
മെയ് ഒന്ന് സാർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത് 1889 ജൂലൈ 14 പാരീസിൽ ചേർന്ന രണ്ടാം ഇന്റേർനാഷണലാണ്. 1886 ലെ ചിക്കാഗോ ഹേ-മാർക്കറ്റ് പ്രക്ഷോഭ രക്തസാക്ഷികളെ ആദരിക്കാനും 8 മണിക്കൂർ തൊഴിൽ ദിനം അവകാശമാക്കാനും മുതലാളിത്ത വ്യവസ്ഥക്കെതിരെ ലോകവ്യാപകമായി തൊഴിലാളികളെ ഐക്യപ്പെടുത്താനും മെയ് ദിനം ആഹ്വാനം ചെയ്യുന്നു. ലോകത്താദ്യമായി തൊഴിലാളിവർഗ പാർട്ടികൾ സംഘടിതമായി മെയ് ദിനം ആചരിച്ചത് 1890 മെയ് ഒന്നിനാണ്. 2026 മെയ് ഒന്ന് 137- മത്തെ മെയ് ദിനമാണ്.
ഇന്ത്യയിൽ മെയ് ദിനം ആദ്യമായി ആചരിച്ചത് 1923 മെയ് ഒന്നിനു മദ്രാസ് – ഇന്നത്തെ ചെന്നൈ- നഗരത്തിൽ സിംഗാരുവേലു ചെട്ടിയാർ നേതൃത്വം നൽകിയ ലേബർ കിസാൻ പാർട്ടിയാണ്.
നിലവിൽ 66 രാജ്യങ്ങളിൽ മെയ് ഒന്ന് പൊതു അവധിയാണ്. 140 രാജ്യങ്ങളിൽ മെയ് ദിനം ആചരിക്കുന്നു. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ മെയ് ദിനം പൊതു അവധിയാണ്. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ആന്ധ്ര പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ മെയ് ദിനം പൊതു അവധി ദിനമായും തൊഴിലാളി ദിനമായും ആചരിക്കുന്നില്ല എന്നത് രാഷ്ട്രീയ പ്രധാന്യമുള്ളതാണ്. ത്രിപുരയിൽ 1978 ൽ നൃപൻ ചക്രബർത്തി നയിച്ച ഇടതുപക്ഷ സർക്കാർ മെയ് ദിനം അവധി ദിനമായി പ്രഖ്യാപിച്ചു. 2018 ൽ വിപ്ളവ കുമാർ ദേവ് മുഖ്യമന്ത്രിയായ ബിജെപി സർക്കാർ മെയ് ദിന പൊതു അവധി റദ്ദാക്കി. അവിഭക്ത ആന്ധ്രപ്രദേശിൽ 2004 ൽ ചന്ദ്രബാബു നായിഡു നയിച്ച തെലുഗുദേശം സർക്കാർ മെയ് ദിന പൊതുഅവധി റദ്ദാക്കി. വർഗബോധമുള്ള തൊഴിലാളികളെ മുതലാളിത്ത – പിന്തിരിപ്പൻ ശക്തികൾ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ബിജെപി നേതൃത്വം നൽകുന്ന മോഡി സർക്കാർ 2025 നവംബർ 21 നു 4 ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തശേഷം ആദ്യ മെയ് ദിനം എന്ന രാഷ്ട്രീയ പ്രാധാന്യം 2026 മെയ് ഒന്നിനുണ്ട്. 2026 ഏപ്രിൽ ഒന്നു മുതൽ 4 ലേബർ കോഡുകൾ പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്നായിരുന്നു വിജ്ഞാപനത്തിലെ പ്രഖ്യാപനം. എന്നാൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അന്തിമചട്ടം പ്രഖ്യാപിക്കാത്തതിനാൽ ലേബർ കോഡുകളുടെ പ്രാബല്യം ഭാഗികമാണ്.

