അതിരുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ

കെ എ നിധിൻ നാഥ്‌

പ്രേക്ഷകനെ വെറുമൊരു കാഴ്ചക്കാരനല്ലാതെ സോക്‌ചോയിലെ ആ തണുത്തുറഞ്ഞ തെരുവുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായി മാറ്റുന്ന അനുഭവമാണ്‌ ‘വിന്റർ ഇൻ സോക്‌ചോ’. മഞ്ഞുവീണ കടൽതീരവും, അതിഥി മന്ദിരത്തിലെ മങ്ങിയ വെളിച്ചവും പ്രേക്ഷകരിൽ ഒരു പ്രത്യേകതരം ശാന്തതയും അതിനൊപ്പം ചെറിയൊരു വിഷാദവും നിറയ്ക്കുന്ന അനുഭൂതി സൃഷ്ടിക്കുന്നു. ഏകാന്തതയെ സങ്കടമായി ചിത്രീകരിക്കുന്ന പതിവു രീതികളിൽനിന്ന്‌ വ്യത്യസ്‌തമായി വിഷാദത്തെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭവമായാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. നായികയുടെ നിശബ്ദതയിൽ പ്രേക്ഷകരെയും സ്വയം നിശ്ബദരാക്കി മാറ്റുന്ന പരിചരണമാണ്‌ ‘വിന്റർ ഇൻ സോക്‌ചോ’.

എലിസ ഷുവ ദുസാപിന്റെ ‘വിന്റർ ഇൻ സോക്‌ചോ’ എന്ന ലോകപ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേ പേരിലാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ദക്ഷിണ കൊറിയൻ പശ്ചാത്തലത്തിൽ ഫ്രഞ്ച് സംവിധായകൻ കോയ കമുറ ആണ് സിനിമ ഒരുക്കിയത്. സോക്‌ചോയിലെ ഒരു പഴയ ഗസ്റ്റ് ഹൗസിൽ ജോലി ചെയ്യുന്ന കൊറിയൻ–-ഫ്രഞ്ച് പശ്ചാത്തലമുള്ള യുവതിയും, അവിടെ താമസിക്കാനെത്തുന്ന യാൻ കെറാൻഡ് എന്ന ഫ്രഞ്ച് കാർട്ടൂണിസ്റ്റുമാണ് സിനിമയുടെ പ്രധാന കഥാപാത്രങ്ങൾ. ബെല്ല കിം , റോഷ്ഡി സെം എന്നിവരാണ്‌ കഥാപാത്രങ്ങളാകുന്നത്‌. തണുത്തുറഞ്ഞ സോക്‌ചോ നഗരം പോലെ തന്നെ നിശബ്ദമായ ജീവിതം നയിക്കുന്നവരാണ് ഇരുവരും. ഒരു ശൈത്യകാലത്ത് അവർക്കിടയിൽ ഉടലെടുക്കുന്ന വിചിത്രവും എന്നാൽ തീവ്രവുമായ ഒരു ആത്മബന്ധമാണ് സിനിമയുടെ കാതൽ. ഒരു സാധാരണ പ്രണയകഥയ്‌ക്കപ്പുറം രണ്ട് വ്യക്തികൾ പരസ്പരം തിരിച്ചറിയുന്നതും, അവരുടെ ഉള്ളിലെ ഏകാന്തത പങ്കുവെക്കുന്നതുമാണ്‌ സിനിമയുടെ പ്രമേയം. നായികയായി അഭിനയിച്ച ബെല്ല കിം, കാർട്ടൂണിസ്റ്റായി എത്തിയ റോഷ്ഡി സെം എന്നിവരുടെ പ്രകടനം മികച്ചതാണ്. വാക്കുകളേക്കാൾ കൂടുതൽ നോട്ടങ്ങളിലൂടെയും നിശബ്ദതയിലൂടെയുമാണ് അവർ കഥ പറയുന്നത്.

