മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

ഡോ. അനാർക്കലി

ഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം മടുക്കുവോളം പാനം ചെയ്ത് ഗന്ധർവൻമാർ മോഹിപ്പിക്കുന്ന സംഗീതത്തിന്റെ മാസ്മരിക ലഹരി പരത്തുന്നുണ്ടാവാം…

നിലാവുള്ള രാത്രിയുടെ ഏകാന്തയാമങ്ങളിൽ ഗഗനചാരികളായ അവർ സ്വർഗ്ഗീയ സ്വരങ്ങളാൽ ഭൂമിയെ ഉന്മാദം കൊള്ളിച്ച് സുന്ദരികളായ കന്യകമാരെത്തേടി അലയുന്നുണ്ടാവാം….. എവിടെ നിന്നോ ഒഴുകിയെത്തുന്ന സംഗീതം… അന്വേഷിച്ചാലും അവസാനിക്കാത്ത ചെന്നെത്താനാവാത്ത ഉത്ഭവസ്ഥാനം!

സംഗീതമെന്ന അനന്തത… അതിൽ തുള്ളികളായി ചേർന്ന രാഗ തന്തുക്കൾ. ജീവന്റെ രാസസംയുക്തങ്ങളുടെ (Hormones) രസച്ചരടുകളിൽ കണ്ണിചേർക്കാനും പൊട്ടിക്കാനും കഴിയുന്ന തന്ത്രികളുടെ ജാലം! ശരീരത്തിലെ നാഡീ സംവേദന ദ്രവ്യങ്ങളിലൂടെ ഒഴുകിപ്പരക്കാൻ അവയെ നിയന്ത്രിക്കാൻ പോന്ന ഗരിമ! അങ്ങനെ എന്തൊക്കെയാണ് സംഗീതം! അനവദ്യ സ്വരങ്ങളായി വേർതിരിഞ്ഞും ചേർന്നും അനിതരസാധാരണമായി ജീവന്റെ ചിന്തകളെയും വികാരങ്ങളെയും ധ്വനിപ്പിക്കുന്ന, കാഴ്ച്ക്ക് അജ്ഞാതമായ, എന്നാൽ ആത്മാവിനെ അനുഭവിപ്പിക്കുന്ന ആനന്ദിപ്പിക്കുന്ന മഹാത്ഭുത സൗന്ദര്യം!

മനുഷ്യജീവിതത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതി സംഗീതവും കലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതു സംബന്ധിച്ച് നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇന്ത്യൻ പരമ്പരാഗത സംഗീതശാഖയിൽ പുകൾപെറ്റ കർണാടക സംഗീതം! കർണാടക സംഗീതത്തിന്റെ അടിസ്ഥാനമായ 72 മേളകർത്താ (Parent Ragas) രാഗങ്ങളിൽ നിന്നുടലെടുത്ത അനേകം ജന്യരാഗങ്ങൾ… അതിലൊന്നാണ് മധ്യമാവതി (Madhyamavathi). കർണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാമത്തെ മേളകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നുത്ഭവിച്ച ജന്യരാഗമായ മധ്യമാവതി (ആരോഹണം – സരിമപനിസ. അവരോഹണം – സനിപമനിസ) ശാന്തവും ശുഭദായകവും ഐശ്വര്യപ്രദവുമാണ്. ആയതിനാൽത്തന്നെ കർണാട്ടിക് സംഗീത കച്ചേരികൾ മധ്യമാവതി രാഗത്തിലാണ് അവസാനിപ്പിക്കാറ്. അഞ്ച് സ്വരസ്ഥാനങ്ങളുള്ള (ഷഡ്ജം, ചതു:ശ്രുതി ഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികി നിഷാദം) മധ്യമാവതിയോട് സാമ്യം പുലർത്തുന്ന ഹിന്ദുസ്ഥാനി രാഗങ്ങളാണ് മധുമദ് സാരംഗും മേഘമൽഹാറും.

