വിപ്ലവപാതയിലെ ആദ്യപഥികർ‐ 74
ഓടയിൽവീണുപോയ കുട്ടിയെ രക്ഷിച്ച റിക്ഷക്കാരൻ പപ്പു കേശവദേവിന്റെ ഏറ്റവും പ്രസിദ്ധ കഥാപാത്രമാണ്. അതേ കേശവദേവിനെക്കുറിച്ച് ഒരിക്കൽ ഉയർന്നുവന്ന അഭിപ്രായം, ഓടയ്ക്കടുത്തുകൂടി പോകുന്നവരെ ഓടയിലേക്ക് തള്ളിയിടുന്നയാൾ എന്നാണ്. തൊള്ളായിരത്തിമുപ്പത്തഞ്ചിൽ തലശ്ശേരിയിൽനടന്ന യുവസാഹിത്യകാരസമ്മേളനത്തിൽ രാമായണവും മഹാഭാരതവും തുപ്പൽകോളാമ്പിയാണെന്നും അത് കത്തിക്കണമെന്നും ദേവ് ആഹ്വാനംചെയ്തത് വലിയ വിവാദമായിരുന്നു. അതേ കേശവദേവ് സാഹിത്യപ്രവർത്തകസഹകരണസംഘം അധ്യക്ഷനായിരുന്നപ്പോൾ രാമായണം സ്വന്തം കൈകൊണ്ട് പ്രകാശനംചെയ്യുകയുമുണ്ടായി. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് താനാണെന്ന് ഒരാളേ അവകാശപ്പെട്ടിട്ടുള്ളൂ‐ അതും ദേവാണ്. പക്ഷേ പിൽക്കാലത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടത് കടുത്ത കമ്യൂണിസ്റ്റുവിരുദ്ധനായുമാണ്. ഏറെക്കുറെ സി ജെ തോമസ്സും ഇതേ മട്ടുകാരനത്രെ. വൈദികനാവാൻ കുപ്പായമിടുകയും അത് പരസ്യമായി കീറിയെറിയുകയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാവുകയും വളരെയൊന്നും കഴിയുന്നതിനുമുൻപ് കടുത്ത കമ്യൂണിസ്റ്റുവിരുദ്ധനാവുകയുംചെയ്ത വ്യക്തിത്വം. ഈ ധിക്കാരികൾക്ക് പക്ഷേ കാതലുണ്ട്. ദേവിന്റെ രണ്ടു പതിറ്റാണ്ടുകാലത്തെയും സി ജെയുടെ നാല്പതുകളിലെയും പ്രവർത്തനം തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന് മുതൽക്കൂട്ടായി. പിൽക്കാലത്ത് വിട്ടുപോയെങ്കിലും നേരത്തെ ചെയ്ത പ്രവൃത്തികൾ റദ്ദാകുന്നില്ല.
വടക്കൻപറവൂരിനടുത്ത് കെടാമംഗലത്ത് നല്ലേടത്ത് തറവാട്ടിൽ അപ്പുപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1904‐ലാണ് കേശവപിള്ളയുടെ ജനനം. വലിയൊരു കൂട്ടുകുടുംബത്തിൽ ദാരിദ്ര്യപൂർണമായ ജീവിതം. രണ്ടാംലോകയുദ്ധം കൊടുമ്പിരികൊള്ളുന്നു. നാട്ടിൽ കടുത്ത വറുതി. തോടരികെ വളരുന്ന താളും തകരയും അരിഞ്ഞുകൊണ്ടുവന്ന് വേവിച്ചുതിന്നുന്ന അവസ്ഥ. പഠനത്തിൽ തീരേ താല്പര്യമില്ലാത്ത നിലയായി. പാഠപുസ്തകങ്ങളോട് വെറുപ്പ്. മറ്റെല്ലാ പുസ്തകത്തോടും പ്രിയം. സ്കൂളിൽ വലിയ പോക്കിരി. ഒരു ദിവസം മാഷ് കേശവനോട് ബെഞ്ചിൽ കയറിനിൽക്കാൻ പറയുന്നു. രക്ഷിതാവിനെകൂട്ടിവരാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിന്റെ പകയും പഠിക്കാത്തതിന്റെ നീരസവും. ഇനി പഠിക്കുന്നില്ലെന്നും പറഞ്ഞ് വീട്ടിലേക്കുപോവുകയാണ് കേശവപിള്ള. കാര്യം വീട്ടിൽപറയാതെ കുറേനാൾ കറങ്ങിനടത്തം. പിന്നെ റൗഡിസെറ്റിനൊപ്പംകൂടുന്നു. കഞ്ചാവടക്കം എല്ലാ കുരുത്തക്കേടുകളും.
