കോമ്രേഡ്സ് ആൻഡ് കംബാക്സ്‌: ഇടതുപക്ഷത്തെപ്പറ്റി ഒരു വികല ചരിത്ര‐വർത്തമാന പുസ്‌തകം

സുബിൻ ഡെന്നിസ്‌

മ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളെയും ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്ന പുസ്തകമാണ് സൈറാ ഷാ ഹലിം എഴുതിയ ‘Comrades and Comebacks: The Battle of the Left to Win the Indian Mind’ (സഖാക്കളും തിരിച്ചുവരവുകളും: ഇന്ത്യൻ മനസ്സുകളിൽ ഇടം പിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം).

കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിൽ 2022-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് സൈറാ ഷാ ഹലിം. തെരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ടു നേടി അവർ രണ്ടാമതെത്തി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ കുറവ് വോട്ടാണ് നേടിയതെങ്കിലും ബിജെപിയുടെ സ്ഥാനാർത്ഥിയെക്കാൾ വളരെയധികം വോട്ടു നേടാൻ അവർക്ക് സാധിച്ചു.

അങ്ങനെയൊരാൾ എഴുതിയ പുസ്തകത്തെ വിമർശിച്ച് എഴുതേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെൻഗ്വിൻ റാൻഡംഹൗസ് ആണ്. ഇന്ത്യയിൽ ഏറ്റവും വലിയ പുസ്തക പ്രസാധക കമ്പനി. രാജ്യത്തെമ്പാടും അവരുടെ പുസ്തകങ്ങൾ ലഭ്യമാണ്. പെൻഗ്വിന്റെ പുസ്തകങ്ങൾ ലഭിക്കുന്ന ധാരാളം പുസ്തകക്കടകളിൽ സൈറാ ഷാ ഹലിമിന്റെ പുസ്തകവും കിട്ടും. ഇന്ത്യൻ ഇടതുപക്ഷത്തെപ്പറ്റി പോസിറ്റിവായി സംസാരിക്കുന്ന ഒരു പുസ്തകം ഇത്ര വലിയ പ്രസാധകർ പ്രസിദ്ധീകരിക്കുന്നത് അപൂർവമാണ്. പക്ഷേ ആ നല്ല അവസരം കളഞ്ഞുകുളിക്കുകയാണ് ലേഖിക ചെയ്തിരിക്കുന്നത്. ഈ പുസ്തകം ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാക്കുക.

രാജ്യത്തെ യുവതലമുറയ്ക്ക് ഇടതുപക്ഷം ആകർഷകമായ ഒന്നാണ് എന്ന ചിന്തയുളവാക്കാൻ സാധ്യതയുള്ള ഒരു പുസ്തകം എഴുതുക എന്നതാണ് ലേഖിക ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്. ബാംഗ്ലൂരിൽ, അല്ലെങ്കിൽ മുംബൈയിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ, അല്ലെങ്കിൽ ചെറുപ്പക്കാരി, ഒരു പുസ്തകക്കടയിൽച്ചെല്ലുന്നു, അല്ലെങ്കിൽ ഒരു ലൈബ്രറിയിൽ ചെല്ലുന്നു എന്നു കരുതുക. അയാൾ അവിടെ ഈ പുസ്തകം കാണുന്നു. കമ്മ്യൂണിസത്തെപ്പറ്റിയോ സോഷ്യലിസത്തെപ്പറ്റിയോ കാര്യമായി ഒന്നും അറിയില്ലെങ്കിലും, ഇടതുപക്ഷം എന്നും സഖാക്കൾ എന്നും മറ്റും എവിടെയൊക്കെയോ കേട്ടതിന്റെ ഓർമയിൽ ഈ പുസ്തകം എടുക്കുന്നു, വായിക്കാൻ തീരുമാനിക്കുന്നു.

ഈ പുസ്തകം വായിച്ചാൽ അയാൾ ഇടതുപക്ഷക്കാരൻ/ഇടതുപക്ഷക്കാരി ആകാൻ പ്രചോദനമുണ്ടാകുമോ? സംശയമാണ്. ഉറപ്പുള്ള ഒരു കാര്യം, ഈ പുസ്തകം വായിച്ചാൽ ഇടതുപക്ഷത്തെക്കുറിച്ച് കിട്ടുന്ന ധാരണ അബദ്ധജടിലമായ ഒന്നായിരിക്കും എന്നതാണ്.

ഉള്ളടക്കം
പുസ്തകത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക് കടക്കാം.

