ബ്രിട്ടീഷ് ഇന്ത്യ അഥവാ പാപ്പരീകരിക്കപ്പെട്ട ഒരു രാജ്യത്തിന്റെ ചരിത്രം

ബിന്നറ്റ് സി ജെ

ന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം ഓർത്തെടുക്കുമ്പോൾ നമ്മെ ത്രസിപ്പിക്കുന്നത്, സ്വന്തം ജീവനെ തൃണവൽഗണിച്ചുകൊണ്ട് രാജ്യത്തിന്റെ മോചനത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണയാണ്. 1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും, മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം. പ്രസ്തുത സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി മംഗൾ പാണ്ഡെ. എട്ട് ലക്ഷത്തിലേറെ ഇന്ത്യക്കാർ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ, ചെറുത്തുനിൽപ്പിലും അതിനോടനുബന്ധിച്ചുണ്ടായ ക്ഷാമങ്ങളിലും, പകർച്ചവ്യാധികളിലുംപെട്ട് മരണമടഞ്ഞതായാണ് 1871-ലെ സെൻസസ് അടിസ്ഥാനമാക്കി കണക്കാക്കിയിട്ടുള്ളത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്റായ്, ബിപിൻ ചന്ദ്രപാൽ, ആനി ബസന്റ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരം ശക്തിപ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനികളെ വിചാരണ കൂടാതെ തടവിലാക്കാനും, ശിക്ഷിക്കാനുംവരെ അധികാരം നൽകുന്ന റൗലറ്റ് കരിനിയമത്തിനെതിരെയുള്ള പ്രക്ഷോഭഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി വന്ന ഗാന്ധിജി സമരം ഏറ്റെടുക്കുന്നതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖഛായ തന്നെ മാറുന്നുണ്ട്. തെലങ്കാന മുതൽ തേഭാഗ വരെയും, രാജസ്ഥാൻ മുതൽ മണിപ്പൂർ വരെയും, ഗോവയിൽ പോലും കമ്മ്യൂണിസ്റ്റുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജനങ്ങളെ അണിനിരത്തുന്നതിലും, അടിച്ചമർത്തൽ ഘടനകളെ വെല്ലുവിളിക്കുന്നതിലും സജീവമായി പങ്കുവഹിക്കുന്നുണ്ട്. രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 3300 ലേറെ പേർ ഈ പോരാട്ടത്തിൽ ജീവൻ ഹോമിച്ചതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. അംഗഭംഗം വന്നവരുടെയും, മുറിവേറ്റവരുടെയും കണക്കുകൾ ലഭ്യമല്ല. സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ ഉപരിപ്ലവതലത്തിൽ പരിശോധിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും, ബ്രിട്ടൻ സർക്കാരിന്റെയും സാമ്പത്തിക ചൂഷണത്തെ ബഹിർഭാഗസ്ഥമായി സ്പർശിക്കുന്ന ആഖ്യാനങ്ങളാണ് കൂടുതലും വായിച്ചിട്ടുള്ളത്. ബ്രിട്ടീഷ് അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോൺ കാസിഡിയുടെ ‘CAPITALISM AND ITS CRITICS – A BATTLE OF IDEAS IN THE MODERN WORLD’ എന്ന ലേഖനസമാഹാരവും, ഉത്സ പട്നായിക്കിന്റെ ‘Exploring the Poverty question’ എന്ന ഗ്രന്ഥവും കുറേക്കൂടി സൂക്ഷ്മമായ രീതിയിൽ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

