രാത്രിയിലൊഴുകുന്ന പ്രണയം

ഡോ. അനാർക്കലി

അനുസ്യൂതമിരമ്പുന്ന കടൽ… രാത്രി ഏകാകികൾ വാതിൽ തുറക്കുന്നത് അവസാനിക്കാത്ത ഇമ്പമാർന്ന ആ താളത്തിലേക്കാണ്… കരയെ പിരിയാത്ത കടലും കടലിനെ പിരിയാത്ത കരയും! രാത്രിയുടെ ആദ്യ യാമങ്ങളിൽ ചുറ്റും സുഗന്ധം ചുരത്തി മിഴി തുറക്കുന്ന കുടമുല്ലമൊട്ടുകളും സൗഗന്ധികങ്ങളും ഇഴപിരിയുന്ന നിശാഗന്ധികളും… ആ വശ്യമായ വാസനകൾ രാവിന്റെ ലോലമായ കാറ്റിലലിയുമ്പോൾ രാത്രിയുറക്കം അന്യമായ മുംബൈ മഹാനഗരത്തിലെ ബാന്ദ്രയിലുള്ള കടൽഭിത്തിക്കഭിമുഖമായ കൂറ്റൻ അപ്പാർട്ടുമെന്റ്‌ സമുച്ചയത്തിലെ മറ്റുള്ളവർക്ക് അജ്ഞാതമായ ഏതോ ഒരു ഫ്ലാറ്റിൽ നിന്ന് അന്നപൂർണ്ണയുടെ സിത്താർ വാദനത്തിൽ യമൻ കല്യാണിന്റെ ആരോഹണാവരോഹണങ്ങളൊഴുകും. രക്തത്തിലലിഞ്ഞ രാഗങ്ങളും ആത്മാവിലാവാഹിച്ച സംഗീതവുമൊത്തുചേർന്ന അന്നപൂർണ്ണ തന്റെ മെലിഞ്ഞു നീണ്ട വിരലുകളാൽ സിത്താറിന്റെ തന്ത്രികളെ തൊടുമ്പോൾ സപ്തസ്വരങ്ങളുടെ സമ്പൂർണതയിൽ കാൽപ്പനികതയുടെ ഉത്തുംഗ സൗന്ദര്യം വഴിഞ്ഞൊഴുകും! ചുറ്റും ദീപങ്ങൾ തെളിയും…! ഉള്ളിൽ ചുളിവു പിടിച്ച നിരാശകൾ മായും. ഹൃദയം സുരഭിലമാകും!

കർണാടകസംഗീതത്തിലെ യമുന കല്യാണി ഹിന്ദുസ്ഥാനിയിലെത്തുമ്പോൾ യമൻ കല്യാൺ ആയി മാറും. ശാന്തിയും വാഞ്ഛയും ഭക്തിയും ശൃംഗാരരസവുമുണർത്തുന്ന യമുനാ കല്യാണി, കർണാടക സംഗീതത്തിലെ അറുപത്താഞ്ചാമത് (65) മേളകർത്താരാഗമായ മേചകല്യാണിയിൽനിന്നാണ് ഉരുത്തിരിഞ്ഞത്. സംഗീതപരമ്പരയിലെ ആദ്യകാല സായാഹ്നരാഗമായ കല്യാണി മംഗളകരമായ ഒരു രാഗമായി കണക്കാക്കപ്പെടുന്നു. നല്ലതുമാത്രം ചെയ്യുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ സീതയെ ശ്രീരാമന്‍ സംബോധന ചെയ്തിരുന്നത് കല്യാണി എന്നായിരുന്നത്രേ! യമൻ രാഗത്തിന്റെയും കല്യാണി രാഗത്തിന്റെയും അനുപമ സമ്മിശ്രണമെത്രെ യമൻ കല്യാൺ! യമനിനും കല്യാണിനും ആരോഹണങ്ങൾ ഒന്നാണ്… നി രീ ഗ മ ധാ നീ സാ… എന്നാൽ നേരിയ വ്യത്യാസത്തോടെ അവരോഹണത്തിലവർ രണ്ടായിപ്പിരിയുന്നു! യമൻ താഴേയ്ക്കിറങ്ങുമ്പോൾ സാ നി ധാ പാ മാ ഗ രീ സാ/ യാണെങ്കിൽ കല്യാണിലത് തീവ്ര മധ്യവും ശുദ്ധ മധ്യവും ചേർന്ന്, സാ നീ ധാ പാ മാ ഗമാ ഗരീ നി ധ നി രീ സാ/ എന്നവരോഹണം ചെയ്യുന്നു. രാത്രിയുടെ ശാന്തതയിൽ ദീപങ്ങളുടെ നേരിയ പ്രഭയുള്ള പശ്ചാത്തലത്തിൽ കല്യാണി രാഗത്തിൽ.

