
ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ബംഗ്ലാദേശിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും കലാപനീക്കങ്ങളും. പാകിസ്‌താനിലെ ഡോൺ (Dawn) ഉൾപ്പെടെയുള്ള മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും ഇപ്പോഴത്തെ സംഭവഗതികളെ വിശകലനം ചെയ്തു പറയുന്നത്, ഷെയ്ക്ക് ഹസീന സർക്കാരിന്റെ പതനത്തെ തുടർന്നുള്ള ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നുവെന്നാണ്. ഹസീന സർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിച്ച ‘ഇൻക്വിലാബ് മോൻചോ’ എന്ന പ്രസ്ഥാനത്തിന്റെ നേതാവായ ഷെറീഫ് ഉസ്മാൻ ബിൻഹാദി കൊല്ലപ്പെട്ടതാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ കലാപങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ഡിസംബർ 12നാണ് ബാരിസൽ സ്വദേശിയായ ഈ 32 കാരനായ നേതാവിനെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ വെടിവെച്ചിട്ടത്. സിങ്കപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 18-നാണ് ഹാദി മരണമടയുന്നത്.
ഉസ്മാൻഹാദി പ്രതിനിധാനം ചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും ബംഗ്ലാദേശ് ജമാഅത്തെഇസ്ലാമിക്കും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം ഉയർന്നിരിക്കുകയാണ്. അവാമിലീഗ് സർക്കാരിനെ അട്ടിമറിക്കുന്നതിലും പാശ്ചാത്യശക്തികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും ജമാഅത്തെഇസ്ലാമിയുടെയും സർക്കാരിനെ അവരോധിക്കുന്നതിലും സി.ഐ.എക്ക് പങ്കുണ്ടെന്നകാര്യം നേരത്തെതന്നെ ചർച്ചചെയ്യപ്പെട്ടതാണ്. ഹസീന സർക്കാരിനെ അട്ടിമറിച്ചതിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തെ കയ്യിലെടുക്കാനാണ് ജമാഅത്തെഇസ്ലാമി പദ്ധതിയിട്ടത്. ബംഗ്ലാദേശ് വിമോചന സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുകയും ഇസ്ലാമികരാഷ്ട്രവാദമുയർത്തി മുജീബ് റഹ്മാനെതിരായും മതനിരപേക്ഷ രാഷ്ട്രീയത്തിനെതിരായും രംഗത്തിറങ്ങുകയും ചെയ്തവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ.
മുജീബ് റഹ്മാന്റെ വിമോചനസമരത്തിന് പിന്തുണ നൽകിയ ഇന്ത്യയുടെ നിലപാടിനെയും അക്കാലത്ത് ജമാഅത്തെ ഇസ്ലാമി കടുത്തനിലയിൽ വിമർശിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ബംഗ്ലാദേശ് വിമോചനസമരത്തിന് പിന്തുണ നൽകിയ സാഹചര്യത്തിലാണ് അമേരിക്കൻ പിന്തുണയോടെ പാകിസ്‌താൻ ഇന്ത്യക്കെതിരെ യുദ്ധമാരംഭിച്ചത്. ഏഴാം കപ്പൽപ്പടയെവരെ അയച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അമേരിക്കയുടെയും പെന്റഗണിന്റെയും നീക്കങ്ങളെ തടഞ്ഞത് സോവിയറ്റ് യൂണിയന്റെ ശക്തമായ ഇടപെടലുകളായിരുന്നു. ബംഗ്ലാദേശ് രൂപീകരണത്തെയും അതിനു പിന്തുണ നൽകിയ ഇന്ത്യൻ നിലപാടിനെയും അമേരിക്കയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജമാഅത്തെ ഇസ്ലാമിയും അതിനിശിതമായിത്തന്നെ എതിർത്തിരുന്നു. കിഴക്കൻ ബംഗാളിനെതിരായി വംശീയമായ കൂട്ടക്കൊലകൾ തന്നെ ജമാഅത്തെ ഇസ്ലാമി അഴിച്ചുവിട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അവാമിലീഗിന്റെ മതനിരപേക്ഷ നിലപാടുകളോടും ഇന്ത്യയോടും എക്കാലത്തും കടുത്ത എതിർപ്പു കാണിച്ച ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്.
