ശ്യാമൾ ചക്രവർത്തി

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, ട്രേഡ്‌ യൂണിയൻ നേതാവ്‌, ഭരണാധികാരി എന്നീ നിലകളിൽ സമുന്നതമായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്‌ ശ്യാമൾ ചക്രവർത്തി. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ അദ്ദേഹം തൊഴിലാളിവർഗത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച വ്യക്തിയാണ്‌. പാർലമെന്റിന്റെ വേദികളെ, രാജ്യസഭാംഗമെന്ന നിലയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും പരിഹാരം തേടുന്നതിനുമുള്ള വേദിയാക്കി അദ്ദേഹം മാറ്റി.

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ഖുൽനയിലെ ശിവപൂർ ഗ്രാമത്തിൽ 1943ലാണ്‌ ശ്യാമൾ ചക്രവർത്തി ജനിച്ചത്‌. ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ അച്ഛൻ സുശീൽ ചക്രവർത്തിക്കും അമ്മ അന്നപൂർണദേവിക്കുമൊപ്പം ബംഗാളിലേക്ക്‌ കുടിയേറി. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. അതിനാൽ ദാരിദ്ര്യത്തോട്‌ പടവെട്ടിയുള്ള ബാല്യമായിരുന്നു. എങ്കിലും സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ മാതാപിതാക്കൾ തങ്ങളാലാവുംവിധം ശ്രദ്ധിച്ചു.

സ്‌കൂൾ പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു. 1960ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ ശ്യാമൾ, വിദ്യാർഥി പ്രസ്ഥാനത്തിന്റെ എണ്ണംപറഞ്ഞ നേതാക്കളിലൊരാളായി വളരെവേഗം മാറി. കൊൽക്കത്ത വിദ്യാസാഗർ കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ എസ്‌എഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോൾ എസ്‌എഫ്‌ഐയുടെ പ്രമുഖ നേതാവായി. 1973ൽ സംസ്ഥാന പ്രസിഡന്റായി ശ്യാമൾ തിരഞ്ഞെടുക്കപ്പെട്ടു; ദേശീയ ജോയിന്റ്‌ സെക്രട്ടറിയായും ഈ കാലളവിൽ അദ്ദേഹം പ്രവർത്തിച്ചു. നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്കാണ്‌ ഈ കാലയളവിൽ അദ്ദേഹം നേതൃത്വം നൽകിയത്‌. സമരങ്ങളുടെയും സർഗാത്മകതയുടെയും കാലമായിരുന്നല്ലോ 1970കൾ. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ ശ്യാമൾ നിരവധി ലേഖനങ്ങളും ലഘുലേഖകളും പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌.

അടിയന്തരാവസ്ഥയുടെ ക്രൂരതകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നല്ലോ പശ്ചിമബംഗാൾ. എതിർ രാഷ്‌ട്രീയക്കാരെ മർദിച്ചൊതുക്കുന്ന അർധ ഫാസിസ്റ്റ്‌ വാഴ്‌ചയിലേക്ക്‌ സംസ്ഥാനം വഴുതിവീണ സമയമായിരുന്നു അത്‌. പൊലീസും കോൺഗ്രസ്‌ ഗുണ്ടകളും ചേർന്ന്‌ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന സമയം. അന്ന്‌ യുവജന പ്രസ്ഥാനത്തെയും ട്രേഡ്‌ യൂണിയനുകളെയും ധീരതയോടെ അദ്ദേഹം നയിച്ചു. അടിയന്തരവാസ്ഥയിൽ ഒളിവിലും തെളിവിലും പ്രവർത്തിച്ച അദ്ദേഹം നിരവധി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. സിപിഐ എം പ്രവർത്തകരെയും അനുയായികളെയും തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും പൊലീസിന്‌ ഒറ്റിക്കൊടുക്കുകയും ചെയ്യുക എന്നത്‌ കോൺഗ്രസ്‌ ഗുണ്ടകളുടെ പതിവു പരിപാടിയായിരുന്നു. അതിനെ ധീരതയോടെ എതിർക്കുന്നവരുടെ മുൻനിരയിൽ ശ്യാമൾ ചക്രവർത്തിയുണ്ടായിരുന്നു. ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന്‌ ഒരു വർഷക്കാലത്തെ ജയിൽവാസവും അനുഷ്‌ഠിക്കേണ്ടിവന്നു.