പന്ത്രണ്ട് അധ്യായങ്ങളായിട്ടാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. “ഇടതുപക്ഷവും ലോകവും” എന്ന തലക്കെട്ടിലുള്ള ആദ്യത്തെ അധ്യായം, ഇടതുപക്ഷം എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിനെപ്പറ്റി ഒരു വിഹഗവീക്ഷണം നൽകാൻ ശ്രമിക്കുന്നു. അടുത്ത പത്ത് അധ്യായങ്ങൾ ഇന്ത്യയിലെ ഇടതുപക്ഷത്തെപ്പറ്റിയാണ്. ഈ വിഷയത്തെപ്പറ്റി ആമുഖമായി ഒരു അധ്യായം, ഇടതുപക്ഷവും ഇന്ത്യൻ സ്വാതന്ത്യസമരവും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വളർച്ച, വിദ്യാർത്ഥികളും ഇടതുപക്ഷ രാഷ്ട്രീയവും എന്നീ വിഷയങ്ങളെപ്പറ്റി ഓരോ അധ്യായം വീതം, കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ ഇടതുപ്രസ്ഥാനത്തെപ്പറ്റി ഓരോ അധ്യായം വീതം, സോഷ്യലിസ്റ്റ് ഇന്ത്യയെക്കുറിച്ചുള്ള ഒരു ദർശനപദ്ധതി വരച്ചുകാട്ടാൻ ശ്രമിക്കുന്ന ഒരു അധ്യായം, സിപിഐ എമ്മിനെക്കുറിച്ച് ഒരധ്യായം, ഇന്ത്യൻ ഇടതുപക്ഷം അടുത്തകാലത്ത് നേരിട്ട തിരിച്ചടികളെപ്പറ്റി ഒരു ചെറിയ അധ്യായം എന്നിവയാണ് ഈ പത്ത് അധ്യായങ്ങൾ. “പുതിയ ഇടതുപക്ഷം, പുതിയ പ്രത്യാശ’ എന്ന് തലക്കെട്ടുള്ള അധ്യായമാണ് പുസ്തകത്തിന്റെ ഉപസംഹാരമായിട്ടുള്ളത്.

ആദ്യത്തെ അധ്യായത്തിൽ, ഇടതുപക്ഷ രാഷ്ട്രീയം എത്രത്തോളം ആകർഷകമാണെന്ന് കാണിക്കാൻ ചെ ഗുവേര, നോം ചോംസ്കി, ബെർണി സാൻഡേഴ്സ് തുടങ്ങിയ ചില പ്രശസ്ത വ്യക്തികളപ്പറ്റിയുള്ള സംക്ഷിപ്‌തമായ വിവരണങ്ങൾ ഉപയോഗിക്കുന്നു. തുടർന്ന് “ഇടതുപക്ഷം ഇപ്പോഴും എന്തുകൊണ്ട് പ്രധാനമാണ്”, “സാമ്രാജ്യത്വവും സോഷ്യലിസവും: കെട്ടുപിണഞ്ഞ ചരിത്രം”, “സോഷ്യലിസത്തിന്റെ ബദ്ധവൈരിയായ ഫാഷിസം”, “ട്രേഡ് യൂണിയനിസത്തെപ്പറ്റിയുള്ള ദുരൂഹതകൾ അകറ്റൽ” തുടങ്ങി കുറെ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

“ഇന്ത്യൻ ഇടതുപക്ഷവും സ്വാതന്ത്ര്യസമരവും’ എന്ന അധ്യായം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ വഹിച്ച സജീവമായ പങ്ക് എടുത്തുകാണിക്കുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എം എൻ റോയ്, കമ്മ്യൂണിസ്റ്റുകാരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കെട്ടിച്ചമച്ച മീററ്റ് ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ആദ്യകാലനേതാവുമായ മുസഫ്ഫർ അഹ്മദ്, സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ റെജിമെന്റിന്റെ കമാൻഡറും പിൽക്കാലത്ത് സിപിഐ എം നേതാവുമായ ലക്ഷ്മി സെഹ്ഗാൾ മുതലായ ഏതാനും നേതാക്കളെപ്പറ്റിയുള്ള ചെറു കുറിപ്പുകൾ ഈ അധ്യായത്തിലുണ്ട്. ഈ കാലയളവിൽ ധീരമായ പോരാട്ടങ്ങൾ നയിച്ച കമ്മ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആർഎസ്എസ്സും തമ്മിലുള്ള വലിയ അന്തരത്തിലേയ്ക്ക് പുസ്തകം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കമ്മ്യൂണിസ്റ്റുകാരുടെ കഥകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ വളർച്ചയെപ്പറ്റിയുള്ള അധ്യായത്തിലുമുണ്ട്. 1930-ലെ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്ത ധീരയോദ്ധാവും പിന്നീട് സിപിഐ നേതാവുമായ കൽപ്പന ദത്ത, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ കേന്ദ്രം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അബ്ദുൾ ഹലിം, ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ അതിൽ ചേരുകയും 1977 മുതൽ 2000 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ജ്യോതി ബസു മുതലായവരുടെ ജീവിതകഥകൾ ഹ്രസ്വ രേഖാചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നു.

എന്താണ് ലക്ഷ്യം? സോഷ്യലിസമോ പരിഷ്കരിച്ച മുതലാളിത്തമോ?
ലേഖിക ആദ്യത്തെ അധ്യായം ഉപസംഹരിക്കുന്നത്, മുതലാളിത്തത്തെ ഇല്ലായ്മ ചെയ്യുന്നത് നടപ്പില്ലാത്ത കാര്യമാണ് എന്ന വാദമുയർത്തിയാണ്:

“ആഗോളവിപണികളിലും സ്ഥാപനങ്ങളിലും മുതലാളിത്തം ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. അതിനാൽ മുതലാളിത്തത്തെ പൂർണമായും ഇല്ലായ്മ ചെയ്യുന്നത് അപ്രായോഗികമാണ്. നിയന്ത്രണങ്ങൾ, സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ, ലാഭം മാത്രം നോക്കുന്നതിനു പകരം മനുഷ്യക്ഷേമത്തിന് മുൻഗണന നൽകുന്ന സഹകരണ സാമ്പത്തിക മാതൃകകൾ എന്നിവയിലൂടെ മുതലാളിത്തത്തെ പരിഷ്കരിക്കുക എന്നതാണ് കൂടുതൽ പ്രായോഗികമായ ഒരു സമീപനം.”

