ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരി

ടി എം ജോർജ്, തുപ്പലഞ്ഞിയിൽ

ബ്രസീലിലെ ആർച്ചു ബിഷപ്പായിരുന്ന ഹെൻഡർ കാമറയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്: “പാവങ്ങൾക്ക് ഞാൻ ഭക്ഷണം കൊടുത്താൽ നിങ്ങൾ എന്നെ വിശുദ്ധൻ എന്നു വിളിക്കും, എന്തു കൊണ്ടാണ് അവർക്ക് ഭക്ഷണം കിട്ടാത്തതെന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കും”. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരിയായിരുന്നു. ആ പൗരോഹിത്യത്തിനുള്ളിൽ ഒരു വിപ്ലവകാരിയുണ്ടെന്നുള്ളത് കഴിഞ്ഞ 12 വർഷക്കാലവും ലോകം കണ്ടതാണ്. കത്തോലിക്കാ സഭയുടെ 266‐ാമത്തെ മാർപാപ്പയും ഈശോസഭയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള ആദ്യ മാർപാപ്പയുമായിരുന്നു.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് പാപ്പ. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, മതഭീകരത, ആഗോളതാപനം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തു. ലോക രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടൽ നടത്തിയിട്ടുള്ള, ആധുനിക കാലഘട്ടത്തിൽ ലോകത്തെ ഏറെ സ്വാധീനിച്ച ആരാദ്ധ്യ പുരുഷനായിരുന്നു. അങ്ങ് തുല്യതയുടെ സമൂഹത്തെക്കുറിച്ച് എപ്പോഴും പറയുന്നുണ്ടല്ലോ അത് മാർക്സിസമല്ല എന്നുള്ള ചോദ്യത്തിന് പാപ്പ നൽകിയ മറുപടി ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. “ഈ ചോദ്യം പലതവണയായി ഞാൻ കേട്ടു കൊണ്ടിരിക്കുന്നതാണ്. അതു സംബന്ധിച്ച എന്റെ മറുപടി ഒന്നുതന്നെയാണ്. ക്രിസ്ത്യാനികളെപ്പോലെ ചിന്തിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ദരിദ്രരും ദൂർബലരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക് തീരുമാനമെടുക്കുവാൻ അധികാരമുണ്ടാവേണ്ട സമൂഹത്തെക്കുറിച്ചാണ് ക്രിസ്തു പറഞ്ഞു കൊണ്ടിരുന്നത്. അത് ഭരണാധികാരികളോ ഭരണ നേതൃത്വമോ അല്ല, ദരിദ്രരായ ജനങ്ങളാണ്‌. അവർ ദൈവത്തിൽ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നുള്ളതല്ല കാര്യം, അവരാണ് തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നത്.” കമ്യുണിസം ഒരു പ്രത്യയ ശാസ്ത്രമാണ്, അത് തകർന്നു എന്നു പറയുന്നത് അസത്യമാണ്. ഒരു പ്രത്യയശാസ്ത്രം തകരുന്നത് അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് പകരമായി വരുമ്പോഴാണ് എന്ന് മറ്റൊരവസരത്തിൽ പാപ്പ പറഞ്ഞിട്ടുണ്ട്.

