അൻപത് വയസ്സിനിടയിലെ അവിശ്വസനീയ ജീവിതം

   ഡോ സിന്ധു പ്രഭാകരൻ

കോടമഞ്ഞിനൊപ്പം തണുത്ത കാറ്റ്, കാറ്റിന് യൂക്കാലിയുടെ ഗന്ധം, വഴിനീളെ  വേലികളിൽ പൂത്തുലഞ്ഞ ചുവന്ന റോസാപ്പൂക്കൾ, പൂവിന്റെ ഇതളുകളിൽ അസ്തമയസൂര്യന്റെ കിരണങ്ങളേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളികൾ – യൗവനയുക്തയായ ഒരു പെണ്ണിൻറെ മനസ്സിൽ പ്രണയം വിടരാൻ ഇതിലപ്പുറം എന്തുവേണം?
ബോളിവുഡ് സിനിമയിൽ, ഒഴുകുന്ന കോടമഞ്ഞിനിടയിലൂടെ യഷ് ചോപ്ര വരുന്നതുപോലെ, അവൾ നൽകിയ ചുവന്ന റോസാപ്പൂവ് ഇടതുവശത്ത് പോക്കറ്റിൽ തിരുകി വച്ച്, അതു വലതു കൈകൊണ്ട് ചേർത്തുപിടിച്ച് വെള്ളക്കുതിരയോടിച്ചു വന്ന ആ ചെറുപ്പക്കാരൻ,
അവളുടെ മനസ്സിലേക്ക് കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
റോസാപ്പൂ നൽകിക്കൊണ്ട് ‘ഇസ് മേം മേരാ ദിൽ ഹേ’ എന്നവൾ തമാശയ്ക്കാണ് പറഞ്ഞതെങ്കിലും ‘യുവർ ഹേർട്ട് ഈസ് ഇൻ മൈ പോക്കറ്റ്’ എന്ന് തിരിച്ചടിച്ച റോയ്, അക്ഷരാർത്ഥത്തിൽ അറിഞ്ഞുകൊണ്ട് അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഇതൊരു സിനിമാക്കഥയല്ല, സീരിയലിലോ നോവലിലോ കണ്ടതുമല്ല, ഷൈലയുടെ ജീവിതകഥയാണ്. അൻപതാമത്തെ വയസ്സിൽ ആത്മകഥ എഴുതാൻ തക്കവണ്ണം ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പെണ്ണിന്റെ യഥാർത്ഥ കഥ, അതാണ് അഡ്വ .ഷൈലാറാണി എഴുതി പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘അൻപത് വയതിനിലെ, ഓർമ്മകൾ മായും മുൻപേ’ എന്ന പുസ്തകം.

 :ഡോ സിന്ധു പ്രഭാകരൻ

ഇത് ഒരു ഷൈലാറാണിയുടെ മാത്രം കഥയല്ല. ഒരായിരം ഷൈലാറാണിമാരുടേതാണ്. എന്നാൽ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ അഡ്വ. ഷൈലാറാണിയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ 50 വയസ്സിലെ ഈ ആത്മകഥയ്ക്ക് അത്രയേറെ പ്രാധാന്യമുണ്ട്. സ്ത്രീകൾ വായിക്കേണ്ട, അറിയേണ്ട, ആർജിക്കേണ്ട കരുത്തിന്റെ ആത്മകഥയാണിത്. ജീവിതത്തിൽ നേരിട്ട ദുഃഖങ്ങളെയും ദുരിതങ്ങളെയും മറികടന്ന് ആത്മാഭിമാനമുള്ള സ്ത്രീയായി അന്തസ്സോടെ തല ഉയർത്തിപ്പിടിച്ച് നിൽക്കാൻ കഴിയുന്ന ആ ജീവിതം മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയാണ്. അതുതന്നെയാണ് ഈ പുസ്തകത്തിൻറെ പ്രസക്തിയും.

സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ച് എഴുതപ്പെടുന്ന കൃതികളെയാണ് ആത്മകഥകൾ എന്ന് വിളിക്കുന്നത്. മലയാളത്തിലെ ആത്മകഥാ സാഹിത്യം പരിശോധിച്ചാൽ അതിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാകും. പുരുഷാധിപത്യത്തിലധിഷ്ഠിതമായ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊതുമണ്ഡലത്തിന്റെ ഭാഗമാവുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെയാവണം, തങ്ങൾ അനുഭവിച്ച കാര്യങ്ങൾ തുറന്നെഴുതാൻ സ്ത്രീകൾ മടിക്കുന്നതും. ഒരു പുരുഷന്റെ കീഴിൽ  ജീവിക്കേണ്ടി വരുന്നതിനാൽ പലപ്പോഴും സ്ത്രീകളുടെ ആത്മകഥാരചനകൾ ഓർമ്മക്കുറിപ്പുകൾ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്.  എന്നിരുന്നാലും സമൂഹത്തിലെ സ്ത്രീയവസ്ഥയുടെ പ്രതിഫലനം എന്ന നിലയിൽ അവയുടെ പ്രസക്തി അല്പം പോലും കുറയുന്നില്ല. ഷൈലയുടെ ആത്മകഥയിലും ആൺ കോയ്മയിലധിഷ്ഠിതമായ ഒരു ജീവിതക്രമത്തിൽ സാമൂഹിക ജീവിതം ഒരു സ്ത്രീക്ക് എത്രത്തോളം അന്യമായിരുന്നു എന്നതിൻ്റെ ചിത്രം കാണാവുന്നതാണ്.

ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ യാത്ര ചെയ്യുക എന്നത് അത്ര സുഖകരമായ സംഗതിയല്ല. ഒരിക്കൽ  പോയ അതേ  വഴികളിലൂടെ വീണ്ടും വീണ്ടും യാത്ര ചെയ്യുന്നതിന് തുല്യമാണ് ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളെ ഓർത്തെടുത്ത് അക്ഷരങ്ങളായി പകർത്തുന്നത്. ന്യുമോണിയ ബാധിച്ച്, മരുന്നു മണക്കുന്ന ആശുപത്രിക്കിടക്കയിൽ കഴിയുന്ന കാലത്താണ് ഈ പുസ്തകം എഴുതിയത്. മറവി വന്ന് മായ്ച്ചുകളയുന്നതിനു മുമ്പേ എഴുതി തീർക്കാനുള്ള വ്യഗ്രതയിലാണ് ഇതൊക്കെ വീണ്ടും ഓർത്തെടുത്തത് എന്ന് എഴുത്തുകാരി തന്നെ പറയുന്നു. ശരീരവും മനസ്സും ഒരുപോലെ ദുരിതത്തിലൂടെ കടന്നുപോയെങ്കിലും അനുഭവങ്ങളെ സത്യസന്ധമായി പകർത്തുന്നതിൽ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നോ ഭർത്താവിൽ നിന്നോ അനുഭവിക്കേണ്ടിവന്ന വിഷമതകളിൽ ചിലതെങ്കിലും ഒരുപക്ഷേ വിട്ടുകളയാനോ അവയുടെ തീവ്രത കുറച്ച് എഴുതാനോ കഴിയുമായിരുന്നു. എങ്കിൽ അത് ഈ പുസ്തകത്തിൻറെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്തേനെ. അതിനുപകരം സത്യസന്ധമായ ഒരു തുറന്നെഴുത്ത് പുസ്തകത്തിലുടനീളം വായനക്കാരന് അനുഭവിക്കാനാകും. ഇത്തരത്തിലുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക്, പിന്തുടരാവുന്ന ഒരു മാതൃകയായി ജ്വലിച്ചു നിൽക്കുമ്പോൾ ഈ തുറന്നെഴുത്ത് ഒരു അനിവാര്യതയാണ്.

