മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി സ്വീകരിച്ചിരുന്നു. മതപരമായ അംഗീകാരമുള്ള കല എന്ന നിലയിൽ സമീപ കാലത്ത് ഏറെ പ്രചാരം ഈ കലാ രൂപങ്ങൾക്കുമുണ്ടായിരുന്നു. ഇപ്പോൾ പ്രധാനമായും പെരുന്നാൾ ആഘോഷങ്ങൾക്കും കലോത്സവ വേദികളിലും മാത്രമാണ് ഇവ അരങ്ങേറുന്നത്. ദഫിന്റെ രൂപഭേദം സംഭവിച്ച കലാരൂപം ആണ് അറവന എന്നു പറയുന്നത്. അറവനയുടെ വാദ്യ ഉപകരണത്തിന് ദഫിന്റെ ഉപകരണത്തെക്കാൾ വ്യാസം കൂടുതലാണ്. മൃഗത്തിന്റെ തൊലിയാണ് ഇതിന് ഉപയോഗിക്കുന്നത് എങ്കിലും അറവനയ്ക്ക് ആട്ടിൻ തോലാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
രാജകൊട്ടാരങ്ങളിലും മറ്റുമായി മുസ്ലിം സമുദായക്കാർ നടത്തുന്ന കലാ പ്രകടനങ്ങളിൽ പ്രധാനപ്പെട്ടത് ദഫും അറവനയും തന്നെയാണ്. കൈകൊണ്ടു താളം കൊട്ടി താളത്തിനൊത്തു താണും പൊങ്ങിയും താളനിബന്ധമായി ചുവടുവെച്ച് നാലുവശത്തേക്കും ചെരിഞാടുന്ന രീതിയിലാണ് ഇതിന്റെ അവതരണം. ചരിത്രപരവും ഭൂമിശാസ്‌ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ ഈ കലാരൂപങ്ങൾക്കുണ്ട്. പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ സൗന്ദര്യ സങ്കല്പത്തിലേക്ക് ഈ കലാരൂപങ്ങൾ വേരോട്ടം ഉണ്ടാക്കുകയും വികാസം പ്രാപിക്കുകയും ചെയ്തു എന്ന് ചരിത്ര പാഠങ്ങളിൽ കാണാം. മുസ്ലിം സമുദായത്തിൽ തന്നെയുള്ള മറ്റു കലാരൂപങ്ങളോട് ഒരു വിധത്തിലുമില്ല സാമ്യതയും ഈ കലാരൂപങ്ങൾക്കില്ല. വ്യത്യസ്ഥമായ അവതരണഭംഗി കൊണ്ട് ഈ അവതരണങ്ങൾ പൊതു സ്വീകാര്യത നേടുകയായിരുന്നു. മുസ്ലിം സമുദായത്തിന്റെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും പൊതുവെ കേരളീയതയാണ് നിറഞ്ഞു നിന്നിരുന്നത്. രണ്ടു സംഘമായി അഭിമുഖമായി ഇരുന്നു അറവന പാട്ട് പാടുകയാണ് ഇതിന്റെ തുടക്ക രീതി.

മാപ്പിളപാട്ടുകൾ ശ്രുതി മധുരമായി പാടുന്നതിനൊത്തു കളിക്കാർ അറവനയിൽ കൊട്ടി താളം പിടിക്കുകയാണ് ചെയ്യുക. തോളത്തു തട്ടിയും ചുമലുകൾ തമ്മിലുരച്ചും പാട്ടിന്റെ താളമുറുക്കത്തിൽ കളി തുടരുന്നതാണ് രീതി. ഒറ്റപ്പെട്ടുപോയവരെ ഒന്നിപ്പിക്കുക എന്ന മഹത്തായ സാമൂഹിക ദൗത്യം കൂടി ഇത്തരം കളിയുടെ പിന്നിലുണ്ടെന്നു പറയുന്നു. ദഫ്, അറവന എന്നിവ ഭക്തി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു ( ത്വരീഖത്ത് ) കൊണ്ട് അവതരിപ്പിക്കാറുമുണ്ട്. എട്ടിഞ്ചു വ്യാസത്തിൽ പ്ലാവിന്റെ വേരു കടഞ്ഞെടുത്തു പെണ്ണാടിന്റെ തൊലി സ്ഫുടം ചെയ്തെടുത്തു ചരട് മുറുക്കി ശ്രുതി നിയന്ദ്രിക്കുന്ന ഉപകരണമാണ് ദഫ്. പന്ത്രണ്ട് ഇഞ്ച് വ്യാസത്തിൽ ഈഴ ചെമ്പകം അല്ലെങ്കിൽ അയനി പ്ലാവ് മരത്തിന്റെ തടിയിൽ നിന്നും 5 കഷ്ണങ്ങൾ ഏകദേശം 90 സെന്റീ മീറ്റർ ചുറ്റളവിൽ വൃത്തമാക്കി ചേർത്ത് ഒരു ഭാഗം മാത്രം തുകൽ ചേർത്ത് പതിച്ചു വശങ്ങളിലെ ദ്വാരങ്ങളിൽ ചിലമ്പ് ഉറപ്പിച്ചിട്ടുള്ള ഉപകരണമാണ് അറവന. പ്രാചീനകാലത്തും അറബികളും സഹസികരും ആയവരും റോമാക്കാരും സോമാലിയക്കാരും കേരളത്തിലേക്ക് വന്നത് ചരിത്ര രേഖകളിലുണ്ട്. ഇവരെയെല്ലാം കേരളത്തിന്റെ തടിയും കുരുമുളകും പോലെ കലാ അവതരണവും ആകർഷിച്ചിരുന്നു എന്നു പറയുന്നുണ്ട്. AD 920 ഇൽ മരണപ്പെട്ട മുഹല്ലഭു സൽമ ദഫിന്റെ ഉത്ഭവം അറബികളിൽ നിന്നാണെന്നു പറയുന്നു. സുലൈമാൻ നബിയുടെയും ബാൽക്കീസ് രാജ്ഞി യുടെയും മധുവിധു രാത്രിയിലാണ് ആദ്യമായി ദഫ് അവതരിപ്പിച്ചത് എന്നു പറയുന്നവരുണ്ട്. ഇതിന് സിഫാഫിന്റെ ദഫ് എന്നും പറയുന്നു. ഹീബ്രു ഭാഷയിലെ തഫ് എന്ന വാക്കിൽ നിന്നും ഉണ്ടായതാണ് ദഫ് എന്നു വിശ്വസിക്കുന്നു. ഉടുമ്പ് തൊലി കെട്ടിയ ദഫ് ദക്ഷിണേന്ത്യക്കാർ ഉപയോഗിച്ചിരുന്നു. കാലാന്തരങ്ങളിലൂടെ എല്ലാ കലാരൂപങ്ങളിലും പ്രകടമായ മാറ്റം പോലെ ദഫും ആറവനയും മാറ്റത്തിന് വിധേയമായിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ ഈ കലാരൂപങ്ങൾ അവതരിപ്പിക്കുന്നു എന്നത് കാരണം എക്കാലവും നിലനിൽക്കുന്ന ഒന്നായി ഇതുമാറും എന്നതിൽ സംശയമില്ല.