ഇവിടെ ഒരുകാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഹാദിയുടെ വധത്തെ തുടർന്ന് ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങളും ഇന്ത്യാവിരുദ്ധപ്രചരണങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ മതനിരപേക്ഷതയോടുള്ള എതിർപ്പുകളിൽ നിന്നുയരുന്നതാണ്. ഈ മതരാഷ്ട്രവാദികളെ ഉപയോഗപ്പെടുത്തി ദക്ഷിണേഷ്യയിലെ തങ്ങളുടെ അസ്ഥിരീകരണ അജൻഡയെ മുന്നോട്ടുകൊണ്ടുപോകാനാണ് അമേരിക്കൻ സാമ്രാജ്യത്വവും സിഐഎയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഉസ്മാൻഹാദി പ്രതിനിധീകരിക്കുന്ന ഇൻക്വിലാബ്‌മോൻചോ ജമാഅത്തെഇസ്ലാമിയുടെ യുവജന വിദ്യാർത്ഥി മുന്നണിതന്നെയാണ്. ജമാഅത്തെഇസ്ലാമിയുടെ രാഷ്ട്രീയം തന്നെയാണ് ഉസ്മാൻഹാദി മറ്റൊരു രൂപത്തിൽ മുന്നോട്ടുവെച്ചിട്ടുള്ളത്. ലോകത്താകെ ശക്തിപ്പെടുന്ന വംശീയദേശീയതയുടേതായ തീവ്രവലതുപക്ഷ ആശയമാണ് ഇൻക്വിലാബ്‌മോൻചോവിന്റേത്. ഹസീനയെ തൂക്കിലേറ്റണമെന്ന ആവശ്യമാണവർ ഉന്നയിച്ചത്. ‘ഡൽഹിയോ ധാക്കയോ, ധാക്ക ധാക്ക’ എന്ന ഇന്ത്യാവിരുദ്ധത പടർത്തുന്ന മുദ്രാവാക്യമാണ് ബംഗ്ലാദേശ് ജനങ്ങൾക്കിടയിൽ ഹാദി തുടർച്ചയായി എത്തിക്കാൻ ശ്രമിച്ചത്. ജമാഅത്തെഇസ്ലാമിയുടെ മതരാഷ്ട്ര അജൻഡയെ മറച്ചുപിടിച്ച് അവതരിപ്പിക്കുകയാണ് ഇൻക്വിലാബ് മോൻചോ ചെയ്തത്.
ഹസീന സർക്കാരിന്റെ അഴിമതിയിലും ജനാധിപത്യവിരുദ്ധ നടപടികളിലും പ്രതിഷേധമുള്ള വലിയവിഭാഗം ആളുകളെ ഇൻക്വിലാബ്‌മോൻചോക്ക് സ്വാധീനിക്കാനും കഴിഞ്ഞിരുന്നു. ഇന്ത്യയിൽ യു.പി.എ സർക്കാരിന്റെ അഴിമതിയിലും ജനദ്രോഹനയങ്ങളിലും പ്രതിഷേധമുള്ളവരെ സ്വാധീനിച്ചാണല്ലോ ആർ.എസ്.എസ് നയിക്കുന്ന മോദി സർക്കാർ 2014-ൽ അധികാരത്തിലെത്തുന്നത്. അതേപോലെ തന്നെയാണ് അവാമി സർക്കാരിനോട് എതിർപ്പുള്ള ജനങ്ങളെ ഇൻക്വിലാബ്‌മോൻചോ പ്രക്ഷോഭങ്ങളിലൂടെ തങ്ങളുടെ സ്വാധീനത്തിൽകൊണ്ടുവന്നത്. ആ വിഭാഗത്തെ ജമാഅത്തെഇസ്ലാമിയുടെ ഭാഗമാക്കി മാറ്റാനുള്ള ഭീകരമായ പ്രചാരണങ്ങളും സമുദായധ്രുവീകരണം ലക്ഷ്യംവെച്ചുള്ള ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങളുമാണ് ഇപ്പോൾ ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും അഗ്നിക്കിരയാക്കപ്പെടുകയാണ്. ഈ പത്രങ്ങളെല്ലാം