പിണറായി വിജയൻ : മുഖം, അഭിമുഖം

കെ വി മധു

മനീഷ് നാരായണനും പിണറായി വിജയനും

”മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത് മിനിറ്റ് കൈരളിയുടെയടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എഴുതിക്കൊണ്ട് വന്ന് ചോദിക്കും. ഇതാണ് നടക്കുന്നത്. എന്നാല്‍ എന്റെ വാര്‍ത്താസമ്മേളനത്തിലങ്ങനെയല്ല. അവിടെ എന്റെ പ്രസ്മീറ്റ് കലക്കാന്‍ വരുന്നവരോട് മാത്രമേ ഞാന്‍ ചൂടായിട്ടുള്ളൂ.

(ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വിനു വി ജോണ്‍ നടത്തിയ അഭിമുഖപരിപാടിയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്)

എന്നാല്‍ സമീപകാലത്ത് ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് നടത്തിയ പ്രതികരണങ്ങളില്‍ അഞ്ചെണ്ണം ഞാനിവിടെ കുറിക്കാം.

  1. താങ്കളെ ഞാന്‍ കാണുന്നത് ഒരുമഞ്ഞപ്പത്രത്തിന്റെ ലേഖകനായിമാത്രമാണ്. അപ്പോ ഈ ചോദ്യത്തിന് എനിക്കിത്രയേ മറുപടി പറയാനുള്ളു.

(മണ്ഡലത്തില്‍ വീട് വെച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് എറണാകുളത്ത് നടത്തിയ പ്രതികരണം)

2. ഇതുപോലുള്ള അസംബന്ധങ്ങളുമായി എന്റെ അടുത്തേക്ക് വരണ്ട. പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി അതൊക്കെ.

അസംബന്ധം പറയാതെ മര്യാദയ്ക്കിരുന്നോ, ഞാന്‍ മര്യാദ കാണിക്കുന്നതുകൊണ്ടാണ് നിങ്ങളിവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും.

(രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ അതിക്രമത്തിനിടെ ഗാന്ധിജിയുടെ ചിത്രം കോണ്‍ഗ്രസ്സുകാര്‍ തന്നെ തകര്‍ക്കുന്ന ദൃശ്യം വന്നപ്പോള്‍ അതിനെ കുറിച്ച് ചോദിച്ചതിനോട്)

3. ഞാനവിടെ 27 വര്‍ഷം എംഎല്‍എയാണ്. നിങ്ങള് പോയി പണിനോക്ക്. നിങ്ങക്ക് വാര്‍ത്ത ഉണ്ടാക്കണമെങ്കില്‍ വേറെ എന്തെങ്കിലും വ്യാജവാര്‍ത്തയുണ്ടാക്ക്. എന്നെ റോഡ് പണിയാന്‍ പഠിപ്പിക്കണ്ട. പോയി കേസെടുക്കെന്നേ.

(പറവൂരില്‍ റോഡ് പണിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെ കുറിച്ച് ചോദിച്ചതിന്)

4. വയനാട്ടില്‍ ഞങ്ങള്‍ മേടിച്ചിട്ട സ്ഥലത്ത് വന്ന് കുടില്‍ കെട്ടി സമരം ചെയ്യാന്‍ വന്നാല്‍ അടിച്ചോടിക്കും.

5. നിങ്ങള് ലെന്‍സ് വെച്ചുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി ഇല്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസ്സില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിപാടിയാണ്. ഈ ചോദ്യത്തിന് മറുപടി ഇല്ല. ഞാന്‍ നിങ്ങളെ കാണുന്നില്ല.

