
ഈ ലോകത്ത് കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ വക്താക്കളും അതിന്റെ അതാത് കാലത്തെ സംഘടനാരൂപങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മാർക്‌സും എംഗത്സും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ആരംഭത്തിൽ എഴുതിയതുപോലെ യൂറോപ്പിനെ വേട്ടയാടുന്ന ഭൂതമായാണ് ഭരണവർഗങ്ങൾ തുടക്കത്തിൽ ഈ പ്രത്യയശാസ്‌ത്രത്തെ കണ്ടത്. അതിൽനിന്നുതന്നെ ഭരണവർഗം എത്രത്തോളം ഭയത്തോടെയാണ് കമ്യൂണിസം എന്ന ആശയത്തെ, ചിന്തയെ അത് പ്രയോഗവത്‌കരിക്കാൻ ശ്രമിക്കുന്നവരെയുമെല്ലാം നോക്കിക്കാണുന്നതെന്ന് വ്യക്തമാകും.
മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ട തൊഴിലാളിവർഗത്തിന്റെ പ്രത്യയശാസ്‌ത്രത്തെ മുതലാളിവർഗം എങ്ങനെ ഭയക്കാതിരിക്കും. അതുകൊണ്ടാണ് അതിനെതിരായ കടന്നാക്രമണത്തിന് മൂലധനാധിപന്മാർ തുടക്കംമുതൽ തന്നെ നീക്കംതുടങ്ങിയത്. നേരിട്ടുള്ള അടിച്ചമർത്തലുകളും ഗൂഢാലോചനക്കേസുകൾ ചുമത്തലും മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയുള്ള ആക്രമണങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി നടന്നു, ഇപ്പോൾ നടക്കുന്നു.
സ്വേച്ഛാധിപതിയായ ബിസ്‌മാർക്ക് കൊളോൺ കമ്യൂണിസ്റ്റ് ഗൂഢാലോചന കേസ് ചുമത്തി കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താൻ ശ്രമിച്ചു. തൽഫലമായി താൽക്കാലികമായെങ്കിലും 1852ൽ കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടാൻ നിർബന്ധിതമായി. പിന്നീട് കൂടുതൽ പങ്കാളിത്തത്തോടെ വിപുലമായി ഒന്നാം ഇന്റർനാഷണൽ സ്ഥാപിക്കപ്പെട്ടു. പാരീസ് കമ്യൂണിനെ തുടർന്നുണ്ടായ അടിച്ചമർത്തലുകളുടെയും വ്യാപകമായ നുണപ്രചരണങ്ങളുടെയും പശ്ചാത്തലത്തിൽ അതും പിരിച്ചുവിടപ്പെട്ടെങ്കിലും പിന്നെയും രണ്ടും മൂന്നും ഇന്റർനാഷണലുകളും എല്ലാ രാജ്യങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളുമായി കമ്യൂണിസം പടർന്നുപന്തലിക്കുകയാണുണ്ടായത്.