മനുഷ്യജീവനാണ് പ്രപഞ്ചത്തിൽ മറ്റെന്തിനേക്കാളും വിലപ്പെട്ടത് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പാപ്പ പറഞ്ഞത്. “നല്ല മനുഷ്യനാകുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്ന് നിർബന്ധമില്ല. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പഴഞ്ചനായിക്കഴിഞ്ഞു. മതമില്ലാതെ തന്നെ ഒരാൾക്ക് സ്പിരിച്ചലാകുവാൻ കഴിയും. പള്ളിയിൽ പോകണമെന്നും പണം കൊടുക്കണമെന്നും നിർബന്ധമില്ല. പലർക്കും പ്രകൃതി തന്നെയാണ് ആരാധനാലയം. ചരിത്രത്തിലെ ഏറ്റവും മികച്ച പല വ്യക്തികളും ദൈവവിശ്വാസമില്ലാത്തവരാണ്. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശമായ പലതും പലരും ചെയ്തിട്ടുള്ളത് ദൈവത്തിന്റെ പേരിലാണ്.” മനുഷ്യനന്മയുടെ വേരുകളെ വേർതിരിവില്ലാതെ കണ്ടറിയുവാൻ ശ്രമിച്ചിട്ടുള്ള പോപ്പിന് അവ അംഗീകരിക്കുവാൻ ഒരു വൈമുഖ്യവുമുണ്ടായിട്ടില്ല. പ്രപഞ്ചോൽപത്തിയുടെ മഹാ വിസ്ഫോടന സിദ്ധാന്തവും പരിണാമ സിദ്ധാന്തവും പരിപൂർണമായി അംഗീകരിച്ച പാപ്പ ഒറ്റയ്‌ക്ക് പ്രപഞ്ചം സൃഷ്ടിച്ച മഹാമാന്ത്രികനായി ആരും ദൈവത്തെ കാണേണ്ടയെന്നു പറഞ്ഞത് ശാസ്ത്രസത്യങ്ങൾക്കൊപ്പം ഒത്തുപോകുവാനുള്ള സഭയുടെ നിലപാടാണ് വ്യക്തമാക്കിയത്. വിശ്വാസ കാര്യത്തിൽ ഒരു വിസ്ഫോടനം തന്നെയാണ് പാപ്പ സൃഷ്ടിച്ചത്. നരകം സൃഷ്ടിക്കുന്ന മഹാപാപിയായി ആരും ദൈവത്തെ കാണേണ്ട. തിന്മ പ്രവർത്തിക്കുന്ന ആത്മാക്കൾ ഇല്ലാതാവുകയേ ഉള്ളൂ എന്നു പറഞ്ഞതിലൂടെ നരകത്തിന്റെ പേരുപറഞ്ഞ് വിശ്വാസചൂഷണം നടത്തുന്നതിനെതിരെയുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ലോകത്തെ രണ്ട്‌ പ്രബല മതങ്ങളായ ക്രിസ്ത്യൻ, മുസ്ലീം മതങ്ങൾ തമ്മിൽ വർഷങ്ങളായി പുലർത്തിപ്പോരുന്ന അകൽച്ച അകറ്റുവാനും ഫ്രാൻസിസ് മാർപാപ്പ മുൻകൈയെടുത്തു. മുസ്ലീം ലോകവുമായി ഇത്രയും അടുപ്പം പുലർത്തിയിട്ടുള്ള മറ്റൊരു പോപ്പും ഉണ്ടായിട്ടില്ല. 2019ലെ യുഎഇ. സന്ദർശനം ചരിത്ര പ്രാധാന്യ മുള്ളതാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പോപ്പ് ഗൾഫ് നാട് സന്ദർശിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയും ഇസ്ലാമിക ലോകത്തെ ആരാദ്ധ്യനും, ഈജിപ്തിലെ പ്രസിദ്ധമായ അൻഅസ്ഹർ ഗ്രാൻഡ് മോസ്കിലെ വലിയ ഇമാമുമായ ഡോക്ടർ അഹമ്മദ് അൽ തയ്യേബും മുൻകൈയെടുത്ത് അബുദാബിയിൽ വെച്ച് 2019 ഫെബ്രുവരിയിൽ നടത്തിയ വിശ്വമാനവിക സാഹോദര്യ സംഗമം മത സൗഹാർദത്തിനു വേണ്ടിയുള്ള ഒരു വലിയ കാൽവെയ്പായിരുന്നു. “ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ന്യായികരിക്കാനാവില്ല. സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് ദൈവത്തിനു വേണ്ടിയാണ് എന്നു പറയുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ” എന്നുള്ള പോപ്പിന്റെയും ഇമാം ഡോക്ടർ അഹമ്മദ് അൻ തയ്യേബിന്റെയും സംയുക്ത പ്രഖ്യാപനം മത വൈരത്തിന്റെ അർത്ഥശൂന്യത തുറന്നു കാണിക്കുന്നതാണ്.

