ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ് . ആഖ്യാതാവിന്റെ സുഹൃത്തായ തപോമയിയുടെ അച്ഛനാണ് ഗോപാൽ. അഭയാർത്ഥികൾക്ക് വേണ്ടി സന്നദ്ധപ്രവർത്തനം നടത്തുന്ന തപോമയിയെ ആഖ്യാതാവ് പരിചയപ്പെടുന്നത് തികച്ചും തൊഴിൽപരമായാണെങ്കിലും ആ ബന്ധം മറ്റുപല വഴികളിലൂടെ ഇഴപിരിഞ്ഞു വളരുന്നതിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
ഇടക്ക് പറയട്ടെ, ആഖ്യാതാവ് മലയാളിയാണെന്നല്ലതെ അയാളുടെ പേര് പോലും വായനക്കാരെ കഥാകാരൻ അറിയിക്കുന്നില്ല. അതുകൊണ്ടാകാം ഭാവനയിൽ തെളിയുന്നത് മെലിഞ്ഞു പൊക്കമുള്ള വലിയ നെറ്റിയുള്ള, സൗമ്യമായി മനോഹരമായി പുഞ്ചിരിക്കുന്ന ഒരു രൂപമാണ്. അയാളുടെ പേര് സന്തോഷ്‌കുമാർ ആണെന്ന് അറിയാതെ തോന്നിപ്പോയാൽ വായനക്കാരെ കുറ്റം പറയാനാവില്ല.
ഇ സന്തോഷ്‌കുമാർ
പക്ഷേ പേരിലൊന്നും ഒരു കാര്യവുമില്ല. കഥയിലാണ് കാര്യം. മലയാളിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ഗാസയിലെയും സിറിയയിലെയും റോഹിൻഗ്യയിലേയും അഭയാർത്ഥികളെ കുറിച്ച് വ്യാകുലപ്പെടുന്നവരാണ് മലയാളികൾ. അവർക്ക് ഗോപാൽ ബറുവയെ മനസ്സിലാകും . അയാളുടെ ഉള്ളിലെ സങ്കടക്കടൽ നമ്മെ നനയിപ്പിക്കും. കിഴക്കൻ ബംഗാളിൽ നിന്നും ഏതോ ഒരു ദ്വീപിലേക്കും അവിടെ നിന്നും പ്രകൃതി ആട്ടിപ്പായിച്ചപ്പോൾ കൊൽക്കത്തയിലേക്കും കുടിയേറിയവരാണ് ഗോപാൽ ബറുവയും ഭാര്യയും ഏകമകൻ തപോമയിയും . അവരുടെ തീരാത്ത വേദനകൾ എന്നും അലയടിച്ചു കൊണ്ടേയിരിക്കുന്നു. ആ ഭൂതകാലം ഗോപാലിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
അന്ന് ,യുവത്വത്തിൽ ചെയ്ത പലതും വാർധക്യത്തിൽ സ്വസ്ഥത നശിപ്പിക്കുന്ന കടുത്ത കുറ്റബോധം ആയി അയാളെ ശ്വാസം മുട്ടിക്കുന്നുണ്ട് . അതിൽ നിന്നും രക്ഷനേടാൻ അയാൾ കണ്ടുപിടിച്ച വഴി ഗൂഢലിപികളിൽ തന്റെ ജീവിതവും തന്റെ തീരാസങ്കടങ്ങളും എഴുതി വക്കുക എന്നതാണ്. മകൻ അത് ഒരിക്കലും വായിക്കരുതെന്നയാൾ ആഗ്രഹിച്ചു. പ്രാചീനലിപികളിൽ താത്പര്യമുള്ള ആഖ്യാതാവ് യാദൃച്ഛികമായി അവ വായിക്കുന്നു. ഗോപാൽ ബറുവയുമായി സൗഹൃദം സ്ഥാപിക്കാൻ ഗൂഢലിപികളോടുള്ള താത്പര്യം നിമിത്തമായി. ഒടുവിൽ സ്തോഭജനകമായ വിവരങ്ങളാണ് വെളിപ്പെടുന്നത്. ഇതൊന്നും അറിയാതെ തപോമയി തന്റെ പ്രസന്നഭാവത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു .സ്നേഹധനനായ അച്ഛന്റെ ഓർമ്മകൾ അവനെന്നും പ്രിയപ്പെട്ടതാണ്.
