അടിമുടി ആഘോഷം

കെ എ നിധിൻനാഥ്‌

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധനാണ്‌ സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. ‘പടയോട്ടം’, ‘മിന്നൽ മുരളി’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധാനസംരംഭമാണ്‌. അരുൺ എഴുതിയ മുൻചിത്രങ്ങളുടെ സമാനമായ വൈബ്‌ അതിരടിയിലും ഉണ്ട്‌. പടയോട്ടം സിനിമയുടെ സ്വഭാവത്തിനോടാണ്‌ അതിരടിക്ക്‌ കൂടുതൽ സാമ്യം. എൻജിനീയറിങ്ങ്‌ കോളേജിലെ ഫെസ്റ്റും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്‌ ചിത്രം. മലയാളത്തിൽ വിവിധ തരത്തിൽ അവതരിപ്പിച്ചിട്ടുള്ള ഇ‍ൗഗോ എന്നതിനെ കേന്ദ്രീകരിച്ചാണ്‌ അതിരടിയും ഒരുക്കിയിട്ടുള്ളത്‌. പക്ഷേ, മറ്റു സിനിമകളിൽനിന്നു വ്യത്യസ്‌തമായി ഈഗോ സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒന്നായി നിർത്തി കലാലയം കേന്ദ്രീകരിച്ചാണ്‌ കഥയുടെ വികാസം. ലോജിക്കിനൊന്നും സ്ഥാനമില്ലാത്ത, എല്ലാം മറന്ന്‌ ആസ്വദിച്ച് കാണാൻ പറ്റുന്ന അടിമുടി എന്റർടൈനറാണ്‌ അതിരടി.

ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ്‌ സിനിമയുടെ പ്രധാന മികവ്‌. സാംബോയ് എന്ന്‌ വിളിക്കുന്ന ‘സാംകുട്ടി’ എന്ന അമിത ആത്മവിശ്വാസമുള്ള കഥാപാത്രമായി ബേസിൽ ജോസഫ് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്‌. സിനിമയെ മുന്നോട്ടുനയിക്കുന്നത് ബേസിലിന്റെ ഔട്ട് ആൻഡ് ഔട്ട് ഷോയാണ്. ടൊവിനോ തോമസിന്റെ സാന്നിധ്യവും സിനിമയുടെ ഗ്രാഫ്‌ ഉയർത്തുന്നുണ്ട്‌. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമാണ്‌ ടൊവിനോ തോമസിന്റെ ശ്രീക്കുട്ടൻ വെള്ളായനി. ഇതുകൂടാതെ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, ദേവൻ എന്നിവർ അവരായിത്തന്നെ സിനിമയിലെത്തുന്നുണ്ട്‌. സോഷ്യൽ മീഡിയ താരങ്ങളായ കാട്ടാക്കട അണ്ണൻ, മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്‍യുടെ പശ്ചാത്തലസംഗീതവും ആക്ഷൻ രംഗങ്ങളും തിയറ്റർ അനുഭവം മികച്ചതാക്കുന്നുണ്ട്‌. അതേസമയം സിനിമയുടെ രണ്ടാം പകുതിയിൽ വേഗം കുറയുന്നത്‌ സിനിമയുടെ രസച്ചരട്‌ മുറിക്കുന്നുണ്ട്‌. മീമുകളെയും സോഷ്യൽ മീഡിയ ട്രെൻഡുകളെയും മെറ്റാ റെഫറൻസുകളെയും അമിതമായി ആശ്രയിച്ചത് ചിലയിടങ്ങളിൽ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്‌. തമാശയ്‌ക്ക്‌ പ്രാധാന്യം നൽകുമ്പോഴും കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ഇഴയടുപ്പത്തിന്‌ വലിയ രീതിയിൽ ആഴം നൽകാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടില്ല. ഇത്‌ സിനിമയ്‌ക്ക്‌ വൈകാരികതലം നൽകുന്നതിൽ പോരായ്‌മ സൃഷ്ടിക്കുന്നുണ്ട്‌.