അങ്ങനെയിരിക്കെ അവൻ നാടുവിടാൻ തീരുമാനിക്കുന്നു. ഒരു കൂട്ടുകാരനോടൊപ്പം നാടുവിടുന്നു. മാതൃസഹോദരിയുടെ മാല മോഷ്ടിച്ചാണ് കേശവന്റെ പടിയിറക്കം. ആലപ്പുഴയിൽ ബന്ധുവിന്റെ വീട്ടിൽപോയെങ്കിലും സ്വീകരണം നല്ലതല്ല. പിന്നെ കറങ്ങിക്കറങ്ങി കെടാമംഗലത്തുതന്നെയെത്തുന്നു. നല്ലേടത്ത് തറവാട്ടിൽ അമ്മയും സഹോദരിയും എല്ലാം മറന്ന് സ്വീകരിച്ചു. പക്ഷേ മാലയുടെ ഉടമയായ ഇളയമ്മയുടെ നീരസം കൂടിക്കൂടിവരികയായിരുന്നു. എങ്ങുംപോകാതെ അട്ടംനോക്കിക്കിടത്തമായി കുറേനാൾ. പിന്നെ നാടുവിടാനുള്ള തീരുമാനമറിയിക്കുകയാണമ്മയെ. എവിടെയെങ്കിലും പോയി വല്ല പണിയുമെടുത്ത് ജീവിച്ചോ എന്നുപറഞ്ഞ് കയ്യിലുള്ള ഏതാനും രൂപ കൊടുക്കുകയാണവർ. അതുമായി മട്ടാഞ്ചേരിയിലേക്ക്. തുറമുഖത്ത് എന്തെങ്കിലും പണികിട്ടുമോ എന്ന അന്വേഷണം. കുട്ടികൾക്ക് എങ്ങനെ ജോലിനൽകുമെന്ന് കൈമലർത്തൽ. ഒടുവിൽ നാട്ടുകാരൻതന്നെയായ മാത്തുപൗലോ എന്ന ചിട്ടിക്കാരന്റെ മുമ്പിൽപെട്ടുപോവുകയാണ്. നാട്ടിലേക്ക് വരുന്നോ എന്നാണയാളുടെ ചോദ്യം. നാട്ടിൽ വരുന്നില്ല, എന്തെങ്കിലും പണിവേണമെന്ന് കേശവൻകുട്ടി. തന്നോടൊപ്പം വന്നോളൂ നാട്ടിൽത്തന്നെ പണിതരാമെന്ന് മാത്തു പൗലോ.
വടക്കൻ പറവൂരിൽ മാത്തുപൗലോയുടെ മൂന്ന് ചിട്ടികളുടെ വരി പിരിക്കുന്ന ജോലി. പിന്നെ പൗലോയുടെ മൂന്നുമക്കൾക്കും ട്യൂഷൻ കൊടുക്കണം. ഇംഗ്ലീഷ് ട്യൂഷൻ. ഏഴുരൂപ ശന്പളം.
