യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

എ.എം. ഷിനാസ്

AI ചിത്രം

മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി രൂക്ഷപരിഹാസത്തോടെ ഒരു പരമാര്‍ത്ഥം പറഞ്ഞു’ഇന്ത്യക്കാര്‍ നല്ല പ്രവര്‍ത്തകരാണ്. മുന്‍പ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ലെന്ന്  അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സമ്മതിച്ചു. ഇപ്പോള്‍ റഷ്യയില്‍ നിന്ന്  എണ്ണ വാങ്ങാന്‍ ‘അനുമതി’ നല്‍കിയപ്പോള്‍ അതും അനുസരിച്ചു’. ഈ വിദേശനയത്തെയാണ് ‘തന്ത്രപരമായ സ്വയംഭരണം’ എന്ന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പേര്‍ത്തും പേര്‍ത്തും വിശേഷിച്ചു പോരുന്നത്.

സ്കോട്ട് ബെസന്‍റ

ഇതേ വിദേശനയത്തെ തന്നെയാണ് (ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെപ്പറ്റി ) കോണ്‍ഗ്രസ്  പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂരും മനീഷ് തിവാരിയും വാനോളം വാഴ്ത്തിയത്. രാജാവിനില്ലാത്ത രാജഭക്തിയോടെ തരൂര്‍ എഴുതി: “കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഉത്തരവാദിത്തമുള്ള ഭരണതന്ത്രമാണ്. ധാര്‍മികമായ അടിയറവല്ല. കേന്ദ്രസര്‍ക്കാറിന്‍റെ മൗനം യുദ്ധത്തെ അംഗീകരിക്കുന്ന നിലപാടല്ല. ഇറാന്‍റെ പരമോന്നത നേതാവ്  കൊല്ലപ്പെട്ട സാഹചര്യത്തില്‍ അനുശോചനം രേഖപ്പെടുത്താമായിരുന്നു. അതേസമയം, മൗനം അവലംബിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. തത്വങ്ങളെ പ്രായോഗികതയുമായി കൂട്ടിയിണക്കുന്ന നിലപാടുകളാണ് ഈ വിദേശനയം”. ഉടനെ വന്നു മനീഷ് തിവാരിയുടെ ന്യായീകരണം: “ഇത് നമ്മുടെ യുദ്ധമല്ല. നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ഏറ്റവും മികച്ച നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്”. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്ന നിലപാട് വളച്ചുകെട്ടാതെ പറയുകയായിരുന്നു ഇരുവരും. അതിന് തക്കതായ കാരണമുണ്ട്.

പതിനൊന്നു വര്‍ഷമായുള്ള ‘മോഡി ഇന്ത്യ’ യുടെ ഇന്ത്യ -ഇസ്രയേല്‍- അമേരിക്ക ബ്രൊമാന്‍സ്  തുടങ്ങുന്നതിനു മുന്‍പു  തന്നെ ഇറാനെ ഞെട്ടിച്ച ‘പ്രായോഗികതയുടെ നയവഞ്ചന’, യു പി എ സര്‍ക്കാര്‍ അമേരിക്കപ്പേടി കാരണം ഭരണതന്ത്രമായി പുറത്തെടുത്തിരുന്നു. യു പി എ സര്‍ക്കാരുകള്‍ തുടങ്ങി മുന്നോട്ടുകൊണ്ടുപോയ വിദേശനയമാണ്  2016 മുതല്‍ നാട്യങ്ങളും നാണവുമില്ലാതെ മോദി സര്‍ക്കാര്‍ തീവ്രതരമായി നടപ്പാക്കുന്നത് . ഇതിനെ തന്ത്രപരമായ സ്വയംഭരണം (strategic autonomy) എന്നല്ല, തന്ത്രത്തിന്‍റെ തരിമ്പോ ധാര്‍മികതയുടെ അണുമാത്രയോ ഇല്ലാത്ത, ദാസോചിതമായ വിദേശനയം (servile foreign policy) എന്നാണ് വിളിക്കേണ്ടത്.

നമ്മുടെ വിദേശനയത്തെ കുറച്ചു കാലമായി ചേരിചേരാനയം എന്നല്ല,തന്ത്രപരമായ സ്വയംഭരണം എന്നാണ് വിളിക്കുന്നത്. അതിപ്പോള്‍ തന്ത്രവും സ്വയംഭരണവും അഗണ്യകോടിയില്‍ തള്ളി അവസരവാദപരമായ ആശ്രിതത്വമോ (opportunistic dependence) അടിമത്തപരമായ പാരതന്ത്ര്യമോ ആയി മാറിയിരിക്കുന്നു. അമേരിക്കപ്പേടി മൂലമുള്ള ഈ ആശ്രിതവിദേശനയത്തിന്‍റെയും ഇന്ത്യ ഇറാനെ ചതിച്ചതിന്‍റെയും ചരിത്രത്തില്‍ രണ്ടു പതിറ്റാണ്ടു മുന്‍പുള്ള യു പി എ ഭരണകാലത്തെ രണ്ട് ‘മുന്തിയ’ ഉദാഹരണങ്ങള്‍മാത്രം ചുരുക്കി പറയാം.