ലേബർ കോഡുകൾ 8 മണിക്കൂർ തൊഴിൽ ദിനം എന്ന അവകാശം നിയമപരമായി ഇല്ലാതാക്കുന്നു. മിനിമം വേതനം നിഷേധിക്കുന്നു. , പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നു. 11 മാസത്തേക്കുള്ള നിശ്ചിത അവധി നിയമനം നിയമപരമാക്കി സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നു. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ച യൂണിയൻ രൂപീകരിക്കൽ, ഉയർന്ന കൂലിക്കായി വിലപേശൽ, പണിമുടക്കൽ എന്നീ മൌലിക അവകാശങ്ങൾ നിഷേധിക്കുന്നു. ബിജെപി – ആർഎസ്സ്എസ്സ് ദേശീയ നേതൃത്വം ഇന്ത്യൻ വൻകിട മുതലാളിത്ത വർഗത്തിന് പൂർണ്ണമായും കീഴടങ്ങിയത്തിന് തെളിവാണ് ലേബർ കോഡുകൾ. രാജ്യത്തെ ഏറ്റുവും വലിയ ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂർ സംഘ് –ബിഎംഎസ്- ലേബർ കോഡുകൾ നടപ്പാക്കാൻ സർക്കാറിനൊപ്പം ചേർന്ന് തൊഴിലാളികളെ വഞ്ചിച്ചു.
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് (AITUC) നേതൃത്വത്തിൽ ഇന്ത്യൻ തൊഴിലാളിവർഗം ബ്രിട്ടീഷ് ഭരണത്തോട് പോരാടിയാണ് തൊഴിലാളി യൂണിയൻ രൂപീകരിക്കാനുള്ള അവകാശം 1926 ൽ നേടിയെടുത്തത് എന്ന വസ്തുത ആർഎസ്എസ്-ബിജെപി നേതൃത്വത്തെയും അണികളെയും പഠിപ്പിക്കാനുള്ള സന്ദർഭമാണ് ഈ വർഷത്തെ മെയ് ദിനാചരണം.

3 കാർഷിക നിയമങ്ങൾ വിജയകരമായി പിൻവലിപ്പിച്ച – 385 ദിവസം നീണ്ട- 2020-21ലെ ഐതിഹാസിക കർഷക പ്രക്ഷോഭം പകർന്ന ആൽമവിശ്വാസത്തോടെ 4 ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ നിരന്തരമായ പ്രക്ഷോഭം വളർത്തിയെടുക്കുമെന്ന് രാജ്യത്താകെയുള്ള തൊഴിലാളികൾ മെയ് ദിനത്തിൽ പ്രതിജ്ഞ എടുക്കും.
2019 ൽ മോഡി സർക്കാർ അവസാനമായി പുതുക്കിയ അവിദഗ്ധ തൊഴിലാളികൾക്കുള്ള നാഷണൽ ഫ്ലോർ ലെവൽ മിനിമം വേതനം –NFLMW- ദേശീയതല കുറഞ്ഞ വേതനം – ശുപാർശ ചെയ്യുന്നത് കേവലം 178 രൂപയാണ്. 26 ദിവസത്തേക്ക് 4628 രൂപ. ഇതിൽ കുറഞ്ഞ മിനിമം വേതനം സംസ്ഥാനങ്ങൾ നിശ്ചയിക്കാൻ പാടില്ല എന്നാണ് ലേബർ കോഡുകൾ വ്യവസ്ഥ ചെയ്യുന്നത്. ദേശീയതല കുറഞ്ഞ വേതനം 215 രൂപയായി വർദ്ധിപ്പിക്കാനാണ് (മാസം 5590 രൂപ) നിലവിൽ യൂണിയൻ സർക്കാർ പരിഗണിക്കുന്നത്.

