ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്ര ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ബഹിരാകാശ രംഗത്ത് ഉണ്ടായ മാറ്റങ്ങളെയും ചേരിതിരിവുകളെയും അതിന്റെ കാരണങ്ങളെയും പരിശോധിക്കുകയാണ് ലേഖകൻ. നീണ്ട അമ്പത്തിമൂന്ന് വർഷക്കാലത്ത് എന്തുകൊണ്ട് മനുഷ്യർ ചന്ദ്രനിലേക്ക് പോയില്ല? ഇപ്പോൾ വീണ്ടും ചാന്ദ്രയാത്രകൾ പുനരാരംഭിക്കുന്നത് എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്നത് സാധാരണമാണ്. അവയ്ക്കുള്ള ഉത്തരങ്ങളും നൽകുകയാണ് ഈ ലേഖനത്തിൽ.
ആർട്ടമിസ്സ് 2 ദൗത്യം 4,06,771 കിലോമീറ്റർ ദൂരം വരെ സഞ്ചരിച്ച് ചന്ദ്രനെ ചുറ്റിപ്പറന്ന് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഇത് വഴി ആർട്ടമിസ്സ് ദൗത്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നാഴികകല്ലാണ് നാസ കടന്നത്. എന്താണ് ആർട്ടമിസ്സ് ദൗത്യങ്ങളുടെ പ്രാധാന്യം? എന്തുകൊണ്ടാണ് 53 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക് പോവാൻ തീരുമാനിച്ചത്? ആർട്ടമിസ്സുമായി ബന്ധപ്പെട്ട് പലരും ഉന്നയിക്കുന്ന ചോദ്യം ആണിത്. നീണ്ട 53 വർഷങ്ങൾ ചാന്ദ്ര പര്യവേഷണങ്ങൾ നടത്താതിരിക്കുകയും ഇപ്പോൾ വീണ്ടും എന്തുകൊണ്ടാണ് ചാന്ദ്ര യാത്രകൾ നടത്തുന്നത് എന്നും ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ, ബഹിരാകാശ രംഗത്തെ, ചരിത്രപരമായ വസ്തുതകളിൽ നിന്ന് വേർപെടുത്തി, വെറും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ മാത്രമായി കണ്ടു കൊണ്ടുള്ള രീതി സഹായകമാവുകയില്ല. അതിനാൽ ഇപ്പോഴുള്ള ലോക രാഷ്ട്രീയ രംഗത്തെയും ചേർത്ത് വെച്ച്കൊണ്ടായിരിക്കണം ചാന്ദ്ര പര്യവേഷണങ്ങളെയും കാണേണ്ടത്. അതിന്ന് നമുക്ക് ബഹിരാകാശ പര്യവേഷണ രംഗത്തിന്റെ ചരിത്രം ലഘുവായെങ്കിലും അവലോകനം ചെയ്യേണ്ടതുമുണ്ട്.
ബഹിരാകാശയുഗത്തിന്റെ പിറവി
1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക്ക് ഉപഗ്രഹമാണ് ബഹിരാകാശ യുഗത്തിന്ന് നാന്ദി കുറിച്ചത്. ഇതിനെ തുടർന്ന് 1961 ൽ ഒരു സോവിയറ്റ് പൗരൻ ബഹിരാകാശത്ത് പോയി ഭൂമിയെ ഒരു പ്രാവശ്യം ചുറ്റി സഞ്ചരിച്ചപ്പോൾ അത് ലോകമെങ്ങുമുള്ള ജനങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തു. ഒരു സോഷ്യലിസ്റ്റ് രാജ്യത്തെ പൗരൻ ബഹിരാകാശത്ത് സഞ്ചരിച്ചപ്പോൾ അയാളെ മാനവരാശിയുടെ പ്രതിനിധിയായാണ് ലോകജനത കണ്ടത്.
എന്നാൽ ചരിത്രപ്രസിദ്ധമായ ആ സംഭവം പശ്ചിമ യൂറോപ്പിലെയും അമേരിക്കയിലെയും ഭരണാധികാരികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ സോവിയറ്റ് യൂണിയൻ പല “ഒന്നാം സ്ഥാന റെക്കോർഡുകളും” നേടുകയും ബഹിരാകാശരംഗത്തെ തങ്ങളുടെ മേൽക്കോയ്മ നിലനിർത്തുകയും ചെയ്തു.

ശീതയുദ്ധവും ബഹിരാകാശ മത്സരവും
എന്നാൽ മനുഷ്യർ ബഹിരാകാശത്ത് നേടിയ ഈ നേട്ടങ്ങളോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റ് പല സംഭവവികാസങ്ങളും 1945 മുതൽ 1961 വരെയുള്ള കാലത്ത് ലോകത്ത് ഉണ്ടായിട്ടുണ്ട്. 1945 ൽ അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടതും 1949 ആയപ്പോഴേക്കും സോവിയറ്റ് യൂണിയനും അണുബോംബ് സാങ്കേതിക വിദ്യ കൈവരിച്ചതും, തുടർന്ന് ആദ്യം അമേരിക്കയും (1952 നവംബർ 1) തൊട്ട് പിന്നീട് സോവിയറ്റ് യൂണിയനും (1953 ഓഗസ്റ്റ് 12) ഹൈഡ്രജൻ ബോംബ് വിസ്ഫോടനം പരീക്ഷിച്ചതും സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ പല രാജ്യങ്ങളും പാശ്ചാത്യ കോളനിഭരണത്തിൽ നിന്ന് മുക്തിനേടിയതും രണ്ടാം ലോകയുദ്ധത്തിന്ന് ശേഷം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോഷ്യലിസ്റ്റ് ചേരിയിലേക്ക് വന്നതും ലോക ശാക്തിക ചേരികളിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. രണ്ടാം ലോകയുദ്ധത്തിന്ന് ശേഷം ലോകമാകെ ഉണ്ടായ ഈ കോളനി വിരുദ്ധ സ്വാതന്ത്ര്യവാഞ്ചയെ എങ്ങനെയും തടയിടാൻ മുൻ കോളനിമേധാവികളായ രാജ്യങ്ങൾ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ സമരങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ സോവിയറ്റ് യൂണിയനും ചൈനയും ശ്രമിച്ചു. ഇതാണ് മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ശീതയുദ്ധത്തിന്ന് കാരണമായത്.
ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളിൽ തങ്ങളെ വെല്ലാൻ മറ്റാരുമില്ല എന്ന അമേരിക്കയുടെയും പശ്ചിമ യൂറോപ്പിന്റെയും തോന്നലാണ് 1961 ൽ യൂറി ഗഗാറിന്റെ ബഹിരാകാശയാത്രയോടെ തകർന്നുപോയത്. ഈ ആത്മവീര്യതകർച്ച തടയാനാണ് അമേരിക്ക നാസ രൂപീകരിച്ചതും അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, ആ ദശകം കഴിയുന്നതിന്ന് മുൻപ് ഒരു അമേരിക്കൻ പൗരനെ ചന്ദ്രനിൽ ഇറക്കി അപകടമില്ലാത്ത തിരിച്ച് കൊണ്ടുവരണം എന്നും അതിനായുള്ള ചെലവ് അമേരിക്കൻ പാർലിമെന്റ് (കോൺഗ്രസ്) നൽകണമെന്നും അഭ്യർത്ഥിച്ചത്. ബഹിരാകാശ പര്യവേഷണത്തിന്റെ ഈ കാലഘട്ടത്തെ ബഹിരാകാശ മത്സരം എന്ന് പറയാറുണ്ട്.
