കാഴ്ചകൾക്കപ്പുറമുള്ള ലോകം

കെ എ നിധിൻ നാഥ്

സിനിമയെന്നാൽ ഒരു ഗ്ലാമർ ലോകമാണെന്ന പൊതുധാരണകളെ തകർക്കുന്ന ‘സിനിമയ്‌ക്കുള്ള ഒരു വിദ്വേഷ കത്താ’ണ്‌ മോളിവുഡ്‌ ടൈംസ്‌. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലെൻ പ്രധാന വേഷത്തിലെത്തിയ ചിത്രം സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിലെ കടുത്ത യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്ന ഒരു മികച്ച ആക്ഷേപ ഹാസ്യ സ്വഭാവത്തിൽ ഒരുക്കിയ ചിത്രമാണ്‌. അഭിനവ് സുന്ദർ നായകിന്റെ സിഗ്നേച്ചർ ശൈലി ചിത്രം ഉടനീളം നിലനിർത്തിയിട്ടുണ്ട്‌. ‘വെസ് ആൻഡേഴ്സൺ’ ശൈലിയിലുള്ള ഫ്രെയിമിങ്ങും ക്രാഫ്റ്റും ചിത്രത്തെ വേറിട്ടു നിർത്തുന്നു. അഭിനവും നിതിൻ രാജും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആദ്യപകുതിയിലെ വേഗത്തിലുള്ള കട്ടുകളും വിഷ്വൽ കോമഡിയും ചിത്രത്തെ ഏറെ ആസ്വാദ്യകരമാക്കുന്നുണ്ട്‌. എന്നാൽ രണ്ടാം പകുതിയിൽ എഡിറ്റിങ്ങിലെ പോരായ്‌മ സിനിമയെ പിന്നോട്ടാക്കുന്നുണ്ട്‌. ജേക്സ് ബിജോയ്യുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ ഡാർക്ക് മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്‌.

സൂപ്പർഹിറ്റ് ചിത്രമായ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സി’ന് ശേഷം അഭിനവ് ഒരുക്കിയ സിനിമയാണ്‌. ആദ്യ സിനിമയിലേതു പോലെതന്നെ സ്ഥിരം രീതികളും ശൈലികളും ഒഴിവാക്കി തന്റേതായ ഒരു സിനിമ ശൈലിയിലാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ, എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു ഹൊറർ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ‘വിനീത് മാധവൻ’ (നസ്‌ലെൻ) എന്ന യുവ ചലച്ചിത്രകാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ കഠിനാധ്വാനവും കഴിവും മാത്രം പോരാ, മറിച്ച് സ്വാധീനവും ഭാഗ്യവും ഉണ്ടെങ്കിലേ സിനിമയിൽ നിലനിൽക്കാൻ കഴിയൂ എന്ന യാഥാർഥ്യം വിനീത് തിരിച്ചറിയുന്നു. സിനിമയുടെ ഉള്ളറകളിലെ രാഷ്ട്രീയം, ചതി, വഞ്ചന, നിർമാതാക്കളുടെ ചൂഷണം, കോപ്പിയടി എന്നിവയിലൂടെ കടന്നുപോകുന്ന വിനീതിന്റെ യാത്രയാണ് ചിത്രത്തിന്റെ കാതൽ. സിനിമയെ റൊമാന്റിസൈസ് ചെയ്യാതെ, അതിന്റെ ഇരുണ്ട വശങ്ങളെ തുറന്നുകാട്ടുന്നതിനാൽ ഈ ചിത്രത്തെ ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമാവ്യവസായത്തിലെ നെഗറ്റീവ് വശങ്ങളെ ഒട്ടും മടിക്കാതെ തുറന്നുപറയാൻ കാണിച്ച ധീരതയ്‌ക്ക്‌ കൈയ്യടിച്ചേ മതിയാകു.

