
അധികാരം ബോൾഷെവിക്കുകളിലേക്ക്
‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത് തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക് പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും തയ്യാറാക്കിയതുമായ പരിപാടിയനുസരിച്ചാണ്. ജൂലൈ മാസത്തിലുണ്ടായ കലാപം സ്വമേധയാ ആരംഭിച്ചതാണ്; പക്ഷേ പാർട്ടി അതിനെ അകാലികമെന്നാണ് അവധാനതയോടെ പരിഗണിച്ചത്. സത്യം എന്തായാലും അതിനെ അഭിമുഖീകരിച്ചേ പറ്റൂ; ഒരു കലാപത്തിലേക്ക് നീങ്ങാൻ ജനങ്ങൾ അപ്പോഴും തീരെ സജ്ജരായിരുന്നില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് സ്വമേധയാ ഉയർന്നുവന്ന ആ കലാപനീക്കം മാറ്റിവെക്കാൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചത്. പൊരുതാനായി തയ്യാറെടുത്ത് ചോരതിളച്ച് നിൽക്കുന്ന പോരാളികളെ അതിൽനിന്ന് പിന്തിരിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എന്നാൽ ബോൾഷെവിക്കുകൾ വേദനാജനകമായ തങ്ങളുടെ ആ കർത്തവ്യം കൃത്യമായി നിറവേറ്റി. കാരണം, വിപ്ലവത്തിന് തുടക്കമിടാൻ വേണ്ട ശരിയായ സമയം തിരഞ്ഞെടുക്കേണ്ടതിന്റെ നിർണായകപ്രാധാന്യം എന്തെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു’’.
‐ എൻ കെ ക്രൂപ്‌സ്‌കായ Reminiscense of Lenin `The October Days`
‘‘അധ്യാപകനെന്ന നിലയിലുള്ള ക്ലാസ് മുറിയിലും പഠനമുറിയിലുംനിന്ന് ലെനിൻ പുറത്തിറങ്ങുകയും ഓരോ നടപടിയുടെയും വിലയിരുത്തൽ അതിന്റെ ഫലത്തെ ആധാരമാക്കി നടത്തുന്ന പരീക്ഷണശാലയിലേക്ക് കടക്കുകയുമാണുണ്ടാത്. എന്നാൽ അതൊരു സാധാരണ പരീക്ഷണശാലയായിരുന്നില്ല. കുഴപ്പം പിടിച്ചതും തകർച്ചയുടെ വക്കിലെത്തിയതുമായ ഒരു പരീക്ഷണശാലയായിരുന്നു അത്; പുറമേനിന്നുള്ള ആക്രമണഭീഷണി നേരിടുകയായിരുന്നു അത്. ഈ സാഹചര്യങ്ങളിൽ നടത്തപ്പെട്ട പരീക്ഷണങ്ങൾ അങ്ങേയറ്റം അപകടസാധ്യതയുള്ളതായിരുന്നു; അവയ്‌ക്കെതിരെ വിജയകരമായി കൈകോർത്തു പ്രവർത്തിക്കുന്നവയായിരുന്നു കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരുന്ന കരുത്തുറ്റ എതിർചേരികൾ. ചുരുങ്ങിയത് സ്വയം തൃപ്‌തിപ്പെടാനെങ്കിലും ശരിയായ ഒരു ഫോർമുല കണ്ടെത്താൻ ലെനിന് നിരവധി പരിശ്രമങ്ങൾ നടത്തേണ്ടിവന്നതിൽ അൽപവും അത്ഭുതപ്പെടേണ്ടതില്ല. സ്വന്തം പാർട്ടിക്കും ജനങ്ങൾക്കുമായി തന്റെ ഒസ്യത്തുപോലെ അദ്ദേഹം കൈമാറിയ അന്തിമ ഫോർമുല‐ പുത്തൻ സാമ്പത്തികനയം (NEP)‐ പോലും അദ്ദേഹത്തിന്റെ മരണാനന്തരം മാത്രമാണ് ശരിയായി വെളിച്ചം കണ്ടത് അഥവാ ശ്രദ്ധിക്കപ്പെട്ടത് എന്ന പരിമിതിയുണ്ടായിരുന്നു. ലെനിൻ വിപ്ലവവും അഭിമുഖീകരിച്ച അസംഖ്യം വെല്ലുവിളികളെ ലെനിൻ തൃപ്‌തികരമായി നേരിട്ടതെങ്ങനെ എന്നതാണ് ഈ പഠനത്തിന്റെ തുടർന്നുള്ള ഭാഗങ്ങളുടെ കേന്ദ്രബിന്ദു’’.