കൊൽക്കത്തയിലെ തന്റെ ജീവിതത്തിനിടയിൽ പലപ്പോഴും കണ്ടുമുട്ടിയിട്ടുള്ള അഭയാർത്ഥികൾ ആണ് ” തപോമയിയുടെ അച്ഛൻ ‘ എന്ന നോവൽ എഴുതാൻ തനിക്ക് പ്രേരകമായതെന്ന് ഇ സന്തോഷ്‌കുമാർ ‘സ്നേഹത്തിനായുള്ള മഹാപ്രയാണം ‘എന്ന പിൻകുറിപ്പിൽ പറയുന്നുണ്ട്. അഭയാർഥികളുടെ ജീവിതവും അവരുടെ വിഹ്വലതകളും ആണ് പ്രമേയമെന്ന് പറയുമ്പോഴും മനുഷ്യന്റെ നിരന്തരമായ പലതരം ഉത്കണ്ഠകളാണ് ഓരോ കഥാപാത്രത്തിലൂടെയും വെളിപ്പെടുന്നത്.
പരസ്പരം ചേർന്നുനിൽക്കുവാനും സ്നേഹിക്കുവാനുമുള്ള എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങൾ അവരെ എവിടെയൊക്കെയാണ് എത്തിക്കുന്നത് ? എങ്ങനെയൊക്കെയോ ഉടലെടുക്കുന്ന ആത്മബന്ധങ്ങൾ ,ആ ബന്ധങ്ങൾ നൽകുന്ന ചില ഉത്തരവാദിത്വങ്ങൾ , അവ നിർവഹിക്കുവാനായി സ്വയം ചെന്നുപെടുന്ന ഊരാക്കുടുക്കുകൾ …
ആഖ്യാതാവ് ഒരു സാധരണക്കാരനാണ് . തപോമയിയും ഗോപാൽ ബറുവയും യഥാർത്ഥത്തിൽ അയാളുടെ ആരുമല്ല. കേരളത്തിൽ നിന്നും ജോലി സംബന്ധമായി ദില്ലിയിൽ എത്തിയ ഒരു മലയാളി. പക്ഷേ ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന ഗോപാൽ ബറുവയുടെ ജീവിതത്തിലെ ഒരു സുപ്രധാന വ്യക്തിയായി അയാൾ മാറുന്നു .
ഗോപാൽ ബറുവയിലൂടെയാണ് ആഖ്യാതാവ് കഥ പറയുന്നത്.
ഒരു നോവലിന് ആവശ്യമായ എല്ലാ നാടകീയതയും പിരിമുറുക്കവും ഇതിനുണ്ട്. ഓരോ സംഭവവും ഒരു ചെറു കഥയാണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ കുറെ കഥകൾ കോർത്തുണ്ടാക്കിയ ഒരു വലിയ കഥ. ഒരോ കഥയിലും മനുഷ്യൻ എന്ന പ്രതിഭാസത്തിന്റെ വിചിത്രമായ മനോവ്യാപാരങ്ങളാണ് ഇതൾവിടർത്തുന്നത്.
എന്നും തത്വചിന്തകരെ വലയ്ക്കുന്ന പ്രശ്നമാണ് നന്മയും തിന്മയും. എല്ലാ മനുഷ്യരിലും ഇത് രണ്ടും ഉണ്ടെങ്കിലും സാഹചര്യങ്ങൾ മനുഷ്യനെ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. അതിന്റെ യുക്തി ആ വ്യക്തിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.