കെടാമംഗലത്ത് അന്ന് ജാതീയത ഏറ്റവും ഭീകരമായ നിലയിലായിരുന്നു. അയിത്തം നിലനിൽക്കുന്നു. അപരജാതിക്കാരന്റെ, അപരമതക്കാരന്റെ കടയിൽനിന്ന് ചായ കുടിക്കുകപോലുമില്ല. നായന്മാരുടെ കടകൾക്കടുത്തായുള്ള മുസ്ലിം കടയിൽനിന്നേ ചായ കുടിക്കൂ എന്നത് കേശവപിള്ളക്ക് ഒരു വ്രതംപോലെയാണ്. വീട്ടിലെന്നപോലെ നാട്ടിലും തെറിച്ചവനായി കണക്കാക്കപ്പെടുന്നു. ജാതിക്കാരിൽ നീരസം. കേശവൻ പുസ്തകങ്ങളുടെ ലോകത്ത് ആണ്ടുമുഴുകുന്നു. വായന, വായന‐ അതിനായി മാത്തുപൗലോയുടെ കുറിപ്പിരിവ് ജോലിയും ട്യൂഷൻ ജോലിയും മതിയാക്കുന്നു. ഒരുദിവസം ആലുവാമണപ്പുറത്ത് ജാതിക്കെതിരായ ഒരുഗ്രൻ പ്രസംഗം‐ ആരാണ് പ്രസംഗിക്കുന്നതെന്ന് ചോദിച്ചപ്പോൾ കിട്ടുന്ന ഉത്തരം‐ പുലയൻ അയ്യപ്പൻ എന്ന്. കേശവൻ സഹോദരൻ അയ്യപ്പനുമായി അടുക്കുന്നു. അതേവരെയുള്ള മാനസികാവസ്ഥയിൽനിന്ന് മാറുന്നു. ജാതിക്കെതിരായി പ്രവർത്തിക്കണം, സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കണം എന്ന ചിന്തയിലെത്തുന്നു. വിവേകാനന്ദനെ വായിച്ചപ്പോൾ കുറേക്കൂടി തിളക്കം. സഹോദരൻ മാസികയുടെ (പിന്നീട് വാരിക) സ്ഥിരം വായനക്കാരനാകുന്നു. വൈക്കം സത്യാഗ്രഹം നടന്നുകൊണ്ടിരിക്കെ അതൊന്ന് കാണാൻ, അതിന്റെ വൈകാരികത ഉൾക്കൊള്ളാൻ വൈക്കത്തേക്കൊരു യാത്ര. അവിടെ സ്വന്തം അമ്മാവനുണ്ട്. പൊലീസുദ്യോഗസ്ഥനായ കൃഷ്ണപിള്ള. ചോവന്മാരെ അമ്പലത്തിൽ കേറ്റാനുള്ള സമരത്തിനാണോ വന്നതെന്ന ഭർത്സനമാണവിടെനിന്നുണ്ടാകുന്നത്. അതെല്ലാം സഹിച്ച്, എന്നാൽ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് മടങ്ങുകയാണ്.
അടുത്തതായി ആര്യസമാജത്തിലേക്ക്. ആര്യസമാജത്തിൽ ചേരുന്ന കേശവൻ ജാതിപ്പേര് ഒഴിവാക്കുന്നു. പകരം ദേവ് എന്നത് കൂട്ടിച്ചേർക്കുന്നു. അങ്ങനെ കേശവദേവാകുന്നു. പാലക്കാട് കൽപാത്തിയിൽ അവർണർക്ക് വഴിനടക്കാൻ അവകാശമില്ലാത്ത കാലം. അവിടെ ആര്യസമാജത്തിന്റെ ഇടപെടൽ. ഒരു ബുക്സ്റ്റാൾ തുറന്നുകൊണ്ട് അത് ഓഫീസുകൂടിയാക്കിയാണ് സമാജത്തിന്റെ ജാതിവിരുദ്ധപ്രവർത്തനം. അത് വലിയ സംഘർഷത്തിലെത്തുന്നു. സായുധസംഘർഷം. അക്രമത്തിൽ കേശവദേവിനും പരിക്കേൽക്കുന്നു. കേസാകുന്നു. ഇതിനിടയിൽ ഖാദി വില്പനപോലുള്ള ചില പ്രവർത്തനങ്ങളിലും പങ്കാളിയാകുന്നു. പിന്നീട് ആര്യസമാജം കേശവദേവിനെ തിരുവനന്തപുരത്ത് പ്രവർത്തിക്കാൻ അയയ്‌ക്കുന്നു. പൂണൂലിട്ട് ജപവും മറ്റുമായുള്ള ആര്യസമാജപ്രവർത്തനം അയാൾക്ക് മടുക്കുന്നു. സമദർശി പത്രാധിപരായ എ ബാലകൃഷ്ണപിള്ളയെ ദൂരെനിന്ന് കാണുന്നു. ബാലകൃഷ്ണപിള്ളയുടെ സദസ്യരിലൊരാളായ കവി ബോധേശ്വരനെ പരിചയപ്പെടുന്നു. ബോധേശ്വരൻ ഇറച്ചിസഹിതമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. ഇറച്ചി കേശവൻ കഴിക്കുന്നില്ല. അപ്പോഴാണ് ബോധേശ്വരൻ നിർബന്ധിക്കുന്നത്. അതൊരു പുതുവെളിച്ചമായിരുന്നു. പശുവിന്റെ ഇറച്ചിയുംതിന്ന് സോമരസം ആവോളം പാനംചെയ്ത് നല്ല ലഹരിയിലാണ് വേദങ്ങൾ രചിച്ചതെന്ന് ശക്തമായ ഭാഷയിൽ വിവരിച്ച് തിന്നാൻ നിർദേശിക്കുകയാണ് ബോധേശ്വരൻ. പൊരുതണമെങ്കിൽ പച്ചക്കറി പോരെന്നും ബോധേശ്വരൻ കൂട്ടിച്ചേർക്കുന്നു. കേശവദേവ് ആര്യസമാജത്തോട് വിടപറഞ്ഞ് വീണ്ടും നാട്ടിലേക്ക്. ആഴത്തിലും പരപ്പിലുമുള്ള വായന. പിന്നെ എഴുത്തും. കൂടുതൽക്കൂടുതൽ വായിക്കണം, ചിന്തിക്കണം, എഴുതണംം‐ അതിന് എന്തുചെയ്യും. തിരുവനന്തപുരത്ത് വെച്ച് പരിചയപ്പെട്ട എ കെ പിള്ളയ്ക്ക് കത്തെഴുതുകയാണ്. സ്വരാജ് പത്രത്തിന്റെയും സ്വദേശാഭിമാനിയുടെയും പത്രാധിപരാണ് പിള്ള. കെ രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയമ്മയുടെ ഭർത്താവ്. ബ്രിട്ടനിൽ നിയമം പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ പഠിപ്പുപേക്ഷിച്ച് നാട്ടിലെത്തിയാണ് പത്രപ്രവർത്തനത്തിൽ മുഴുകുന്നത്. എ കെ പിള്ള കേശവദേവിനെ തിരുവനന്തപുരത്തേക്ക് വിളിക്കുന്നു. തന്റെ ലൈബ്രറി തുറന്നുകൊടുക്കുന്നു. താമസവും ഭക്ഷണവും അവിടെ. വെറുതെയോ എന്ന ചോദ്യത്തിന് വെറുതെയല്ല, താൻ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണ്, വരുന്നതുവരെ സ്വദേശാഭിമാനി നടത്തണമെന്ന് പിള്ള. അങ്ങനെ സ്ഥിരം എഴുത്തുകാരനും പത്രാധിപരുമായി മാറുകയാണ് കേശവദേവ്.
പിന്നീട് ചെങ്ങന്നൂരിൽ മലയാളരാജ്യം പത്രത്തിന്റെ ഭാഗമായ ഭജേഭാരതം വാരികയുടെ പത്രാധിപരാകുന്നു. അഞ്ച് മാസത്തിനുശേഷം അതുവിട്ട് പാലേമ്പാടം തോമസ്സിന്റെ പ്രതിദിനം പത്രത്തിൽ. അവിടെ ഇംഗ്ലീഷ് വാർത്തകൾ തർജമചെയ്യുന്ന ജോലി ദിവസം ഒരു രൂപ കൂലിയിൽ. ലാലാ ലജ്പത്റായിയുടെ തല പൊലീസ് തല്ലിപ്പൊളിച്ചതും ഭഗത്‌സിങ്ങുംകൂട്ടരും ദൽഹിയിൽ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞതുമടക്കമുള്ള വാർത്തകൾ കണ്ടതോടെ രാഷ്ട്രീയത്തിൽ സക്രിയമാകുന്നു. എറണാകുളത്തുചെന്ന് സഹോദരൻ അയ്യപ്പനുമായി ദീർഘസംഭാഷണം‐ വലിയ വാദപ്രതിവാദം നടത്തുന്നു. അതുകേൾക്കാൻ ‘സഹോദരൻ’ ഓഫീസിന് ചുറ്റും ആളുകൂടുന്നു. റഷ്യൻ രീതിയിലുള്ള വിപ്ലവത്തിലൂടെയേ ഇന്ത്യയിൽ മോചനം സാധിക്കൂ എന്നതാണ് ദേവിന്റെ വാദം. അതിന് ഭീകരപ്രവർത്തനംപോലുമാകാമെന്നും. സഹോദരനിലും വി ടിയുടെ പത്രാധിപത്യത്തിലുളള