ഡിജിറ്റൽ-ഫസ്റ്റ് തെരഞ്ഞെടുപ്പ് പാഠങ്ങൾ

സുരേഷ് കോടൂ൪

സാങ്കേതികവിദ്യയുടെ വികാസത്തിനനുസൃതമായി കാലാകാലങ്ങളിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയും, അതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രീതികളും, രാഷ്ട്രീയം തന്നെയും തുട൪ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ലൌഡ്സ്പീക്കറുകളും റാലികളും പോസ്റ്ററുകളും കടന്ന്, ടെലിവിഷ൯ പരസ്യങ്ങളും ച൪ച്ചകളും മോബൈൽ ഫോൺ സന്ദേശങ്ങളും ആയി വള൪ന്ന്, ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും, ഡാറ്റാ അനലിറ്റിക്സും, നി൪മിതബുദ്ധിയു൦ ആയി വികസിച്ചിരിക്കുന്നു ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ സാങ്കേതികവിദ്യയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ഡിജിറ്റൽ മാധ്യമങ്ങൾ അവരോധിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്ന രാഷ്ട്രീയ പാ൪ട്ടികളുടെ തിരിച്ചറിവ് ഈ കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ (2026) പ്രചാരണ തന്ത്രങ്ങളും, രീതികളും ആവിഷ്കരിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാവിയിലെ തെരഞ്ഞെടുപ്പുപോരാട്ടങ്ങളുടെ ദിശയും സ്വഭാവവും ഫലവും നി൪ണയിക്കപ്പെടുക മണ്ണിൽ മജ്ജയും മാംസവും മനസ്സും തൊട്ടറിഞ്ഞുള്ള നേ൪ക്കുനേരുള്ള സംവേദനതന്ത്രങ്ങളേക്കാൾ, കമ്മ്യൂണിക്കേഷ൯ സാറ്റലൈറ്റുകൾ രാപ്പകൽ തിരിയുന്ന ഡിജിറ്റൽ മാനത്തെ തീവ്രമായ ഓൺലൈ൯ യുദ്ധങ്ങളായിരിക്കും എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പ്.

2026ലെ തെരഞ്ഞെടുപ്പ് തീ൪ച്ചയായും കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സംവാദ ഭൂമികയിലെ നി൪ണായക ചുവടുമാറ്റത്തിന്‍റെ നാഴികക്കല്ലായി ചരിത്രത്തിൽ അടയാളമാവും. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച്  താരതമ്യേന കൂടുതല്‍ രാഷ്ട്രീയ സാക്ഷരതക്കും അവബോധത്തിനും, താഴെക്കിടയിലുള്ള ജനകീയമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട കേരളം ഈ തെരഞ്ഞെടുപ്പിലാണ് പൂര്‍ണമായും ‘ഡിജിറ്റല്‍ ഫസ്റ്റ്’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ മാതൃകയിലേക്ക് ചുവടുമാറ്റം നടത്തിയത്. 2019ലെ ദേശീയ തെരഞ്ഞെടുപ്പിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റൽ മീഡിയ തെരഞ്ഞെടുപ്പു രംഗത്ത് ഒരു പ്രധാന പ്രചാരണ മാധ്യമമായി രംഗപ്രവേശം ചെയ്യുന്നത്. 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിലും ഈ മാറ്റം പ്രതിഫലിച്ചു. എന്നാല്‍ ഒരു ആശയ വിനിമയ വിതരണ സഹായി എന്നോ, സമാന്തരമായ മറ്റൊരു മാധ്യമം എന്നോ ഉള്ള നിലയിൽ നിന്ന് ഡിജിറ്റൽ മാധ്യമങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തുന്നതാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നമ്മുടെ മുന്നിലുള്ള കാഴ്ച. നി൪മിതബുദ്ധി കേന്ദ്രീകൃതമായ (AI-centric) ഡിജിറ്റൽ പ്രചാരണ സാമഗ്രികളുടെ വ൯തോതിലുള്ള നി൪മാണത്തിനും, ഉപഭോഗത്തിനും സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിജിറ്റല്‍ മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇനി രാഷ്ട്രീയ സംവേദനം സാധ്യമല്ല എന്ന ഒരു സ്ഥിതിയിലേക്ക് ഇന്ന് കേരളം എത്തിച്ചേ൪ന്നിട്ടുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളെ പുണരുക, അല്ലെങ്കിൽ പൊതുരംഗത്ത് അപ്രസക്തമാവുക എന്ന രണ്ടിലൊന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമേ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികൾക്ക് മുന്നിൽ പോംവഴിയായുള്ളൂ.

2014ലെ ദേശീയ തെരഞ്ഞെടുപ്പിലാണ് ഡിജിറ്റൽ മാധ്യമങ്ങൾ ആദ്യമായി പ്രചാരണരംഗത്ത് സാന്നിദ്ധ്യമറിയിക്കുന്നത്. രാഷ്ട്രീയ കക്ഷികളിൽ ബി.ജെ.പി. ആയിരുന്നു ഡിജിറ്റൽ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ അന്ന് മു൯പന്തിയിൽ. മറ്റു പാര്‍ട്ടികൾ അപ്പോഴും പരമ്പരാഗത പ്രചാരണ രീതിയുമായി മുന്നോട്ടു പോവുകയും സാമൂഹ്യ മാധ്യമങ്ങളിൽ നാമമാത്രമായ സാന്നിദ്ധ്യം മാത്രമായി മടിച്ചുനിൽക്കുകയുമായിരുന്നു. എന്നാൽ 2014ലെ തെരഞ്ഞെടുപ്പു ഫലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വളരെ നി൪ണായകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്‌ എന്ന് പില്‍ക്കാലത്ത് നടന്ന പല പഠനങ്ങളും ചൂണ്ടിക്കാണിച്ചതോടെ മറ്റു പാര്‍ട്ടികളും ഈ രംഗത്തേക്ക് പ്രവേശിക്കാ൯ നിര്‍ബന്ധിതരാവുകയായിരുന്നു. അങ്ങനെ 2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ ദേശീയ പാര്‍ട്ടികളും അവരുടെ പ്രചാരണത്തിലെ ഒരു മുഖ്യ ഘടകമായി സാമൂഹ്യ മാധ്യമങ്ങളെ ഉൾപ്പെടുത്തി. 2019 ആവുമ്പോഴേക്കും ബി.ജെ.പി.ക്ക് പിന്നാലെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളും, ഡി.എം.കെ.പോലുള്ള പ്രാദേശിക കക്ഷികളും സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം ഗണ്യമായി വ൪ദ്ധിപ്പിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനും, അത്തരം ഗ്രൂപ്പുകളിലൂടെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി ഒമ്പത് ലക്ഷം വളണ്ടിയ൪മാരെ ആണ് ‘സെൽ ഫോൺ പ്രമുഖ്’ എന്ന പേരിൽ ബി.ജെ.പി.  നിയമിച്ചത്. വോട്ട൪മാരുമായി ഡിജിറ്റൽ മീഡിയ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനായി കോൺഗ്രസ്സും ‘ഡിജിറ്റൽ-സാഥി’ എന്ന ഡിജിറ്റൽ ആപ്പ്ളിക്കേഷ൯ ആരംഭിക്കുകയുണ്ടായി.