ഈ പുസ്തകത്തിൻറെ ഓരോ വരിയിലൂടെയും കടന്നു പോകുമ്പോൾ ഒരു പെണ്ണ് അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന കൃത്യമായ ചിത്രം ലഭിക്കും. എന്തുകൊണ്ട് അവൾ പ്രതികരിക്കുന്നില്ല എന്ന ചോദ്യം ശബ്ദമില്ലാതെ തൊണ്ടയിൽ കുരുങ്ങും. ഷൈലയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നന്നായി മനസ്സിലാകണമെങ്കിൽ നാർസിസം എന്തെന്നറിയണം. താനൊരു മിടുക്കനായ വ്യക്തിയാണെന്നും താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നുമാണ് നാർസിസ്റ്റുകളുടെ ചിന്താഗതി. ഇവരോടൊപ്പമുള്ള ജീവിതം ദുരിതമയമായിരിക്കും. പങ്കാളിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഒരിക്കലും അവർ ശ്രമിക്കാറില്ല. മറ്റുള്ളവരോട് സ്നേഹഭാഷണം നടത്തി സൗഹൃദം നിലനിർത്തുമെങ്കിലും ജീവിതപങ്കാളിയെ ഒരു അടിമയെപ്പോലെ പരിഗണിക്കുകയാണ് ഇത്തരത്തിലുള്ളവർ ചെയ്യുന്നത്. എം ടി വാസുദേവൻ നായരുടെ കാലം എന്ന നോവലിലെ ഒരു വാചകമുണ്ട്, ‘സേതു എന്നും ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, സേതുവിനെ മാത്രം’. അതുപോലെതന്നെ ഷൈലയുടെ ഭർത്താവായിരുന്ന റോയിക്ക് സ്നേഹം റോയിയോട് മാത്രമായിരുന്നു. സ്വന്തം മകളെ സ്നേഹിക്കാൻ പോലും അയാൾക്ക് കഴിഞ്ഞിരുന്നില്ല.

