ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

സജിത്ത് എം എസ്

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It Was Just an Accident’ പല കാരണങ്ങൾ കൊണ്ട് ലോകശ്രദ്ധയാകർഷിച്ച സിനിമയാണ്. ഭരണകൂടത്തിന്റെ കർക്കശമായ വിലക്കുകൾ നേരിട്ട് സിനിമ എന്ന കല സൃഷ്ടിക്കുന്ന, ആ പരിമിതികൾക്കുള്ളിൽ നിന്ന് ലോകത്തെ മനുഷ്യരെയാകെ വൈകാരികമായി സ്പർശിക്കുന്ന ചലച്ചിത്രങ്ങൾ ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകാരാണ് ഇറാനിലുള്ളത്. സിനിമ എന്ന കലാസൃഷ്ടി നിർവഹിച്ചതിന്റെ പേരിൽ ഭരണകൂട വിലക്കുകളും വേട്ടയാടലും ജയിൽവാസവും കഠിന പീഡനങ്ങളും നേരിടേണ്ടി വരുന്ന കലാകാരാണ് അവിടെയുള്ളത്. ഈ നിലയിൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്ന കുറ്റം ചാർത്തപ്പെട്ട് ജയിൽവാസം അനുഭവിച്ച ജാഫർ പനാഹി തന്റെ ജയിൽ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ എന്ന നിലയിൽ ‘It was Just an Accident’ അതിന്റെ റിലീസിന് മുന്നേ തന്നെ ലോക ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.

ഭരണകൂടം സൃഷ്ടിക്കുന്ന ഇരകളും വേട്ടക്കാരും

സംവിധായകൻ ജാഫർ പനാഹി ഈ സിനിമയിലൂടെ ഒരു പിന്തുടരൽ നടത്തുകയാണ്. ഇറാനിയൻ ഇസ്ലാമിക് ഭരണകൂടത്തിനു കീഴിൽ രാഷ്ട്രീയ തടവുകാരായ കുറച്ചു വ്യക്തികൾ തങ്ങളുടെ തടവ് കാലത്ത് അവരെ ഏറെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഭരണകൂട പക്ഷപാതിയായ ഇക്ബാൽ എന്ന മനുഷ്യനെ പിടികൂടുകയും അയാളോട് പ്രതികാരം ചെയ്യും മുൻപ് തങ്ങൾ പിടികൂടിയ വ്യക്തി അവർ ഉദ്ദേശിക്കുന്ന ആള് തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇക്ബാലിന്റെ പീഡനമുറകൾ ചിത്രീകരിക്കാതെ തന്നെ എങ്ങനെയാണ് ഭരണകൂടം വിമതസ്വരങ്ങൾ ഉയർത്തുന്ന മനുഷ്യരെ കടുത്ത ഉപദ്രവങ്ങളിലൂടെ നിശബ്ദരാക്കുന്നത് എന്ന് പനാഹി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഇക്ബാലിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന സിവ എന്ന സ്ത്രീയ്ക്ക് അതിന് പൂർണമായും സാധിക്കുന്നില്ല. ചോദ്യം ചെയ്യൽ വേളയിൽ ഉടനീളം അവരുടെ കണ്ണുകൾ കെട്ടപെട്ടിരുന്നു എന്നതാണ് അതിന് കാരണം. ഭരണകൂടത്തിന്റെ മർദ്ദനരീതികളെ രംഗങ്ങൾ ഇല്ലാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ജാഫർ പനാഹി.