ഈസ്റ്റിന്ത്യാകമ്പനിയുടെ രൂപീകരണം
ഈസ്റ്റിന്ത്യാകമ്പനി 1600 ഡിസംബർ 31 നാണ് നിലവിൽ വരുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യാപാരം നടത്തുന്നതിനായാണ് ഇത് രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ ഇത് സാഹസികരായ വ്യാപാരികളുടെ അനൗപചാരിക സഖ്യമായിരുന്നു. വ്യക്തിഗതങ്ങളായ വ്യാപാരസംബന്ധമായ കപ്പൽ യാത്രകൾക്ക് സൗകര്യപ്രദമായ സംവിധാനമെന്ന നിലയിലായിരുന്നു കണ്ടിരുന്നത്. ഈ സംവിധാനത്തിന് എലിസബത്ത് രാജ്ഞിയുടെ അധികാരപത്രവുമുണ്ടായിരുന്നു. 17-ാം നൂറ്റാണ്ടിലും, 18-ാം നൂറ്റാണ്ടിലും ബ്രിട്ടൻ അതിന്റെ മിലിറ്ററി ശക്തിപ്പെടുത്താൻ കൂടുതൽ പണം ചെലവഴിക്കുന്നുണ്ട്. പ്രത്യേകിച്ചും നാവികസേനയുടെ ശാക്തീകരണത്തിന് പ്രമുഖ സ്ഥാനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഡച്ചുകാർ കയ്യടക്കിവച്ചിരുന്ന വ്യാപാരമേഖലകളിലേക്ക് നിഷ്പ്രയാസം കടന്നുകയറാൻ ഈസ്റ്റിന്ത്യാകമ്പനിക്ക് സാധിച്ചു. 18-ാം നൂറ്റാണ്ടോടുകൂടി ഇന്ത്യയെ കേന്ദ്രീകരിച്ച് വ്യാപാരമേഖലയെ ദൃഢീകരിക്കാൻ അവർക്ക് സാധിച്ചു. 1757 ലെ പ്ലാസി യുദ്ധം കൊണ്ട് ബ്രിട്ടീഷുകാർക്ക് കച്ചവടരംഗത്തെ എതിരാളികളായ ഫ്രഞ്ചുകാരെയും, ഡച്ചുകാരെയും മത്സരരംഗത്തു നിന്ന് ഉന്മൂലനം ചെയ്യാൻ സാധിച്ചു. കച്ചവട സംബന്ധമായ പഴയ മുഗൾഭരണ നിയമങ്ങളെ ബ്രിട്ടീഷുകാർ തൃണസമാനം കരുതി അവഗണിക്കാനും ആരംഭിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി കച്ചവടത്തിൽ മധ്യവർത്തികളായി ഇന്ത്യൻ ഏജന്റുമാരെ (ഗോമാഷ്ഠർ) നിയമിക്കുകയും, നിയമപരമായി അംഗീകാരമില്ലെങ്കിലും ഒരു സമാന്തര ഭരണകൂടമായി പ്രവർത്തിക്കുകയും ചെയ്തു. തദ്ദേശീയരായ ഉൽപാദകരിൽ നിന്നും നിർബന്ധിത രീതിയിൽ തന്നെ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങാൻ ഇതുവഴി കമ്പനിക്ക് സാധിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി നിയമിച്ച ബംഗാൾ നവാബ് മിർകാസിം ബംഗാളിന്റെ ചുമതലയുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ഹെന്ററി വാൻ സിറ്റാർറ്റിന് എഴുതുന്ന കത്ത് അവലംബമായി എടുക്കുകയാണെങ്കിൽ ഈ കാര്യം വ്യക്തമാകും. തദ്ദേശീയരായ കർഷകരെയും, കച്ചവടക്കാരെയും അടിച്ചമർത്താനും, അവരുടെ ഉൽപന്നങ്ങൾ അക്രമമാർഗ്ഗത്തിലൂടെ നാലിലൊന്ന് വിലയ്‌ക്ക് പിടിച്ചെടുക്കാനും കമ്പനി ശ്രമിച്ചതായി കത്തിൽ സൂചനയുണ്ട്. ഇങ്ങനെ കുൽസിതമാർഗ്ഗങ്ങളിലൂടെ 1756ൽ മാത്രം കമ്പനി, ഇന്നത്തെ ഡോളർ മൂല്യം കണക്കാക്കുകയാണെങ്കിൽ 60 ദശലക്ഷം ഡോളറിനേക്കാൾ കൂടിയ തുകയാണ്‌ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ തൊഴിലാളികൾ തങ്ങളുടെ കച്ചവടലാഭമായി ഇംഗ്ലണ്ടിലേക്ക് അയച്ചതെങ്കിൽ പ്ലാസി യുദ്ധത്തിന് ശേഷം ആ സംഖ്യ 6 മടങ്ങായി വർദ്ധിക്കുകയാണ് ഉണ്ടായത്.

