാലങ്ങളും മാത്രമല്ല, എല്ലാവർക്കും ഗുണമേന്മയുള്ള പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ഡിജിറ്റൽ ബന്ധം എന്നിവയെല്ലാം വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കണ്ടു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നവകേരളം എന്താകണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ കഴിഞ്ഞു. ഇനി അവിടെ നിന്ന് മുന്നോട്ടുപോകണം. അതാണു നമ്മുടെ ചുമതല.

ലോകമെമ്പാടുമുള്ള പണ്ഡിതസമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ച ‘കേരള വികസന മാതൃക’യെ കാലാനുസൃതമായി പുതുക്കിപ്പണിയുക എന്നതാണ് ഇന്നത്തെ വലിയ ദൗത്യം. കേരള വികസന മാതൃകയുടെ അടിസ്ഥാന ഘടകങ്ങൾ – മനുഷ്യവികസന സൂചികകളിലെ മുന്നേറ്റം, ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങൾ, സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുന്ന നയങ്ങൾ എന്നിവയൊക്കെയാണ്. കഴിഞ്ഞ പത്ത് വർഷമായി ഈ പാരമ്പര്യത്തെ നവകാല സാഹചര്യങ്ങൾക്ക് അനുയോജ്യമായി പുതുക്കിയെഴുതാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്.

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടുന്ന പ്രാഥമിക മേഖല കേരള സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. കാലാവസ്ഥാ മാറ്റം, ചെലവുകളുടെ വർദ്ധന, വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികൾ ഈ മേഖലകൾ നേരിടുന്നു. ഉത്പാദനക്ഷമത ഉയർത്തുക, മൂല്യവർദ്ധനവ് ഉറപ്പാക്കുക, വിപണികളുമായി ഉത്പാദകരെ ബന്ധിപ്പിക്കുക ഇവയൊക്കെയാണ് അടുത്ത ഘട്ടത്തിലെ കടമ.

അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക കാര്യക്ഷമതയും ജീവിതനിലവാരവും ഒരുമിച്ച് മെച്ചപ്പെടുത്താനുള്ള ഉപാധിയാണ്. കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതകളും കണക്കിലെടുത്ത് സൂക്ഷ്മമായ ആസൂത്രണം അനിവാര്യമാണ്. ഗതാഗതം, ഡിജിറ്റൽ ബന്ധം, സ്ഥലോപയോഗ ആസൂത്രണം എല്ലാം ജനങ്ങളെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണ്.

പരിസ്ഥിതി സംരക്ഷണം വികസനത്തിൽ നിന്ന് വേർതിരിക്കാനാവില്ല. പ്രളയങ്ങളും മണ്ണിടിച്ചിലുകളും നമ്മെ പഠിപ്പിച്ചത് വളർച്ച പ്രതിരോധ ശേഷിയുള്ളതായിരിക്കണം എന്നതാണ്. പ്രകൃതിസമ്പത്തുകൾ സംരക്ഷിച്ചുകൊണ്ട് ഉപജീവനം മെച്ചപ്പെടുത്തുന്ന സമ്പദ്വ്യവസ്ഥയാണ് യഥാർത്ഥത്തിൽ ശക്തമായ സമ്പദ്വ്യവസ്ഥ.

കേരളത്തിന്റെ വികസനയാത്രയിൽ വികേന്ദ്രീകൃത ഭരണസംവിധാനം നിർണായക പങ്കുവഹിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം മുതൽ ഇന്നുവരെ തദ്ദേശ സ്ഥാപനങ്ങൾ ജനാധിപത്യ പങ്കാളിത്തത്തിന്റെയും കാര്യക്ഷമതയുടെയും ഉദാഹരണങ്ങളാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയത്. പ്രതിസന്ധിക്കാലങ്ങളിൽ പോലും തദ്ദേശ സ്ഥാപനങ്ങളുടെ ശേഷി തെളിഞ്ഞിട്ടുണ്ട്. ഭാവിയിലും ശക്തമായ തദ്ദേശ സ്ഥാപനങ്ങളില്ലാതെ കേരള വികസനം മുന്നോട്ടുപോകില്ല.