നാർസിസിസ്റ്റുമായി ബന്ധത്തിലാവുക എന്നത് സത്യത്തിൽ ഒരു നരകത്തിലേക്ക് വീണുപോകുന്നതു പോലെയാണ്. ബന്ധം ഉണ്ടാകുന്നതു വരെ ഈ ലോകം മുഴുവൻ കൊണ്ടു വന്നു തരുന്ന രീതിയിൽ സ്നേഹം കോരിച്ചൊരിയും. ബന്ധം/വിവാഹം ഉണ്ടായിക്കഴിഞ്ഞാൽ പിന്നീടുള്ള കാലം നരക തുല്യമായ ജീവിതമായിരിക്കും. എന്തൊക്കെ വിഷമതകൾ സഹിക്കേണ്ടി വന്നാലും അതിൽ നിന്നും പുറത്തു കടക്കാൻ പങ്കാളിക്ക് ഹൃദയം കീറിമുറിക്കുന്ന തരത്തിലുള്ള വേദന സഹിക്കേണ്ടിയും വരും. ഒരു വക്കീലായിരുന്നിട്ടു കൂടി ഇവിടെ എഴുത്തുകാരിക്കും സംഭവിച്ചത് അതു തന്നെയാണ്. ബന്ധത്തിൻറെ തുടക്കത്തിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാനും ഇതാണ് ഞാൻ അന്വേഷിച്ച എൻറെ പങ്കാളി എന്ന് ഷൈലയെക്കൊണ്ട് ഉറച്ചു വിശ്വസിപ്പിക്കാനും റോയിക്ക് സാധിച്ചു. ഒരുപക്ഷേ ഷൈല ചെറുപ്പത്തിൽ അനുഭവിച്ച സുരക്ഷിതത്വമില്ലായ്മയും വൈകാരിക വിഷമതകളും ഇങ്ങനെ ഒരു ബന്ധത്തിൽ കൊണ്ടെത്തിക്കുന്നതിന് പങ്കുവഹിച്ചിരിക്കാം. വിവാഹത്തിനുശേഷം ഭർത്താവിൻറെ സ്വഭാവമാറ്റത്തിന്റെ കാരണം തിരിച്ചറിയാൻ കൂടെ ജീവിച്ചിരുന്ന കാലത്തൊന്നും ഷൈലക്ക് സാധിച്ചിരുന്നില്ല. സ്വന്തം മകളെപ്പോലും തറവാട്ടിൽ നിർത്തി ഭർത്താവിൻറെ സുഖത്തിനും സന്തോഷത്തിനും വേണ്ടി കഴിയുന്നതെല്ലാം അവൾ ചെയ്തു. എന്നിട്ടും പകരം ലഭിച്ചത് അടിയും തൊഴിയും ശകാരവും മാത്രം. ഇന്നും ഇടതു ചെവിയിൽ ഷൈല ഉപയോഗിക്കുന്ന ‘ഹീയറിങ് എയിഡ്’ അന്ന് ലഭിച്ച അടിയുടെ നിത്യസ്മാരകമാണ്. ഇതിനൊക്കെ പുറമേ മുഖത്തേക്ക് ചൂട് ചായ ഒഴിക്കുന്നതും തുപ്പുന്നതും മറ്റുള്ളവരുടെ മുന്നിൽ വച്ച് മുഖത്തടിക്കുന്നതും ഒന്നും ഒരു പ്രശ്നമായി റോയിക്ക് തോന്നിയിട്ടേയില്ല. ശകാരം കേട്ടും തല്ലുകൊണ്ടും പേടിച്ചു വിറച്ച് ഒരു മൂലയിലിരിക്കുന്ന സ്വന്തം ഭാര്യയുടെ പുറത്തേക്ക് മൂത്രമൊഴിച്ചിട്ടു പോലും അവൾക്കവനെ വെറുക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. ‘നാർസിസ്റ്റ് പേഴ്സണാലിറ്റി വിക്ടിം സിൻഡ്രോം’ കാരണമാണ് പങ്കാളിക്ക് ഇത്തരത്തിലുള്ളവരെ വിട്ടു പിരിയാൻ കഴിയാതെയാവുന്നത്. ഇത് കൂടുതൽ ദുരന്തങ്ങൾക്ക് വഴിതെളിക്കും. നാർസിസിസ്റ്റും ഇരയും തമ്മിൽ രൂപപ്പെടുന്ന ശക്തമായ വൈകാരിക ബന്ധമാണ് ‘ട്രോമാ ബോണ്ടിംഗ്’. നാർസിസിസ്റ്റായ പങ്കാളിയോട് ഇരയ്ക്കുണ്ടാകുന്ന വിധേയത്വവും ഡിപെൻഡൻസിയുമാണ് ട്രോമാ ബോണ്ടിംഗ്. “റോയിച്ചാ എന്നെ ഉപേക്ഷിച്ചു പോകരുതേ”യെന്ന് ഷൈലയെക്കൊണ്ട് പറയിച്ചതും ഇതേ ട്രോമാ ബോണ്ടിംഗാണ്. ട്രോമാ ബോണ്ടിങ്ങിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാകണമെങ്കിൽ ഷൈലയുടെ തന്നെ വരികൾ വായിക്കണം-

“ചെകിട്ടത്ത് കിട്ടിയ ആഞ്ഞടിയിൽ ബോധം പോയി താഴെ വീണ എന്നെ അയാൾ തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടുപോയി.
ഡോക്ടറോട്-‘ഭർത്താവ് എന്നെ അടിച്ചു’ എന്ന് പറഞ്ഞു.

ഡോക്ടർ ദേഷ്യത്തോടെ ‘ഒരു വക്കീൽ അല്ലേ നാണമില്ലേ അടിയും കൊണ്ടുവന്നിരിക്കാൻ..’