‐ Christopher Read, Lenin: A Revolutionary Life, Page 185

അധികാരം കയ്യാളുന്ന വർഗത്തിന്റെ സ്വഭാവമായിരിക്കും എല്ലാ കാര്യങ്ങളും നിർണയിക്കുന്നത് എന്നാണ് ലെനിൻ ആവർത്തിച്ചു പറഞ്ഞിരുന്നത്. യഥാർഥ അധികാരം ജനസാമാന്യത്തിന്റെ എതിർചേരിയിൽ നിൽക്കുന്ന ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും വിവിധ തരക്കാരായ ബൂർഷ്വാസിയുടെയുമാകെ കൈകളിലായിരിക്കുന്നിടത്തോളം സാമ്രാജ്യത്വ യുദ്ധം തുടരുമെന്നും സാമ്പത്തികത്തകർച്ചയും ദുരിതങ്ങളും തുടരുകതന്നെ ചെയ്യുമെന്നും പുരോഗമനപരമായ ഭൂപരിഷ്‌കരണം നടപ്പാക്കില്ലെന്നും ലെനിൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് അറുതിയാകണമെങ്കിൽ തൊഴിലാളിവർഗത്തിന്റെ കൈകളിൽ അധികാരമെത്തണമെന്നും ജനസാമാന്യത്തെയാകെ വിജയകരമായ വിപ്ലവത്തിലേക്ക് നയിക്കുകയെന്ന സ്വന്തം ദൗത്യം പൂർത്തിയാക്കാൻ അതിനു കഴിയണമെന്നുമായിരുന്നു ലെനിൻ വ്യക്തമാക്കിയിരുന്നത്.
ബൂർഷ്വാ ഭരണകൂടത്തെ പാടെ തകർക്കുകയും പകരം തൊഴിലാളിവർഗത്തിന്റെ കരുത്തുറ്റതും ഫലപ്രദവുമായ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുകയെന്നാണ് ലെനിൻ വാദിച്ചത്. ബൂർഷ്വാ ഭരണകൂട സംവിധാനത്തെയാണ് പാടെ തകർക്കണമെന്ന് ലെനിൻ വാദിച്ചത്; എന്നാൽ ബൂർഷ്വാ സാമ്പത്തിക സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണുണ്ടായിരുന്നത്. ആ സംവിധാനം, യുദ്ധകാലത്തും തുടർന്നുള്ള കാലത്തും വിപ്ലവ തൊഴിലാളിവർഗത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമായിരിക്കുമെന്ന് ലെനിൻ ഉറച്ചു വിശ്വസിച്ചു.
റഷ്യൻ സമൂഹം 1917ൽ നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ചും വിശകലനം ചെയ്‌ത് തന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് സെപ്‌തംബർ‐ഒക്ടോബർ മാസങ്ങളിൽ, അതായത് ഭരണകൂടവും വിപ്ലവവും എന്ന കൃതി എഴുതിയശേഷം, ലെനിൻ രണ്ടു ലഘുലേഖകൾ എഴുതി‐ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് The Threatening Catastrophe and How to Deal with It എന്ന ലഘുലേഖയും രാഷ്‌ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് Can the Bolsheviks Retain State Power? എന്ന ലഘുലേഖയും. കൃഷിഭൂമി കർഷകർക്ക്, അധികാരം സോവിയറ്റുകൾക്ക്, നയതന്ത്ര നടപടികളിലൂടെ സമാധാനം എന്നീ മൂന്ന് കേന്ദ്ര മുദ്രാവാക്യങ്ങളിൽ ലെനിന്റെയും ബോൾഷെവിക് പാർട്ടിയുടെയും ആ കാലത്തെ രാഷ്‌ട്രീയവും സാമ്പത്തികവുമായ പരിപാടിയുടെ അന്തസ്സത്ത കാണാനാവും.
