വൈവിധ്യം സൗന്ദര്യമാണ്. നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിലേക്കും മനുഷ്യരിലേക്കും നോക്കിയാൽ വൈവിധ്യത്തിലൂന്നിയ പാരസ്‌പര്യം ദർശിക്കാം‐ ആഴമേറിയ പാരസ്‌പര്യം കലാവിഷ്‌കാരാങ്ങളിലൊക്കെ പ്രകടമാണ്, സജീവ സാന്നിധ്യമാണ്, പ്രത്യേകിച്ച് ചിത്രശിൽപകലകളിൽ. സർഗാത്മകത വിടർത്തുന്ന പ്രകൃതിമുഹൂർത്തങ്ങളും ജീവിതമുഹൂർത്തങ്ങളുമൊക്കെ ച്ചേരുന്ന രചനകൾ സംരക്ഷിക്കുന്നതോടൊപ്പം സൂക്ഷിക്കപ്പെടുകയും ചേയ്യേണ്ടത് കലാകാരരടങ്ങുന്ന പൊതുസമൂഹമാണ്. കലാവിഷ്‌കാരങ്ങളെയും കലാകാരരെയും പരിചയപ്പെടുത്തുന്ന പഠനാർഹമായ പുസ്‌തകങ്ങളുണ്ടാവുക എന്നതാണ് പ്രധാനം. ശാസ്‌ത്ര സാങ്കേതിക സൗകര്യങ്ങളുണ്ടെങ്കിലും പുസ്‌തകങ്ങൾ ഇന്നും അനിവാര്യമാണ്. വിശ്വോത്തര ചിത്ര‐ശിൽപകാരന്മാരുടെ കലയെയും ജീവിതത്തെയും അടുത്തറിയുന്ന നിരവധി ഗ്രന്ഥങ്ങളിലൂടെ അവ അടയാളപ്പെടുത്തേണ്ട കാലം കൂടിയാണ് ഇന്ന്. വിദേശരാജ്യങ്ങളിൽ വിഖ്യാതരായ കലാകാരരുടെ പഠനാർഹമായ കലാഗ്രന്ഥങ്ങൾ നിരവധി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യൻ കലാകാരന്മാരുടെ ജീവിതം പറയുന്ന പുസ്‌തകങ്ങളും നാമമാത്രമെങ്കിലും പുറത്തുവരുന്നുണ്ട്. എന്നാൽ കേരളീയ ചിത്രശിൽപകാരരെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ തീരെ കുറവാണെന്നുതന്നെ പറയേണ്ടിവരും. സാംസ്‌കാരികമായ പിന്നോട്ടുപോക്കിൽനിന്ന് നവമായൊരു മനുഷ്യത്വത്തിലേക്കും മാനവികതാബോധത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യത്തിലേക്കുമുള്ള ഗതിമാറ്റത്തിൽ സാഹിത്യവും ചിത്രകലയും തമ്മിലുള്ള ഇഴചേരലിന് വലിയ പങ്കുവഹിക്കാനുണ്ട്. ചിത്ര‐ശിൽപകലയിൽ ഉൾക്കരുത്തുള്ള കലാവിഷ്‌കാരങ്ങൾ പുറത്തുവരുമ്പോഴും ചിത്രശിൽപകാരരെ അടയാളപ്പെടുത്തുന്ന ഗ്രന്ഥങ്ങൾ ആസ്വാദകരിലേക്ക് എത്തുന്നതിൽ എഴുത്തുകാർക്കുള്ള പങ്കും ചെറുതല്ലെന്നു കാണണം.