ജാനകീ ജാനേ… രാമാ…
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ (2)
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ

ജാനകീ ജാനേ
രാമാ… രാമാ… രാമ രാമ
ജാനകീ ജാനേ… രാമാ…

എന്നൊഴുകിവരുമ്പോൾ അതു നമ്മെ വല്ലാതെ അനുഭവിപ്പിക്കും. പിന്നണിയിലുള്ള കമിതാക്കളുടെ പ്രണയനൊമ്പരത്തെയും ഹൃദയനൈർമ്മല്യത്തെയും മാതാപിതാക്കളുടെ നിസ്സഹായവസ്ഥയുടെ വേദനയെയും ശാന്തവും ഭക്തിനിർഭരവും പ്രണയാർദ്രവുമായി പ്രതീകാത്മകമായി ആസ്വാദകരിലേക്ക് സന്നിവേശിപ്പിക്കാൻ, ഉൾബോധം സൃഷ്ടിക്കാൻ യൂസഫലി കേച്ചേരിയുടെ വരികൾക്കും യേശുദാസിന്റെ ആലാപനത്തിനും അതിന്റെ എല്ലാ അർത്ഥത്തിലും സാധിച്ചു. യമൻ കല്യാൺ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ അടിസ്ഥാന സായാഹ്ന രാഗമാണ്, അതിനാൽതന്നെ ഗുരുക്കന്മാർ വിദ്യാർത്ഥികളെ ആദ്യമായി അഭ്യസിപ്പിക്കുന്ന രാഗങ്ങളിലൊന്നാണിത്. യമൻ/കല്യാൺ എന്നീ വ്യതിരിക്തതകളിൽനിന്ന് യമൻ കല്യാണിലേക്കുള്ള പരിണാമം പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി കവിയും സംഗീതജ്ഞനും, കവ്വാലിയുടെ പിതാവുമായ അമീർ ഖുസ്രുവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പഴയകാലത്ത് ഓരോ രാഗത്തിനും ഒരു ദേവതാ സങ്കൽപ്പം ഉണ്ടായിരുന്നു. അതിനെ “രാഗ-ധ്യാനം” എന്നു പറയും. സംഗീതജ്ഞർ രാഗം ആലപിക്കുന്നതിനുമുൻപ് ആ രാഗത്തിന്റെ ഭാവം മനസ്സിൽ കാണാൻ ഈ വർണ്ണന ഉപയോഗിക്കും. 16‐-ാം നൂറ്റാണ്ടിൽ (1570) ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതനും/സംഗീതശാസ്ത്രജ്ഞനുമായ മേഷകർണൻ ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അത്തരത്തിൽ മേഷകർണ്ണൻ രാഗകല്യാണിനെ വർണ്ണിക്കുന്നത്, ‘‘ശുഭ്ര വസ്ത്രങ്ങളും പവിഴമാലയും അണിഞ്ഞ്, വിശിഷ്ടമായ സിംഹാസനത്തിൽ, രാജകീയ കുടയ്ക്കു കീഴിൽ, വെഞ്ചാമരം വീശി സേവിക്കപ്പെട്ട്, വെറ്റില മുറുക്കുന്ന പ്രഭു’’ എന്നാണ്. ഇത് യമൻ/കല്യാൺ രാഗത്തിന്റെ സ്വഭാവം വിശദമാക്കുന്നു.

ശുഭ്ര വസ്ത്രം – ശുദ്ധി, ശാന്തത, ഗാംഭീര്യം എന്നിവ ദ്യോതിപ്പിക്കുന്നു. രാഗങ്ങളുടെ “ചക്രവർത്തി” എന്നാണ് യമനെ വിളിക്കുക. വളരെ മഹത്വമുള്ള രാഗം.

വെറ്റില മുറുക്കുന്നത് -സുഖലോലുപത, രാജകീയ ഭോഗം എന്നിവയെ സൂചിപ്പിക്കുന്നു., സായാഹ്ന സമയത്തെ ശാന്തത. അതായത് യമൻ/കല്യാൺ രാഗം വൈകുന്നേരം പാടുന്ന, ഗംഭീരവും ശാന്തവും ഭക്തി-ശൃംഗാര ഭാവമുള്ളതുമായ രാഗം ആണെന്ന് ഈ വർണ്ണന സൂചിപ്പിക്കുന്നു.

