വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77

പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ചങ്ങമ്പുഴ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. സാഹിത്യചിന്തകള്‍ എന്ന പേരിലുള്ള പുസ്തകം ആ പ്രസംഗമാണ്. അതില്‍ ഒരുഭാഗത്ത് ചങ്ങമ്പുഴ പറഞ്ഞു, ‘പുരോഗമനസാഹിത്യം കമ്മ്യൂണിസ്റ്റ്കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനാഭാസമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിനെ ഈ പ്രസ്ഥാനക്കാരില്‍ ചിലര്‍ ആവേശപൂര്‍വം എതിര്‍ക്കുന്നതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയാണ് ഈ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒന്നാമത്തെ കുഴപ്പം. കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാന്‍ തന്നെയാണ് പുരോഗമനസാഹിത്യം എന്നുവിചാരിക്കുക: അതുകൊണ്ടെന്താണ് ദോഷം, എന്താണതിനൊരു കുറവ്? നിങ്ങള്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറയുക, അതേ പുരോഗമനസാഹിത്യം കമ്മ്യൂണിസസിദ്ധാന്തങ്ങളുടെ കളരിയാണ് എന്ന്.. അഭിമാനപൂര്‍വം നിങ്ങള്‍ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്നസാഹിത്യത്തെ ആശ്ലേഷിക്കുക, ആശിര്‍വദിക്കുക! കമ്മ്യൂണിസമെന്ന് കേള്‍ക്കുമ്പോള്‍ ചുകപ്പുകണ്ട നാടന്‍കാളകളെപ്പോലെ ആരുമങ്ങനെ വെകിളി പിടിക്കേണ്ടതായിട്ടില്ല. മാനവസമുദായത്തിന്‍റെ നന്മക്കും ഉല്‍ക്കര്‍ഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്ത്രത്തിന്മേല്‍ അധിഷ്ഠിതവും വിശ്വസമാധാനത്തിനും വിശ്വസാഹോദര്യത്തിനും വഴിതെളിക്കുന്ന ആരോഗ്യപൂര്‍ണമായ ഒരു നൂതനസാമൂഹ്യഘടനയുടെ വിജയകരമായ സാധ്യതയിലുള്ള വിശ്വാസത്താല്‍ ഉദ്ദീപ്തമായ ഒരു തത്ത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറച്ച ആത്മാര്‍ഥതയോടും അഭികാമ്യമായ ത്യാഗബുദ്ധിയോടുംകൂടി വീറോടെ പ്രവര്‍ത്തിക്കുന്ന ഒരു മഹാസംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതിന്‍റെ ഏകലക്ഷ്യം ഇതാണ്- മനുഷ്യന്‍റെ നന്മ! ആ നിലയില്‍ അതിന്‍റെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം നല്‍കുവനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നുവെങ്കില്‍ അതിലിത്ര പരിഭ്രമിക്കുവാനെന്തുണ്ട്? പഴിയ്ക്കാനും പതിത്വം കല്പിക്കാനും എന്തുണ്ട്?