കല സത്യവും ശുദ്ധവുമാണെന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് കല ജിവിതസത്യങ്ങളുടെ പ്രകാശനം കൂടിയാണെന്നാണ്. മറ്റൊരർഥത്തിൽ സത്യത്തിന്റെയും ശക്തിയുടെയും അനുകരണങ്ങൾക്കപ്പുറം പ്രപഞ്ചത്തിൽ ക്രിയാത്മകമായ മറ്റൊരു പ്രപഞ്ചം പണിയുകയാണ് കലാകാരർ. അവരിലൊരാളാണ് അന്പതു വർഷത്തിലധികമായി കലാസപര്യയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രകാരൻ ബി ഡി ദത്തൻ. സമകാലിക ചിത്രശിൽപകലയുടെ തുടർച്ച കൂടിയാകുന്നു അദ്ദേഹത്തിന്റെ കല. കലയുടെ സൗന്ദര്യശാസ്‌ത്രചിന്തകളെ അതിജീവിച്ചുകൊണ്ടുള്ള ചിത്ര‐ശിൽപകലയിലെ സഞ്ചാരവഴിയിലെ തന്റെ കലാജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന രണ്ട് ഗ്രന്ഥങ്ങളാണ് ബി ഡി ദത്തനെക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയത്. ആർ വിനോദ്‌കുമാർ, ഡോ. ടി ആർ ജയകുമാരി എന്നിവർ ചേർന്നെഴുതിയ ‘ചിത്രകലയുടെ വർണവസന്തം’, മറ്റൊന്ന് ബി ഡി ദത്തന്റെ വരജീവിതം എന്ന പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ആത്മകഥാംശമുള്ള പുസ്‌തകം. കലാജീവിതത്തിലെ സൗഹൃദമുഹൂർത്തങ്ങളിലെ മറക്കാനാവാത്ത നിമിഷങ്ങൾ സവിശേഷതയാർന്ന ചിത്രരൂപങ്ങളുമായി ചേർത്തുപിടിച്ചുകൊണ്ടാണ് ബി ഡി ദത്തൻ വരച്ചുകാട്ടുന്നത്. മലയാറ്റൂർ രാമകൃഷ്‌ണൻ, ത്രിവിക്രമൻ, എം എ യു മേനോൻ, എഴുമറ്റൂർ, വെളവെള്ളായണി അർജുനൻ തുടങ്ങിയ സൗഹൃദങ്ങളുടെ ആത്മബന്ധം ചോർന്നുപോകാതെ പുസ്‌തകങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്.
നിരവധി ചിത്രപരന്പരകൾ ബി ഡി ദത്തന്റേതായുണ്ട്. അതിലേറെ പ്രധാനപ്പെട്ട ചിത്രപരന്പരയിലൊന്നാണ് ‘കലി’. കറുപ്പുനിറത്തിന്റെ പൂർണതയും അവ പ്രസരിപ്പിക്കുന്ന ശക്തിയും പ്രകടമാക്കുന്നതോടൊപ്പം വെളുപ്പുനിറത്തിലുള്ള കടലാസിൽ കറുപ്പിന്റെ സൗന്ദര്യം നിഴൽ വെളിച്ചമായി പുതിയൊരു കാഴ്‌ചാനുഭവമാണ് നൽകുന്നത്. സമകാലിക വിഷയങ്ങൾ നാം കേൾക്കുകയും വയിക്കുകയുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് ‘കലി’ കൂടുതൽ പ്രസക്തമാകുന്നത്. പ്രണയത്തിനും സ്‌നേഹത്തിനും വാത്സല്യത്തിനും മേൽ ഹിംസ എന്നൊരു ക്രൂരവും ഹൃദയശൂന്യവുമായ അർഥതലമുണ്ടെന്ന് സമകാലിക വിഷയങ്ങൾ നമ്മോട് പറയുമ്പോൾ ബി ഡി ദത്തൻ സാറിന്റെ കലി ആസ്വാദകരോട് സംവദിക്കുന്നതും മറിച്ചല്ല. ഹിംസയുടെ സ്‌ഫോടനാത്മകഭാവം ശിഥിലമാകുന്ന മുഖരൂപങ്ങളിലും ശരീരഭാഷയിലും കാണാം. ഈ ചിത്രപരന്പര വരയ്‌ക്കാനുള്ള മാനസികമായ തയ്യാറെടുപ്പിലേക്കെത്തിച്ച സാഹചര്യങ്ങളും അദ്ദേഹം രണ്ടു പുസ്‌തകങ്ങളിലും വിശദമാക്കുന്നുണ്ട്. കലി ചിത്രപരന്പരയെക്കുറിച്ച് പ്രമുഖരായ എഴുത്തുകാരും കലാകാരരുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും മലയാറ്റൂർ രാമകൃഷ്‌ണൻ കലിയിലെ രേഖകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് അവയുടെ ഉൾക്കരുത്ത് ആവാഹിച്ചവതരിപ്പിച്ചിട്ടുള്ളത്. ചിത്രകലയുടെ വർണവസന്തം എന്ന ഗ്രന്ഥത്തിൽ വിശദമായ കുറിപ്പുകൾ കൊടുത്തിട്ടുമുണ്ട്. പരന്പരാഗത രീതിയിൽനിന്ന് വ്യത്യസ്‌തമായ ഒരു മുന്നേറ്റമായിരുന്നു അസ്വസ്ഥതകളുടെ പ്രതിഫലനങ്ങളാകുന്ന ‘കലി’ പരന്പര. പരിണാമം, അവസ്ഥ തുടങ്ങിയ മറ്റ് ശ്രദ്ധേയ പരന്പരകളും അദ്ദേഹത്തിന്റേതായുണ്ട്.