നികുതിഭാരത്താൽ ജനം വലഞ്ഞപ്പോൾ
1765 മുതൽ 1770 വരെയുള്ള കാലയളവിൽ ആയുധബലത്തിൽ കർഷകരിൽ നിന്ന് 4 ഇരട്ടിയാണ് നികുതിപ്പണമായി സ്വീകരിച്ചത്. രൂപയുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ 81.8 ലക്ഷം രൂപയാണ് 1764ൽ നികുതിയിനത്തിൽ ഈടാക്കിയിരുന്നതെങ്കിൽ 1765 ൽ എത്തിയപ്പോൾ 378 ലക്ഷം രൂപയാണ് കർഷകരിൽ നിന്നും നികുതിയിനത്തിൽ മാത്രം ഈസ്റ്റിന്ത്യാകമ്പനി പിടിച്ചെടുത്തത്. മുൻപൊരു കാലത്തും ഇത്രയും ക്രൂരമായി കർഷകരിൽ നിന്നും നികുതി പിരിച്ച കാലമുണ്ടായിട്ടില്ലെന്ന് ഉത്സ പട്നായിക്ക് സൂചിപ്പിക്കുന്നു. ഈ സാഹചര്യങ്ങളാണ് ബംഗാളിൽ 1769-‐70 കാലയളവിലുണ്ടായ ബംഗാൾ ക്ഷാമത്തിലേക്ക് നയിച്ചത്. അരി വില 40 ഇരട്ടിയാണ് വർദ്ധിച്ചത്. ഈസ്റ്റിന്ത്യാകമ്പനിയുടെ ഡയറക്ടർമാർ അയച്ച സംഘം കണ്ടെത്തിയത് 30 ദശലക്ഷത്തോളം ജനസംഖ്യയുള്ള ബംഗാളിലെ 10 ദശലക്ഷത്തോളം പേർ ബംഗാൾ ക്ഷാമത്തിൽ മരണപ്പെട്ടുവെന്നാണ്. ഈസ്റ്റിന്ത്യാ കമ്പനിയുടെ അത്യാഗ്രഹത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഇരകളായി കൊല്ലപ്പെട്ടവരായിരുന്നു നേരത്തെ സൂചിപ്പിച്ച 10 ദശലക്ഷത്തോളം പേർ. 1769 ന്റെ രണ്ടാം പകുതിയിൽ കടുത്ത വരൾച്ച നേരിട്ട സാഹചര്യത്തിൽ അരിയുടെ വില വർദ്ധിക്കാനുണ്ടായ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട്‌ കമ്പനിയുടമസ്ഥർ അവർക്ക് സംഭരിക്കാൻ കഴിയാവുന്നതിന്റെ പരമാവധി അരി സംഭരിക്കുകയാണ് ചെയ്തത്. ഇങ്ങനെ സംഭരിച്ച അരിയാണ് 40 ഇരട്ടി വിലയ്‌ക്ക് ആളുകൾക്ക് കമ്പനി ഉദ്യോഗസ്ഥർ വിറ്റത്. ലണ്ടനിലെ ഒരു മാസികയിൽ വന്ന ലേഖനത്തിൽ പറഞ്ഞത് ചില ജൂനിയർ ഉദ്യോഗസ്ഥർ പോലും ഈ കച്ചവടത്തിൽ ‘ഇന്നത്തെ രൂപയുടെ മൂല്യത്തിൽ പറഞ്ഞാൽ 90 ലക്ഷത്തോളം രൂപയുണ്ടാക്കിയെന്നാണ്. 1770ലെ വേനൽക്കാലമായതോടെ ആ പ്രദേശങ്ങളിൽ എമ്പാടുമായി ആളുകൾ മരിച്ചുവീഴാൻ തുടങ്ങി. തുടർന്നുണ്ടായ മൺസൂൺ കാലത്ത് വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിലും, ക്ഷാമം കാരണം നേരത്തെ തന്നെ അവശരായ ആളുകൾ മഴക്കാലത്ത് പൊട്ടിപ്പുറപ്പെട്ട സാംക്രമികരോഗങ്ങൾക്ക് എളുപ്പം കീഴടങ്ങി. ആളുകൾ ഒഴിഞ്ഞുപോയതും, കാടുപിടിച്ചതുമായ ഗ്രാമങ്ങൾ സർവ്വസാധാരണമായി കാണപ്പെട്ടു. വരൾച്ച കൃഷിക്കാരുടെ വരുമാനത്തെ ന്യൂനീകരിച്ച കാലത്തും ഭൂനികുതി കർക്കശമായി