സിഐടിയു അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ ദേശീയ തല ഫ്ലോർ വേതനം –NFLMW- ശുപാർശ ചെയ്യുന്ന ബിജെപി സർക്കാർ നയം അംഗീകരിക്കുന്നില്ല. 4 പേർ അടങ്ങുന്ന ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ ചിലവുകൾ ( ഭക്ഷണം, വസ്ത്രം, വാടക, വൈദ്യുതി, വിദ്യാഭ്യാസം, മരുന്ന്) കണക്കാക്കിയാൽ ജീവൻ നിലനിറത്താൻ ആവശ്യമായ ഭക്ഷണ ചെലവ് പോലും തികയാത്ത സ്റ്റാർവേഷൻ വേജ് ആണ് നിലവിൽ മിനിമം വേതനമായി ശുപാർശ ചെയ്തിട്ടുള്ള 178 രൂപ. ഒരു തൊഴിലുടമ സ്റ്റാർവേഷൻ വേജ് നല്കുന്നത് ഇന്ത്യൻ ഭരണ ഘടനയുടെ അനുച്ഛേദം 21 പ്രകാരം (ജീവിക്കാനുള്ള അവകാശം) നിയമവിരുദ്ധമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. മിനിമം വേജ് നൽകാൻ കഴിയാത്ത ഒരു വ്യവസായത്തിന് നിലനിൽക്കാൻ അവകാശമില്ല എന്നും കോടതി വ്യക്തമാക്കി. അത് പ്രകാരം 2026 ഏപ്രിൽ മാസത്തിലും 178 രൂപ കുറഞ്ഞ ദേശീയ ദിവസ വേതന ശുപാർശ ഉത്തരവ് നിലനിർത്തുന്ന മോഡി സർക്കാറിനും അധികാരത്തിൽ നിലനിൽക്കാൻ അവകാശമില്ല. തൊഴിലാളിയുടെ ദാരിദ്ര്യം മുതലെടുത്ത് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിപ്പിക്കുന്നത് ‘നിർബന്ധിത തൊഴിൽ’ (Forced Labour) ആയിട്ടാണ് കണക്കാക്കണ്ടത്.

ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്തെ 90% തൊഴിലാളികളും അസംഘടിത മേഖലയിലാണ്. അസംഘടിത മേഖലയിൽ വ്യാവസായിക യൂണിറ്റുകളിൽ പോലും 8000 രൂപ -10000 രൂപ നിരക്കിലാണ് മാസ വേതനം. അസീം പ്രേംജി സർവകലാശാല നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം തൊഴിലാളികളിൽ 82% പുരുഷന്മാരും 92% സ്ത്രീകളും ഈ നിരക്കിലും കുറഞ്ഞ വേതനത്തിലാണ് തൊഴിലെടുക്കുന്നത്. തൊഴിലാളികളുടെ രക്തം ഊറ്റിക്കൂടിച്ചാണ് വൻകിട മുതലാളിത്തം ലാഭം വാരിക്കൂട്ടി തടിച്ചുവീർക്കുന്നത്.
ഡെൽഹി നഗരത്തിലെ അവിദഗ്ധ തൊഴിലാളിയുടെ വേതന നിരക്ക് ശുപാർശ 1 ഏപ്രിൽ 2026 പ്രകാരം 20358 രൂപയാണ്. “നിയമപരമായ ഈ കുറഞ്ഞ വേതനം” കേവലം രേഖകളിലാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, നിയമങ്ങൾ രേഖകളിൽ ഉറങ്ങുമ്പോൾ യഥാർത്ഥത്തിൽ 250 രൂപ (6500 രൂപ) – 412 രൂപ (10712 രൂപ) നിരക്കിലാണ് ഡെൽഹിയിൽ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും ലഭിക്കുന്ന വേതനം. വേതന നിയമം നടപ്പിലാക്കാൻ ഭരണപരമോ നിയമപരമോ ആയ സംവിധാനമില്ല. 5000 രൂപ- 6000 രൂപ വരെ വാടക ചെലവും ഭക്ഷണം, യാത്ര, വൈദ്യുതി, വിദ്യാഭ്യാസ ചെലവുകളും നിരവഹിക്കാൻ ഈ വേതനം മതിയാകില്ല. 2015 ലെ ഏഴാമത് പേ കമ്മീഷൻ 18000 രൂപ മിനിമം വേതനം ശുപാര്ശ ചെയ്ത പശ്ചാത്തലത്തിലാണ് കഴിഞ്ഞ നാലുവർഷമായി സിഐടിയു ഉൾപ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകൾ മാസം 26000 രൂപ മിനിമം വേതനം ആവശ്യപ്പെടുന്നത്. കഴിഞ്ഞ 4 വർഷത്തെ പണപ്പെരുപ്പം പരിഗണിച്ചുകൊണ്ട് അത് 30000 രൂപയായി നിജപ്പെടുത്തണ്ടതാണ്.
