പ്രഭയെന്നു നിനച്ചതെല്ലാം പെൺമനസ്സിൻ ആന്തലുകൾ

ആർ പാർവതി ദേവി

പെൺമനസ്സിന്റെ ഭ്രമാത്മകമായ സ്വപ്നങ്ങളുടെയും പൊള്ളലുകളുടെയും ഒപ്പം സ്ത്രീസൗഹൃദത്തിന്റെയും കഥയാണ് പായൽ കപാഡിയയുടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ‘‘പ്രഭയായി നിനച്ചതെല്ലാം’’ അഥവാ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചലച്ചിത്രം പറയുന്നത്. കാൻമേളയിൽ ആദ്യവും ഓസ്കാർ വേദിയിൽ രണ്ടാമതും ഈ ചലച്ചിത്രം പൂച്ചെണ്ടുകൾ നേടുമ്പോൾ മലയാളിക്ക് ,പ്രത്യേകിച്ച് മലയാളി സ്ത്രീക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. മലയാളി അഭിനേത്രികൾ അന്താരാഷ്ട്ര വേദികളിൽ പുരസ്‌കൃതരാകുന്നതുകൊണ്ടു മാത്രമല്ല മലയാളികളുടെ ജീവിതം കൂടിയാണ് പായൽ വെള്ളിത്തിരയിലൂടെ ലോകസമക്ഷം അവതരിപ്പിച്ചത്. കനി കുസൃതിയും ദിവ്യപ്രഭയും ജീവൻ നൽകിയ പ്രഭയും അനുവും നമ്മുടെ അയൽപക്കത്തെ യുവതികളാണ്. ഉപജീവനത്തിനായി മുംബൈയിലേക്ക് പോയ തികച്ചും സാധരണക്കാരായ രണ്ടുപേർ. കാഴ്ചയിലോ പ്രകൃതത്തിലോ ഇവർക്ക് യാതൊരു സവിശേഷതകളും പറയാനില്ല. നടിമാരെ സംവിധായക “ഡിഗ്ലാമറൈസ്’ ചെയ്തത് മന:പൂർവമാകാം. കഥക്ക് അതാണിണങ്ങുക എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നുവേണം കരുതാൻ. അല്ലെങ്കിൽ അത് അനാവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകാം.

മലയാളി നഴ്‌സുമാർ ഇന്ന് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ആതുര സേവനം നടത്തുമ്പോഴും അവരുടെ ദൈനംദിന ജീവിതത്തിന്റെ പിടച്ചിലുകൾ ആരും ഇത്രക്ക് യഥാതഥമായി അഭ്രപാളിയിൽ എത്തിച്ചിട്ടില്ല. സാഹിത്യത്തിൽ തന്നെ ഇതൊരു പ്രമേയം ആയിട്ടുണ്ടോയെന്ന് സംശയം. റീമ കല്ലിങ്കൽ അഭിനയിച്ച “22 ഫീമെയിൽ കോട്ടയം’ ബംഗളൂരുവിലെ ഒരു നഴ്സിന്റെ കഥ ആണെന്നു പറയുമ്പോഴും അവരുടെ ജീവിതത്തിന്റെയും ഒപ്പം മനസ്സിന്റെയും ആഴങ്ങളിലേക്ക് പോകാൻ പായൽ കപാഡിയക്കാണ് കഴിഞ്ഞത്. അതിന്റെ റിയലിസ്റ്റിക് സ്വഭാവം അൽപ്പം കൂടുതലായതിനാലാകാം ഡോക്യൂ ഫിക്‌ഷന്റെ രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നതെന്ന് ചില നിരൂപകർ നിരീക്ഷിക്കുന്നുണ്ട്.