ഇതിനിടയിൽതന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർടിയുടെയും കമ്യൂണിസ്റ്റുകാരുടെയും കൂടിച്ചേരലുകളും ആശയപ്രചരണങ്ങളും തടയാൻ ജർമനിയിൽ 1878ൽ ബിസ്‌മാർക്ക് സോഷ്യലിസ്റ്റ് വിരുദ്ധ നിയമം കൊണ്ടുവന്നു. കുറേ മർദന നടപടികൾ നടപ്പാക്കിയിട്ടും ആ പ്രസ്ഥാനം ഇല്ലാതാകാതെ വന്നതോടെ 1890 ആയപ്പോൾ ആ നിയമം തന്നെ ഉപേക്ഷിക്കാൻ ജർമൻ ഭരണകൂടം നിർബന്ധിതമായ ചരിത്രവുമുണ്ട്. ഇതോടൊപ്പം തന്നെ ഇടതുപക്ഷ വേഷധാരികളെ ഉപഗോഗിച്ച് മാർക്‌സിനെതിരെ അപവാദപ്രചരണം നടത്തി പ്രസ്ഥാനത്തെ തകർക്കാനും ഭരണവർഗം ശ്രമിച്ചിരുന്നു. പ്രസിദ്ധമായ Herr Vogt എന്ന കൃതിയിൽ മാർക്‌സ് തന്നെ ഇത് തുറന്നുകാണിച്ചിട്ടുമുണ്ട്. പിൽക്കാലത്ത് പുറത്തുവന്ന ജർമനിയിലെയും ഫ്രാൻസിലെയും ഔദ്യോഗിക രേഖകൾ പ്രകാരം മാർക്‌സിനെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും തകർക്കാനായി വൊഗ്‌ത്തും കൂട്ടരും ഭരണാധികാരികളിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മാർക്‌സിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന കുറിപ്പുകളും റിപ്പോർട്ടുകളും പടച്ചുവിട്ടു. ലക്ഷ്യം മാർക്‌സായിരുന്നില്ല, രൂപപ്പെട്ടുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ഇത്തരത്തിൽ ലോകത്താകെ എത്രയെത്ര ഗൂഢാലോചന കേസുകൾ, നിയമങ്ങൾ, അപവാദപ്രചരണങ്ങൾ… ഇതെല്ലാമുണ്ടായിട്ടും കമ്യൂണിസം എന്ന ആശയവും പ്രസ്ഥാനവും ഇന്നും ലോകത്താകെ നിലനിൽക്കുന്നു. ഇൻഡൊനേഷ്യയിലേതുപോലെ എത്രയെത്ര കൂട്ടക്കൊലകൾ, ചോരപ്പുഴകൾ… എല്ലാം അതിജീവിച്ചും ഈ പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നുവെന്നതുതന്നെ ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയോ പുരോഗമന ശക്തികളോ അധികാരത്തിൽ വന്നാലുടൻ അതിനെ അട്ടിമറിക്കാനുള്ള നീക്കവും മൂലധനശക്തികൾ തുടങ്ങും. വ്യക്തിഹത്യയും ദുരാരോപണങ്ങളും അതിന്റെ ഭാഗമായിത്തന്നെ ഉണ്ടാകുന്നുവെന്നതും ചരിത്രം. ലെനിനും സ്റ്റാലിനും മൗസേദോങ്ങുമെല്ലാം ഇത്തരം വ്യക്തിഹത്യകൾക്ക് നിരന്തരം ഇരയായിട്ടുണ്ട്. ഒടുവിൽ സ്റ്റാലിനെതിരായ ആക്രമണത്തിന് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽതന്നെ ഇടം ലഭിച്ചതോടെ സോവിയറ്റ് യൂണിയനെയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തകർക്കാൻ മൂലധനശക്തികൾക്ക് സുവർണാവസരമായി. 1980കളുടെ ഒടുവിൽ സോഷ്യലിസ്റ്റ് ചേരിയെയൊന്നാകെ അട്ടിമറിക്കാനായി പിന്നെ നീക്കം. അതിൽ സോവിയറ്റ് യൂണിയനിലുള്ളിൽനിന്നുതന്നെ തകർക്കാനായി. ചൈനയിൽ കലാപമുണ്ടാക്കാനുള്ള‐ ടിയാനെൻമെൻ സ്‌ക്വയർ‐ നീക്കം പാർട്ടിയും ഗവൺമെന്റും ചേർന്ന് തകർത്തു. 1950കളിൽ ഇറാനിലും ഗ്വാട്ടിമാലയിലും പിന്നീട് 1972ൽ ചിലിയിലും സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾ സ്വീകരിച്ച പുരോഗമന ഗവൺമെന്റുകളെ അട്ടിമറിച്ചതും ചരിത്രമാണ്.

