
‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ച,ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങൾ എന്നിവയൊക്കെ ലോകത്തിലെ വിവിധ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും തമ്മിലുള്ള അകലം വളരെ കുറച്ചുകൊണ്ടു വന്നിട്ടുണ്ടെന്ന് കാണാനാവും. അത് നമുക്ക് കാണാനും സംസാരിക്കാനും ഒക്കെ കഴിയുന്ന നിരവധി വേദികൾ ഉണ്ടാക്കി തന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഒക്കെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഇടം മാത്രമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. അത് ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ ചലനാത്മകത തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒക്കെ തെരഞ്ഞെടുപ്പ് കാലത്ത് ജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുമ്പോൾ തന്നെ അവയെ വെല്ലുവിളിക്കാവുന്ന വിധത്തിൽ ഇന്റർനെറ്റ് വ്യാപനവും ഡിജിറ്റൽ സാങ്കേതികവിദ്യ വളർച്ചയും സാമൂഹ്യ മാധ്യമങ്ങളും ഒക്കെ വളർന്നുവന്നിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി സാമൂഹ്യ മാധ്യമശൃംഖലകൾ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതാക്കളും ജനങ്ങളും തമ്മിൽ നിലനിന്നിരുന്ന വിവര വിനിമയ അതിർവരമ്പുകൾ പൊളിച്ചടുക്കാൻ ഇന്ന് ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് സ്ഥാനാർത്ഥികളെയും അവർ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങളെയും സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനുള്ള സാഹചര്യം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
ഐടി രംഗത്ത് ഇന്ത്യക്കുണ്ടായ നിർണായകമായ വളർച്ചയാണ് ഇത് സാധ്യമാക്കിയത്. രാഷ്ട്രീയപ്പാർട്ടികൾ ഇന്ന് കൂടുതൽ കൂടുതലായി ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. ജനങ്ങളുടെ വിശിഷ്യ സമ്പന്നരായ യുവാക്കളുടെ, നാഡിമിടിപ്പറിയുന്നതിനുള്ള ഏറ്റവും നല്ല ഉപകരണങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് എത്തിച്ചേരാനും അവരുടെ വികാരങ്ങൾ അറിയാനും ഉള്ള ഏറ്റവും നല്ല ഉപകരണങ്ങളാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങൾ.
1995ലാണ് ഇന്ത്യയിൽ ഇന്റർനെറ്റ് പ്രചാരത്തിലാവുന്നത്. നഗരവാസികളും വിദ്യാ സമ്പന്നരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ മധ്യവർഗം അതിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്റർനെറ്റ് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങിയതോടെ സാധാരണ ജനങ്ങളും ഇത് വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു. സ്വാഭാവികമായും ഇക്കാര്യത്തിൽ നഗര‐ഗ്രാമ ജനതകൾ തമ്മിലുള്ള വേർതിരിവ് അതിവേഗം ഇല്ലാതായി. 2025ലെ കണക്ക് അനുസരിച്ച് ഏകദേശം 100 കോടിയിലേറെ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഇന്റർനെറ്റിനുള്ളത്. 2010ൽ അത് ഒമ്പത് കോടിയിലേറെയായിരുന്നു. 2015 ആകുമ്പോഴേക്കും അത് 35 കോടിയായി വർദ്ധിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയെ സെൽഫോൺ രാഷ്ട്രം എന്നുവരെ ചില പണ്ഡിതന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്. 2014ലും 2019 ലും 2024ലും ഒക്കെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ മാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കാൻ കഴിഞ്ഞതിനാലാണ് ബിജെപിക്ക് തെരഞ്ഞെടുപ്പു രംഗത്ത് വൻവിജയം നേടാനായത്.
