മോഹൻലാൽ മികവിൽ ഒതുങ്ങുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസി

കെ എ നിധിൻ നാഥ്‌

ന്നെ തേടി ഏത്‌ നിമിഷവും പുതിയ തെളിവുമായി പൊലീസ്‌ വരുമെന്ന്‌ ഉറപ്പിച്ചാണ്‌ ജോർജ്‌ കുട്ടി (മോഹൻലാൽ) കഴിയുന്നത്‌. ഇ‍ൗ വരവ്‌ എന്ന സാധ്യതയിൽ ഉ‍ൗന്നിയാണ്‌ ദൃശ്യം 3ഉും ഒരുക്കിയിട്ടുള്ളത്‌. തന്റെ കുടുംബത്തെ രക്ഷിക്കാൻ പൊലീസിന്റെയും വരുൺ പ്രഭാകരന്റെ കുടുംബത്തിന്റെയും നീക്കങ്ങൾക്ക്‌ മുൻപേ നടക്കാനുള്ള ശ്രമമാണ് ജോർജ്‌ കുട്ടിയുടെ ജീവിതം. ജോർജ് കുട്ടിക്ക് ഒപ്പം ഓടി പിടിക്കാൻ പൊലീസും മറ്റു സംവിധാനങ്ങളും എന്ന ആശയം ദൃശ്യം ഫ്രാഞ്ചൈസിക്ക്‌ വലിയ സാധ്യത നൽകുന്നുണ്ട്‌. ഈയൊരു ‘ക്യാറ്റ് ആന്റ്‌ മൗസ്’ കളിയാണ്‌ ദൃശ്യം ഫ്രാഞ്ചെസിയിലെ ഓരോ സിനിമയും. ‘നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ്‌ നിരീക്ഷിക്കുന്നത്‌’ എന്ന്‌ സിനിമയിൽ ജോർജ്‌ കുട്ടിയെക്കുറിച്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്‌. അതായത്‌ പൊലീസ്‌ എന്ത്‌ ചെയ്യുമെന്ന്‌ ചിന്തിച്ച്‌ അതിനെ മുൻകൂട്ടി കണ്ട്‌ ആ നീക്കങ്ങളെ മറികടക്കാൻ ജോർജ്‌ കുട്ടി എന്താണ്‌ മനസ്സിൽ കണ്ടിട്ടുള്ളത്‌ എന്നതാണ്‌ ദൃശ്യം ഫ്രാഞ്ചൈസിയുടെ സാധ്യത. ഇ‍ൗ ആശയത്തിൽ ഉ‍ൗന്നിയുള്ള കഥപറച്ചിനു ഇനിയും സാധ്യതകളുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ദൃശ്യം 3ന്റെയും വിജയം. അതേസമയം ഇനി അടുത്ത ഭാഗം വേണ്ട എന്ന ചർച്ചയും ഒപ്പം നടക്കുന്നുണ്ട്‌. മോഹൻലാൽ എന്ന നടനും ദൃശ്യം ഫ്രാഞ്ചൈസി എന്ന സാധ്യതയ്‌ക്കുമപ്പുറം ദൃശ്യം 3 ഉയരുന്നില്ല എന്നതാണ്‌ ഇനിയൊരു തുടർച്ച വേണ്ട എന്ന വിമർശനത്തിന്‌ വഴിതുറക്കുന്നത്‌.

രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതമാണ് ദൃശ്യം 3ന്റെ പശ്ചാത്തലം. ജോർജുകുട്ടി ഇപ്പോൾ ഒരു വിജയകരമായ തിയറ്റർ ഉടമയും 100 കോടി ക്ലബ്ബ് സിനിമയുടെ നിർമ്മാതാവുമായി സാമ്പത്തികമായി ഏറെ ഉയർന്നു. പക്ഷേ ഭൂതകാലത്തിന്റെ നിഴൽ പിന്തുടരുന്നുണ്ട്‌ എന്ന ബോധ്യം ജോർജ്‌ കുട്ടിക്കുണ്ട്‌. പുറമേയ്ക്ക് അവർ സമാധാനപരമായി ജീവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഭൂതകാലത്തിലെ ആ പഴയ കുറ്റകൃത്യം അവരുടെ മനസ്സിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ദൃശ്യം 1 ആരംഭിക്കുമ്പോൾ കുടുംബ ചിത്രമായി തുടങ്ങി, പിന്നീട്‌ കുറ്റകൃത്യത്തിനെ തുടർന്ന്‌ അത്‌ ഒളിപ്പിക്കാനുള്ള ശ്രമങ്ങളായി മാറുന്നു. അങ്ങനെയത്‌ ക്രൈം ത്രില്ലർ സ്വഭാവത്തിലേക്ക്‌ വളരുകയാണ്‌. അതിന്റെ ചുവടുപിടിച്ച്‌ രണ്ടാം ഭാഗം ത്രില്ലർ സ്വഭാവത്തിൽ ഉ‍ൗന്നിയാണ്‌ കഥപറഞ്ഞത്‌. എന്നാൽ ദൃശ്യം 3 അതിൽ മാറ്റംകൊണ്ടുവരുന്നുണ്ട്‌. ത്രില്ലർ എന്നതിനപ്പുറം കുടുംബ ചിത്രവും വൈകാരിക പ്രതലവും നൽകുന്നുണ്ട്‌.

കുടുംബബന്ധങ്ങളുടെ വൈകാരികതയും, കുറ്റകൃത്യത്തെ നേരിടാനുള്ള സാധാരണ കുടുംബനാഥന്റെ അതിവിദഗ്‌ധമായ തയാറെടുപ്പും കോർത്തിണക്കിയാണ്‌ ജിത്തു ജോസഫ്–-മോഹൻലാൽ കൂട്ടുകെട്ട്‌ ദൃശ്യം ഫ്രാഞ്ചൈസി ഒരുക്കിയിട്ടുള്ളത്‌. ദൃശ്യം 3 നേടിയ വലിയ വിജയം മലയാള സിനിമയിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസി കൂടിയായി ദൃശ്യത്തെ മാറ്റുകയും ചെയ്‌തു. സാധാരണക്കാരനായ ഒരു നായകന്റെ അതിജീവനം എന്ന സാധ്യത പലകുറി മോഹൻലാൽ തോളിലേറ്റിയിട്ടുണ്ട്‌. അതിനു പലപ്പോഴും താരം എന്ന നിലയിൽ കൂടിയാണ്‌ രൂപപ്പെടുത്തിയിരുന്നത്‌. എന്നാൽ മോഹൻലാൽ എന്ന താരസ്വരൂപത്തെ മാറ്റിനിർത്തി ജോർജ്‌ കുട്ടിയിൽ സന്നിവേശിപ്പിച്ച മിടുക്ക്‌ കൂടിയാണ്‌ ദൃശ്യം ഫ്രാഞ്ചൈസിയുടെ വിജയ രഹസ്യം. 2013ൽ ദൃശ്യം ഇറങ്ങിയപ്പോൾ വലിയ വിജയമാണ്‌ നേടിയത്‌. കൃത്യമായി പറഞ്ഞ്‌ അവസാനിപ്പിച്ച ചിത്രമായിരുന്നു അത്‌. എന്നാൽ വർഷങ്ങൾക്കപ്പുറം കോവിഡ്‌ കാലത്ത്‌ ഒടിടിയിൽ ദശ്യം 2 എത്തി. പുനരാരംഭിക്കൽ എന്നായിരുന്നു സിനിമയുടെ ടൈറ്റിലിലുണ്ടായിരുന്നത്‌. ഇപ്പോൾ ദ്യശ്യം 3ൽ എത്തിനിൽക്കുമ്പോൾ ‘ഭൂതകാലം ഒരിക്കലും നിശബ്ദമാകില്ല’ എന്നാണുള്ളത്‌. തുടർച്ചകൾക്കുള്ള സാധ്യതയും സാഹചര്യവും പറഞ്ഞുവെക്കുന്നുണ്ട്‌ ദൃശ്യം 3. റിലീസ്‌ ചെയ്‌ത്‌ 58 മണിക്കൂറിൽ 100 കോടി ക്ലബിലെത്തിയ ചിത്രം 250 കോടി ക്ലബിലുമെത്തി. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ്‌ ചിത്രം പ്രദർശനം തുടരുന്നത്‌.

മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള താരമാണ്‌ മോഹൻലാൽ. അതിനാൽ തന്നെ മോഹൻലാൽ എന്ന നടൻ താരത്തിന് വഴിമാറിയിട്ട് കാലമേറെയായി എന്ന വിമർശനങ്ങളോട്‌ അയാളിലെ നടൻ ജോർജ്‌ കുട്ടിയിലൂടെ മറുപടിയാകുന്നുണ്ട്‌. മോഹൻലാൽ എന്ന താരത്തിന്റെ വളർച്ചയിൽ പിന്നിലേക്ക്‌ പോയ നടനുണ്ട്‌. കഥാപത്രം കടന്നുപോകുന്ന സംഘർഷങ്ങളെല്ലാം നായകന്റെ വീറിനു മുന്നിൽ മാഞ്ഞുപോയിരുന്നു. എന്നാൽ അതെല്ലാം പോയിട്ടില്ലെന്ന്‌ ദൃശ്യം 3ലെ ജോർജ്‌ കുട്ടിയും പറയുന്നുണ്ട്‌. മലയാളത്തിന്റെ മോഹൻലാലായി അയാൾ മാറിയത്‌ കഥാപാത്രങ്ങളിലൂടെ നേടിയെടുത്ത ഇഷ്ടത്തിലൂടെയാണ്‌. ആ ഇഷ്ടത്തണലിലേക്ക്‌ താരഭാരമില്ലാതെ അയാൾ വീണ്ടും എത്തി എന്നതാണ്‌ ദൃശ്യം 3 എന്ന സിനിമയുടെ ഏറ്റവും വലിയ നേട്ടം. പലപ്പോഴും മോഹൻലാൽ എന്ന നടനെ കാണാനാകാതെ താരത്തെ മാത്രം കണ്ടിരുന്നു. അതിനു പകരം മലയാളി ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന മോഹൻലാൽ എന്ന നടനെ തിരിച്ചുവിളിച്ചു. ആ വിളിയിൽ മോഹൻലാൽ പിന്നിട്ട കാലത്തിന്റെ ഓർമകൾക്കപ്പുറം പുതിയ കാലത്തിനായി കാത്തുവച്ച പകർന്നാട്ടത്തിന്റെ കെട്ടഴിച്ചു.