എന്റെ നിസ്സഹായാവസ്ഥ എനിക്ക് വിവരിക്കാൻ കഴിഞ്ഞില്ല.”-

ഡോക്ടറുടെ പരിഹാസം നിസ്സഹായതയോടെ കേട്ടിരിക്കാനേ ഷൈലയ്ക്ക് കഴിഞ്ഞുള്ളൂ. മനസ്സ് മരവിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, ഒരു അടിമയായി മാറിപ്പോയിരുന്നു അവൾ.

ആരെയാണോ ഹൃദയം തുറന്ന് പ്രണയിച്ചത്, ആരുടെ കാൽക്കീഴിലാണോ സ്വയം സമർപ്പിച്ചത്, യാതൊരു ദയയുമില്ലാതെ പാതാളത്തോളം ചവിട്ടിത്താഴ്ത്തിയാണ് അയാൾ കടന്നുപോയത്. അയാളോടൊപ്പം ജീവിക്കുമ്പോഴും, അയാളാൽ ഉപേക്ഷിക്കപ്പെട്ടതിനുശേഷവും എഴുത്തുകാരി അനുഭവിച്ച ദുഃഖങ്ങളും ദുരന്തങ്ങളും ഒട്ടനവധിയാണ്. ശാരീരിക-മാനസിക ബുദ്ധിമുട്ടുകളാൽ ബെഡിലും വീൽചെയറിലുമായി ഒരു ദുരിതകാലം തന്നെ എഴുത്തുകാരിക്ക് കഴിയേണ്ടി വന്നു. ഇതിൽ നിന്നൊക്കെ പുറത്തു കടക്കാൻ ഏറെ സഹായിച്ചതും അന്നും ഇന്നും ഒരു താങ്ങായി കൂടെ നിൽക്കുന്നതും സ്വന്തം മകളാണെന്ന് എഴുത്തുകാരി അടിവരയിട്ട് പറയുന്നു. അവൾക്കുവേണ്ടി ജീവിതം തുടർന്നതിലും ഇന്നവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തയാക്കിയതിലും ഷൈല സന്തോഷിക്കുന്നു. അവിടെനിന്നും ഇന്നത്തെ നിലയിലേക്ക് അവൾ ഉയർന്നതിനു പിന്നിൽ മാജിക്കല്ല, നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ്.

ഓരോ പെണ്ണിനും പറയാനൊരു കഥയുണ്ടാകും. ചുട്ടുപൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ കഥ. അവയെയൊക്കെ മറികടക്കാനുള്ള അപരിമേയമായ കഴിവും അവളുടെ ഉള്ളിൽത്തന്നെയുണ്ടാകും. ആ കഴിവ് കണ്ടെത്തുമ്പോഴാണ് അവൾക്ക് ജീവിതത്തിൽ വിജയിക്കാനാവുന്നത്. ഷൈല ഒരു സെലിബ്രിറ്റിയോ, ഉന്നത രാഷ്ട്രീയ നേതാവോ, വലിയ ആരാധകവൃന്ദത്തിനുടമയോ അല്ല. എങ്കിലും അൻപതാം വയസ്സിൽ ഒരു ആത്മകഥയെഴുതുന്നത് അത്ര ചെറിയ കാര്യമല്ല. ഇതിനിടയിൽ അവൾ കടന്നുപോയത് അത്രമാത്രം അനുഭവങ്ങളിലൂടെയാണ്. പുസ്തക വായന പൂർത്തിയാകുമ്പോൾ മനസ്സിൽ തെളിയുന്ന ചില ചിന്തകളുണ്ട്. പെണ്ണിൻറെ ജീവിതം ഒരു താലിച്ചരടിൽ കുടുങ്ങാനുള്ളതല്ല. കണ്ണീരും കയ്യുമായി ഒരു മുഴം കയറിൽ തൂങ്ങിയാടാനുള്ളതുമല്ല. അവൾക്കുമുണ്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളും, അതൊക്കെ നേടാനുള്ള കഴിവും തൻറേടവും. അത് തിരിച്ചറിയേണ്ടത് പുരുഷന്മാരെക്കാളേറെ സ്ത്രീകളാണ്. നമ്മുടെ സമൂഹത്തിലെ ഓരോ സ്ത്രീയെയും അതിന് ഈ പുസ്തകം  സഹായിക്കട്ടെ.