ബഹിരാകാശ മത്സരം ശീത യുദ്ധത്തിന്റെ ഒരു സാങ്കേതികമുഖം തന്നെയായിരുന്നു. ആ മത്സരത്തിന്റെ അലയൊലി ഇപ്പോൾ വിജയകരമായി നടന്ന ആർട്ടമിസ്സിലും കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ചാന്ദ്ര പര്യവേഷണം ഒരു ലഘു അവലോകനം
ചാന്ദ്രയാത്രയുടെ ഒന്നാം ഘട്ടമായിരുന്നുവല്ലോ 1969 ൽ അപ്പോളോ 11 ൽ തുടങ്ങി 1972 ൽ അപ്പോളോ 17 ൽ അവസാനിച്ച ദൗത്യങ്ങൾ? ആർട്ടമിസ്സ് 2 ഉം അതിന്ന് മുൻപ് 2022 ൽ വിക്ഷേപിച്ച ആർട്ടമിസ്സ് 1 ഉം ചാന്ദ്രയാത്രയുടെ രണ്ടാം ഘട്ടത്തിന്ന് തുടക്കമിട്ടിരിക്കുന്നു. ചാന്ദ്രദൗത്യങ്ങളുടെ ചരിത്രം നോക്കിയാൽ അത് രണ്ടോ മൂന്നോ ഘട്ടങ്ങളായാണ് മുന്നേറിയത് എന്ന് കാണാം.
1957 മുതൽ 1976 വരെ
മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കി അപകടമില്ലാത്ത തിരിച്ചു കൊണ്ടുവരുന്നതിൽ അമേരിക്കൻ ഐക്യനാടുകൾ വിജയിച്ചു. മാത്രമല്ല, അവർ ആ ശ്രമം പിന്നീട് ആറ് പ്രാവശ്യം (അപ്പോളോ 12, 14, 15, 16, 17) ആവർത്തിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ ആദ്യകാലത്ത് ചാന്ദ്രയാത്രക്കുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയും മനുഷ്യ സഞ്ചാരികളില്ലാത്ത റോബോട്ടിക് ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അവയാണ് പ്രസിദ്ധമായ ലൂണ ദൗത്യങ്ങൾ.
ചന്ദ്രന്റെ നമുക്ക് കാണാൻ കഴിയാത്ത വശത്തിന്റെ ആദ്യത്തെ ഫോട്ടോ എടുത്തതും (ലൂണ 3), ആദ്യമായി ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങിയതും (ലൂണ 9), മനുഷ്യസഹായമില്ലാതെ ചന്ദ്രനിലെ മണ്ണ് (റെഗോലിത്ത്) വാരി ഭൂമിയിലേക്ക് മൂന്ന് പ്രാവശ്യം കൊണ്ടുവന്നതും (ലൂണ 16, 20, 24), ചന്ദ്രോപരിതലത്തിൽ രണ്ടുപ്രാവശ്യം ഒരു ഡ്രൈവറില്ലാ വാഹനം ഇറക്കി , ഓടിച്ചതും (ലൂണ 17/ലുണാഖോദ് 1), (ലൂണ 21/ലുണാഖോദ് 2), എന്നിങ്ങനെ പല റെക്കോർഡുകളും ലൂണ ദൗത്യങ്ങൾ നേടിയിരുന്നു.
1969 ൽഅപ്പോളോ 11 ൽതുടങ്ങി 1972 ലെഅപ്പോളോ 17 വരെനീണ്ട്നിന്ന മനുഷ്യ ചാന്ദ്രയാത്രകൾ 1972 ഓട് കൂടി അവസാനിച്ചു. സോവിയറ്റ് യൂണിയന്റെ ലൂണ ദൗത്യങ്ങളും 1976 ൽ അവസാനിച്ചു.
1990 മുതൽ 2025 വരെ
പിന്നീട് 1976 ന്ന്ശേഷം 1990 വരെ ഏകദേശം ഒന്നരദശകത്തോളം ചാന്ദ്ര ദൗത്യങ്ങളേയില്ലായിരുന്നു. 1990 മുതൽ 2025 വരെയുള്ള മുപ്പത്തഞ്ച് വർഷങ്ങളിൽ റോബോട്ടിക്ക് ചാന്ദ്ര ദൗത്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, മനുഷ്യർ ചന്ദ്രനിലേക്ക് യാത്ര ചെയ്തില്ല. എന്തായിരിക്കാം അതിന്ന് കാരണം? ഭാരിച്ച ചെലവ് തന്നെ. (പട്ടിക 1 കാണുക).
എങ്കിലും നമുക്കെല്ലാം ആവേശം തന്ന രണ്ട് കാര്യങ്ങൾ ഇന്ത്യയുടേയും ചൈനയുടെയും ചാന്ദ്രപര്യവേഷണ രംഗപ്രവേശനമാണ്. 2007 ൽ ചൈനയുടെ ചാങ്’ 1 ഉം 2008 ൽ ഇന്ത്യയുടെയുടെ ചന്ദ്രയാൻ 1 ഉം വിജയിച്ചു.
ഏക ധ്രുവ ലോകവും നാസയുടെ അപ്രമാദിത്വവും
1991 അവസാനം സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായതോടെ അവരുടെ ബഹിരാകാശ രംഗത്തിന്ന് അനന്തരാവകാശികളായത് റഷ്യൻ റിപ്പബ്ലിക് ആണ്. റഷ്യ നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങൾ അവരുടെ ബഹിരാകാശ ഗവേഷണത്തെയും ബാധിച്ചു. അടിസ്ഥാന ബഹിരാകാശ പ്രവർത്തികൾ തുടർന്നതല്ലാതെ മറ്റൊന്നും നടത്താനുള്ള നിലയിലായിരുന്നില്ല റഷ്യ.
2001 വരെ മിർ സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ തുടർന്നു. ഏഴ് സാല്യൂട്ട് സ്പേസ്സ്റ്റേ ഷനുകളും മിർ സ്പേസ്സ്റ്റേഷനും നിർമിച്ച സാങ്കേതിക അനുഭവം അമേരിക്കയും മറ്റ് രാജ്യങ്ങളുമായി ചേർന്ന് അന്താരാഷ്ട്ര സ്പേസ്സ്റ്റേഷൻ (ഐ.എസ്.എസ്) നിർമിക്കുന്നതിന്ന് സഹായകമായി. റഷ്യക്ക് ഐ .എസ്. എസ്സിൽ മുഖ്യ പങ്ക് ഉണ്ട്. ഐ.എസ്. എസ്സിന്റെ ആദ്യത്തെ കേന്ദ്ര മോഡ്യൂൾ ആയ സാരിയ (Zariya) 1998 ലും സ്വേസ്ഡ (Zvesda) 2000 ലും നിർമിച്ച് പ്രൊട്ടോൺ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത് റഷ്യയാണ്.