(കോണ്‍ഗ്രസ് പുനസ്സംഘടനയിലെ അസ്വാരസ്യങ്ങളെ കുറിച്ച് ചോദിച്ചതിന്, ഒക്ടോബര്‍ 18ന്)

ഇതെല്ലാം വായിക്കുമ്പോള്‍ നമ്മുടെ മുഖ്യധാരാ ചാനലുകള്‍ മാത്രം വേദവാക്യമായെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍, ഏയ് ഇതൊന്നും സതീശന്‍ പറഞ്ഞതല്ല, പിണറായിയല്ലേ ഇങ്ങനെയെല്ലാം പറയുക എന്ന് തോന്നിയേക്കാം. ആ പൊതുബോധത്തിലേക്ക് നമ്മളെയെത്തിച്ച മാധ്യമങ്ങളാണ് നമ്മളെ ഇക്കാര്യത്തില്‍ നിയന്ത്രിക്കുന്നത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം അങ്ങനെയല്ല, മുകളിലെഴുതിയതുപോലെയാണ്. എഴുതിക്കൊടുക്കുന്ന ചോദ്യം, എഴുതി വായിക്കുന്ന ഉത്തരം. അതും ഒത്തുകളിയായി പാര്‍ട്ടി ചാനലിലെയും പത്രത്തിലെയും മാധ്യമപ്രവര്‍ത്തകരുടെ പേര് ഉയര്‍ത്തിക്കാണിച്ചുള്ള നാടകം. സമീപകാലത്തായി ഇഷ്ടമില്ലാത്ത ചാനലുകളെയെല്ലാം അപ്പപ്പോള്‍ പേരുവിളിച്ച് ആക്ഷേപിക്കുന്നത് കാണാം. ഏറ്റവും ഒടുവില്‍, ഭരണം കിട്ടിയാല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് കാണിച്ചുതരാം എന്ന് വരെ പറഞ്ഞു, യുഡിഎഫ് കണ്‍വീനര്‍. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് മീറ്റുകളെ കുറിച്ച് വി ഡി സതീശന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നതും അതേറ്റെടുത്ത് പ്രധാനപ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നതുമായ കാര്യം വസ്തുതയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യം പകല്‍പോലെ വെളിപ്പെടുത്തിയ കാലം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലം. മുഖ്യമന്ത്രി പിണറായി വിജയന്‍ 21 ഓളം മാധ്യമങ്ങളുടെ കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഉപാധികളില്ലാതെ ഇരുന്നത് കേരളം ഒന്നാകെ കണ്ടു. ഒരു അഭിമുഖത്തില്‍ ഒരുമണിക്കൂര്‍ വീതം ചിലവഴിച്ച  അഭിമുഖപരമ്പര.

പിണറായി വിജയന്റെ മാധ്യമസമീപനത്തോട് വിയോജിപ്പുകളുണ്ടാകും. പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ ഉന്നയിച്ചത് അതില്‍ പെടുന്ന വിമര്‍ശനമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മോഹന്‍ലാല്‍ നടത്തിയ അഭിമുഖത്തില്‍ പിആര്‍ ആരോപണം ഉന്നയിച്ച, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ മുന്നിലേക്ക് വാ എന്ന് അത് സംപ്രേഷണം ചെയ്ത ദിവസം വെല്ലുവിളിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അടക്കമുള്ള സംഘമാണ് ഇത്തവണ അഭിമുഖമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധുസൂര്യകുമാര്‍, ന്യൂസ് മലയാളം ചാനലില്‍ ഹര്‍ഷന്‍, മീഡിയ വണ്ണില്‍ പ്രമോദ് രാമന്‍. മനോരമ ന്യൂസില്‍ ജോണി ലൂക്കോസ്, 24 ന്യൂസില്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, മാതൃഭൂമി ന്യൂസില്‍ രാജീവ് ദേവരാജ്, ബിഗ് ടിവിയില്‍ സുജയ പാര്‍വതി, കൗമുദി ടിവിയില്‍ വിഎസ് രാജേഷ് തുടങ്ങി ഇന്ത്യാടുഡേ, ന്യൂസ് 18 എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുമണിക്കൂര്‍ വീതം. അതുകഴിഞ്ഞ് ടെക് ട്രാവലറില്‍ സുജിത് ഭക്തനും ദി ക്യൂവില്‍ മനീഷ് നാരാണനും അടക്കമുള്ള ഓണ്‍ലൈന്‍ ചാനലുകളിലും.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണത്തില്‍ ഗതിനിര്‍ണായകമായ  സ്വാധീനമായി പിണറായി വിജയന്‍ എങ്ങനെ മാറുന്നു എന്ന്  ഈ അഭിമുഖങ്ങള്‍ മനസ്സിലാക്കിത്തരും. തുടക്കത്തില്‍ വിഡി സതീശന്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞ അതേ ചാനലില്‍ സിന്ധുസൂര്യകുമാറിന്റെ അഭിമുഖം കണ്ടാല്‍ മനസ്സിലാകും.