ഒക്ടോബർ വിപ്ലവത്തിനു തൊട്ടുമുൻപുള്ള കാലത്ത് റഷ്യൻ രാഷ്‌ട്രീയം പൊതുവിൽ മൂന്നു ചേരികളായി നിൽക്കുകയായിരുന്നു. ഒന്ന്, തീവ്ര വലതുപക്ഷ പ്രതിവിപ്ലവകാരികൾ ജനറൽ കൊർണിലോവിന്റെ നേതൃത്വത്തിലായിരുന്നു; രണ്ടാമത്ത് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പക്ഷം. മൂന്ന്, മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷണറികളും പെറ്റി ബൂർഷ്വാ ലിബറലുകളും ചേരുന്ന പ്രൊവിഷണൽ ഗവൺമെന്റിനൊപ്പമുള്ളവരായിരുന്നു. ഈ വിഭാഗത്തിന് ഫെബ്രുവരി വിപ്ലവത്തെ തുടർന്നുള്ള കാലത്ത് ഉണ്ടായിരുന്ന അംഗീകാരവും പിന്തുണയും ക്രമേണ മങ്ങുകയും ഇല്ലാതാവുകയും ചെയ്‌തു. ജൂലൈ മുന്നേറ്റങ്ങൾ ഇതിന്റെ പ്രതിഫലനമായിരുന്നു. ലെനിനും ബോൾഷെവിക് പാർട്ടിയും ഈ ഘട്ടത്തിൽ പക്വമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുവന്നത് ജനങ്ങളുടെ പിന്തുണയും ഒപ്പം സോവിയറ്റുകളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും ആർജിക്കാൻ അവസരമൊരുക്കി.
അങ്ങനെ ജനപിന്തുണ നേടിയശേഷമാണ് ഒക്ടോബർ 25ന് (നവംബർ 7) പ്രൊവിഷണൽ ഗവൺമെന്റിനെ അട്ടിമറിക്കുകയും സോവിയറ്റുകളെ കേന്ദ്രീകരിച്ച് പുതിയ തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുകയും ചെയ്‌തത്. ഒളിവിൽനിന്ന് പുറത്തുവന്ന ലെനിൻ സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി, ‘‘മർദിത ജനവിഭാഗങ്ങൾ പുതിയൊരു ഭരണസംവിധാനം സൃഷ്ടിച്ചിരിക്കുക’’യാണെന്നും ഇവിടെ ‘‘ബൂർഷ്വാസിക്ക് ഒരുവിധത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല’’ എന്നും പ്രഖ്യാപിച്ചു. അടുത്ത ദിവസംതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ (Council of People`s Commisars) നിലവിൽവന്നു.
സോവിയറ്റുകളുടെ രണ്ടാമത് അഖിലറഷ്യൻ കോൺഗ്രസിൽവെച്ച് പെട്രോഗ്രാഡ് സോവിയറ്റും അതിന്റെ നിയന്ത്രണത്തിലുള്ള മിലിറ്ററി റവല്യൂഷണറി കമ്മിറ്റിയുമാണ് യഥാർഥത്തിൽ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നിൽനിന്നത്. പുതിയ ഭരണസംവിധാനത്തിന്റെ ഔപചാരിക രൂപമായി അത് മാറുകയാണുണ്ടായത്. സോവിയറ്റ് ഗവൺമെന്റ് എന്ന പേരിലാണ് പുതുതായി രൂപംകൊണ്ട ഗവൺമെന്റ് അറിയപ്പെട്ടത്.
സോവിയറ്റുകളിലൂടെയും അതിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി റവല്യൂഷണറി കമ്മിറ്റികളിലൂടെയുമാണ് രാജ്യത്തുടനീളം അധികാരം പിടിച്ചെടുത്തത്. പ്രാദേശിക സോവിയറ്റുകൾ ഈ അധികാരം പിടിച്ചെടുക്കലിനെ നന്നായിട്ട് പിന്തുണച്ചു. എന്നാൽ മെൻഷെവിക്കുകൾക്കും സോഷ്യലിസ്റ്റ് റവല്യൂഷണറികൾക്കും ഭൂരിപക്ഷമുണ്ടായിരുന്ന സോവിയറ്റുകളിൽ അധികാരം പിടിച്ചെടുക്കൽ അത്ര അനായാസമായിരുന്നില്ല. ചില സൈനിക മുന്നണികളിലെയും ഉക്രൈനിലെയും സോവിയറ്റുകൾ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഇവിടങ്ങളിൽ കർക്കശമായ ബലപ്രയോഗം വേണ്ടിവന്നു. അതുപക്ഷേ പുറമേനിന്നുള്ള ഇടപെടൽ ആയിരുന്നില്ല. അതാതിടത്തെ ബോൾഷെവിക്കുകളും വിപ്ലവത്തെ അനുകൂലിക്കുന്ന മറ്റു പാർട്ടികളിൽനിന്നുള്ളവരും ചേർന്ന് റവലൂഷണറി മിലിറ്ററി കമ്മിറ്റികൾക്ക് രൂപംനൽകുകയും അതാത് സോവിയറ്റുകളിൽ വിപ്ലവത്തിനെതിരെ നിൽക്കുന്ന ഭൂരിപക്ഷത്തെ കീഴ്‌പ്പെടുത്തുന്നതിന് വിപ്ലവപക്ഷത്തുള്ള റെജിമെന്റുകളോട് ആഹ്വാനം ചെയ്യുകയുമാണുണ്ടായത്.