കഠിനമായ ചിത്രീകരണവിലക്കുകൾ മറികടന്നാണ് ‘It was Just an Accident’ പനാഹി ചിത്രീകരിച്ചത്. ചടുലമായ ത്രില്ലർ സ്വഭാവത്തിനൊപ്പം കറുത്ത ഹാസ്യത്തിന്റെ സാധ്യതകളും ഉപയോഗിച്ച് പ്രേക്ഷകരെ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു ചലച്ചിത്രം കൂടിയാണ് It was Just an Accident, ഒരു റോഡ് മൂവിയുടെ സ്വഭാവം കൂടി സിനിമ ഉടനീളം പുലർത്തുന്നുണ്ട്. ഇരകളും വേട്ടക്കാരനും പരസ്പരം സ്ഥാനങ്ങൾ വച്ചു മാറി ഒരുമിച്ച് ചേർന്നുള്ള ഒരു യാത്രയാണ് സിനിമയുടെ കാതൽ. ഈ യാത്രയ്ക്കിടെ തങ്ങളെ ക്രൂരമായി പീഡിപ്പിച്ച മനുഷ്യന്റെ ഭാര്യയുടെ പ്രസവസമയത്ത് അവരെ സഹായിക്കാൻ കൂടി വിമതർ സന്നദ്ധരാകുന്നു. സങ്കീർണമായ ഇത്തരം ജീവിതസന്ദർഭങ്ങളാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരകളായ മനുഷ്യരെയും ഭരണകൂടത്തിന്റെ തന്നെ മർദ്ദനോപാധിയായി പ്രവർത്തിച്ച ഒരു വ്യക്തിയെയും ഇരു ഭാഗങ്ങളിൽ നിർത്തിക്കൊണ്ട് പനാഹി സിനിമയുടെ ക്ലൈമാക്സ്‌ ഭാഗത്ത് ഒരുക്കിയ ചോദ്യം ചെയ്യൽ രംഗം സിനിമയുടെ ഏറ്റവും പ്രധാന ഭാഗമാണ്. ഒരു മതാത്മക ഭരണകൂടത്തിന് എങ്ങനെ തങ്ങളുടെ പക്ഷപാതിയായ ഒരു മനുഷ്യനെക്കൊണ്ട് സഹജീവികളായ മനുഷ്യരോട് ക്രൂരമായ ഹിംസ പ്രവർത്തിപ്പിക്കാൻ കഴിയുന്നു എന്ന് ആ രംഗം പ്രേക്ഷകരോട് സംവദിക്കുന്നു. ജാഫർ പനാഹി എന്ന സംവിധായകന്റെ മികവ് ആ ദീർഘ സീനിൽ പ്രേക്ഷകർക്ക് അനുഭവിക്കാം. കേവലം ഇറാൻ എന്ന ഒരു രാഷ്ട്രത്തിനുമപ്പുറം ലോകത്തെ എല്ലാ വലതുപക്ഷ എകാധിപത്യ ഭരണകൂടങ്ങളിലും ഭരണകൂടപക്ഷപാതികളായ മനുഷ്യരെ എങ്ങനെയാണ് സ്റ്റേറ്റ് അധികാരവും തീവ്ര മതബോധവും ഉപയോഗിച്ചു നിർമ്മിക്കുന്നത് എന്ന് സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. It Was just an Accident നെ ഒരു ലോകസിനിമയാക്കുന്നത് കാല-ദേശ ഭേദമന്യേ ആ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി കൊണ്ട് കൂടിയാണ്.

ജാഫർ പനാഹിയുടെ ശക്തമായ തിരക്കഥ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. അമിൻ ജാഫറിയുടെ ഛായഗ്രഹണവും ഒപ്പം അമീർ ഏത്മിനാൻ നിർവഹിച്ച എഡിറ്റിങും സിനിമയെ മികച്ച ചലചിത്രാനുഭവമാക്കുന്നതിൽ ഏറെ പങ്കുവഹിച്ചു. വാഹിദ് മൊബസ്സേരി, മറിയം അഫ്ഷരി, എബ്രഹാം അസീസി എന്നിവരുടെ പെർഫോമൻസ് ഏറെ പ്രേക്ഷകപ്രശംസ നേടിയതായിരുന്നു. മുന്നോട്ട് വയ്ക്കുന്ന നിർഭയമായ രാഷ്ട്രീയം കൊണ്ടും ചലച്ചിത്രമെന്ന നിലയിലും ഒരേ സമയം മികവ് പുലർത്താൻ It was Just an Accident ന് സാധിക്കുന്നു.

ലോക ചലച്ചിത്രവേദികളിൽ

എഴുപത്തിയെട്ടാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിക്കപ്പെട്ട It was just an accident ന് 2025 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ഗോൾഡൻ പാമ് (Palm D’ore) പുരസ്‌കാരം ലഭിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള പ്രധാന ചലച്ചിത്രമേളകളിലെല്ലാം സിനിമ പ്രദർശനം ചെയ്യുകയും ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസകൾ നേടുകയും ചെയ്തു. 2025 ൽ തിരുവനന്തപുരത്ത് നടന്ന 30ാമത് IFFK യിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ സിനിമ കൂടിയാണ് It was just an Accident. 2026 മാർച്ച്‌ 15 ന് പ്രഖ്യാപിക്കപ്പെടാൻ പോകുന്ന 98 ആമത് ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര സിനിമ എന്ന കാറ്റഗറിയിൽ ഫ്രാൻസിന്റെ എൻട്രി കൂടിയാണ് It was Just an Accident. മികച്ച തിരക്കഥയ്ക്കുള്ള അവാർഡിലും സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത ഭരണകൂട നിയന്ത്രണങ്ങളെ അതിജീവിച്ചു കൊണ്ടും സിനിമ എന്ന കല ഉണ്ടാവുകയും ലോകമെമ്പാടുമുള്ള അതിന്റെ പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്യുമെന്നുള്ള രാഷ്ട്രീയ സന്ദേശം കൂടി ഈ ചലച്ചിത്രം ലോകത്തിനു നൽകുന്നു.

Hot this week

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

Topics

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...
spot_img

Related Articles

Popular Categories

spot_imgspot_img