ഫ്രാൻസിസ് പോപ്പിനെപ്പോലെ പരിസ്ഥിതി നാശത്തിന്റെ വിപത്തിനെക്കുറിച്ച് ലോകത്തെ ഉൽബുദ്ധനാക്കുവാൻ ശ്രമിച്ചിട്ടുള്ള മറ്റൊരാളില്ല. അദ്ദേഹം എഴുതിയ അങ്ങേക്കു സ്തുതി (ലൗദാത്തോസി) എന്ന ചാക്രീയ ലേഖനം ഭുമിക്കു സംഭവിക്കുന്ന വിനാശത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നതും ഭൂമി പൊതു ഭവനമായി കാണണമെന്ന് ഉദ്ഘോഷിക്കുന്നതുമാണ്. 2020 ഒക്ടോബറിൽ പാപ്പ പ്രസിദ്ധീകരിച്ച എല്ലാവരും സഹോദർ എന്ന ചാക്രീയ ലേഖനത്തിലൂടെ (ഫ്രത്തേലിതൂത്തി) ലോകത്തോടു വിളിച്ചുപറഞ്ഞ്‌ കമ്പോള മുതലാളിത്തത്വത്തിന്റെ ഇന്ദ്രജാല സിദ്ധാന്തങ്ങൾ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്‌. ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുതലാളിത്തത്തിന്റെ ലാഭത്തിനുവേണ്ടിയുള്ള ആർത്തിയാണ്.

വൈദികർ ലോകത്തിന്റെ പ്രകാശമാവേണ്ടവരാണെന്ന് അവരെ ഓർമപ്പെടുത്തിക്കൊണ്ട് 2019 മെയ് 7ന് ഫ്രാൻസിസ് പാപ്പ പ്രസിദ്ധീകരിച്ച നിങ്ങൾ ലോകത്തിന്റെ പ്രകാശമാവുന്നുവെന്നർത്ഥം വരുന്ന വൈദികരുടെയും സമർപ്പിതരുടെയും ഇടയിൽ ഉണ്ടായിട്ടുള്ള ലൈംഗിക അരാജകത്വത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതും കർശന നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിക്കുന്നതുമാണ്. സഭ മറച്ചുവെച്ച സംഭവങ്ങളിലെ ഇരകളുടെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ ചർച്ച ചെയ്യുവാൻ 2019 ഫെബ്രുവരിയിൽ വത്തിക്കാനിൽ വെച്ച് ഉച്ചകോടി ചേർന്നു. ഫ്രാൻസിസ് പോപ്പ് മുൻകൈയെടുത്ത് നടത്തിയ ഇത്തരം ഒരു ഉച്ചകോടി സഭാ ചരിത്രത്തിലെ ആദ്യത്തേതാണ്.

സ്ത്രീകളും പുരുഷന്മാരും സഭയിലും സമൂഹത്തിലും തുല്യരാണെന്ന പക്ഷക്കാരനായിരുന്ന പോപ്പ് ഫ്രാൻസിസ് സഭയിൽ പുരുഷാധിപത്യം തിരുത്തിക്കുറിച്ചു. പാപ്പ എഴുതിയ ഗ്രന്ഥത്തിൽ യേശുവിന്റെ മരണസമയത്ത് സുവിശേഷത്തിലെ സ്ത്രീകൾ കാണിച്ച മനോബലം ഓർമപ്പെടുത്തിക്കൊണ്ട് സ്ത്രീകളുടെ നേതൃത്വപരമായ പങ്ക് പ്രതിസന്ധിഘട്ടത്തിൽ പ്രത്യാശയുടെ അടയാളമായി എടുത്തുകാട്ടുന്നു. വത്തിക്കാനിൽ ബിഷപ്പുമാരുടെ ഡിനഡിൽ അണ്ടർ സെക്രട്ടറിയായി ഫ്രഞ്ച് കന്യാസ്ത്രീ നതാലി ബെഖഹ് നെ 2021ൽ നിയമിച്ച് ചരിത്രം സൃഷ്ടിച്ച പോപ്പ് 2022 ൽ വത്തിക്കാൻ കാര്യാലയത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീകളെ ഉൾപ്പെടെയുള്ള അൽമേയന്മാരെ നിയമിക്കാൻ അംഗീകാരം നൽകി. കത്തോലിക്ക സഭ സിനഡിൽ 2023ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകുകയും 30 സ്ത്രീകളെ സിനഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പെസഹ തിരുകർമ്മങ്ങളിൽ സ്ത്രീകളുടെയും കാൽ കഴുകാം എന്ന് പാപ്പ പറഞ്ഞത് വിവാദം സൃഷ്ടിച്ചു. 2024ലെ വിശുദ്ധവാരത്തിൽ റോമിലെ റെബിബ്ബിയ ജയിലിലുള്ള 12 സ്ത്രീകളുടെ കാൽ കഴുകി അദ്ദേഹം ചുംബിച്ചു. മുൻപ് സ്ത്രീകൾ ഉൾപ്പെടെയുള്ള അഭയാർത്ഥികളുടെയും ഇതര മതസ്ഥരുടെയും കാൽ കഴുകൽ നടത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളുടേതുമാത്രം കാൽ കഴുകിയ ഈ ചടങ്ങ് ചരിത്ര സംഭവമായി. സ്വവർഗാനുരാഗികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടും സഭയിൽ ഏറെ വിമർശിക്കപ്പെട്ടു. അവരും ദൈവത്തിന്റെ സൃഷ്ടികളാണെന്ന മാനുഷിക നിലപാടാണ് പാപ്പ സ്വീകരിച്ചത്.