‘വിന്റർ ഇൻ സോക്‌ചോ’യിൽ ശൈത്യകാലത്തെ കാലാവസ്ഥ എന്നതിനപ്പുറം കഥാപാത്രങ്ങളുടെ മനസിനെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന ഘടകമാക്കിയാണ്‌ അവതരിപ്പിക്കുന്നത്‌. പ്രകൃതിയും കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയും തമ്മിലുള്ള ബന്ധമായാണ്‌ ആവിഷ്‌കരിക്കുന്നത്‌. സോക്‌ചോയിലെ കഠിനമായ തണുപ്പും, മഞ്ഞുവീണ വിജനമായ തെരുവുകളും നായികയുടെ ഉള്ളിലെ ഏകാന്തതയുടെ പ്രതീകമാക്കി മാറ്റുന്നുണ്ട്‌. വിനോദസഞ്ചാരികൾ ഒഴിഞ്ഞുപോയ ആ നഗരം പോലെ തന്നെ, അവളുടെ ജീവിതവും നിശ്ചലമാണ്. ഈ തണുത്തുറഞ്ഞ അന്തരീക്ഷം കഥാപാത്രങ്ങൾക്കിടയിലുള്ള അകലവും അവർ അനുഭവിക്കുന്ന മാനസികമായ ശൂന്യതയുമായി വരച്ചിടുന്നുണ്ട്‌. നായികയും ഫ്രഞ്ച് കാർട്ടൂണിസ്റ്റായ യാൻ കെറാൻഡും തമ്മിലുള്ള ബന്ധം പെട്ടെന്ന് പൂത്തുലയുന്ന ഒരു പ്രണയമല്ല. ശൈത്യകാലത്തെ മഞ്ഞുരുകുന്നതുപോലെ വളരെ പതുക്കെയാണ് അത് വികസിക്കുന്നത്. അവർക്കിടയിലുള്ള സംഭാഷണങ്ങൾ പോലും കുറവാണ്. കാഴ്‌ചകളിലൂടെ നോട്ടങ്ങളിലൂടെ നിശബ്ദമായാണ്‌ അതുണ്ടാകുന്നത്‌. തണുപ്പിൽ നിന്ന് രക്ഷനേടാൻ അവർ ഒരുമിച്ച് നടക്കുമ്പോഴും, അവർക്കിടയിൽ ഒരുതരം വൈകാരികമായ അകലം നിലനിൽക്കുന്നുണ്ട്.

കാർട്ടൂണിസ്റ്റ് തന്റെ സ്‌കെച്ചുകളിൽ സോക്‌ചോയെ പകർത്താൻ ശ്രമിക്കുമ്പോൾ, നായിക അതിൽ തന്റെ ജീവിതമാണ്‌ തിരയുന്നത്‌. പുറത്തെ തണുപ്പിൽ നിന്ന് മാറി ഗസ്റ്റ് ഹൗസിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ അവർ ചെലവഴിക്കുന്ന നിമിഷങ്ങളിൽ കലയിലൂടെയാണ് അവർ പരസ്‌പരം മനസ്സിലാക്കാൻ ശ്രമിക്കുന്നത്. കഥാന്തത്തിൽ ശൈത്യകാലത്തിന്റെ കാഠിന്യം കുറയുന്നതിനോടൊപ്പം അവരുടെ ബന്ധത്തിലും മാറ്റങ്ങൾ വരുന്നു. തന്റെ സ്വത്വത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും നായിക കൂടുതൽ ബോധവതിയാകുന്നു. പുറത്തെ മഞ്ഞ് ഉരുകുന്നില്ലെങ്കിലും, അവളുടെ ഉള്ളിലെ വികാരങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങുന്നത് ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിൽ പറയുകയാണ്‌. നീലയും വെള്ളയും കലർന്ന ശൈത്യകാല വർണ്ണങ്ങളാണ്‌ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ കഥാപാത്രങ്ങളുടെ സങ്കടവും ഏകാന്തതയും പ്രേക്ഷകരിലേക്ക് പ്രസരിക്കുന്നു. ഇങ്ങനെ ശൈത്യകാലം ഈ സിനിമയിലെ മൂന്നാമതൊരു കഥാപാത്രമായി മാറുന്നുണ്ട്‌. കലാവസ്ഥ നായികയുടെയും കാർട്ടൂണിസ്റ്റിന്റെയും ബന്ധത്തിന് ആഴവും അർഥവും നൽകുന്ന പ്രധാന കണ്ണിയാണ്.