ഈ വാദം തെറ്റാണ്. എന്തുകൊണ്ട് എന്ന് വിശദമാക്കാം. മുതലാളിത്തത്തിന് സ്ഥിരത (stability) നിലനിർത്താൻ തൊഴിലില്ലായ്മ ആവശ്യമാണ്. ഈ തൊഴിലില്ലാപ്പടയെ കാറൽ മാർക്സ് വ്യാവസായിക റിസർവ് സേന (reserve army of labour) എന്നാണ് വിളിച്ചത്. താൻ ലക്ഷ്യമായി കരുതുന്ന മുതലാളിത്ത അനന്തര സമൂഹത്തിൽ എല്ലാവർക്കും തൊഴിലുണ്ടാകും (full employment) എന്നാണ് പുസ്തകത്തിൽ ലേഖിക പറയുന്നത്. പക്ഷേ എല്ലാവർക്കും തൊഴിലുണ്ടായാൽ തൊഴിലാളികൾ കൂടുതൽ ഉയർന്ന വേതനം വേണമെന്ന്, അഥവാ ഉത്പാദനത്തിൽ അവർക്കുള്ള വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടും. അങ്ങനെയൊരു സാഹചര്യത്തിൽ മുതലാളിമാർ തങ്ങളുടെ വിഹിതം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ തൊഴിലാളികളുടെ വേതനം കൂട്ടുന്നതനുസരിച്ച് മുതലാളിമാർ സാധനങ്ങളുടെ വിലയും കൂട്ടും. കനത്ത വിലക്കയറ്റമായിരിക്കും ഫലം. കൂടാതെ, എല്ലാവർക്കും തൊഴിലുള്ള സാഹചര്യമുണ്ടായാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ മുതലാളിത്തത്തിന്റെ പ്രവർത്തനം അസാധ്യമാക്കും എന്ന് മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത് പട്നായക് ചൂണ്ടിക്കാണിക്കുന്നു. കാരണം, മുതലാളിത്തത്തിൽ ഉത്പാദനം നടക്കണമെങ്കിൽ തൊഴിൽരംഗത്ത് അച്ചടക്കം ആവശ്യമാണ്. ആ അച്ചടക്കം നിലനിർത്തുന്നത്, അച്ചടക്കം പാലിക്കാത്ത തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും എന്ന ഭയം ജനിപ്പിച്ചിട്ടാണ്. ആ ഭയം ഉണ്ടാകണമെങ്കിൽ തൊഴിലില്ലാത്തവരുടെ ഒരു പട ആവശ്യമാണ്. ഒരു തൊഴിലാളിയെ ഒരു ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ അധികം വൈകാതെ തന്നെ അയാൾക്ക് മറ്റൊരു ജോലി ലഭിക്കും എന്നുണ്ടെങ്കിൽ തൊഴിൽനഷ്ടത്തെച്ചൊല്ലി തൊഴിലാളികൾക്ക് ഭയമുണ്ടാകില്ല. അത്രയെളുപ്പം പുതിയ ജോലി കിട്ടില്ല, ജോലി തേടി നടക്കുന്നവരുടെ വലിയൊരു തൊഴിലില്ലാപ്പട നിലവിലുണ്ട് എന്നതാണ് സ്ഥിതി എങ്കിലേ ഈ ഭയം ഉണ്ടാകൂ. (തൊഴിലില്ലായ്മ ഇല്ലാത്ത ആസൂത്രിത സമ്പദ്വ്യവസ്ഥയായ സോഷ്യലിസത്തിൽ ഈ ഭയമില്ലാതെ എങ്ങനെ ഉത്പാദനം ഉറപ്പുവരുത്തും എന്ന് ചോദിക്കാം. സോഷ്യലിസത്തിൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന സാമൂഹ്യബോധവും രാഷ്ട്രീയബോധവും എല്ലാവരിലും വളർത്തിയെടുക്കുക വഴിയാണ് ഉത്പാദനം മുന്നോട്ടു കൊണ്ടുപോവുക.)