പണ്ഡിതരുമായുള്ള സംവാദത്തിലൂടെയും പൊതുജനങ്ങളുമായുള്ള ചർച്ചകളിലൂടെയും ആണ് കേരളം എന്നും നയരൂപീകരണം നടത്തിയിട്ടുള്ളത്. ഈ പഠന കോൺഗ്രസും അതിന്റെ തുടർച്ചയാണ്. വിവിധ മേഖലകളിലെ പണ്ഡിതരും സാമൂഹ്യപ്രവർത്തകരും ഭരണകർത്താക്കളും ഒരുമിച്ച് ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്ന ഈ വേദിയിൽ നിന്ന് ഉയരുന്ന ആശയങ്ങൾ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തും.

സാമ്പത്തിക വെല്ലുവിളികൾ നമുക്ക് മുന്നിലുണ്ട്. കേന്ദ്രം അടിച്ചേൽപ്പിച്ച ധനപരിമിതികളും കടം നിയന്ത്രണങ്ങളും സംസ്ഥാനങ്ങളെ ബാധിക്കുന്നു. എന്നിരുന്നാലും വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം എന്നിവയിൽ നിക്ഷേപം തുടരാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.

മതനിരപേക്ഷതയും സാമൂഹ്യ സൗഹാർദ്ദവും നമ്മുടെ വികസനത്തിന്റെ ആത്മാവാണ്. വിവിധ മതങ്ങളും സമുദായങ്ങളും സമാധാനത്തോടെ സഹവസിക്കുന്ന കേരളം സ്ഥിരതയും വിശ്വാസവും സൃഷ്ടിക്കുന്നു. അത് സാമ്പത്തിക പുരോഗതിക്കും സാമൂഹിക പുരോഗതിക്കും ഒരുപോലെ അനിവാര്യമാണ്.

എന്നാൽ 2011 മുതൽ 2016 വരെയുള്ള യു ഡി എഫ് ഭരണകാലത്ത് ഈ സാമൂഹ്യ സൗഹാർദ്ദത്തിന് ഗുരുതരമായ ആഘാതങ്ങളുണ്ടായി. വർഗീയ ശക്തികൾക്ക് സ്വാധീനം വർദ്ധിക്കാൻ അനുകൂലമായ അന്തരീക്ഷം അന്നുണ്ടായി. ചില പ്രദേശങ്ങളിൽ സംഘർഷങ്ങളും ഭീതിയും വളർന്നു. ഭരണസംവിധാനത്തിന്റെ ദൗർബല്യവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവവും വർഗീയ ശക്തികൾക്ക് ഇടം ഒരുക്കി. മതനിരപേക്ഷത ഭരണത്തിന്റെ സജീവമായ നയമല്ല, വെറും വാക്കുകളായി ചുരുങ്ങുന്ന അവസ്ഥയിലേക്കാണ് അന്ന് കാര്യങ്ങൾ നീങ്ങിയത്.

2016 ൽ ഒന്നാം എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഈ അവസ്ഥയിൽ നിർണായകമായ മാറ്റം വന്നു. മതനിരപേക്ഷത വെറും പ്രഖ്യാപനമല്ല, ഭരണത്തിന്റെ ദിനചര്യയിലെ മാർഗദർശക തത്വമായി മാറി. വർഗീയ സംഘർഷങ്ങൾ തടയുന്നതിൽ സർക്കാർ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിച്ചു. നിയമവ്യവസ്ഥ കർശനമായി നടപ്പാക്കി. സമൂഹത്തിൽ സമാധാനം നിലനിർത്താൻ സർക്കാർ മുൻകൈ എടുത്തു.

എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുന്ന, ആരെയും വേർതിരിക്കാത്ത ഭരണസംസ്‌കാരം ശക്തമായി നിലനിന്നു. ഇതിന്റെ ഫലമായി കേരളം വീണ്ടും സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സംസ്ഥാനമായി ഉറപ്പിക്കപ്പെട്ടു. ഈ സാമൂഹിക സ്ഥിരതയാണ് ഇന്ന് കേരളത്തിന്റെ വികസനത്തിനും നിക്ഷേപത്തിനും ജനവിശ്വാസത്തിനും ഏറ്റവും വലിയ കരുത്തായി മാറിയിരിക്കുന്നത്.

കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണന കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഭവസമാഹരണത്തിനുള്ള പുതിയ സാധ്യതകൾ പരിശോധിക്കുകയാണ് വേണ്ടത്. ആഭ്യന്തര വിഭവസമാഹരണത്തിലൂടെ കൂടുതൽ വരുമാനമുണ്ടാക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. അതിനുതകുംവിധം കാർഷിക മേഖല മുതൽ നൂതന വ്യവസായ മേഖല വരെയുള്ളവയെ വർദ്ധിച്ച തോതിൽ വരുമാനദായകമാക്കാനുള്ള കാഴ്ചപ്പാടോടെവേണം നമ്മൾ മുന്നോട്ടു പോകേണ്ടത്. അവയെ പുതുതലങ്ങളിലേക്ക് ഉയർത്താൻ ഉതകുംവിധം ഇവിടുത്തെ വിഭവങ്ങളെയും വിജ്ഞാനത്തെയും ഉപയോഗിക്കാൻ കഴിയണം. പ്രവാസികളിൽ നിന്നടക്കം പണവും പ്രതിഭയും നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ കഴിയണം. ബ്രെയിൻ ഡ്രെയിനിന്റെ കാലത്തിൽ നിന്നും മാറി ബ്രെയിൻ ഗെയ്‌നിന്റെ കാലത്തിലേക്ക് കേരളം എത്തിച്ചേരേണ്ടതുണ്ട്.

പ്രകൃതിവിഭവങ്ങളെ അമിതമായ ചൂഷണം ചെയ്തുകൊണ്ട് വിഭവസമാഹരണം നടത്താമെന്ന ധാരണ വെച്ചുപുലർത്തേണ്ടതില്ല. നാടിന്റെ ബ്രൈറ്റ് ഫ്യൂച്ചറും ഗ്രീൻ ഫ്യൂച്ചറും ഒരുപോലെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ വേണം ഏറ്റെടുക്കാനെന്ന് സാരം.

വിഭവസമാഹരണത്തിന്റെ കാര്യത്തിൽ നമുക്ക് പരിമിതികളുണ്ടായിരുന്നു. അവയെ മറികടക്കാൻ നമ്മൾ കിഫ്ബിയും പെൻഷൻ ഫണ്ടുപോലുള്ള ബദൽ മാർഗ്ഗങ്ങൾ മുന്നോട്ടുവച്ചു. അവയ്‌ക്കെതിരെ നിലകൊള്ളുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.

വരുംകാലത്ത് ജനജീവിതത്തെ ഞെരുക്കാതെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന മേഖലകൾ ഏതൊക്കെ, ജനജീവിതത്തിൽ നിന്നും അപ്രസക്തമായിപ്പോകുന്ന മേഖലകൾ ഏതൊക്കെ എന്നെല്ലാം തിരിച്ചറിയാൻ നമുക്ക് കഴിയണം. അപ്രസക്തമാകുന്ന മേഖലകളെ നവീകരിക്കാൻ കഴിയുമോ, അതോ അവയെപൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ടോ എന്നെല്ലാമുള്ള പരിശോധനകൾ ഉണ്ടാകണം.

കാർഷിക മേഖലയുടെ കാര്യമെടുത്താൽ മൂന്നു തലങ്ങളിൽ അതിനെ ശക്തിപ്പെടുത്തിക്കൊണ്ടു വേണം നമുക്ക് മുന്നോട്ടു പോകാൻ. ഒന്ന്, കാർഷിക മേഖലയ്ക്കുള്ള സാമ്പത്തിക സഹായമാണ്. രണ്ട്, ഉത്പാദന മേഖലയാണ്. മൂന്ന്, മൂല്യവർദ്ധനവിന്റെ തലമാണ്. ലോകത്താകമാനമുള്ള ഭക്ഷ്യസംസ്‌കാരം തന്നെ മാറിക്കൊണ്ടിരിക്കുന്നതായാണ് പറയപ്പെടുന്നത്. കാർഷിക ഉത്പന്നങ്ങളെപ്പോലെ തന്നെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും വലിയ തോതിലുള്ള ആവശ്യകത ഉണ്ടാവുകയാണ്. അത് മുന്നിൽക്കണ്ടു കൊണ്ടുതന്നെ നമ്മൾ സീഫുഡ് പാർക്ക്, സ്‌പൈസസ് പാർക്ക്, കോഫി പാർക്ക് തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. അവയിൽ നിന്ന് കൂടുതൽ മുന്നോട്ടു പോകാൻ നമുക്കു കഴിയണം. അതോടൊപ്പം കാർഷിക മേഖലയിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക കലണ്ടറിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകുന്ന കാര്യവും പരിഗണനയിൽ ഉണ്ടാകണം.