ഒരു കൊറിയൻ അമ്മയ്ക്കും ഫ്രഞ്ച് അച്ഛനും ജനിച്ചവളാണ് നായിക. തന്റെ അച്ഛനെക്കുറിച്ച് അവൾക്ക് വലിയ അറിവില്ല. ഈ ഒരു ‘അപൂർണ്ണത’ അവളുടെ സ്വഭാവത്തിലുടനീളമുണ്ട്‌. അധികം സംസാരിക്കാത്ത, കാര്യങ്ങൾ ഉള്ളിലൊതുക്കുന്ന സ്വഭാവമാണ് അവളുടേത്. ഗസ്റ്റ് ഹൗസിലെ വിരസമായ ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സിൽ വലിയൊരു ലോകം ഒളിഞ്ഞിരിപ്പുണ്ട്. ചുറ്റുമുള്ള കാര്യങ്ങളെയും ആളുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവളാണ് അവൾ. യാൻ കെറാൻഡിന്റെ ഓരോ ചലനങ്ങളെയും അവൾ നിശബ്ദമായി ശ്രദ്ധിക്കുന്നുണ്ട്‌. അതേസമയം അമ്മയുമായുള്ള സങ്കീർണമായ ബന്ധം അവളെ കൂടുതൽ ഗൗരവക്കാരിയാക്കുന്നു. അമ്മയുടെ പ്രതീക്ഷകൾക്കും സ്വന്തം ആഗ്രഹങ്ങൾക്കും ഇടയിൽ അവൾ ഉലയുന്നുണ്ട്. എന്നാൽ, തന്റെ പുതിയ ഗ്രാഫിക് നോവലിന് അനുയോജ്യമായ ഒരു പശ്ചാത്തലം തേടിയാണ് യാൻ കെറാൻഡ് സോക്‌ചോയിൽ എത്തുന്നത്. കലയോടുള്ള അവന്റെ സമീപനം വളരെ ഗൗരവമേറിയതാണ്. മറ്റുള്ളവരുമായി അമിതമായി ഇടപഴകാൻ താൽപര്യപ്പെടുന്നില്ല. തന്റെ സ്കെച്ച് ബുക്കും പേനയുമായി സ്വന്തം ലോകത്ത് കഴിയാനാണ് ഇഷ്ടപ്പെടുന്നത്. തന്റെ ജീവിതത്തെക്കുറിച്ചോ ഭൂതകാലത്തെക്കുറിച്ചോ അധികം കാര്യങ്ങൾ പറയാതെ സൃഷ്ടിക്കപ്പെട്ട നിഗൂഢത നായികയെ അവനിലേക്ക് കൂടുതൽ ആകർഷിക്കുന്നു. നായികയുടെ ജീവിതവും അവളുടെ പ്രത്യേകതകളും അയാളുടെ കലയെ സ്വാധീനിക്കുന്നുണ്ട്‌. അവൻ അവളെ ഒരു ‘കഥാപാത്രമായാ’ണോ അതോ ഒരു വ്യക്തിയായിട്ടാണോ എന്ന സംശയം സിനിമയിൽ ഉടനീളം നിലനിർത്തുന്നുണ്ട്‌.