ഗ്വാട്ടിമാലയിൽ 1953 ൽ അട്ടിമറിക്കപ്പെട്ട ഇടതുപക്ഷ പ്രസിഡണ്ട്
ഇന്ത്യയിൽ താഷ്‌ക്കെന്റൽവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം രൂപീകരിച്ചതുമുതൽ തുടങ്ങിയതാണ് പാർട്ടിക്കെതിരായ ആക്രമണം. പെഷവാർ ഗൂഢാലോചനക്കേസ്, കാൺപൂർ ഗൂഢാലോചനക്കേസ്, മീററ്റ് ഗൂഢാലോചനക്കേസ് എന്നിവയിലൂടെ തകർക്കാൻ പറ്റാതായതോടെ അടിച്ചമർത്തലിനായി നീക്കം. വടക്കേ മലബാറിലും പുന്നപ്ര വയലാറിലും തെലങ്കാനയിലും ബംഗാളിലും മഹാരാഷ്‌ട്രയിലും ആസാമിലുമെല്ലാം തൊഴിലാളികളുടെയും കർഷകരുടെയും ആദിവാസികളുടെയും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റും അവരുടെ കിങ്കരന്മാരായ നാട്ടുരാജാക്കന്മാരും ഭീകരമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. സ്വാതന്ത്ര്യനന്തര ഇന്ത്യയിലും ഈ ആക്രമണം തുടർന്നു. കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുക മാത്രമല്ല പല ഘട്ടങ്ങളിലും പാർട്ടിയും പാർട്ടി നേതാക്കളും ക്രൂരമായി വേട്ടയാടപ്പെടുകയുമുണ്ടായി.
1957ൽ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയയോടെ മൂലധനശക്തികൾക്ക്, കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ഇരിക്കപ്പൊറുതിയില്ലാതായി. സർക്കാരിന്റെ നടപടികളാകട്ടെ മുതലാളിമാരെയും ഭൂപ്രഭുക്കളെയുമെല്ലാം അങ്കലാപ്പിലാക്കുന്നതുമായിരുന്നു. കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്‌കരണനിയമം, വിദ്യാഭ്യാസനിയമം, പൊലീസ് നയം എന്നിവയെല്ലാം മൂലധനശക്തികളുടെ ചങ്കിൽ തറയ്‌ക്കുന്ന കഠാരയായി മാറി. സർവ പിന്തിരിപ്പൻ ശക്തികളും ആ സർക്കാരിനെതിരെ ഒത്തുചേർന്നു. കമ്യൂണിസത്തെ എന്തുചെയ്‌തും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള ആഗോള മൂലധനത്തിന്റെ അധിപനായ അമേരിക്ക ഈ അവിശുദ്ധസഖ്യത്തിന്റെ മുൻപന്തിയിൽ നിന്നു. ഈ കമ്യൂണിസ്റ്റ് വിരുദ്ധ അവിശുദ്ധ കൂട്ടായ്‌മയുടെ സാംസ്‌കാരിക മുഖങ്ങൾ. ഒരുകാലത്ത് ഇടതുപക്ഷമോ ഇടതുപക്ഷ സഹയാത്രികരോ ആയി അറിയപ്പെട്ടിരുന്നവരായിരുന്നു. പ്രചാരണത്തിനു നിലവിലുണ്ടായിരുന്ന പത്രങ്ങൾ പോരാഞ്ഞിട്ട് നിരവധി പുതിയ പത്രങ്ങൾ അമേരിക്കൻ പണത്തിന്റെ പിൻബലത്തിൽ പൊട്ടിമുളച്ചു. ‘വിമോചന’ സമരത്തിലെ ലഹരി ശമിച്ചതോടെ അവയെല്ലാം അടച്ചുപൂട്ടപ്പെട്ടു. കേരളത്തിൽ വലതുപക്ഷവൽക്കരണത്തിനുള്ള അരങ്ങൊരുക്കലായിരുന്നു അന്നു നടന്നത്.