പല സംസ്ഥാനങ്ങളിൽ നിന്നും ഉപജീവനംതേടി മുബൈയിൽ എത്തിയ അനേകർക്കൊപ്പം അവരിൽപെട്ടവരായി കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം യുവതികളും ജീവിക്കുകയാണ്. ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്കിടയിൽ ഉറുമ്പിൻകൂട്ടം പോലെ തിരക്കിട്ടു നീങ്ങുന്ന ആയിരങ്ങൾക്കൊപ്പം ഇവരും തങ്ങളുടേതായ സ്വകാര്യ ജീവിതം ജീവിച്ചുതീർക്കുന്നു. ചെറിയ സന്തോഷങ്ങൾ, വലിയ ദുഃഖങ്ങൾ ഒപ്പം ആൾക്കൂട്ടത്തിലെ ഏകാന്തതയും. ഇവരുടെ അതിസാധാരണമെന്ന് തോന്നുന്ന ജീവിതം രണ്ടു മണിക്കൂർ നീളുന്ന സിനിമയായി കാണികളെ പിടിച്ചിരുത്തുന്നു എന്നത് സംവിധാനകലയുടെ അടയാളമാണ്.

അല്പം മുതിർന്ന, ഗൗരവക്കാരിയായ ‘അടക്കവും ഒതുക്കവും’ ഉള്ള പ്രഭയും (കനി) പ്രണയവും തമാശകളും ഇഷ്ടപ്പെടുന്ന ജീവിതം ആസ്വദിക്കുന്ന അനുവും (ദിവ്യപ്രഭ) ആശുപത്രിയിലെ ക്യാന്റീൻ ജീവനക്കാരിയായ പാർവതി (ഛായ കദം)യും തമ്മിലുള്ള സൗഹൃദവും സഹോദരീത്വവും ആണ് സിനിമയുടെ പ്രമേയം. അനു പ്രണയിക്കുന്ന മുസ്ലിം യുവാവും (ഹൃദു ഹാറൂൺ) പ്രഭയെ പ്രണയിക്കുന്ന ഡോക്ടറും (അസീസ് നെടുമങ്ങാട്) കഥയെ മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളാണ്.

മുസ്ലീമിനെ വിവാഹം ചെയ്യാൻ ഒരിക്കലും കഴിയില്ലെന്നറിഞ്ഞു കൊണ്ടുതന്നെ അനു പ്രണയം ആസ്വദിക്കുകയാണ്. ശാരീരികബന്ധത്തിന്‌ അവൾതന്നെ മുൻകൈയെടുക്കുന്നു. ദിവ്യപ്രഭ ഭീകരമായി സൈബർ ആക്രമണത്തിനിരയായതും ഈ ദൃശ്യങ്ങളുടെ പേരിലാണ്. ഏതാനും സെക്കൻഡുകൾ നീളുന്ന ചില ദൃശ്യങ്ങൾ മലയാളി വ്യാജസദാചാരക്കാർക്ക് ആഘോഷിക്കാൻ വകയായി മാറിയെന്നു മാത്രം.

പ്രഭക്ക് ഒരു ദുഃഖപുത്രിയുടെ ഭാവമാണ്. എല്ലാ ‘ചേച്ചിവേഷങ്ങളും’ പോലെ സദാചാരത്തെക്കുറിച്ചും മറ്റും അനുവിന് അവൾ ക്ലാസ്സെടുക്കുമ്പോഴും അവൾക്കുമുണ്ട് പലതരത്തിലുള്ള മോഹങ്ങളും സ്വപ്നങ്ങളും. വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ജർമനിയിൽ പോകുകയും പിന്നെ യാതൊരു ബന്ധവും ഇല്ലാതാകുകയും ചെയ്‌തെങ്കിലും ‘ഉത്തമ’യായ സ്ത്രീയെന്ന നിലയിൽ പ്രഭ മറ്റു പ്രണയങ്ങൾക്ക് വഴങ്ങാതെ പിടിച്ചുനിൽക്കുകയാണ്. എന്നെങ്കിലും അയാൾ തിരിച്ചുവരുമെന്ന പ്രതീക്ഷയാണവളെ മുന്നോട്ടുകൊണ്ടുപോകുന്നത്. കൂട്ടുകാരിയായ പാർവതിയുടെ പ്രശ്നങ്ങൾ പ്രഭ ഏറ്റെടുക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യയിൽ ഒരു കടലാസ്സ് കഷ്ണം സ്വന്തം അസ്തിത്വം നിർണയിക്കുന്ന സാഹചര്യത്തിൽ 21 വർഷം ജീവിച്ച വീട്ടിൽ നിന്നും വൻ ബിൽഡർമാർ പാർവതിയെ ഇറക്കിവിടുമ്പോൾ പ്രഭ ഒപ്പം നിൽക്കുന്നു. എന്നാൽ അവരുടെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. കടൽത്തീരത്തെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകുന്ന പാർവതിക്കൊപ്പം അനുവും പ്രഭയും പോകുന്നതോടെ കഥ മറ്റൊരു വഴിക്കു തിരിയുന്നു. അനുവിന്റെ കാമുകൻ രഹസ്യമായി അവിടെയെത്തുകയും അവളുടെ പ്രണയം പ്രഭ കണ്ടുപിടിക്കുകയും ചെയ്യുന്നു. പക്ഷേ പ്രഭ തന്റെ നിലപാടിൽ മാറ്റം വരുത്തി, അവരെ അംഗീകരിക്കുന്നു. കടൽത്തീരത്ത് അടിഞ്ഞ ഒരാളുടെ ജീവൻ പ്രഭ രക്ഷപ്പടുത്തുന്നത് ചില ഫാന്റസികൾക്കിട നൽകുന്നു.

