
മുസ്ലിങ്ങൾക്കെതിരായി നടത്തുന്നതുപോലെ തന്നെ ക്രിസ്ത്യാനികൾക്ക് എതിരായും ഹിന്ദുത്വ ദേശീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ നിരന്തരമായി നടത്തിവരുന്നുണ്ട്. 2024ൽ അത്തരത്തിലുള്ള 115 സംഭവങ്ങളാണ് രേഖപ്പെടുത്തിയത് എങ്കിൽ 2025ൽ ക്രിസ്ത്യാനികൾക്കെതിരായുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായതായി ഇന്ത്യ ഹേറ്റ് ലാബ് രേഖപ്പെടുത്തിയിരിക്കുന്നു. 162ലധികം സംഭവങ്ങൾ ആണ് 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത് മുൻവർഷത്തെ അപേക്ഷിച്ച് 41% കൂടുതലായിരുന്നു.
പരസ്യമായ ഭീഷണികൾക്കും സംഘടിത നീക്കങ്ങൾക്കുമുള്ള ആഹ്വാനങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. മതപ്രഭാഷകർ, തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ, ജനപ്രതിനിധികൾ എന്നിവ രടങ്ങുന്ന വലിയൊരു ശൃംഖല തന്നെ ക്രിസ്ത്യൻ വിരുദ്ധ നിലപാടിൽ ഒന്നിക്കുന്നതായി കാണാനാവും. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ എന്നിവ ചേർന്ന് 50 പരിപാടികളും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രാഷ്ട്രീയ ബജരംഗുദൾ എന്നിവ 16 പരിപാടികളും സംഘടിപ്പിച്ചു. ഈ പരിപാടികളിൽ എല്ലാം ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്നു. ബിജെപി നേരിട്ടോ സഖ്യകക്ഷികൾ വഴിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 134 സംഭവങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 28 സംഭവങ്ങളുമാണ് നടന്നത്.
പല പ്രസംഗങ്ങളിലും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുമിച്ച് ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇസ്ലാം മതത്തോടൊപ്പം ക്രിസ്തുമതത്തെയും ഒരു വിദേശ ആസുര ശക്തിയായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കളെ ഉപദ്രവിക്കാനും ഹിന്ദു സംസ്കാരത്തെ തകർക്കാനും ശ്രമിക്കുന്നവർ എന്ന അർത്ഥത്തിൽ ഇവരെ “വിധർമികൾ’ എന്ന പൊതുവായ ലേബലിലാണ് ചിത്രീകരിക്കുന്നത്. ഹിന്ദു ദേശീയവാദികളുടെ പ്രഭാഷണങ്ങളിൽ അന്യർ അല്ലെങ്കിൽ വ്യാജ എന്ന നിലയിലാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അധിക്ഷേപിക്കുന്നത്. ഇതിന് പൊതുവായി ഉപയോഗിക്കുന്ന പദമാണ് വിധർമ്മികൾ എന്നത്. അവർക്കെതിരായി സാമ്പത്തിക ബഹിഷ്കരണം, നിയമം കയ്യിലെടുക്കൽ, പള്ളി തകർക്കൽ എന്നിവയ്ക്ക് ആഹ്വാനം നടത്തുന്നു.
ഇത്തരത്തിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം നിർബന്ധിത മതംമാറ്റത്തിന് നിർബന്ധിക്കുന്നവരാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും എന്ന ആക്ഷേപമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ‐ ആരോഗ്യരംഗങ്ങളിലുള്ള പ്രവർത്തനങ്ങൾ എന്നിവയെ മതംമാറ്റത്തിനുള്ള ഉപകരണമായി ആക്ഷേപിക്കുന്നു. 2025ലെ വിദ്വേഷ പ്രസംഗങ്ങളിൽ ഉയർന്നുവന്ന പ്രധാനപ്പെട്ട ആരോപണം ക്രിസ്ത്യൻ മിഷനറിമാർ പ്രലോഭനങ്ങളിലൂടെ ഹിന്ദുക്കളെ മതംമാറ്റുന്നു എന്ന ആരോപണമാണ്. ജോലി നൽകിയും ചികിത്സാഹസഹായം നൽകിയും സാമ്പത്തികസഹായം നൽകിയും മറ്റും മതപരിവർത്തനത്തിനായി ആളുകളെ കൊടുക്കുകയോ വിലയ്ക്കെടുക്കുകയോ ചെയ്യുന്നവരാണ് ക്രിസ്ത്യൻ മിഷനറിമാർ എന്ന് ആരോപിക്കപ്പെടുന്നു.
ഇതിനായി അരിച്ചാക്ക് എന്ന പരിഹാസപദവും ഇവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണവും പണവും സഹായങ്ങളും നൽകി ദരിദ്രരെയും ആദിവാസി സമൂഹങ്ങളെയും ക്രിസ്ത്യാനികൾ മതം മാറ്റുന്നു എന്നാണ് ഈ അധിഷേപപദത്തിലൂടെ അവർ സംക്രമിപ്പിക്കുന്ന ആശയം. പോലീസിനെ അവഗണിച്ചുകൊണ്ട് ക്രിസ്ത്യാനികളെയും മിഷനറിമാരെയും കായികമായി കൈകാര്യം ചെയ്യാൻ നേതാക്കൾ ആക്രമിസംഘങ്ങളെ പ്രേരിപ്പിക്കുന്നു.