മതതീവ്രവാദത്തെ എതിർക്കുകയും സെകുലർ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് വർഗീയവാദികളെ പ്രകോപിപ്പിക്കുന്നത്. ബംഗ്ലാദേശ് വിമോചകനായ മുജീബ്‌റഹ്മാന്റെ വീടുപോലും ആക്രമിച്ച് നശിപ്പിച്ചു. ബംഗ്ലാദേശ് വിമോചന ചരിത്രത്തെയും മതനിരപേക്ഷതയുടെ എല്ലാ ആശയപ്രചാരണ മാധ്യമങ്ങളെയും ഇല്ലാതാക്കുക എന്ന അജൻഡയോടെയാണ് ജമാഅത്തെഇസ്ലാമി ഈ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഖാലിദ്‌സിയ നേതൃത്വം കൊടുക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടിയുടെ ജനപിന്തുണയെ ജമാഅത്തെ ഇസ്ലാമിയിലേക്കെത്തിക്കുകയെന്ന രാഷ്ട്രീയ അജൻഡയും ഇപ്പോഴത്തെ കലാപങ്ങൾക്കും ന്യൂനപക്ഷവിരുദ്ധതയുടെ ഉന്മാദം പടർത്തുന്ന നീക്കങ്ങൾക്കും പിറകിലുണ്ടെന്നാണ് പല രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ബിബിസിയുടെ ബംഗ്ലാ വിഭാഗം മേധാവിയായിരുന്ന സബീർമുസ്തഫ ‘ദി വയറി’ലെഴുതിയ ലേഖനത്തിൽ ജമാഅത്തെഇസ്ലാമിയുടെ നീക്കങ്ങളുടെ രാഷ്ട്രീയ അന്തർഗതങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ആർഎസ്എസ് ചെയ്യുന്ന അതേകാര്യങ്ങളാണ് ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഹാദിയുടെ വധത്തെ തുടർന്നുള്ള സംഭവഗതികൾ രൂക്ഷമായ വർഗീയവൽക്കരണത്തിലേക്കും ഇന്ത്യാവിരുദ്ധ വികാരവും ന്യൂനപക്ഷവിരുദ്ധതയും കത്തിച്ചുവിടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഹസീന സർക്കാരിനെതിരായുള്ള ജനവികാരത്തെ ഉപയോഗപ്പെടുത്തിയാണ് ബി.എൻ.പിയും ജമാഅത്തെഇസ്ലാമിയും ഇൻക്വിലാബ് മോൻചോ എന്ന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നിൽ നിർത്തി കലാപങ്ങളും സംഘർഷങ്ങളും വളർത്തിയെടുത്തത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന സർക്കാർ നിലംപതിച്ചത്. ഇൻക്വിലാബ് മോൻചോ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ജമാഅത്തെഇസ്ലാമിയുടെ രാഷ്ട്രീയമുഖമാണെന്നതാണ് വസ്തുത. നേരത്തെ ഈ വിഷയങ്ങൾ ഉന്നയിച്ചവരോട് പല ലിബറലുകളും വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച അന്തർദേശീയ മാധ്യമങ്ങളും ബംഗ്ലാദേശിൽ ജമാഅത്തെഇസ്ലാമി അത്രവലിയ ഒരു ഘടകമല്ലെന്നാണ് പറഞ്ഞിരുന്നത്.