ഹോളിവുഡിൽ തുടങ്ങി സിനിമ ഫ്രാഞ്ചൈസികളിൽ ഭൂരിപക്ഷവും പിൻതുടരുന്ന വാർപ്പ്‌ മാതൃകയെ ദൃശ്യം പിൻപറ്റുന്നില്ല. നായകൻ എതിരിടുന്ന പ്രതിസന്ധി,‍ അതിനെ അയാൾ അതിജീവിച്ച്‌ നേടുന്ന വിജയം എന്നതാണ്‌ ഫ്രാഞ്ചൈസി സിനിമയുടെ നടപ്പ്‌ രീതി. ഓരോ സിനിമയിലും ഓരോ പ്രശ്‌നം എന്ന രീതിയിലാണ്‌ അവതരണം. എന്നാൽ ദൃശ്യം അതിൽ നിന്ന്‌ വ്യത്യസ്തമാണ്‌. ദൃശ്യം 3ൽ എത്തുമ്പോൾ അതിൽ നിന്ന്‌ വലിയമാറ്റം ഉണ്ടാകുന്നുണ്ട്‌. നായകൻ‐പ്രതിനായകൻ എന്നതിനപ്പുറത്തേക്ക്‌ കഥാപാത്രങ്ങളുടെ വൈകാരിക തലത്തിൽ ഉ‍ൗന്നിയുള്ള കഥപറച്ചലിലേക്ക്‌ ദൃശ്യം മാറുന്നുണ്ട്‌. തന്റെ പ്രവൃത്തികൾ, അതിന്റെ ഭിവിഷ്യത്ത്‌ എന്ന മാനസിക തലത്തിലാണ്‌ ജോർജ്‌ കുട്ടിയുടെ കഥാപാത്രം. മകന്റെ കൊലപാതകം അതിന്റെ പ്രതികാരം എന്ന നിലയിൽ പ്രഭാകരൻ (സിദ്ധിഖ്‌) ഭാര്യ ഗീത (ആശ ശരത്ത്‌) എന്നിവരും പൊലീസ്‌ സേനയ്‌ക്കുണ്ടായ നാണക്കേട്‌, തങ്ങൾക്കുണ്ടായ വ്യക്തിപരമായ നഷ്ടം എന്ന നിലയിലേക്ക്‌ കഥാപാത്രങ്ങൾ മാറുകയാണ്‌. ത്രില്ലർ സ്വഭാവത്തിനപ്പുറത്തേക്ക്‌ വൈകാരിക തലം സൃഷ്ടിക്കപ്പെട്ട ഇടത്താണ്‌ ദൃശ്യം 3 ഫ്രാഞ്ചൈസികളുടെ പതിവ്‌ ഘടനയെ പുനഃനിർമിക്കുന്നത്‌. അത്‌ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന സിനിമയായി ദൃശ്യം 3 മാറ്റുന്നുണ്ട്‌; ഒപ്പം വലിയ വിജയത്തിനുള്ള കാരണവുമായി മാറി.

വൈകാരികമായ സന്ദർഭങ്ങളെ കോർത്തെടുത്ത്‌ ജോർജ്‌ കുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാനായി നടത്തുന്ന യാത്രയ്‌ക്കൊപ്പം മലയാളി കൂടി ചേർന്നതോടെ ബോക്‌സോഫീസ്‌ കണക്കുകളിൽ കോടികളുടെ പെയ്‌ത്ത്‌ നടന്നു. ജോർജ്‌ കുട്ടിയുടെ കുടുംബം എന്നത്‌ പ്രേക്ഷകന്റേതു കൂടിയാക്കി മാറ്റാൻ മലയാള സാദാചാര സമൂ‍ഹത്തിൽ വളരെ എളുപ്പമാണ്‌. സ്‌ത്രീയുടെ, പെൺമക്കളുടെ ‘മാനാഭിമാനം’ എന്ന സംരക്ഷണം ഇ‍ൗ സമ‍ൂഹ ചിന്താഗതിയിലേക്ക്‌ എളുപ്പം ഇറങ്ങിയെത്തും. അതിനാൽ തന്നെ കുടുംബത്തെ രക്ഷിക്കാൻ ജോർജ്‌ കുട്ടിക്ക്‌ കഴിയാതെ പോകുമോ എന്ന തോന്നൽ പ്രേക്ഷകനെ അയാൾക്കൊപ്പം കൊണ്ടുപോകുന്നുണ്ട്‌. ആ യാത്രയുടെ ദൈർഘ്യം കൂടുംതോറും ഫ്രാഞ്ചൈസിയും വളരുകയാണ്‌. എല്ലാ മലയാളിയും സ്‌നേഹിക്കുന്ന ഒരു മോഹൻലാലുണ്ടാകും എന്നത് അൽപം അതിശയോക്തിയാണെങ്കിലും അതിലൊരു കാര്യമുണ്ട്. എല്ലാം മലയാളിയും ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒന്ന് മോഹൻലാലിൽ ഉണ്ടാവും. ആ ഇഷ്ട സാധ്യത എന്നത്‌ അയാളിലെ മാനറിസങ്ങളാണ്‌. ജോർജ്‌ കുട്ടിയിൽ, മോഹൻലാൽ സിഗ്‌നേച്ചറുകളായ ചിരി, നിസഹായത, സങ്കടം, വർത്തമാനത്തിലെ കുസൃതി എന്നിങ്ങനെ മോഹൻലാൽ മാനറിസങ്ങളും കൃത്യമായി ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്‌.