സാക്ഷരത, വർദ്ധിച്ചുവരുന്ന വരുമാനം, മധ്യവർഗ്ഗത്തിന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയും ഒക്കെ വളർച്ച, ഇതോടൊപ്പം സെൽഫോണുകളുടെ വിലയിൽ ഉണ്ടായ ഇടിവ്, ഫോൺ ഉപയോഗിക്കുന്നതിന് വരുന്ന സാമ്പത്തിക ചെലവിലെ കുറവ് എന്നിവയൊക്കെയാണ് ഈ വ്യാപനത്തിന് സഹായിച്ചത്. സാമൂഹ്യ മാധ്യമ വേദികളായ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം,യൂട്യൂബ് എന്നിവയൊക്കെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒരു ബദൽ സൃഷ്ടിച്ചു. ഫോട്ടോ എടുക്കൽ, പാട്ടുകൾ റെക്കോർഡ് ചെയ്യൽ, റേഡിയോ കേൾക്കൽ, ടിവി കാണൽ തുടങ്ങി നിരവധി വൈവിധ്യപൂർണ്ണമായ കാര്യങ്ങൾക്ക് സെൽഫോൺ ഉപയോഗിക്കാം എന്നായതോടെ ഗ്രാമപ്രദേശങ്ങളിൽ ടോയ്ലറ്റുകളെക്കാൾ അത്യന്താപേക്ഷിതമാണ് സെൽഫോൺ എന്ന സ്ഥിതി വന്നുചേർന്നു.
2019ലെ കണക്കനുസരിച്ച് അമേരിക്കയെക്കാൾ കൂടുതലാളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. അമേരിക്കയിലത് 19 കോടി ആണെങ്കിൽ ഇന്ത്യയിൽ അത് 26കോടിയാണ്. 2025ലെ കണക്കനുസരിച്ച് അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോഗം 280 ലക്ഷം ആണെങ്കിൽ ഇന്ത്യയിലേത് 40കോടിക്കും 60കോടിക്കും ഇടയിലാണ്. 2013ൽ ട്വിറ്റർ ഉപയോഗിച്ചിരുന്നവർ 1 കോടി 15 ലക്ഷം ആയിരുന്നത് 2019ൽ 3 കോടി 44 ലക്ഷമായി വർദ്ധിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാട്സ്ആപ്പ് വിപണി ഇന്ത്യയിലാണ്. 2019ൽ 30കോടിയായിരുന്നെങ്കിൽ ഇപ്പോഴത് 85 കോടിയായി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഒക്കെ സാമൂഹ്യ മാധ്യമങ്ങളെ വൻതോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ സാമൂഹ്യ മാധ്യമത്തിന്റെ മേന്മ അംഗീകരിച്ച പ്രമുഖനായ ആദ്യത്തെ രാഷ്ട്രീയ നേതാവ് മോദിയാണെന്ന് പറയുന്നതിൽ തെറ്റില്ല. പരമ്പരാഗത മാധ്യമങ്ങളെ എതിർക്കുന്നതിന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തി. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം തന്നെ എതിർത്ത മാധ്യമങ്ങൾക്കെതിരായാണ് മോദി ഈ പ്രയോഗം നടത്തിയത്. തന്റെ വോട്ടർമാരോടും തന്നെ പിന്തുണയ്ക്കുന്നവരോടും നേരിട്ട് സംവദിക്കുന്ന സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്ന നേതാവായി അദ്ദേഹം ഉയർത്തി കാണിക്കപ്പെട്ടു. ഒരു ദിശയിൽ മാത്രം സഞ്ചരിക്കുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഈ പ്രതീതി സൃഷ്ടിച്ചത്. പൊതുജനം ഉയർത്തുന്ന വിഷയങ്ങളോട് അദ്ദേഹം തന്റേതായ രീതിയിൽ പ്രതികരിച്ചു. നേതാവും അണികളും തമ്മിലുള്ള ഈ ബന്ധം വൻതോതിൽ സ്വീകാര്യതയുള്ള ഒന്നായി ജനങ്ങൾക്ക് അനുഭവപ്പെട്ടു.