ചെലവ് കണ്ടെത്താനായി റഷ്യൻ ബഹിരാകാശ ഏജൻസി ആയ റോസ്കോസ്മോസ് ബഹിരാകാശ ടൂറിസ്റ്റുകളെ ഐ.എസ്.എസിലേക്ക് കൊണ്ടുപോവാൻ തുടങ്ങി. 2001 മുതൽ 2009 വരെ ഏഴ് ടൂറിസ്റ്റുകൾ ഐ.എസ്.എസ്സ് സന്ദർശിച്ചു. ഓരോടൂറിസ്റ്റുംഏകദേശം 20 ദശ ലക്ഷം ഡോളർ നൽകിയാണ് ഐ .എസ്.എസ്സ് സന്ദ ർശിച്ചത്.
അത് കൂടാതെ, 2003 ഫെബ്രുവരിയിൽ കൊളംബിയ സ്പേസ്ഷട്ടിൽ അപകടത്തിൽ പെട്ടപ്പോൾ നാസ രണ്ടര വർഷത്തോളം സ്പേസ്ഷട്ടിലുകൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചിരുന്നു. പിന്നീട് 2011 ൽ സ്പേസ്ഷട്ടിലുകളുടെ യാത്ര നാസ പൂർണമായി നിർത്തിവെച്ചു. ആ ഘട്ടങ്ങളിൽ നാസക്ക് ഐ.എസ്.എസ്സിലേക്ക് അസ്ട്രോനോട്ടുകളെ അയക്കാൻ റഷ്യയുടെ സോയുസ് സ്പേസ് ക്രാഫ്റ്റിൽ സീറ്റുകൾ വാടകക്ക് എടുക്കേണ്ടി വന്നു. അതും റോസ്കോസ്മോസിന്റെ നിലനില്പിന്ന് സാമ്പത്തിക സഹായമായി.
എങ്കിലും ഒരുകാലത്ത് ബഹിരാകാശ റെക്കോർഡുകൾ വാരിക്കൂട്ടിയ രാജ്യം ആ രംഗത്ത് പിന്തള്ളപ്പെട്ടു. ഏക ധ്രുവ ലോകത്തിലെ ഏക വൻ ശക്തിയായി അമേരിക്ക ഉയർന്നപ്പോൾ, ബഹിരാകാശരംഗത്തെ അനിഷേധ്യ നേതാവായി നാസ ഉയർന്നു. നാസായും ഈസയും (ESA – യൂറോപ്യൻ സ്പേസ് ഏജൻസി) ജപ്പാന്റെ ജാക്സ (JAXA)യും തമ്മിൽ വളരെ അടുത്ത പരസ്പര സഹായം (collaboration) ഉണ്ട്. ഈസക്കും ജാക്സക്കും സ്വന്തമായ പദ്ധതികളും ദൗത്യങ്ങളും ഉണ്ട്. എങ്കിലും ഈസയോ, ജാക്സയോ, ഇന്ത്യയുടെ ഇസ്രൊയോ നാസയോടൊ റഷ്യയോടോ മത്സരിക്കതക്ക നിലയിലേക്ക് വളർന്നിട്ടില്ല. അവരാരും നാസക്കോ അമേരിക്കയിലെ മറ്റ് ബഹിരാകാശ കമ്പനികൾക്കോ സാമ്പത്തിക-സാങ്കേതിക-കച്ചവട രംഗത്ത് ഒരു വെല്ലുവിളി ആയി മാറിയിട്ടില്ല. എന്നാൽ വെല്ലുവിളി ഉയർന്നത് ഏഷ്യയിൽ ചൈനയിൽ നിന്നാണ്. അതാണ് പുതിയ ബഹിരാകാശ മത്സരത്തിന്ന് കാരണവും.
ചാന്ദ്ര പര്യവേഷണം 21ആം നൂറ്റാണ്ടിൽ
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളിൽ ചന്ദ്രപര്യവേഷണത്തിന്റെ പ്രാധാന്യം വളരെ വര്ധിച്ചിട്ടുണ്ട്. അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട മൂന്നെണ്ണം ഇവയാണ്:
- ഭാഗിക ഭ്രമണപഥത്തിലേക്കും (sub-orbital), ഭൂ ഭ്രമണപഥത്തിലേക്കും ബഹിരാകാശ ടൂറിസം വികസിക്കുന്നുണ്ട്. മുൻപ് റഷ്യ ഐ.എസ.എസ്സിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോയ കാര്യം പറഞ്ഞുവല്ലോ? ടൂറിസം മേഖലയിൽ കച്ചവട താല്പര്യമുള്ള പല അമേരിക്കൻ കമ്പനികളും ഈ രംഗത്ത് ഇപ്പോൾ തന്നെ ഉണ്ട്. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർജിൻ ഗാലക്ടിക് എന്ന കമ്പനിയും ആമസോൺ കമ്പനിയുടെ ഉടമയായ ജെഫ് ബെസോസി ന്റെ ബ്ലൂ ഒറിജിനും ഒക്കെ കോടീശ്വരന്മാരായ ടൂറിസ്റ്റുകളെ ഭാഗിക ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന കമ്പനികൾ ആണ്. അവർക്ക് അവരുടേതടയ വാഹനങ്ങളും ഉണ്ട്. ഈലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി ഭൂ ഭ്രമണപഥത്തിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നുണ്ട്. ഭാവിയിൽ ഇത് ചന്ദ്രനിലേക്കുള്ള ടൂറിസമായി വികസിക്കാനുള്ള സാദ്ധ്യതകൾ അവരും മറ്റ് കച്ചവട കണ്ണുള്ള ഇൻവെസ്റ്റർമാരും കാണുന്നു.
- ചന്ദ്രന്റെ ഗുരുത്വകർഷണം ഭൂമിയുടേതിന്റെ ആറിലൊന്നേ ഉള്ളൂ എന്നതിനാൽ ചന്ദ്രനിൽ നിന്നും റോക്കറ്റ് വി ക്ഷേപണം അനായാസം നടത്താം. ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗിച്ച് ചന്ദ്രനിൽ നിന്ന് തന്നെ റോക്കറ്റുകൾ നിർമിച്ച് ഉപയോഗിക്കാനുള്ള സാധ്യത ശാസ്ത്രലോകം കാണുന്നുണ്ട്. അതിനാൽ ചൊവ്വായാത്രയുടെ ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാനുള്ള പ്ലാനുകൾ നാസ, അമേരിക്കയിലെ സ്പേസ്എക്സ് പോലുള്ള കമ്പനികൾ, റഷ്യ, ചൈന എന്നിവർആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ ചന്ദ്രയാൻ 1 ചന്ദ്രനിൽ ജലാംശം കണ്ടെത്തിയത് ഇതിന്ന് ആക്കം കൂട്ടുന്നു.
3. ചന്ദ്രനിലെ ധാതു വിഭവങ്ങൾ അവിടെത്തന്നെയും ഭൂമിയിലേക്ക് കൊണ്ടു വന്നും ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ ശാസ്ത്രലോകം കാണുന്നുണ്ട്. ഇത് ഭൂമിയിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന ധാതു വസ്തുക്കൾ ലഭിക്കാൻ സഹായിക്കും.