ഗോഡ്‌ഫാദർമാരില്ലാത്ത, സ്വാധീനമില്ലാത്ത പുതിയ സിനിമാക്കാർക്ക് കഴിവുണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സംവിധാനത്തെ വലിയ രീതിയിൽ ചിത്രം വിമർശിക്കുന്നുണ്ട്‌. സിനിമാ വ്യവസായത്തിലെ പ്രധാന ആന്തരിക പ്രശ്നങ്ങൾ സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം സിനിമയിലുടനീളം പറയുന്നുണ്ട്‌. ഒരു സംവിധായകന്റെ യഥാർഥഥ കാഴ്ചപ്പാടിനെ നിർമാതാക്കളും താരങ്ങളും ചേർന്ന് അവരുടെ ലാഭത്തിനായി മാറ്റിയെഴുതാൻ നിർബന്ധിക്കുന്ന സർഗാത്മകതയിലേക്കുള്ള കടന്നുകയറ്റം, ചില നിർമാതാക്കൾ പരാജയപ്പെടുന്ന സിനിമകൾ മനഃപൂർവ്വം നിർമിച്ച്‌ നികുതിവെട്ടിപ്പ് നടത്തുന്നതിന്റെ കറുത്ത വശങ്ങൾ സിനിമ വ്യക്തമാക്കുന്നുണ്ട്. പുതിയ എഴുത്തുകാരുടെ ആശയങ്ങളും തിരക്കഥകളും വലിയ താരങ്ങളോ സ്വാധീനമുള്ളവരോ മോഷ്ടിക്കുന്ന അവസ്ഥയും ചിത്രത്തിന്റെ വിമർശന ശരം ഏറ്റുവാങ്ങുന്നുണ്ട്‌.

‘മോളിവുഡ് ടൈംസ്’ എന്ന സിനിമയെ ഒരു മികച്ച സിനിമാറ്റിക് അനുഭവമാക്കുന്നത് അതിന്റെ വേറിട്ട ക്രാഫ്റ്റും ധീരമായ അവതരണവുമാണ്. ഒരു സാധാരണ സിനിമയ്ക്കപ്പുറം സാങ്കേതികമായും ആശയപരമായും ഈ ചിത്രം പുലർത്തുന്ന മികവാണ്‌ ചിത്രത്തിന്റെ ഗ്രാഫ്‌ ഉയർത്തുന്നത്‌. സിനിമാ മേഖലയിലെ കാപട്യങ്ങളെയും അന്ധവിശ്വാസങ്ങളെയും യാതൊരു മടിയുമില്ലാതെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടാൻ സിനിമയ്ക്ക് കഴിഞ്ഞു. ഹോളിവുഡ് സംവിധായകൻ വെസ് ആൻഡേഴ്സന്റെ ശൈലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള സമഗ്രമായ ഫ്രെയിമിംഗും വിഷ്വൽ കട്ടുകളുംകൊണ്ട് അഭിനവ് സുന്ദർ നായക് ചിത്രത്തെ മനോഹരമാക്കി. മലയാള സിനിമയിൽ ആക്ഷേപഹാസ്യം പണ്ടുമുതലേ ഉണ്ടെങ്കിലും, അഭിനവ് സുന്ദർ നായക് അതിനെ തികച്ചും വ്യത്യസ്തവമായ രീതിയിലാണ് പ്രയോഗിച്ചിരിക്കുന്നത്. സമൂഹവും സിനിമാ ലോകവും പവിത്രമെന്ന് കരുതുന്ന പല കാര്യങ്ങളെയും അദ്ദേഹം നിശിതമായി പരിഹസിക്കുന്നുണ്ട്‌. ‘മോളിവുഡ് ടൈംസ്’, ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്നീ ചിത്രങ്ങളിൽ ആക്ഷേപഹാസ്യം ഉപയോഗിച്ചിരിക്കുന്ന രീതി പരമ്പരാഗത ധാർമികതയെ തകർക്കുന്നതാണ്‌. നല്ലവർക്ക് ഒടുവിൽ നല്ലത് വരുമെന്ന സിനിമാ ഫോർമുലയെ അദ്ദേഹം തകർക്കുന്നുണ്ട്‌. സ്വാർത്ഥരും വഞ്ചകരുമായ കഥാപാത്രങ്ങൾ തങ്ങളുടെ ലക്ഷ്യം നേടുമ്പോൾ പശ്ചാത്തലത്തിൽ സന്തോഷകരമായ സംഗീതം നൽകി പ്രേക്ഷകരിൽ ഒരു വശത്ത് ചിരിയും മറുവശത്ത് അസ്വസ്ഥതയും ഉണ്ടാക്കുകയാണ്‌. മനുഷ്യരുടെ ഉള്ളിലെ യഥാർത്ഥ സ്വാർത്ഥതയെയും കാപട്യങ്ങളെയും പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് സംഭാഷണങ്ങൾ.