ഋതുഭേദങ്ങളുടെ രൂപവർണബോധവും രൂപപരിണാമ പ്രക്രിയയുമൊക്കെ ബി ഡി ദത്തന്റെ സവിശേഷതയാർന്ന പരന്പരചിത്രങ്ങളിൽ കാണാം. പരന്പര ചിത്രങ്ങളുടെ പിറവിയും അവയുടെ ആദ്യപ്രദർശനങ്ങളും വിശദമായി പുസ്‌തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.
മലയാറ്റൂർ, സുഗതകുമാരി, കാവാലം, അയ്യപ്പപ്പണിക്കർ, എം വി ദേവൻ തുടങ്ങിയവർ ദത്തന്റെ കലാജീവിതത്തിലെ മനസ്സ് തൊട്ടറിഞ്ഞവരാണെന്ന് അനുഭവങ്ങളിലൂടെ പുസ്‌തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ വയലാർ അവാർഡ് നേടിയ പ്രമുഖരുടെ ഛായാചിത്രങ്ങളും ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാജീവിതത്തിലെ സന്തോഷവും സന്താപവും ഉത്‌കണ്‌ഠയും മുറിവുകളുമൊക്കെ കലാവിഷ്‌കാരങ്ങളിലേക്ക് ആവാഹിച്ചുകൊണ്ടാണ് ആത്മാംശമുള്ള ജീവിതമുഹൂർത്തങ്ങൾ ബി ഡി ദത്തൻ വരജീവിതത്തിൽ വരച്ചിടുന്നത്. കല അടിസ്ഥാനപരമായി യാഥാർഥ്യങ്ങളുടെ ദർശനമാണെന്ന സത്യത്തിലൂന്നിനിന്നാണ് പുസ്‌തകരചയിതാക്കളും പ്രസാധകരും ചിത്രകാരനൊപ്പം സഞ്ചരിക്കുന്നത്. കലയുടെ ജൈവബോധം ഏതു മാധ്യമത്തിലൂടെയും വഴങ്ങുന്ന രൂപമാതൃകളെന്ന ബോധ്യത്തിൽ ജീവിക്കുന്ന ചിത്രകാരനെ ഈ ഗ്രന്ഥങ്ങളിൽ തെളിമയോടെ അവതരിപ്പിച്ചിരിക്കുന്നു. ബി ഡി ദത്തനിലെ കലാകാരനെയും കലയെയും ചുറ്റുമുള്ള സമൂഹത്തെയും പൂർണതയോടെ വായനക്കാരിലേക്കെത്തിക്കുന്ന കൃതികളാണിവ. കല സാമൂഹ്യബോധ്യത്തിന്റെയും ഉയർന്ന മാനവികതാബോധത്തിന്റെയും സംവേദനത്തിന്റെയുംകൂടി തുടർച്ചയാവുകയാണെന്ന് ആസ്വാദകരെയും ഓർമപ്പെടുത്തുന്നു. സാർഥകമാവുന്ന ഈ കലായാത്ര കൂടുതൽ വർണാഭവും കർമനിരതവുമാവട്ടെ. l