പിരിച്ചെടുക്കുന്നതിൽ ഈസ്റ്റിന്ത്യാകമ്പനി ഒരു ദാക്ഷിണ്യവും കാണിച്ചില്ലെന്നതാണ് ശ്രദ്ധേയം. ബ്രിട്ടീഷ് രാജിന് കീഴിലുള്ള ഇന്ത്യൻ പട്ടാളക്കാർ നികുതി നൽകാൻ വിസമ്മതിച്ചവരെ (നിത്യവൃത്തിക്ക് പോലും പണമില്ലാത്തതു കൊണ്ടാണ് പൊതുസ്ഥലങ്ങളിൽ കൊലമരങ്ങൾ സ്ഥാപിച്ചുകൊണ്ട് തൂക്കിലേറ്റിയിരുന്നത് നിത്യസംഭവമായിരുന്നുവെന്ന് ഡാൽറിമ്പിൾ രേഖപ്പെടുത്തുന്നുണ്ട്. പട്ടിണികൊണ്ട് ഞെരുങ്ങുന്നവരോടു പോലും ലേശം കാരുണ്യം കാണിക്കാൻ ഈസ്റ്റിന്ത്യാ കമ്പനി തയ്യാറായിരുന്നില്ലെന്ന് ചരിത്രം സൂചിപ്പിക്കുന്നു. ഭക്ഷണത്തിന് സ്വന്തം മക്കളെ പോലും വിൽക്കുന്ന നിലയിലേക്ക് കാര്യങ്ങൾ അധഃപതിച്ചിരുന്നുവെന്നോർക്കണം. എന്നാൽ വലിയ ഭൂസ്വാമിമാരെയും, ഉന്നതശീർഷരായ കച്ചവടക്കാരെയും, വലിയ തോതിൽ പണം പലിശയ്‌ക്ക്‌ കൊടുത്തിരുന്നവരെയും തലോടിക്കൊണ്ടുള്ള നയം കമ്പനി സ്വീകരിച്ചപ്പോൾ അടിത്തട്ടിലുള്ള ജനതക്കുമേൽ കുതിരകയറുന്ന നീതിരഹിതമായ സമീപനമാണ് സ്വീകരിച്ചത്.

നെയ്ത്ത് തൊഴിലാളികളെ ഗളഹസ്തം ചെയ്തപ്പോൾ
സാമാന്യേന നല്ല രീതിയിൽ പുരോഗമിച്ചിരുന്ന ബംഗാളിലെ നെയ്ത്ത് വ്യാപാരത്തെയും ചൂഷണം ചെയ്യുന്നതിൽ ഈസ്റ്റിന്ത്യാകമ്പനി നല്ല മെയ്‌വഴക്കമാണ് പ്രദർശിപ്പിച്ചത്. കമ്പനിയുടെ ഇടനിലക്കാരായ ഗോമാഷ്ഠർ ബംഗാളിലെ നെയ്ത്തുകാർ ഉൽപാദിപ്പിച്ചിരുന്ന ഉൽപന്നങ്ങൾക്ക് പൊതുവിപണി വിലയേക്കാൾ 40 ശതമാനത്തിന് താഴെ മാത്രമെ നൽകിയിരുന്നുള്ളൂവെന്നതാണ് ഖേദകരമായ വസ്തുത. അധികാരത്തിന്റെയും, സുഖലോലുപതയുടെയും മത്തുപിടിച്ച ഈസ്റ്റിന്ത്യാകമ്പനി കർഷകരെയും, കരകൗശല തൊഴിലാളികളെയും, മറ്റ് തൊഴിലെടുക്കുന്നവരെയും പിഴിഞ്ഞൂറ്റി തടിച്ചുകൊഴുക്കുകയായിരുന്നു. സ്വന്തം അധ്വാനം വിറ്റ് ജീവിച്ചിരുന്ന സാധാരണക്കാരും, പാവപ്പെട്ടവരുമായ ലക്ഷകണക്കിന് മനുഷ്യരിൽ നിന്ന് അവർ ഉൽപാദിപ്പിച്ചത് തട്ടിപ്പറിച്ച് സ്വത്ത് സ്വരുക്കൂട്ടുന്നതിനാണ് കമ്പനി ശ്രമിച്ചത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യത്ത് ഏറ്റവും കുറച്ച് പണം മാത്രം ചെലവഴിക്കുകയും അവശ്യവസ്തുവായ ഉപ്പിന് പോലും വലിയ തോതിൽ നികുതി ഈടാക്കിക്കൊണ്ട് തദ്ദേശീയരായ പാവപ്പെട്ടവരെ വറചട്ടിയിൽ നിന്നും എരിതീയിലേക്കെറിയുകയും, ഒരു തൊഴിലില്ലാപ്പടയെ സൃഷ്ടിക്കുകയും ചെയ്തതാണ് ബ്രിട്ടീഷുകാരുടെ ഭരണനേട്ടം.