———————————————————————————–

Hot this week

ആശുപത്രി സ്വകാര്യവൽക്കരണത്തിനെതിരെ കർണാടകത്തിൽ മനുഷ്യച്ചങ്ങല

ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത്‌...

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ഹിമാചലിൽ എസ്‌എഫ്‌ഐ പ്രതിഷേധം

ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്‌ പരീക്ഷാ ക്രമക്കേടുകളും അഴിമതിയും തുടരുകയാണ്‌....

കാഴ്ചകൾക്കപ്പുറമുള്ള ലോകം

സിനിമയെന്നാൽ ഒരു ഗ്ലാമർ ലോകമാണെന്ന പൊതുധാരണകളെ തകർക്കുന്ന ‘സിനിമയ്‌ക്കുള്ള ഒരു വിദ്വേഷ...

ഇസീക്വൽ റ്റൂ ഒരു ചെറിയ, വലിയ നാടകമാണ്

തിരുവനന്തപുരത്തെ ആപ്റ്റ് പെർഫോമൻസും കാമിയോ ലൈറ്റ്‌സും ചേർന്നൊരുക്കി സാം ജോർജ് സംവിധാനം...

മാതംഗലീല :ഭ്രമാത്മകം ,സുന്ദരം

പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ നോവലാണ് മാതംഗലീല. ചെറുകഥകളിലൂടെ...

Topics

ആശുപത്രി സ്വകാര്യവൽക്കരണത്തിനെതിരെ കർണാടകത്തിൽ മനുഷ്യച്ചങ്ങല

ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത്‌...

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ഹിമാചലിൽ എസ്‌എഫ്‌ഐ പ്രതിഷേധം

ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്‌ പരീക്ഷാ ക്രമക്കേടുകളും അഴിമതിയും തുടരുകയാണ്‌....

കാഴ്ചകൾക്കപ്പുറമുള്ള ലോകം

സിനിമയെന്നാൽ ഒരു ഗ്ലാമർ ലോകമാണെന്ന പൊതുധാരണകളെ തകർക്കുന്ന ‘സിനിമയ്‌ക്കുള്ള ഒരു വിദ്വേഷ...

ഇസീക്വൽ റ്റൂ ഒരു ചെറിയ, വലിയ നാടകമാണ്

തിരുവനന്തപുരത്തെ ആപ്റ്റ് പെർഫോമൻസും കാമിയോ ലൈറ്റ്‌സും ചേർന്നൊരുക്കി സാം ജോർജ് സംവിധാനം...

മാതംഗലീല :ഭ്രമാത്മകം ,സുന്ദരം

പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ നോവലാണ് മാതംഗലീല. ചെറുകഥകളിലൂടെ...

ഫ്രീഡം തിയേറ്റർ: ചോരപ്പാടുകൾക്കു മായ്ക്കാനാവാത്ത വിമോചനസ്വപ്നങ്ങൾ

  ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച്, പുതപ്പിനുള്ളിൽചുരുണ്ടുകൂടിക്കിടക്കുമ്പോഴാണ്, ഫോണിൽ വാട്സ് ആപ്പ് കോൾ വരുന്നതു കണ്ടത്....

യുഡിഎഫ്‌ ധവളപത്രം നവലിബറൽ അജൻഡയുടെ തിരിച്ചുവരവ്‌

കേരളത്തിൽ അധികാരത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസം പിന്നിട്ട ഘട്ടമാണിത്. സാധാരണ...

ആഗോള വികസ്വര അവികസിത രാഷ്‌ട്രങ്ങളിലെ ഇടതുപക്ഷം

ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ...
spot_img

Related Articles

Popular Categories

spot_imgspot_img