വികസിത മുതലാളിത്തലോകത്ത് തൊഴിലില്ലായ്മ വളരെ കുറഞ്ഞുനിന്ന ഒരു കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏകദേശം 1970- കളുടെ തുടക്കം വരെ നീണ്ടുനിന്ന കാലം. ഇന്നത്തെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ കാലഘട്ടമായിരുന്നു ഇത്. “മുതലാളിത്തത്തിന്റെ സുവർണയുഗം” എന്നാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെട്ടത്. തൊഴിലില്ലായ്മ കുറഞ്ഞുനിന്നതോടെ തൊഴിലാളികളുടെ സംഘടിത ശക്തി വർധിച്ചു. അവർ കൂടുതൽ വേതനം ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്തു. എന്നാൽ ഇക്കാലയളവിൽ കുത്തകമുതലാളിമാരുടെ ലാഭവും വർധിച്ചു, ഉത്പാദനത്തിൽ ലാഭത്തിന്റെ വിഹിതം വർധിച്ചു. കൂടുതൽ ലാഭവിഹിതത്തിനായി ആർത്തിപൂണ്ട മുതലാളിവർഗവും കൂടുതൽ വേതനത്തിനായി പോരാടിയ തൊഴിലാളികളും തമ്മിലുള്ള സംഘർഷം, 1960-കളുടെ അവസാനമായപ്പോഴേയ്ക്കും മുതലാളിത്ത ലോകത്ത് ഉയർന്ന വിലക്കയറ്റത്തിനിടയാക്കി. വിയറ്റ്നാമിൽ അധിനിവേശ യുദ്ധം നടത്താൻ അമേരിക്ക കൂടുതൽ പണം ചെലവഴിച്ച സാഹചര്യം കൂടിയായതോടെ നാണ്യപ്പെരുപ്പം രൂക്ഷമായി. 1973-ൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് (Organisation of the Petroleum Exporting Countries – OPEC) എണ്ണവില വർധിപ്പിച്ചതോടെ പ്രതിസന്ധി മൂർച്ചിച്ചു. 1970-കളുടെ മധ്യത്തോടെ “മുതലാളിത്തത്തിന്റെ സുവർണയുഗം” അവസാനിച്ചു. തൊഴിലാളികളും കർഷകരുമുൾപ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മേൽ മൂലധനം കൂടുതൽ വർധിതമായ ക്രൗര്യത്തോടെ ആക്രമണം അഴിച്ചുവിടുന്നത് പുനരാരംഭിച്ച നവലിബറൽ കാലത്തിന് തുടക്കമായി.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള “സുവർണയുഗ’ത്തിന് അഥവാ “പരിഷ്കരിക്കപ്പെട്ട മുതലാളിത്ത”ത്തിന് ചെറിയ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മുതലാളിത്തത്തെപ്പറ്റി പോളിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ഓസ്കാർ ലാംഗെ (Oskar Lange) മുന്നോട്ടുവയ്ക്കുന്ന ഒരു വിശകലനവുമായി പൊരുത്തപ്പെടുന്നതാണിത്. മുതലാളിത്തം മനുഷ്യർക്ക് ഇഷ്ടാനുസരണം രൂപപ്പെടുത്താൻ കഴിയുന്ന, വഴക്കമുള്ള (malleable) ഒരു വ്യവസ്ഥിതിയല്ല. മുതലാളിത്തം പ്രവർത്തിക്കുന്നത് അതിൽ അന്തർലീനമായ ചില പ്രവണതകളുടെ അടിസ്ഥാനത്തിലാണ്. പരിഷ്കരിക്കപ്പെട്ട് “മാനുഷികമുഖം” അണിഞ്ഞ് ഏറെക്കാലം മുതലാളിത്തത്തിന് മുന്നോട്ടുപോകാനാകില്ല എന്നു സാരം.

തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതാകട്ടെ, ക്ഷേമരാഷ്ട്രസംവിധാനങ്ങൾ നിലനിർത്തുന്നതാകട്ടെ, മുതലാളിത്തത്തെ അട്ടിമറിച്ച് സോഷ്യലിസം കെട്ടിപ്പടുക്കുക വഴി മാത്രമേ സാധിക്കൂ. ഉത്പാദനോപാധികൾ സാമൂഹ്യ ഉടമസ്ഥതയിലുള്ളതും എല്ലാവരുടെയും ക്ഷേമത്തിനായി ഉത്പാദനം നടക്കുന്നു എന്നു ഉറപ്പുവരുത്തുന്നതിൽ കേന്ദ്രീകൃത ആസൂത്രണം നിർണായകമായ പങ്കുവഹിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് സോഷ്യലിസം.

സോഷ്യൽ ഡെമോക്രസിയും സാമ്രാജ്യത്വവും
സോഷ്യലിസമല്ല, “സ്കാൻഡിനേവിയൻ മോഡൽ സോഷ്യൽ ഡെമോക്രസിയാണ് ഇന്ത്യൻ ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത് അഥവാ ലക്ഷ്യം വയ്ക്കേണ്ടത് എന്ന ആശയമാണ് പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. (പ്രധാനമായും വടക്കൻ യൂറോപ്പിലെ ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നിവയെയാണ് സ്കാൻഡിനേവിയൻ രാജ്യങ്ങളായി കണക്കാക്കുന്നത് എങ്കിലും അവരുടെ അയൽരാജ്യമായ ഫിൻലൻഡിനെയും പലപ്പോഴും ഇക്കൂട്ടത്തിൽപ്പെടുത്താറുണ്ട്.) മുതലാളിത്തത്തെ നിലനിർത്തിക്കൊണ്ടുതന്നെ പൂർണമായും പൊതുമേഖലയിലുള്ള വിദ്യാഭ്യാസവും ആരോഗ്യരക്ഷയും, ശക്തമായ സാമൂഹ്യ സുരക്ഷാസംവിധാനങ്ങൾ, ഉയർന്ന ജീവിത നിലവാരം, ഇവയൊക്കെ സാധ്യമാക്കിയ സംവിധാനമായിരുന്നു സോഷ്യൽ ഡെമോക്രസി. വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല, ബ്രിട്ടൻ, ഫ്രാൻസ് മുതലായ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും രണ്ടാം ലോകയുദ്ധത്തിനു ശേഷം സമാനമായ സംവിധാനങ്ങൾ കെട്ടിപ്പടുത്തിരുന്നു.

എന്നാൽ വികസിത മുതലാളിത്ത ലോകത്തെ ചില രാജ്യങ്ങളിൽ കുറച്ചുകാലം നിലവിലിരുന്ന ഈ ക്ഷേമരാഷ്ട്രസംവിധാനങ്ങൾ സാധ്യമാക്കിയത് ഒരു വശത്ത് സാമ്രാജ്യത്വകൊള്ള വഴി ഉണ്ടാക്കിയ സമ്പത്തും, മറുഭാഗത്ത് സോഷ്യലിസം ഈ രാജ്യങ്ങളിലേയ്ക്കു കൂടി പടരും എന്ന “ഭീഷണി”യും ആയിരുന്നു എന്നതാണ് ചരിത്രവസ്തുത.