ഉണ്ണിനമ്പൂതിരിയിലും സ്ഥിരം എഴുത്തുകാരനാവുകയാണ് ദേവ്. ഉണ്ണിനമ്പൂതിരിയുടെ ഓഫീസിൽവെച്ചാണ് വിദ്യാർഥിയായ ഇ എം എസിനെ ദേവ് ആദ്യമായി കാണുന്നത്. എഴുത്തുമാത്രം പോരാ തന്റെ കമ്യൂണിസ്റ്റ് നിലപാടുകൾ ജനങ്ങളെ അറിയിക്കാൻ പ്രസംഗം കൂടിയേതീരൂ എന്ന് തീരുമാനിക്കുകയാണ് ദേവ്. കവിയും പൊതുപ്രവർത്തകനുമായ കെടാമംഗലം പപ്പുക്കുട്ടി, രാമദാസ് എന്നിവരാണ് സഹപ്രർത്തകർ. ജാതിക്കെതിരായ പ്രവർത്തനം നടത്തുന്ന രാമദാസ് കേശവദേവിന് ആദ്യമായി ഒരു വേദിയൊരുക്കുകയാണ്. സഹോദരനയ്യപ്പന്റെ ജന്മനാടായ ചെറായിയിലാണ് യോഗം. ചുവപ്പ് നിറമുള്ള കുപ്പായം തുന്നിച്ച് അത് ധരിച്ചാണ് കേശവദേവ് ചെറായിയിലെ യോഗത്തിൽ പ്രസംഗിക്കാൻ പോയത്. റഷ്യയെക്കുറിച്ചും സാർചക്രവർത്തിമാരുടെ ഭരണം തൂത്തെറിഞ്ഞ് സായുധവിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിച്ചതിനെക്കുറിച്ചുമാണ് പ്രസംഗം. ഇതിനിടയിൽ കഥയുടെ ലോകത്തേക്കും പ്രവേശിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കോളത്തിന് ആറണ പ്രതിഫലത്തിൽ എഴുത്ത്.
ബാരിസ്റ്റർ എ കെ പിള്ള ലണ്ടനിൽനിന്നുകൊണ്ടുവന്ന പുസ്തകങ്ങൾ, തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽനിന്ന് കിട്ടിയ പുസ്തകങ്ങൾ. അതെല്ലാം ഹൃദിസ്ഥമാക്കി, റഷ്യയെകുറിച്ചും സോഷ്യലിസത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമുള്ള പ്രസംഗങ്ങൾ. മലബാറിലോ കൊച്ചിയിലോ തിരുവിതാംകൂറിലോ മുമ്പ് അത്തരം പ്രസംഗങ്ങൾ നടന്നതായി അറിവില്ല. സ്വദേശാഭിമാനിയുടെ കാൾമാർക്സ് എന്ന ലഘുഗ്രന്ഥവും സാമ്യവാദത്തെക്കുറിച്ചുള്ള ഏതാനും ലേഖനങ്ങളും സഹോദരനയ്യപ്പന്റെ സഖാക്കളെ എന്ന് അഭിസംബോധനചെയ്യുന്ന കവിതയുമൊക്കെയേ അന്ന് വന്നുകഴിഞ്ഞിരുന്നുള്ളൂ. കേശവദേവിന്റെ തീ തുപ്പുന്ന പ്രസംഗങ്ങൾക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യുവാക്കൾ പലേടത്തേക്കും വിളിച്ചു. വൈക്കത്തിനും ആലുവയ്‌ക്കുമിടയിലാണ് കൂടുതലും പരിപാടി. കൊങ്ങേർപള്ളി എന്ന സ്ഥലത്ത് പ്രസംഗിക്കുമ്പോൾ ദേവ് പുതിയൊരു ശൈലി സ്വീകരിച്ചു. നാലപ്പാടൻ ‘പാവങ്ങളു’ടെ തർജമ പൂർത്തിയാക്കി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ കാലമാണ്. പാവങ്ങളിൽ തുടങ്ങി ന്യൂട്ട് ഹാംസന്റെ വിശപ്പും മാക്സിംഗോർക്കിയുടെ അമ്മയും മറ്റ് കഥകളുമൊക്കെ ചേർത്ത് സോഷ്യലിസത്തിന്റെ അനിവാര്യത, ഭരണകൂടത്തെ ബലംപ്രയോഗിച്ച് മറിച്ചിട്ട് അവിടെ തൊഴിലാളികളുടെ ഭരണകൂടം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയുള്ള പ്രസംഗം.