2025 ജനുവരി ഒന്നിന് മധ്യപ്രദേശിലെ ജാബുവായിൽ വിശ്വഹിന്ദു പരിഷത്തും ബജരംഗദളും ചേർന്ന് സംഘടിപ്പിച്ച ശൗര്യ യാത്രയിൽ ബജരംഗദൾ നേതാവ് ആസാദ് പ്രേംസിങ് ആ ഗ്രാമം ഹിന്ദു ഭൂമിയാണെന്ന് പ്രഖ്യാപിച്ചു. പോലീസിന്റെ ഇടപെടലുകളെ തള്ളിക്കളഞ്ഞ അദ്ദേഹം മതംമാറ്റവും നിയമവിരുദ്ധമായ പള്ളി നിർമ്മാണവും ആരോപിച്ചുകൊണ്ട് ഉടനടി നടപടിക്ക് ആഹ്വാനം ചെയ്തു. പള്ളികൾ പൊളിക്കുമെന്ന് ശപഥം ചെയ്ത അദ്ദേഹം ക്രിസ്ത്യൻ ആരാധനാലയങ്ങളോട് ചെയ്യേണ്ട കാര്യത്തിന് മാതൃകയായി ബാബരി മസ്ജിദ് തകർത്ത സംഭവത്തെയാണ് എടുത്തു പറഞ്ഞത്.
ജനുവരി 29ന് തൊട്ടടുത്ത സ്ഥലത്ത് നടന്ന മറ്റൊരു പരിപാടിയിൽ 7 പള്ളികൾ അടച്ചു പൂട്ടിച്ചതായും പുരോഹിതർക്ക് ജയിൽ ശിക്ഷയും പിഴയും ഉറപ്പാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. മതംമാറ്റം എന്നത് വിധർമ്മികൾ ആസൂത്രണം ചെയ്ത ഒരു തന്ത്രമാണെന്നും വടികളും ആയുധങ്ങളും ഉപയോഗിച്ച് അവരെ എങ്ങനെ നേരെയാക്കണം എന്ന് തനിക്കറിയാമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
മാർച്ച് നാലിന് പഞ്ചാബിലെ പട്യാലയിൽ രാജേന്ദ്രപുരി എന്ന സന്യാസി പഞ്ചാബിൽ മതംമാറ്റം വർദ്ധിച്ചുവരികയാണെന്ന് അവകാശപ്പെടുകയും മതാചാരങ്ങൾക്കൊപ്പം ആയുധങ്ങൾ കൈവശം വയ്ക്കാനും ഹിന്ദുക്കൾ തയ്യാറാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മാർച്ച് 29ന് അസമിലെ സിറിൽ നടന്ന എഎച്ച് പി -ആർ ബി ഡി യോഗത്തിൽ ഓരോ വീട്ടിലും അഞ്ച് വാളുകൾ വീതം വേണമെന്ന് പ്രതിജ്ഞയെടുത്തു. ഹിന്ദു സ്ത്രീകളെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും കൈകൾ വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. ഓഗസ്റ്റ് ആറിന് ഛത്തീസ്ഗഡിൽ നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ ക്രിസ്ത്യാനികളെ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് പ്രതിജ്ഞയെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തന്നെ ക്രിസ്ത്യൻ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിന് ഉദാഹരണമാണ് മഹാരാഷ്ട്ര. ജൂൺ 17ന് മഹാരാഷ്ട്രയിലെ ഹിന്ദു സമാജം സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംഎൽഎ ഗോപിചന്ദ്ര പാസ്റ്റർമാർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും അവരെ ആക്രമിക്കുന്നവർക്ക് പ്രതിഫലം വാഗ്‌ദാനം നൽകുകയും ചെയ്തു. മറ്റൊരു ബിജെപി എംഎൽഎയും അദ്ദേഹത്തെ പിന്തുടർന്ന് ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തി.
ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ജാബുവായിൽ വിഎച്ച്പി സംഘടിപ്പിച്ച ഒരു കാവടിയാത്രയ്ക്കിടെ ഗ്രാമങ്ങളിലെ എല്ലാ പള്ളികളും നിയമവിരുദ്ധമാണെന്നും അവ പൊളിച്ചുകളയുമെന്നും ഒരു പ്രാസംഗികൻ പ്രഖ്യാപിച്ചു. ക്രിസ്ത്യാനികൾ ഇന്ത്യയോട് അല്ല മറിച്ച് വത്തിക്കാനോടാണ് വിശ്വസ്തത പുലർത്തുന്നത് എന്ന് ആക്ഷേപിച്ചുകൊണ്ട് അവരെ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ആയി ചിത്രീകരിക്കുന്ന പ്രസംഗങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. സിവിൽ സൊസൈറ്റി സംഘടനകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത് ഇതിനേക്കാൾ കൂടുതൽ സംഭവങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട് എന്നാണ്. 2014ൽ 139 സംഭവങ്ങളാണ് ഇത്തരത്തിൽ നടന്നത് എങ്കിൽ 2024 ആവുമ്പോൾ അത് 834 ആയി ഉയർന്നിരിക്കുന്നു. അതായത് 10 വർഷത്തിനുള്ളിൽ ഏതാണ്ട് 500 ശതമാനം വർദ്ധനവാണ് ഈ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ജനങ്ങളെ പരസ്പരം വൈരികളാക്കി മാറ്റുന്നതിനും വർഗീയവാദം ശക്തിപ്പെടുത്തുന്നതിനുള്ള ബിജെപിയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. l