സിന്ധുസൂര്യകുമാറിന്റെ അഭിമുഖം  മൊത്തം അഭിമുഖങ്ങളുടെ പ്രതീകമായി എടുക്കാന്‍ കഴിയുന്നതാണ്. പ്രതികൂല പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ട സകലകാര്യങ്ങളും അവര്‍ ചോദിച്ചു. മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയോ പിണറായി വിജയനോ ആണെന്ന് കരുതി സുഖിപ്പിച്ചുള്ള ചോദ്യങ്ങളേയില്ല.

ശബരിമല സ്ത്രീപ്രവേശനം, ശബരിമല സ്വര്‍ണക്കൊള്ള, പാര്‍ട്ടിയിലെ ആഭ്യന്തര എതിര്‍പ്പുകള്‍, പികെ ശ്യാമള തുടങ്ങി സകലകാര്യങ്ങളും ചോദിച്ചു.

എതിരാളികളുടെയും മാധ്യമങ്ങളുടെയും സ്ഥിരം ഇരയായ മരുമകന്‍ പ്രശ്‌നം പോലും ചോദിച്ചു.

എടുത്തുപറയേണ്ടത് പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും മരുമകന്‍ പ്രയോഗത്തെ കറിച്ചുമുള്ള ചോദ്യങ്ങളാണ് .

പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് യുഡഎഫിന്റെ സ്ഥാനാര്‍ത്ഥിയായ ടികെ ഗോവിന്ദന്‍ ഉണ്ടാക്കിയ ഇമ്മാതിരിനേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ ഞെട്ടിപ്പോകും. ഭാര്യയും മരുമകളും മകനും സ്വയം നേടിയ സ്ഥാനങ്ങളും അതൊക്കയിരിക്കെ സ്ഥാനാര്‍ത്ഥിത്വവും കിട്ടാണ്ടായപ്പോഴാണ് പികെ ശ്യാമളയ്ക്ക് ഭാര്യപദവിയെന്ന ആക്ഷേപമുന്നയിച്ച് ടികെ ഗോവിന്ദന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പോയത്. എന്നാല്‍ അവിടെയെന്താ സ്ഥിതി. രാഷ്ട്രീയപരിചയം പോലുമില്ലാത്ത ബന്ധുത്വം കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം കിട്ടിയ ഒരുനിര. നേതാക്കളുടെ ഭാര്യയും മകനും മരുമക്കളും   തെരഞ്ഞെടുപ്പ് പട്ടികയുടെ ഭാഗമായപ്പോള്‍ ടികെ ഗോവിന്ദന് സന്തോഷം.

പ്രമോദ് രാമന്റെ കൈയിലെ വീഡിയോകള്‍

എടുത്തുപറയേണ്ട മറ്റൊന്ന് പ്രമോദ് രാമന്‍ ചെയ്ത മീഡിയ വണ്‍ അഭിമുഖമാണ്. ജമാ അത്തെ ഇസ്ലാമിയും വിഡി സതീശനും ഇതുവരെ ഉയര്‍ത്തിയ സകല നരേറ്റീവുകളും ചോദ്യങ്ങളായി.

ഇടയ്ക്ക് ജമാ അത്തെ ഇസ്ലാമിയെ വര്‍ഗീയ സംഘടനയെന്ന് വിളിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് ചോദിച്ച് പ്രമോദ് രാമന്‍ തര്‍ക്കിക്കുന്നുണ്ട്.