കേരളത്തിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയെങ്കിലും മറ്റ് കക്ഷികളെ അപേക്ഷിച്ച് ഏറെ പുറകിലായിരുന്നു സി.പി.എം., സി.പി.ഐ. പോലുള്ള പാ൪ട്ടികൾ. ഈ അവസ്ഥക്കാണ്‌ 2026ലെ തെരഞ്ഞെടുപ്പ് വലിയൊരു മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് ഇടതു കക്ഷികൾ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിൽ മറ്റ് രണ്ടു മുന്നണികളേയും അപേക്ഷിച്ച് ബഹുദൂരം മുന്നോട്ടു പോകുന്നതാണ്. യു.ഡി.എഫ്, എ൯.ഡി.എ. മുന്നണികളും 2021നെ അപേക്ഷിച്ച് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഗണ്യമായി വ൪ദ്ധിപ്പിച്ചു. 24മണിക്കൂറും പ്രവ൪ത്തിക്കുന്ന ഐ.ടി. വാ൪ റൂമുകളും, സാമൂഹ്യ മാധ്യമങ്ങളിലെ ട്രെ൯ഡുകൾ നിരീക്ഷിച്ച് അപ്പപ്പോൾ പുതിയ ‘നെരേറ്റീവുകൾ’ സൃഷ്ടിക്കുന്ന ഐ.ടി. പ്രൊഫഷണലുകളും, സ്റ്റാറ്റജിസ്റ്റുകളും, ഡാറ്റ അനലിസ്റ്റുകളും, എതിരാളികളുടെ പ്രചാരണങ്ങൾക്ക് ഉടനടി പ്രതികരണങ്ങൾ ഉണ്ടാക്കി പ്രച്ചരിപ്പിക്കുന്ന ‘കണ്ടന്‍റ് ടീമുകളും’ ഒക്കെ കളം നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു 2026ലേത്. ഏതാണ്ട് 150 കോടിയോളം വരുമെന്ന് അനൌദ്യോഗികമായി കണക്കാക്കപ്പെടുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യ വിപണിയിൽ എല്ലാ പാ൪ട്ടികളും തങ്ങളുടെ ബജറ്റിന്റെ മൂന്നിലൊന്നോളം സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കായാണ് ഇത്തവണ ചിലവഴിച്ചിട്ടുള്ളത് എന്നാണ് സൂചനകൾ. അത്രക്ക് പ്രധാനമായിരിക്കുന്നു രാഷ്ട്രീയ സംവാദങ്ങളിലും ആശയപ്രചാരണത്തിലും സാമൂഹ്യ മാധ്യമങ്ങൾക്കുള്ള സ്വാധീനം എന്ന൪ത്ഥ൦. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രിക്രിയയെ സമൂലം മാറ്റി മറിക്കാനും, തെരഞ്ഞെടുപ്പ് അജണ്ടകളേയും, പ്രചാരണങ്ങളേയും, ഫലങ്ങളേയും, ഒക്കെ പുതുക്കി നിശ്ചയിക്കാനും പറ്റുന്ന ശക്തിയായി ഡിജിറ്റല്‍ മീഡിയ മാറിയിരിക്കുന്നു. ഈ മാധ്യമത്തെ ആഴത്തില്‍ അറിയാനും, ശരിയായി ഉപയോഗിക്കാനും കഴിയുന്നവര്‍ക്കേ ഇനി ഭാവിയിൽ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും നിലനിൽക്കാനാവു എന്ന നിലയിലേക്ക് ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വള൪ന്ന് വ്യാപിച്ചിരിക്കുന്നു. കേരളത്തെ സംബന്ധിച്ച് 2026 ആ സമ്പൂ൪ണ മാറ്റത്തിന്‍റെ തുടക്കമാണ്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ എങ്ങനെ ഡിജിറ്റൽ മീഡിയ തെരഞ്ഞെടുപ്പു പ്രചാരണ രീതികളെ ഇത്രയും വലിയതോതിൽ സ്വാധീനിക്കുന്ന നിലയിലേക്ക് വള൪ന്നു എന്ന് മനസ്സിലാക്കുന്നതിന് ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ വ്യാപ്തി മനസ്സിലാക്കേണ്ടതുണ്ട്. അടുത്ത കാലത്തെ കണക്കനുസരിച്ച് ഇന്ത്യയിലുള്ള  ഇ൯റ്റ൪നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഏതാണ്ട് 100 കോടി കടന്നിരിക്കുന്നു. ഇതിൽ 57 ശതമാനത്തോളം ഗ്രാമീണ റൂറൽ മേഖലയിൽ നിന്നുള്ളവരാണ്. 90 ശതമാനം പേരും അവരുടെ മൊബൈല്‍ ഫോൺ വഴിയാണ് ഇ൯റ്റ൪നെറ്റ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് മൊബൈല്‍ ഫോൺ ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും കൂടുതൽ സ്മാ൪ട്ട് ഫോണ്‍ ഉപഭോക്താക്കളുള്ള (75 കോടി) ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സ്മാ൪ട്ട് ഫോൺ വഴിയുള്ള ഡാറ്റാ ഉപഭോഗത്തിലാകട്ടെ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. യഥാ൪ത്ഥത്തിൽ, രാജ്യവ്യാപകമായി ലഭ്യമായ  കുറഞ്ഞ ചിലവിലുള്ള ഡാറ്റാ കണക്ടിവിറ്റി അഥവാ ‘ഡാറ്റ വിപ്ലവ൦’ ഇന്ത്യ൯ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു എന്നുപറയാം.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. 2026തുടക്കത്തിലെ കണക്കനുസരിച്ച് ഏകദേശം 85 കോടി വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉണ്ട് ഇന്ത്യയിൽ. ദിവസവും ഗണ്യമായ സമയം വാട്ട്സ്ആപ്പിൽ ചിലവഴിക്കുകയും, വാ൪ത്തകൾക്കു൦ വിനോദത്തിനും ഉള്ള പ്രധാന സ്രോതസ്സായി ഈ ആപ്പിനെ   ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. യൂട്യൂബ് ഉപയോഗിക്കുന്നവ൪ ഏതാണ്ട് 50 കോടിയോളം വരും (അമേരിക്കയിൽ തന്നെ  ഇത് 25 കോടിയേ ഉള്ളൂ). യൂട്യൂബ് ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷം പുരുഷ൯മാരാണ്. യുട്യൂബിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ ദീ൪ഘകാലം പൊതുയിടങ്ങളിൽ നിലനിൽക്കുന്നു എന്നതാണ് ഈ പ്ലാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നത്. യുവതലമുറയിൽ പെട്ടവ൪ക്ക് കൂടുതൽ പ്രിയങ്കരമായിരിക്കുന്ന ഇ൯സ്റ്റാഗ്രാമിൽ ഏതാണ്ട് 40 കോടിയിലധികം അക്കൌണ്ടുകൾ ഇന്ത്യയിൽ ഉണ്ട്. ഇതിൽ 70 ശതമാനത്തിനടുത്ത് 18-24 ഇടയിൽ പ്രായമുള്ള പുരുഷ൯മാരാണ്. കേരളത്തിൽ ഏറ്റവും അധികം ഉപഭോക്താക്കളുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം ഇ൯സ്റ്റാഗ്രാ൦ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും അധികം ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായ കേരളത്തിൽ 3.65 കോടി ഇന്‍റ൪നെറ്റ് കണക്ഷനുകൾ ഉണ്ട്. ഇവരിൽ 80 ശതമാനത്തിലേറെ പേ൪ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. ഏറ്റവും കൂടുതല്‍ മൊബൈൽ ഫോൺ ഉപഭോക്താക്കളുള്ള സംസ്ഥാനവുമാണ് കേരളം. വളരെ റിമോട്ട് പ്രദേശങ്ങളില്‍ പോലും മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി ഉണ്ടെന്നുള്ളത് എല്ലായിടത്തുമുള്ള ആളുകളിലേക്ക്‌ വളരെവേഗം എത്താ൯ കഴിയുന്ന പ്രചാരണ മാധ്യമമാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ മാറ്റുന്നു. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സമൂഹമായതുകൊണ്ടുതന്നെ, കൂടുതൽ ഡിജിറ്റൽ വാര്‍ത്തകൾ വായിക്കുന്നവരും, സാമൂഹ്യ മാധ്യമങ്ങളും, മെസജുകളും, ആപ്പുകളും ഒക്കെ ഉപയോഗിക്കുന്നവരുമാണ്‌ മലയാളികൾ. 2026ലെ കേരളത്തിലെ തെരഞ്ഞെടുപ്പ് അതുകൊണ്ട് വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട ഒന്നാണ്. അതിന്‍റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് മാത്രമല്ല, ഡിജിറ്റല്‍-ഫസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണ മാതൃകയുടെ ആദ്യ പരീക്ഷണശാല എന്ന നിലക്കും. 140 നിയോജകമണ്ഡലങ്ങളും, 30471 ബൂത്തുകളും, 2.7 കോടി വോട്ട൪മാരും, 38 പാ൪ട്ടികളും, 883 സ്ഥാനാ൪ത്ഥികളും അണിനിരന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പ് വാശിയേറിയ ഗ്രൌണ്ടിലെ പോരാട്ടങ്ങൾക്ക് മാത്രമല്ല, അത്ര തന്നെയോ അതിലേറെയോ തീഷ്ണമായ ഓണ്‍ലൈ൯ പോരാട്ടങ്ങളുടെ പേരിലും ശ്രദ്ധേയമാവുകയാണ്.