സിനിമാവ്യവസായത്തെ ഒരു കലയായി കാണാതെ, കേവലം പണമുണ്ടാക്കാനുള്ള ബിസിനസ്സ് മാത്രമായി കാണുന്ന നിർമാതാക്കളെയും, മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന വലിയ താരങ്ങളെയും സിനിമ വിമർശിക്കുന്നുണ്ട്‌. സിനിമയിൽ അവസരം കിട്ടാൻ ആളുകൾ കാണിക്കുന്ന ദാസ്യവേലകളെയും സിനിമാ ക്യാമ്പുകളിലെ വ്യാജ സൗഹൃദങ്ങളെയും ഹാസ്യത്തിലൂടെ തുറന്നുകാട്ടുന്നു. വെറും സംഭാഷണങ്ങളിൽ മാത്രമല്ല, ക്യാമറ ആംഗിളുകളിലും എഡിറ്റിങ്ങിലും തമാശ ഒളിപ്പിച്ചുവെക്കുന്ന രീതിയാണ് അഭിനവിന്റേത്. ഗൗരവമേറിയ ഒരു സീനിൽ പെട്ടെന്ന് വരുന്ന വോയ്‌സ് ഓവറുകളും ലളിതമായ വിഷ്വൽ കട്ടുകളും ആക്ഷേപ ഹാസ്യത്തിന്‌ മൂർച്ചകൂട്ടുന്നു. ചിരിപ്പിച്ചുവിടുന്ന സാധാരണ തമാശകൾക്ക് പകരം, “ഞാൻ ഈ ചിരിച്ചത് ഒരു തെറ്റായ കാര്യത്തിനല്ലേ?” എന്ന് പ്രേക്ഷകനെക്കൊണ്ട് സ്വയം ചിന്തിപ്പിക്കുന്ന തരത്തിലാണ് അഭിനവ് ആക്ഷേപഹാസ്യം കൈകാര്യം ചെയ്യുന്നത്. ചുരുക്കത്തിൽ, സമൂഹത്തിലെയും സിനിമാ മേഖലയിലെയും പുഴുക്കുത്തുകളെ തൊലിപ്പുറത്ത് തൊടാതെ, ആഴത്തിൽ കീറിമുറിക്കാനുള്ള മൂർച്ചയേറിയ ഒരായുധമായാണ് അദ്ദേഹം ആക്ഷേപഹാസ്യത്തെ ഉപയോഗിക്കുന്നത്.