അതാരാണെന്നതിൽ കാണികൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത് സ്വാഭാവികം. നമ്മുടെ ഭാവനക്കനുസരിച്ച് ചില വ്യാഖ്യാനങ്ങൾക്ക് സംവിധായിക അവിടെ ഇടം നൽകിയിട്ടുണ്ട്.

ഈ മൂന്നു സ്ത്രീകളുടെ ജീവിതവീക്ഷണങ്ങളും ജീവിത പരിസരങ്ങളും തികച്ചും വ്യത്യസ്തമായിരിക്കുമ്പോഴും പരസ്പരം മനസ്സിലാക്കുന്ന ഊഷ്മളമായ ബന്ധം ഇവർ പുലർത്തുന്നുണ്ട്. ആ ബന്ധത്തിലൂടെ സ്ത്രീജീവിതങ്ങളുടെ വിഹ്വലതകൾക്ക് സംവിധായിക ദൃശ്യഭാഷ്യം നൽകുന്നു . പ്രകാശസന്നിവേശത്തിലും സംഗീതത്തിലും ക്യാമറയുടെ ചലനങ്ങളിലും സവിശേഷമായ താളവും ഭാവവും വർണവും നിലനിർത്തുന്നതിൽ പായൽ കപാഡിയ ശ്രദ്ധിച്ചിരുന്നു. ഇരുൾ മൂടിയ, നനഞ്ഞ മുംബൈ നഗരത്തിന്റെ ഗന്ധം പോലും ചിലപ്പോൾ നമുക്ക് അനുഭവിക്കാനാകുന്നത്ര സ്വാഭാവികതയാണ് സിനിമയുടെ രചനാരീതിയെ വ്യത്യസ്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെയും ഫ്രാൻസിലെയും നിർമാതാക്കളുടെ സംയുക്ത സംരംഭമായ ഈ സിനിമ ഒരു മലയാള സിനിമയെന്ന് തന്നെ പറയാനാകും. മലയാളികളുടെ ജീവിതമാണ് സിനിമ പ്രധാനമായും ആവിഷ്കരിക്കുന്നത്. സംഭാഷണങ്ങൾ ഏതാണ്ട് പൂർണമായും മലയാളത്തിലാണ്. ഹിന്ദിയും മറാത്തിയും വളരെ കുറച്ചു മാത്രം. ഇംഗ്ലീഷ് സബ് ടൈറ്റിൽ നൽകിയിട്ടുണ്ട്.

ഈ വർഷം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ഈ ചിത്രം, ഗ്രാൻഡ് പ്രി നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി. ഓസ്കാർ ചുരുക്കപ്പട്ടികയിലും ഈ ചലച്ചിത്രം ഇടം നേടി. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് പായൽ കപാഡിയക്കാണ് ലഭിച്ചത്. l

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img