മറ്റു സ്ഥലങ്ങളിൽ സ്ഥിതി വ്യത്യസ്‌തമായിരുന്നു. മോസ്‌കോയിൽ ആറുദിവസത്തെ പോരാട്ടത്തെ തുടർന്നാണ് വിപ്ലവപക്ഷത്തിന്റെ ആധിപത്യം ഉറപ്പിച്ചത്. ഇത്തരം വിപ്ലവമുന്നേറ്റങ്ങളിൽ പങ്കുവഹിച്ച മിലിറ്ററി സ്‌ക്വാഡുകളാണ് പിന്നീട് സോവിയറ്റ് അധികാരം സ്ഥാപിക്കലിൽ പങ്കാളികളായത്. റഷ്യൻ സൈനിക ഹെഡ്‌ക്വാർട്ടേഴ്‌സിനെതിരായ നടപടികളുണ്ടായെങ്കിലും ജയിലിൽനിന്ന് ചാടിയ കൊർണിലോവ് ഉൾപ്പെടെയുള്ള സൈനിക മേധാവികൾ സോവിയറ്റ് അധികാരത്തെ വെല്ലുവിളിച്ച് ബദൽ സൈനികകേന്ദ്രമായി രംഗത്തുവന്നു; സോവിയറ്റുവിരുദ്ധ വളന്റിയർ ആർമിയായി പ്രവർത്തിച്ചു. അവർ തെക്കൻ റഷ്യയിലെ ഡോൺ കൊസാക് കേന്ദ്രങ്ങളിലേക്കും കിഴക്കൻ ഉക്രൈനിന്റെ ഭാഗങ്ങളിലേക്കും പിന്മാറി. ഉക്രൈൻ സ്വതന്ത്ര രാജ്യമായി മാറാനുള്ള നീക്കം ഇതിന്റെ ഭാഗമായുണ്ടായി. സൈബീരിയയിൽ ഇരുപക്ഷവും ഏറെക്കുറെ തുല്യശക്തികളായിരുന്നു. എന്നിരുന്നാലും, ചെന്പടയുടെ കരുത്ത് ക്രമേണ വർധിക്കുകയും ഇത്തരം പ്രതിവിപ്ലവ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ശേഷിയാർജിക്കുകയും ചെയ്‌തു.