മണി ശങ്കര്‍ അയ്യര്‍

ഒന്നാം യു പി എ സര്‍ക്കാറിന്‍റെ കാലത്ത്  മണി ശങ്കര്‍ അയ്യര്‍പെട്രോളിയം മന്ത്രി ആയിരിക്കെയാണ്  ഇന്ത്യ-പാകിസ്ഥാന്‍-ഇറാന്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിഭാവനം ചെയ്തതും ചര്‍ച്ചകള്‍ തുടങ്ങിയതും.ഇറാനിലെ സൗത്ത്  പാര്‍സ്  വാതകപ്പാടത്തില്‍ നിന്ന്  ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ വഴി പ്രകൃതിവാതകം എത്തിക്കാനുള്ള പദ്ധതിയില്‍ തുടക്കത്തില്‍ യു പി എ സര്‍ക്കാര്‍ പ്രതിബദ്ധത പുലര്‍ത്തി. 2700 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ്ലൈന്‍ ‘പീസ് പൈപ്പ് ലൈന്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടു. കാരണം,പാകിസ്ഥാനും പ്രകൃതിവാതകവും സാമ്പത്തികഗുണവും ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത് . ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ദക്ഷിണപൂര്‍വേഷ്യ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ‘ഏഷ്യന്‍ ഗ്യാസ് ഗ്രിഡ്’ ആയി ഭാവിയില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചതായിരുന്നു ഇത്. അമേരിക്കപദ്ധതിയ്ക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നു. ഇറാനെതിരെയുള്ള ഉപരോധങ്ങളും ആ രാഷ്ട്രത്തിന്‍റെ ‘ആണവമോഹ’വും മാത്രമല്ല വാഷിങ്ടണ്‍ ചൂണ്ടിക്കാട്ടിയത്.

ഈ പദ്ധതി ഇറാനെ സാമ്പത്തികമായി ശക്തമാക്കുമെന്നും പറഞ്ഞു. ഇന്ത്യ -യു എസ്  സിവില്‍ ആണവ കരാര്‍ ഒപ്പുവെക്കാന്‍ ധാരണയായതോടെ ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ താല്പര്യങ്ങള്‍ക്ക് വഴങ്ങി പൈപ്പ് ലൈന്‍ പദ്ധതി കുഴിച്ചുമൂടി. 2006 ല്‍ മണി ശങ്കര്‍ അയ്യരെ മന്ത്രിസ്ഥാനത്തു നിന്ന്  മാറ്റി. അമേരിക്കനനുകൂലിയായ മുരളി ദേവ്‌റയെ പ്രതിഷ്ഠിച്ചു . മണി ശങ്കര്‍ അയ്യര്‍ പിന്നീട്  പറഞ്ഞത്  ‘അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് മുന്‍പില്‍ ഇന്ത്യയുടെ നടുവളഞ്ഞു’ എന്നാണ്. വിലക്കുറവില്‍ പ്രകൃതിവാതകവും ദീര്‍ഘകാല വിതരണസ്ഥിരതയും നല്‍കുമായിരുന്ന ഈ പദ്ധതി ചരിത്രപരമായ അവസരമായിരുന്നു. സാമ്പത്തികയുക്തിയെയും രാജ്യത്തിന്‍റെ ഊര്‍ജ്ജസു രക്ഷയെയും പാടെ തള്ളുകയും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പുല്‍കുകയും ചെയ്ത ഇന്ത്യയുടെ അന്നത്തെ തീരുമാനം രാജ്യത്തിന്‍റെ സ്വതന്ത്ര വിദേശനയത്തില്‍ നിന്നുള്ള വമ്പിച്ച വിച്ഛേദമായിരുന്നു.