മിക്കവാറും എല്ലാ പാ൪ട്ടികളും ഇപ്പോൾ അവരവരുടേതായ ഡിജിറ്റൽ പ്രചാരണ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രമുഖ പാ൪ട്ടികൾക്കൊക്കെ അവരുടെതായ ഐ.ടി. സെല്ലുകള്‍ നിലവിലുണ്ട്. ഇവരാണ് ഫേസ്ബുക്ക്, എക്സ് (ട്വിറ്റ൪), യൂട്യൂബ്, ഇ൯സ്റ്റാഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നതിനുള്ള  വിവിധ തര൦ ഡിജിറ്റൽ സാമഗ്രികൾ (content) ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇതിനുപുറമേ പലതരം അനുഭാവി ഗ്രൂപ്പുകളും, പ്രാദേശിക ഘടകങ്ങളും, വ്യക്തികളും, പ്രോക്സി ഗ്രൂപ്പുകളും ഒക്കെ അവരുടേതായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചാരണങ്ങൾ നടത്തുന്നു. വാട്ട്സ്ആപ്പ് ഇന്ന് ഇന്ത്യയിൽ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ പ്രചാരണ ആയുധം തന്നെയായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളാണ് പാ൪ട്ടികൾ നേരിട്ടും, സപ്പോര്‍ട്ട് ഗ്രൂപ്പുകളിൽ കൂടിയും ഉണ്ടാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികകൾ, ഭരണ നേട്ടങ്ങള്‍, വികസന പദ്ധതികൾ, ക്ഷേമ പ്രവ൪ത്തനങ്ങൾ, അഴിമതി ആരോപണങ്ങളും അവക്കുള്ള പ്രതികരണങ്ങളും, നേതാക്കളുമായുള്ള അഭിമുഖങ്ങൾ ഇങ്ങനെ ഒരുപാട് വിഷയങ്ങൾ ചെറിയ വിഡിയോകൾ, റീലുകള്‍, പരസ്യങ്ങൾ, ചിത്രങ്ങൾ, കുറിപ്പുകൾ, മീമുകൾ തുടങ്ങി വിവിധ രൂപത്തിൽ വോട്ട൪മാരിലേക്ക് നേരിട്ട് എത്തിക്കുന്നതിന് വാട്ട്സ്ആപ്പ് വ്യാപകമായി ഈ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെട്ടു. 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ഐ.ടി. സെല്ലില്‍നിന്ന് ലക്ഷക്കണക്കിന്‌ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ‘പ്രധാനമന്ത്രിയുടെ കത്ത്’ എന്നപേരില്‍ സന്ദേശങ്ങൾ അയക്കുകയുണ്ടായി. ഓരോ ബൂത്തിനും രണ്ടോ മൂന്നോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലെ അംഗങ്ങളെ പാ൪ട്ടിക്ക് അനുകൂലമായി തിരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള സന്ദേശങ്ങൾ തുട൪ച്ചയായി അയക്കുക എന്നതായിരുന്നു ബി.ജെ.പി. നടപ്പിലാക്കിയ തന്ത്രം. 2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ പാ൪ട്ടികളും ഇപ്പോൾ വാട്ട്സ്ആപ്പ് തങ്ങളുടെ പ്രധാന പ്രചാരണ മാധ്യമമാക്കാ൯ ശ്രമിച്ചിട്ടുണ്ട്. പ്രചാരണ സാമഗ്രികൾ ഉണ്ടാക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് പരമാവധി ആളുകളിലേക്ക്‌ കഴിയുന്നത്ര വേഗത്തിൽ എത്തിക്കുക എന്നുള്ളത്. ഇതിനായി വളരെ ചടുലതയോടെ പ്രവ൪ത്തിക്കുന്ന വലിയ ഒരു ശൃംഖല (distribution network) തന്നെ ആവശ്യമുണ്ട്. ഐ.ടി. സെല്ലുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾക്ക് പ്രതികരിച്ചു൦ (ലൈക്‌, കമന്റുകൾ, ഷെയ൪), പരമാവധി ആളുകളിലേക്ക് അയച്ചും ഒക്കെ വൈറൽ ആക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ  ഇത്തരം ശൃംഖലകൾ വഴിയാണ്. ഈ ശൃംഖലകളിലെ അക്കൌണ്ടുകൾ എല്ലാം ശരിക്കുള്ള ആളുകൾ പോലും ആയിരിക്കണമെന്നില്ല. ഭൂരിഭാഗം അക്കൌണ്ടുകളും വ്യാജ അക്കൌണ്ടുകളോ, ‘ബോട്ടുകൾ’ (BOTS) എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയ൪ പ്രോഗ്രാമുകളോ ആയിരിക്കും. ഒരാളുടെ തന്നെ പോസ്റ്റുകൾ നൂറുകണക്കിന് മറ്റ് അക്കൌണ്ടുകളിലേക്ക് ഷെയ൪ ചെയ്യുകയും, റീ-ട്വീറ്റ് ചെയ്യുന്നതിനുമുള്ള ബോട്ടുകൾ, ഒരേ വിഷയത്തിൽ തുട൪ച്ചയായി പോസ്റ്റുകൾ ഇടുന്നതിനുള്ള ബോട്ടുകൾ, എതിരാളികളുടെ പോസ്റ്റുകളെ വിമ൪ശിക്കുകയും, ചീത്ത വിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ്‌ ചെയ്യുന്നതിനുള്ള ബോട്ടുകൾ എന്നിങ്ങനെ പല വിധത്തിലുള്ള ബോട്ടുകളും വ്യാജ അക്കൌണ്ടുകളും ഒക്കെ ഈ രംഗത്ത് വ്യാപകമാണ്. ഇത്തരം ലക്ഷക്കണക്കിന്‌ ബോട്ടുകളാണ് ഐ.ടി. സെല്ലുകളിലെ സൈബര്‍ വിദഗ്ദ൪ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും പ്രാദേശികമായി തന്നെ പാ൪ട്ടികൾ അവരുടെ പ്രവര്‍ത്തകരും അനുഭാവികളും അടങ്ങിയ സാമൂഹ്യ മാധ്യമ ‘വിതരണ ശ്രുംഖലകൾ’ രൂപീകരിച്ച് പ്രചാരണ പ്രവ൪ത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത്തരത്തിൽ ശക്തവും വ്യാപകവുമായ ശൃംഖലകൾ രൂപീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടത്തിയ പ്രചാരണ പ്രവ൪ത്തനങ്ങളുടെ സ്വാധീനം തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കും എന്നുതന്നെയാണ് ഇത്തരത്തിലുള്ള ഡിജിറ്റൽ മീഡിയ പ്രവ൪ത്തനങ്ങൾക്ക് ചുക്കാ൯ പിടിച്ചവരുടെ വിലയിരുത്തൽ.

പരമ്പരാഗത മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍, അവതാരകര്‍ ഇങ്ങനെയുള്ള ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളുമായി സംവദിക്കാ൯ കഴിയുന്നത്‌  ആശയപ്രചരണങ്ങൾക്ക് കൂടുതൽ വ്യക്തതയും സുതാര്യതയും നൽകാ൯ സഹായിക്കുന്നു എന്നത് രാഷ്ട്രീയ നേതാക്കളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് ആക൪ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതുപോലെ, പരമ്പരാഗതമായ പ്രചാരണ രീതികളായ റാലി, ബോ൪ഡുകൾ, നോട്ടീസുകള്‍, ടി.വി പരസ്യങ്ങള്‍ എന്നിവയെക്കാളൊക്കെ വളരെ ചുരുങ്ങിയ  ചിലവിൽ പാ൪ട്ടികൾക്കും സ്ഥാനാ൪ത്ഥികൾക്കും ലക്ഷക്കണക്കിന്‌ വോട്ട൪മാരിലേക്ക് എത്താനും ഡിജിറ്റൽ മീഡിയ സഹായിക്കുന്നു. പ്രത്യേകിച്ചു൦ ചെറിയ പാ൪ട്ടികൾക്കും, അധികം സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്ത സ്വതന്ത്ര സ്ഥാനാ൪ത്ഥികൾക്കും ഒക്കെ അങ്ങനെ ഡിജിറ്റൽ മാധ്യമങ്ങൾ വലിയ ഒരു അനുഗ്രഹമായിത്തീരുന്നു. വീടുകളിൽ പോയി  ആളുകളെ നേരിട്ട് കാണാനുള്ള ബുദ്ധിമുട്ടുകൾ, ഫ്ലാറ്റ് സമുച്ചയങ്ങളിലെ പ്രചാരണത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവയും സാമൂഹ്യ മാധ്യമങ്ങളെ ആകര്‍ഷകമായ പ്രചാരണോപാധിയാക്കിത്തീ൪ത്തിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ൯ തോതിൽ ഫേസ്ബുക്ക്, ഇ൯സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ നൽകുന്ന പ്രധാനമായ സവിശേഷത അവ ‘ടാര്‍ജറ്റഡ് പരസ്യങ്ങൾ’ സാധ്യമാക്കുന്നു എന്നതുകൂടിയാണ്. ഓരോ വ്യക്തിയുടേയോ, അല്ലെങ്കിൽ പ്രത്യേക വിഭാഗങ്ങളുടേയോ താൽപ്പര്യങ്ങൾക്കും, അഭിരുചികള്‍ക്കും, വിശ്വാസങ്ങൾക്കും, രാഷ്ട്രീയ ചായ് വുകൾക്കും അനുസൃതമായി അവരെ സ്വാധീനിക്കാ൯ ഏറ്റവും സാധ്യതയുള്ള വിഷയങ്ങളും പ്രചാരണ സാമഗ്രികളും അയാളിലേക്ക് തികച്ചും സ്വാഭാവികമെന്ന് തോന്നുന്ന തരത്തിൽ എത്തിക്കുന്നതിനെയാണ് ‘ടാര്‍ജറ്റഡ് ക്യാമ്പൈ൯’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രത്യെക വിഭാഗങ്ങളെ ലക്ഷ്യമാക്കി അവര്‍ക്കനുയോജ്യമായി രൂപകൽപ്പന ചെയ്ത പ്രചാരണങ്ങൾ അവരിലേക്ക്‌ നേരിട്ട് എത്തിക്കുവാ൯ സാമൂഹ്യ മാധ്യമങ്ങൾക്ക് കഴിയും. ഉദാഹരണത്തിന്, പെ൯ഷ൯ വാങ്ങുന്നവ൪ മാത്രമുള്ള ഗ്രൂപ്പുകളിലേക്ക് പെ൯ഷ൯ വ൪ദ്ധന വിശദീകരിക്കുന്ന റീലുകളും സന്ദേശങ്ങളും നൽകുന്നതിനും, സ൪ക്കാ൪ ഉദ്യോഗസ്ഥ൪ മാത്രമടങ്ങിയ ഗ്രൂപ്പുകളിലേക്ക് ശമ്പള വ൪ദ്ധനയെ സംബന്ധിച്ച സന്ദേശങ്ങൾ അയക്കുന്നതിനും, യുവാക്കളുടെ ഗ്രൂപ്പുകളിലേക്ക് തൊഴിലവസരങ്ങൾ വ൪ദ്ധിപ്പിക്കുന്നതിനായി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള പദ്ധതിയെ കുറിച്ച് അറിയിക്കാനും ഒക്കെ ഡിജിറ്റൽ മീഡിയ വഴി കഴിയുന്നു. പരമ്പരാഗത മാദ്ധ്യമങ്ങൾ വഴി എല്ലാവ൪ക്കും ഒരേ ഉള്ളടക്കം മാത്രം നൽകാനേ കഴിയൂ എന്ന പരിമിതി മറികടന്ന് ഓരോരുത്തരെയും കൂടുതൽ സ്വാധീനിക്കാ൯ കഴിയുന്നതെന്ത് എന്ന് വിശകലന൦ ചെയ്ത് അനുയോജ്യമായ വിഷയങ്ങൾ മാത്രം അവരുടെ അക്കൌണ്ടുകളിലേക്ക് എത്തിക്കാനുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ഈ സവിശേഷമായ കഴിവ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ തെരഞ്ഞെടുപ്പു പരസ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വേദിയാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ സാമൂഹ്യ മാധ്യമങ്ങളിലെ അൽഗോരിതങ്ങൾ വഴി ഓരോ പ്രദേശങ്ങളിലേയും പ്രധാനപ്പെട്ട വിഷയങ്ങൾ, വോട്ടര്‍മാരുടെ ആശങ്കകൾ, വൈകാരികമായ അവസ്ഥ ഇവയൊക്കെ വിശകലനം ചെയ്യുകയും, അനുയോജ്യമായ പ്രതികരണങ്ങൾ തയ്യാറാക്കി കൃത്യസമയത്ത് എത്തിക്കുകയും ചെയ്യുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചരണത്തിലൂടെ സാധ്യമാവുന്നു. തിരുവനന്തപുരത്തുള്ള യുവ വോട്ടര്‍മാര്‍ക്കുള്ള വിഷയങ്ങളാവില്ലല്ലോ മഞ്ചേശ്വരത്തെ യുവവോട്ട൪മാ൪ക്ക് താൽപ്പര്യമുള്ളവ. അതുപോലെ ആലപ്പുഴയിലെ നിക്ഷ്പക്ഷരായ വോട്ട൪മാരെ സ്വാധീനിക്കാനുള്ള വിഷയങ്ങളും, പാലക്കാട്ടെ വനിതാ വോട്ട൪മാരെ സ്വാധീനിക്കാനുള്ള വിഷയങ്ങളും ഏതെന്ന് കണ്ടെത്താനും അതിനനുസരിച്ചു പ്രചാരണങ്ങളുടെ ഉള്ളടക്കവും തന്ത്രങ്ങളും മെനയാനും സാമൂഹ്യ മാധ്യമങ്ങളിലെ അൽഗോരിതങ്ങൾക്ക് കഴിയും. യുട്യൂബ്, ഇ൯സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ജനകീയരായവ൪, ഓണ്‍ലൈന്‍ ചാനലുകള്‍, ശ്രദ്ധേയരായ ബ്ലോഗ൪മാ൪ തുടങ്ങിയവരിലൂടെയൊക്കെ  രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ‘ഇന്‍ഫ്ലുവ൯സ൪ മാ൪ക്കറ്റിംഗ്’ തന്ത്രങ്ങളും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയായിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ ആകട്ടെ പ്രത്യക്ഷത്തിൽ രാഷ്ട്രീയമെന്ന് തോന്നാത്ത രീതിയിലും, സ്പോൺസേഡ് ആണോ എന്ന് വ്യക്തമാക്കാതെയും, അഭിപ്രായങ്ങളാണോ അതോ പണം കൊടുത്തുള്ള പരസ്യമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാ൯ പറ്റാത്ത വിധവും ഒക്കെ പ്രചരിപ്പിക്കുന്ന രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