നവമാധ്യമങ്ങളോട് ആണ് മോദിക്ക് ഏറെ ഇഷ്ടം. അതിൽ ഏറ്റവും പ്രിയങ്കരമായത് ട്വിറ്റർ തന്നെ. 2009 ലാണ് അദ്ദേഹം ട്വിറ്ററിൽ ചേരുന്നത്. ലോകത്തിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് മോദിയെയാണ്. ട്വിറ്ററിൽ രണ്ട് അക്കൗണ്ടുകളിലായി അദ്ദേഹത്തിന് 7.74 കോടി അനുയായികൾ ഉണ്ട്. തൊട്ടു പിറകിലുള്ള ട്രംപിന്റെ അനുയായികൾ 6.11 കോടി മാത്രമാണ്. ഫേസ്ബുക്കിൽ മോദിയെ പിന്തുടരുന്നവർ 4.3 കോടിയാണ്. ഇൻസ്റ്റഗ്രാമിൽ ആവട്ടെ അത് 2.39 കോടിയാണ്.
രാഹുൽഗാന്ധി ട്വിറ്ററിൽ ചേരുന്നത് 2015 ഏപ്രിലിലാണ്. 2019 ജൂണിൽ അദ്ദേഹത്തെ പിന്തുടരുന്നവർ 0.98 കോടി മാത്രമാണ്. രാഹുൽ ഗാന്ധിയുടെ ട്വിറ്ററിൽ നമുക്ക് കാണാൻ ആവുന്നത് മോദിക്കെതിരായ ആക്ഷേപങ്ങളും കർഷക പ്രശ്നങ്ങളും തൊഴിൽ പ്രതിസന്ധിയും ഒക്കെയാണ്. എന്നാൽ മോദിയുടെ ട്വിറ്ററിൽ അദ്ദേഹത്തിന്റെ ഗവൺമെന്റ് ഉണ്ടാക്കിയ വികസന നേട്ടങ്ങളിൽ ആണ് ഊന്നൽ കൊടുക്കുന്നത് എന്ന് കാണാനാവും.
മോദിയുടെ പ്രായത്തിലുള്ള പലരെയും പോലെ നവ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ യാതൊരു മടിയും കാണിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മാറിവരുന്ന മാധ്യമ സാങ്കേതിക വിദ്യകളെ ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. തുടക്കം മുതൽ തന്നെ കമ്പ്യൂട്ടറും സെൽഫോണും ഒക്കെ അദ്ദേഹം ഉപയോഗപ്പെടുത്തി തുടങ്ങി. ഇന്റർനെറ്റുമായി ബന്ധപ്പെടുന്നത് 1990കളിലാണ്. ഗുജറാത്ത് ഭരിക്കാൻ തുടങ്ങിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാധ്യമം അതാണെന്ന് അദ്ദേഹം സ്വയം കണ്ടെത്തുകയായിരുന്നു. 1999 ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച നേതാവ് മോദിയായിരുന്നു.
2007ൽ നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ പ്രചാരവേലയ്ക്ക് വലിയ മാറ്റമാണ് വന്നത്. ഹിന്ദുത്വയ്ക്ക് പകരം “ഗുജറാത്ത് മോഡൽ’ വികസനത്തെ കുറിച്ചുള്ള പ്രചാരണത്തിനാണ് മുൻതൂക്കം കൊടുത്തത്. ഓൺലൈൻ രംഗത്ത് മോദി വികസന പുരുഷനായി അവതരിപ്പിക്കപ്പെട്ടു. ആധുനികതയുടെയും ഒപ്പം പാരമ്പര്യത്തിന്റെയും മിശ്രണമായാണ് മോദി അവതരിപ്പിക്കപ്പെട്ടത്. പരമ്പരാഗത മൂല്യങ്ങളെ ബഹുമാനിക്കുന്ന, എന്നാൽ ആഗോള കാഴ്ചപ്പാടുള്ള വ്യക്തിയായി മോദി മാറ്റപ്പെട്ടു. അതുവരെ ഉയർന്നു നിന്നിരുന്ന ഹിന്ദുത്വ അജണ്ട രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ആപ്പിൾ ലാപ്ടോപ്പിനോടൊപ്പം ഉള്ള മോദി, ഒബാമയുടെ ജീവചരിത്രം വായിക്കുന്ന മോദി, ഗോൾഫ് കളിക്കുന്ന മോദി, സിംഹങ്ങളോടൊപ്പം സഞ്ചരിക്കുന്ന മോദി, വിദേശ നേതാക്കളോടൊപ്പം നിൽക്കുന്ന മോദി, സിനിമാതാരങ്ങളെയും കായികതാരങ്ങളെയും സ്വീകരിക്കുന്ന മോദി എന്നിവയൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു കവിഞ്ഞൊഴുകി. “സ്വച്ഛ ഭാരത് “വൃത്തിയും വെടിപ്പുമുള്ള ഭാരതം’ എന്ന മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മാലിന്യങ്ങൾ കോരി മാറ്റുന്ന മോദിയുടെ ചിത്രം മാധ്യമങ്ങൾ ഒക്കെ റിപ്പോർട്ട് ചെയ്തു. 