കാർഷിക മേഖല പോലെതന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് മത്സ്യബന്ധന മേഖല. അവിടെയും സമാന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാര്യങ്ങൾ സാമുദ്രിക ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനങ്ങൾ ഉണ്ടാകണം.

വ്യാവസായിക മേഖലയിൽ നല്ല നിലയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയിൽ മാനുഫാക്ചറിംഗ് മേഖലയിലുള്ളതുമുണ്ട്, സേവനമേഖലയിലുള്ളതുമുണ്ട്. സേവന മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാനുഫാക്ചറിംഗ് മേഖലയിലുള്ള നിക്ഷേപം കുറവാണെന്നു കാണാം. നമ്മുടെ മാനുഫാക്ചറിംഗ് സെക്ടർ വളരുന്നുണ്ടെങ്കിലും സംസ്ഥാനത്തു വരുന്ന ആകെ നിക്ഷേപത്തിനനുസൃതമായി അത് വളരുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം. നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ മാനുഫാക്ചറിംഗ് വ്യവസായങ്ങൾ എന്തൊക്കെ, അവയിൽ എങ്ങനെയെല്ലാം നിക്ഷേപം കൊണ്ടുവരാം എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടാകണം. അതോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം.

കഴിഞ്ഞ പത്ത് വർഷംകൊണ്ട് അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ കൈവരിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിലായാലും, പാലങ്ങളുടെ നിർമ്മാണത്തിലായാലും, മെട്രോ വികസനത്തിലായാലും ഒക്കെ കാര്യക്ഷമമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊച്ചി വാട്ടർമെട്രോ ഇതിനോടകം തന്നെ ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ദേശീയ ജലപാതാ നിർമ്മാണം പുരോഗമിക്കുകയാണ്. 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സംസ്ഥാനത്തുണ്ട്. റെയിൽവേ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ചെലവ് വഹിക്കാമെന്ന് അറിയിച്ചിട്ടും കാര്യമായ ഇടപെടലുകൾ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാകുന്നില്ല. അത് നേടിയെടുക്കാൻ ശ്രമിക്കുക തന്നെ ചെയ്യും. ഇത്തരത്തിൽ നമ്മുടെ നാട്ടിലുണ്ടാകുന്ന ഗതാഗത സംവിധാനങ്ങളെയെല്ലാം ഒരൊറ്റ ഗ്രിഡിൽ കണക്ട് ചെയ്ത് മൾട്ടി മോഡൽ ഗതാഗത സംവിധാനങ്ങൾ കൊണ്ടുവരാൻ കഴിയേണ്ടതുണ്ട്.

അതായത്, റെയിൽ, റോഡ്, വ്യോമ ജലഗതാഗത മാർഗ്ഗങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു മാതൃക. ഈ ഗ്രിഡിനെ വ്യാവസായിക ഇടനാഴികളും ഐ ടി പാർക്കുകളുമായൊക്കെ കണക്ട് ചെയ്യാൻ നമുക്ക് കഴിയണം.

സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകുന്ന ഒരു മേഖലയാണ് ടൂറിസം. കോവിഡിനു ശേഷമുള്ള ഘട്ടത്തിൽ ടൂറിസത്തിന്റെ വികസനദിശയിലും മാറ്റമുണ്ടാകുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുമ്പൊക്കെ ഒരു സ്ഥലത്തേക്ക് വിനോദയാത്ര പോവുക മാത്രമാണ് ആളുകൾ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ജോലി ചെയ്യാനും റിട്ടയർമെന്റ് ലൈഫ് ജീവിക്കാനുമൊക്കെ യാത്ര ചെയ്യുകയും പലയിടങ്ങളിലും താമസിക്കുകയും ചെയ്യുന്ന സംസ്‌കാരം ഉണ്ടായിവരികയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം, തുടങ്ങി പലതരം തൊഴിൽസംസ്‌കാരങ്ങൾ ഉയർന്നുവരുന്നു. കെയർ എക്കണോമിയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ റിട്ടയർമെന്റ് ഹോമുകൾ സ്ഥാപിക്കപ്പെടുന്നു. ഈ മാറ്റങ്ങളെയെല്ലാം പോസിറ്റീവായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമുക്ക് കഴിയേണ്ടതുണ്ട്. ടൂറിസം മേഖലയിലെ നൂതന സാങ്കേതികവിദ്യാ വ്യവസായങ്ങളെയും ഹോസ്പിറ്റാലിറ്റി സംരംഭങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചു വേണം നമുക്ക് മുന്നോട്ടു പോകാൻ.