അതിവൈകാരികതയുള്ളയാളായിരുന്നു ചങ്ങമ്പുഴയെന്നും അദ്ദേഹത്തിന് ഒരു തത്വശാസ്ത്രമില്ലെന്നുമെല്ലാം ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപപ്പെടുന്നതിനു മുമ്പേതന്നെ കമ്മ്യൂണിസ്റ്റാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ ചങ്ങമ്പുഴ ചിലപ്പോള്‍ തൊട്ടാല്‍വാടിപ്രകൃതം പ്രകടിപ്പിച്ചിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോട് ചെറിയൊരിടവേളയില്‍ എതിര്‍പ്പിലായിരുന്നു ചങ്ങമ്പുഴ. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ത്തന്നെ അതിന്‍റെ കാരണങ്ങളില്‍ചിലതുണ്ട്. വള്ളത്തോള്‍സ്കൂളുമായുള്ള പ്രശ്നം അതില്‍ പ്രധാനമാണ്. വള്ളത്തോളിന്‍റെ കവിതകളെ ചങ്ങമ്പുഴ പലപ്പോഴും ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടുണ്ട്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ പ്രധാനനേതാക്കള്‍ വള്ളത്തോളുമായി ബന്ധപ്പെട്ടവരായിരുന്നു. വള്ളത്തോളിന്‍റെ മകന്‍ സി.അച്യുതകുറുപ്പ് സംഘടനയുടെ കാര്യദര്‍ശി. കലാമണ്ഡലം സ്ഥാപിക്കാന്‍ വള്ളത്തോളിനോടൊപ്പം പ്രവര്‍ത്തിച്ച മുകുന്ദരാജയുടെ മകനായ എം.എസ്.ദേവദാസ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ പ്രധാനവക്താവും ദേശാഭിമാനിയുടെ പത്രാധിപരും. വള്ളത്തോളിന്‍റെ ജാമാതാവായ വി.ടി.ഇന്ദുചൂഢനും പ്രധാനപാര്‍ട്ടി നേതാവും ദേശാഭിമാനി പത്രാധിപരും. ചങ്ങമ്പുഴയും ചങ്ങമ്പുഴയുടെ പ്രോത്സാഹകന്‍കൂടിയായ കേസരി എ ബാലകൃഷ്ണപിള്ളയും വള്ളത്തോളിന്‍റെ ആസ്തിക്യത്തോടും ആര്‍ഷസംസ്കാരപ്രേമത്തോടും കടുത്ത വിപ്രതിപത്തിയുള്ളവര്‍.. ഇതൊക്കെയായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഒരു വിഭാഗീയത അന്നുണ്ടായിരുന്നു. ആശാന്‍-വള്ളത്തോള്‍ പ്രിയവുമായി ബന്ധപ്പെട്ട വിഭാഗീയതയും. വിവിധ സ്കൂളുകള്‍ തമ്മിലുള്ള ശീതയുദ്ധം. അതുമായി ബന്ധപ്പെട്ട് ചങ്ങമ്പുഴക്കെതിരെ നിശിതമായ അധിക്ഷേപങ്ങള്‍തന്നെയുണ്ടായി. തൊഴിലാളിവര്‍ഗത്തിനുവേണ്ടി ശക്തിയുക്തം എഴുതിയ ചങ്ങമ്പുഴയെ എം.എസ്.ദേവദാസ് ഫാസിസത്തിന്‍റെ കവിയെന്നുവരെ ആക്ഷേപിച്ചു. വാഴക്കുലയില്‍ നാട്ടില്‍നടന്നുകൊണ്ടിരിക്കുന്ന ജന്മിത്തവിരുദ്ധ സമരത്തെ കാണാതെ കുടിയാന്‍ അടിമയായിത്തന്നെ വഴങ്ങുന്നതാണ് കാട്ടുന്നതെന്ന് ഇ.എം.എസ്. വിമര്‍ശിച്ചു. തൊട്ടാല്‍വാടി പ്രകൃതമുള്ള കവി തിരിച്ച് ക്ഷോഭിക്കുന്ന സ്ഥിതിയുണ്ടായി. ചങ്ങമ്പുഴ എന്ന കവിയുടെ സവിശേഷത മനസ്സിലാക്കാതെയുള്ള വിമര്‍ശമായിരുന്നു പലതും. കവി തികച്ചും അരാജത്വത്തോളമെത്തുന്ന നിലയിലായി കുറേക്കാലം. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് തന്നെത്തന്നെയും മറ്റെല്ലാവരെയും നിശിതമായി ആക്ഷേപിക്കുന്ന ദാദായിസ്റ്റ് കാവ്യമായ ‘പാടുന്നപിശാച്’ എഴുതിയത്. താന്‍ ഗന്ധര്‍വനല്ല, പിശാചാണ് കടിച്ചുകീറുമെന്നൊക്കെ പറയുന്ന ആ കാവ്യം പുസ്തകമായി പുറത്തുവന്നത് കവി മരിച്ച് ഒരുകൊല്ലംകഴിഞ്ഞുമാത്രമാണ്. കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം ചുമ്മാപറഞ്ഞുനടന്നാല്‍ മതിയെന്നടക്കം ആക്ഷേപങ്ങളുണ്ടായി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇ.എം.എസ്. ഉള്‍പ്പെടെയുള്ളവര്‍ ചങ്ങമ്പുഴക്കെതിരെ വിമര്‍ശമുയര്‍ത്തിയ നാല്പതുകളിലെ നിലപാടുകളെ സ്വയംവിമര്‍ശനപരമായി സമീപിക്കുന്നുണ്ട്. ഇരുപുറത്തും തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുമുണ്ട്. പുരോഗമനസാഹിത്യപ്രസ്ഥാനം തകരുന്നതിനിടയാക്കിയ തര്‍ക്കങ്ങളില്‍ അന്നത്തെ പാര്‍ട്ടിക്ക് തെറ്റുപറ്റിയത് രാഷ്ട്രീയമായ കാര്യങ്ങളില്‍ക്കൂടിയാണെന്ന് പിന്നീട് വ്യക്തമായതും ഭംഗ്യന്തരേണ സമ്മതിച്ചതുമാണ്. സെക്റ്റേറിയന്‍ സമീപനമുണ്ടായെന്നതുതന്നെ.
