
പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു നീങ്ങിയ ഡയോജിനിസിനോട് ആൾക്കൂട്ടം ചോദിച്ചു “കത്തിയെരിയുന്ന ആ മധ്യാഹ്നത്തിൽ വിളക്കും കത്തിച്ച് നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? നിങ്ങൾക്ക് ഭ്രാന്താണോ?” ഡയോജിനിസ് ശാന്തനായി അവരോട് പറഞ്ഞു “ഞാനൊരു മനുഷ്യനെ തിരയുകയാണ്.” കാല നദിക്കക്കരെനിന്ന് മഹാനായ എഴുത്തുകാരൻ മാക്സിം ഗോർക്കി കോറിയിട്ട “മനുഷ്യൻ, എത്ര മഹത്തായ പദം” എന്നത് മാനവികതയുടെ മഹാവാക്യങ്ങളിൽ ഒന്നായി ചരിത്ര ഹൃദയത്തിൽ കയ്യൊപ്പ് ചാർത്തിയിരിക്കുന്നു.
മനുഷ്യന്റെ അധ്വാനവിജയത്തിന്റെയും യാത്രകളുടെയും നിരന്തര അന്വേഷണങ്ങളുടെയും സർഗാത്മകതയുടെയും അതിജീവന പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും ഫലശ്രുതിയായാണ് ഭൂമി ഇത്രമേൽ സുന്ദരമായി മനുഷ്യവാസയോഗ്യമായത്.
വിജയികളുടെ ചുമലിൽ ഇരുന്നല്ല ചരിത്രം മുന്നോട്ട് നീങ്ങിയത്. പരാജയപ്പെട്ടവരുടെ ചുമലിൽ ഇരുന്നുകൂടിയാണ് ചരിത്രത്തിന്റെ പുരോപ്രയാണം. ഇരകൾക്ക് ചരിത്രകാരന്മാരില്ലാത്തിടത്തോളം വേട്ടയുടെ കഥകൾ പൊലിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും എന്നൊരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. വേട്ടയുടെയും വിജയികളുടെയും കഥകൾ കൊണ്ട് ചരിത്രം നിറയുമ്പോൾ സഹജാതർക്കായി ബലിത്തറകളിൽ തന്നെത്തന്നെ ബലി നൽകിയ, കാലത്തിന്റെ ഇരുൾനിലങ്ങളിൽ മാനവികതയുടെ നിലാവ് പടർത്തിയ, വേറിട്ട വഴികളും നവീനാശയങ്ങളും കൊണ്ട് മനുഷ്യനാഗരികതയ്ക്ക് നക്ഷത്രത്തിളക്കം നൽകിയ, അതേ സമയം ആരവങ്ങൾ മുഴക്കപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയ മനുഷ്യജീവിതങ്ങളെ, ധൈഷണികത കൊണ്ടും സർഗാത്മകത കൊണ്ടും വീണ്ടെടുക്കുകയാണ് “ആഘോഷിക്കപ്പെടാത്ത മനുഷ്യോത്സവങ്ങൾ’ എന്ന പുസ്തകത്തിലൂടെ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്.
ലോകത്തിന്റെ സാംസ്കാരിക ചരിത്രത്തിൽതന്നെ ഇദംപ്രഥമമായി വിപരീതസമസ്യ എന്ന ധൈഷണിക പ്രഭാവത്തിന്റെ ഉത്തുംഗതകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച അനന്യപ്രതിഭയാണ് ഗ്രന്ഥകാരൻ. എഴുത്തുവഴിയിലും ജി എസ് പ്രദീപിന്റെ വാക്കിന്റെ നക്ഷത്ര തിളക്കത്താൽ പ്രശോഭിതമാണ് ഈ പുസ്തകം. ചരിത്രത്തെ ഖനനം ചെയ്തെടുത്ത ഈ പുസ്തകം ചരിത്രം നിർമ്മിച്ചവരുടെ ജീവിതകഥകളാണ്.