കൊളോണിയൽ അധിനിവേശവും കൊള്ളയും അടിമക്കച്ചവടവും കൊണ്ട് സമ്പത്താർജ്ജിച്ചവയാണ് ബ്രിട്ടനും ഫ്രാൻസും ജർമനിയും ബെൽജിയവും നെതർലൻഡ്സും യുഎസും ഉൾപ്പെടെയുള്ള സാമ്രാജ്യത്വരാജ്യങ്ങൾ. ഈ രാജ്യങ്ങളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധംമൂലം ഈ രാജ്യങ്ങളിലെ വിപണികളിലേയ്ക്ക് ഉത്പന്നങ്ങൾ കയറ്റി അയച്ച് വലിയ സാമ്പത്തിക നേട്ടം കൊയ്തവയാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഡെൻമാർക്ക് അടുത്ത സാമ്പത്തിക ബന്ധം പുലർത്തിയപ്പോൾ ജർമൻ സാമ്രാജ്യത്വവുമായിട്ടാണ് ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ അടുത്ത ബന്ധം പുലർത്തിയത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിയിലേയ്ക്കുള്ള കയറ്റുമതി വഴി സ്വീഡനിലെയും ഡെന്മാർക്കിലെയും മുതലാളിവർഗം വലിയ ലാഭമുണ്ടാക്കി. ജർമനിയിൽ നാസികൾ അധികാരത്തിൽ വന്നതിനുശേഷവും സ്വീഡൻ ജർമനിയുമായുള്ള അടുത്ത ബന്ധം തുടർന്നു. 1930-കളുടെ ഒടുവിൽ സ്വീഡന്റെ ഇരുമ്പയിര് കയറ്റുമതിയുടെ 75 ശതമാനവും ജർമനിയിലേയ്ക്കായിരുന്നു. രണ്ടാം ലോകയുദ്ധകാലത്തും സ്വീഡൻ ജർമനിയിലേയ്ക്കുള്ള കയറ്റുമതി തുടർന്നു – 1945 ജനുവരി വരെയും സ്വീഡൻ ഇത് അവസാനിപ്പിച്ചില്ല. യുദ്ധകാലത്ത് സ്വീഡിഷ് ഭരണകർത്താക്കൾ നാസി ജർമൻ സൈനികർക്കായി സ്വീഡനിൽ ക്യാമ്പുകൾ പോലും ഉണ്ടാക്കിക്കൊടുത്തു. ഇതെല്ലാം നടന്നപ്പോൾ സ്വീഡൻ ഭരിച്ചിരുന്നത് സോഷ്യൽ ഡെമോക്രാറ്റുകൾ ആയിരുന്നു! ഡെൻമാർക്കിലാകട്ടെ, നാസി ജർമനി അധിനിവേശം നടത്തിയപ്പോൾ അവരോട് സഹകരിക്കാനും ചെറുത്തുനില്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുമാണ് അവിടുത്തെ സോഷ്യൽ ഡെമോക്രാറ്റിക് സർക്കാർ തീരുമാനിച്ചത്.

ക്ഷേമരാഷ്ട്ര സംവിധാനങ്ങൾ ഉണ്ടാക്കാൻ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിതമായത് രണ്ടാം ലോകയുദ്ധത്തിനു ശേഷം കിഴക്കൻ യൂറോപ്പിലെ ഒട്ടനവധി രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ നിലവിൽ വരികയും അതോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ശക്തിപ്പെടുകയും ചെയ്തതോടെയാണ്. പാശ്ചാത്യ യൂറോപ്പിലും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു. കൊളോണിയൽ-സാമ്രാജ്യത്വ കൊള്ളവഴി ആർജ്ജിച്ച സമ്പത്തിന്റെ ഒരു ഭാഗമെടുത്ത് തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടാകും എന്ന് അവിടങ്ങളിലെ മുതലാളിവർഗത്തിന് ബോധ്യപ്പെട്ടു. അങ്ങനെയാണ് ഈ രാജ്യങ്ങൾ മേൽപ്പറഞ്ഞ ക്ഷേമരാഷ്ട്രസംവിധാനങ്ങൾ കെട്ടിപ്പടുത്തതും അതുമായി അവിടുത്തെ മുതലാളിവർഗം തൽക്കാലത്തേയ്ക്ക് പൊരുത്തപ്പെട്ടതും.

എന്നാൽ മുമ്പ് വിവരിച്ചതുപോലെ, മുതലാളിത്തത്തിന്റെ “സുവർണയുഗം” അവസാനിച്ചതിനു ശേഷം 1980-കളോടെ പാശ്ചാത്യലോകത്ത് നവലിബറൽ സാമ്പത്തിക നയങ്ങൾ വ്യാപകമായി നടപ്പാക്കിത്തുടങ്ങി. മുമ്പത്തേതിനെ അപേക്ഷിച്ച് തൊഴിലില്ലായ്മ ഉയർന്നത് തൊഴിലാളികളുടെ സംഘടിതശേഷിയെ ദുർബലപ്പെടുത്തി. ഒപ്പം വികസിത മുതലാളിത്തരാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്രമിച്ചു. 1990-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇല്ലാതായതോടെ സോഷ്യലിസ്റ്റ് “ഭീഷണി”യും ഇല്ലാതായി. അതിന്റെ ഫലമായി പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ സാമൂഹ്യസുരക്ഷയും പൊതുമേഖലയുമൊക്കെ ദുർബലപ്പെടുകയും ചെയ്തു.