അതെന്തായാലും ചങ്ങമ്പുഴ ഇടക്കാലത്തെ വ്യതിയാനത്തെ അതിവേഗം അതിജീവിക്കുന്നുണ്ട്. ആര്‍ഷസംസ്കാരത്തിന്‍റെയും ആധ്യാത്മികതയുടെയം നീരാളിപ്പിടുത്തത്തില്‍നിന്നും രക്ഷനേടാന്‍ കഴിയാത്തതാണ് ഇന്ത്യന്‍ ജനതയുടെ പ്രതിസന്ധിക്കു കാരണമെന്ന് ചങ്ങമ്പുഴ വ്യക്തമാക്കി. സര്‍വാംഗീകൃത കവികളില്‍ ചെറിയൊരു വിഭാഗം അക്കാലത്തേ പുരോഗമനപക്ഷത്തോട് ആഭിമുഖ്യം കാണിച്ചെങ്കിലും ആധ്യാത്മികത്വത്തോട് കണക്കുതീര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ചങ്ങമ്പുഴയാകട്ടെ തന്‍റെ ഹ്രസ്വമായ കവനകാലഘട്ടത്തിലുടനീളം ആധ്യാത്മികതയുടെ കഴല്‍കെട്ടല്‍ പ്രവണതക്കെതിരെ ആഞ്ഞടിച്ചു. വാസ്തവത്തില്‍ കേസരി പറഞ്ഞ ഫ്യൂച്ചറിസ്റ്റ് പഴമകൊല്ലിപ്രസ്ഥാനത്തിന്‍റെ പ്രയോഗമാണ് ചങ്ങമ്പുഴ നടത്തിയത്. മലയാളസാഹിത്യചരിത്രത്തില്‍ ഇന്നേവരെ ഇത്രയും പ്രസിദ്ധനായ ഉശിരനായ കാവിവിരുദ്ധനെ കണ്ടെത്താനാവില്ല.
കല്ലാകുമീശന്നു വസിക്കുവാന്‍
നാമിന്നാള്‍വരേക്കമ്പലമെത്രതീര്‍ത്തു
മതത്തിനായി ക്ഷിതിയിങ്കലെത്ര
ചൊരിഞ്ഞുനാം നിര്‍മലജീവരക്തം
നിരര്‍ഥകൃത്യങ്ങളൊരിക്കലും നാ-
മിമ്മട്ടുചെയ്യുന്നത് യുക്തമല്ല!
നിസ്തുലരാകും നരര്‍ നമ്മള്‍ കഷ്ടം
നിര്‍ലജ്ജമാ വാനരരാവുകെന്നോ!