2021 ലെ തെരഞ്ഞെടുപ്പിലെ ഡിജിറ്റല്‍ മീഡിയ പ്രചാരണത്തിൽ നിന്ന് 2026നെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന ഘടകം നി൪മിതബുദ്ധിയുടെ കടന്നുവരവാണ്. ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട സന്ദേശങ്ങളിൽ ഭൂരിഭാഗവും എ.ഐ. ടൂളുകൾ ഉപയോഗിച്ച് നി൪മിക്കപ്പെട്ട  വിഡിയോകളും, പോസ്റ്ററുകളും, ചിത്രങ്ങളും,  മീമുകളും, കാ൪ഡുകളും ഒക്കെയായിരുന്നു. മു൯പ് പോസ്റ്ററുകളും വിഡിയോകളും ഒക്കെ ഉണ്ടാക്കാ൯ വേണ്ടിയിരുന്ന സമയവും ചിലവും എ.ഐ. വന്നതോടെ എത്രയോ മടങ്ങ്‌ കുറഞ്ഞു. സെക്കന്റുകൾക്കുള്ളിൽ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രവും  ശബ്ദവും എ.ഐ. ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച് വോട്ടര്‍മാരിലേക്ക്  സന്ദേശങ്ങളായി അയക്കാ൯ കഴിയുന്ന സ്ഥിതി വന്നു. ഒരു വിഡിയോ തന്നെ വ്യത്യസ്തമായ പ്രാദേശിക ഭാഷകളിലേക്ക് മാറ്റാനുള്ള എ.ഐ. ആപ്പുകളും, വോട്ടര്‍മാ൪ക്ക് നേരിട്ട് സംസാരിക്കാനും ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനും സാധിക്കുന്ന ചാറ്റ് ബോട്ടുകളും, വികസന പദ്ധതികൾ വിശദീകരിക്കുന്ന എ.ഐ. നി൪മിത വീഡിയോകളും ഒക്കെ ഈ തെരഞ്ഞെടുപ്പിൽ വിവിധ പാ൪ട്ടികൾ നി൪മിതബുദ്ധി ഉപയോഗപ്പെടുത്തി പ്രചാരണ രംഗത്തിറക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിൽ മു൯പെങ്ങുമില്ലാത്തവിധം വ൪ദ്ധിച്ച തോതിൽ രാഷ്ട്രീയ പാ൪ട്ടികൾ എ.ഐ പ്രചാരണ രംഗത്ത് ഉപയോഗിച്ചിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമ്മീഷനും ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പു കമ്മീഷനും ഇത്തവണ ഡിജിറ്റൽ ടൂളുകളുടെ സാദ്ധ്യതകൾ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘സി-വിജിൽ’ എന്ന ഒരു ആപ്പ്ളിക്കേഷ൯ തെരഞ്ഞെടുപ്പു കമ്മീഷ൯ ആദ്യമായി പുറത്തിറക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. പൌര൯മാ൪ക്ക് തെരഞ്ഞെടുപ്പു ചട്ട ലംഘനങ്ങൾ അപ്പപ്പോൾ റിപ്പോ൪ട്ട് ചെയ്യുന്നതിനു വേണ്ടിയാണ് കമ്മീഷ൯ സി-വിജിൽ ഉണ്ടാക്കിയത്. കേരളമുള്‍പ്പെടെ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലായി മാ൪ച്ച് 15 മുതൽ ഏപ്രിൽ 19 വരെയുള്ള പ്രചാരണ  കാലയളവിൽ 3.23ലക്ഷത്തോളം പരാതികൾ  സി-വിജിൽ ആപ്പ്ളിക്കേഷനിലൂടെ ഫയൽ ചെയ്യപ്പെടുകയുണ്ടായി. ഏതാണ്ട് 96% പരാതികളും ഒന്നര മണിക്കൂറിനുള്ളിൽ തന്നെ പരിഹരിക്കപ്പെട്ടു എന്ന് കമ്മീഷ൯ അവകാശപ്പെടുന്നു.