സമാധാനത്തിന്റെ പോരാളിയും തീർത്ഥാടകനുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ എല്ലാ അപ്പസ്റ്റോലിക് പര്യടനങ്ങളെയും സമാധാനത്തിനായുള്ള തീർത്ഥാടനമെന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. “പ്രശ്നങ്ങളും സംഘർഷങ്ങളും കണ്ട് കണ്ണടയ്‌ക്കാനും, മൗനം പാലിക്കാനും നാം ശീലിച്ചുപോയി. വേദന കൊണ്ടു കരയുന്നവരെ കാണാതെ പോകുന്നു. ചർച്ചകൾക്കു മാത്രമെ കുടുംബ പ്രശ്നങ്ങൾ മുതൽ യുദ്ധഭീഷണിവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവൂ”‐ ഒരു ക്രിസ്മസ്‌ സന്ദേശത്തിൽ പാപ്പ പറഞ്ഞു. ആഭ്യന്തര കലാപം തകർത്ത ദക്ഷിണ സുഡാനിൽ പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലിൽ വീണു ചുംബിച്ചുകൊണ്ട് യുദ്ധം സർവ്വതും നഷ്ടപ്പെടുത്തുമെന്ന് ഓർമപ്പെടുത്തി. പരസ്പരം പൊറുക്കൂ, യുദ്ധം അവസാനിപ്പിക്കൂ എന്ന്‌ കേണപേക്ഷിച്ചു. 2019 ഏപ്രിലിൽ സുഡാൻ നേതാക്കൾ വത്തിക്കാനിലെത്തിയപ്പോഴാണ് അസാധാരണമായ രീതിയിൽ സമാധാനത്തിനായി അഭ്യർത്ഥിച്ചത്.

ക്യൂബയ്‌ക്കെതിരെ കഴിഞ്ഞ 60 വർഷക്കാലമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റായ ഒബാമയെ ഇടപെടുവിക്കാനും ഫ്രാൻസിസ് പോപ്പ് മുൻകൈയെടുത്തു. എന്നാൽ ട്രംപ് പ്രസിഡന്റായി എത്തിയതോടെ ഈ കരാർ അസ്ഥിരപ്പെടുത്തി. ചൈനയിൽ ബിഷപ്പുമാരെ വത്തിക്കാൻ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ പേരിൽ വത്തിക്കാനെ വിമർശിച്ച മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോക്ക് സന്ദർശന അനുമതി നിഷേധിച്ച മാർപാപ്പ ചൈനയുടെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകിയത് ധീരമായ നിലപാടായി ലോകം കണ്ടു.