പിൽക്കാലത്ത് ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ഗവൺമെന്റുകൾ വന്നപ്പോഴെല്ലാം ആ ഗവൺമെന്റുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. 1967ലും 1980ലും മുന്നണിക്കുള്ളിൽ ശിഥിലീകരണം നടത്തി അട്ടിമറിക്കുകയാണുണ്ടായത്. 1987 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഗവൺമെന്റുകൾക്ക് തുടർഭരണം അസാധ്യമാക്കുംവിധം വ്യാജപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇടത്‐വലത് മുന്നണികൾ മാറിമാറി ഭരണത്തിൽ വരുനന സ്ഥിതിയുണ്ടായി. എന്നാൽ 2021ൽ ഈ ചരിത്രം തിരുത്തിക്കൊണ്ടുള്ള ജനവിധിയായിരുന്നു ഉണ്ടായത്. എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും അപകീർത്തിപ്പെടുത്താൻ വേണ്ടി കെട്ടുകഥകളുടെ, അപവാദപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു അന്നുണ്ടായത്. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നു 2021ലെ ജനവിധി‐ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് വൻ ഭൂരിപക്ഷത്തോടെ തുടർഭരണം ഉറപ്പാക്കിയ ജനവിധി. ഇത് മൂലധനശക്തികളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. ഒരുവിധത്തിലും വീണ്ടും ഇടതുപക്ഷം ഭരണത്തിലെത്താതിരിക്കാനുള്ള പൊതുബോധ നിർമിതിക്കുള്ള, ഇടതുപക്ഷവിരുദ്ധമായ പൊതുബോധ നിർമിതിക്കുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു തുടർന്നു നടന്നത്. ഇടതുപക്ഷത്തെ തകർക്കണമെന്നുണ്ടെങ്കിൽ അതിന്റെ തലപ്പത്തുതന്നെ അടിക്കണമെന്ന കൃത്യമായ അജൻഡയോടെയുള്ള ആക്രമണം ശക്തമാക്കുകയാണുണ്ടായത്.
അജൻഡയിലെ ഒരിനമായിരുന്നു, പ്രധാന ഐറ്റമായിരുന്നു സിഎംആർഎൽ‐എക്‌സാലോജിക് കേസ്. സിപിഐ എം നേതാവായ പിണറായി വിജയനെതിരെ, അദ്ദേഹം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതുമുതൽ നടത്തിവന്ന ആക്രമണത്തിന്റെ ഒടുവിലത്തെ പതിപ്പാണെന്ന് പറയാം ഈ കേസിനെ. സംസ്ഥാന പാർട്ടി സെക്രട്ടറിയായി ചുമതലയെടുത്ത് ഏറെ കഴിയുംമുമ്പ്, കരുത്തോടെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ ശക്തനായ പാർട്ടി സെക്രട്ടറിയെന്ന പ്രതിച്ഛായ രൂപംകൊള്ളാൻ ആരംഭിച്ചതുമുതൽ പ്രത്യേകിച്ചും, അദ്ദേഹത്തെ അഴിമതിയാരോപണം കൊണ്ട് കരിവാരിത്തേയ്‌ക്കാനുള്ള നീക്കമാണുണ്ടായത്. ഇ എം എസും എ കെ ജിയും സി എച്ച് കണാരനും അഴിക്കോടൻ രാഘവനും ഇ കെ നായനാരും വി എസുമെല്ലാം അവർ പാർട്ടിയുടെ പ്രമുഖ നേതാവായി നിന്നപ്പോഴെല്ലാം ഏതെങ്കിലും വിധത്തിൽ കടുത്ത കടന്നാക്രമണം നേരിടേണ്ടതായി വന്ന ചരിത്രവും ഓർക്കേണ്ടതാണ്.