കേവലം സിനിമയ്ക്കുള്ളിലെ കഥ എന്നതിലുപരി, റിലീസിനു ശേഷം ഈ ചിത്രം യഥാർത്ഥ ജീവിതത്തിലും വലിയ ചില സിനിമാ വിവാദങ്ങൾക്ക് കാരണമായി. സെൻസർ ബോർഡ് ഒഴിവാക്കാൻ പറഞ്ഞ അശ്ലീല സംഭാഷണങ്ങളും തെറികളും തിയേറ്ററുകളിൽ മാറ്റമില്ലാതെ പ്രദർശിപ്പിച്ചു എന്ന പരാതി ഉയർന്നതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് ആഷിക് ഉസ്മാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പശ്ചാത്തലസൗകര്യങ്ങൾ ഇല്ലാത്ത ചില വ്യക്തികൾ കഴിവുകൊണ്ടല്ല, മറിച്ച് അവരുടെ സാമൂഹിക പശ്ചാത്തലംകൊണ്ട് മാത്രമാണ് സിനിമയിൽ ആഘോഷിക്കപ്പെടുന്നത് എന്ന തരത്തിലുള്ള സംഭാഷണങ്ങൾ സിനിമയിലുണ്ട്. ഇത് ജാതി സംവരണത്തിനെതിരെയുള്ള നിലപാട്‌ എന്ന നിലയിൽ വലിയ വിമർശനം ഏറ്റുവാങ്ങി. ചിത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റീവ് ഉപയോഗിച്ചതിനെതിരെയും വിമർശനം ഉണ്ടായി. മനുഷ്യന്റെ സർഗാത്മകതയെയും സിനിമയെയുംകുറിച്ച് സംസാരിക്കുന്ന ഒരു ചിത്രംതന്നെ നിർമ്മിതബുദ്ധി ടൂളുകളെ ആശ്രയിച്ചത് വൈരുദ്ധ്യമാണെന്നായിരുന്നു വിമർശനം.

നസ്‌ലെന്റെ കരിയർബെസ്റ്റ് പ്രകടനമാണ്‌ ചിത്രത്തിലേത്‌. വിനീത് മാധവൻ എന്ന സങ്കീർണ്ണമായ കഥാപാത്രത്തെ നസ്‌ലെൻ അത്യധികം മനോഹരമായി അവതരിപ്പിച്ചു. നസ്‌ലെന്റെ കരിയറിലെ ഏറ്റവും മികച്ചതും പക്വതയാർന്നതുമായ പ്രകടനങ്ങളിൽ ഒന്നാണിത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഏറ്റവും ജനപ്രിയനായ യുവതാരങ്ങളിൽ ഒരാൾ എന്ന സ്ഥാനം നസ്‌ലെൻ ഉറപ്പിക്കുന്നത്‌ കൂടിയാണ്‌ ചിത്രത്തിലെ പ്രകടനം. ആ ഗ്രാഫിനെ വീണ്ടും ഉയർത്തുകയാണ്‌. 2019-ൽ പുറത്തിറങ്ങിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ‘മെൽവിൻ’ എന്ന കഥാപാത്രത്തിലൂടെയാണ് നസ്‌ലെൻ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ കൗണ്ടർ സംഭാഷണങ്ങളും സ്വാഭാവിക തമാശകളും താരത്തിന് വലിയ ആരാധകരെ നേടി കൊടുത്തു. ‘കുരുതി’ (2021) എന്ന ചിത്രത്തിലെ തീക്ഷ്ണതയുള്ള കൗമാരക്കാരനായ റസൂൽ എന്ന കഥാപാത്രം നസ്‌ലെന് കോമഡി മാത്രമല്ല, ഗ‍ൗരവമേറിയ വേഷങ്ങളും വഴങ്ങുമെന്ന് തെളിയിച്ചു. തുടർന്ന് ‘ഹോം’ ‘സൂപ്പർ ശരണ്യ’, ‘ജോ ആൻഡ് ജോ’, ‘നെയ്മർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട ‘ബോയ് നെക്‌സ്‌റ്റ്‌ഡോർ’ (അയൽപക്കത്തെ പയ്യൻ) ഇമേജ് സ്വന്തമാക്കി. നസ്‌ലെന്റെ കരിയർ പൂർണ്ണമായി മാറ്റിമറിച്ച ചിത്രമാണ്‌ പ്രേമലു. ‘സച്ചിൻ’ എന്ന കഥാപാത്രമായി താരം തകർത്തഭിനയിച്ച ചിത്രം. ആഗോളതലത്തിൽ 135 കോടിയിലധികം രൂപ നേടി ഈ ചിത്രം ചരിത്രവിജയമായി മാറി. ഇത് നസ്‌ലെനെ മുൻനിര നായകന്മാരുടെ നിരയിലേക്ക്‌ ഉയർത്തി. 2025-ൽ പുറത്തിറങ്ങിയ ‘അലപ്പുഴ ജിംഖാന’ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ എന്നീ ചിത്രങ്ങൾ വലിയ സാമ്പത്തിക വിജയം നേടുകയും തനിച്ച് തിയറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ പോന്ന ഒരു ‘ബാങ്കബിൾ സ്റ്റാർ’ ആയി നസ്‌ലെനെ മാറ്റുകയും ചെയ്തു. ‘മോളിവുഡ് ടൈംസി’ൽ ‘വിനീത് മാധവൻ’ എന്ന സങ്കീർണ്ണമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നസ്‌ലെൻ തന്റെ അഭിനയ പക്വത വീണ്ടും തെളിയിച്ചു. കോമഡി ഇമേജിൽ നിന്നും മാറി മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ താരത്തിന് ഇതിലൂടെ സാധിച്ചു. മലയാള സിനിമയിലെ അടുത്ത തലമുറയെ നയിക്കാൻ ശേഷിയുള്ള മുൻനിര നായകനായി നസ്‌ലെൻ മാറിക്കഴിഞ്ഞു.