ഗോപാൽ ബറുവ തോണിയുമായി പോകുന്നത് പ്രളയത്തിൽ അകപ്പെട്ട ശ്യാമൾ ദായെ രക്ഷിക്കാനാണ്. പക്ഷേ ആ നിമിഷത്തിൽ അയാളുടെ മനസ്സ് മാറി. തോണി അയാൾ തിരിച്ചു വിട്ടു. സുമന ശ്യാമൾ ദായെ എന്തുകൊണ്ട് പ്രണയിച്ചുവെന്ന് മൂന്നാമതൊരാൾക്ക് വിശദീകരിക്കാനാവില്ല.മുടന്തനും വിക്കനും വൃദ്ധനുമായ ശ്യാമൾ ദായോട് സുന്ദരിയും യുവതിയുമായ സുമനക്ക് അഗാധമായ പ്രണയം ആണെന്നത് ഗോപാലിന് മാത്രമല്ല നമുക്കും മനസ്സിലായെന്നു വരില്ല.
മനുഷ്യമനസ്സുകളാണല്ലോ സർഗ്ഗപ്രതിഭകളുടെ ഇഷ്ടവസ്തു. അവരത് തിരിച്ചും മറിച്ചുമിട്ട് കളിപ്പാട്ടം പോലെ കളിക്കുന്നു. പ്രാചീനമായ ജീനുകളുടെ അവശേഷിപ്പുകൾ ഉൾപ്പടെ ഒരു വ്യക്തിയുടെ സ്നേഹദ്വേഷങ്ങളിൽ കലരുന്നുണ്ടെന്ന ശാസ്ത്രസത്യം എഴുത്തുകാർ അവർക്ക് വഴങ്ങുന്ന കാല്പനിക ഭാഷയിൽ പറയുന്നു. സന്തോഷ് കുമാറും ചെയ്യുന്നത് മറ്റൊന്നല്ല.
നോവലിന്റെ വിഷാദഭാവത്തിന് സൗന്ദര്യം പകരുന്നത് ഉടനീളം പെയ്യുന്ന മഴയാണ്. മഴയെ നോക്കിയിരുന്നാണ് ഗോപാൽ മരിക്കുന്നത്. അയാളുടെ ജീവിതത്തിൽ പണ്ടൊരു ദിവസത്തെ പെരുമഴ നൽകിയ ആഘാതം അയാളെ അമർത്തികൊണ്ടേയിരുന്നു. മഴ നനയാത്ത ഒരു കഥാപാത്രവും ഇതിലില്ല. സ്നേഹവും വിഷാദവും പ്രണയവും വിരഹവും മരണവും സൗഹൃദവും മഴയെ സാക്ഷി നിർത്തിയാണ്.
ആരെങ്കിലും ‘തപോമയിയുടെ അച്ഛൻ ‘ ചലച്ചിത്രമാക്കാതിരിക്കില്ല. ഒരു തിരക്കഥക്കാവശ്യമായ സൂക്ഷ്മമായ വിവരണങ്ങൾ എഴുത്തുകാരൻ തയ്യാറാക്കിയിരിക്കുന്നു. ഓരോ കാഴ്ചക്കും ഓരോ ദൃശ്യത്തിനും വേണ്ട നിറവും ഭാവവും പോലും വ്യക്തമാക്കിയിട്ടുണ്ട്.
വയലാർ പുരസ്കാരത്താൽ ആദരിക്കപ്പെട്ട ‘തപോമയിയുടെ അച്ഛൻ ‘ വ്യത്യസ്തമായ നിരവധി വായനകൾക്ക് സാധ്യതയുള്ളതാണ് . കൂടുതൽ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ കഥയുടെ ജന്മോദ്ദേശ്യം സാക്ഷത്കരിക്കപ്പെടൂ.