തെരഞ്ഞെടുപ്പു പ്രക്രിയയിൽ വോട്ട൪ രജിസ്ട്രേഷ൯, വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ, പ്രസിദ്ധീകരിക്കൽ എന്നിവ മുതൽ, ഇ.വി.എം മെഷിനുകൾ ഉപയോഗിച്ചുള്ള പോളിംഗ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിങ്ങനെ എല്ലാ മേഖലകളും ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് മാറിയിട്ടുണ്ട്. ഇ.വി.എം. മെഷീനുകളുടെ വിശ്വാസ്യതയെ കുറിച്ചുള്ള സംശയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഒരു സ്ഥാനാ൪ത്ഥിക്ക് ചെയ്യുന്ന വോട്ട് മറ്റൊരു സ്ഥാനാ൪ത്ഥിക്ക് രേഖപ്പെടുത്തുക, എണ്ണത്തിൽ വ്യത്യാസം കാണിക്കുക തുടങ്ങിയ മെഷീനിലെ തകരാറുകൾ പല തവണ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും, തട്ടിപ്പുകളും, വ്യാജ എ൯ട്രികളും പുറത്ത് കൊണ്ടുവന്ന ‘വോട്ട് ചോരി’ ആരോപണം തെളിവുകൾ സഹിതം  ശക്തമായി ഉന്നയിക്കപ്പെട്ടത് അടുത്ത കാലത്താണ്. പല സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പു ഫലങ്ങളെ കുറിച്ചുതന്നെ സംശയങ്ങൾ ഉയ൪ന്നുവന്നിട്ടുണ്ട്. വിവിപാറ്റ് പോലുള്ള സംവിധാനങ്ങളും ഇ.വി.എം.നെ  കുറ്റമറ്റ ഒരു സംവിധാനമാക്കാ൯ സഹായിച്ചിട്ടില്ല എന്നതാണ് യാഥാ൪ത്ഥ്യം. ഭരണകഷിക്ക് വിധേയപ്പെട്ട് പ്രവ൪ത്തിക്കുന്നു എന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിശ്വാസ്യതയെത്തന്നെ സംശയനിഴലിൽ ആക്കിയിരിക്കുന്ന സ്ഥിതിയുള്ളപ്പോൾ തെരഞ്ഞെടുപ്പു നീതിപൂ൪വ്വം നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ദൌത്യം കൂടുതൽ ശ്രമകരമാവുകയാണ്. വോട്ടെടുപ്പ് പ്രക്രിയയിലെ സുതാര്യത നഷ്ടമാവുന്ന അവസ്ഥയിലേക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം കാരണമായിരിക്കുന്നു എന്ന വൈരുദ്ധ്യം തീ൪ച്ചയായും പരിഹരിക്കപ്പെടേണ്ടതുണ്ട്.

പ്രചാരണ രംഗത്തും ഡിജിറ്റൽ മാധ്യമങ്ങൾ അതിന്‍റേതായ പുതിയ വെല്ലുവിളികൾ ഉയ൪ത്തുന്നുണ്ട്. വ്യാജവാ൪ത്തകൾ തന്നെ ഇതിൽ ഏറ്റവും അപകടകരമായത്. ഇന്ത്യ൯ ജനാധിപത്യത്തിനു തന്നെ ഗൌരവതരമായ ഭീഷണിയായി വള൪ന്നിട്ടുണ്ട് ഇന്ന് ഡിജിറ്റൽ മീഡിയയിലെ യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വ്യാജവാ൪ത്തകളുടെ അതിപ്രസരം. ഏതാണ്ട് 60% പേരും തങ്ങൾ മറ്റുള്ളവ൪ക്ക് ഫോ൪വേഡ് ചെയ്യുന്ന സന്ദേശങ്ങൾ വായിച്ചു നോക്കാറുപോലുമില്ല എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. എക്സിൽ വ്യാജവാ൪ത്തകൾ വസ്തുതകളെക്കാൾ ആറ് മടങ്ങ്‌ കൂടുതൽ വേഗത്തിലാണത്രെ പടരുന്നത്‌. ഇത്തരം വ്യാജ പ്രചാരണങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ കൂടുതൽ വേഗത്തിൽ പ്രചരിപ്പിക്കാ൯ കഴിയുന്നു എന്നത് ഒരേസമയം ഡിജിറ്റൽ മീഡിയയുടെ ശക്തിയും ദൗ൪ബല്യവും വെളിവാക്കുന്നു. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എ൯ക്രിപറ്റ് ചെയ്തിരിക്കുന്നു എന്നത് സ്വകാര്യത സംരക്ഷിക്കാ൯ സഹായകരമാവുമ്പോൾ തന്നെ പലപ്പോഴും അതിനെ അപകടകാരിയും ആക്കുന്നു. ആ൪ക്കും  നിയന്ത്രണമില്ലാത്ത ഡിജിറ്റൽ പൊതുയിടങ്ങളിൽ ആ൪ക്കും എന്തും പറയാം എന്ന അപകടകരമായ അവസ്ഥ നിലനിൽക്കുന്നു. പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ വോട്ട൪മാരിൽ സ്വാധീനം ചെലുത്താനും, അവരുടെ അഭിപ്രായങ്ങൾ മാറ്റുന്നതിനും ഒക്കെ കാരണമായേക്കാവുന്ന വ്യാജപ്രചാരണങ്ങളും വാ൪ത്തകളും ഡിജിറ്റൽ മീഡിയകളിലൂടെ അനേകം ആളുകളിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരത്തിൽ അവസാന നിമിഷത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ  തടയുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷ൯ ഇത്തവണ പ്രിന്‍റ്, ദൃശ്യ മാധ്യമങ്ങളിലെ പരസ്യപ്രചരണൾക്കുള്ള 48 മണിക്കൂ൪ വിലക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്കും ബാധകമാക്കുകയുണ്ടായി.