ഒന്നര വർഷങ്ങൾക്കുമുമ്പ് ബംഗ്ലാദേശിൽ ഉയർന്നുവന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ പുതിയ തലമുറ നേതൃത്വം നൽകുന്ന ഒരു ജനാധിപത്യ ഗവൺമെന്റ് വരുമെന്നാണ് പലരും കരുതിയത്. എന്നാൽ ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭവും ഹസീനസർക്കാരിന്റെ പതനവുമെല്ലാം ദക്ഷിണേഷ്യയിലെ സിഐഎ സ്ട്രാറ്റജിയുടെ ഭാഗമായിരുന്ന അട്ടിമറികളായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവഗതികൾ അടിവരയിടുന്നത്. അവാമിലീഗിനെ നിയമപരമായി നിരോധിച്ചിട്ടില്ലെന്നും അവരെ സസ്‌പെൻഡ് ചെയ്ത് നിർത്തിയിരിക്കുകയാണെന്നുമാണ് മുഹമ്മദ് യൂനസ് നേതൃത്വം നൽകുന്ന സർക്കാരിനെ പിന്തുണയ്ക്കുന്ന പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് അവാമിലീഗിന് ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്തുവാനും മാത്രമെ നിരോധനമുള്ളുവെന്നാണ് ഇക്കൂട്ടർ വാദിച്ചുകൊണ്ടിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശ് സമൂഹത്തിലാകെ തീകൊടുത്തുവിട്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധത പേടിപ്പിക്കുന്ന ആൾക്കൂട്ടാക്രമണങ്ങളായി മാറിയിരിക്കുകയാണ്. നിരോധിത അവാമിലീഗിന്റെ പ്രവർത്തനം പരിശോധിക്കാനെന്ന പേരിൽ മതന്യൂനപക്ഷങ്ങളുടെയും സെക്കുലർ ജീവിതം നയിക്കുന്നവരുടെയും വീടുകളിൽ ആൾക്കൂട്ട വേട്ടസംഘങ്ങൾ കയറിയിറങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷമതത്തിൽപ്പെട്ട ഒരു മധ്യവയസ്‌കനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ബംഗ്ലാദേശ് സമൂഹത്തിൽ ജമാഅത്തെ ഇസ്ലാമി സൃഷ്ടിച്ച ന്യൂനപക്ഷ വിരുദ്ധതയുടെയും സെക്കുലർ വിരുദ്ധതയുയെടയും ഉന്മാദം പിടിപെട്ടവരാണ് ആൾക്കൂട്ട വേട്ടസംഘങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ബജ്‌റംഗ്‌ദൾ, ശ്രീരാമസേന, ഹനുമാൻസേന തുടങ്ങിയ ഹിന്ദുത്വഭീകരസംഘങ്ങൾക്ക് സമാനമായ രീതിയിലാണ് ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയുടെ ഭീകരസംഘങ്ങൾ അഴിഞ്ഞാടുന്നത്. മതവിശ്വാസത്തെ വർഗീയതയിലേക്ക് വഴിമാറ്റുകയും ന്യൂനപക്ഷവിരുദ്ധതയുടെ വിദ്വേഷാഗ്നി പടർത്തുകയുമാണ് ജമാഅത്തെ ഇസ്ലാമിക്കാർ.