സ്റ്റാർവേഷൻ വേതനമായ 178 രൂപക്കും 100 രൂപക്കും തൊഴിലെടുക്കാൻ മഹാനഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും കുടിയേറ്റ തൊഴിലാളികൾ ഒഴുകിയെത്തുന്നതിന് കാരണം അതീവ രൂക്ഷമായ കാർഷിക പ്രതിസന്ധിയാണ്. കോർപ്പറേറ്റ് മേഖലക്ക് കുറഞ്ഞ വേതനത്തിൽ പലായന തൊഴിലാളികളെ ലഭ്യമാക്കാനാണ് കർഷകരുടെ വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം ആദായ വില എന്ന 2014 ലെ തെരെഞ്ഞെടുപ്പ് വാഗ്ദാനം 12 വർഷം കഴിഞ്ഞിട്ടും ബിജെപി നടപ്പാക്കാത്തത്.
കർഷകരുടെ മാത്രമല്ല തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനും പ്രാദേശിക സമ്പദ്ഘടനയിൽ ഉല്പാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടാനും കാർഷിക പ്രശ്നം പരിഹരിക്കണ്ടത് അനിവാര്യമാണ്. ബിജെപി നേതൃത്വത്തിലുളള വൻകിട മുതലാളിത്ത വർഗം അതിനു തയ്യാറല്ല.

ഈ സാഹചര്യത്തിൽ, ചെറുകിട കർഷികോല്പാദനത്തെ വൻകിട കാർഷികോല്പാദനമായി ആധുനികവൽക്കരിക്കുന്ന, കാർഷിക അടിസ്ഥാന വ്യാവസായങ്ങളും വിപണിയും അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കുന്ന ബദൽ നയങ്ങൾ രൂപപ്പെടുത്താനും തൊഴിലാളി-കർഷക സഖ്യം വളർത്തിയെടുക്കാനും നേതൃത്വപരമായ പങ്കാണ് തൊഴിലാളി വർഗത്തിനുള്ളത്.
ദേശീയ തലസ്ഥാന മേഖലയടക്കം രാജ്യവ്യാപകമായി മിനിമം വേതനം ആവശ്യപ്പെട്ടു സ്വയം ഉയർന്നുവരുന്ന തൊഴിലാളി സമരങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ മിനിമം വേതനവും കർഷകരുടെ മിനിമം താങ്ങുവിലയും ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ മുദ്രവാക്യങ്ങളാകുന്നതാണ് 2026 ലെ മെയ് ദിനത്തിലെ സവിശേഷത. ഈ രണ്ട് വർഗ മുദ്രാവാക്യങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയിൽ കോർപ്പറേറ്റ് ശക്തികളുടെ രാഷ്ട്രീയ മേധാവിത്വത്തെ തകർക്കാൻ പ്രഹര ശേഷിയുള്ള ബഹുജന പ്രക്ഷോഭങ്ങളുടെ വെടിമരുന്നുകളാണ്. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ആവഗണിക്കാനാവാത്തവിധം കാർഷിക പ്രശനത്തെ ഇന്ത്യയിലെ മുഖ്യ ദേശീയപ്രശ്നമായി മാറ്റുന്നതിൽ തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ വിജയിച്ചു.
കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ദേശീയതലത്തിൽ ഉയർന്നു വന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി, അര പതിറ്റാണ്ടായി രൂപംകൊണ്ട സംയുക്ത കിസാൻ മോർച്ച എന്നീ വിശാല സമരമുന്നണികൾ ഈ രണ്ടു വർഗപരമായ ആവശ്യങ്ങളും ഉന്നയിച്ച് തുർച്ചയായ സമര രംഗത്താണ്.
1991 ൽ നവ ഉദാരവൽക്കരണ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയശേഷമുള്ള മൂന്നര പതിറ്റാണ്ടിനകം സാർവദേശീയ- ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മൌലികമായ മാറ്റങ്ങൾ വന്നു. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള കേന്ദ്ര വൈരുദ്ധ്യം മറികടക്കാൻ അമേരിക്ക നേതൃത്വം നല്കുന്ന ഏകധ്രുവ ലോകക്രമത്തിലൂടെ ആഗോളതലത്തിൽ സോഷ്യലിസത്തെ തകർക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടു. പകരം സോഷ്യലിസ്റ്റ് ശക്തികൾ നിർണായക പങ്ക് വഹിക്കുന്ന ബഹുധ്രുവലോകമാണ് രൂപപ്പെടുന്നത്.