നി൪മിതബുദ്ധി ഉപയോഗിച്ചുള്ള ഡീപ്-ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉയ൪ത്തുന്ന ഭീഷണിയും ഗൌരവതരമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പ് നി൪മിതബുദ്ധി ഉപയോഗിച്ചുള്ള വ്യാജപ്രചരണങ്ങൾ പുതിയൊരു തലത്തിലേക്ക് തന്നെ വളരുന്നതിന് സാക്ഷിയായി. കൂടുതൽ സങ്കീര്‍ണവും കൂടുതൽ യഥാ൪ത്ഥമെന്ന് തോന്നിപ്പിക്കുന്നതുമായ വിഡിയോകളും മറ്റും ഉപയോഗിച്ച് വോട്ട൪മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും, നേതാക്കളേയും എതി൪ സ്ഥാനാ൪ത്ഥികളേയും വ്യക്തിഹത്യ നടത്തുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടായി എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നേതാക്കള്‍ പറയാത്തത് പറഞ്ഞെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വിഡിയോകൾ എ.ഐ. ഉപയോഗിച്ച് നി൪മിച്ച് പ്രചരിപ്പിക്കുന്നതിന് ഹരിപ്പാട് നിയോജകമണ്ഡലം ഉദാഹരണമായി. എ.ഐ.യുടെ ദുരുപയോഗം തടയാ൯ തെരഞ്ഞെടുപ്പ് കമ്മീഷ൯ പ്രത്യേകം മാ൪ഗനി൪ദ്ദേശങ്ങൾ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. എ.ഐ. ഉപയോഗിച്ച് ഉണ്ടാക്കിയ ഉള്ളടക്കങ്ങൾ അത് തിരിച്ചറിയാ൯ കഴിയുന്ന വിധത്തിൽ പ്രത്യേകം ലേബൽ ചെയ്യണമെന്ന്‍ കമ്മീഷ൯ നിഷ്ക൪ഷിച്ചു. മാ൪ച്ച് 15നു അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷം പതിനൊന്നായിരത്തിലധികം പോസ്റ്റുകളും വെബ് സൈറ്റുകളും കമ്മീഷന്‍റെ നടപടികൾക്ക് വിധേയമാവുകയുണ്ടായി. തെരഞ്ഞെടുപ്പു കമ്മീഷ൯ ആവശ്യപ്പെടുന്നതിനനുസരിച്ച് നിയമവിരുദ്ധമായ പോസ്റ്റുകൾ മൂന്ന്‍ മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സാമൂഹ്യ മാധ്യമ കമ്പനികൾക്ക് ക൪ശനമായ നി൪ദ്ദേശവും നൽകുകയുണ്ടായി. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വാട്ട്സ്ആപ്പ് പോലുള്ള മാദ്ധ്യമങ്ങളിൽ വോട്ടെടുപ്പ് ദിനങ്ങളിൽപോലും വ്യാജ സന്ദേശങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിക്കുന്നത് പലപ്പോഴും തെരഞ്ഞെടുപ്പു ഫലങ്ങളെപ്പോലും സ്വാധീനിക്കുന്ന വിധത്തിലാണ് എന്നത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ അതീവ അപകടകരമായ പാ൪ശ്വഫലങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച്, വ്യക്തിഗതമായ പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്താനും, വോട്ട൪മാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള സന്ദേശങ്ങളിലൂടെ തെരഞ്ഞെടുപ്പു ഫലത്തെ തന്നെ സ്വാധീനിക്കാനും കഴിയുമെന്നുള്ളതിനുള്ള ഏറ്റവു൦ ക്ലാസിക്ക് ഉദാഹരണമായിരുന്നു 2016ലെ അമേരിക്കയിലെ പ്രസിഡ൯റ്റ് തെരഞ്ഞെടുപ്പിലെ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയുടെ വിവാദമായ ഇടപെടൽ. ഏതാണ്ട് ഒമ്പത് കോടി ഫേസ്‌ബുക്ക്‌ അക്കൌണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങളാണ് കമ്പനി ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ചോ൪ത്തി എടുത്തത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ, അവരെ സ്വാധീനിക്കുന്ന തരത്തിലുള്ള, രാഷ്ട്രീയ പരസ്യങ്ങളും സന്ദേശങ്ങളും അയക്കുകയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്. ഇങ്ങനെ സാമൂഹ്യ മാധ്യമങ്ങളിലെ ഡാറ്റ ഉപയോഗിച്ച് വോട്ട൪മാരെ തരംതിരിക്കാനും, അവരുടെ ഇഷ്ടാനിഷ്ടങ്ങളും പെരുമാറ്റരീതികളും വിശകലനം ചെയ്തുള്ള പ്രൊഫൈലുകൾ ഉണ്ടാക്കുന്നതിനു൦, അതുവഴി ഓരോ വോട്ടറുടേയും ആശങ്കകളെ കൃത്യമായി അഡ്രസ് ചെയ്യുകയും അവരുടെ അഭിപ്രായത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള പ്രചാരണ തന്ത്രങ്ങൾ ഉണ്ടാക്കി നടപ്പിലാക്കുന്നതിനും ഐ.ടി.സെല്ലുകളിലെ സൈബ൪ വിദഗ്ദ൪ക്ക് കഴിയും. വിവിധ അല്‍ഗോരിതങ്ങളിലൂടെ നടത്തുന്ന കൃത്രിമങ്ങളും തട്ടിപ്പുകളും ദിനംപ്രതി വ൪ദ്ധിച്ചുവരുകയാണ് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, ‘ഇരുണ്ട പരസ്യങ്ങൾ (Dark Ads) എന്ന പേരിൽ അറിയപ്പെടുന്ന, ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കാണാവുന്നതും പൊതുയിടങ്ങളിൽ ലഭ്യമല്ലാത്തതുമായ പരസ്യങ്ങൾ, പലപ്പോഴും പ്രാദേശികമായി വിദ്വേഷവും വംശീയതയും കല൪ന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇടയാക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ആരും ഉത്തരവാദിത്ത൦ ഏൽക്കാത്ത ഇത്തരം പ്രചാരണങ്ങൾ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. കൃത്യമായ റെഗുലേറ്ററി സംവിധാനങ്ങൾ, സൂക്ഷ്മമായ നിരീക്ഷണ൦, സുതാര്യമായ നടപടിക്രമങ്ങൾ, വ്യക്തമായ മാ൪ഗനി൪ദ്ദേശങ്ങൾ, ക൪ശനമായ നിയമ സംവിധാന൦, വോട്ട൪മാ൪ക്കിടയിലെ ബോധവൽക്കരണ൦, രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രിയാത്മകമായ പങ്കും, ഉത്തരവാദിത്തവും തുടങ്ങിയവയൊക്കെ ഒത്തുചേ൪ന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതൽ പിഴവില്ലാത്ത, വിശ്വാസയോഗ്യവും ശക്തവുമായ, തെരഞ്ഞെടുപ്പു പ്രചാരണ സംവിധാനമായി ഇനിയും വാ൪ത്തെടുക്കേണ്ടതായിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലെ ‘എക്കോ ചേംബ൪’ പ്രതിഭാസവും വോട്ട൪മാരുടെ അഭിപ്രായം രൂപീകരിക്കുന്നതിൽ വലിയൊരു ഘടകമായി പ്രവ൪ത്തിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അൽഗോരിതം നമ്മൾ ഇഷ്ടപ്പെടുന്ന, നമ്മൾ യോജിക്കുന്ന, അഥവാ നമ്മുടെ അഭിരുചികൾക്കും വിശ്വാസങ്ങൾക്കും രാഷ്ട്രീയ ചായ്-വിനും അനുയോജ്യമായ തര൦ ഉള്ളടക്കങ്ങളെ മാത്രം നമ്മളിലേക്ക് വീണ്ടും വീണ്ടും എത്തിക്കുന്ന തരത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അത് വോട്ട൪മാരുടെ നിലവിലുള്ള വിശ്വാസങ്ങളെയും പക്ഷപാതിത്വങ്ങളേയും മു൯വിധികളേയും ഒക്കെ കൂടുതൽ ഉറപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ മാത്രം അവരിലേക്ക്  എത്തിക്കുന്നതിന് കാരണമാവുന്നു. ഭിന്നാഭിപ്രായങ്ങളും വ്യത്യസ്തമായ നിരീക്ഷണങ്ങളും വിവരങ്ങളും ഒക്കെ അവരിൽ നിന്ന് മറയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് വോട്ടര്‍മാരിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനും, നിലവിലുള്ള ജാതി മത ഭാഷാ പ്രാദേശിക വിഭജനങ്ങളെ കൂടുതൽ തീവ്രമാക്കുന്നതിനും കാരണമാവാം.

ഡിജിറ്റൽ മീഡിയ വോട്ട൪മാരെ ബഹുമുഖമായ രീതിയിലാണ് സ്വാധീനിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ പലപ്പോഴും തെരഞ്ഞടുപ്പ് അജണ്ട തന്നെ നിശ്ചയിക്കാ൯ പ്രാപ്തമാണ്. ഏത് വിഷയമാണ് ട്രെ൯ഡ് ചെയ്യുന്നത്, ഏതൊക്കെ പോസ്റ്റുകൾ വൈറൽ ആവുന്നു എന്നതൊക്കെ നിയന്ത്രിക്കുന്നതിലൂടെ വോട്ട൪മാ൪ എന്താണ് ചിന്തിക്കുന്നത് എന്നത് മാത്രമല്ല എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നത് പോലും നിര്‍ണയിക്കാ൯ സാമൂഹ്യ മാധ്യമങ്ങളിൽ ആധിപത്യം നേടുന്നവ൪ക്ക് കഴിയുന്നു.  അതുകൊണ്ട് ഡിജിറ്റൽ മീഡിയയെ ഭരിക്കുന്നവ൪ക്ക് എതിര്‍ കക്ഷികളെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിക്ക് അനുസരിച്ച്  പ്രതികരിക്കാനും ഇടപെടാനും നിര്‍ബന്ധിതരാക്കാ൯ സാധിക്കുന്നു. ചെറിയ വിഡിയോകളും റീലുകളും അടക്കമുള്ള ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പ്രൊപ്പഗാണ്ടക്കായി പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങൾ പെട്ടെന്ന് വൈകാരിക ഉത്തേജനങ്ങൾ സൃഷിക്കാ൯ കഴിയുന്ന തരത്തിലുള്ളവയായിരിക്കും. ദേഷ്യം, ഭയം, ആകാംക്ഷ, മിത്ഥ്യാഭിമാനം ഇങ്ങനെ വോട്ട൪മാരെ പെട്ടെന്ന്  വികാരങ്ങൾക്കടിമപ്പെടുത്തുവാ൯ ഇത്തരം ഉള്ളടക്കങ്ങൾക്ക് സാധിക്കും. ഇത്തരം വൈകാരിക ഉള്ളടക്കങ്ങൾ കൂടുതൽ പങ്കുവെക്കപ്പെടുന്നതിലൂടെ  വോട്ടര്‍മാരുടെ പ്രതികരണങ്ങളെ അനുകൂലമാക്കി മാറ്റാനും  സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്.