ഇതിനു സമാനമായ സംഭവങ്ങൾ 2021-ലെ ദുർഗാപൂജ സമയത്ത് ബംഗ്ലാദേശിൽ ഉണ്ടായിട്ടുണ്ട്. ദുർഗാപൂജയുടെ ഒരു ചടങ്ങിൽ ഹനുമാൻ വിഗ്രഹത്തിന്റെ കാൽചുവട്ടിൽ ഖുറാൻ വെച്ചിരിക്കുന്ന, എഡിറ്റ് ചെയ്തുണ്ടാക്കിയ ഒരു വ്യാജചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾക്ക് തീവ്രവർഗീയസംഘങ്ങൾ തുടക്കംകുറിക്കുകയായിരുന്നു. അന്ന് ബംഗ്ലാദേശ് ഭരിച്ചിരുന്ന ഷെയ്ക്ക്ഹസീനസർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുകയും കലാപപാരികളായ വർഗീയഭീകരസംഘങ്ങളെ അടിച്ചമർത്തുകയുമായിരുന്നു. എന്നിട്ടും ബംഗ്ലാദേശിലെ ആ സംഭവങ്ങൾ അതിർത്തി രാജ്യമായ ഇന്ത്യയിൽ ഭയജനകമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ആ സമയത്ത് ത്രിപുരയിൽ മാത്രം 10 ഓളം പള്ളികൾക്കാണ് തീയിട്ടത്. പശ്ചിമബംഗാളിലും മുസ്ലീംപള്ളികൾക്കും വീടുകൾക്കുംനേരെ അക്രമം നടന്നു.
ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്കാരെപ്പോലെ ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ ആൾക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളും പതിവാക്കിയിട്ടുണ്ട്. അതിനെയൊക്കെ ശക്തമായി പ്രതിരോധിക്കുന്നതും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നതും ഇടതുപക്ഷപ്രസ്ഥാനമാണ്. എന്നാൽ കേരളത്തിൽ ആർഎസ്എസിന്റെ മറുപുറം കളിക്കുന്ന ജമാഅത്തെഇസ്ലാമിയും ന്യൂനപക്ഷ തീവ്രവർഗീയസംഘങ്ങളും സിപിഐ എമ്മിനെ മുസ്ലീംവിരുദ്ധ പാർട്ടിയാക്കാനുള്ള ഗൂഢാലോയിലാണ്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം സിപിഐ എമ്മുകാർ പള്ളിക്കെറിയുന്നേ, ആക്രമിക്കുന്നേ എന്ന് അലമുറയിട്ടുവിളിച്ചുപറയുന്ന വ്യാജമായുണ്ടാക്കിയ ഒരു വീഡിയോ വാട്‌സ് ആപ്പുകളിലൂടെ പ്രചാരണം നടത്തിയത്. ഇങ്ങനെ അലമുറയിട്ട് വിളിച്ചുപറഞ്ഞത് മുസ്ലീംലീഗ് സ്ഥാനാർത്ഥിയായ ഒരു വനിതയായിരുന്നു! ലീഗ് പോലൊരു പാർട്ടിയെപ്പോലും ഉപയോഗിച്ച് വർഗീയ തീവ്രവാദികൾ എത്ര ഭീകരമായ രീതിയിലാണ് സിപി ഐ എമ്മിനെതിരായി ന്യൂനപക്ഷങ്ങളെ തിരിച്ചുവിടാൻ നീക്കങ്ങൾ നടത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. പക്ഷേ മുസ്ലീം സമൂഹവും അവിടുത്തെ പള്ളികമ്മറ്റി ഭാരവാഹികളും ഈ വ്യാജപ്രചാരണത്തിനെതിരായി രംഗത്തുവരികയും ഇത്തരം പ്രചാരണങ്ങളിലൂടെ നാടിന്റെ സമാധാനം തകർക്കരുതെന്ന് മുസ്ലീംലീഗിനെയും അവർക്കു പിറകിൽ കളിക്കുന്ന തീവ്രവർഗീയവാദികളെയും താക്കീത് ചെയ്തു.