1978ൽ സിപിഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗമായി. വൈദ്യുതി, റോഡ്‌ ഗതാഗതം, തുറമുഖം തുടങ്ങിയ മേഖലകളിൽ ജോലിചെയ്യുന്നവരെ സംഘടിപ്പിക്കുന്ന ദൗത്യമാണ്‌ പാർട്ടി അദ്ദേഹത്തെ ഏൽപിച്ചത്‌. നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായിരുന്നു അദ്ദേഹം. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ അതിന്റെ പ്രമുഖ നേതാക്കളിലൊരാളായി അദ്ദേഹം മാറി. രണ്ടു പതിറ്റാണ്ടോളം സിഐടിയുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമാരിലൊരാളായും ശ്യാമൾ ദീർഘകാലം പ്രവർത്തിച്ചു.

1981ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 1982ലും വിജയിച്ച അദ്ദേഹം 1982 മുതൽ 1996 വരെ ജ്യോതിബസു മന്ത്രിസഭകളിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച മന്ത്രിയെന്ന നിലയിൽ അദ്ദേഹം അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

2008 മുതൽ 2014 വരെ അദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു. പാർലമെന്റിൽ ജനകീയപ്രശ്‌നങ്ങൾ നിരന്തരം ഉയർത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. നിരവധി ചോദ്യങ്ങൾ ചോദിച്ചും സവിശേഷമായ പ്രശ്‌നങ്ങൾ ഉന്നയിച്ചും അദ്ദേഹം രാജ്യസഭാവേദിയെ സംവാദാത്മകമാക്കി; പലപ്പോഴും സമരവേദിയാക്കി മാറ്റി.

സോവിയറ്റ്‌ യൂണിയൻ, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ്‌, ക്യൂബ, ജർമനി, ഓസ്‌ട്രിയ, ബ്രിട്ടൺ, അമേരിക്ക, ഫ്രാൻസ്‌, ഇറ്റലി, സ്‌പെയിൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്‌. അതിൽ പലതും മന്ത്രിയെന്ന നിലയിലും എംപിയെന്ന നിലയിലും ഔദ്യോഗികമായിരുന്നു. അതത്‌ രാജ്യങ്ങളിലെ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിൽ അദ്ദേഹം മികവ്‌ പുലർത്തി. അതുപോലെ അനുകരണീയമായ മാതൃകകൾ സ്വാംശീകരിക്കുന്നതിനും അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌.

സിപിഐ എമ്മിന്റെ മഹിളാസമിതിയുടെയും പ്രവർത്തകയായിരുന്ന ഷിപ്ര ഭൗമിക്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. 1982ൽ ഷിപ്ര അന്തരിച്ചു. ഈ ദന്പതികൾക്ക്‌ ഒരു മകൾ‐ ഉഷമി ചക്രവർത്തി. അറിയപ്പെടുന്ന നടിയാണ്‌ ഉഷമി.

2002ൽ നടന്ന പാർട്ടി കോൺഗ്രസ്‌ ശ്യാമൾ ചക്രവർത്തിയെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

ആറ്‌ പതിറ്റാണ്ടിലേറെക്കാലം ബംഗാൾ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ശ്യാമൾ ചക്രവർത്തി 2020 ആഗസ്‌ത്‌ 6ന്‌ അന്ത്യശ്വാസം വലിച്ചു. കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...
spot_img

Related Articles

Popular Categories

spot_imgspot_img