”സുന്നിവിഭാഗങ്ങള്‍ ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണ്. മതരാഷ്ട്രവാദികളായി വരുമ്പോ അതിനെ അംഗീകരിക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ എന്റെ മൊബൈലില്‍ 4 വീഡിയോ എങ്കിലും ജമാ അത്തെ ഇസ്ലാമി അങ്ങനെയല്ലെന്ന് കാണിക്കുന്നതിനായി ഉണ്ട് എന്ന് പറഞ്ഞ് ആ സംഘടനയുടെ സൈബര്‍പോരാളിയുടെ നിലവാരത്തിലേക്ക് പ്രമോദ് രാമന്‍ എത്തുന്നുണ്ട്.

”ആര്‍എസ്എസ് സാംസ്‌കാരിക സംഘടനാണ് എന്ന പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. മാത്രമല്ല ഭരണഘടന തന്നെ അങ്ങനെയായ ഒരുസംഘടനയെ എത്രവെളുപ്പിച്ചാലാണ് രക്ഷപ്പെടുക എന്നകാര്യം ചോദിക്കാതെ ചോദിക്കുകയണ് പിണറായിവിജയൻ.

എന്നാല്‍ പ്രമോദ് രാമന്റെ അഭിമുഖത്തില്‍ ശ്രദ്ധേയമായി തോന്നിയ ഒരുചോദ്യോത്തരം മറ്റൊന്നായിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എത്രത്തോളമുണ്ട്, അതും പിണറായിക്ക് എത്രത്തോളമുണ്ട് എന്ന് വെളിവാക്കുന്ന ഒരുത്തരം.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തോറ്റാല്‍ വനവാസത്തിന് പോകും എന്ന രാഷ്ട്രീയത്തിലെ പതിവ് വെല്ലുവിളികളിലൊന്ന് എടുത്തടിച്ചപ്പോ അത് ആത്മവിശ്വാസപ്രകടനത്തിന്റെ പീക്കാണ് ,അതുകൊണ്ട് യുഡിഎഫ് ജയിക്കും എന്ന് അയുക്തികമായി വിലയിരുത്തുന്ന മുഖ്യധാരാമാധ്യങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നമ്മള്‍ കണ്ടുകൊണ്ടിരിക്കെയാണ് പ്രമോദ് രാമന്‍ ആദ്യമായി ഇക്കാര്യം  ചോദിച്ചത്. അക്കാര്യത്തെ കുറിച്ചുള്ള പ്രതികരണമാണ് ചോദിച്ചത്.

ഇപ്പോ ഞാന്‍ പറയുന്നില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയാം. അത് ഞാന്‍ പറയാന്‍ വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയൂ. നിങ്ങള് ചോദിക്കാതെ തന്നെ പറയാന്‍ വെച്ചിരിക്കുകയാണ്. പറയും. എന്ന് പിണറായി മറുപടി, പറഞ്ഞു. പിണറായിയുടെ മറുപടി വന്ന അടുത്ത ദിവസങ്ങളില്‍ വിഡി സതീശന്‍ മനോരമ ന്യൂസില്‍ ജോണി ലൂക്കോസിനോടുള്ള അഭിമുഖത്തില്‍ തന്റെ നിലപാട് മാറ്റിപ്പറയുന്നുണ്ട്. ഞാന്‍ 100 സീറ്റു  കിട്ടിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും മികച്ച വിജയമുണ്ടാക്കുമെന്നാണ് വെല്ലുവിളിച്ചത് എന്നും തിരുത്തുന്നുണ്ട്.