പള്ളിക്കമ്മറ്റിയുടെ ഈ ഇടപെടലിനെ അത്യന്തം ശ്ലാഘനീയവും കേരളത്തിന്റെ മതസൗഹാർദ്ദത്തെയും മൈത്രിയെയും കാക്കാനുള്ള ജാഗ്രത്തായ ഇടപെടലായിതന്നെ കാണണം. പക്ഷേ യുഡിഎഫ് നേതൃത്വത്തോടും മുസ്ലീംലീഗിനോടും നാടിന് തീ കൊടുക്കാനായി അവരുടെയൊരു സ്ഥാനാർത്ഥിതന്നെ വ്യാജപ്രചാരണം നടത്തിയതിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഗൗരവാവഹമായ ഒരു ചോദ്യംപോലും ചോദിക്കാൻ തയ്യാറായിട്ടില്ല എന്നത് എന്താണ് കാണിക്കുന്നത്? മതനിരപേക്ഷ സാമൂഹ്യഘടനയെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും തകർക്കുകയും അവരിൽ അവിശ്വാസമുണ്ടാക്കുന്ന പ്രചാരണങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ സംഘടിതമായി നടത്തുകയും ചെയ്യുകയെന്ന വർഗീയവാദികളുടെ അജൻഡയെ മതവിശ്വാസികൾ ഉൾപ്പെടെയുള്ള ജനാധിപത്യസമൂഹം ഒന്നിച്ചുതന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം വർഗീയസംഘങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് കേരളത്തിൽ മണ്ണൊരുക്കിക്കൊടുക്കുന്ന ക്വട്ടേഷൻ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിൽ ഉസ്മാൻഹാദിയുടെ വധം സംഘർഷങ്ങളും കലാപങ്ങളും പടർത്തുന്നതിലേക്ക് എത്തിക്കുന്നതിനു പിറകിൽ കൃത്യമായ സാമ്രാജ്യത്വ വർഗീയ അജൻഡയുണ്ട്. ഈ ഉസ്മാൻഹാദി അത്യന്തം ഇന്ത്യാവിരുദ്ധനും പാകിസ്‌താൻ വിധേയനുമായ ജമാഅത്തെഇസ്ലാമി പ്രത്യയശാസ്ത്രത്തിന്റെ ഒരു ഉൽപന്നമാണെന്നാണ് ബംഗ്ലാദേശിലെ സെക്കുലർ രാഷ്ട്രീയശക്തികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് പിടിച്ചടക്കണം എന്നൊക്കെയുള്ള ഭ്രാന്തൻ നിലപാടുകൾ പ്രസംഗിച്ച് മതദേശീയവികാരം ഇളക്കിവിട്ട ആളാണ് ഉസ്മാൻ ഹാദി. ജമാഅത്തെ ഇസ്ലാമി ഇന്ത്യാവിരുദ്ധതയും ന്യൂനപക്ഷവിരുദ്ധതയും ഇളക്കിവിട്ട് വോട്ടർമാരുടെ വർഗീയമായ ഏകീകരണമുണ്ടാക്കാനാണ് ഉസ്മാൻഹാദിയുടെ വധത്തെ തുടർന്നുള്ള സംഭവങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ (മുസ്ലീം ബ്രദർഹുഡ്) ആഗോളമാധ്യമശൃംഖലകളും പാശ്ചാത്യ മാധ്യമങ്ങളും ഒരുപോലെ ഹാദിയുടെ ശവസംസ്‌കാര ചടങ്ങിലുണ്ടായ വമ്പിച്ച ജനക്കൂട്ടത്തെ വിസ്മയകരമായ സംഭവമായിട്ടൊക്കെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. കാസിനസ്‌റുൽ ഇസ്ലാം മുസോളിയത്തിനുസമീപം നിലകൊള്ളുന്ന ഉസ്മാൻഹാദിയുടെ ഖബർ തങ്ങളുടെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുമെതിരായ തിയോക്രാറ്റിക് ആശയങ്ങൾക്ക് ആവേശം പകരുമെന്നാണ് ജമാഅത്തെ ഇസ്ലാമിക്കാർ കാണക്കുകൂട്ടുന്നത്. ഇന്ത്യയിൽ ആർ.എസ്.എസും ബംഗ്ലാദേശിൽ ജമാഅത്തെഇസ്ലാമിയും സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ അജൻഡയുടെ ഉപകരണങ്ങളാണെന്ന കാര്യമാണ് മതനിരപേക്ഷ ജനാധിപത്യ ശക്തികൾ തിരിച്ചറിയേണ്ടത്. l