ഒരു എൻജിനീയറിങ്ങ്‌ കോളേജ് കാമ്പസും അവിടെ നടക്കുന്ന ‘ആരോഹൺ’ എന്ന കോളേജ് ഫെസ്റ്റുമാണ് കഥയുടെ പശ്ചാത്തലം. വർഷങ്ങൾക്കുമുൻപ് നടന്ന ചില അനിഷ്ട സംഭവങ്ങൾ കാരണം നിർത്തിവെച്ച ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി ശ്രമിക്കുന്നു. ഇതിനിടയിൽ ഉണ്ടാകുന്ന ഈഗോ പോരാട്ടങ്ങളും അടിപിടികളുമാണ് സിനിമയുടെ പ്രമേയം. കോളേജ്‌ ഫെസ്റ്റ്‌ നടത്താനുള്ള തയ്യാറെടുപ്പുകളാണ് കഥയുടെ തുടക്കം. ഇതിനിടയിൽ വിദ്യാർഥികൾ തമ്മിലുള്ള ചെറിയ പ്രശ്നങ്ങളും ഈഗോയും അത്‌ പിന്നീട് വലിയൊരു തർക്കത്തിലേക്കും അടിപിടിയിലേക്കും വഴിമാറുന്നു. അമിത ആത്മവിശ്വാസക്കാരനായ സാംകുട്ടിയും കൂട്ടുകാരും ഈ പ്രശ്നങ്ങളിൽ ഇടപെടുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സാധാരണ ഒരു കോളേജ് തല്ലുമാലയായി പോകുമായിരുന്ന കഥയിലേക്ക് ടൊവിനോ തോമസിന്റെ കഥാപാത്രം എത്തുന്നതോടെ പശ്ചാത്തലം കൂടുതൽ മാസ്സ് ആയും ആക്ഷൻ പ്രാധാന്യമുള്ളതായും മാറുന്നു.

ഹ്യൂമറും ആക്ഷനും പ്രണയവും ബ്രദർഹുഡുമെല്ലാം കൃത്യമായ അളവിൽ ചേർത്തുവെച്ച ‘അതിരടി’ക്ക്‌ പക്ഷേ അതിന്റെ പൂർണമായ സാധ്യതകൾ ഉപയോഗിക്കുന്നതിൽ പോരായ്‌മ സംഭവിച്ചിട്ടുണ്ട്‌. ടോവിനോ തോമസിന്റെ ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ വികാസം വലിയ സാധ്യതകൾ നൽകുന്നതാണ്‌. എന്നാൽ കേവല ഇ‍ൗഗോയിൽ ഉ‍ൗന്നി നായക–പ്രതിനായക നിർമിതിയിൽ ഒതുക്കുകയാണ്‌. ഹ്യൂമറിന്റെ പശ്ചാത്തലം നൽകി, എന്നാൽ വില്ലനായതിനാൽ തന്നെ ക്രൂരനാണ്‌ എന്ന്‌ വരുത്തിത്തീർക്കുന്ന തരത്തിലാണ്‌ ആ കഥാപാത്രം. ബേസിലിന്റെ സാംകുട്ടിയിൽ മാത്രം കഥാപാത്ര വികാസം ഒതുങ്ങിപ്പോകുകയാണ്‌. സബ്‌പ്ലോട്ടുകളും അതിൽ കടന്നുവരുന്ന കഥാപാത്രങ്ങളും പേരിനുള്ളവ മാത്രമാക്കി ചുരുക്കി. അതിന്റെ സാധ്യതകളെ ഉപയോഗിച്ചിരുന്നുവെങ്കിൽ കഥയുടെ നിർണായക നിമിഷങ്ങളിൽ ഉൾച്ചേർക്കുന്ന വൈകാരികതലം കൃത്യമായി പ്രേക്ഷകരിലേക്ക്‌ എത്തുമായിരുന്നു. ഒറ്റ കഥാപാത്രത്തിൽ മാത്രം ഉ‍ൗന്നിയുള്ള സിനിമാറ്റിക്‌ രീതിയുടെ പാളിച്ച സിനിമയിൽ നിഴലിക്കുന്നുണ്ട്‌.

റിയ ഷിബു അവതരിപ്പിച്ച നായിക കഥാപാത്രമായ ‘സ്വാതി’ക്ക് കഥയിൽ കാര്യമായ പ്രാധാന്യമില്ലായിരുന്നു. പേരിനൊരു നായിക സരിൻ ശിഹാബിനെപ്പോലുള്ള മികച്ച അഭിനേതാക്കൾക്കുപോലും ഒന്നും ചെയ്യാനില്ല. ഇ‍ൗ കുറവുകളൊക്കെ ഉണ്ടെങ്കിലും കംപ്ലീറ്റ്‌ ആഘോഷ പാക്കേജ്‌ എന്ന നിലയിലേക്ക്‌ അതിരടി ഉയരുന്നുണ്ട്‌. l

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

Topics

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img