അഭിനവ് സുന്ദർ നായക് പരമ്പരാഗത മലയാള സിനിമയുടെ നടപ്പുരീതികളെയും ക്ലീഷേകളെയും പൂർണമായി പൊളിച്ചെഴുതിയ സംവിധായകനാണ്. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’, ‘മോളിവുഡ് ടൈംസ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് അപരിചിതമായ ഒരു പുതിയ സിനിമാസംസ്കാരം നിർമിക്കുക കൂടിയാണ്‌ അഭിനവ്‌. നായകന്മാർ എപ്പോഴും നന്മ നിറഞ്ഞവരും, തെറ്റ് ചെയ്യാത്തവരും, മറ്റുള്ളവരെ സഹായിക്കുന്നവരുമായിരിക്കണം എന്ന രീതി രണ്ടു സിനിമകളിലും മാറ്റി ചിന്തിപ്പിച്ചു. സിനിമയിൽ ‘കർമ്മ’ എന്നൊന്നില്ലെന്നും സ്വാർഥനും ക്രൂരനുമായ ഒരാൾക്കും വിജയിക്കാമെന്നും അദ്ദേഹം കാണിച്ചുതന്നു. മുകുന്ദനുണ്ണിയും, ‘മോളിവുഡ് ടൈംസി’ലെ വിനീത് മാധവനും സ്വന്തം വിജയത്തിനായി ആരെയും ചതിക്കാൻ മടിക്കാത്ത പച്ചയായ മനുഷ്യരാണ്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രങ്ങൾ എപ്പോഴും സിനിമയെന്ന മാധ്യമത്തെ ഒരു വികാരമായി ആഘോഷിക്കാറാണ് പതിവ്. എന്നാൽ സിനിമയെ റൊമാന്റിസൈസ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

സിനിമയെ റൊമാന്റിസൈസ് ചെയ്യാതെ, അതിനുള്ളിലെ ക്രൂരമായ മത്സരങ്ങളും, ചതിയും, ചൂഷണങ്ങളും തുറന്നുകാട്ടി. വെസ് ആൻഡേഴ്സൺ ശൈലിയിലുള്ള സിമ്മട്രിക് ഫ്രെയിമുകളും, വിഷ്വൽ കോമഡിയും അദ്ദേഹം തന്റെ ചിത്രങ്ങളിൽ പരീക്ഷിച്ചു വിജയിപ്പിച്ചു. കഥാപാത്രങ്ങളുടെ ഉള്ളിലെ ചിന്തകൾ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ആഖ്യാനശൈലി ഇ‍ൗ സിനിമകളിലൂടെ ജനകീയമാക്കുകയും ചെയ്‌തു. ഒരു എഡിറ്റർ കൂടിയായ അഭിനവ്, സിനിമയുടെ പരമ്പരാഗത വേഗതാരീതികളെ മാറ്റിമറിച്ചു. സംഭാഷണങ്ങളുടെയും സംഗീതത്തിന്റെയും താളത്തിനൊത്ത് അതിവേഗത്തിലുള്ള കട്ടുകളിലൂടെ അദ്ദേഹം തമാശകളും ഡാർക്ക് സീനുകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പ്രേക്ഷകരെ സുഖിപ്പിക്കുന്ന സ്ഥിരം ഫോർമുലകൾക്ക് പിന്നാലെ പോകാതെ, ധീരമായ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയുടെ ഭാവിയും വ്യാകരണവും മാറ്റിയെഴുതുകയാണ് അഭിനവ് സുന്ദർ നായക്‌. l