1918 ജനുവരിയിൽ ഡോൺ കൊസാക്ക് സേനാംഗങ്ങൾ കൊസാക്കുകളുടെ തലവനായിരുന്ന കലേഡിന്റെ മേധാവിത്വത്തിനെതിരെ കലാപത്തിന് തയ്യാറായി രംഗത്തുവന്നു. ഫെബ്രുവരി ആദ്യം ഉക്രൈൻ ഭരണകേന്ദ്രമായ കീവ് സോവിയറ്റ് ചെന്പടയ്‌ക്കു മുന്നിൽ കീഴടങ്ങി. ഫെബ്രുവരി അവസാനമായപ്പോൾ ഡോൺ നദീതീരത്തെ പ്രധാന പ്രവിശ്യകളിലെന്നായ റോസ്‌റ്റോവ്, സോവിയറ്റ് ഗവൺമെന്റിന്റെ നിയന്ത്രണത്തിലായി; അവിടെ കേന്ദ്രീകരിച്ചിരുന്ന പ്രതിവിപ്ലവകാരികളുടെ വളന്റിയർ ആർമി തെക്കൻ റഷ്യയിലെ കോക്കസസ് പ്രദേശത്തെ കുബാനിലേക്ക് പിൻവാങ്ങി. കുറേക്കാലം സോവിയറ്റ് ഗവൺമെന്റിനെതിരെ കുബാൻ പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിച്ച് പൊരുതിനിന്നു. മാർച്ച് രണ്ടിന് ഉക്രൈൻ ആസ്ഥാനമായ കീവ് ജർമൻ സൈന്യം പിടിച്ചടക്കി; അവിടെ വലതുപക്ഷ ആധിപത്യമുറപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം, സോവിയറ്റ് യൂണിയനും ജർമനിയും തമ്മിൽ ഒപ്പിട്ട ബ്രെസ്റ്റ ‐ ലിറ്റോവ്‌സ്‌ക് സമാധാന ഉടന്പടിപ്രകാരം ഉക്രൈനും അതിനോടു ചേർന്നുള്ള പ്രദേശങ്ങളും ജർമനിക്കും ആസ്‌ട്രിയ ‐ ഹംഗറിക്കുമായി വിട്ടുകൊടുത്തു. എന്നാൽ, മാർച്ച് 14 ആയപ്പോൾ ചെന്പട പ്രതിവിപ്ലവകാരികളുടെ ശക്തികേന്ദ്രമായിരുന്ന കുബാൻ തലസ്ഥാനമായ യെക്കെട്ടെറിനോഡർ (Ekateronodar) പിടിച്ചെടുത്തു. ഒരുമാസത്തിനുശേഷം, 1918 ഏപ്രിൽ 13ന് യെക്കെട്ടെറിനോഡർ തിരിച്ചുപിടിക്കാനുള്ള സൈനികനീക്കത്തിനിടയിൽ പ്രതിവിപ്ലവചേരിയുടെ മുഖ്യനായകനായ ജനറൽ കൊർണിലോവ് കൊല്ലപ്പെട്ടു. അതോടെ ആഭ്യന്തരയുദ്ധത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതായി പലരും കരുതിയെങ്കിലും മെയ് മാസത്തോടെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമാവുകയാണുണ്ടായത്.
വിപ്ലവാനന്തരം; സോവിയറ്റ് ഗവൺമെന്റ് നിലവിൽ വന്നശേഷമുള്ള കലങ്ങിമറിഞ്ഞ നാളുകളിൽ, ആ അനിശ്ചിതാവസ്ഥയിലും സോവിയറ്റ് ഭരണകൂടം ക്രമേണ ഉരുത്തിരിഞ്ഞുവരികയായിരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവസർവാധിപത്യത്തിലെ കർഷകരുടെ പ്രതിനിധികളെന്ന നിലയിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് റവല്യൂഷണറികൾ കൂടി ഉൾപ്പെടുന്ന ഒരു കൂട്ടുകക്ഷി ഗവൺമെന്റ് ഉണ്ടാകണമെന്നതായിരുന്നു ലെനിന്റെ ആഗ്രഹം; അങ്ങനെ സംഭവിക്കുമെന്നുതന്നെയായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചതും. പക്ഷേ, അത് ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റായിരിക്കണം എന്ന കാര്യത്തിൽ ലെനിന് സംശയമേ ഉണ്ടായിരുന്നില്ല.
Bolsheviks Must Assume Power, Can the Bolsheviks Retain State Power എന്നീ ലഘുലേഖകൾ ലെനിൻ എഴുതിയത് ഒക്ടോബർ വിപ്ലവത്തിന്റെ തൊട്ടുമുൻപും വിപ്ലവാനന്തരവുമായാണ്. അധികാരം സോവിയറ്റുകൾക്ക് എന്ന മുദ്രാവാക്യം ലെനിനും ബോൾഷെവിക് പാർട്ടിയും മുന്നോട്ടുവയ്‌ക്കുമ്പോൾ അതിനെ അടവുപരമായ (Tactical) ഒരു മുദ്രാവാക്യമായാണ് ലെനിൻ പരിഗണിച്ചത്. പെട്രോഗ്രാഡ് സോവിയറ്റുൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെ സോവിയറ്റുകളിൽ ബോൾഷെവിക് വിഭാഗത്തിന് ഭൂരിപക്ഷം ആയിക്കഴിഞ്ഞിരുന്നു. ആ ഘട്ടത്തിൽ ലെനിൻ കൃത്യമായി പറയുന്നത്, ബോൾഷെവിക്കുകൾ അധികാരം ഏറ്റെടുക്കണമെന്നു തന്നെയാണ്.