അപ്പോളോ ദൗത്യങ്ങൾ നിലച്ച് പോകാനുള്ള ഒരു കാരണം ഭരിച്ച സാമ്പത്തിക ചെലവ് ആയിരുന്നു എന്ന് നമ്മൾ മനസ്സിലാക്കിയല്ലോ. നാസയുടെ സ്പേസ് ഷട്ടിലുകൾ നിർത്തലാക്കിയതിന്റെയും ഒരു കാരണം സാമ്പത്തിക പ്രശ്നം തന്നെയാണ്. അതിൽ നിന്നും പഠിച്ച രണ്ട് പാഠങ്ങൾ ഇവയാണ്:
1.ഒരു രാജ്യത്തിന്ന് ഒറ്റക്ക് ചെയ്യാൻ കഴിയുന്നതല്ല വിപുലമായ ബഹിരാകാശ ഗവേഷണം എന്ന് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. ഐ .എസ്.എസ്സ് തന്നെ നല്ലൊരു ഉദാഹരണമാണ്. നാസയുടെ മുഖ്യ എതിരാളി ആയ സോവിയറ്റ് യൂണിയൻ/റഷ്യ യുടെ സഹായം എടുത്താണ് ഐ .എസ്.എസ്സ് നിർമിച്ചതും ഉപയോഗിക്കുന്നതും.
അതായത് ബഹിരാകാശത്ത് സഹകരണത്തിന്റെ ആവശ്യകത എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്.
2.മറ്റ് പലരാജ്യങ്ങൾക്കും ബഹിരാകാശഏജൻസികൾ ഉണ്ട്. ബഹിരാകാശ പര്യവേഷണത്തിന്ന് ആവശ്യമായ സാങ്കേതികവിദ്യകൾ അവരൊക്ക വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവർ ബഹിരാകാശരംഗത്തുള്ള മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്.
അപ്പോൾ അവരുമായി സഹകരിക്കുന്നത് ഗുണമേ ചെയ്യൂ.
ഇത്തരത്തിൽ സഹകരണത്തിന്റെ ആവശ്യം മനസ്സിലാക്കിയിട്ടും സാമ്പത്തിക-രാഷ്ട്രീയ മേധാവിത്വത്തിന്ന് വേണ്ടിയുള്ള മുതലാളിത്ത രാജ്യങ്ങൾ തമ്മിലുള്ള കിട മത്സരവും, അവ ഒന്ന് ചേർന്ന് ചൈനയോടും റഷ്യയോടും ഇറാനോടും ഉള്ള മത്സരവും ഒട്ടും കുറഞ്ഞിട്ടില്ല. അതിനാൽ വിവിധ രാജ്യങ്ങളെ കൂടെ നിർത്തി പുതൊയൊരു മത്സരത്തിന്ന് കളമൊരുക്കുകയാണ് സാമ്പത്തികശക്തികൾ. ആ സംഘങ്ങളുടെ നേതൃത്വത്തിൽ ഒരു വശത്ത് അമേരിക്കയും മറുവശത്ത് ചൈനയും ആണെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. അമേരിക്കയും ജപ്പാനും യൂറോപ്പും ഒരു ഭാഗത്തും ചൈനയും റഷ്യയും ചില ബ്രിക്സ് രാജ്യങ്ങളും മറുവശത്തുമായി നിലകൊണ്ടിരിക്കയാണ് ഇപ്പോൾ.
എന്തുകൊണ്ട് ചൈനയുമായി ബഹിരാകാശ മത്സരം?
ചൈനയുടെആദ്യത്തെഉപഗ്രഹം 1970 ൽ തന്നെ വിക്ഷേപിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു ദശാബ്ദത്തോളം കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 1980 കളിൽ ചൈന ബഹിരാകാശ ഗവേഷണ-പര്യവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അവരുടെ സ്പേസ് പ്രോഗ്രാമിനെ കൂടുതൽ കാര്യക്ഷമമാക്കാൻ തുടങ്ങി. 1990 കളിലും പ്രത്യേകിച്ച് 2000 ന്ന് ശേഷവും ചൈന ഒരു സാമ്പത്തിക ശക്തിയായി വളർന്നപ്പോൾ അവർ ബഹിരാകാശ മേഖലക്ക് വളരെ പ്രാധാന്യം നൽകുകയും അതിന്ന് വേണ്ട പണം മുടക്കുകയും ചെയ്തു. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ, ചൈനയുടെ ബഹിരാകാശ നേട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ചൈനയുടെ ബഹിരാകാശ നേട്ടങ്ങളെ വളരെ ചുരുക്കി ചൂണ്ടിക്കാണിക്കാം. 1993 ൽ സ്ഥാപിതമായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA) ആണ് ചൈനയുടെ ബഹിരാകാശ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചൈനക്ക് സ്വന്തമായി ടിയാൻഗോങ് എന്ന ബഹിരാകാശ നിലയം ഉണ്ട്. അതിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാൻ ഷെൻഷു എന്ന സ്പേസ് ക്രാഫ്റ്റുകളും അവയും മറ്റ് വൈവിധ്യമാർന്ന ആപ്ലികേഷനുകൾക്കുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കാനുള്ള ലോങ്ങ് മാർച്ച് ശ്രേണിയിലുള്ള വിവിധ തരം റോക്കറ്റുകളും നാല് വിക്ഷേപണ കേന്ദ്രങ്ങളും ചൈനക്കുണ്ട്. 2030 ൽ ഐ.എസ്.എസ്സ് ന്റെ കാലം അവസാനിച്ചാൽ ബഹിരാകാശത്ത് ഉള്ള ഏക ഗവേഷണ നിലയം ടിയാൻഗോങ് ആയിരിക്കും. ചൈന ഗ്രഹാന്തര പര്യവേഷണവും നടത്തുന്നുണ്ട്. അവരുടെ ടിയാൻവെൻ 1 ചൊവ്വയിലിറങ്ങുകയും അവിടെ ഷുറോങ് എന്ന വാഹനം (rover) സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.
ചൈനയും ചന്ദ്രനിലേക്ക്
ചാന്ദ്ര പര്യവേഷണ രംഗത്ത് ചൈന അതിവേഗത്തിൽ മുന്നേറികൊണ്ടിരിക്കുകയാണ് ആദ്യത്തെ ദൗത്യം മുതൽ നൂറ് ശതമാനം വിജയം കണ്ട ദൗത്യങ്ങളാണ് ചൈനയുടെ ചാങ് ശ്രേണിയിലെ ദൗത്യങ്ങൾ. അതിൽതന്നെ ചാങ് 4ഉം 6ഉം മികച്ച് നിൽക്കുന്നു. ചന്ദ്രന്റെ നമുക്ക് കാണാൻ കഴിയാത്ത ഭാഗത്ത് ഒരു വാഹനം ഇറക്കുന്ന ആദ്യത്തെ രാജ്യമാണ് ചൈന. ചാങ് 4 അവിടെ ഇറങ്ങി യുട്ടു എന്ന ഒരു വാഹനം ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ചു. ചാങ് 6 അവിടെ ഇറങ്ങി 2 കിലോഗ്രാം ചാന്ദ്രമണ്ണ് (റെഗോലിത്ത്) ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്നു. ചാങ് 7, ഈ വര്ഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജല സാന്നിധ്യം പരിശോധിക്കാൻ പോവും. ഒരു ഓർബിറ്റർ, ഒരു ലാൻഡർ , ഒരു റോവർ വാഹനം, ചന്ദ്രനിലെ ഷാകിൾട്ടൻ ഗർത്തം നേരിട്ട് പരിശോധിക്കാനായി ഒരു ചെറിയ “ചാട്ടക്കാരൻ” (hopper) എന്നിവയാണ് ചാങ് 7 ദൗത്യത്തിൽ ഉണ്ടാവുക. 2030 ൽ ചന്ദ്രോപരിതലത്തിൽ ഒരു ചൈനക്കാരനെ ഇറക്കാനും ചൈനക്ക് പരിപാടി ഉണ്ട്.