2009 ലാണ് പ്രമുഖ ഇസ്രയേലി പത്രമായ ഹാരെറ്റ്സില്‍ ശശി തരൂര്‍

ശശി തരൂര്‍

‘India’s Israel envy’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയത്. ഗാസയില്‍ 2008-2009 ല്‍ ഇസ്രയേല്‍ നടത്തിയ നരമേധത്തിന്‍റെയും 2008 ലെ മുംബൈഭീകരാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലെ പലരും (പ്രത്യേകിച്ച് ഹിന്ദുത്വവാദികള്‍) ഇസ്രയേലിനെ ഇന്ത്യ അനുകരിക്കണമെന്ന് അസൂയകൊള്ളുന്ന സന്ദര്‍ഭത്തില്‍ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അക്കമിട്ടു നിരത്തുന്ന ലേഖനമായിരുന്നു അത് . ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന സൈനിക ദേശീയവാദത്തെ വിമര്‍ശിച്ച ലേഖനം,ഇസ്രയേലിനെപ്പോലെ ഇന്ത്യക്ക്  ഒറ്റപ്പെട്ടു നില്‍ക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്ക്  രാഷ്ട്രീയമായും ധാര്‍മികമായും നൈതികമായും ഇസ്രയേലിനെപ്പോലെ പെരുമാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും അട്ടത്തുവെച്ച് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചുകൊണ്ടിരിക്കുകയും ആ രാഷ്ട്രത്തിന്‍റെ പരമോന്നത നേതാവിനെയും മറ്റു പ്രമുഖരെയും വധിക്കുകയും ചെയ്തിട്ടും ഇന്നത്തെ ഇന്ത്യ അതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താതിനെ ധാര്‍മികതയും നൈതികതയും മാറ്റിവെച്ചു പ്രായോഗിക ഭരണതന്ത്രമായി ന്യായീകരിക്കുന്നത് കാപട്യമാണ്. അല്ലെങ്കില്‍ ഇസ്രയേല്‍, അമേരിക്കവിധേയത്വമാണ്.

ഈ അമേരിക്കന്‍ ദാസ്യവും ഇറാനോടുള്ള വഞ്ചനയും മോദിക്കാലത്ത് പൂര്‍വാധികം ശക്തിപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നയിച്ച ഒന്നാം യു പി എ സര്‍ക്കാരാണ് ആദ്യമായി ഇറാന് കനത്ത പ്രഹരം നല്‍കിയത്. 2005 ല്‍ യുഎസ്  പിന്തുണയോടെ ഇ യു -3 രാജ്യങ്ങള്‍ (ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് ) അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ആണവ നിര്‍വ്യാപന കരാറിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇറാന്‍ പാലിക്കുന്നില്ല എന്നായിരുന്നു പ്രമേയത്തിലെ ആരോപണം. ഇന്ത്യ ആ പ്രമേയത്തിന്  അനുകൂലമായി വോട്ടുചെയ്തത്  ടെഹ് റാനെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. ചൈനയും റഷ്യയും ദക്ഷിണ ആഫ്രിക്കയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വെനസ്വേല എതിര്‍ത്തു വോട്ടുചെയ്തു. ഈ നയത്തിന്‍റെ സാന്ദ്രരീതിയാണ് മോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനെ തരൂര്‍-തിവാരിമാര്‍ കൈകൊട്ടി കൊണ്ടാടുന്നതില്‍ മുന്‍ചരിത്രം വെച്ചുനോക്കുമ്പോള്‍ അസ്വാഭാവികതയില്ല. നാടകമായി തോന്നുന്നത് കോണ്‍ഗ്രസ്നേതൃത്വത്തിന്‍റെ എതിര്‍പ്പാണ്. കാരണം, അവരാണ് ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പാർട്ണറാക്കി വൈറ്റ്ഹൗസിന്‍റെ വിദേശനയത്തിന്‍റെ നുകത്തില്‍ കെട്ടാനുള്ള ഗൃഹപാഠവും പ്രാരംഭപ്രവര്‍ത്തനവും നന്നായി നിര്‍വഹിച്ചത്.