പാര്‍ലമെന്ററി വ്യാമോഹം

ജി സുധാകരന്റെതടക്കമുള്ള നേതാക്കളുടെ കാലുമാറ്റം  . സിപിഎമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പാര്‍ലമെന്ററി വ്യാമോഹത്തെകുറിച്ച്  ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സ്ഥാനം കിട്ടാത്തതുകൊണ്ട് എത്രപേരാണ് പാര്‍ട്ടി വിട്ട് അപ്പുറത്ത് മത്സരിക്കന്നത്. എന്തുകൊണ്ട് അതില്ലാതാക്കാന്‍ ശ്രമിച്ചിട്ട് വിജയിക്കുന്നില്ല എന്ന സിപിഎം നേരിടുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് രാജീവ് ദേവരാജൻ  ചോദിച്ചിരുന്നു. അത് പരിശോധിക്കപ്പൈടേണ്ടതാണ് എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. ഹര്‍ഷനും ശ്രീകണ്ഠന്‍ നായരും സുജയ പാർവതിയും തുടങ്ങി സകലരും സകല ചോദ്യങ്ങളും ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പറയാനുള്ളതും നടക്കുന്ന പ്രചാരണങ്ങളിലെ വിശദീകരണങ്ങളും അടങ്ങിയ ഗംഭീരമായ ഒരുശ്രമം. ഇനിയെങ്കിലും പിആര്‍ പ്രതികരണ ആരോപണം ഈ ചാനലുകളുടെ ഫ്‌ളോറില്‍ പ്രൈംടൈം ഡിബേറ്റിലെ ഏകപക്ഷീയമായ കൂട്ടസംവാദങ്ങളില്‍ നിന്ന മാറിനില്‍ക്കുമോ. ഇല്ല എന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങള്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരുമണിക്കൂറോളം നേരം പ്രതിദിനം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളിലെ ചില ലക്ഷണങ്ങള്‍ അതാണ് കാണിക്കുന്നത്. ഈ പ്രതിച്ഛായയല്ല ഞങ്ങള്‍ക്ക് വേണ്ടത് എന്ന ലക്ഷ്യത്തോടെ ചില മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം അവസാനിച്ച് മടങ്ങുമ്പോള്‍ പിന്നാലെ നടന്ന് അധിക്ഷേപിക്കും മട്ടില്‍ കമന്റുകള്‍ പറയുന്നത് ശ്രദ്ധിക്കണം. അതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പ്രകോപിതനാകണമെന്നും അത് വെച്ച് വീണ്ടും പുതിയ പ്രതിച്ഛായാ നിര്‍മാണം നടത്തണമെന്നും ചിലര്‍ ആസൂത്രണം ചെയ്ത പദ്ധതിയാകാം അതിന് പിന്നില്‍. അതുകൊണ്ട് മുഖ്യധാരാമാധ്യമങ്ങളുടേതേന്ന് പറഞ്ഞ് വരുന്ന പ്രതിനിധികളില്‍ ചിലരില്‍ നിന്ന് എപ്പോഴും എന്തും പ്രതീക്ഷിക്കാം എന്ന് തിരിച്ചറിയണം. എന്നാല്‍ തിരിച്ചപ്പുറത്ത് അങ്ങനെയല്ല. വി ഡി സതീശനെയോ രാജീവ് ചന്ദ്രശേഖറെയോ പോലുള്ള നേതാക്കളെ മുന്നില്‍ കിട്ടിയാല്‍ അവര്‍ പറയുന്നതും കേട്ട് റാന്‍ മൂളി നില്‍ക്കുകയാണ് ഭൂരിപക്ഷം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും.

ഈ കാലത്ത് വന്ന രണ്ട് അഭിമുഖങ്ങള്‍ കൂടി ഈ കുറിപ്പില്‍ പരിശോധിക്കാം.

 ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധുസൂര്യകുമാറിന്റെ അഭിമുഖത്തെ കുറിച്ച് പറഞ്ഞല്ലോ. അവരുടെ തന്നെ ചാനലില്‍ അതിന് പിന്നാലെ വിനു വി ജോണ്‍ നടത്തിയ രണ്ട്  അഭിമുഖങ്ങള്‍ വന്നു. ഒന്ന് വിഡി സതീശന്‍, രണ്ട് രാജീവ് ചന്ദ്രശേഖര്‍.