നായിക തന്റെ വികാരങ്ങൾ ഉള്ളിലൊതുക്കുമ്പോൾ, യാൻ തന്റെ വികാരങ്ങളെ വരകളിലൂടെ പുറത്തെടുക്കുന്നുണ്ട്‌. ഈ രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള അടുപ്പം അവർ രണ്ടുപേരെയും തങ്ങളുടെ ജീവിതത്തെക്കുറിച്ചും കലയെക്കുറിച്ചും പുതിയ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്‌. കാർട്ടൂണിസ്റ്റ് തന്റെ സ്കെച്ച് ബുക്കിൽ വരയ്ക്കുന്ന വരകൾ പതുക്കെ സിനിമയുടെ ദൃശ്യങ്ങളുമായി ചേരുന്ന അനുഭവം വളരെ സവിശേഷമാണ്. നമ്മുടെ ജീവിതത്തിലെ സാധാരണ നിമിഷങ്ങൾ എങ്ങനെയാണ് കലയായി മാറുന്നത് എന്ന് ഈ സിനിമ അനുഭവിപ്പിക്കുന്നു. കലയോടുള്ള ഒരാളുടെ അഭിനിവേശം മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഹൃദ്യമായ ഒരു അനുഭവമാണ്. ദൃശ്യങ്ങൾക്കപ്പുറം ശബ്ദങ്ങളാലും പ്രേക്ഷകനെ സ്വാധീനിക്കുണ്ട്‌. കടൽത്തിരമാലകളുടെ ശബ്ദം, മഞ്ഞിലൂടെ നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം, അടുക്കളയിലെ പാചകത്തിന്റെ ഒച്ചകൾ—ഇവയെല്ലാം വളരെ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്‌.

‘വിന്റർ ഇൻ സോക്‌ചോ’ എന്ന സിനിമയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ കഥ പറയുന്ന രീതിയും പരിചരണവുമാണ്‌. വലിയ നാടകീയതകളോ ബഹളങ്ങളോ ഇല്ലാതെ, വളരെ ലളിതമായും എന്നാൽ തീവ്രമായും കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അനാവശ്യമായ സംഭാഷണങ്ങൾ ഒഴിവാക്കി, കഥാപാത്രങ്ങളുടെ ചെറിയ ചലനങ്ങളിലൂടെയും നോട്ടങ്ങളിലൂടെയുമാണ്‌ കഥ വികസിപ്പിക്കുന്നത്‌. പ്രേക്ഷകർക്ക് സ്വയം ചിന്തിക്കാനും കഥാപാത്രങ്ങളുടെ മനസ്സ് വായിച്ചെടുക്കാനും സംവിധായകൻ ഇടംനൽകുന്നുണ്ട്‌. സോക്‌ചോ എന്ന നഗരത്തെ കഥയിലെ ഒരു പ്രധാന ഭാഗമായി മാറ്റുകയാണ്‌. ശൈത്യകാലത്തെ മഞ്ഞ്, തണുപ്പുള്ള കടൽക്കാറ്റ്, ആളൊഴിഞ്ഞ ഹോട്ടൽ മുറികൾ എന്നിവയെല്ലാം കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്‌. ദൃശ്യങ്ങളിലൂടെ കഥയുടെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വലിയ മിടുക്ക് കാണിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഭൂതകാലത്തെക്കുറിച്ചോ അവരുടെ ഉള്ളിലെ ആഗ്രഹങ്ങളെക്കുറിച്ചോ ഒന്നും ഒരേസമയം വെളിപ്പെടുത്തുന്നില്ല. സിനിമയുടെ അവസാനത്തോടടുക്കുമ്പോഴും പല കാര്യങ്ങളും സൂചനകളായി മാത്രം അവശേഷിപ്പിക്കുന്നു. ഈ ഒരു സമീപനം സിനിമയെ കൂടുതൽ ആഴമുള്ളതാക്കുന്നു. അനാവശ്യമായ വികാരപ്രകടനങ്ങളില്ലാതെ, ലളിതമായ ദൃശ്യങ്ങളിലൂടെയും നിശബ്ദതയിലൂടെയും മനസ്സിൽ തങ്ങുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു വിനോദത്തതിനു എന്നതിലേക്കു മാത്രമൊതുക്കാതെ, കാഥാനന്തരം കൂടുതൽ ആലോചനകൾക്കും ആസ്വാദനത്തിനും വഴിതുറക്കുന്ന സിനിമ കൂടിയാണിത്‌. കഥാപാത്രങ്ങൾ ഇനി എങ്ങോട്ട് പോകും? നായിക തന്റെ സ്വത്വം കണ്ടെത്തിയോ? തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചാണ്‌ സിനിമ അവസാനിക്കുന്നത്‌. ഏറെനേരം മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു മാനസിക തലം സൃഷ്ടിക്കുകയാണ്‌ സിനിമ ചെയ്യുന്നത്‌. മനസ്സിനെ ശാന്തമാക്കുന്നതിനൊപ്പം ചിന്തിപ്പിക്കുന്ന, ഒരു പെയിന്റിങ്‌ പോലെ ആസ്വദിക്കാവുന്ന ഒരു അനുഭവമാണ് ‘വിന്റർ ഇൻ സോക്‌ചോ’. സ്ലോ ബേൺ സിനിമകൾ ഇഷ്ടപെടുന്ന അതിൽ റിയലിസ്റ്റിക്കും വൈകാരികവുമായ തലങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള സിനിമയുടെ പ്രേക്ഷകർക്ക്‌ മികച്ച അനുഭവമാണ്‌ ഈ സിനിമ സമ്മാനിക്കുക. l

Hot this week

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

കരുവാളമ്മ ഭഗവതി തെയ്യം

വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 23

‘‘1905ലെ വേനൽക്കാലത്തിന്‌ (അതായത്‌ ബുളിജിൻ ദൂമ (Bulygin Duma)യ്‌ക്ക്‌ തൊട്ടുമുമ്പുള്ള) ഏറെക്കുറെ...

കാട്ടുമൂർത്തി

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും...

കേരളത്തിനുമേൽ ഭീകരവാദ ചാപ്പയടിക്കാനുള്ള ശ്രമം

കാസർഗോഡ് കേന്ദ്രീകരിച്ച് 2000-കളുടെ തുടക്കം പശ്ചാത്തലമാക്കി വ്യാജ പാസ്‌പോർട്ട്, സ്വർണ്ണക്കടത്ത് മാഫിയകളുടെ...

Topics

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

കരുവാളമ്മ ഭഗവതി തെയ്യം

വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 23

‘‘1905ലെ വേനൽക്കാലത്തിന്‌ (അതായത്‌ ബുളിജിൻ ദൂമ (Bulygin Duma)യ്‌ക്ക്‌ തൊട്ടുമുമ്പുള്ള) ഏറെക്കുറെ...

കാട്ടുമൂർത്തി

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും...

കേരളത്തിനുമേൽ ഭീകരവാദ ചാപ്പയടിക്കാനുള്ള ശ്രമം

കാസർഗോഡ് കേന്ദ്രീകരിച്ച് 2000-കളുടെ തുടക്കം പശ്ചാത്തലമാക്കി വ്യാജ പാസ്‌പോർട്ട്, സ്വർണ്ണക്കടത്ത് മാഫിയകളുടെ...

നിതിൻ രാജ് ഓർമ്മപ്പെടുത്തുന്നത് 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ  കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യ...

വിധർമ്മികൾ

മുസ്ലിങ്ങൾക്കെതിരായി നടത്തുന്നതുപോലെ തന്നെ ക്രിസ്ത്യാനികൾക്ക് എതിരായും ഹിന്ദുത്വ ദേശീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ...

നവകേരളനിർമിതി പൂർത്തീകരിക്കാൻ  അറുപതിന പരിപാടിയുമായി പ്രകടനപത്രിക 

നവകേരള നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ജനവിധിക്കു വേണ്ടി 60 ഇന പരിപാടികളുമായി ഇടതുപക്ഷ...
spot_img

Related Articles

Popular Categories

spot_imgspot_img