അങ്ങനെ വലിയ ചാന്ദ്ര ദൗത്യങ്ങളുമായി ചൈന മുന്നേറുകയാണ്.
ചൈന തള്ളിക്കളയാൻ പറ്റാത്ത ഒരു ബഹിരാകാശ ശക്തി ആണെന്നതും അത് ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്നതും അത് ബ്രിക്സ് സാമ്പത്തിക സംഘത്തിലാണെന്നതുമാണ് അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങൾക്കും ചൈനയെ തീരെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങൾ. കൂടാതെ റഷ്യയും ചൈനയും ബഹിരാകാശ രംഗത്ത് കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ചൈനയുമായി സഹകരിക്കുന്നതിൽ നിന്നും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അവരവരുടെ ശാസ്ത്രജ്ഞന്മാരെ വിലക്കിയിട്ടുണ്ട്.
ഐ.എൽ.ആർ.എസ്സുംചാങ്ദൗത്യങ്ങളും
ചൈനയുടെയും റഷ്യയുടെയും ബഹിരാകാശ സഹകരണരംഗത്ത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പ്രധാനമായും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് രണ്ടെണ്ണമാണ്, ചൈനയുടെ ചാങ് ദൗത്യങ്ങളും ചൈനയും റഷ്യയും ചേർന്ന് നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രവും (The International Lunar Research Station (ILRS). 2050 ൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഗവേഷണ സ്റ്റേഷൻ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്താണ് നിർമിക്കുക. റഷ്യയെയും ചൈനയെയും കൂടാതെ അസർബൈജാൻ, ബെലറൂസ്, ഈജിപ്ത്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, തുർക്കിയ, വെനിസുല എന്നീ എട്ട് രാജ്യങ്ങൾ ഇതിൽ പങ്കാളികളാവാൻ ഒപ്പിട്ടിട്ടുണ്ട്. ഇതിന്ന് അടിത്തറ പാകുന്നത് ചൈനയുടെ ചാങ് ദൗത്യങ്ങളാണ്.
അമേരിക്കയുടെയും യൂറോപ്പിന്റെയും ജപ്പാന്റെയും നേതൃത്വത്തിലും ഒരു ചാന്ദ്ര ഗവേഷണ കേന്ദ്രം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്നടുത്ത് നിർമിക്കാൻ പ്ലാനുണ്ട്. (താഴെ ആർട്ടമിസ്സ്കരാർ കാണുക). അതിന്റെ നിര്മാണത്തിന്ന് വേണ്ടതെല്ലാം എത്തിക്കുക ആർട്ടമിസ്സ് ദൗത്യങ്ങളിലൂടെയാണ്.
ആർട്ടമിസ്സ്കരാറും (Artemis Accords) ആർട്ടമിസ്സ്ദൗത്യങ്ങളും
മുകളിൽ പറഞ്ഞ പുതിയ ബഹിരാകാശ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വേണം നാസയുടെ ആർട്ടമിസ്സ് പ്രോഗ്രാമിനെ കാണാൻ. ഇതിന്ന് രണ്ട് ഭാഗങ്ങളുണ്ട്. ആർട്ടമിസ്സ്കരാറും ആർട്ടമിസ്സ്ദൗത്യങ്ങളും. രണ്ടിനും തമ്മിൽ ഗാഢമായ ബന്ധമുണ്ട് എന്ന് നാസ തന്നെ പറയുന്നു.
ആർട്ടമിസ്സ്കരാർ
61 രാജ്യങ്ങൾ ഒപ്പിട്ട ഒരു ബഹുരാഷ്ട്രകരാർ ആണ് ആർട്ടമിസ്സ്കരാർ (Artemis Accords). ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലും അവയുടെ ചന്ദ്രന്മാരിലും കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്ക് നാസ ഈസ, ജാക്സ പോലുള്ള ബഹിരാകാശ ഏജൻസികളും പ്രൈവറ്റ് കമ്പനികളും വളരെയധികം താല്പര്യമെടുക്കും എന്ന് വിശ്വാസമുള്ളതിനാലാണ് അമേരിക്കൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നാസ ആർട്ടമിസ്സ് കരാറിന്ന് രൂപം നൽകിയത്.
ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം, പ്രവർത്തനങ്ങളിലെ സുതാര്യത, പരസ്പരം അടിയന്തര സഹായങ്ങൾ നൽകുക, ബഹിരാകാശവസ്തുക്കൾ (ഉദാ: ഉപഗ്രഹങ്ങൾ, റോക്കറ്റിന്റെഅവശിഷ്ടങ്ങൾ) രജിസ്റ്റർചെയ്യുക, ശാസ്ത്ര വിവരവിനിമയം, ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗം, പരസ്പര സ്പർദ്ധ കുറക്കുന്നതിൽ പങ്ക് വഹിക്കുക, ബഹിരാകാശ മാലിന്യ നിർമാർജനം തുടങ്ങിയ മേഖലകളിൽ പരസ്പ്പരധാരണയും പങ്കാളിത്തവും ഒക്കെയാണ് ആർട്ടമിസ്സ് കരാറിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ കരാറിലെ തീരുമാനങ്ങളെല്ലാം എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് നിർബന്ധമില്ല.
ഈ കരാറിന്റെ മറ്റൊരു പ്രധാന വിശേഷത 1967 ലെ ബഹിരാകാശ കരാറിന്റെ തുടർച്ചയാണ് ഇത് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കരാർ അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭക്ക് പുറത്തുള്ള ഒരു കരാർ ആണെന്നതാണ്. കോപ്പ്സ് (COPUOS -Committee on the Peaceful Uses of Outer Space), യൂനൂസ (UNOOSA – UN Office for Outer Space Affairs), UN-Space (Inter-Agency Meeting on Outer Space Activities) തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റികൾക്ക് പുറത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാത്രം, റഷ്യയെയും ചൈനയെയും ഒഴിച്ച് നിർത്തി കൊണ്ടുള്ള ഈ സംഘടന ക്ക് മനുഷ്യരാശിയുടെ പൊതുസ്വത്തായ ബഹിരാകാശരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനാകുമോ എന്ന കാര്യം സംശയമാണ്. എങ്കിലും ഇന്ത്യയടക്കം അറുപത്തിനാലോളം രാജ്യങ്ങൾ ഈ കരാറിൽ പങ്കാളികളാണ്.