ആഘോഷിക്കപ്പെടാത്ത മനുഷ്യോത്സവങ്ങൾ എന്ന ഈ പുസ്തകത്തിന് സവിശേഷമായ ചില മുദ്രകളുണ്ട്. വിപ്ലവനിർഭരമായ ഭൂതകാലത്തെ ഈ പുസ്തകം വീണ്ടെടുക്കുന്നു. ഓർമ്മകൾ ഉണ്ടായിരിക്കണമെന്നത് ഈ പുസ്തകം നിരന്തരം നമ്മളെ ഓർമ്മിപ്പിക്കുന്നു. പോയ കാലത്തിന്റെ പോരാട്ടസ്മൃതികളെ അക്ഷരഭൂമികയിൽ ആവാഹിക്കപ്പെടുമ്പോൾ അത് വിമോചനത്തിന്റെ മാനിഫെസ്റ്റോ കൂടിയാകുന്നു. മികവുറ്റ ഒരു പെൺപക്ഷ കൃതിയാണിത്. പുരുഷകേന്ദ്രീകൃതമായ ഒരു ലോകവ്യവസ്ഥയുടെ കീഴിൽ സ്ത്രീകൾ ജീവനോടെ അടക്കം ചെയ്യപ്പെടുന്നു എന്ന് പറഞ്ഞത് ഹെലൻസിസുവാണ്. ഇതിൽ ജി എസ് പ്രദീപ് വരച്ചിടുന്ന പെൺജീവിതങ്ങൾ അതിജീവനത്തിന്റെയും ഉയർത്തെഴു ന്നേൽപ്പിന്റെയും സാക്ഷ്യപത്രങ്ങളാണ്. മൂന്നാമതായി വൈവിധ്യങ്ങളായ ജീവിതോത്സവങ്ങളുടെ നിറക്കാഴ്ചകളുടെ സമാഹാരമാണ് ആഘോഷിക്കപ്പെടാത്ത മനുഷ്യോത്സവങ്ങൾ എന്ന പുസ്തകം. ലോക രാഷ്ട്രീയത്തിന്റെ ഗതിവിലയങ്ങളും വർഗ്ഗസംഘർഷങ്ങളും ദാർശനിക ഗരിമയോടെ ഈ പുസ്തകം ചർച്ചചെയ്യുന്നു. സർവോപരി മറവിയുടെ യവനികയ്ക്കുള്ളിൽ മറഞ്ഞുപോയ, ചർച്ച ചെയ്യാതെ പോയ അധിനിവേശ സംസ്കൃതി ബോധപൂർവം തിരസ്കരിച്ച ജീവിതമൂല്യങ്ങളെ പൗര lബോധത്തിലേക്ക് സംക്രമിപ്പിക്കുന്ന ചരിത്രപരമായ സാംസ്കാരിക ദൗത്യമാണ് ഈ പുസ്തകത്തിന്റെ രചനയിലൂടെ ജി എസ് പ്രദീപ് നിർവഹിച്ചിരിക്കുന്നത്.
കനൽ തിന്ന് കലഹിച്ചവൾ എന്ന അധ്യായത്തിലാണ് പുസ്തകം ആരംഭിക്കുന്നത്. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ വംശദുശാസനന്മാരും സദാചാര മനോരോഗവും ഒരുമിച്ച് തച്ചുടച്ച സർഗ്ഗജീവിതമായ കുംഭകോണം ബാലാമണിയെ കുറിച്ചുള്ളതാണ് ഈ ലേഖനം. ഇതൊരു മികച്ച പെൺപക്ഷ പുസ്തകമാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. കനൽ തിന്നു കലഹിച്ചവൾ എന്ന അധ്യായം അവസാനിക്കുന്ന വരികൾ ഗ്രന്ഥകാരന്റെ കരുത്തുറ്റ സ്ത്രീപക്ഷ നിലപാടിന് ഉദാഹരണമാണ്.
പുരുഷ കേന്ദ്രീകൃതമായ കപട സദാചാര സമൂഹത്തിനെതിരെയുള്ള വചനാഗ്നേയങ്ങളായി ഈ വരികൾ മാറുന്നു.