ഒരു മഞ്ഞുതുള്ളിയുതിരുന്നത്ര ലോലമായും സൂര്യരശ്മി മഞ്ഞിനെത്തൊടുന്നത്രയും വിലോലമായും

‘‘അഭിന ജാവോ ഛോട്കർ
കെ ദിൽ അഭി ഭരാ നഹി
ആയി ഹോ
അഭി അഭി തോ
അഭി അഭി തോ ആയി ഹോ

ബഹാറ് ബൻ കെ ചായി ഹോ
ഹവാ സരാ മാഹെക്ക് തോ ലെ
നസർ സരാ ബാഹെക്ക് തോ ലെ
യെഹ് ശാമ് ഢൽ തോ ലെ സരാ
യെഹ് ദിൽ സാംഫൽ തോ ലെ സരാ…”

എന്നു തുടരുന്ന സാഹിർ ലുധ്യാൻവിയുടെ വരികൾ ജയ്ദേവിന്റെ സംഗീതത്തിൽ യമൻ കല്യാൺ രാഗത്തിൽ ആശാ ഭോസ്ലേയും മുഹമ്മദ് റഫിയും ചേർന്ന് ആലപിക്കുമ്പോൾ അതിന്റെ ലാളിത്യം നമ്മുടെ ഹൃദയത്തെ തൊട്ട് സ്വയം മറന്ന് നമ്മളും മന്ത്രിയ്ക്കും, ‘‘നീയിപ്പോൾ എന്നെ വിട്ടിട്ട് പോകരുത്, എന്റെ മനസ്സ് ഇതുവരെ നിറഞ്ഞിട്ടില്ല. ഇപ്പോളല്ലേ നീ വസന്തമായി വന്ന് നിറഞ്ഞത്. കാറ്റ് ആ സുഗന്ധമൊന്ന് പരത്തിക്കോട്ടെ, എന്റെ കണ്ണുകൾ ആ ലഹരിയിലൊന്നു മയങ്ങട്ടെ. ഈ സായാഹ്നം അൽപ്പം കൂടി ദീർഘവും ആഴമുള്ളതുമാകട്ടെ. ഈ സന്ധ്യ ഒന്ന് മാഞ്ഞോട്ടെ ഈ മനസ്സ് ഒന്ന് സുസ്ഥിരമാകട്ടെ ഈ ലഹരിയുടെ കവിൾ കുടിച്ച് ഞാൻ അൽപ്പനേരം ജീവിക്കട്ടെ. നീയിപ്പോൾ എന്നെ വിട്ട് പോകരുത്. എന്റെ മനസ്സ് ഇനിയും നിറഞ്ഞിട്ടില്ല…”

മേഷകർണ്ണൻ വർണ്ണിച്ച ആ “സന്ധ്യയിലെ രാജകീയ ശാന്തത’ ഈ പാട്ടിന്റെ ഓരോ വരിയിലുമുണ്ട് — “യേ ശാം ഢൽ തോ ലേ സരാ’ എന്ന് തന്നെ പറയുന്നുണ്ടല്ലോ.

അപ്പോഴും ആ രാഗ മാസ്മരികരിത കാതോർക്കുന്നവരുടെ ഹൃദയം അയത്നലളിതമായി മിടിക്കുകയും ഹൃദയത്തിലെയും ശിരസ്സിനുള്ളിലെയും അറകളിൽ നക്ഷത്രങ്ങൾ പൊട്ടിവിടരുകയും വിളക്കുകൾ ജ്വലിക്കുകയും ചെയ്യും. ഹൃദയമുറികളെയും തലക്കുള്ളിലെ മുറികളെയും വർണ്ണാഭമാക്കാൻ ആ പ്രകാശം മതിയാവോളമാണ്!. ഹൃദയത്തിൽ മാത്രമല്ല, ശിരസ്സിലും അറകളുണ്ട്. എങ്കിലുമാ ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്നത് തലതന്നെയായിരിക്കും. ശിരസ്സിന്റെ താഴ്ഭാഗത്ത് കഴുത്തിന്റെ തുടക്കത്തിലിരിക്കുന്ന ആ സ്റ്റെലൻ പേരുകാരൻ മെഡുല്ല ഒബ്ളാംഗേറ്റയാണ് നായകൻ! മെഡുല്ല ഒബ്ളാംഗേറ്റയുടെ താളത്തിനനുസരിച്ച് ഹൃദയമിങ്ങനെ ലബ് – ടബ് – ലബ് – ടബ് എന്നു തുള്ളിക്കൊണ്ടിരിക്കും! l

Hot this week

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

Topics

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...
spot_img

Related Articles

Popular Categories

spot_imgspot_img