എന്ന് കവി വായനാക്കാരോട് ചോദിക്കുന്നു. നീറുന്ന തീച്ചൂളയില്‍ ഉള്‍പ്പെടുത്തിയ കവിതകള്‍ മിക്കതും കാവിവിരുദ്ധമാണ്. മതമാമൂല്‍ പൊട്ടിച്ച കീഴാളരുടെ പാട്ടാണ് ഞങ്ങള്‍ എന്ന കവിത. നവജീവന്‍ നവജീവന്‍, അതിന്മണിമുഴക്കത്തില്‍ നടുങ്ങട്ടേ നരച്ചോരാ നീതിശാസ്ത്രങ്ങള്‍ എന്നുദ്ഘോഷിക്കുന്ന ആ കവിതയില്‍
‘ വര്‍ണാശ്രമവിധിനിന്നു വളം
തിന്നു തഴച്ചൊരീ പര്‍ണശാല പെറ്റ
മണ്ണു വരണ്ടുപോയി
ഒരു പുത്തന്‍ കലപ്പയാലുഴുതിതു മറിച്ചിട്ടി-
ന്നൊരുമതന്‍ വിത്തുവാരി വിതയ്ക്കും ഞങ്ങള്‍…
………………………………………….
വാളെടുക്കാന്‍ വിലക്കുന്ന, വായപൊത്താന്‍ വിളിക്കുന്ന
താളിയോല മുഴുവനും ചിതലുതിന്നു
നാദബ്രഹ്മപ്പൊത്തിനുള്ളിലാരുമേതുമറിയാതെ
വേദമിട്ട മുട്ടയെല്ലാം ഞെരിഞ്ഞുടഞ്ഞു
……………………..
പാരത്രികസൗഭാഗ്യത്തിന്‍
കാവല്‍നായ്ക്കളാകുവാനോ
പാരിതിങ്കല്‍ മനുഷ്യരായണഞ്ഞു ഞങ്ങള്‍’ എന്നാണ് ചോദിക്കുന്നത്.
മാമൂലിനെ എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും പ്രത്യാക്രമണവുമാണ് ഗളഹസ്തം എന്ന കവിതയിലെ വരികളപ്പാടെ.
‘ വളരെയിനിപ്പറയല്ലേ, ചുടുകൊന്നു നിങ്ങള്‍തന്‍
വഴിവക്കിലെയിപ്പീറ പക്ഷിശാസ്ത്രം
ഒരു മത്തുപിടിപെട്ടു മതികെട്ടു,
നിങ്ങള്‍ക്കിനി മഴമാത്രം സ്മൃതിസൂത്രശ്വാനമൂത്രം’ എന്ന് പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങളെ കുത്തിനോവിക്കുകയാണ്. അതുകൊണ്ടും മതിവരാതെ
‘ മനമൊന്നുണ്ടെങ്കിലതിനോട് ചോദിക്കൂ
മരവുരിക്കാര്‍ നിങ്ങള്‍ മനുഷ്യരാണോ
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരക്കുന്നോ രാമരാജ്യം
യന്ത്രത്തോക്കലറുമ്പോളാറ്റംബോബെറിയുമ്പോള്‍
മന്ത്രങ്ങള്‍ വിളിക്കുന്നോ മണികിലുക്കാന്‍
പറയുമതു നേടിടാം പലതുമെന്നദ്വൈതം
പറയും- അതുപക്ഷേ പതിരുമാത്രം
അതുനേടിയതാണല്ലോ നമ്മള്‍ക്കീ പട്ടിണിയും
ഗതികേടും- മതിയാക്കുക വീരവാദം’
എന്നുമാത്രമല്ല , കാവിയുടെ തത്വശാസ്ത്രം ചൂഷണവ്യവസ്ഥിതി അരക്കിട്ടുറപ്പിക്കാന്‍ ചൂഷകരുടെ കയ്യിലെ പ്രധാന ആയുധമാണെന്ന് പ്രഖ്യാപിക്കുന്നു.
‘ ബിരിയാണി മറിയുന്ന വയറേവം പറയുന്നു
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ
അഹമെന്നൊന്നില്ലൊക്കെ ത്വര മാത്രം
എരിയുന്ന വയറതുകേട്ടലറുന്നു
തീയിലേക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം..
ചത്തുചീഞ്ഞളിയുന്ന മാംസങ്ങള്‍ പട്ടിണിയില്‍
തത്ത്വമസിക്കുണ്ടുപോല്‍ സെന്‍റുകുപ്പി!