ഇത്തരത്തിൽ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുമ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവനോപാധികൾക്ക് പ്രഥമ പരിഗണന നൽകണം. പൊതുവിദ്യാഭ്യാസ രംഗത്ത് സാർവത്രിക വിദ്യാഭ്യാസം എന്ന നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും എല്ലാ വിഭാഗങ്ങളിലേക്കും തുല്യ അവസരങ്ങൾ എത്തിക്കുക എന്ന നേട്ടത്തിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. തീരദേശ മേഖലകളിലെയും ആദിവാസി ഉന്നതികളിലെയും കുട്ടികളെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി കൂടുതൽ മുന്നോട്ടു കൊണ്ടുവരാനുള്ള പ്രത്യേക ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

ആരോഗ്യമേഖലയിലെ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കി അവ സാധാരണക്കാർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഭീമമായ ചികിത്സാ ചെലവ് ഉണ്ട് എന്ന കാരണത്താൽ പലരും ചികിത്സ തേടാതിരിക്കുന്ന ചില മേഖലകളുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ അടക്കമുള്ളവ ആ ഗണത്തിൽപ്പെടുന്നവയാണ്. അവയെല്ലാം ചിലവു കുറച്ച് സാധാരണക്കാർക്ക് പ്രാപ്യമാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആ നിലയ്ക്കുള്ള ഒരു ഇടപെടലാണ്. അർബുദരോഗ ചികിത്സയ്ക്കായി സംസ്ഥാനത്തെമ്പാടും സൗകര്യമൊരുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതൽ മേഖലകളിലേക്ക് അത്തരം ഇടപെടലുകൾ വ്യാപിപ്പിക്കാൻ കഴിയണം. അതോടൊപ്പം പാലിയേറ്റീവ് കെയർ സേവനങ്ങളുടെ കാര്യത്തിലും അനുയോജ്യമായ മാറ്റങ്ങൾ ഉണ്ടാകണം.

ഉന്നതവിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കാൻ കഴിയണം. പഠനം കഴിഞ്ഞ് തൊഴിൽ എന്ന സംസ്‌കാരത്തിനു തന്നെ മാറ്റമുണ്ടാകണം. പഠനത്തോടൊപ്പം തൊഴിൽ എന്നതാകണം നമ്മുടെ ലക്ഷ്യം. നിലവിൽ സംസ്ഥാന സർക്കാർ ഡിഗ്രി തലംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയിട്ടുണ്ട്. അതിലൂടെ എൻറോൾമെന്റ് റേഷ്യോ വർദ്ധിപ്പിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചും ഗവേഷണ ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചും ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനസൃഷ്ടി പൊതുസമൂഹത്തിന്റെ ഉത്ക്കർഷത്തിനായി ഉപയോഗിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. അതിന് തുടർച്ചയുണ്ടാകണം. ഓരോ കേരളീയനും വിജ്ഞാന വിതരണത്തിനുള്ള നോളജ് പോയിന്റുകളായി മാറുന്ന നിലയുണ്ടാകണം. ഇത്തരത്തിൽ കേരളസമൂഹത്തെ പുതുക്കിപ്പണിയാനുള്ള ഇടപെടലുകൾ നടത്തുന്നതോടൊപ്പം ജനാധിപത്യത്തെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകാനും നമുക്കു കഴിയണം.

നമ്മുടെ ഭരണഘടനാ തത്വങ്ങളായ മതനിരപേക്ഷതയും സോഷ്യലിസവും ജനാധിപത്യവും ഫെഡറിലസവുമെല്ലാം വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടുന്ന ഘട്ടമാണ്. അവയ്‌ക്കെതിരെ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമ പോരാട്ടം വരെ നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടുണ്ട്. നിയമ പോരാട്ടങ്ങൾ മാത്രം ഇക്കാര്യത്തിൽ മതിയാകില്ല. കൃത്യമായ ബോധവത്ക്കരണം ഇതു സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകണം.