തന്നിലലിഞ്ഞുചേർന്ന പ്രാണപ്രേയസി വിട്ടുപോയതിന്റെ തീവ്രദു:ഖത്തിലും പുതിയ ജീവിതത്തിലവൾക്ക് നന്മയരുളി “നിറയുമീ ദു:ഖത്തിൻ ചുടുനെടുവീർപ്പുകൾ നിൻ മുന്നിൽ തെന്നലായൊഴുകട്ടെ… എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ ഏഴു വർണ്ണങ്ങളും വിടർത്തട്ടെ… എന്നുമാ ജീവിത പൊൻമണി വീണയിൽ സുന്ദര സ്വര ധാര ഉണരട്ടെ… ” എന്നു നഷ്ടനായകൻ പാടുമ്പോൾ മധ്യമാവതിയുടെ മധുരം പൊഴിയുന്ന വരികളിൽ നമ്മളുമലിഞ്ഞു ചേരുന്നു. രംഗ്ദേ… രംഗ്ദേ രേജ വാ… ജൈസി മോരി പിയാ കി പാഗരിയാ… ഐസി രംഗാ ദേ സുരംഗ് ചുനരിയാ…. ജൈസി മോരി പിയാ കി പാഗരിയാ… പ്രണയത്തിന്റെ വെണ്ണക്കൽ സൗധങ്ങൾ പോക്കുവെയിലിന്റെ കുങ്കുമ വർണത്താൽ തീക്ഷ്ണമാകുമ്പോൾ പ്രാവുകൾ ഇളം കാറ്റേറ്റ് നിശബ്ദമായി കാഴ്‌ചയിൽ ലയിക്കുമ്പോൾ ആ അപരാഹ്നത്തിൽ ലോകത്തിന്റെ ഏതൊക്കയോ കോണിലിരുന്ന് കമിതാക്കൾ കരം ഗ്രഹിച്ച് തീവ്രാനുരാഗം പറയുന്നുണ്ടാകും! ആ സായാഹ്നത്തിന്റെ പതിഞ്ഞ ശോണിമയിൽ ഇഷ്ടത്തിന്റെ പാരമ്യത്തിൽ ആലിംഗനബദ്ധരായ അവരിൽ, നാഡിയിലേക്കോ മാംസപേശിയിലേക്കോ പ്രണയത്തിന്റെ സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഓക്സിടോസിൻ (Oxytocin) എന്ന രാസപദാര്‍ഥം ഉൽപ്പാദിപ്പിക്കുന്നു. പ്രണയത്തിന്റെ ചൂടിൽ സുഖകരമായ തണുപ്പിലമരുന്ന രണ്ട് ശരീരങ്ങൾ… മനസ്സും ശരീരവും ഒരുപോലെ വിശ്രാന്തി (Relaxed)യിലാകുന്നു. സമർദ്ദക്കാരൻ (Stress Hormone) കോർട്ടിസോളി (Cortisol)നെ അകറ്റിനിർത്തുന്നു. തലച്ചോറിലെ തീവ്ര വികാരനിയന്ത്രണ കേന്ദ്രമായ ഹൈപ്പോതലാമസ് (Hypothalamus) ഉൽപ്പാദിപ്പിക്കുകയും, മാസ്റ്റർ ഗ്രന്ഥിയായ (Master Gland) ആയ പിറ്റ്യൂട്ടറി ( Pituitary) വിതരണം നടത്തുകയും ചെയ്യുന്ന ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് ഓക്സിടോസിൻ, ഇത് ശരീരത്തിന്റെ “സ്നേഹ ഹോർമോൺ’ (Love Hormone) അല്ലെങ്കിൽ “കഡിൽ കെമിക്കൽ’ (Cuddle Chemical) ആയി പ്രവർത്തിക്കുന്നു, ഇത് വിശ്വാസവും സഹാനുഭൂതിയും സാമൂഹികബന്ധവും വളർത്തുന്നു. പ്രസവം, മുലയൂട്ടൽ എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു, അതേസമയം വൈകാരിക സ്ഥിരത നിയന്ത്രിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും പ്രണയബന്ധം അല്ലെങ്കിൽ മാതൃബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തിലും സ്വസ്തിയിലുമുള്ള സംതുലനമാണ് ആരോഗ്യം. വൈകാരിക നിയന്ത്രണമുള്ള മനസ്സ് സൗമ്യതയും സമാധാനവും പ്രദാനംചെയ്യുന്നു. ഇതിന്റെയെല്ലാം നിയന്ത്രണം കൈയാളുന്ന ജൈവിക രാസ – നാഡീ സംയുക്തങ്ങളാണ് ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും( Hormones & Neurotransmitters). ഇവരെ, അതായത് ഈ ഹോർമോണുകളെയും ന്യൂറോ ട്രാൻസ്മിറ്ററുകളേയും നിയന്ത്രിക്കാൻ ആർക്കാണ് സാധിക്കുക? ഒരു പരിധിവരെ നമുക്ക് കഴിയും… നമ്മുടെ പ്രകൃതിക്കും ശീലങ്ങൾക്കും, നമുക്ക് ചുറ്റുമുള്ള പ്രകൃതിക്കും കഴിയും. ശാരീരികമോ – മാനസികമോ ആയ ജൈവ പ്രക്രിയയിൽ എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോൾ നാഡീ വ്യവസ്ഥ (Nervous System) നൽകുന്ന ഒരു സൂചനയാണ് വേദന എന്ന അസുഖകരമായ വികാരം. വേദന പല തരത്തിലുണ്ട്. വേദനയുടെ കാരണം ഒന്നുതന്നെയാണെങ്കിൽപ്പോലും ഓരോ വ്യക്തിക്കും വ്യത്യസ്തമായ വേദന അനുഭവപ്പെടുന്നു. വേദന മൂർച്ചയുള്ളതോ മങ്ങിയതോ ആകാം. ഇത് സൗമ്യമോ കഠിനമോ ആകാം. താൽക്കാലികമോ നീണ്ടുനിൽക്കുന്നതോ ആകാം. ഈ അസുഖകരമായ അവസ്ഥ തളർച്ചയോ, ക്ഷീണമോ, മരവിപ്പോ, താൽപ്പര്യമില്ലായ്മയോ, സങ്കടമോ, വിഷാദമോ ആകാം. ഇതിനെ മറികടക്കാൻ മരുന്ന്, വിശ്രമം, ഭക്ഷണക്രമീകരണം, വ്യായാമം ഒക്കെ നിർദ്ദേശിക്കപ്പെടുന്നു. ആകെ ശീലങ്ങളുടെ ഒരു പുന:ക്രമീകരണം.