ഡ്രെയിൻ ഓഫ് വെൽത്ത് തിയറി
ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കളും, ചിന്തകരുമായ ദാദാഭായ് നവറോജിയും, ആർ സി ദത്തും ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ സാമ്പത്തികരംഗത്തെ കുറിച്ച് കൃത്യമായി പ്രതിപാദിച്ചവരാണ്. ബ്രിട്ടീഷ് ഭരണകാലത്തെ പകൽക്കൊള്ളയെ സംബന്ധിച്ച് തന്റെ ‘Poverty and Unbritish Rule in India’ എന്ന ഗ്രന്ഥത്തിൽ ദാദാഭായ് നവറോജി കൃത്യമായി പരാമർശിക്കുന്നുണ്ട്. ഈ വിഷയത്തെ ലക്ഷണമൊത്ത രീതിയിൽ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥവും അദ്ദേഹത്തിന്റെതാണ്. 1867ൽ ദാദാഭായ് നവറോജി വികസിപ്പിച്ചെടുത്ത ഒരു സാമ്പത്തിക സിദ്ധാന്തമാണ് വെൽത്ത് തിയറി’. ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള സമ്പത്തിന്റെ വ്യവസ്ഥാപിത രീതിയെ ഇത് എടുത്തുകാണിക്കുന്നുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ മുഖ്യകാരണമായി നവറോജി സ്ഥിരീകരിക്കുന്നത് ബ്രിട്ടന്റെ ചൂഷണത്തെ തന്നെയാണ്. മറ്റ് സ്വാഭാവിക കാരണങ്ങളൊന്നും അത്രത്തോളം പ്രാധാന്യമർഹിക്കുന്നതല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ദത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യക്കുമേൽ അടിച്ചേൽപ്പിച്ച ഭൂനികുതി കർഷകരെ പാപ്പരീകരിക്കുന്നതിന് കാരണമായെന്നും, അത് പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും തള്ളിവിട്ടു എന്നുമാണ്. 1890 മുതൽ നാലു പതിറ്റാണ്ടുകാലം ലോകത്തിലെ തന്നെ രണ്ടാമത്തെ ചരക്ക് കയറ്റുമതി മിച്ചം ഉള്ള രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യൻ കർഷകരുടെയും, തൊഴിലാളികളുടെയും കഠിനാധ്വാനഫലമായ ഈ നേട്ടത്തിന്റെ ഗുണഫലങ്ങൾ ചോർത്തിയെടുക്കാനാണ് ബ്രിട്ടീഷുകാർ പരിശ്രമിച്ചത്. വിദേശവ്യാപാരത്തിലൂടെ ലഭിച്ചിരുന്ന വരുമാനത്തിന്റെ അർഹമായ വിഹിതം നീതിപൂർവ്വം വിതരണം ചെയ്യാതെ ഇന്ത്യൻ സർക്കാരിന്റെ നികുതി വിഹിതത്തിൽ നിന്നാണ് ഉൽപാദകർക്ക് നൽകിയത്. ഇത് ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ മൂലധന ചോർച്ചയിലേക്കാണ് നയിച്ചത്. ഇന്ത്യാ രാജ്യത്തിന് വിദേശ വ്യാപാരത്തിലൂടെ ലഭിക്കേണ്ടത് ബ്രിട്ടൻ ചോർത്തിയെടുക്കുകയാണ് ഉണ്ടായതെന്ന് സാരം. ഇന്ത്യയിൽ യാഥാർത്ഥ്യമാവേണ്ട വ്യവസായവൽക്കരണവും, അടിസ്ഥാന സൗകര്യ വികസനവും എല്ലാ വിധത്തിലുള്ള സാമ്പത്തിക വളർച്ചയും തടസ്സപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ പുരോഗമിച്ചത്. പക്ഷേ, ബ്രിട്ടനിൽ സൂചിപ്പിക്കപ്പെട്ട വികസനം യാഥാർത്ഥ്യമാവുന്നതിലേക്ക് ഈ മൂലധനം ഉപയോഗിക്കുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.