മോഡിയും നേതന്യാഹുവും

2026 ഫെബ്രുവരി 25 ന് ഇസ്രയേല്‍ പാര്‍ലിമെന്റായ നെസെറ്റില്‍ ഭാഷണം നടത്താനുള്ള ‘സൗഭാഗ്യം’ മോദിക്ക് ലഭിച്ചു. ഭാഷണമധ്യേ മോദി പറഞ്ഞു : ‘ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ച വര്‍ഷം തന്നെയാണ് ഞാന്‍ ജനിച്ച വര്‍ഷം. ഈ മുഹൂര്‍ത്തത്തിലും ഇതുകഴിഞ്ഞും ഇസ്രായേലിനൊപ്പം അചഞ്ചലമായി, പൂര്‍ണവിശ്വാസത്തോടെ ഇന്ത്യ നിലയുറപ്പിക്കും. ഇസ്രയേലിലെ ജൂതരായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യ മാതൃരാജ്യവും ഇസ്രയേല്‍ പിതൃരാജ്യവുമാണ്.’ തുടര്‍ന്ന് 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ കൂട്ടക്കൊലയെ അപലപിക്കുകയും ‘സിവിലിയന്‍മാരുടെ കൊലയെ ഒരു കാരണവും ന്യായീകരിക്കില്ല’ എന്ന് ആണയിടുകയും ചെയ്തു. ഒക്ടോബര്‍ 7 മുതല്‍ 75000 പലസ്തീന്‍കരെയാണ് നെതന്യാഹു ഭരണകൂടം വംശഹത്യയ്ക്ക് ഇരയാക്കിയത്. അവരില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ് . ഇവരൊക്കെ സിവിലിയന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടില്ലേ എന്ന ചോദ്യം, 2002 ല്‍ ഗുജറാത്തില്‍ വംശഹത്യക്ക് കാര്‍മികത്വം വഹിച്ച ഒരു ഭരണകൂടത്തെ നിയന്തിച്ച മോദിക്ക് മനസ്സിലാവില്ല.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള 2000 വര്‍ഷത്തെ ഊഷ്മളബന്ധത്തെപ്പറ്റിയും മോദി വാചാലനായി. (ഇസ്രയേല്‍ 1948 ലാണ് സ്ഥാപിക്കപ്പെട്ടതെന്ന വസ്തുതയ്ക്ക്   സ്നേഹാതിരേക നിമിഷത്തില്‍ പ്രസക്തിയില്ല!)

 2000 വര്‍ഷത്തേക്കാള്‍ പഴക്കമുണ്ട് ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന് . എന്നിട്ടും ഇറാനെ ചര്‍ച്ചാപ്രഹസനമധ്യേ ഇസ്രയേലും അമേരിക്കയും ആക്രമിച്ചത് മോദി ഇസ്രയേലില്‍ നിന്നു മടങ്ങി രണ്ടു ദിവസം കഴിഞ്ഞാണ് . അപ്പോള്‍ മോദിയോ, ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രിയോ അക്രമത്തെ അപലപിക്കാനോ ഇറാന്‍റെ പരമോന്നത നേതാവിനെയും കുടുംബത്തെയും ഇസ്രയേല്‍-അമേരിക്ക കൂട്ടുകെട്ട്  പട്ടാപ്പകല്‍ വധിച്ചതില്‍ അനുശോചനം രേഖപ്പെടുത്താനോ തയ്യാറായില്ല. ആറു ദിവസം കഴിഞ്ഞു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാന്‍ എംബസിയില്‍ ചെന്നാണ് പേരിന് മാത്രം അനുശോചനം കുറിച്ചത്. മോദിയാകട്ടെ ഇറാന്‍ തിരിച്ചടി തുടങ്ങിയപ്പോള്‍ താമസംവിനാ നെതന്യാഹുവിനെയും ജി സി സി രാഷ്ട്രത്തലവന്മാരെയും വിളിച്ചു. അപ്പോഴും ഇറാനിലെ, പ്രകോപനമില്ലാതെ ആക്രമിക്കപ്പെട്ട രാഷ്ട്രത്തിലെ ആരെയും

വിളിക്കാതിരിക്കാന്‍ മോദി ശ്രദ്ധിച്ചു. ഇന്ത്യയുടെ പക്ഷപാതപരമായ ഈ പ്രതികരണത്തെക്കുറിച്ച് ഒരു മുന്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു: ‘പരമാധികാര രാജ്യങ്ങളുടെ നേതാക്കളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതുമായ ഭീകരപ്രവണത നാഗരികലോകത്തു നില്‍ക്കുന്ന രാജ്യങ്ങള്‍ എതിരിടണം. ലോകരാജ്യങ്ങള്‍ ഈ കുല്‍സിതപ്രവര്‍ത്തനനങ്ങള്‍ക്കെതിരെ രംഗത്തു വരുന്നില്ലെങ്കില്‍ അവരില്‍ ആരെങ്കിലുമാകും സാമ്രാജ്യത്വത്തിന്‍റെ മെനുവിലെ അടുത്ത ഇര എന്ന്  തിരിച്ചറിയുന്നത് നല്ലതാണ് . ഈ തിക്തസത്യത്തിന്‍റെ ചെറിയ ഡോസ് തീരുവയുടെ രൂപത്തില്‍ മോദി സര്‍ക്കാരിന് കിട്ടിയതാണ്.  അപ്പോള്‍ പോലും അമേരിക്കയുടെ അനുശാസനങ്ങള്‍ അനുസരിച്ചു അടിയറവ് പറയുന്ന ഒരു വാണിജ്യ കരാറിനാണ് ഇന്ത്യ സമ്മതം മൂളിയത്. ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക ‘സമ്മതിക്കേണ്ട’ അവസ്ഥയെപ്പോലും ഭരണകര്‍ത്താക്കള്‍ ‘പുണ്യ’മായി കരുതുന്ന പരിതോവസ്ഥ വന്നുചേര്‍ന്നു.

