

കഴിഞ്ഞ ആഴ്ച ഞാൻ പകർത്തിയ ഈ ചിത്രത്തിലുള്ള ഇല, Marantaceae കുടുംബത്തിൽപ്പെട്ട Goeppertia majestica ‘White Star’ എന്ന ഇനത്തിൽപ്പെട്ടതാണ്. ജർമ്മൻ സസ്യശാസ്ത്രജ്ഞനായ Georg Friedrich Wilhelm Meyer (1782-1856) ആണ് ഇതിനെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 19-ാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനും പുരാജീവി ശാസ്ത്രജ്ഞ(paleontologist) നുമായ Johann Heinrich Robert Göppert (1800–1884) ന്റെ സ്മരണാർത്ഥമാണ് Goeppertia എന്ന ജനുസ്സിന് ആ പേര് നൽകിയിരിക്കുന്നത്. ഈ ജനുസ്സിലെ പല സസ്യങ്ങളും മുൻപ് Calathea എന്ന ജനുസ്സിലാണ് ഉൾപ്പെടുത്തിയിരുന്നത്; എന്നാൽ 2012-ൽ നടന്ന ജനിതക പഠനങ്ങൾ ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുകയുണ്ടായി. വിഷരഹിതമായതിനാൽ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഇവ സുരക്ഷിതമാണ്.ഇപ്പോഴും പലയിടത്തും Calathea എന്നു കാണുന്നുണ്ട്.
Marantaceae സസ്യകുടുംബത്തിൽ 28 ജീനസുകളിലായി 530 സ്പീഷീസുകൾ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും (80%) അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്; ഏഷ്യൻ (11%), ആഫ്രിക്കൻ (9%) ഉഷ്ണമേഖലാ പ്രദേശങ്ങളാണ് തൊട്ടുപിന്നിൽ. ഇറ്റാലിയൻ ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനും സാഹിത്യ സിദ്ധാന്തകാരനുമായിരുന്ന Bartholomaeus Marantha (1500–1571) യുടെ ബഹുമാനാർത്ഥമാണ് ഈ സസ്യകുടുംബത്തിന് ‘Marantaceae’ എന്ന പേരു നൽകിയത്. ‘പ്രാർത്ഥനച്ചെടി ‘ (prayer plant) എന്ന പേര് ഇതിനു ലഭിച്ചത്, രാത്രിയിൽ ഇലകൾ മുകളിലേക്ക് ലംബമായി കൂടിച്ചേരുന്ന (nyctinastic) ചലനം മൂലമാണ്; പ്രാർത്ഥനയ്ക്കായി കൈകൾ കൂപ്പി ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെയാണ് ഈ അവസ്ഥയിൽ ഇലകൾ കാണപ്പെടുന്നത്. തണ്ടിനും ഇലയ്ക്കും ഇടയിലുള്ള pulvinus എന്ന ചെറിയതും കട്ടിയുള്ളതുമായ ഭാഗമാണ് ഈ ചലനത്തിന് സഹായിക്കുന്നത്. . Pulvinusൽ ഉള്ള കോശങ്ങൾക്ക് അവയുടെ ഫേനങ്ങളി (vacuoles) ലേയ്‌ക്ക് അതിവേഗം വെള്ളം എടുക്കാനും പുറന്തള്ളാനും കഴിയും.