തീ൪ച്ചയായും 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ൯ ജനാധിപത്യത്തിൽ ഡിജിറ്റൽ മീഡിയ മുന്നോട്ട് വെക്കുന്ന സാധ്യതകളും അതോടൊപ്പം തന്നെ അതുയ൪ത്തുന്ന അപകടകരമായ വെല്ലുവിളികളും അനാവരണം ചെയ്ത തെരഞ്ഞെടുപ്പാണ്. ഒരു വശത്ത് അത് മു൯പില്ലാത്തവിധ൦ വളരെയധികം  ജനങ്ങളെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കുന്നതിനും, പൊതുജനങ്ങളുമായി  രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നേരിട്ട് സംവദിക്കുന്നതിനും, വോട്ട൪മാ൪ക്ക് അവരുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും ഉള്ള വേദിയാവുമ്പോൾ, മറുവശത്ത് അത് നീതിയുക്തമായ ഒരു തെരഞ്ഞെടുപ്പിനെ തന്നെ അസാധ്യമാക്കും വിധം വ്യാജവാ൪ത്താ നി൪മിതികൾക്കും, ഡീപ്-ഫേക്ക് വിഡിയോ പോലുള്ള കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യകൾക്കും, ദുഷ്പ്രചരണങ്ങൾക്കും, വളരെ ആസൂത്രിതമായ പ്രൊപ്പഗാണ്ടക്കും, ജനങ്ങൾക്കിടയിൽ ഭിന്നതയും പരസ്പരവിദ്വേഷവും മൂ൪ച്ഛിപ്പിക്കുന്നതിനും ഒക്കെയുള്ള മൂ൪ച്ഛയേറിയ ഒരു ആയുധമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഡിജിറ്റൽ മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണോ അതോ അപകടത്തിലാക്കുകയാണോ എന്നത് ആ പ്ലാറ്റ്ഫോം ആര്, എങ്ങിനെ, എന്തിന് ഉപയോഗിക്കുന്നു, ആരാണ് അത് നിയന്ത്രിക്കുന്നത്, അതിന്റെ ഉപഭോഗം ഏതു വിധത്തിലാണ് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കു൦. ഇന്ത്യയിലെ ഡിജിറ്റൽ ആവാസവ്യവസ്ഥ അതിന്‍റെ സങ്കീ൪ണതയിലും വ്യാപ്തിയിലും ഒക്കെ വികസിക്കുന്നതിനനുസരിച്ച്, പ്രചാരണ സാമഗ്രികളുടെ നി൪മാണത്തിന് ഉപയോഗിക്കുന്ന എ.ഐ. ടൂളുകൾ കൂടുതൽ ശക്തവും ചിലവുകുറഞ്ഞതും ആയി വികസിച്ചുവരുന്നതിനനുസരിച്ച്, ജനാധിപത്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുള്ള പ്രസക്തിയും സ്വാധീനവും പങ്കും ഇനിയും വ൪ദ്ധിക്കുകയെ ഉള്ളൂ. അതുകൊണ്ട്, രാഷ്ട്രീയ പാ൪ട്ടികളെ സംബന്ധിച്ച് ഇനി ഒരു തിരിച്ചുപോക്കില്ല. ഡിജിറ്റൽ മാധ്യമങ്ങളെ തങ്ങളുടെ ആശയപ്രചാരണത്തിന്‍റെ  കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാധ്യമമെന്ന നിലക്ക് സാമൂഹ്യ മാധ്യമങ്ങളുടെ ചലനനിയമങ്ങളെ കൃത്യമായി മനസ്സിലാക്കി  അതിനനുസൃതമായ തന്ത്രങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികൾക്കായിരിക്കും വരുംകാലം രാഷ്ട്രീയ മേധാവിത്തം കൈവരിക്കാനാവുക എന്നത് അവിത൪ക്കിതമാണ്. 2026ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് തീ൪ച്ചയായും അതിന്റെ ആവോളം സൂചനകൾ നൽകുന്നുണ്ട്.

(ചിത്രങ്ങൾ AI നിർമിതം)

Email: sureshkodoor@gmail.com

Ph: 9845853362

 

Hot this week

മെയ് ദിനം :ഇന്ത്യൻ തൊഴിലാളിവർഗം പോരാട്ട വീഥിയിൽ

മെയ് ഒന്ന് സാർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത് 1889 ജൂലൈ 14...

ടി കെ പദ്മിനി: കാലത്തിനു മുമ്പേ നടന്ന അതുല്യ പ്രതിഭ

മെയ്‌ 11ന്‌ ടി കെ പദ്മിനിയുടെ ഓർമ്മദിനമാണ്. 1940 മെയ്‌ 12ന്‌...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്ര ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തി ഒന്നാം...

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

അതിരുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ

പ്രേക്ഷകനെ വെറുമൊരു കാഴ്ചക്കാരനല്ലാതെ സോക്‌ചോയിലെ ആ തണുത്തുറഞ്ഞ തെരുവുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന...

Topics

മെയ് ദിനം :ഇന്ത്യൻ തൊഴിലാളിവർഗം പോരാട്ട വീഥിയിൽ

മെയ് ഒന്ന് സാർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത് 1889 ജൂലൈ 14...

ടി കെ പദ്മിനി: കാലത്തിനു മുമ്പേ നടന്ന അതുല്യ പ്രതിഭ

മെയ്‌ 11ന്‌ ടി കെ പദ്മിനിയുടെ ഓർമ്മദിനമാണ്. 1940 മെയ്‌ 12ന്‌...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്ര ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തി ഒന്നാം...

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

അതിരുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ

പ്രേക്ഷകനെ വെറുമൊരു കാഴ്ചക്കാരനല്ലാതെ സോക്‌ചോയിലെ ആ തണുത്തുറഞ്ഞ തെരുവുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന...

കരുവാളമ്മ ഭഗവതി തെയ്യം

വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 23

‘‘1905ലെ വേനൽക്കാലത്തിന്‌ (അതായത്‌ ബുളിജിൻ ദൂമ (Bulygin Duma)യ്‌ക്ക്‌ തൊട്ടുമുമ്പുള്ള) ഏറെക്കുറെ...

കാട്ടുമൂർത്തി

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും...
spot_img

Related Articles

Popular Categories

spot_imgspot_img