അക്ഷരാര്‍ത്ഥത്തിലുള്ള ഈ കോളനീകരണം ദുരന്തമായല്ല,അതുമായി സഹര്‍ഷം മെരുങ്ങി, ഇണങ്ങി പൊരുത്തപ്പെടാനാണ്  കേന്ദ്രഭരണകൂടം പറയുന്നത്. നെതന്യാഹുവിന്‍റെ ക്ഷണം സ്വീകരിച്ചാണ്  മോദി ഇസ്രയേലില്‍ പോയത് . അതും ഏതു നിമിഷവും അമേരിക്കയോ ഇസ്രയേലോ ഇറാനെ ആക്രമിക്കുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരിക്കുമ്പോള്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഈ സന്ദര്‍ശനത്തെക്കുറിച്ച് ബ്രീഫിങ് നടത്തിയിരുന്നില്ല. സന്ദര്‍ശനത്തെക്കുറിച്ച് ടെല്‍ അവീവില്‍ നിന്നാണ് വിവരം കിട്ടുന്നത്. മോദി തന്‍റെ ‘വ്യക്തിപരമായ സുഹൃത്താ’ണ്  എന്നു  പറഞ്ഞ നെതന്യാഹു തന്നെയാണ് മീഡിയ മാനേജുമെൻറ്റ്  ഉള്‍പ്പെടെ നിര്‍വഹിച്ചത് . സൃഗാലബുദ്ധിയുള്ള നയതന്ത്രജ്ഞന്‍ കൂടിയായ നെതന്യാഹുവിന്  ആരില്‍ നിന്നും  എപ്പോള്‍, എന്തൊക്ക നേടിയെടുക്കണമെന്ന് നന്നായി അറിയാം. ലോകത്തെ മിക്കവാറും ഭരണകര്‍ത്താക്കള്‍ നെതന്യാഹുമായുള്ള ഇടപഴകല്‍ ഒഴിവാക്കുമ്പോള്‍ മോദി ഇങ്ങനെയുള്ള നിര്‍ണായകവും പ്രക്ഷുബ്ധവുമായ സന്ദര്‍ഭത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത്  നെതന്യാഹുവിന്  പ്രതീകാത്മകബലമാണു  നല്‍കിയത്.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എത്രമേല്‍ ആ രാഷ്ട്രം അന്തര്‍ദേശീയമായി അകറ്റിനിര്‍ത്തപ്പെടുന്നുവോ അത്രമേല്‍ ഇന്ത്യയുമായുള്ള ഹസ്തദാനം അതിന് ആവശ്യമാണ് . ഇസ്രായേല്‍ നൃശംസമായ വംശനശീകരണരാജ്യമാണെന്നതോ അന്താരാഷ്ട്രനിയമങ്ങളെ ശിക്ഷാഭീതിയില്ലാതെ അത് നിരന്തരം ലംഘിക്കുന്നു എന്നതോ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടാക്കുന്നില്ല. അതിനാണ് ‘യാഥാര്‍ഥ്യവാദം’ എന്നവര്‍ പറയുന്നത്. ‘ദേശീയതാല്പര്യം’ (ബി ജെ പി ഭരണകൂട താല്പര്യം) വരുമ്പോള്‍ ധാര്‍മികതയെ അഗണ്യകോടിയില്‍ തള്ളുക എന്നതാണത് . ഇങ്ങനെ സ്വാര്‍ത്ഥബുദ്ധിയും അവസരവാദവും നയമാക്കി ക്ഷണഭംഗുരനേട്ടങ്ങള്‍ തേടിയ രാജ്യങ്ങള്‍ക്ക്  ബഹുമാനവും കിട്ടിയിട്ടില്ല, ഉദ്ദേശിച്ച താൽപര്യങ്ങള്‍ പരിരക്ഷിക്കപ്പെട്ടിട്ടുമില്ല.

1930 കളില്‍ യൂറോപ്യന്‍ ശക്തികള്‍ ഹിറ്റ്ലറോട് കൊഞ്ചിക്കുഴഞ്ഞപ്പോള്‍ എന്തു  സംഭവിച്ചു എന്നത് ധാര്‍മികമായ അന്തസ്സാരവിഹീനതയുടെ ആഗോളപാഠമാണ്. ഈ ലോകത്ത് അതിജീവിക്കാന്‍ വിശ്വസ്തരാഷ്ട്രങ്ങള്‍ സുഹൃത്തുക്കളായും ചില അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിക്കുകയും വേണം. ട്രംപ്  പൊടുന്നനെ പാകിസ്ഥാനുമായി ‘പ്രണയ’ത്തിലായത് കേന്ദ്രം ഭരിക്കുന്നവര്‍ കണ്ടതാണല്ലോ. നെതന്യാഹു ഈയിടെയായി പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു കാര്യം ഷഡ്ഭുജസഖ്യത്തെക്കുറിച്ചാണ് . (Hexagon of Alliance)