ആർട്ടമിസ്സ് ദൗത്യങ്ങൾ
ആർട്ടമിസ്സ് ദൗത്യങ്ങൾ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ചന്ദ്രനിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ നട്ടെല്ലാണ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്നടുത്ത് ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും ചന്ദ്രനിലും മറ്റ് ഗ്ര ഹങ്ങളിലും ദീർഘകാലം വസിക്കുമ്പോൾ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ ഫലങ്ങൾ മനസ്സിലാക്കുകയും ചെയ്യുകയാണ് പ്രഥമലക്ഷ്യം. അതോടൊപ്പം അതിന്നായി വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകളും ആ ഗവേഷണ കേന്ദ്രത്തിൽ കണ്ടുപിടിക്കുന്ന അറിവുകളും സൗരയൂഥ ഗ്രഹങ്ങളിലേക്ക് പോകാനുള്ള നാസയുടെ ഭാവി പരിപാടികൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ആർട്ടമിസ്സ് ദൗത്യങ്ങളിലൂടെ നാസ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ആർട്ടമിസ്സ് ദൗത്യങ്ങളിൽ ആറെണ്ണമാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. നാസയും സ്പേസ് – എക്സും ജെഫ് ബെസോസിന്റെ ബ്ലൂ ഓറിജിനും മറ്റ് ചില പ്രധാന സ്പേസ് കമ്പനികളും ചേർന്നാണ് ആർട്ടമിസ്സ് ദൗത്യങ്ങളും ചന്ദ്രനിലെ ലബോറട്ടറിയും സജ്ജമാക്കുക.
2022 മുതൽ 2028 – 2030 വർഷങ്ങളിൽ പല ഘട്ടങ്ങളായി നടപ്പാക്കാൻ നാസ പ്ലാനിടുന്ന ആർട്ടമിസ്സ് ദൗത്യങ്ങളുടെ പ്രധാന ഭാഗങ്ങൾ ഇവയാണ്:
ഓറിയോൺ വാഹനം
കാഴ്ചയിൽ അപ്പോളോ കമാൻഡ് മോഡ്യൂളിനോട് വളരെ സാമ്യമുള്ളതാണ് ഓറിയോൺ വാഹനം. പക്ഷെ അത് ഒരത്യാധുനിക ബഹിരാകാശ യാത്രാ വാഹനമാണ്. നാല് സഞ്ചാരികൾക്ക് സുഖമായി യാത്ര ചെയ്യാനുള്ള സ്ഥലം അതിലുണ്ട്. ഓറിയോണിന്ന് രണ്ട് പ്രധാന ഭാഗങ്ങൾ ആണ് ഉള്ളത്. അന്തരീക്ഷ മർദത്തിൽ ഉള്ള ഒരു സഞ്ചാര കാപ്സ്യൂളും ഒരു സർവീസ് മോഡ്യൂളും. സർവീസ് മൊഡ്യൂൾ നിർമിച്ചിരിക്കുന്നത് യൂറോപ്യൻ സ്പേസ് ഏജൻസിയാണ്.
സർവീസ് മൊഡ്യൂളിന്ന് വൈദ്യുതോർജോല്പാദനത്തിന്നായി നാല് സോളാർ പാനലുകൾ ഉണ്ട്. ഓറിയോൺ ക്യാപ്സ്യൂളിന്ന് കനത്ത ചൂടിൽ ബാഷ്പീകരിച്ച് പോകുന്ന (Ablative) ഒരു താപ കവചമുണ്ട്. ചന്ദ്രനിൽ നിന്ന് മടങ്ങി വരുമ്പോൾ അതി വേഗതയിൽ സഞ്ചരിക്കുന്ന ഓറിയോൺ വായുമണ്ഡലത്തിൽ ഏത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപം കുറക്കാനാണിത്.

സ്പേസ് ലോഞ്ച് സിസ്റ്റം (SLS-Space Launch System).
സ്പേസ് ഷട്ടിലിന്റേതു പോലെയുള്ള ഒരു അതി ഭീമൻ റോക്കറ്റാണ് സ്പേസ് ലോഞ്ച് സിസ്റ്റം. എന്നാൽ ഷട്ടിലുമായുള്ള പ്രധാന വ്യത്യാസം യാത്രാവാഹനമായ ഓറിയോൺ അപ്പോളോയുടെത് പോലെ റോക്കറ്റിന്റെ മുകളിലാണ് എന്നതാണ്. (ഷട്ടിലിൽ യാത്രാവാഹനമായ ഓർബിറ്റർ ഇന്ധനടാങ്കിന്റെ വശത്ത് ഒട്ടിപിടിച്ചിരിക്കുന്നപോലെ ആണല്ലോ). ഷട്ടിലിന്റേതുപോലെ തന്നെ വശങ്ങളിലായി രണ്ട് ഖര ബൂസ്റ്ററുകളും അവയ്ക്കിടയിൽ ഒരു ഭീമൻ ക്രയോജനിക് സ്റ്റേജും ചേർന്നതാണ് സ്പേസ് ലോഞ്ച് സിസ്റ്റം (SLS). മധ്യത്തിലുള്ള ക്രയോജനിക് സ്റ്റേജ്ആണ് പ്രധാന സ്റ്റേജ് (Core stage).

ലൂണാർഗേറ്റ്-വേ
ലൂണാർഗേറ്റ്-വേഎന്നത് ചന്ദ്രനെ ചുറ്റി പറക്കുന്ന ഒരുചെറിയ സ്പേസ് സ്റ്റേഷൻ ആണ്. ഭൂമിയിൽ നിന്ന് വരുന്ന ഓറിയോൺ വാഹനങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറുകൾക്കും ഡോക്ക് ചെയ്യാനുള്ള ഡോക്കിങ് പോർടുകളും അസ്ട്രോനോട്ടുകൾക്ക് താമസിക്കാനുള്ള സ്ഥലം, ചന്ദ്രനിലേക്ക് ഇറങ്ങാൻ ആവശ്യമായ എയർലോക്കുകൾ മുതലായ സ്പേസ് സ്റ്റേഷൻ സംവിധാനങ്ങളും അതിൽ ഉണ്ടാവും. ഇത് നിർമിക്കാനുള്ള കരാർ കൊടുത്തിരിക്കുന്നത് സ്പേസ്-എക്സ് കമ്പനിക്കാണ്. സങ്കീർണമായ ഈ ഘട്ടം ഭാവിയിൽ മാത്രമേ നിര്മിക്കുകയുള്ളൂ.
ലൂണാർ ലാൻഡർസ്
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങാനുള്ള വാഹനങ്ങളാണ് ലാൻഡറുകൾ. ഇവ നിർമിക്കാനുള്ള കോൺട്രാക്ട് നൽകിയിരിക്കുന്നത് സ്പേസ്-എക്സ്, ബ്ലൂഒറിജിൻ എന്നീ കമ്പനികൾക്കാണ്.
മുകളിൽ വിവരിച്ച ആർട്ടമിസ്സിന്റെ പ്രധാനഭാഗങ്ങളിൽ ലൂണാർ ഗേറ്റ്-വേയും ലാന്ഡറുകളും അവസാനഘട്ടങ്ങളിൽ മാത്രമേ നിർമിച്ച് വിക്ഷേപിക്കുകയുള്ളൂ. നാസയുടെയും അമേരിക്കൻ സർക്കാരിന്റെയും ഈ ഭീമൻ പദ്ധതിയിൽ ഓറിയോൺ വാഹനവും എസ്.എൽ.എസ്. എന്ന റോക്കറ്റും മാത്രമേ ഇപ്പോൾ തയ്യാറായിട്ടുള്ളൂ. ആർട്ടമിസ്സ് 1 ഉം ആർട്ടമിസ്സ് 2 ഉം വിജയകരമായി വിക്ഷേപിച്ച് പരീക്ഷിക്കുകയും ചെയ്തു.