1917 ഒക്ടോബർ 24ന് (നവംബർ 7) രാത്രി സെൻട്രൽ കമ്മിറ്റിക്ക് ലെനിൻ എഴുതിയ കത്തിൽ പറയുന്നത് ‘‘അധികാരം ജനങ്ങളുടെ യഥാർഥ പ്രതിനിധി’’കളിലേക്ക് കൈമാറണമെന്നാണ്. സോവിയറ്റുകളുടെ എതിരാളികളുടെ കൈവശം അധികാരം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 25ന് ബോൾഷെവിക് ഭൂരിപക്ഷമുള്ള പെട്രോഗ്രാഡ് മിലിറ്ററി റവല്യൂഷണറി കമ്മിറ്റി (എംആർസി) നടത്തിയ പ്രഖ്യാപനത്തിൽ പറയുന്നത് അധികാരം എംആർസിയിൽ നിക്ഷിപ്‌തമാക്കപ്പെടണമെന്നും എന്നാൽ മാത്രമേ സോവിയറ്റ് അധികാരം സംരക്ഷിക്കപ്പെടുകയുള്ളൂ, സുരക്ഷിതാരാവുകയുള്ളൂവെന്നാണ്. ലെനിൻ ഈ ഘട്ടങ്ങളിലെല്ലാം വിപ്ലവങ്ങളുടെ ചരിത്രം, പ്രത്യേകിച്ചും ഫ്രഞ്ച് വിപ്ലവത്തിലെ ജാക്കൊബിനുകളുടെ ചരിത്രം, ഓർമിപ്പിക്കുന്നുണ്ട്.
അഖിലറഷ്യൻ സോവിയറ്റുകളുടെ രണ്ടാം കോൺഗ്രസിൽ സോവിയറ്റുകളുടെ അധികാരം ഉറപ്പിക്കുന്നതു സംബന്ധിച്ച ചർച്ച നടക്കുമ്പോൾ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു. അതിൽ ബോൾഷെവിക് നിയന്ത്രണം ശക്തമാകുന്നത് കണ്ട സോവിയറ്റുകളിലെ വലതുപക്ഷവും (സോഷ്യലിസ്റ്റ് റവല്യൂഷണറികളും മെൻഷെവിക്കുകളും) മാർത്തോവിനെ പോലെയുള്ള ഇന്റർനാഷണലിസ്റ്റുകൾ എന്നറിയപ്പെടുന്നവരും (മെൻഷെവിക് ഇടതുപക്ഷം) ഉൾപ്പെടെ ഒരു വിഭാഗം ആ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി; അവർ റഷ്യയുടെ മോചനത്തിനായുള്ള കമ്മിറ്റി (Committee for the Salvation of Russia) രൂപീകരിച്ചു. ഇതോടെ സോവിയറ്റുകളുടെ അഖിലറഷ്യൻ കോൺഗ്രസ് പൂർണമായും ബോൾഷെവിക് നിയന്ത്രണത്തിലായി; ബോൾഷെവിക്കുകളല്ലാതെ ഒരു ബദൽ നേതൃത്വം ഇല്ലാതായി. മൊത്തം 670 പ്രതിനിധികളാണ് റഷ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയത്. അതിൽ 612 പേരും അതാതിടത്തെ ജനവിധിയനുസരിച്ച് (ജനഹിതമനുസരിച്ച്) ബൂർഷ്വാസിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ബാധ്യസ്‌തരായിരുന്നു. തങ്ങൾക്ക് ലഭിച്ച ജനവിധിയനുസരിച്ച് ഈ മഹാഭൂരിപക്ഷം വരുന്ന പ്രതിനിധികൾ ബോൾഷെവിക് നിലപാടിന് പിന്തുണ നൽകി. ബൂർഷ്വാസിയുമായുള്ള സഖ്യം തുടരണമെന്ന നിലപാടുകാർ വെറും 55 പേർ മാത്രമായിരുന്നു. അധികാരം സോവിയറ്റുകൾക്കായിരിക്കണമെന്ന ഉറച്ച നിലപാടുണ്ടായിരുന്നത് ബോൾഷെവിക്കുകൾക്ക് മാത്രമായിരുന്നതുകൊണ്ടാണ് മഹാഭൂരിപക്ഷം പ്രതിനിധികൾ ജനഹിതമനുസരിച്ച് ബോൾഷെവിക്കുകൾക്കൊപ്പം നിന്നത്. ഈ ഘട്ടത്തിലാണ് സോവിയറ്റുകളിലെ ചെറുന്യൂനപക്ഷം വരുന്ന വലതുപക്ഷം ഇറങ്ങിപ്പോയത്.