ചിലിയിൽ 1973ൽ അട്ടിമറിക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡൻ്റ്
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുന്നതിനു മുമ്പ് വൈദ്യുതി‐സഹകരണവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചയാൾ എന്നുമാത്രമല്ല, കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെയടക്കം മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റിയ നേതാവുമായിരുന്നു പിണറായി വിജയൻ. അത്തരത്തിൽ സംഘടനാ മികവുള്ള ഒരാൾ പാർട്ടി സെക്രട്ടറിയായി നയിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയെന്ന മൂലധനശക്തികളുടെ അജൻഡ നടപ്പാക്കുന്നത് ദുഷ്‌കരമാക്കുമെന്ന് വലതുപക്ഷത്തിനറിയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്‌ക്കുമേൽ കരിനിഴൽ വീഴ്‌ത്താനുള്ള ആസൂത്രിത നീക്കമാണ് തുടർന്നുണ്ടായത്. അങ്ങനെയാണ് ലാവ്‌ലിൻ കേസ് ഉയർത്തിക്കൊണ്ടുവന്നത്. അദ്ദേഹം വൈദ്യുതിമന്ത്രിയായിരിക്കെ ചില വൈദ്യുതപദ്ധതികളുടെ നവീകരണത്തിനായി ലാവ്‌ലിൻ എന്ന കനേഡിയൻ കന്പനിയുമായുണ്ടാക്കിയ കരാറിൽ അഴിമതി നടത്തി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണം ഉയർത്തുന്നതിന് സിഎജിയുടെ റിപ്പോർട്ടിനെ മറയാക്കുകയാണുണ്ടായത്. യഥാർഥത്തിൽ ആ കരാറിനാധാരമായ ധാരണാപത്രത്തിൽ ഒപ്പവെച്ചത് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ വൈദ്യൂതിമന്ത്രിയായിരുന്ന ജി കാർത്തികേയനായിരുന്നുവെന്ന വസ്‌തുതപോലും മറച്ചുവെച്ചും സിഎജി റിപ്പോർട്ടിന്റെ കരട് രൂപം മാധ്യമങ്ങളിലൂടെ ആസൂത്രിതമായി പ്രചരിപ്പിച്ചും വ്യാജമായി ആരോപണം സൃഷ്ടിക്കുകയാണുണ്ടായത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വിജിലൻസ് അന്വേഷണം നടത്തി തള്ളിക്കളഞ്ഞ ആരോപണമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേർന്ന മന്ത്രിസഭായോഗം പിന്നീട് സിബിഐ അന്വേഷണത്തിന് റെഫർ ചെയ്‌തത്. യുപിഎ ഭരണകാലത്ത് കേന്ദ്രത്തിൽ സിബിഐയുടെ ചുമതലയുണ്ടായിരുന്ന ആഭ്യന്തര സഹമന്ത്രിയായി മുല്ലപ്പള്ളി രാമചന്ദ്രൻ അധികാരത്തിലിരിക്കെ പ്രാഥമിക പരിശോധനയിൽ വേണ്ടത്ര തെളിവില്ലെന്നു കണ്ട് കേസ് ഏറ്റെടുക്കാൻ സിബിഐ ആദ്യം തയ്യാറായില്ലെന്ന സത്യംപോലും പിന്നീട് മൂടിവെക്കപ്പെട്ടു.
ദീർഘമായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിൽ പിണറായി വിജയനെ വിചാരണ ചെയ്യാൻ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെ വിചാരണക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞതാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്റായിരുന്നു അന്നും കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്. സിബിഐയുടെ ഭരണച്ചുമതല മുല്ലപ്പള്ളി രാമചന്ദ്രനു തന്നെയായിരുന്നു. കോടതി ഒരു പരിശോധനയും കൂടാതെ തള്ളിക്കളയുകയായിരുന്നില്ല. സുദീർഘമായ വാദപ്രതിവാദങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് കോടതി കേസ് തള്ളിയത്. സിബിഐക്കുവേണ്ടി പ്രശസ്‌തരായ അഭിഭാഷകർ അണിനിരന്നാണ് വിചാരണക്കോടതിയിൽ കേസ് വാദിച്ചത്. എന്നിട്ടും, വിചാരണയ്‌ക്കുപോലും അർഹമല്ലെന്നു കണ്ടാണ് കേസ് തള്ളിയത്.