പരസ്പര വിരുദ്ധം
സോഷ്യലിസത്തിനു പകരം സോഷ്യൽ ഡെമോക്രസിക്കായി വാദിക്കുന്ന ഒരു പുസ്തകം എന്ന നിലയിൽ ഇതിനെ കണ്ടാൽപ്പോലും പരസ്പരവിരുദ്ധമായ വാദങ്ങൾ നിരത്തുന്ന പുസ്തകമാണ് ‘കോമ്രേഡ്സ് ആൻഡ് കംബാക്സ് ‘.

മുതലാളിത്തത്തെ അട്ടിമറിക്കുന്നത് പ്രായോഗികമല്ല എന്നു വാദിക്കുന്ന ലേഖിക തന്നെ, പുസ്തകത്തിൽ മറ്റൊരിടത്ത് തൊഴിലാളികളുടെ പാർട്ടികൾ തങ്ങളുടെ വിപ്ലവകരമായ ചരിത്രത്തിൽ വേരൂന്നി പ്രവർത്തിക്കണമെന്നും വാദിക്കുന്നു. സോഷ്യലിസത്തിനു പകരം പരിഷ്കരിച്ച മുതലാളിത്തത്തിനു വേണ്ടി പ്രവർത്തിക്കുന്നത് എങ്ങനെയാണ് “വിപ്ലവകരം” ആകുന്നത് എന്നത് വ്യക്തമല്ല. പരിഷ്കരിച്ച മുതലാളിത്തമാണ് ലക്ഷ്യം എങ്കിൽ ആളുകൾ എന്തിന് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേരണം എന്നതും വ്യക്തമല്ല.

വികല ചരിത്രം
പുസ്തകത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റിയും ഇടതു സംഘടനകളെപ്പറ്റിയും വിവരിക്കുന്ന ഭാഗങ്ങളിൽ വസ്തുതാപരമായ നിരവധി തെറ്റുകളുണ്ട്.

സിപിഐ എമ്മിനെപ്പറ്റിയുള്ള അധ്യായത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964-ൽ ഉണ്ടായ പിളർപ്പിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964-ലെ പിളർപ്പിനു മുമ്പ് നിരവധി സംവാദങ്ങൾ നടന്നിരുന്നു. എന്നാൽ പിളർപ്പിലേയ്ക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം പുസ്തകത്തിൽ പരാമർശിച്ചിട്ടേയില്ല. അക്കാലത്ത് ഇന്ത്യയിൽ ഭരണകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് പാർട്ടി സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നതായിരുന്നു ഈ വിഷയം. കോൺഗ്രസിനുള്ളിൽ ജവാഹർലാൽ നെഹ്രു നയിച്ച ഇടതുവിഭാഗം, സാമ്രാജ്യത്വത്തെയും ഭൂപ്രഭുത്വത്തെയും എതിർക്കുന്ന ദേശീയ ബൂർഷ്വാസിയെ പ്രതിനിധാനം ചെയ്യുന്നു എന്നും അതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കണം എന്നും പാർട്ടിയിൽ ഒരു വിഭാഗം വാദിച്ചു. കോൺഗ്രസുമായുള്ള സഹകരണത്തെ എതിർത്തവർ സിപിഐ എം രൂപീകരിച്ചു. മറുപക്ഷം സിപിഐ എന്ന പേരു നിലനിർത്തി. ഈ ചരിത്രം പുസ്തകത്തിൽ ഇല്ല.

വിദ്യാർത്ഥികളും ഇടതുരാഷ്ട്രീയവും എന്ന അധ്യായത്തിൽ ഇടത് വിദ്യാർത്ഥിപ്രസ്ഥാനം സജീവമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെപ്പറ്റിയും, 1943-ലെ ബംഗാൾ ക്ഷാമകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിനെപ്പറ്റിയും, സ്വാതന്ത്ര്യാനന്തര കാലത്ത് ജനവിരുദ്ധ നടപടികൾക്കെതിരെ പോരാടിയതിനെപ്പറ്റിയുമൊക്കെ വിവരിക്കുന്നുണ്ട്. ഇന്ത്യാ-പാക്കിസ്താൻ വിഭജനത്തെത്തുടർന്ന് കിഴക്കൻ ബംഗാളിൽ നിന്ന് ഇന്ത്യയിലേയ്ക്കു വന്ന അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ വേണ്ടിയും, ട്രാം നിരക്ക് വർധിപ്പിച്ച ബംഗാൾ സർക്കാരിന്റെ നടപടി പിൻവലിപ്പിക്കാൻ വേണ്ടിയും പോരാടിയ ചരിത്രം ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിനുണ്ട് എന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. 1960-കളിൽ ബംഗാളിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി നടന്ന പ്രക്ഷോഭങ്ങളിലും ഇടതുവിദ്യാർത്ഥി പ്രസ്ഥാനം ഊർജസ്വലമായി പങ്കെടുത്തു.

എന്നാൽ ഇന്ത്യയിൽ ഏറ്റവും വലിയ ഇടതുവിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ രൂപീകരണത്തെക്കുറിച്ച് പുസ്തകത്തിലുള്ള വിവരണത്തിൽ അതിനിടയാക്കിയ ഏറ്റവും പ്രധാനപ്പെട്ട വിഷയം പരാമർശിച്ചിട്ടില്ല എന്നത് കൗതുകകരമാണ്.