ചരിത്രത്തിൽ അദൃശ്യരായവരെ ഈ പുസ്തകത്തിലൂടെ കാലത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഈ ഗ്രന്ഥകാരൻ ആനയിക്കുന്നു. ദേശീയ പ്രതിജ്ഞയുടെ സ്രഷ്ടാവായ വിസ്മരിക്കപ്പെട്ട ദേശാഭിമാനി യായ പി.വി സുബ്ബറാവുവിനെ കുറിച്ച് എഴുതിയ ‘എന്തേ മറന്നു എഴുത്താളനെ’ എന്ന ലേഖനം ഉദാഹരണം. ആഘോഷിക്കപ്പെടാത്ത ജീവിതോത്സവങ്ങളുടെ കറുത്ത പേടകത്തിനകത്ത് ഒളിച്ചുറങ്ങിയ ഡിയാൻ ഫോസ്സിയെ കുറിച്ചുള്ള ലേഖനം ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേ lയമായ ലേഖനമാണ്. ദാർശനികമായ നിരീക്ഷണങ്ങൾ കാലത്തിന്റെ തിരുവെഴുത്തുകളായി പരിണമിക്കുന്ന വിസ്മയകരമായ രചനാതന്ത്രം ഈ പുസ്തകത്തിലൂടെ ജി എസ് പ്രദീപ് പ്രകടിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗ്രന്ഥകാരന്റെ ഈ നിരീക്ഷണം ശ്രദ്ധിക്കുക.
“ഒരുപക്ഷേ വനാന്തരങ്ങളിലെ ആൾക്കുരങ്ങുകളുടെ അസ്തമിക്കാത്ത ബാക്കിപത്രങ്ങൾ അവരുടെ ചരിത്രം ചികയുവാൻ പ്രാപ്തി നേടുകയാണെങ്കിൽ ആദ്യം രേഖപ്പെടുത്താൻ കഴിയുക ഡിയാൻ ഫോസ്സിയുടെ പേരാവും. തങ്ങളുടെ ദൈവത്തെ കാണുവാൻ ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ട ആൾക്കുരങ്ങുകൾക്ക് അവസരമുണ്ടാകുന്നു എന്ന സങ്കൽപ്പത്തെ സാധൂകരിച്ചാൽ, രോമാവൃതമായ കറുത്ത കൈകൾ കൊണ്ട് പ്രപഞ്ചത്തിൽ ജനിച്ച സർവ്വ ഗോറില്ലയും ആദ്യം സ്പർശിക്കു വാൻ ആഗ്രഹിക്കുക ഫോസ്സിയുടെ മുഖമായിരിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രങ്ങളിലൊന്നും പെൺരക്തസാക്ഷിത്വങ്ങളെ കാര്യമായി അടയാളപ്പെടുത്തിയിട്ടില്ല. ആണധികാരത്തിന്റെ കഥയാണ് ചരിത്രമെന്ന് ഗാന്ധിജി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. കൊടിവിടാത്ത വളക്കൈകൾ എന്ന ലേഖനത്തിലൂടെ കനകലത ബറുവ, മുകുന്ദാ കാക്കോട്ടി, പ്രീതിലത എന്നിവരെ ഗ്രന്ഥകാരൻ വീണ്ടെടുക്കുന്നു. സംസാരിച്ച ആളുകളും എഴുതിയ പേരുകളും ചിന്തിച്ച തല ച്ചോറും, മുറിച്ചും വെടിവെച്ചും തകർത്തുകളയുന്ന ഭരണകൂട ഭീകരതയെ കുറിച്ചുള്ള സർഗ്ഗപ്രതിരോധമാണ് റിച്ചാർഡ് ഡി സോയിസ്സ, തരക്കി ശിവറാം, ലസന്ത വിക്രമതുകെ എന്നിവരെക്കുറിച്ചുള്ള ലേഖനം. ഗൗരി ലങ്കേഷും കൽബുർഗിയും ഗോവിന്ദ് പൻസാരയും സറ്റാൻസ് സ്വാമിയും അരുംകൊല ചെയ്യപ്പെട്ട വർത്തമാന ഇന്ത്യയിൽ ഈ ലേഖനത്തിന് കാലികപ്രസക്തി ഏറെയുണ്ട്.