എന്നിട്ടും മതിയാകാതെ ബാഹ്യസമ്മർദത്തെതുടർന്ന് സിബിഐ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. 2016ലെ തിരഞ്ഞെടുപ്പിനുമുമ്പ് ഉടൻ വിചാരണയ്‌ക്കായി കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇതിൽ കക്ഷിയല്ലാത്ത സംസ്ഥാന സർക്കാർ (ഉമ്മൻചാണ്ടിയുടെ സർക്കാർ) സ്‌പെഷ്യൽ ലീവ് പെറ്റീഷൻ നൽകുന്ന അസാധാരണമായ നടപടിപോലുമുണ്ടായി. അങ്ങനെ തിടുക്കത്തിൽ (കേസിന്റെ സീനിയോറിറ്റി മറികടന്ന്) ഹൈക്കോടതി സിബിഐയുടെ അപ്പീൽ വിചാരണയ്‌ക്കായി എടുത്തു. ഹൈക്കോടതി കുറ്റപത്രം അംഗീകരിച്ച് വിചാരണക്കോടതിക്ക് വിട്ടാൽ 2016ലെ തിരഞ്ഞെടുപ്പിൽ പിണറായിയെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്താനാകുമെന്ന ദുഷ്ടലാക്കായിരുന്നു വലതുപക്ഷത്തിനുണ്ടായിരുന്നത്. എന്നാൽ ഹൈക്കോടതിയും സിബിഐയുടെ അപ്പീൽ തള്ളിക്കളയുകയാണുണ്ടായത്. അതോടെ പിണറായിക്കെതിരെ കേസൊന്നുമില്ലാതായി.
എന്നിട്ടും വലതുപഷ രാഷ്‌ട്രീയത്തിന്റെ ഏകോപിതമായ സമ്മർദംമൂലം സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾ പലതുകഴിഞ്ഞിട്ടും അതിന്മേൽ തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് സിബിഐ തന്നെയാണ്. എന്തുകൊണ്ടെന്നോ? കേസ് വിചാരണയ്‌ക്കെടുത്ത സുപ്രീംകോടതി പിണറായിക്കെതിരെ വിചാരണാർഹമായ പുതിയ തെളിവ് എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയാണുണ്ടായത്. കൈരേഖയല്ലാതെ മറ്റൊരു രേഖയും മറ്റൊരു തെളിവുമില്ലാതെ സിബിഐ സുപ്രീംകോടതിയിൽനിന്ന് മുങ്ങിനടക്കുകയാണെന്ന കാര്യം വലതുപക്ഷവും മാധ്യമങ്ങളും പൊതുസമൂഹത്തിൽനിന്ന് മൂടിവെച്ചിരിക്കുകയാണ്. അവർക്കാവശ്യം പിണറായിയെ വേട്ടയാടുന്നതിന് ഒരു വിഷയം സജീവമായി നിലനിർത്തുക മാത്രമാണ്.

അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴത്തെ എക്‌സാലോജിക് കേസും. 2021ലെ തിരഞ്ഞെടുപ്പിനു മുമ്പ് നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസ് പൊക്കിക്കൊണ്ടുവന്ന് പിണറായി വിജയനെ അഴിമതിക്കാരനായി ചാപ്പകുത്താൻ നോക്കിയെങ്കിലും അതുമായി മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്ന് കണ്ടതോടെ ആമയെപ്പോലെ തലവലിക്കുകയായിരുന്നു. കസ്റ്റംസും നയതന്ത്രകാര്യാലയവുമൊന്നും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ലാതിരുന്നിട്ടും അതിനെ സംസ്ഥാന സർക്കാരുമായും മുഖ്യമന്ത്രിയുമായും കൂട്ടിക്കെട്ടാൻ നടത്തിയ നീക്കംതന്നെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നതാണ്. ഒരു തെളിവുമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്‌തിരുന്ന ശിവശങ്കർ ഐഎഎസിനെതിരെ കേസെടുത്തുതന്നെ പിണറായി വിജയനെ ആ കേസിൽ കുടുക്കാനായിരുന്നു. ആ ഉദ്യോഗസ്ഥന്റെ ഉറച്ച നിലപാടുമൂലം കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം നടന്നില്ല.