ഒന്ന്  വി ഡി സതീശന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ കെ സുധാകരന്‍ മുതലിങ്ങോട്ട് ഇടപെട്ടുണ്ടായ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ ഏഷ്യാനെറ്റ് ന്യൂസിലടക്കം നമ്മള്‍ കണ്ടതാണ്. ആഭ്യന്തരകലഹവും കുഴപ്പങ്ങളും ഒക്കെ നില്‍ക്കെ വി ഡി സതീശനെ മുന്നില്‍ ഇരുത്തി നടത്തിയ അഭിമുഖത്തില്‍ വിനു വി ജോണ്‍ പറഞ്ഞ ഇന്‌ട്രോ ഇങ്ങനെയായിരുന്നു.

”സ്ഥാനാര്‍ത്ഥി നിര്‍ണയമൊക്കെ കഴിഞ്ഞു എന്റെ പ്രൊഫണല്‍ ജീവിതത്തിലെ അനുഭവം നോക്കിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രവേഗം നടന്ന് കണ്ടിട്ടില്ല. പഴയകാലത്ത് കണ്ടതുപോലെ വലിയ പൊട്ടിത്തെറികളോ പ്രതിഷേധങ്ങളെ കണ്ടില്ല, കുറച്ച് വാര്‍ത്തകള്‍ ഉണ്ടായത് മാത്രം.”

അതായത് ഇത്രയും വാര്‍ത്തകള്‍ സ്വന്തം ചാനലില്‍ സംപ്രേഷണം ചെയ്തിട്ടും ഒരുകുഴപ്പവമില്ല നിങ്ങളുഷാറാണ് എന്ന് പറയാന്‍ കാണിക്കുന്ന ധൈര്യം അപാരമാണ്.

പിന്നീട് സമീപനരീതിയിലും ഇത് കാണാം. പ്രതിപക്ഷനേതാവിനെ സെയ്ഫാക്കുന്ന ചോദ്യങ്ങള്‍, ചോദ്യരീതികള്‍. വി ഡി സതീശനോട് ചോദിക്കാതെ വിട്ട വിഷയങ്ങളില്‍ ചിലത് ഇവിടെ പരിശോധിക്കാം.

1 വയനാടില്‍ നാട്ടുകാരോട് പണം പിരിച്ച് കബളിപ്പിച്ചത്

2 സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയില്‍ നിരന്തരം തിരിച്ചടിച്ചത്

3 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ ഏറ്റവും ഒടുവില്‍ ഇരയായ 10പേര്‍ക്കെതിരായ കുറ്റകൃത്യം സീല്‍ ചെയ്ത കവറില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്

4 കേന്ദ്ര ബിജെപി സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം അടക്കമുള്ള ഫെഡറല്‍ വിരുദ്ധ സമീപനം കൈക്കൊണ്ടപ്പോള്‍ എടുത്ത പ്രതിപക്ഷസമീപനം.

5 വിഴിഞ്ഞം മുതല്‍ വയനാട് തുരങ്കപാതയെ വരെ എതിര്‍ത്തുകൊണ്ട് എടുത്ത നിലപാട്.

6 ദേശീയപാത പൂട്ടിക്കെട്ടിപോയ യുഡിഎഫ് കാലം.

7 സികെ ജാനുവിനോടും സണ്ണി എം കപിക്കാടിനോടും ചെയ്തത്

8.വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം എന്നിവയിലെ യുഡിഎഫ് നിലപാടും മുന്നനുഭവവും

9. ശബരിമര സ്വര്‍ണക്കൊള്ളയില്‍ കട്ടയാളും ഉരുക്കിയയാളും  വാങ്ങിയയാളും  ഒരുമിച്ച് സോണിയാഗാന്ധിയുടെ അടുത്തെത്തിയതെങ്ങനെ.