ഈ പുസ്തകത്തിന്റെ ലാവണ്യമുദ്രകളിൽ ഒന്ന് ഓരോ ലേഖനത്തിനും നൽകിയിരിക്കുന്ന തലക്കെട്ടുകളാണ്. കാവ്യാത്മകവും അതേസമയം പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ പ്രക്ഷുബ്ധമായ ജീവിതക്കടലിനെ ഒരു വെൺശംഖിലെന്നവണ്ണം കോരിയെടുക്കുന്ന തല ക്കെട്ടുകൾ. ഉദാഹരണത്തിന് അനഘം ഈ മഞ്ചാടി എന്ന തലക്കെട്ട് പതിമൂന്നാമത്തെ വയസ്സിൽ സിപിയുടെ പട്ടാളം വെടിവെച്ചുകൊന്ന പുന്നപ്ര-വയലാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ അനഘാശയനെക്കുറിച്ചാണ്. മഞ്ചാടിയെന്നത് ബാല്യത്തിന്റെ സമ്മോഹന ബിംബമാണ്. കൗമാരക്കാരനായ അനഘാശയന്റെ രക്ത സാക്ഷിത്വത്തെ അനഘം ഈ രക്ത മഞ്ചാടി എന്ന തലക്കെട്ടിലേക്ക് സമർത്ഥമായി സന്നിവേശിപ്പിക്കുന്നു. ബാല്യത്തിന്റെ നിഷ്കളങ്ക മുറ്റത്ത് തുളച്ചു കയറിയ വെടിയുണ്ടയേറ്റ് പിടഞ്ഞുവീണ വിപ്ലവ ജീവിത ഇതി ഹാസത്തെക്കുറിച്ച് ഏറ്റവും അനശ്വരമായ തലക്കെട്ടാണ് ഈ രക്ത
മഞ്ചാടി.
നവോത്ഥാനം ഒരു തോറ്റ പദമല്ല എന്ന് ഈ പുസ്തകം ഉച്ചത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. കേരളീയ നവോത്ഥാനത്തിന്റെ പിൽക്കാലചരിത്ര ങ്ങളിൽ ഒന്നും തെളിമയോടെ പ്രത്യക്ഷപ്പെടാതിരുന്ന ഡോക്ടർ അയ്യത്താൻ ഗോപാലനെയും ജോൺ കിട്ടയേയും രാഷ്ട്രീയമായി ഗ്രന്ഥകാരൻ പുനർജീവിപ്പിക്കുന്നുണ്ട്. നവോത്ഥാനത്തിൽ നിന്നും ജാതീയതയിലേക്കും വലതുപക്ഷവൽക്കരണത്തിലേക്കും കേരളീയസമൂഹം തിരിച്ചുപോകുന്നു എന്ന ആശങ്ക ഉയരുമ്പോൾ നവോത്ഥാന സ്മൃതികളെ വീണ്ടെടുക്കുന്നതും ഒരു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. ഈ പുസ്തകം പുരോഗമന രാഷ്ട്രീയത്തിന്റെ സുവിശേഷവും കൂടി
യാണ്.
“ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ചർച്ചയാണ് ചരിത്രം’ എന്ന ഇ എച്ച് കാറിന്റെ നിരീക്ഷണത്തിനെ ഈ പുസ്തകം സാഫല്യത്തിലെത്തിക്കുന്നു. വർത്തമാനത്തിന്റെ ഏടുകളിൽ നിന്നാണ് ജി എസ് പ്രദീപ് ചരിത്രത്തിലേക്കും പുരാവൃത്തങ്ങളിലേക്കും ആഘോഷിക്കപ്പെടാതെപോയ മനുഷ്യജീവിതത്തിലേക്കും അക്ഷരതീർത്ഥാടനം നടത്തുന്നത്. വർത്തമാനകാലത്തിന്റെ സമസ്യകളുടെ നിർദ്ധാരണം ഈ പുസ്തകം സാധ്യമാക്കുന്നു.
ഉദയംപേരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യാത്രികരെ റോഡ് അരികിൽ വച്ച് ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരിൽ നിന്നാണ് അണുവിമുക്ത ശസ്ത്രക്രിയയുടെ ആധുനികവൈദ്യശാസ്ത്രത്തെ പഠിപ്പിച്ച ജോസഫ് ലിസ്റ്ററിലേക്ക് എഴുത്തുകാരന്റെ ചേതന നീളുന്നത്. ഓരോ അധ്യായവും തുടങ്ങുന്നത് അത്യന്തം നാടകീയമായാണ്. ഈ നാടകീയ തുടക്കം വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കുകയും പ്രതിപാദി ക്കപ്പെടുന്ന പ്രമേയത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാർ നിപതിക്കപ്പെടുകയും ചെയ്യുന്നു. അനുപമമായ ഈ രചനാതന്ത്രം വെളിവാക്കുന്നത് പ്രതിഭാധനനായ ഒരു നോവലിസ്റ്റ് ഗ്രന്ഥകാരനിൽ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ്.
എന്റെ രക്തം മഴയായി പെയ്യുമെന്ന് പറഞ്ഞ, പ്രീട്ടോറിയ ഭരണം തൂക്കിലേറ്റിയ ബെഞ്ചമിൻ മൊളോയിസ്, ലോകമെങ്ങുമുള്ള വിപ്ലവ പോരാളികൾക്ക് പ്രാണനിൽ സമരാവേശാഗ്നി പകരുന്ന കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ’ എഴുതിയ ജൂലിയ ഫ്യൂച്ചിക്കിനെയും മതപൗരോഹിത്യം ചുട്ടെരിച്ച ഹിപ്പാഷ്യയെയും വാക്കുകൾ കൊണ്ട് കാലത്തിന്റെ ചുവരിൽ മായാമുദ്രിതമാക്കുകയാണ് ഈ പുസ്തകത്തിലൂടെ ജി എസ് പ്രദീപ്.
പ്രഭാഷണത്തെ കുറിച്ചുള്ള കാലാതിവർത്തിയായ ഒരു നിർവ ചനം ഫ്രാൻസിസ് ബേക്കൺ പറഞ്ഞതാണ്. പ്രഭാഷകൻ കാറ്റും സദസ്സ് കടലുമാണ്. ഏതു സദസ്സിനെയും പ്രക്ഷുബ്ധമാക്കുവാനും നിശ്ചലമാക്കാനും കഴിയുന്ന വചസുകളുടെ നയാഗ്രയ്ക്ക് ചരിത്രം വിളിക്കുന്ന പേരാണ് ജി എസ് പ്രദീപ്. കൊടുങ്കാറ്റുകളും തീനാളങ്ങളും ഉണർന്നു പാടുന്ന വാക്കുകളാൽ പ്രഭാഷണം ജീവിതത്തിന്റെ ഒസ്യത്തായുള്ള ഒരുവൻ, എഴുത്താകാശത്തിലും വചനനക്ഷത്രങ്ങൾ കൊളുത്തുന്ന പുസ്തകമാണ് “ആഘോഷിക്കപ്പെടാതെ പോയ മനുഷ്യോത്സവങ്ങൾ. ചരിത്രത്തിനും ജീവിതത്തിനും തീപിടിക്കുമ്പോൾ അക്ഷരങ്ങൾക്കും തീപിടിക്കും എന്ന് തിരിച്ചറിവ് നൽകുന്ന മാനവികതയുടെ ഈ വേദ പുസ്തകത്തിന് ഹൃദയബന്ധുവായ രചയിതാവ് ജി എസ് പ്രദീപിന് അക്ഷരലാൽസലാം.