ആ കാലഘട്ടത്തിലെ മറ്റു കവികളില്‍ മിക്കവരും പുരാണേതിഹാസങ്ങളുടെ ഉപാഖ്യാനങ്ങളുണ്ടാക്കുകയും പഴയ സംസ്കൃതകൃതികള്‍ വിവര്‍ത്തനംചെയ്യുകയും പതിവാക്കിയപ്പോള്‍ ചങ്ങമ്പുഴ വഴിമാറിനടന്നു. ഭൗതികവാദത്തിന് മണ്ണൊരുക്കുകയും തൊഴിലാളിവര്‍ഗബോധം സൃഷ്ടിക്കുകയും അങ്ങനെ കമ്മ്യൂണിസ്റ്റ് ആശയത്തിന് വളരാന്‍ അന്തരീക്ഷമുണ്ടാക്കുകയുമാണ് കവി ചെയ്തത്. വാസ്തവത്തില്‍ മലയാളത്തില്‍ പുതുമയുടെ കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണല്ലോ രമണനടക്കമുള്ള കൃതികളിലൂടെ അദ്ദേഹം ചെയ്തത്. അത് ഏകമുഖമല്ല, ബഹുശാഖിയാണ്. പുതുമയുടെ കാലാവസ്ഥ സൃഷ്ടിക്കുകയെന്നാല്‍ അടിസ്ഥാനപരമായ വിപ്ലവപ്രവര്‍ത്തനമാണ്. അത് അന്ന് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും.
ചുട്ടെരിക്കിന്‍ എന്ന കവിത നോക്കുക-
‘ ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെപ്പൊടി-
കെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി ചികയുന്നോ-
ചിരിവരും-ചിലതിനിയുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയൂ വേഗം’ എന്നും
ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം
ഇതുവരെ ഹോ നമ്മെ വഴിതെറ്റിച്ചഴല്‍-
മുറ്റിച്ചിവിടംവരെയെത്തിച്ചു കാവിവസ്ത്രം
ഇനിയുമതിന്‍ പിറകെയോ? തിരിയുവിന്‍ തിരിയുവിന്‍
തുനിയല്ലേ നിഴലുകളെ പിന്തുടരാന്‍’ എന്നും ആഹ്വാനംചെയ്യുകയാണ് കവി.
ചുടുവിന്‍ നമുക്കുള്ളതല്ലൊരുനാളുമക്കൊടിയ
ധനലാഭത്തിന്‍ രാമരാജ്യം
ഉണ്ണാനില്ലൊരുനേരമുടുക്കാനില്ലാ പ്രാണദണ്ഡത്തില്‍
കരളെരിയും വറുതിയിലും
സന്ന്യാസപ്പേച്ചും വേദാന്തക്കൂത്തും
എന്തന്യായം ചുടുകൊന്നീയാര്‍ഷതത്വം എന്നും മുദ്രാവാക്യംപോലെ ചങ്ങമ്പുഴ എഴുതി- 1946-ലാണ് ചുട്ടെരിക്കിന്‍ എഴുതിയത്.
ഇത്തരത്തില്‍ നിരവധി നിരവധി ഫ്യൂച്ചറിസ്റ്റ് പഴമകൊല്ലിക്കവിതകള്‍ ചങ്ങമ്പുഴയുടേതായുണ്ട്. ഈ കവിതകള്‍ അക്കാലത്ത് മലയാളികള്‍ പാടിനടന്നു. ഉല്പതിഷ്ണുത്വം വളര്‍ത്താന്‍ അതൊരായുധമായിരുന്നു.
സ്ഥാനംനേടേണ്ടെ എന്ന കവിതയിലെ ചില വരികള്‍ നോക്കുക-
‘ നാമം ജപിക്കയാണിന്നലെയിന്നലെ
നാളെയെന്നൊന്നിതിനില്ലയെന്നോ
നാണിച്ചുപോകുന്നു, പോകണംപോലും ഹാ
നാമെല്ലാം വീണ്ടും ശിലായുഗത്തില്‍
കുഷ്ഠംപിടിച്ച സമുദായമാണിന്നു
പട്ടും പുതച്ചു ഞെളിഞ്ഞിരിപ്പൂ!
നിസ്ത്രപമിന്നവള്‍ മിഥ്യാഭിമാനത്തിന്‍
കസ്തൂരി പൂശിയിട്ടെന്തുകാര്യം!’
സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന പ്രസിദ്ധമായ സമാഹാരത്തിലെ പ്രശസ്തമായ കവിതയാണ് ഭാവത്രയം. ‘ വിത്തനാഥന്‍റെ ബേബിക്ക് പാലും നിര്‍ദനച്ചെറുക്കനുമിനീരും ഈശ്വരേഛയല്ലാകിലമ്മട്ടുള്ളീശ്വരനെ ചവിട്ടുക നമ്മള്‍’ എന്ന ഭാവത്രയത്തിലെ വരികള്‍ സൃഷ്ടിച്ച സ്ഫോടനാത്മകമായ വിചാരവും വികാരവും ഒരിക്കലും വിസ്മരിക്കാനാവില്ല. അത്ര ധീരമായി കവിതയെന്നല്ല, രാഷ്ട്രീയംപോലും പറയാന്‍ ആർക്കാണെന്നു കഴിയുകയെന്നാലോചിച്ചുനോക്കുക.
ഭാവത്രയത്തില്‍ അന്ന്, ഇന്ന്, ഇനി എന്നിങ്ങനെ മൂന്നുഖണ്ഡങ്ങളാണുള്ളത്. പിന്നെ പലദിവസങ്ങളിലായി കുത്തിക്കുറിച്ച ചില വരികളും. 1944 സെപ്റ്റംബറിലാണ് അതിലെ ഇനി എന്ന ഭാഗം എഴുതിയത്. പഴയ സുവര്‍ണകാലത്തെ കാവ്യപാരമ്പര്യത്തെയെല്ലാം വാഴ്ത്തുന്ന ഇന്നലെ, വിശപ്പിനാല്‍ കഷ്ടപ്പെടുന്ന ഇന്ന്, ഇനി അങ്ങനെ കഷ്ടപ്പെടുകയല്ല, പൊരുതി നേടുകയാണ് വേണ്ടെന്നാഹ്വാനംചെയ്യുന്ന ഭാഗം… രണ്ടാം ലോകയുദ്ധാനന്തരം നാട്ടില്‍ പട്ടിണി രൂക്ഷമായ സമയത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നെല്ലെടുപ്പുസമരവും പൂഴ്ത്തിവെപ്പിനെതിരായ സമരവും പ്രഖ്യാപിക്കുന്നത്. അതിന് രണ്ടുവര്‍ഷത്തോളം മുമ്പുതന്നെ അത്തരമൊരു സമരത്തിലേക്ക് സഖാക്കളെ ആഹ്വാനംചെയ്യുന്ന കവിതയാണ് ഭാവത്രയത്തിലെ ഇനി എന്ന ഖണ്ഡം. ആ ഖണ്ഡത്തിലാണ് വിത്തനാഥന്‍റെ ബേബിക്ക് പാലും എന്ന ഭാഗം.
അഗ്നിയുടെ അട്ടഹാസം എന്ന് പേരിട്ട ആ ഭാഗത്ത് കവി എഴുതുന്നു-
‘ ഉണ്ടുനെല്ലും പണവുമെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ നിങ്ങള്‍/
ഇല്ലയെന്നുപറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മള്‍
ഇല്ലയെന്നുള്ള ദീനവിലാപം
വല്ല ദിക്കിലും കേള്‍ക്കുന്ന പക്ഷം
ഉണ്ടധികമെന്നടിച്ചാര്‍ക്കും
ചെണ്ടമേളമൊന്നന്യത്ര കേള്‍ക്കാം
അങ്ങുചെല്ലുവിന്‍ നിങ്ങള്‍ക്കുവേണ്ട-
തങ്ങഖിലം സമൃദ്ധിയായിക്കാണും
വാതില്‍ കൊട്ടിയടയ്ക്കുകില്‍ നിങ്ങള്‍
വാളെടുത്തുവെട്ടിപ്പൊളിക്കിന്‍!
കുന്നുകൂടിക്കിടക്കുമാവിത്ത-
മൊന്നുപോല്‍ നിങ്ങള്‍ വീതിച്ചെടുക്കിന്‍
മത്സരം മതി തുല്യാവകാശം
മര്‍ത്ത്യരെല്ലാര്‍ക്കുമുണ്ടിജ്ജഗത്തില്‍
……………………………………..