10 പ്രതിപക്ഷനേതാവിന്റെ മാധ്യമങ്ങളോടുള്ള സമീപനം

ഇനി വിനു വി ജോണ്‍ ചോദിച്ച ഒരു ചോദ്യം എടുത്തുപറയണം. ഇത്രയും കാലം പി കെ ശശിയെ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് അടക്കം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പൊതുമധ്യത്തിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീപീഡകനായി അവതരിപ്പിച്ച വാര്‍ത്തകള്‍. സിപിഎം നടപടിയെടുത്ത് മാറ്റിനിര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പി കെ ശശിയെ ഏറ്റെടുത്ത് സ്ഥാനാര്‍ത്ഥിയുമാക്കി. അതിനെ പറ്റിയൊരുചോദ്യം ഇങ്ങനെയായിരുന്നു.

വിനു വി ജോണ്‍: പികെ ശശി.. അത്രേ  ചോദിച്ചുള്ളു. അപ്പോ സതീശന്‍: പികെ ശശിയുടെ പ്രശ്‌നം നമ്മള്‍ പരിശോധിച്ചു. അദ്ദേഹത്തിനെതിരെ ഒരുകേസുമില്ല. സിപിഎമ്മിന് അകത്ത് നടന്ന ഒരുആക്ഷേപമാണ് യഥാര്‍ത്ഥത്തില്‍. ഇവര്‍ തമ്മില്‍ പാർട്ടിക്കകത്ത് പാലക്കാട് നടന്നിരിക്കുന്ന സംഘടനാപരമായ ഫൈറ്റിന്റെ ഫലമായി ഉയര്‍ന്നു വന്ന ആരോപണമാണ്. അതിനപ്പുറത്തേക്ക് ആ ആരോപണത്തിന് അടിത്തറയില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

അപ്പോ വിനു വി ജോണ്‍: അതിനപ്പുറത്തെ തീവ്രതയെന്ന ആരോപണമൊക്കെ?

അതല്ല, ഇതാണ് ഏറ്റവും  പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞ് സതീശന്‍ തടിതപ്പി.

പിന്നെ ചോദ്യവമില്ല ,ഉത്തരവുമില്ല. ഇതുപോലെ ഒരൊറ്റ കാലുമാറ്റത്തില്‍ വിശുദ്ധരായ എത്രപേര്‍ !പി വി അന്‍വര്‍വരെ. ഇങ്ങനെയാണ് സതീശന്റെ അഭിമുഖത്തിന്റെ മൊത്തം പോക്ക്.

രണ്ട്- രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കേരളത്തിലെ പ്രസിഡന്റ്. എന്തെല്ലാം ചോദിക്കാനുണ്ട്. മുണ്ടും ഭാഷയും  വരെ ചോദിച്ചു, പക്ഷേ ചോദിക്കാത്ത ചില ചോദ്യങ്ങള്‍ ഇവിടെ നോക്കാം .

1 പെട്രോള്‍വില

2 ഇന്ധനപ്രതിസന്ധി

3 വയനാട് ദുരന്തത്തോട് കാണിച്ച പ്രതികാര ബുദ്ധി

4 കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കാണിച്ച സാമ്പത്തിക ഉപരോധം.

5 കിഫ്ബിയെ വായ്പയില്‍ പെടുത്തി നടത്തിയ ദ്രോഹം.

6 മരുമകന്‍ എന്ന വൃത്തികെട്ട പ്രയോഗത്തില്‍ രാജീവ് ചന്ദ്രശേഖറെന്ന മരുമകന്റെ കാര്യം.

7 ശബരിമല പ്രശ്‌നത്തിലെ ഇരട്ടത്താപ്പ്

8 മാറാത്തത് മാറും എന്നാണ് മുദ്രാവാക്യം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം കിട്ടിയപ്പോള്‍ സംഭവിക്കുന്നത്. മാലിന്യപ്രശ്‌നമടക്കമുള്ള പ്രതിസന്ധികള്‍.

9 കളമശ്ശേരി ദുരന്തത്തില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചത്.