2014ലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം ഭാരതത്തിന്റെ ആധുനികവൽക്കരണമായിരുന്നു. മോദി എന്ന ബ്രാൻഡിനെ വളർത്തിയെടുക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം വലിയ പങ്കു വഹിച്ചു, 2019 ലെ തിരഞ്ഞെടുപ്പിലും 2024 തിരഞ്ഞെടുപ്പിലും ഒക്കെ ഇത് വ്യാപകമായി പ്രയോഗിക്കപ്പെട്ടു. മധ്യവർഗ യുവത്വത്തിന്റെ പ്രിയപ്പെട്ട നേതാവായി മോദിയെ വളർത്തിയെടുത്തതിൽ സാമൂഹ്യ മാധ്യമങ്ങൾ വലിയ പങ്കാണ് നിർവഹിച്ചത്.
പ്രായമായവരെ ബഹുമാനിക്കുന്നയാളാണ് മോദി എന്ന് പ്രചരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം അമ്മയോടൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മറുവശത്ത് വികസന നായകനാണ് മോദി എന്ന് വരുത്തുന്നതിനു വേണ്ടി ഗുജറാത്ത് ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കപ്പെട്ടു. ലാപ്ടോപ്പ് ബാഗുകൾ, ടീഷർട്ടുകൾ, തൊപ്പികൾ, ആൻഡ്രോയിഡ് ഫോണുകൾ എന്നിവയിൽ ഒക്കെ മോദിയുടെ ചിത്രം അച്ചടിച്ച് പ്രചരിപ്പിക്കപ്പെട്ടു. തന്റെ കാലത്തും അതിനു മുമ്പും ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാണ് മോദി എന്ന് വരുത്തി തീർക്കുന്നതിനായിരുന്നു ഈ പ്രചാരണ കോലാഹലം. രാജ്യമെമ്പാടുമുള്ള മധ്യവർഗ്ഗ കുടുംബങ്ങളുമായി സംവദിക്കുന്നതിനാണ് ഇതൊക്കെ ഉപയോഗിക്കപ്പെട്ടത്. ഇന്ത്യയെ മെച്ചപ്പെടുത്താനും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പിക്കാനും വേണ്ടി പ്രവർത്തിക്കുന്ന ആളാണ് മോദി എന്ന പ്രചാരവേലക്ക് കാറ്റുപിടിച്ചു.
2012ൽ ഇറങ്ങിയ ലോകപ്രസിദ്ധമായ ടൈം മാഗസിനിൽ മോദിയുടെ പടം മുഖചിത്രമായി അച്ചടിച്ചു വന്നു. മോദി എന്നതിനർത്ഥം ബിസിനസ് എന്നായിരുന്നു ചിത്രത്തിന് അവർ നൽകിയ തലവാചകം. ഹിന്ദുത്വ നായകനിൽ നിന്ന് വികസന നായകനായി മോദി ഉയർത്തപ്പെട്ടത് ഇത്തരത്തിലുള്ള പ്രചാരണ തന്ത്രങ്ങളിലൂടെ ആയിരുന്നു.
2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മോദി സാമൂഹ്യ മാധ്യമ വേദികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്റെ ജനകീയാടിത്തറ വികസിപ്പിക്കുന്നതിന് ഊന്നൽ നൽകി. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും അവർ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. അമിതാഭ് ബച്ചൻ, രജനികാന്ത്, നാഗാർജുന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരുടെയും ധോണിയെ പോലെയുള്ള കായികരംഗത്തെ പ്രമുഖരുടെയും ട്വിറ്റർ അക്കൗണ്ടുകൾ മോദി പിന്തുടരാൻ തുടങ്ങി.