എന്നാൽ ബോൾഷെവിക്കുകൾ ഒറ്റയ്‌ക്ക് അധികാരം ഏറ്റെടുക്കുന്നതിനോട് കമനേവിനെയും സിനോവീവിനെയും പോലെയുള്ള ഒരുവിഭാഗം ബോൾഷെവിക് പാർട്ടി നേതാക്കൾ എതിരായിരുന്നു. നവംബർ 4ന് (നവംബർ 17) ഇവർ ഇങ്ങനെയാണ് പറഞ്ഞത്: ‘‘സോവിയറ്റിലെ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തിയായിരിക്കണം സോഷ്യലിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കേണ്ടത് എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു’’. കമനേവും സിനോവീവും വീണ്ടും വിമർശനവുമായി രംഗത്തുവരുന്നതാണ് നാം കാണുന്നത്. ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ലെനിന്റെ അഭിപ്രായം കണക്കിലെടുക്കാതെയാണ് ഇത്തരം നിലപാടുകൾ പരസ്യമായി സ്വീകരിക്കരുതെന്ന താക്കീതോടെ പാർട്ടിയിൽ തുടരാൻ സെൻട്രൽ കമ്മിറ്റി അനുവദിച്ചത്. എന്നാൽ, ലെനിൻ ഉൾപ്പെടെയുള്ള സെൻട്രൽ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ ഇവർ ഇരുവരും ആവർത്തിച്ച് വെല്ലുവിളിക്കുകയാണുണ്ടായത്.
കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിൽ സംശയാതീതമായി ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്: ‘‘മറ്റാരുമായും അധികാരം പങ്കുവയ്‌ക്കാൻ ബോൾഷെവിക്കുകൾക്ക് താൽപര്യമില്ലായെന്നു പറയുന്നത് ശുദ്ധകളവാണ്’’. മാത്രമല്ല, ഗവൺമെന്റിൽ ചേരുന്നതിന് ഇടതുപക്ഷ സോഷ്യലിസ്റ്റ് റവല്യൂഷണറികളുമായി നടത്തിയ കൂടിയാലോചന വിജയിക്കാത്തത് തങ്ങളുടെ കുറ്റംകൊണ്ടല്ലെന്ന് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം പലതവണ വ്യക്തമാക്കി. പ്രധാനമായും റെയിൽവേ ജീവനക്കാരുടെ യൂണിയന്റെ സമ്മർദംമൂലം ഇടതുപക്ഷ സോഷ്യലിസ്റ്റ് റവല്യൂഷണറികൾ ബോൾഷെവിക്കുകളുമായി നാല് മാസത്തോളം സഖ്യത്തിലേർപ്പെട്ട കാര്യം കേന്ദ്രകമ്മിറ്റി ഓർമിപ്പിക്കുന്നുമുണ്ട്.
ഒക്ടോബർ 26ന് (നവംബർ 8) ലെനിൻ സോവിയറ്റുകളുടെ അഖിലറഷ്യൻ കോൺഗ്രസിൽ അവതരിപ്പിച്ച മാനിഫെസ്‌റ്റോയിൽ നിശ്ചയമായും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ യോഗം വിളിച്ചുചേർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമാധാനം, ഭൂമി, ഭക്ഷണം എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചും മാനിഫെസ്‌റ്റോയിൽ വ്യക്തമാക്കി.
നവംബറിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപീകരണത്തിനുള്ള അംഗങ്ങളെ തിരഞ്ഞെടുത്തെങ്കിലും ഡിസംബർ 13ന് (ഡിസംബർ 26) പ്രവ്‌ദയിൽ എഴുതിയ ലേഖനത്തിൽ (Thesis on the Constituent Assembly) ഈ തിരഞ്ഞെടുപ്പിലെ അപാകതകളിലേക്ക് ലെനിൻ വിരൽചൂണ്ടി. ഒക്ടോബർ വിപ്ലവാനന്തര യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്തതാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി തിരഞ്ഞെടുപ്പ് എന്നതാണ് പ്രധാന വിമർശനം. ഇതിനു പരിഹാരം തിരഞ്ഞെടുക്കപ്പെട്ട അസംബ്ലി സോവിയറ്റ് ഗവൺമെന്റിന്റെ നയങ്ങൾ പൊതുവിൽ അംഗീകരിക്കാൻ തയ്യാറാകണമെന്നതാണ്. 1918 ജനുവരി 5ന് (ജനുവരി 18) യോഗം ചേർന്നെങ്കിലും ഗവൺമെന്റുമായി ഏറ്റുമുട്ടാൻ അതിലെ ഭൂരിപക്ഷം തയ്യാറായതോടെ ഗവൺമെന്റ് അസംബ്ലി പിരിച്ചുവിട്ടു. പ്രൊവിഷണൽ ഗവൺമെന്റിനെ അനുകൂലിച്ചിരുന്ന ചെറിയൊരു വിഭാഗത്തിന്റെ പ്രതിഷേധം പെട്രോഗ്രാഡിൽ ഉണ്ടായെങ്കിലും അതിൽ വലിയ ജനപങ്കാളിത്തം ഉണ്ടായില്ല; ഗവൺമെന്റിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നതുമില്ല.
വീണ്ടും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നപ്പോൾ വലതുപക്ഷത്തെയാകെ പ്രതിനിധീകരിച്ച കാഡെറ്റ് പാർട്ടിക്ക് 10 ശതമാനം വോട്ടർമാരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ബോൾഷെവിക്കുകൾക്ക് 25 ശതമാനം വോട്ടും അവിഭക്ത (വലത്‐ഇടതുപക്ഷങ്ങൾ ഒന്നായിനിന്ന) സോഷ്യലിസ്റ്റ് റവല്യൂണറികൾക്ക് 50 ശതമാനം വോട്ടും ലഭിച്ചു. എന്നാൽ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ബോൾഷെവിക് പിന്തുണയോടെ മത്സരിച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് റവല്യൂഷണറി സ്ഥാനാർഥി മരിയ സ്‌പിരിഡോനോവയ്‌ക്ക് (Maria Spiridonova) 153 വോട്ടും വലതുപക്ഷ സോഷ്യലിസ്റ്റ് റവല്യൂണറി സ്ഥാനാർഥി വിക്ടർ ചെർണോവിന് 244 വോട്ടുമാണ് ലഭിച്ചത്. അങ്ങനെ ചെർണോവ് ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ സോവിയറ്റുകളുടെ മൂന്നാം കോൺഗ്രസിനെ 1918 ജനുവരി 11ന് ലെനിൻ അഭിസംബോധന ചെയ്‌തു. ആ കോൺഗ്രസുമായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയെ ലയിപ്പിക്കുകയും വിപ്ലവ കൺവെൻഷനായി അത് മാറുകയും ചെയ്‌തു. മൂന്നാം കോൺഗ്രസിൽ മൊത്തം 707 പ്രതിനിധികളിൽ 441 പേർ ബോൾഷെവിക്കുകാരായിരുന്നു. 1918 മാർച്ച് മധ്യത്തോടെ ബ്രെസ്റ്റ് ‐ ലിറ്റോവ്‌സ്‌ക് ഉടന്പടിയെക്കുറിച്ച് ചർച്ചചെയ്യാൻ സോവിയറ്റുകളുടെ നാലാം കോൺഗ്രസിൽ മൊത്തം 1232 പ്രതിനിധികളിൽ 795 പേരും ബോൾഷെവിക്കുകളായിരുന്നു. അധികാരം ബോൾഷെവിക്കുകളിലായിരിക്കണമെന്ന് ലെനിൻ 1917 ഒക്ടോബറിനു മുന്പുമുതൽ മുന്നോട്ടുവെച്ച നിർദേശം അതോടെ പ്രാവർത്തികമാക്കപ്പെട്ടു. ലെനിന്റെ ഇച്ഛാശക്തിയുടെ വിജയമായാണ് അത് കണക്കാക്കപ്പെടുന്നത്. l
(തുടരും)