ഇപ്പോൾ പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന എക്‌സാലോജിക് എന്ന ഐടി സ്റ്റാർട്ടപ്പ്, കരിമണൽ കർത്തയുടെ സിഎംആർഎൽ (ഇത് സംസ്ഥാനത്തെ കെഎസ്‌ഐഡിസി എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ സംയുക്ത സംരംഭവുമാണ്; കർത്തയുമായി ഈ പൊതുമേഖലാ സ്ഥാപനം കൂട്ടുകെട്ടുണ്ടാക്കിയതാകട്ടെ യുഡിഎഫ് ഭരണകാലത്തുമാണ്.) കമ്പനിയുമായി മെയിന്റനൻസ് കരാറുണ്ടാക്കുകയും കരാർ പ്രകാരമുള്ള തുക ബാങ്കുവഴി എല്ലാവിധ നികുതികളും അടച്ച് കൈപ്പറ്റിയതുമാണ് കേസിനാസ്‌പദമായ സംഭവം. സിഎംആർഎൽ കമ്പനിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയ ആദായ നികുതിവകുപ്പ് വലിയ പിഴ ഈടാക്കിയതിനെതിരെ കർത്ത നൽകിയ അപ്പീലിലാണ് താൻ പണം ആർക്കൊക്കെ കൊടുത്തുവെന്ന റിപ്പോർട്ട് വരുന്നത്. ആദായനികുതിവകുപ്പിന്റെ ഇന്റെറിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വീണയുടെ പേരിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് സംരംഭകയെന്നും അവർ സേവനമൊന്നും നൽകാതെയാണ് പണംപറ്റിയെന്നും എഴുതിച്ചേർത്തതുതന്നെ ദുരൂഹമാണ്; രാഷ്‌ട്രീയ ലക്ഷ്യംവെച്ചുള്ളതാണ്. പിണറായി വിജയനെ ഈ കേസുമായി കൂട്ടിക്കെട്ടുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്ന് വ്യക്തം. എന്നാൽ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കു പുറമെ അന്തരിച്ച ഉമ്മൻചാണ്ടി, ഇബ്രാഹിംകുഞ്ഞ് എന്നിവരും കോടികൾ സിഎംആർഎൽ കമ്പനിയിൽനിന്ന് കൈപ്പറ്റിയതായി ഇവർതന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അതിലേക്കൊന്നും തിരിയാതെ വീണ കരാർപ്രകാരം നിയമാനുസരണം കൈപ്പറ്റിയ 1.76 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ കാണിക്കുന്ന വ്യഗ്രതയ്‌ക്കു പിന്നിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയെന്നതുതന്നെയാണ്. സിപിഐ എം നേതാവായതുകൊണ്ടുതന്നെയാണ് പിണറായി വിജയനെ കേന്ദ്ര ഏജൻസികളും വലതുപക്ഷ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വേട്ടയാടുന്നത്.
യഥാർഥത്തിൽ ലക്ഷ്യം പിണറായി വിജയൻ എന്ന വ്യക്തിയല്ല. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയാണ്, സിപിഐ എം തന്നെയാണ്, ഇവരുടെയെല്ലാം ലക്ഷ്യം. കോർപറേറ്റുകളുടെ കൊള്ളലാഭക്കൊതിക്ക് തടസ്സംനിൽക്കുകയും തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നിലപാടെടുക്കുകയും ചെയ്യുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ മുതലാളിത്ത ശക്തികൾ തർക്കംപാർത്തിരിക്കുന്നതിനു കാരണം. എന്നാൽ എത്ര തകർക്കാൻ ശ്രമിച്ചാലും തകരാതെ വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. അതിന്റെ സാക്ഷ്യമാണ് ഇഡി വേട്ടയുടെ ദിവസം ആരും ആഹ്വാനം ചെയ്യാതെ ജനങ്ങൾ പ്രതിഷേധ മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങിയത്. l