1960കളിൽ, ദേശീയാടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥി സംഘടന കെട്ടിപ്പടുക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നുവന്നതിനാലാണ് എസ്എഫ്ഐ. രൂപീകരിക്കപ്പെട്ടത് എന്നാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാൽ ഇങ്ങനെയൊരു ആവശ്യം വളരെ മുമ്പു തന്നെ ഉയർന്നുവന്നിരുന്നു. അതിന്റെ ഫലമായിട്ടാണ് 1936-ൽ ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) രൂപീകരിക്കപ്പെട്ടത്. ഇക്കാര്യം പുസ്തകത്തിൽ പരാമർശിച്ചിട്ടുമുണ്ട്. പക്ഷേ എസ്എഫ്ഐയുടെ രൂപീകരണത്തിനിടയാക്കിയ എ.ഐ.എസ്.എഫിനുള്ളിലെ ഭിന്നതകളെപ്പറ്റി പുസ്തകത്തിൽ ഒന്നും പറയുന്നില്ല. ഈ ചരിത്രം എസ്.എഫ്.ഐ.യുടെ ചരിത്രത്തെയും കാഴ്ചപ്പാടുകളെയും പറ്റിയുള്ള അടിസ്ഥാന രേഖയായ എസ്എഫ്ഐ. പരിപാടിയിൽ (Programme) വ്യക്തമായി പറയുന്നുണ്ട്:

“ഭരണവർഗത്തിന്റെ നയങ്ങളെപ്പറ്റിയുള്ള വ്യത്യസ്തമായ വീക്ഷണങ്ങൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഗുരുതരമായ ഭിന്നതയ്ക്ക് കാരണമായി. നേതൃത്വത്തിൽ ഒരു വിഭാഗം, അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കണമെന്ന് ശഠിച്ചു. അങ്ങനെ വിദ്യാർത്ഥി പ്രസ്ഥാനം സർക്കാരിന്റെ നയങ്ങളെ അനുകൂലിക്കാൻ നിർബന്ധിതമായി. നേതൃത്വത്തിലുണ്ടായിരുന്ന എതിർവിഭാഗമാകട്ടെ, സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തണമെന്ന് വാദിച്ചു. സർക്കാർ അനുകൂല നിലപാടിനായിരുന്നു നേതൃത്വത്തിനുള്ളിൽ 1960-കളിൽ മേധാവിത്വം. തന്നിമിത്തം 1960-കളിൽ കോൺഗ്രസ് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ പോരാടാനുള്ള സാധ്യത ഇല്ലാതായി. അതിന്റെ ഫലമായി വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ നിർബന്ധിതരായി. എഐഎസ്എഫിന്റെ മുൻ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്ന, പൊരുതുന്ന ഒരു പുതിയ സംഘടന രൂപീകരിക്കേണ്ടത് അത്യാവശ്യമായിത്തീർന്നു. ഇത് 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തു വച്ച് നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ചു.

സ്റ്റാലിൻ
ആദ്യത്തെ അധ്യായത്തിൽത്തന്നെ ലേഖിക സ്റ്റാലിനെ തള്ളിപ്പറയുന്നുണ്ട്. സോഷ്യലിസത്തെ തള്ളിപ്പറയുന്ന ലേഖിക, സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുത്തതിനു നേതൃത്വം കൊടുത്ത സ്റ്റാലിനെയും തള്ളിപ്പറയുന്നതിൽ അദ്ഭുതമില്ല. 1930-കളിലെ മഹാ സാമ്പത്തിക തകർച്ചക്കാലത്ത് (Great Depression) മുതലാളിത്തലോകത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായപ്പോൾ മറുഭാഗത്ത് സോവിയറ്റ് യൂണിയനിൽ വ്യവസായങ്ങൾ ദ്രുതഗതിയിൽ വളർന്നു; ആസൂത്രിത സമ്പദ്വ്യവസ്ഥയായതിനാൽ അവിടെ തൊഴിലില്ലായ്മ ഉണ്ടായില്ല. സ്റ്റാലിൻ നയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നടത്തിയ ഈ മുന്നേറ്റം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വലിയ പ്രചോദനമായി. ഇന്ത്യയിൽ ഇ.എം.എസ്. ഉൾപ്പെടെയുള്ള പലരെയും കമ്മ്യൂണിസത്തിലേയ്ക്ക് ആകർഷിച്ചത് സോവിയറ്റ് യൂണിയൻ ഇക്കാലത്ത് കൈവരിച്ച നേട്ടങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസത്തെ പരാജയപ്പെടുത്തിയത് സ്റ്റാലിൻ നേതൃത്വം കൊടുത്ത സോവിയറ്റ് യൂണിയന്റെ ചെമ്പടയാണ്.

യുദ്ധത്തിനു ശേഷം കിഴക്കൻ യൂറോപ്പിൽ നിലവിൽ വന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെയും ലേഖിക തള്ളിപ്പറയുന്നുണ്ട്.

വികസിത മുതലാളിത്തലോകത്തെ ചില രാജ്യങ്ങൾ മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ചെലവിൽ ഒരുകാലത്തുണ്ടാക്കിയതും ഇപ്പോൾ ദുർബലപ്പെട്ടതുമായ ക്ഷേമരാഷ്ട്രസംവിധാനങ്ങൾ മഹത്തരം; ഫാഷിസത്തെ പരാജയപ്പെടുത്തിയ, സാമ്രാജ്യത്വത്തെ നിശിതമായി എതിർത്ത, പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കിയ, ലോകമെമ്പാടും ദേശീയവിമോചനപ്രസ്ഥാനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയ സോഷ്യലിസ്റ്റ് രാജ്യങ്ങൾ മോശം. ഇതാണ് ലേഖികയുടെ സോഷ്യൽ ഡെമോക്രസി.