ലോക മുതലാളിത്ത ക്രമം അതീവആഴത്തിലുള്ള വ്യവസ്ഥാ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. പ്രതിസന്ധി പരിഹരിക്കാൻ എടുക്കുന്ന നടപടികൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന സങ്കീർണ്ണ സാഹചര്യമാണ്. ഗ്ലോബൽ സൌത്തിലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ – സവിശേഷമായും കർഷകരുടെയും തൊഴിലാളികളുടെയും – ചെലവിൽ ഈ പ്രതിസന്ധി പരിഹരിക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് എണ്ണയും ഖനിജങ്ങളും അടക്കമുള്ള പ്രകൃതി വിഭവങ്ങളും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളും – വെനിസുല ആക്രമണവും ഇറാനെതിരായ യുദ്ധവും ഉദാഹരണം – സ്വതന്ത്ര വ്യാപാരക്കരാറുകളും അമേരിക്ക അടിച്ചേൽപ്പിക്കുന്നത്. ഇന്ത്യ പോരാടി നേടിയ പരമാധികാരത്തെ അമേരിക്കൻ സാമ്രാജ്യത്വം വെല്ലുവിളിക്കുന്നു. രാജ്യത്തിനും ജനങ്ങൾക്കുമൊപ്പം ഉറച്ചു നിൽക്കാതെ ബിജെപി നേതൃത്വവും പ്രധാനമന്ത്രി മോഡിയും അമേരിക്കൻ സാമ്രാജ്യത്തത്തിന് മുമ്പിൽ മുട്ടിലിഴയുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി ഭരണത്തിൽ ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയും പൊതുമേഖലയും, സാമ്രാജ്യത്തതാല്പര്യങ്ങളെ ചെറുക്കുന്ന വിദേശ നയവും ജനാധിപത്യ – മതനിരപേക്ഷ ഭരണ വ്യവസ്ഥയും നേരിട്ട വെല്ലുവിളി സ്വതന്ത്രഇന്ത്യയുടെ എട്ട് പതിറ്റാണ്ടോളം വരുന്ന ചരിത്രകാലഘട്ടത്തിൽ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ നിലനിർത്താനും തീവ്രദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശിശുമരണ നിരക്ക്, സാമൂഹ്യ പെൻഷൻ, അടിസ്ഥാന പശ്ചാത്തല വികസനം, ആഭ്യന്തര വരുമാന വളർച്ച എന്നിവയിലെല്ലാം രാജ്യത്തിനാകെ മാതൃകയായി ഉയർത്താനും സാധിച്ചു. രാജ്യത്ത് ഏറ്റുവും ഉയർന്ന മിനിമം വേതനവും വിളകൾക്ക് മിനിമം താങ്ങുവിലയും നൽകുന്ന സംസ്ഥാനം കേരളമാണ്.
കർഷകസമരങ്ങളും തൊഴിലാളിസമരങ്ങളുമാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിശ്ചയിക്കുന്നത് എന്നതാണ് ഈ തൊഴിലാളി ദിനത്തിൽ വർഗബോധമുള്ള ഓരോ തൊഴിലാളിയും തൊഴിലാളിവർഗ രാഷ്ട്രീയവീക്ഷണം സ്വായത്തമാക്കിയ ഓരോ പൗരനും അഭിമാനത്തോടെ വിലയിരുത്തുക.
2026 മെയ് ഒന്നിന് മെയ് ദിനം ആചരിക്കാൻ തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി അണിനിരക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെയും ആഹ്വാനം. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും തൊഴിലാളി – കർഷക കൂട്ടായ്മകൾ രൂപപ്പെടുത്തുക, ഓരോ ഗ്രാമത്തിലും കൃഷിയിടത്തിലും പട്ടണത്തിലും പണിശാലകളിലും തൊഴിലാളി -കർഷക ഐക്യം എന്ന ആശയത്തെ ഒരു ഭൗതിക ശക്തിയായി വികസിപ്പിക്കുകയാണ് 137 മത്തെ ആഗോള മെയ് ദിനം നൽകുന്ന സന്ദേശം. തൊഴിലാളിവർഗനേതൃത്വത്തിൽ തൊഴിലാളി-കർഷക ജനത നയിക്കുന്ന സമരങ്ങളാണ് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുക.




