

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata) പ്രാദേശികമായി ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യ, തെക്ക്-മധ്യ അമേരിക്ക, ആഫ്രിക്ക, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെയുള്ള ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു സസ്യമായി ഇതു കണക്കാക്കപ്പെടുന്നു. സ്വീഡിഷ് ജീവശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ Carl Linnaeus (1707 – 1778) ആണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ‘Caesarweed’ എന്ന പേര്, ‘നീലകലർന്ന ചാരനിറം’ എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമായ ‘caesius’ എന്നതിൽ നിന്നോ, ‘രോമങ്ങളാൽ ആവൃതമായത്’ എന്ന് അർത്ഥം വരുന്ന ‘caesariatus’ എന്നതിൽ നിന്നോ ഉത്ഭവിച്ചതാകാം. ‘Urena lobata’ എന്ന ശാസ്ത്രീയ നാമത്തിലെ ‘Urena എന്ന ഭാഗം, കേരളത്തിൽ ഈ സസ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത നാമമായ ‘ഉരൻ’ (uren) അല്ലെങ്കിൽ ‘ഉരിജ്ഞ’ (urijña) എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. Lobata എന്ന ഭാഗം lobatus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വന്നത്; ‘ലോബുകളുള്ളത്’ (lobed) എന്നാണ് ഇതിനർത്ഥം. കൈപ്പത്തിയുടെ ആകൃതിയിൽ വിഭജിക്കപ്പെട്ട (palmately-lobed) ഇലകളുടെ പ്രത്യേകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ സസ്യത്തിന്റെ ഇളം ഇലകൾ കറിയാക്കി കഴിക്കുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങളും സാമ്പത്തികമായും ഔഷധപരമായും ഉപയോഗപ്രദമാണ്. Aramina fibre എന്നറിയപ്പെടുന്ന ഇതിന്റെ വേര് സഞ്ചികൾ, വസ്ത്രം, കടലാസ് തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. പ്രസവവേദന ലഘൂകരിക്കാനും പ്രസവം സുഗമമാക്കാനും വേരുകൾ ചേർത്തുള്ള പാനീയം നൽകുന്നു. പല്ലുവേദന ശമിപ്പിക്കാൻ ഇതിന്റെ ചെറിയ കമ്പുകൾ ചവയ്ക്കാറുണ്ട്. കുടൽ സംബന്ധമായ അസുഖങ്ങൾ, ഗൊണോറിയ, മലേറിയ എന്നിവയുടെ ചികിത്സയിൽ ഇലകൾ വ്യാപകമായി ഉപയോഗിക്കുന്നു. മുറിവുകൾ ഉണക്കാൻ തൊലി ഉപയോഗിക്കുന്നു. പൂക്കൾക്ക് പഴുപ്പ് പൊട്ടിക്കാനുള്ള (maturative) കഴിവുണ്ടെന്ന് കരുതപ്പെടുന്നു; വരണ്ട ചുമയ്ക്ക് ആശ്വാസം നൽകുന്നതിനും, കഫം പുറന്തള്ളുന്നതിനും പൂക്കൾ ചേർത്തുള്ള കഷായം ഉപയോഗിക്കുന്നു. വായ്പുണ്ണ്, തൊണ്ടവേദന എന്നിവയ്ക്ക് പൂക്കൾ ചേർത്തുള്ള ലായനി ഉപയോഗിച്ച് വായ കഴുകാറുണ്ട് (gargle). വിത്തുകൾ ചേർത്തുള്ള കഷായം വിരശല്യം അകറ്റാൻ ഉപയോഗിക്കുന്നു.