2031 ഒരു ലക്ഷ്യവർഷമായി നമുക്ക് മുന്നിലുണ്ട്. ആ വർഷം കേരളം സംസ്ഥാനമായി രൂപീകരിച്ചതിന്റെ 75 വർഷം പൂർത്തിയാക്കുന്ന ഘട്ടമാണ്. ആ ഘട്ടം ആഘോഷത്തിനൊപ്പം ആത്മപരിശോധനയ്ക്കും ഭാവിയുടെ രൂപീകരണത്തിനുമുള്ള അവസരമാണ്. നമ്മുടെ ലക്ഷ്യം, കഴിഞ്ഞ നേട്ടങ്ങൾ എണ്ണിപ്പറയുക മാത്രമല്ല, ഉത്പാദനക്ഷമമായ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും, ഉൾക്കൊള്ളലുള്ള, നീതിയുള്ള സമൂഹം സ്ഥാപിക്കലും കൂടിയാണ്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്ന പ്രതിരോധ ശേഷിയുള്ള സംസ്ഥാനവും, ചർച്ചയ്ക്കും പങ്കാളിത്തത്തിനും വിലകൽപ്പിക്കുന്ന ജനാധിപത്യവും സൃഷ്ടിക്കുകയാണ്.

ഈ ലക്ഷ്യസാഫല്യം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. വിദഗ്ദ്ധർ, തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സംരംഭകർ, എല്ലാവരും ചേർന്നുള്ള കൂട്ടായ പരിശ്രമമാണ് കേരളത്തിന്റെ ശക്തി. അതാണ് നമ്മുടെ ചരിത്രം പഠിപ്പിക്കുന്നത്. ഈ പഠന കോൺഗ്രസിൽ നടക്കുന്ന ചർച്ചകൾ, വാദങ്ങൾ, നിർദേശങ്ങൾ എല്ലാംചേർന്ന് നവകേരളത്തിലേക്കുള്ള യാത്രയ്ക്ക് ദിശ കാട്ടും എന്നുറപ്പുണ്ട്. ആത്മവിശ്വാസത്തോടെ, ജനങ്ങളിലുള്ള വിശ്വാസത്തോടെ, നാം മുന്നോട്ടുപോകും.

ഈയടുത്ത ദിവസം കേരളത്തിൽ വച്ചുനടന്ന മിഷൻ 2031 അന്താരാഷ്ട്ര കോൺക്ലേവിൽ നൊബേൽ സമ്മാന ജേതാവായ ഡോ. അമർത്യാ സെൻ പങ്കെടുക്കുകയുണ്ടായി. വികസന സൂചികകളിൽ രാജ്യത്തിന് മാതൃകയായി മാറിയ കേരളം രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തിലും നേതൃത്വം നൽകേണ്ട ഇടമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ കേരളം മുന്നോട്ടുപോകം എന്നറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. ആ നിലയ്ക്ക് സർവതല സ്പർശിയായ വികസനവും ക്ഷേമവും സമാധാന അന്തരീക്ഷവും ഒരുപോലെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ ഉതകുന്ന ചർച്ചകൾ വേണം ഈ പഠന കോൺഗ്രസിന്റെ ഭാഗമായി ഉണ്ടാകാൻ.

ഒരു വലിയ സംവാദത്തിന് തുടക്കം കുറിക്കുന്ന ഈ നിമിഷത്തിൽ, അഞ്ചാമത് കേരള പഠന കോൺഗ്രസിന് എല്ലാ വിജയാശംസകളും നേരുന്നു. നന്ദി.
**************

Hot this week

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരങ്ങളും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

Topics

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരങ്ങളും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

അനോമിയെ കുറിച്ച് പറയാൻ ചിലതുണ്ട് 

' "അനോമി " എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം...

സ്ത്രീ ജീവിതത്തിന്റെ ആകുലതകൾ : വെർജിൻ

സാധാരണ മനുഷ്യരുടെ, സവിശേഷമായി സ്ത്രീകളുടെ ജീവിതത്തെ തുറന്നുവെക്കുന്ന പുസ്തകമാണ് സിജാറാണിയുടെ വെർജിൻ....

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 18

‘‘1905ലെ സെപ്‌തംബർ‐ഒക്ടോബർ കാലത്തെ രണ്ട്‌ പ്രവണതകൾക്കിടയിൽ പ്രയോഗവുമായി ബന്ധപ്പെട്ടുയർന്നുവന്ന പ്രധാനപ്പെട്ട അഭിപ്രായഭിന്നതകൾ...
spot_img

Related Articles

Popular Categories

spot_imgspot_img