ആർട്ടമിസ്സ് 1
2022 ൽ ആർട്ടമിസ്സ്1 ദൗത്യം സഞ്ചാരികളില്ലാതെ ചന്ദ്രനെ ചുറ്റിപ്പറന്ന് വന്നിരുന്നു. അത് ആർട്ടമിസ്സ് 2 ന്റെ തയ്യാറെടുപ്പിന്ന് വേണ്ടി ആയിരുന്നു. 2022 നവംബർ 16 മുതൽ ഡിസംബർ 11 വരെയുള്ള ഇരുപത്തിഅഞ്ചര ദിവസങ്ങൾ കൊണ്ടാണ് ആർട്ടമിസ്സ് 1, 2.25 ദശലക്ഷം കിലോമിറ്റർ സഞ്ചരിച്ച് ചന്ദ്രനെ ചുറ്റിപ്പറന്ന് വന്നത്.
ആർട്ടമിസ്സ് 1ന്റെ പ്രധാന ലക്ഷ്യങ്ങൾ നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെയും ഓറിയോൺ സ്പേസ്ക്രാഫ്റ്റിന്റെയും അവയുടെ നിയന്ത്രണ സംവിധാനങ്ങളുടെയും ടെസ്റ്റിംങ് ആയിരുന്നു. ഓറിയോണിനെ സംബന്ധിച്ചിടത്തോളം അതിന്റെ തിരിച്ചുവരവും കടലിൽ പതിക്കലും മനുഷ്യ സഞ്ചാരത്തിന്ന മുൻപ് തന്നെ പരീക്ഷിക്കേണ്ടത് അനിവാര്യമായിരുന്നു. അതിന്റെയെല്ലാം ടെസ്റ്റ് വിജയകരമായിരുന്നു.
ആർട്ടമിസ്സ് 2
ആർട്ടമിസ്സ്-2 ദൗത്യത്തിൽ നാല് അസ്‌ട്രോനോട്ടുകൾ ചന്ദ്രനെ ചുറ്റിപ്പറന്ന് വന്നു. ചന്ദ്രന്റെ അടുത്തുവരെ സഞ്ചരിച്ച ആദ്യ വനിതാ അസ്‌ട്രോനോട്ട് ക്രിസ്റ്റീന കോച്ചും ഈ യാത്രയിൽ ഉണ്ടായിരുന്നു. ബഹിരാകാശത്ത് യാത്ര ചെയ്ത, ഐ.എസ്.എസ്സിൽ താമസിച്ച് പരിചയമുള്ളവരാണ് ക്രിസ്റ്റിന കോച്ച് .

മൂന്ന് പുരുഷന്മാരിൽ ഒരാൾ കറുത്ത വർഗക്കാരനാണ് (ആഫ്രോ-അമേരിക്കൻ) എന്ന് നാസ തന്നെ ഉച്ചസ്തരം ഉൽഘോഷിക്കുന്നുണ്ട്. അയാളുടെ തൊലിയുടെ നിറത്തെ എന്തു കൊണ്ടാണ് ഇങ്ങനെ ഉൽഘോഷിക്കുന്നതെന്നറിയില്ല. റീഡ് വൈസ്മാൻ (കമാൻഡർ), ആഫ്രോ-അമേരിക്കൻ ആയ വിക്ടർ ഗ്ലോവർ (പയലറ്റ്), അമേരിക്കക്കാരിയായ ക്രിസ്റ്റിനകോച്ച്, കാനഡക്കാരനായ ജെർമി ഹാൻസൺ (മിഷൻസ്പെഷ്യലിസ്റ്റുമാർ) എന്നിവരാണ് നാലുപേർ. ഏപ്രിൽ 1 ന്ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച അവർ വിജയകരമായി ചന്ദ്രനെ ചുറ്റിപ്പറന്ന് ഏപ്രിൽ 11ന്ന് ഭൂമിയിൽ തിരിച്ചിറങ്ങി. ഭൂമിയിൽ നിന്നും ഏറ്റവും ദൂരേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിന്ന് അവർ നാലുപേരും അർഹരായി. ഭൂമിയിൽ നിന്നും 4,06,771 കിലോമീറ്റർ അകലെക്കാണ് അവർ സഞ്ചരിച്ചത്. അതോടൊപ്പം ചന്ദ്രന്റെ 7414 കിലോമീറ്റര് അടുത്തുവരെയും അവർ സഞ്ചരിച്ചു.
ആർട്ടമിസ്സ് 3
2027 ൽ നടക്കാനിരിക്കുന്ന ആർട്ടമിസ്സ് 3 ഭൂഭ്രമണപഥത്തിൽ വെച്ച് , ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാനുപയോഗിക്കുന്ന ലാൻഡറുമായി ബന്ധിക്കുകയും വേര്പെടുത്തുകയും ചെയ്യുന്ന പ്രവർത്തി നടത്തി പരീക്ഷിക്കും. ഇപ്പോൾ സ്പേസ് എക്സിന്റെ ലാൻഡറുമായി ബന്ധിപ്പിക്കുകയും വേര്പെടുത്തുകയും ചെയ്യുന്ന പരീക്ഷണം നടത്തുവാനാണ് പ്ലാൻ. അപ്പോഴേക്കും ബ്ലൂ ഒറിജിന്റെ ലാൻഡർ തയ്യാറായി വിക്ഷേപിക്കുകയാണെങ്കിൽ അതുമായും പരീക്ഷണങ്ങൾ നടത്തും.
ആർട്ടമിസ്സ് 4
2028 ൽ നടക്കുമെന്ന് കരുതുന്ന ആർട്ടമിസ്സ് 4 ദൗത്യം ചന്ദ്രനിൽ ഇറങ്ങാനാണ് പോകുന്നത്. 2028 ആകുമ്പോഴേക്കും ചന്ദ്രനിൽ ഇറങ്ങാനുള്ള സ്പേസ്-എക്സിന്റെ സ്റ്റാർഷിപ്പ് എന്ന ലാൻഡർ തയ്യാറായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുകയാണെങ്കിൽ മാത്രമേ ആർട്ടമിസ്സ് 4 ദൗത്യംനടക്കുകയുള്ളൂ. അങ്ങനെ ആയാൽ ആർട്ടമിസ്സ് 4 ദൗത്യത്തിലെ ഓറിയോൺ സ്പേസ്ക്രാഫ്റ്റ് സ്റ്റാർഷിപ്പുമായി ബന്ധിക്കുകയും (dock) രണ്ട് അസ്ട്രോനോട്ടുകൾ സ്റ്റാർഷിപ്പിൽ കയറി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്നരികിൽ ഇറങ്ങുകയും ചെയ്യും. ഒരാഴ്ച ചന്ദ്രോപരിതലത്തിലും സ്റ്റാർഷിപ്പിനകത്തുമായി കഴിഞ്ഞ് അവർ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും റെഗോലിത്തിന്റെ (ചന്ദ്രനിലെമണ്ണ് ) സാമ്പിൾ ശേഖരിക്കുകയും വിഡിയോകളും ഫോട്ടോകളും എടുക്കുകയും ചെയ്യും. പിന്നീട് സ്റ്റാർഷിപ്പിൽ ഓറിയോണിലേക്ക് സഞ്ചരിച്ച് ഡോക്ക് ചെയ്ത് ശേ ഖരിച്ച വസ്തുക്കളെല്ലാം ഓറിയോണിലേക്ക് മാറ്റിയ ശേഷം ഭൂമിയിലേക്ക് തിരിച്ച് വരും. യാത്ര 30 ദിവസം നീണ്ടു നിൽകുമെന്നാണ് കരുതുന്നത്.
