ഹിന്ദുത്വരാഷ്ട്രീയം പോയവാരം
കെ എൻ ഗണേശ് എഴുതുന്ന പംക്തി

കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ എസ് എസിനു പുല്ലു വിലയാണ് .കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ എസ് എസുകാർ നടത്തിയ വിദ്വേഷ പ്രസംഗത്തെ പ്രതിരോധിച്ചതിനെതിരെ എബിവിപിക്കാർ ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുന്നു.
ക്യാംപസുകളിൽ വന്ദേമാതരo പൂർണരൂപത്തിൽ ആലപിക്കണമെന്നത് ചാൻസലർ കൂടിയായ ഗവർണറുടെ വാശിയാണ് .കാലിക്കറ്റ് സർവകലാശാലയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം വിട്ടു നിന്നിട്ടും വന്ദേമാതരം ആലപിച്ചു. കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ ക്ലാസുകൾ മുഴവൻ പിരിച്ചു വിട്ടാണ് വന്ദേമാതരം സെമിനാർ നടത്തിയത്. ആർ എസ് എസ് സംഘടനയായ പ്രജ്‌ഞാപ്രവാഹിൻ്റെ അഖിലേന്ത്യാ കാര്യകർത്താവായ ജെ നന്ദകുമാർ ആയിരുന്നു പ്രഭാഷകൻ . അതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസാണ് മർദിച്ചത്.
കലാലയങ്ങളുടെ മതനിരപേക്ഷ സ്വഭാവം തകർക്കുക തന്നെയാണ് ആർ എസ് എസിൻ്റെ ലക്ഷ്യം .വിജ്ഞാനം നൽകുന്നതിനു പകരം വിജ്ഞാനം നിഷേധിച്ച് ഹിന്ദു ആശയസംഹിത പ്രചരിപ്പിക്കുന്നതിനാണ് കലാലയങ്ങളിലൂടെ അവർ ചെയ്യുന്നത്