ഏതു ഗൗരവമുള്ള വിഷയങ്ങളും നർമം കലർത്തി അവതരിപ്പിക്കുവാനുള്ള അസാധാരണമായ കഴിവ് ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ട്. പാപ്പയുടെ നർമം കലർന്ന സംസാരശൈലി ആളുകളെ ഏറെ ആകർഷിച്ചിരുന്നു. ആഗോള താപനവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവേ, പാപ്പ പറഞ്ഞു. ഭൂമിയുടെ താപനില പരിശോധിച്ചാൽ ഭൂമിക്ക് പനിയുണ്ടെന്നും അതിന് അസുഖമാണെന്നുമായിരിക്കും അത് നമ്മോട് പറയുന്നത്. 2021 സെപ്തംബർ 12 ന് ബ്രാറ്റിസ്ലാവയിൽ ജെസ്യൂട്ട് വൈദികനുമായി സംസാരിക്കവെ സുഖവിവരം അന്വേഷിച്ച പുരോഹിതന് നൽകിയ മറുപടിയിൽ താൻ മരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നതായി പാപ്പ തമാശയായി പറഞ്ഞു. കുടൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ തന്റെ അവസ്ഥ ഗുരുതരമാണെന്നും താൻ മരിക്കുമെന്ന് കരുതിയ സഭാ അധികാരികൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നിട്ടുണ്ടാകുമെന്നും, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായി കോൺക്ലേവിനായി അവർ തയ്യാറെടുക്കുകയാണെന്നും പാപ്പ പറഞ്ഞു. മാർപാപ്പ രാജിവെക്കുകയാണെന്ന തരത്തിൽ ചില ഇറ്റാലിയൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. മുതലാളിത്തത്തിനെതിരെയുള്ള വിമർശനങ്ങളും കുടിയേറ്റ നിലപാടുകളും കൊണ്ട് സഭയിലെ യാഥാസ്ഥിതികർ മാർപാപ്പയെ എതിർക്കുന്നുണ്ട്. അവർക്കെതിരെയുള്ള വിമർശനമായിരുന്നു മാർപാപ്പയുടെ നർമം കലർന്ന മറുപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപും, കമല ഹാരിസും തമ്മിലുള്ള മത്സരത്തിൽ അമേരിക്കക്കാർ ആർക്ക് വോട്ടു ചെയ്യണമെന്നാണ് പാപ്പയുടെ അഭിപ്രായമെന്ന് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് പാപ്പാ പറഞ്ഞു. “രണ്ടു തിന്മകൾ തമ്മിലുള്ള മത്സരത്തിൽ തിന്മ കുറഞ്ഞതിനെ തിരഞ്ഞെടു ക്കുകയാണ് വേണ്ടത്.”

വിമോചന ദൈവശാസ്ത്രത്തിന്റെ നാടായ ലാറ്റിനമേരിക്കൻ മണ്ണിന്റെ ജൈവഘടന ഫ്രാൻസിസ് പോപ്പിന്റെ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. വിമോചന ദൈവശാസ്ത്രത്തോട് എന്നും കൂറു പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. നിക്വരാഗ്വൻ കവിയും വിപ്ലവാനന്തര നിക്വരാഗ്വയിലെ വിദേശകാര്യ മന്ത്രിയുമായിരുന്ന ഏണസ്റ്റോ കാർദ്ദിനാളിന് വിമോചന ദൈവശാസ്ത്രം ലാറ്റിനമേരിക്കയിൽ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ജോൺപോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരുന്നു. 2019ൽ ഫ്രാൻസിസ് മാർപാപ്പ ഈ വിലക്ക്‌ പിൻവലിച്ചു. എൽസാൽവഡോറിലെ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്ര മുഖമായിരുന്ന ആർച്ച് ബിഷപ്പ് ഒസ്കാർ റൊമേറോയെ 2018 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. 1980 മാർച്ച് 24ന് ദിവ്യബലിയ്ക്കിടെ നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയമായ ഉപകരണമാണ് മാർക്സിസമെന്ന് പറയുകയും വിമോചന ദൈവശാസ്ത്രത്തിനൊപ്പം നടന്നു നീങ്ങുകയും ചെയ്ത റൊമേറോ, മുതലാളിത്തം നീതി രഹിതവും അക്രൈസ്തവുമാണെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. സാമൂഹ്യ വിശകലനത്തിനുള്ള ഏറ്റവും നല്ല ഉപകരണം മാർക്സിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. വിമോചന ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായ ഏണസ്റ്റോ കർദ്ദിനാളിന്റെയും, ആർച്ച് ബിഷപ്പ് ഒസ്കാർ റൊമേറോയുടെയും ബ്രസിലിലെ ആർച്ച് ബിഷപ്പ് ഹെൻഡർ കാമറയുടെയും ചിന്തകൾ മാർപാപ്പയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒസ്കാർ റൊമേറോയെപ്പോലെ ഫ്രാൻസിസ് മാർപാപ്പയും വിശുദ്ധനായ വിപ്ലവകാരിയാണ്. l

 

Hot this week

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

Topics

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img