ആശയക്കുഴപ്പം വിതയ്ക്കുന്ന വാദങ്ങൾ
ലെനിൻ വിരുദ്ധനും സോവിയറ്റ് യൂണിയൻ വിരുദ്ധനുമായ നോം ചോംസ്കിയെയും പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ വംശഹത്യ എന്നു വിളിക്കാൻ വർഷങ്ങളോളം വിസമ്മതിച്ച ബെർണി സാൻഡേഴ്സിനെയും ക്യൂബയെ സ്വേച്ഛാധിപത്യ രാഷ്ട്രമായി കരുതുന്ന സോഹ്രാൻ മംദാനിയെയുമൊക്കെ പുസ്തകത്തിൽ ഇടതുപക്ഷക്കാരായി എടുത്തുകാട്ടുന്നുണ്ട്. ഇതിൽ സാങ്കേതികമായി തെറ്റൊന്നുമില്ല. അവരെപ്പറ്റി കേട്ടിട്ടുള്ളവർക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങളെപ്പറ്റി ചിന്തിക്കാൻ അതൊരു വാതിൽ തുറന്നിട്ടു എന്നു വരാം. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് എന്ന മട്ടിൽ സംസാരിക്കുന്ന ഒരു പുസ്തകത്തിൽ മേൽപ്പറഞ്ഞയാളുകളുടെ രാഷ്ട്രീയവും മാർക്സിസവും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന് വിശദീകരിക്കാതെ പോകുന്നത് ഈ മേഖലയിൽ വലിയ അറിവില്ലാത്ത തരം വായനക്കാരിൽ ആശയക്കുഴപ്പം വിതയ്ക്കുകയാണ് ചെയ്യുക.

പിന്നെയും അപാകതകൾ
വിചിത്രമായിത്തോന്നുന്ന മറ്റു ചിലകാര്യങ്ങളും പുസ്തകത്തിലുണ്ട്.

ഹോംഗ്കോംഗിൽ 2019-ൽ നടന്ന പ്രക്ഷോഭത്തെ ലേഖിക പിന്തുണയ്ക്കുന്നുണ്ട്. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ കാലങ്ങളായി ഹോംഗ്കോംഗിൽ ചൈനാവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയും പണം കൊടുത്ത് സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടർ നടത്തിയ കലാപത്തെയാണ് ലേഖിക പ്രശംസിക്കുന്നത്.

ത്രിപുരയെപ്പറ്റിയുള്ള അധ്യായം ആരംഭിക്കുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ് അവിടെ നിലവിലിരുന്ന ഫ്യൂഡൽ രാജഭരണത്തെ പ്രശംസിച്ചുകൊണ്ടാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വളർച്ചയെപ്പറ്റിയുള്ള അധ്യായത്തിൽ “വിമലാ രണദേവ്” എന്നൊരു നേതാവിനെപ്പറ്റി ഒരു ചെറിയ ഭാഗം ഉണ്ട്. ഈ പേര് പലവട്ടം ഉപയോഗിക്കുന്നുണ്ട്. സിഐടിയു നേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന വിമൽ രണദിവെയെ ആണ് ലേഖിക ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു. എന്നാൽ ആരെയാണുദ്ദേശിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ വേണ്ട വിശദാംശങ്ങളൊന്നും പുസ്തകത്തിലില്ല.

പുസ്തകത്തിൽ പലയിടത്തും, വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുള്ള വസ്തുതകൾ പറയുമ്പോൾപ്പോലും, “ആരോപിക്കപ്പെടുന്നു” (allegedly) എന്ന് ചേർത്ത് ഉപയോഗിച്ചിട്ടുണ്ട്. തീർത്തും അനാവശ്യമാണിത്.

പുസ്തകത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ഗ്രന്ഥസൂചിയിൽ യാതൊരു വിശ്വാസ്യതയുമില്ലാത്ത ചില സ്രോതസ്സുകൾ ചേർത്തിരിക്കുന്നതായി കാണാം. സിവിൽ സർവീസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വെബ്സൈറ്റുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇത്തരം വിഷയങ്ങൾ എഡിറ്റർമാരുടെ കണ്ണിൽപ്പെട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. ഇത്രയും തെറ്റുകൾ ഒരു പുസ്തകത്തിൽ കടന്നുകൂടുന്നതെങ്ങനെ എന്നത് അതിശയകരവും. l
(സാമ്പത്തിക ശാസ്ത്രജ്ഞനും Tricontinental Research-ൽ ഗവേഷകനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം.)

Hot this week

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

വർഗസമരവും മാധ്യമങ്ങളും‐ 22

കാർപെറ്റ് ബോംബിങ്ങ് 2014ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി തന്റെ രാഷ്ട്രീയപ്രചാരണത്തിന്...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

വർഗസമരവും മാധ്യമങ്ങളും‐ 21

‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം,...

Topics

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

വർഗസമരവും മാധ്യമങ്ങളും‐ 22

കാർപെറ്റ് ബോംബിങ്ങ് 2014ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി തന്റെ രാഷ്ട്രീയപ്രചാരണത്തിന്...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

വർഗസമരവും മാധ്യമങ്ങളും‐ 21

‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം,...

ശ്യാമൾ ചക്രവർത്തി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, ട്രേഡ്‌ യൂണിയൻ നേതാവ്‌, ഭരണാധികാരി എന്നീ...

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...
spot_img

Related Articles

Popular Categories

spot_imgspot_img