10 കെ റെയിലിനെതിരെയും ദേശീയപാതയ്ക്ക് കീഴാറ്റൂരിലടക്കം പോയി സമരം ചെയ്ത് മുടക്കാന്‍ നോക്കിയതുമുള്‍പ്പെടെ വികസനവിരുദ്ധനീക്കങ്ങള്‍…

ഇതൊന്നും ചോദിച്ചില്ല. ‘സാറ് പറഞ്ഞോളൂ ഞങ്ങള് കൊടുത്തോളാം’ എന്നായിരുന്നു പരിപാടി.

ഈ രണ്ട് അഭിമുഖങ്ങള്‍ കണ്ട് പിണറായി വിജയന്റെ സിന്ധു സൂര്യകുമാര്‍ അടക്കം ചെയ്ത മറ്റ് അഭിമുഖങ്ങള്‍ കൂടി കാണുക. അപ്പോ മനസ്സിലാകും. പിആര്‍ ഏതാണ് ഇന്റര്‍വ്യൂ ഏതാണ് എന്ന്. ഇതൊക്കെ കൊണ്ട് കൂടിയാകാം ‘യഥാര്‍ത്ഥ ചോദ്യം ജനം ചോദിക്കും, അതിനുത്തരം അവര്‍ കണ്ടെത്തും’ എന്ന ആത്മവിശ്വാസം പിണറായി വിജയനും കൂട്ടര്‍ക്കും ഉണ്ടാകുന്നത്.

വിമര്‍ശനച്ചിരി

ഭൂരിപക്ഷം മാധ്യമങ്ങളും ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ആരെ തുരത്താനാണ് പണിയെടുക്കുന്നത് എന്ന വ്യക്തമാക്കാന്‍ കിട്ടിയ അവസരം പിണറായി വിജയൻ നന്നായി ഉപയോഗിച്ചു. മനോരമ ന്യസില്‍ ജോണി ലൂക്കോസിനുള്ള അവസാന മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.

ഇതുവരെ ചെയ്തുതന്നതിനെല്ലാം നന്ദി എന്നുപറഞ്ഞൊരു ചിരി ചിരിച്ചു, പിണറായി വിജയന്‍. ആ ചിരിക്കപ്പുറം ഒരുമാധ്യമവിമര്‍ശനം ഉന്നയിക്കാന്‍ ഇല്ല. ഭരണത്തിലെത്തിയ 10 വര്‍ഷം മാത്രം നോക്കിയാല്‍ ബിരിയാണിച്ചെമ്പും ഈന്തപ്പഴക്കുരുവും മരുമകനും എക്‌സാലോജിക്കും മകളുടെ ഭര്‍ത്താവിന്റെ കുടുംബത്തെ വരെ വലിച്ചിഴച്ച വാര്‍ത്തകള്‍. അതൊന്നും ഇപ്പോള്‍ ചോദ്യങ്ങള്‍ പോലുമല്ലാതായി. അമ്മാതിരി പ്രചാരണങ്ങള്‍ നടത്തിയതിന് ശേഷം അവര്‍ക്ക് മുന്നില്‍ തന്നെ പോയി കൈയും കെട്ടി ഇരിക്കുക എന്നതില്‍ ഒരു ഹീറോയിസമുണ്ട്. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ട ഏറ്റവും ആകാംക്ഷാഭരിതമായ കാഴ്ച അതുകൊണ്ട് തന്നെ ഈ അഭിമുഖസംഭാഷണങ്ങളാണ്. അടുത്ത ഭരണം എല്‍ഡിഎഫിന് കിട്ടുമോ ഇല്ലയോ എന്നതിനപ്പുറത്ത് ഈ സമീപനം ഒരുമാതൃകയായി കേരളരാഷ്ട്രീയത്തില്‍ നിലനില്‍ക്കും. പിആറും പെയ്ഡും ഒക്കെ ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ തന്നെ പോയിരുന്ന് അത് പൊളിച്ചുകളയുന്ന മാര്‍ഗ്ഗം.

Hot this week

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

Topics

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

മഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...
spot_img

Related Articles

Popular Categories

spot_imgspot_img