ദീർഘകാലമായി പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തളർന്നുപോയ ഒരുവൻ താൻ വാടകക്കെടുത്ത ഒറ്റമുറിയുടെ ഇരുളിമയിലിരുന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ഒടുവിലതിനു തീരുമാനിച്ചുറച്ച് ആകെയുള്ള ജനാല കൊട്ടിയടക്കാൻ വരുമ്പോൾ ഇത്തിരിപ്പോന്ന അഴികളിലൂടെ ആ കാഴ്‌ച കണ്ടു… പുറത്തെ ടെറസിലെ ഒരിത്തിരി മണ്ണിൽ നിറച്ചും പൂത്തുനിൽക്കുന്ന കുഞ്ഞു മഞ്ഞപ്പൂക്കൾ! അയാൾ അതിശയപ്പെട്ടു, പുറം കണ്ടും ചിന്തിച്ചും ആത്മഭാഷണം നടത്തിയും ദിവസവും ഈ ജനാലപ്പടിയിൽ ഇരിക്കാറുള്ളതാണ്… എന്നിട്ടും നിരനിരയായി നിൽക്കുന്ന ഈ പൂക്കളുടെ ചെടിപ്പച്ചപ്പ് കണ്ടിട്ടേയില്ല! പ്രതീക്ഷയുടെ പൂക്കളേ നിങ്ങളിത്ര പെട്ടെന്ന് എവിടെ നിന്നാണ് പൊട്ടിമുളച്ചത്… അതെ ആ കാഴ്‌ച അയാൾക്ക് പുതു പ്രതീക്ഷയായി… അയാൾ ജീവിക്കാൻ തീരുമാനിച്ചു. എത്ര പെട്ടെന്നാണ് പുറമേയുള്ളൊരു ദൃശ്യം അയാളുടെ ഉൾച്ചിന്തകളെ മരണാഭിമുഖ്യത്തെ സ്വാധീനിച്ചത്! അയാളുടെ ബുദ്ധികേന്ദ്രത്തിലെ തീരുമാനത്തെ പുന:പരിശോധിച്ചത്! കാഴ്‌ച, കേൾവി, ഗന്ധം, രുചി, സ്പർശം, പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള ഈ സംവേദനങ്ങൾ സെൻസറി ന്യൂറോണു (Sensory Neurons)കളിലൂടെ രാസസന്ദേശങ്ങളായും വൈദ്യുതസന്ദേശങ്ങളായും തലച്ചോറിലെ സുപ്രധാന സന്ദേശ തരംതിരിക്കൽ കേന്ദ്രമായ സെറിബ്രൽ കോർട്ടക്സി (Cerebral Cortex) ലെത്തുന്നു. ആ സന്ദേശങ്ങൾക്കുള്ള പ്രതികരണം മോട്ടോർ ന്യൂറോണു (Motor Neurons)കളിലൂടെ അതാത് സംവേദനങ്ങളുടെ ലക്ഷ്യസ്ഥാനമായ അവയവങ്ങളി (Target Organs)ലെത്തുന്നു. അതിനു പ്രേരകമായി ന്യൂറോ ട്രാൻസ്മിറ്ററുകളും ഹോർമോണുകളും പ്രവർത്തിക്കുന്നു. അതിനനുസരിച്ച് ജൈവിക – രാസപ്രവർത്തനങ്ങളിൽ വേണ്ട മാറ്റം ഓരോ കോശവും നിർവഹിക്കുന്നു. അങ്ങനെ ശരീരവും മനസ്സും ആ പ്രതികരണത്തിന്റെ ഫലം നൽകുന്നു. എന്തിനോടും ഏതിനോടും പ്രതികരിക്കുന്ന ശീലമൊന്നും തലച്ചോറിനില്ല. നാഡികളെടുത്തു നൽകുന്ന സന്ദേശങ്ങളെ തലച്ചോറിലെ പ്രത്യേക കേന്ദ്രം ഒന്നു പരിശോധിക്കും. സംവേദനത്തിന്റെ ശക്തിക്കനുസരിച്ച് ആവശ്യമായതിനു മാത്രം മറുപടി (Selective in their reply) നൽകും. അതായത് ഒരുതരം സെലക്ടീവ് പ്രതികരണം! എന്റെ തലച്ചോറേ നീയെന്തു തന്ത്രശാലിയാണ്!! തലച്ചോറിന്റെ ഈ പരിപാടിയെ സിഗ്നൽ ഫിൽട്രേഷൻ (Signal Filtration) എന്നു വിളിക്കും.