Hot this week

പിന്നിലാക്കി നിർത്തിയ ചരിത്രത്തിന് മുകളിൽ ‘merit’ എന്ന ബോർഡ് വെക്കരുത്

  ജീവിച്ചിരിക്കെ നമ്മൾ കണ്ട മനോഹരമായ ചരിത്രമായിരുന്നു ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം. നിരായുധരായിരുന്നെങ്കിലും...

ഹിരോഷിമയും നാഗസാക്കിയും – ഏറ്റവും ക്രൂരമായ സാർവ്വദേശീയപാതകങ്ങളുടെ സ്മരണ

മനുഷ്യരാശിക്കുമേൽ അമേരിക്ക നടത്തിയ ഏറ്റവും ക്രൂരമായ സാർവ്വദേശീയപാതകങ്ങളുടെ സ്മരണയാണ് ഹിരോഷിമയും നാഗസാക്കിയും. 1945 ആഗസ്ത്...

നവാൽ എൽ സആദാവി: തടവറയിൽ നിന്നൊരു സ്ത്രീപക്ഷസാക്ഷ്യം 

ഒരു എഴുത്തുകാരി എപ്പോഴാണ് ഭരണകൂടത്തിന് ഏറ്റവും അപകടകാരിയാവുന്നത്? അവൾ നുണ പറയാതിരിക്കുമ്പോൾ...

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

വ്യത്യസ്തമുന്നതം ഗ്രന്ഥം :കേരളത്തിൻ്റെ ദർപ്പണം

  ഓരോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു...

Topics

പിന്നിലാക്കി നിർത്തിയ ചരിത്രത്തിന് മുകളിൽ ‘merit’ എന്ന ബോർഡ് വെക്കരുത്

  ജീവിച്ചിരിക്കെ നമ്മൾ കണ്ട മനോഹരമായ ചരിത്രമായിരുന്നു ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം. നിരായുധരായിരുന്നെങ്കിലും...

ഹിരോഷിമയും നാഗസാക്കിയും – ഏറ്റവും ക്രൂരമായ സാർവ്വദേശീയപാതകങ്ങളുടെ സ്മരണ

മനുഷ്യരാശിക്കുമേൽ അമേരിക്ക നടത്തിയ ഏറ്റവും ക്രൂരമായ സാർവ്വദേശീയപാതകങ്ങളുടെ സ്മരണയാണ് ഹിരോഷിമയും നാഗസാക്കിയും. 1945 ആഗസ്ത്...

നവാൽ എൽ സആദാവി: തടവറയിൽ നിന്നൊരു സ്ത്രീപക്ഷസാക്ഷ്യം 

ഒരു എഴുത്തുകാരി എപ്പോഴാണ് ഭരണകൂടത്തിന് ഏറ്റവും അപകടകാരിയാവുന്നത്? അവൾ നുണ പറയാതിരിക്കുമ്പോൾ...

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

വ്യത്യസ്തമുന്നതം ഗ്രന്ഥം :കേരളത്തിൻ്റെ ദർപ്പണം

  ഓരോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു...

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...
spot_img

Related Articles

Popular Categories

spot_imgspot_img