പശ്ചിമേഷ്യയ്ക്കകത്തും ചുറ്റുമുള്ള രാജ്യങ്ങളുടെ സഖ്യമാണത്. ‘തീവ്രസ്വഭാവ’മുള്ള എതിരാളികളെ നേരിടാനാണത്രെ ഈ സഖ്യം. ഇന്ത്യയും ഗ്രീസും സൈപ്രസുമാണ്  ഈ സഖ്യത്തില്‍ ഇസ്രായേലിനു പുറമെ നെതന്യാഹു ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സമാനമായ തന്ത്രപരമായ ഉത്കണ്ഠകള്‍ പങ്കുവെയ്ക്കുന്ന നാഗരികസഖ്യമായിരിക്കുമത്രേ അത്. മേഖലയിലെ റാഡിക്കല്‍ അച്ചുതണ്ടിനെ നേരിടാനാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. ഷിയാ അച്ചുതണ്ട് മാത്രമല്ല, ഉയര്‍ന്നുവരുന്ന സുന്നി അച്ചുതണ്ടും ഇതില്‍ പെടും. തുര്‍ക്കിക്കും സൗദി അറേബ്യക്കുമെതിരെ ഇന്ത്യയെ കണ്ണിചേര്‍ക്കുകയാണ് ലക്ഷ്യം. കാശ്മീരിന്‍റെ കാര്യത്തില്‍ തുര്‍ക്കിയുടെ നിലപാടും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച പാകിസ്ഥാന്‍-സൗദി പ്രതിരോധ ഉടമ്പടിയും ഇന്ത്യയെ അനായാസം ഈ സഖ്യത്തിലേക്ക് ആകര്‍ഷിക്കുമെന്ന് നെതന്യാഹു കരുതുന്നു. ഈ ഇസ്രയേല്‍ മാടമ്പി മനസ്സില്‍ കാണുന്നത് ഒരു ഇസ്ലാമികവിരുദ്ധ സഖ്യമാണ്.

ഹിന്ദുത്വവും സയണിസവും തമ്മിലുള്ള താദാത്മ്യത്തെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങള്‍ വെച്ച് ‘മോഡി ഇന്ത്യ’യെ ഇസ്ലാമിനെതിരെ നിര്‍ത്താനാവുമെന്ന് നെതന്യാഹു പ്രതീക്ഷിക്കുന്നു. ഇത്  മോദിക്ക് അങ്ങനെ ചെറുക്കാനാവില്ലെന്നും അമേരിക്കയുടെ ‘ബി ബി’ കരുതുന്നു. ഇസ്രയേലിനോടുള്ള മമതയും അതിന്‍റെ ഭരണ സംവിധാനത്തെപ്പറ്റിയുള്ള മതിപ്പും വിവിധ തലങ്ങളിലുള്ള സംഘപരിവാര്‍ നേതാക്കള്‍ പലപാട് പ്രകടിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി ഇസ്രായേലിന്‍റെ സുരക്ഷാസംവിധാനത്തെ പരസ്യമായി പാടിപ്പുകഴ്ത്തിയത് 2016ലാണ് . ആ വര്‍ഷം ഒക്ടോബര്‍ 18 ന്  ഹിമാചല്‍ പ്രാദേശില്‍ നടന്ന ഒരു പൊതുയോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു : ‘നമ്മുടെ സൈന്യത്തിന്‍റെ വീരത്വത്തെക്കുറിച്ച് ഇപ്പോള്‍ രാജ്യമുടനീളം ചര്‍ച്ച ചെയ്യപ്പെടുന്നു. നമ്മള്‍ മുന്‍പ് കേട്ടിരുന്നത് ഇസ്രയേല്‍ ഈ നിലയില്‍ ശൗര്യം ആര്‍ജിച്ചിരുന്നു എന്നാണ്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ അവരെക്കാള്‍ ഒട്ടും പിന്നിലല്ല. 

ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്; 2017 ജൂലൈ 4-6 തിയതികളില്‍. പിന്നീട് 2018 ഫെബ്രുവരിയില്‍ മോദി വെസ്റ്റ്ബാങ്കും സന്ദര്‍ശിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ വെച്ച് മോദി പലസ്തീനുള്ള ഇന്ത്യന്‍പിന്തുണ തുടരുമെന്ന് പറഞ്ഞെങ്കിലും മുന്‍പ് ഇന്ത്യന്‍ നേതാക്കള്‍ സ്വതന്ത്രപരമാധികാര പലസ്തീനെപ്പറ്റി പറയുമ്പോള്‍ ഊന്നിപ്പറഞ്ഞിരുന്ന രണ്ട് പ്രധാനകാര്യങ്ങള്‍ ഒഴിവാക്കി. 2015 ല്‍ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ജോര്‍ദാനും ഇസ്രായേലും പലസ്തീനും സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ‘1967 ലെ അതിര്‍ത്തികളുള്ളതും കിഴക്കന്‍ ജറൂസലേം തലസ്ഥാനവുമായ സ്വതന്ത്രപരമാധികാര പലസ്തീനുവേണ്ടി ഇന്ത്യ നിലകൊള്ളും’ എന്നായിരുന്നു.

മോദി 2018 ല്‍ വെസ്റ്റ് ബാങ്കില്‍ വെച്ച്, 1967 ലെ അതിര്‍ത്തികള്‍, കിഴക്കന്‍ ജറൂസലേം എന്ന തലസ്ഥാനം എന്നീ രണ്ട് പരമപ്രധാന കാര്യങ്ങള്‍ ഒഴിവാക്കി. 2017 മെയില്‍ പലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി നടത്തിയ പലസ്തീന്‍ പ്രസ്താവത്തിലും 1967 ലെ അതിര്‍ത്തികളും കിഴക്കന്‍ജറൂസലേം എന്ന ഭാവി പലസ്തീന്‍ തലസ്ഥാനവും ഉണ്ടായിരുന്നില്ല. സ്റ്റാന്‍ലി ജോണി Original sin:Israel,Palestine and the Revenge of Old West Asia” എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയുടെ നിലപാടുമാറ്റം സ്പഷ്ടമായി വിവരിക്കുന്നുണ്ട്. ടെല്‍അവീ വിലേക്കുള്ള വിമാനത്തില്‍ മോദിയുടെ പലസ്തീന്‍സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാന്‍ റാമല്ലയില്‍ വന്ന ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞന്‍റെ അടുത്തായിരുന്നു ജോണിയുടെ ഇരിപ്പിടം. ഗ്രന്ഥകാരന്‍ അദ്ദേഹത്തോട്, എന്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി 1967 ലെ അതിര്‍ത്തികളും കിഴക്കന്‍ ജറൂസലേമും തന്‍റെ പലസ്തീന്‍ പാരാമര്‍ശങ്ങളില്‍ ഒഴിവാക്കി എന്ന് ആരാഞ്ഞു. അപ്പോള്‍ നയതന്ത്രജ്ഞന്‍റെ മറുപടി ഇതായിരുന്നു: “നമ്മള്‍ ഈ സംഘര്‍ഷത്തിന്‍റെ ഭാഗമല്ല. അത് ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള പ്രശ്നമാണ്. അതിര്‍ത്തികള്‍, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, ജറൂസലേമിന്‍റെ പദവി എന്നിവയെപ്പറ്റിയൊക്കെ പ്രശ്നങ്ങളുണ്ട്. രണ്ടു ഭാഗവും ഇളവുകളും വിട്ടുവീഴ്ചയും ചെയ്ത് ഒരു അന്തിമ പരിഹാരം കാണണം. ഏതേത് അതിര്‍ത്തി ആരുടേതാണെന്ന് പറയാന്‍ നമ്മള്‍ ആരാണ്. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. നമ്മുടെ ഭാഗം വ്യക്തമാണ്. നമുക്ക് ഇസ്രായേലുമായി ഊര്‍ജസ്വലമായ ബന്ധമാണുള്ളത്. നമ്മള്‍ ഒരു സ്വതന്ത്ര,പരമാധികാര ഭാവി പലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.ഒരു നിലപാട്  എടുക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.” ഇസ്രയേലിന്  അനുകൂലമാണെങ്കിലും ഇത്തരം നയതന്ത്രഭാഷ പോലും ഇന്ത്യന്‍ നേതൃത്വത്തിന് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