‘ഹോം ചാർജുകൾ’: ചൂഷണത്തിന്റെ മറ്റൊരു മുഖം
ഇന്ത്യയിൽ നിന്ന് മൂലധന ചൂഷണത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു മാർഗ്ഗമാണ് ‘ഹോം ചാർജ്ജുകൾ’. ഇന്ത്യാരാജ്യം “ഭരിച്ച് മുടിക്കുന്നതിന്’ ഇന്ത്യക്കാരിൽ നിന്ന് ഈടാക്കുന്ന ചാർജ്ജാണിത്. ലണ്ടനിലെ ഇന്ത്യയുടെ ഓഫീസ് സംവിധാനം, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശമ്പളം, പെൻഷൻ, മിലിറ്ററി ചെലവുകൾ എന്നിവയുൾപ്പെടെ ഈ ശീർഷകത്തിൽ ഉൾപ്പെട്ടിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഓഹരി ഉടമകൾക്ക് നൽകുന്ന ലാഭവിഹിതം, വിദേശത്ത് സമാഹരിച്ച പൊതുകടത്തിന്റെ പലിശ, ഇംഗ്ലണ്ടിന്റെ സ്റ്റോർ വാങ്ങലുകൾ എന്നിവയും മേൽസൂചിപ്പിച്ച ശീർഷകത്തിൽ വരുന്നുണ്ട്. ബ്രിട്ടന്റെ ഭരണപരവും, സൈനികവുമായ എല്ലാ ചെലവുകളും ഇന്ത്യയിലെ ഖജനാവിൽ നിന്ന് വഹിക്കേണ്ട ദുഃസ്ഥിതി ഇന്ത്യ പാപ്പരീകരിക്കുന്നതിലേക്ക് നയിച്ചതായി നവറോജി വിലയിരുത്തുന്നുണ്ട്.

ഉപസംഹാരം
സ്ഥലപരിമിതി കൊണ്ടാണ് പകൽക്കൊള്ളയുടെ സമ്പൂർണ ചിത്രം അവതരിപ്പിക്കാൻ തടസ്സമാവുന്നത്. ഈ ധനാപഹരണം മൂലം ആഭ്യന്തരവരുമാനത്തിന്റെ ശോഷണം മാത്രമല്ല, തൊഴിലില്ലായ്മയും വർദ്ധിക്കുന്നതിലേക്ക് വഴിതെളിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ഇന്ത്യയുടെ അന്തർഘടനാ രംഗത്ത് വേണ്ടത്ര മുതലിറക്കുന്നതിന് വിഘാതമായി ഭവിക്കുകയും ചെയ്തു. സ്വാഭാവികമായും ഇന്ത്യയുടെ വ്യവസായരംഗത്തെയും, സാമൂഹ്യ ക്ഷേമരംഗങ്ങളെയും ബ്രിട്ടീഷുകാരുടെ നയസമീപനങ്ങൾ ദോഷകരമായി ബാധിച്ചു. ഉത്സാപട്നായിക്കിന്റെ അഭിപ്രായത്തിൽ 1765 മുതൽ 1938 വരെയുള്ള കാലയളവിൽ 45 ട്രില്യൺ ഡോളർ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയെന്നാണ് വിലയിരുത്തുന്നത്. 1 ട്രില്യൺ ഡോളർ ഒരു ലക്ഷം കോടി ഇന്ത്യൻ രൂപയാണെന്ന് ഓർക്കണം. ഈ ലളിതമായ കണക്ക് സൂചിപ്പിച്ചുകൊണ്ട് പകൽക്കൊള്ളയുടെ വിവരണം അവസാനിപ്പിക്കുന്നു..

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img