വലിയ ഗിമ്മിക്കുകൾക്ക്‌ പോകാതെ കഥയുടെ മീറ്ററിൽ മാത്രം നിർത്തി, അതേസമയം അസാമാന്യ സംഭവമാണെന്ന്‌ തോന്നിപ്പിക്കാൻ വലിയ സസ്‌പെൻസ്‌ ട്വിസ്റ്റുകൾക്ക്‌ പോകാതെ കഥ അവകാശപ്പെടുന്ന തലത്തിൽ മാത്രം നിർത്തിയുള്ള ആഖ്യാനമാണ്‌ ദൃശ്യം 3ന്റെ വിജയം. മേക്കിങ്ങിലും എഴുത്തിലും സ്ഥിരം പാറ്റേണിനപ്പുറം സിനിമ പോകുന്നില്ല എന്നത്‌ ഒരു കുറവാണ്‌. പക്ഷേ ഇ‍ൗ ഫ്രാഞ്ചൈസി അതിനപ്പുറം ആഗ്രഹിക്കുന്നില്ല എന്നതിനാൽ തന്നെ അത്‌ പ്രതിസന്ധിയാകില്ല എന്ന്‌ സിനിമ നേടിയ വിജയം ഉറപ്പിക്കുന്നുണ്ട്‌. പക്ഷേ മലയാള സിനിമയും പ്രേക്ഷകനും അതിനപ്പുറം ആഗ്രഹിക്കുന്നുണ്ട്‌. ജിത്തു ജോസഫിന്റെ മേക്കിങ്ങിൽ കുറച്ചുകൂടി മികവ്‌ ആവശ്യമാണ്‌. തിരക്കഥയിലെ പാളിച്ചകളും നിരവധിയാണ്‌. ഇതെല്ലാം വരും ഭാഗങ്ങളിൽ മറികടക്കാൻ തയാറായില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസി എന്ന നിലയിൽ നിന്ന്‌ ദൃശ്യം കൂപ്പുകുത്താൻ സാധ്യതകളേറെയാണ്‌. മോഹൻലാൽ എന്ന ബ്രാന്റും നടനും മാത്രം ഇ‍ൗ പോരായ്‌മകളെ മറികടക്കാനുള്ള മന്ത്രമാകില്ല. l

Hot this week

ക്ലൗഡ്‌ ഡാൻസറിന്റെ വർണവിന്യാസങ്ങൾ

രണ്ടായിരത്തിന്റെ തുടക്കത്തിലാണ്‌ ‘കളർ ഓഫ്‌ ദ ഇയർ’ രീതി നിലവിൽവരുന്നത്‌. പാന്തോൺ...

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത...

തമ്മിൽ തല്ലാൻ തൊഴിലാളിവർഗത്തിനു നേരമില്ല

ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്ന ആശയം അമൂർത്തമായ ഒരു ധാർമിക ആഗ്രഹപ്രകടനമല്ല, മറിച്ച്‌...

Topics

ക്ലൗഡ്‌ ഡാൻസറിന്റെ വർണവിന്യാസങ്ങൾ

രണ്ടായിരത്തിന്റെ തുടക്കത്തിലാണ്‌ ‘കളർ ഓഫ്‌ ദ ഇയർ’ രീതി നിലവിൽവരുന്നത്‌. പാന്തോൺ...

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത...

തമ്മിൽ തല്ലാൻ തൊഴിലാളിവർഗത്തിനു നേരമില്ല

ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്ന ആശയം അമൂർത്തമായ ഒരു ധാർമിക ആഗ്രഹപ്രകടനമല്ല, മറിച്ച്‌...

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

ഇ ഡി റെയ്‌ഡിനെതിരെ ദേശവ്യാപക പ്രതിഷേധം

ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ...

അടിമുടി ആഘോഷം

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്,...
spot_img

Related Articles

Popular Categories

spot_imgspot_img