ആർട്ടമിസ്സ് 5
2028 ലാണ് ആർട്ടമിസ്സ് 5 ദൗത്യം നാസ പ്ലാൻ ചെയ്തിരിക്കുന്നത്. പക്ഷെ അതിന്ന് മുൻപ് ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഗേറ്റ്-വേ എന്ന സ്പേസ്സ്റ്റേഷൻ തയ്യാറാവേണ്ടതുണ്ട്. അത് തയ്യാറായാൽ സ്പേസ്-എക്സിന്റെ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് അ തിനെ വിക്ഷേപിക്കും. വിക്ഷേപണശേഷം ഏകദേശം ഒരു വര്ഷം ദീർഘിച്ച യാത്രക്ക് ശേഷമാണ് അത് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുക. ഗേറ്റ്-വേ തയാറായിക്കഴിഞ്ഞാൽ മാത്രമേ ആർട്ടമിസ്സ് 5 വിക്ഷേപിക്കുകയുള്ളൂ. അത് വിക്ഷേപിക്കുന്ന എസ്.എൽ.എസ്. റോക്കറ്റ് ആർട്ടമിസ്സ് 1ഉം 2ഉം വിക്ഷേപിച്ച റോക്കറ്റിനേക്കാൾ കുറച്ച് കൂടി ഭാരം വഹിക്കാൻ കഴിവുള്ളതും മെച്ചപ്പെടുത്തിയതുതായിരിക്കും.
ആർട്ടമിസ്സ് 6
ആർട്ടമിസ്സ് 5 നോട് സാമ്യമുള്ളതായിരിക്കും. അതിൽ ഒരു വാഹനം കൊണ്ടുപോകും എന്നാണ് നാസ അറിയിക്കുന്നത്.
ചന്ദ്രനിലെ സ്റ്റേഷൻ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ആർട്ടമിസ്സ് 5 ന്റെയും 6 ന്റെയും വിശദമായ പ്രവർത്തന പ്ലാനുകൾ നാസ പുറത്ത് വിട്ടിട്ടില്ല.
ഉപസംഹാരം
ആദ്യകാലത്ത് അമേരിക്കൻ ഐക്യനാടുകൾ, സോവിയറ്റ് യൂണിയനോട് തുടങ്ങിയ ബഹിരാകാശ മത്സരം 1975 ലെ അപ്പോളോ-സോയുസ് പ്രൊജക്ടലൂടെയും പിന്നീട് അന്താരാഷ്ട്ര ബഹിരാകാശത്തിന്റെ നിർമാണ- ഉപയോഗത്തിലൂടെയും അവസാനിച്ചു എന്ന് കരുതിയിരുന്നിരുന്നു. പക്ഷെ ചന്ദ്ര ദൗത്യങ്ങൾ ഭാവിയിൽ അവിടത്തെ ധാതു വസ്തുക്കളുടെ ചൂഷണത്തിലൂടെയും ബഹിരാകാശ ടൂറിസത്തിലൂടെയും ലാഭം ഉണ്ടാക്കാനാവുമെന്നും മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രക്ക് ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാനാവുമെന്നും ആ മേഖലയിൽ മാറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളോ മറ്റ് സ്വതന്ത്ര രാഷ്ട്രങ്ങളോ കയറുന്നത് ലോകമുതലാളിത്തം സമ്മതിക്കില്ലെന്നും ഉള്ളതിന്റെ തെളിവാണ് ഇപ്പോൾ ചൈനയുമായി തുടങ്ങിയ ഔത്യ ബഹിരാകാശ മത്സരം. അതിന്റെ തുടക്കമാണ് 2026 ഏപ്രിൽ മാസത്തിൽ നമ്മൾ കണ്ട ആർട്ടമിസ്സ് ദൗത്യം. ബഹിരാകാശത്ത് സാമൂഹ്യ വ്യവസ്ഥകൾ ഭിന്നമെങ്കിലും രാജ്യങ്ങൾ പരസ്പരം സഹകരിച്ചുകൊണ്ടുള്ള പര്യവേഷണങ്ങൾ വിദൂരമാണ് എന്നും ഉള്ള സന്ദേശമാണ് ഇത് നൽകുന്നത്. എങ്കിലും മനുഷ്യരാശിയുടെ പ്രതിനിധികൾ എന്ന നിലയിൽ ആ നാല് യാത്രികർ നേടിയ അഭൂതപൂർവമായ വിജയത്തെ മാനവസമൂഹം സന്തോഷത്തോടെ സ്വീകരിക്കുന്നു.
| പ്രൊജക്റ്റ്അപ്പോളോ – 1960 – 1973 | ചെലവ് ഡോളറിൽ |
ചിലവ് രൂപയിൽ(2026ലെമൂല്യം) |
| സ്പേസ്ക്രാഫ്റ്റ് | $8.1 billion | 754900കോടി |
| വിക്ഷേപണവാഹനങ്ങൾ | $9.4 billion | 894700കോടി |
| വികസനവും നടത്തിപ്പും | $3.1 billion | 242300കോടി |
| പ്രോജക്ടിന്റെ ചെലവ് | $20.6 billion | 1900000 കോടി |
| ഭൂകേന്ദ്രങ്ങളും ശമ്പളവും മറ്റും | $5.2 billion | 493900കോടി |
| അപ്പോളോ പ്രോജക്ടിന്റെ ചെലവ് | $25.8 billion | 23,95200 കോടി |
| അപ്പോളോ പ്രോഗ്രാമ്മിന്ന് വേണ്ടി നടത്തിയ റോബോട്ടിക്ക് ദൗത്യങ്ങൾ | $907 million | 93200കോടി |
| ജമിനിദൗത്യങ്ങൾ | $1.3 billion | 130400കോടി |
| ചാന്ദ്രയാത്രക്ക് വേണ്ടി ആകെ ചെലവായത് | $28 billion | 2609600 കോടി |
1 $ = രൂപ93.20
പട്ടിക 1
കൂടുതൽ അറിയാൻ
https://en.wikipedia.org/wiki/Space_Shuttle_program
https://www.nasa.gov/space-shuttle/
https://en.wikipedia.org/wiki/Space_Shuttle
https://en.wikipedia.org/wiki/List_of_Space_Shuttle_missions
https://www.nasa.gov/humans-in-space/artemis/
https://www.planetary.org/space-missions/artemis
https://airandspace.si.edu/stories/editorial/what-artemis-program
https://www.nhm.ac.uk/discover/artemis-missions.html