വിപ്ലവത്തിന്‍റെ വെണ്‍മഴുവാ,ലാ-
വിത്തഗര്‍വ വഷദ്രുമംവെട്ടി,
സല്‍സമത്വസനാതനോദ്യാനം
സജ്ജമാക്കാന്‍ നമുക്കുദ്യമിക്കാം
ഒക്കുകില്ലീയലസത മേലില്‍
ഒത്തുചേരൂ സഖാക്കളേ മേലില്‍’
1937-ല്‍ എഴുതിയ ‘വാഴക്കുല’യില്‍ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ എന്ന് പറഞ്ഞ് പിന്‍വലിക്കുന്ന കവി നാല്പതുകളിലാകുമ്പോള്‍ പ്രത്യക്ഷമായ വിപ്ലവസമരത്തിനുള്ള ആഹ്വാനമാണ് തുടര്‍ച്ചയായി മുഴക്കുന്നത്. എന്‍റെ ഗുരുനാഥന്‍ എന്ന കവിതയില്‍ കര്‍ഷകനെയാണ് ഗുരുനാഥനായി വരിക്കുന്നത്.
നുകവും തോളത്തേന്തിക്കാളയ്ക്കുപിന്‍പേ പോകും
സുകൃതസ്വരൂപമേ നിന്നെ ഞാന്‍ നമിക്കുന്നൂ
പൊരിവെയിലിലീ നിന്‍റെയുഗ്രമാം തപസ്സല്ലേ
നിറയെക്കതിര്‍ക്കുല ചൂടിപ്പൂ നെല്പാടത്തെ’ എന്നാണ് ഗുരുനാഥനായ കര്‍ഷകനെ വാഴ്ത്തുന്നത്.
സാഹിതിയത്തിലെ ക്ലാസിക്കല്‍ ആരാധകര്‍ക്കെതിരും യുദ്ധപ്രഖ്യാപനംനനടത്തുന്ന ഒട്ടേറെ കവിതകളുണ്ട്. അതേക്കുറിച്ചിവിടെ കടക്കുന്നില്ല.
ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതാനുഭവത്തില്‍നിന്നാണ് കവിതക്കുള്ള കരുക്കള്‍ കണ്ടെത്തിയത്. പട്ടിണിയും പട്ടിണിക്കാരോടുള്ള പരിഹാസവും തിരസ്കാരവും കവി വായിച്ചറിഞ്ഞതല്ല അനുഭവിച്ചതാണ്. തൊഴിലാളിയുടെ ജീവിതത്തെക്കുറിച്ചും കണ്ടറിഞ്ഞതല്ല, കുറച്ചുകാലം ഒരു കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിന്‍റെ കാലത്ത് 1942-ലാണ് ചങ്ങമ്പുഴ പട്ടാളത്തില്‍ ചേര്‍ന്നത്. യുദ്ധം കഴിഞ്ഞതോടെ പിരിയുകയും. സോവിയറ്റ് യൂനിയന്‍ സഖ്യശക്തികളുടെ ഭാഗമായി നാസിസത്തിനും ഫാസിസത്തിനുമെതിരായ യുദ്ധം നയിക്കാന്‍ തുടങ്ങിയപ്പോഴാണ് പട്ടാളത്തില്‍ ചേര്‍ന്നത്. ഈ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പട്ടാളത്തില്‍ ചേര്‍ന്നത് പാര്‍ട്ടിനിര്‍ദേശത്തെ തുടര്‍ന്നാണ്. ചങ്ങമ്പുഴ ആ ആഹ്വാനപ്രകാരമാണോ പട്ടാളത്തില്‍ ചേര്‍ന്നതെന്ന് വ്യക്തമല്ല എന്നാല്‍ യാദൃഛികമെങ്കിലും അതിലും ഒരു സാംഗത്യം കാണാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ ജനകീയവിപ്ലവകവി, മാര്‍ക്സിസ്റ്റാശയപ്രചാരകനായ മഹാകവി മറ്റാരുമല്ല, ചങ്ങമ്പുഴയാണ്.