2012ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയത്തെ തുടർന്ന് നവമാധ്യമങ്ങളിലൂടെ മോദിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കുന്ന പ്രചാരവേലയാണ് നടന്നത്. ദേശീയതലത്തിൽ കോൺഗ്രസിനെതിരായി ഉയർത്തിക്കാണിക്കാവുന്ന ഏക നേതാവ് മോദി മാത്രമാണെന്ന് എക് ഹി വികൽപ് മോദി എന്ന് പേരിട്ട ഫെയ്സ്ബുക്ക് പ്രചാരണ പരിപാടിയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ട്രെയിലർ മാത്രമാണ് ;2014 ലെ സിനിമ കാണാനാവു എന്നായിരുന്നു മറ്റൊരു പ്രചാരണ പരിപാടിയുടെ തലവാചകം. 2012ൽ മുഖ്യമന്ത്രി, 2014 പ്രധാനമന്ത്രി എന്നായിരുന്നു മറ്റൊരു പ്രചാരണ പരിപാടിയുടെ പേര്. എന്തായാലും തലസ്ഥാനത്തേക്ക് മാറി പ്രവർത്തിക്കാൻ മോദി സന്നദ്ധനാണെന്ന് കാണിക്കുകയായിരുന്നു പ്രചാരവേലയുടെ ലക്ഷ്യം.
2013 ജൂൺ 9ന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ തലവനായി മോദി ഉയർത്തപ്പെട്ടതോടെ സംശയങ്ങളെല്ലാം അവസാനിച്ചു. നിരാകരിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എൽ കെ അദ്വാനി ബിജെപിയുടെ തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ നിന്ന് രാജിവെച്ചു. പിന്നീട് ആർഎസ്എസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജി പിൻവലിച്ചത്. ഇതിനിടെ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ബീഹാർ മുഖ്യമന്ത്രി നീതിഷ് കുമാർ ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറി.
2014ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സർദാർ വല്ലഭായി പട്ടേലിന്റെ അറുപത്തിമൂന്നാം ചരമ ദിനത്തോട് അനുബന്ധിച്ച് “ഐക്യത്തിനു വേണ്ടി കൂട്ടയോട്ടം” എന്നൊരു പരിപാടി മോദി സംഘടിപ്പിച്ചു. 2013 ഡിസംബർ 13 ന് ആയിരുന്നു വഡോദരയിൽ ഈ പരിപാടി നടന്നത്. അതോടനുബന്ധിച്ച് മോദി ഇപ്രകാരം ട്വീറ്റ്ചെയ്തു. “ഐക്യത്തിന്റെ പ്രതീകമായി പ്രതിമ സമർപ്പിക്കുന്നത് സർദാർ പട്ടേൽ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കും മൂല്യങ്ങൾക്കുമുള്ള ആദരവ് അർപ്പിക്കലാണ്.നമ്മുടെ രാഷ്ട്രത്തെ ഐക്യപ്പെടുത്തലും ലോകത്തെ ഇന്ത്യയോട് അടുപ്പിക്കലും ഒരു സ്വപ്നമാണ്.’ എന്നായിരുന്നു. കൂട്ടയോട്ട പരിപാടി ആയിരം കേന്ദ്രങ്ങളിൽ നടന്നു. നവമാധ്യമങ്ങളിൽ ഇതിന് വലിയ പ്രചാരവേല നടത്തി. 40 ലക്ഷത്തോളം പേർ ആ പരിപാടിയിൽ പങ്കാളികളായി. ഫലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഐക്യത്തിനു വേണ്ടിയുള്ള ഈ കൂട്ടയോട്ടം മാറി. 182 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനുള്ള വിഭവങ്ങളും ഇതിലൂടെ അവർ സംഭരിച്ചു. അങ്ങനെ സർദാർ പട്ടേൽ ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായി പ്രചരിപ്പിക്കപ്പെട്ടു. 2018 ഒക്ടോബറിൽ പ്രധാനമന്ത്രിയായ മോദിയാണ് പ്രതിമ അനാചാരം ചെയ്യുന്നത്. അന്ന് പട്ടേലിന്റെ 143‐ാം ജന്മദിനം ആയിരുന്നു.
കോൺഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നെഹ്റു ‐ഗാന്ധി കുടുംബങ്ങളെ ഉയർത്തിപ്പിടിക്കുകയും പട്ടേൽ തമസ്കരിക്കപ്പെടുകയും ആണ് ചെയ്തതെന്ന് പ്രചരിപ്പിക്കാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞു. പട്ടേൽ ഹിന്ദുത്വവാദിയായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള പ്രചാരണം വരെയാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടത്. ആധുനിക ഇന്ത്യയുടെ നിർമ്മാതാവായി പട്ടേൽ വാഴ്ത്തപ്പെട്ടു.
2014ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ആണ് നരേന്ദ്രമോദി “നമോ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.ബഹുമാനപുരസരം വണങ്ങുക എന്നതാണ് നമോ എന്നതിന്റെ അർത്ഥം. അതാണ് നരേന്ദ്രമോദിയുടെ ചുരുക്ക പേരായി അവതരിപ്പിക്കപ്പെട്ടത്. ഈ പ്രയോഗത്തിനെ അതിവേഗം പ്രചാരത്തിലാക്കാൻ ബിജെപിയുടെ മാധ്യമ ബ്രിഗേഡിന് കഴിഞ്ഞു. മോദിയുടെ വ്യക്തിത്വത്തിന്റെ ചിഹ്നമായാണ് ഈ ചുരുക്കപ്പേര് അവതരിപ്പിക്കപ്പെട്ടത്.
ഇതിന് തുടർന്ന് 2014ലെ തെരഞ്ഞെടുപ്പിനെ സാമൂഹ്യ മാധ്യമ തെരഞ്ഞെടുപ്പായി നിരീക്ഷകർ വിലയിരുത്താൻ തുടങ്ങി. ന്യൂ ടൈംസ് മോദിയെ വിശേഷിപ്പിച്ചത് “സാമൂഹ്യ മാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ എന്നായിരുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ 2008ൽ ഒബാമ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ നടത്തിയ സാമൂഹ്യ മാധ്യമങ്ങളുടെ പ്രയോഗവുമായി ഉപമിക്കപ്പെട്ടു.യുകെയിലെ ഫിനാൻഷ്യൽ ടൈംസ് ഇന്ത്യയുടെ ആദ്യത്തെ സാമൂഹ്യ മാധ്യമപ്രധാനമന്ത്രിയാണ് മോദിയെ വിശേഷിപ്പിച്ചത്. 2014 മാർച്ച് ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചത് മെയ് 12ന് ആയിരുന്നു. അതിനിടെ മോദിയുടെ ഫേസ്ബുക്കിൽ 2.9 കോടി ജനങ്ങൾ 22.7 കോടി പോസ്റ്റുകളും കമന്റുകളും ഷെയറുകളും ലൈക്കുകളും ഒക്കെയാണ് നടത്തിയത്. ഇതുകൂടാതെ മോദിക്ക് അനുകൂലമായി 1.3 കോടി ആളുകൾ 7.5 കോടി ഇടപെടലുകൾ വേറെയും നടത്തിയിരുന്നു. ഫലപ്രഖ്യാപനദിവസം മോദി ജയിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോട്ടോ ഷെയർ ചെയ്തവർ 10 ലക്ഷത്തിലേറെ പേരായിരുന്നു. ആ വർഷം ജനുവരി ഒന്നു മുതൽ മെയ് 16 വരെ ട്വിറ്ററിൽ 580 ലക്ഷം പ്രതികരണങ്ങൾ മോദിക്ക് അനുകൂലമായി ഉണ്ടായി. ഇന്ത്യയുടെ ആദ്യത്തെ ട്വിറ്റർ തെരഞ്ഞെടുപ്പായാണ് 2014 ലെ തെരഞ്ഞെടുപ്പ് അറിയപ്പെടുന്നത്. l