2023 ഒക്ടോബറില്‍ ഹമാസ് ആക്രമണം നടന്നപ്പോള്‍ നെതന്യാഹുവിനെ വിളിച്ച്  ആദ്യം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രത്തലവന്‍മാരില്‍ മോദിയുമുണ്ടായിരുന്നു. 2023 ഒക്ടോബര്‍ 26 ന് യു എന്‍ പൊതുസഭയില്‍ സത്വരവും ശാശ്വതവുമായ യുദ്ധവിരാമത്തിനായി പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യ അതില്‍ നിന്ന് വിട്ടു നിന്നു. പ്രമേയത്തില്‍ ഒക്ടോബര്‍ 7 ന്  ഹമാസ്  നടത്തിയ ആക്രമണത്തെ വ്യക്തമായി അപലപിക്കുന്നില്ല എന്നാണ് കാരണം പറഞ്ഞത് . ഗാസയില്‍ വംശഹത്യതുടരുമ്പോള്‍ ബ്രസീലും ദക്ഷിണ ആഫ്രിക്കയും നടത്തിയ ശക്തമായ ധര്‍മ്മികവിമര്‍ശനത്തെയും ഇന്ത്യ അവഗണിച്ചു. ഇന്ത്യയുടെ വിദേശനയം യു എസ് -ഇസ്രയേല്‍ സുരക്ഷാവ്യവഹാരങ്ങളുമായി പരിരംഭണം ചെയ്തു . ഇസ്ലാമോഫോബിയ ഇന്ത്യയുടെ വിദേശനയത്തെ ചൂഴ്ന്നു നില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ ന്യായമായി നിരീക്ഷിച്ചു.

ഇന്ത്യ -മിഡില്‍ ഈസ്റ്റ്  -യൂറോപ്പ്  ഇക്കണോമിക് കോറിഡോര്‍ സാക്ഷാത് കരിക്കപ്പെടില്ലെന്ന്  നെതന്യാഹു ഇപ്പോള്‍ അനുമാനിക്കുന്നു. ചൈനയുടെ ബെല്‍റ്റ്  ആന്‍ഡ്  റോഡ്  പദ്ധതിക്ക് ബദല്‍ ആയാണിത് വിഭാവനം ചെയ്തത് . സൗദി അറേബ്യ ഇസ്രയേലിന്‍റെ ഹൈഫ തുറമുഖം ഒഴിവാക്കി സിറിയ വഴി ഒരു ബദല്‍ മാര്‍ഗം ആലോചിച്ചു തുടങ്ങി. ഇറാനിലെ ചബഹാര്‍ തുറമുഖ വികസനത്തില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ നെതന്യാഹു ശ്രമിക്കുകയുണ്ടായി. പുതിയ കേന്ദ്രബജറ്റില്‍ ചബഹാറിനുവേണ്ടി ഒന്നും വകയിരുത്തിയിട്ടില്ല എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. 

ഇന്ത്യ സ്വാതന്ത്ര്യകാലം മുതല്‍ പിന്തുടര്‍ന്ന ഏറെക്കുറെ സ്വതന്ത്രമായ വിദേശനയം 1990 കള്‍ മുതലാണ് അടിയറവെച്ചു തുടങ്ങിയത് . ഇപ്പോള്‍ അമേരിക്ക കണ്ണുരുട്ടുമ്പോള്‍ കുമ്പിട്ടിഴയുന്ന നയം ശീലമായി. അതിനെ ‘യഥാര്‍ഥ്യവാദം’, ‘പ്രായോഗിക ഭരണതന്ത്രജ്ഞത’ എന്നൊക്കെ പറഞ്ഞു വാസനതൈലം പൂശിയാലും ദാസ്യമനോഭാവത്തിന്‍റെ ഭീരുത്വവും അനുസരണയും മറച്ചുവെക്കാനാവില്ല. 

Portrait of Indian politician and Prime Minister Jawaharlal Nehru (1889 – 1964), 1960. (Photo by Fred Stein Archive/Archive Photos/Getty Images)

ഇത്തരുണത്തില്‍ നെഹ്റു ചേരിചേരാനയത്തെക്കുറിച്ച് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്  :’ചേരിചേരാനയം എന്നാല്‍ നിഷ്കിയത്വമോ അലംഭാവമോ അല്ല. അതിന്‍റെ അര്‍ത്ഥം, ലോകവിഷയങ്ങളുമായുള്ള സക്രിയമായ ഇടപെടലാണ്.അത് പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന നയമല്ല. വിധിനിര്‍ണയത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യമാണത് “

Hot this week

ഇറ്റ് ഫോക് : വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം -2

  ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ്...

ഇടതുബദലിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

Topics

ഇറ്റ് ഫോക് : വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം -2

  ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ്...

ഇടതുബദലിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

കോസ്മെറ്റിക് ഫിറ്റ്നസ്: അതിസാങ്കേതികകാലത്തെ സൗന്ദര്യസങ്കല്പ കാഴ്ചപ്പാടുകൾ

പരമ്പരാഗതമായ ആരോഗ്യപരിപാലനരീതി എന്നതിലുപരി, സൗന്ദര്യാത്മകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ ശരീരപ്രകൃതി കൈവരിക്കാൻ...

ബസുദേവ്‌ ആചാര്യ

1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസുദേവ്‌ ആചാര്യ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 20

‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത്‌ പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ...
spot_img

Related Articles

Popular Categories

spot_imgspot_img