ഇങ്ങനെ വിപ്ലവപ്രസംഗത്തിലൂടെ പ്രസിദ്ധനാകാൻ തുടങ്ങിയപ്പോഴാണ് ആലപ്പുഴയിൽനിന്ന് ക്ഷണം വരുന്നത്. ട്രാവൻകൂർ ലേബർ അസോസിയേഷന്റെ ക്ഷണമാണ്. അവരുടെ സമ്മേളനത്തിൽ പ്രസംഗിക്കണം. സമ്മതമറിയിച്ച് കാർഡയച്ചു. നോട്ടീസും പത്തുരൂപ മണിഓർഡറും മടക്കതപാലിൽ ലഭിച്ചു. ലേബർ അസോസിയേഷൻ വർഗപരമായ ഉള്ളടക്കം ആർജിച്ചുകഴിഞ്ഞിരുന്നില്ല ആ ഘട്ടത്തിൽ. പൊതുയോഗത്തിലെ അധ്യക്ഷൻ ബൈബിൾ പണ്ഡിതനായ കെ കെ കുരുവിള എംഎബിടിയാണ്. അധ്യക്ഷപ്രസംഗത്തിൽ കുരുവിള ആഹ്വാനംചെയ്തത് മദ്യപിക്കരുത്, മിതവ്യയം ശീലിക്കണം എന്നിങ്ങനെ സാരോപദേശങ്ങളാണ്. തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സ്പർശിച്ചതേയില്ല. മുതലാളിമാരില്ലെങ്കിൽ തൊഴിലാളികളില്ല, ദൈവഭക്തിയോടൊപ്പം മുതലാളിയെ ബഹുമാനിക്കണമെന്നും കുരുവിള പ്രസംഗിച്ചു. എന്നാൽ ഉദ്ഘാടകനായ കേശവദേവ് സഖാക്കളേ എന്നാണ് സദസ്യരെ അഭിസംബോധനചെയ്തത്. തുടർന്ന് സഖാക്കൾ എന്നാലെന്താണെന്ന വിശദീകരണം. മനുഷ്യസമത്വത്തിനുവേണ്ടി പൊരുതേണ്ടവരാണ് നമ്മൾ എന്നും ഇത് വിപ്ലവങ്ങളുടെ കാലമാണെന്നും അങ്ങ് റഷ്യയിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഭരണംവന്നുവെന്നുമുള്ള പ്രസംഗം. തൊഴിലാളികളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് മുതലാളിത്തതന്ത്രമാണെന്നും അതിൽ വീഴരുതെന്നും തൊഴിലാളികൾ ഒരു വർഗമാണെന്നുമുള്ള പ്രസംഗം. തൊഴിലാളികൾ ആവേശഭരിതരായി കയ്യടിക്കുകയും മുൻപന്തിയിൽ ഇരിപ്പുറപ്പിച്ചിരുന്ന മുതലാളിമാരായ ചിലർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ യോഗം പിരിച്ചുവിട്ടതോടെ ബോട്ടുജെട്ടിയിലേക്ക് കേശവദേവിനെ യാത്രയയക്കാൻ നിരവധി തൊഴിലാളികൾ പിന്തുടർന്നു.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആലപ്പുഴയിലെതന്നെ ക്ലാപ്പനയിലേക്ക് ക്ഷണം. തിരുവിതാംകൂർ നാവികതൊഴിലാളി സംഘം വാർഷികത്തിൽ പ്രസംഗിക്കണം. നായർ സർവീസ് സൊസൈറ്റിയുടെ നേതാവായ എം എൻ നായരാണ് അധ്യക്ഷൻ. എം കെ രാമൻ സ്വാഗതവും. ആയിടെയാണ് സർ സി പി പിൻവാതിലിലൂടെ തിരുവിതാംകൂർ ഭരണത്തിന്റെ സിരാസ്ഥാനത്തെത്തുന്നത്. ചക്രവർത്തിനിയുടെ പ്രധാന ഉപദേഷ്ടാവായി എല്ലാം നിയന്ത്രിക്കാൻ തുടങ്ങുകയാണയാൾ. എൻഎസ്എസ് നേതൃത്വത്തിൽ സർ സി പിയുടെ പ്രധാന അടുപ്പക്കാർ. നിവർത്തനപ്രക്ഷോഭം ആരംഭിച്ച സന്ദർഭമാണ്. എം എൻ നായരെന്ന എൻഎസ്എസ് നേതാവ് അധ്യക്ഷപ്രസംഗത്തിൽ സർ സി പിയെ വാനോളം പുകഴ്ത്തി. വള്ളത്തൊഴിലാളികളുടെ പ്രയാസങ്ങൾ സർ സി പിയെ താൻ അറിയിക്കാമെന്ന സൗജന്യവും. പിന്നെ പ്രമേയങ്ങൾകൂടി പാസാക്കിയശേഷമാണ് കേശവദേവിനെ ഉദ്ഘാടനത്തിന് വിളിക്കുന്നത്. സദസ്യർ മടുത്തുകഴിഞ്ഞിരുന്നു. കേശവദേവ് റാസ്പുട്ടിന്റെ കഥയോടെയാണ് പ്രസംഗം തുടങ്ങിയത്. റഷ്യയിൽ ഒരു റാസ്പുടിൻ ഉണ്ടായിരുന്നു. പുരോഹിതനായിരുന്നു. അയാൾ ചക്രവർത്തിനിയിലൂടെ ചക്രവർത്തിയിൽ സ്വാധീനമുറപ്പിച്ച് റഷ്യൻ ഭരണം നിയന്ത്രിക്കാൻ തുടങ്ങി. എന്നെല്ലാം വിശദീകരിച്ചശേഷം തിരുവിതാംകൂറിലുമുണ്ട് ഒരു റാസ്പുടിൻ. പേര് സർ. സി പി രാമസ്വാമി അയ്യർ.
ഇത് പറഞ്ഞതും അധ്യക്ഷനായ എം എൻ നായർ എന്ത് താന്തോന്നിത്തമാണ് പറയുന്നതെന്ന ആക്ഷേപവാക്കുകളോടെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അപ്പോഴേക്കും സ്വാഗതപ്രസംഗകനും സംഘം സെക്രട്ടറിയുമായ രാമൻ മുമ്പോട്ടുവന്ന് യോഗം അവസാനിച്ചതായി അറിയിച്ചു. എന്നാൽ ഇതോടെ പുതിയ പൊതുയോഗം ആരംഭിക്കുകയാണ്, കേശവദേവ് പ്രസംഗിക്കും എന്നും രാമൻ പറഞ്ഞു. അതോടെ തൊഴിലാളിവർഗ വിപ്ലവത്തെക്കുറിച്ചും മതവും ജാതിയും ജനങ്ങളുടെ ഐക്യം തകർക്കുന്നതിനെക്കുറിച്ചും വർഗബോധമാണ് പ്രധാനമെന്നുമുളള പ്രസംഗത്തിന്റെ പ്രവാഹം. മാർക്സും എംഗൽസും ലെനിനും അങ്ങനെയങ്ങനെ‐ ഭൂരിഭാഗം പേരും ആ പേരുകൾ തന്നെ ആദ്യം കേൾക്കുകയായിരുന്നു. ആലപ്പുഴയിലെ തൊഴിലാളികളുടെയിടയിൽ വർഗബോധത്തിന്റെ കനലുകൾ തെളിയുകയായിരുന്നു ലേബർ അസോസിയേഷനിലെയും നാവികത്തൊഴിലാളി സംഘത്തിന്റെയും സമ്മേളനത്തിലെ പ്രസംഗങ്ങളിലൂടെ. നാവികതൊഴിലാളി സമ്മേളനത്തിലെ പ്രസംഗം മുഴുവൻ രഹസ്യപൊലീസ് പകർത്തിയെടുക്കുന്നുണ്ടായിരുന്നു. അതിന്റെ തുടർനടപടികളായി പിന്നെ. l
(തുടരും)