ഒരു ദൃശ്യത്തിനും ഒരു സ്പർശത്തിനും പലതും സാധിക്കുമെങ്കിൽ ഒരു ശബ്ദത്തിനും അതിലേറെ കഴിയും. അന്ധനായ ഒരാൾ ലോകത്തെ അറിയുന്നത് ശബ്ദങ്ങളിലൂടെയാണ്. തന്റെ കേൾവി നഷ്ടമാകുമ്പോഴും തന്റെ സിംഫണികൾകൊണ്ട് ആരാധകരെ കോർമയിർകൊള്ളിച്ച ബീഥോവൻ അവരുടെ കരഘോഷങ്ങൾ ഏറ്റുവാങ്ങിയത് തന്റെ ആത്മാവിലാണ്. ആത്മാവിനെ സ്പർശിക്കുന്ന പ്രകൃതിയായും പ്രകൃതിയെ തൊടുന്ന ആത്മാവായും മാറുന്ന സ്വരാവൃത്തികൾ!

ശങ്കരാ… നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ.
പ്രാണമു നീവനി ഗാനമേ നീതനി
പ്രാണമേ ഗാനമണീ…
മൗനവിചക്ഷണ ഗാനവിലക്ഷണ
രാഗമേ യോഗമനീ
പ്രാണമു നീവനി ഗാനമേ നീതനി
പ്രാണമേ ഗാനമണീ…
മൗനവിചക്ഷണ ഗാനവിലക്ഷണ
രാഗമേ യോഗമനീ

പ്രകൃതിയുടെ സകലവികാരങ്ങളെയും ആവാഹിച്ച് മധ്യമാവതിയിലൂടെ വരികളൊഴുകുമ്പോൾ നാഡീ ഞരമ്പുകൾ തളർന്ന് കിടപ്പിലായ ഒരുവൻപോലും പർവത ശിഖരത്തിലെത്താം. മധ്യമാവതിയുടെ ആരോഹണങ്ങളിൽ ഉയർപ്പുകൊണ്ടവർ നീലസാനുക്കളിൽ തിളങ്ങുന്ന അസ്തമന സൂര്യനെ തൊട്ട നിർവൃതിയിലാകാം! ആ ധ്യാനാത്മകതയിൽ നിന്ന് അവരോഹണം ചെയ്തവർ ഗിരിശൃംഖത്തിലൂടൊഴുകിയിറങ്ങുന്ന ഗംഗയുടെ ആഴങ്ങളെ തൊടാം. ആ വൈകാരിക സംതുലനത്തിൽ വിഗളിതമായവർ ഊഷ്മളമായ പ്രശാന്തത അനുഭവിക്കുന്നുണ്ടാവാം. മലമുകളിൽ നിറഞ്ഞ ദീപപ്രഭയിൽ ‘‘ഹരിവരാസനം വിശ്വമോഹനം…” കേൾക്കുമ്പോൾ ഉള്ളുകൊണ്ട് അവർ തൊടുന്നത് സമാധാനവും സ്നേഹവും നിറഞ്ഞ ഈ പ്രപഞ്ചത്തെത്തന്നെയാകും! മധ്യമാവതി മധുവായൊഴുകട്ടെ… വേദനിക്കുന്നവന്റെ നാഡീഞരമ്പുകളെ ഉണർത്തുന്ന സുഖകരമായ ഊഷ്മളതയായി. l

Hot this week

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...

Topics

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...

ഇറ്റ് ഫോക് : വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം -2

  ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ്...

ഇടതുബദലിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...
spot_img

Related Articles

Popular Categories

spot_imgspot_img